Sunday, 21 December 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 16കൌണ്ടറിൽ നിന്നും ഒരു ബോട്ട്‌ൽ വീഞ്ഞ് വാങ്ങി കോഫി സ്റ്റേജിലെ മേശയുടെ മുന്നിൽ ഡെസ്ഫോർജ്  ഇരിപ്പുറപ്പിച്ചു. ഒരു പ്ലേറ്റിൽ എടുത്ത ഫ്രെഷ് സാൽമൺ വിഭവവുമായി ഞാനും അദ്ദേഹത്തിനരികിലെ കസേരയിൽ സ്ഥാനം പിടിച്ചു. പെട്ടെന്നാണ് പിന്നിൽ നിന്നും ആരോ എന്റെ ചുമലിൽ കൈ വച്ചത്. ബേ വിൻഡോയുടെ അരികിൽ ആ യുവതിയോടൊപ്പം ഇരുന്നിരുന്ന രണ്ട് പുരുഷന്മാരിൽ ഒരുവനായിരുന്നു അത്. ആ ജാലകത്തിനരികിലേക്ക് ഞാൻ കണ്ണോടിച്ചുവെങ്കിലും അവളെയും മറ്റേയാളെയും അവിടെ കാണാനില്ലായിരുന്നു.

“മിസ്റ്റർ മാർട്ടിൻ  ജോ മാർട്ടിൻ?”

അധികം ഉയരമില്ലാത്ത സാമാന്യം വണ്ണമുള്ള വ്യക്തിയായിരുന്നു അയാൾ. അണിഞ്ഞിരിക്കുന്ന റ്റൂ പീസ് സ്യൂട്ട് തന്റെ തൊഴിലിൽ വൈദഗ്ദ്യമുള്ള ഒരു ടെയ്ലർ തയ്ച്ചതാണെന്ന് കണ്ടാലറിയാം. അനായാസം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ഒരു ജർമ്മൻ ചുവ എനിക്കനുഭവപ്പെട്ടു. പിന്നീടാണ് ഞാനറിഞ്ഞത് അയാൾ ഒരു ഓസ്ട്രിയൻ സ്വദേശിയാണെന്ന്.

കാരണമൊന്നുമില്ലെങ്കിലും പ്രഥമദൃഷ്ട്യാ തന്നെ എനിക്കെന്തോ അയാളോട് ഒരു അനിഷ്ടം തോന്നിയെന്നതാണ് സത്യം. ആ കഷണ്ടിത്തലയും സ്വർണ്ണപ്പല്ലുകളും ഇടത് കൈയിലെ ചെറുവിരലിലെ ഡയമണ്ട് മോതിരവും ഒക്കെക്കൂടി അയാളോട് ഒരു വെറുപ്പാണ് എന്നിൽ സൃഷ്ടിച്ചത്.

ഞാൻ എഴുന്നേൽക്കാൻ തുനിഞ്ഞില്ല. “യെസ് അയാം ജോ മാർട്ടിൻ വാട്ട് ക്യാൻ ഐ ഡൂ ഫോർ യൂ?”

“ഞാൻ ഫോഗെൽ ഹാൻസ് ഫോഗെൽ ഇതാണ് എന്റെ ബിസിനസ് കാർഡ്

ഭംഗിയുള്ള ഒരു വെളുത്ത കാർഡ്. ലണ്ടൻ ആന്റ് യൂണിവേഴ്സൽ ഇൻഷൂറൻസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് അയാൾ എന്ന് അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ബെർക്ക്‌ലി സ്ക്വയറിന് തൊട്ടടുത്താണ് ഓഫീസ്.

“ഓകെ പക്ഷേ, കാര്യമെന്താണെന്ന് പറഞ്ഞില്ലല്ലോ മിസ്റ്റർ ഫോഗെൽ…? ബൈ ദി വേ, ദിസ് ഈസ് മിസ്റ്റർ ജാക്ക് ഡെസ്ഫോർജ് എന്റെ ഒരു സുഹൃത്താണ്” ഞാൻ പറഞ്ഞു.

“മിസ്റ്റർ ഡെസ്ഫോർജിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ മിസ്റ്റർ മാർട്ടിൻ കാണുവാൻ സാധിച്ചത് തന്നെ ഒരു ബഹുമതിയാണ് സർ” ഡെസ്ഫോർജിന് ഹസ്തദാനം നൽകുവാനായി അയാൾ കൈ നീട്ടി.

അവസരത്തിനൊത്ത വിനയം പ്രകടിപ്പിച്ചു കൊണ്ട് ഡെസ്ഫോർജ് തൊട്ടടുത്ത കസേരയിലേക്ക് അയാളെ ക്ഷണിച്ചു. അതിൽ ഇരുന്ന ഫോഗെൽ തന്റെ പേഴ്സ് തുറന്ന് ഒരു പേപ്പർ കട്ടിങ്ങ് വലിച്ചെടുത്ത് എന്റെ നേർക്ക് നീട്ടി.

“ഇതൊന്ന് വായിച്ച് നോക്കുന്നതിൽ വിരോധമില്ലല്ലോ?” അയാൾ പറഞ്ഞു.

നാല് ദിവസം പഴക്കമുള്ള ദി ടൈംസ് പത്രത്തിലെ ഒരു വാർത്താ ശകലമായിരുന്നു അത്. ഗ്രീൻലാന്റിലെ മഞ്ഞുമലകളുടെ പടിഞ്ഞാറ് നിന്നും കിഴക്ക് വരെ വിജയകരമായി യാത്ര നടത്തി ലണ്ടനിൽ തിരികെയെത്തിയ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിലെ ഒരു സാഹസിക സംഘത്തിന്റെ തലവനുമായുള്ള ഒരു ഇന്റർവ്യൂവിന്റെ പ്രസക്തഭാഗങ്ങളായിരുന്നു അത്. ആ യാത്രയ്ക്കിടയിൽ തകർന്ന് കിടക്കുന്ന ഒരു വിമാനം കാണുവാൻ കഴിഞ്ഞുവത്രെ അവർക്ക്. കനേഡിയൻ രജിസ്ട്രേഷനുള്ള ആ ഹെറോൺ വിമാനത്തിനുള്ളിൽ രണ്ട് മൃതദേഹങ്ങളും ഉണ്ടായിരുന്നുവെന്നും അവിടെ നിന്നും ലഭിച്ച അവരുടെ തിരിച്ചറിയൽ രേഖകളിൽ നിന്നും ഒരാൾ ഗോൺ‌ട് എന്ന് പേരുള്ള ബ്രിട്ടീഷുകാരനും മറ്റേയാളുടെ പേർ ഹാരിസൺ എന്നുമാണെന്നും അറിയുവാൻ കഴിഞ്ഞു. ആ രണ്ട് മൃതദേഹങ്ങളും അവിടെ അടക്കം ചെയ്തിട്ട് അവർ യാത്ര തുടർന്നുവത്രെ.

എന്തോ അല്പനേരത്തേക്ക് ആ ദൃശ്യം എന്റെ മുന്നിൽ തെളിയുന്നത് പോലെ തോന്നി. മഞ്ഞുമലയുടെ ശിഖരത്തിലെ വെളുത്ത പാളികളിൽ തകർന്ന് കിടക്കുന്ന വിമാനത്തിന്റെ നീലയും ചുവപ്പും നിറങ്ങളോടു കൂടിയ  അവശിഷ്ടങ്ങൾ എനിക്ക് വേണ്ടി, എന്റെ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരമാകുന്നത് വരെയും ആരാലും കാണപ്പെടാതെ അത് അവിടെ മറഞ്ഞ് കിടന്നത് പോലെ ഇരുട്ടിൽ നിന്നും അവ്യക്തമായി വെളിയിൽ വരുന്ന ഒരു ഭൂതം കണക്കെ ആ ദൃശ്യം എന്റെ മനോമുകുരത്തിൽ തെളിഞ്ഞു.  “പക്ഷേ, എന്തുകൊണ്ട് ടാങ്കിലെ ഇന്ധനത്തിന് തീ പിടിച്ച് ഒരു പന്തം കണക്കെ അത് കത്തിയമർന്നില്ല?” അങ്ങനെയൊരു ചിന്തയാണ് എന്റെ മനസ്സിൽ അപ്പോൾ ഉടലെടുത്തത്.

ചിന്തകളിൽ നിന്നും മനസ്സിനെ ഞാൻ തിരികെ കൊണ്ടുവന്നു. വിറയ്ക്കുന്ന വിരലുകൾ ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാൻ ഞാൻ ശ്രമിച്ചു. എന്റെ മാനസിക നില വീണ്ടെടുക്കുവാൻ അവസരം കൊടുത്തുകൊണ്ട് ഞാൻ ആ വാർത്തയിലൂടെ സാവധാനം വീണ്ടും കണ്ണോടിച്ചു.

“എന്ത് പറയുന്നു മിസ്റ്റർ മാർട്ടിൻ?” ഫോഗെലിന്റെ ശബ്ദം എന്റെ ശ്രദ്ധ തിരിച്ചു.

ഞാൻ ആ പേപ്പർ കട്ടിങ്ങ് ഡെസ്ഫോർജിന് കൈമാറി. “ഇന്ററസ്റ്റിങ്ങ് പക്ഷേ, അത്ര അസാധാരണത്വമൊന്നും തോന്നുന്നില്ല ഈ വർഷം ആദ്യമാണെന്ന് തോന്നുന്നു, മറ്റൊരു സാഹസിക സംഘം ഇതുപോലെ ഒരു അമേരിക്കൻ ചരക്ക് വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഈ സ്ഥലത്തിനും ഏതാണ്ട് നാനൂറ് മൈൽ വടക്ക് മാറി കണ്ടെത്തിയത് മൂന്ന് വർഷങ്ങൾക്ക് മുമ്പ് തുലേയിൽ നിന്നും പുറപ്പെട്ട് കാണാതായ വിമാനമായിരുന്നു അത്

“അത് തികച്ചും അവിശ്വസനീയമായിരിക്കുന്നു ആ വിമാനത്തെ കണ്ടെത്തുവാനുള്ള ശ്രമങ്ങളൊന്നും അന്ന് നടത്തിയില്ലെന്നാണോ?” ഫോഗെൽ ചോദിച്ചു.

“തീർച്ചയായും
വളരെ ഊർജ്ജിതമായ തിരച്ചിൽ നടത്തുക തന്നെ ചെയ്തു അന്ന് പക്ഷേ, പന്ത്രണ്ടേ കാൽ ലക്ഷം ചതുരശ്ര മൈൽ വിസ്തീർണ്ണത്തിൽ വ്യാപിച്ച് കിടക്കുന്ന മഞ്ഞുമലകളും താഴ്വരകളും മുഴുവനും കവർ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല...”  അപ്പോഴേക്കും ഞാൻ എന്റെ മനോനില വീണ്ടെടുത്തു കഴിഞ്ഞിരുന്നു. ആത്മവിശ്വാസം കലർന്ന ഉറച്ച സ്വരത്തിൽ ഞാൻ തുടർന്നു. “ഇറ്റ് ഹാപ്പെൻസ് ഓൾ ദി ടൈം മഞ്ഞ് മൂടിയ ഗിരിശൃംഗങ്ങളിലെ പ്രവചിക്കാനാവാത്ത കാലാവസ്ഥാ വ്യതിയാനങ്ങളാണ് ഇതിനൊക്കെ കാരണമാകുന്നത് യാതൊരു പ്രശ്നങ്ങളുമില്ലാതെ തെളിഞ്ഞ നീലാകാശത്ത് കൂടി പറക്കുകയായിരിക്കും നിങ്ങൾ വെറും പതിനഞ്ച് മിനിറ്റിനുള്ളിലായിരിക്കും എല്ലാം മാറി മറിയുന്നത് അലറിയടുക്കുന്ന കൊടുങ്കാറ്റിന്റെ ചുഴിയിൽ നിങ്ങൾ പെട്ടു പോകുന്നത് അപ്രതീക്ഷിതമായിട്ടായിരിക്കും ഇടത്തരം വിമാനങ്ങളാണെങ്കിൽ അത് തികച്ചും അപകടകരമായിരിക്കും എന്നത് തീർച്ച ആട്ടെ, ഇക്കാര്യത്തിൽ നിങ്ങൾക്ക് ഇത്രമാത്രം താല്പര്യം എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല?”

“താല്പര്യമെടുത്തേ പറ്റൂ മിസ്റ്റർ മാർട്ടിൻ കാരണം, എന്റെ കമ്പനിയാണ് ഈ വിമാനം ഇൻഷൂർ ചെയ്തിരുന്നത് ഏതാണ്ട് ഒരു വർഷത്തിലധികമായി ഈ വിമാനം അപ്രത്യക്ഷമായിട്ട് ലാബ്രഡോറിലെ ഗ്രാന്റ് ബേയിൽ നിന്നുമായിരുന്നു ടേക്ക് ഓഫ്” ഫോഗെൽ പറഞ്ഞു.

“ഏതായിരുന്നു ഡെസ്റ്റിനേഷൻ...?”  ഡെസ്ഫോർജ് ചോദിച്ചു.

“അയർലാന്റ്

ഞാൻ പുരികം ചുളിച്ചു.  “എങ്കിൽ അവർ അവരുടെ എയർ റൂട്ടിൽ നിന്നും കാര്യമായി വഴി മാറിയാണല്ലോ സഞ്ചരിച്ചിട്ടുള്ളത് ആരായിരുന്നു വൈമാനികൻ?”

“സത്യം പറഞ്ഞാൽ ഞങ്ങൾക്കറിയില്ല മാർവിൻ ഗോൺ‌ട് എന്നൊരാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ വിമാനം ഈ ഹാരിസൺ എന്ന് പറയുന്ന വ്യക്തി ആരാണെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല ഞങ്ങൾക്ക് അയാളുടെ ജാക്കറ്റിനുള്ളിൽ നിന്നും ലഭിച്ച നെയിം ടാബിൽ പക്ഷേ ആ പേരാണ് കാണിക്കുന്നത് മാത്രമല്ല അയാളുടെ പേഴ്സിനുള്ളിൽ എഴുനൂറ് ഡോളറും ഹാർവി സ്റ്റെയ്ൻ എന്ന പേരിൽ എടുത്തിട്ടുള്ള അമേരിക്കൻ ഡൈനേഴ്സ് ക്ലബിന്റെ ഒരു കാർഡും ഉണ്ടായിരുന്നു ഒരു ആകാംക്ഷയുടെ പേരിൽ അവരുടെ ലണ്ടൻ ഓഫീസിൽ അന്വേഷിച്ചപ്പോൾ അത്തരമൊരു കാർഡ് ഇഷ്യൂ ചെയ്തിട്ടില്ലെന്നും അത് വ്യാജമായിരിക്കാനാണ് സാദ്ധ്യതയെന്നും അറിയാൻ കഴിഞ്ഞു

“ഇത് തികച്ചും ദുരൂഹത നിറഞ്ഞതാണല്ലോ” ഞാൻ പറഞ്ഞു.

“തീർന്നില്ല മിസ്റ്റർ മാർട്ടിൻ ഏറ്റവും കുഴയ്ക്കുന്ന വസ്തുത ഇനിയുള്ളതാണ് ഗ്രാന്റ് ബേ എയർപോർട്ടിലെ റെക്കോർഡുകൾ പ്രകാരം വിമാനം പറത്തിയിരിക്കുന്നത് കനേഡിയൻ പൌരത്വമുള്ള ജാക്ക് കെൽ‌സോ എന്നൊരു വൈമാനികനാണ്മാത്രവുമല്ല, വിമാനത്തിൽ രണ്ടേ രണ്ട് പേരേ ഉണ്ടായിരുന്നുള്ളൂ താനും മാർവിൻ ഗോൺ‌ടും പൈലറ്റും മാത്രം

“നല്ലൊരു തിരക്കഥ ഒളിഞ്ഞുകിടപ്പുണ്ടല്ലോ ഇതിൽ” ഡെസ്ഫോർജ് അഭിപ്രായപ്പെട്ടു.

“പക്ഷേ, ഞങ്ങളുടെ കമ്പനിയെ സംബന്ധിച്ചിടത്തോളം ഒട്ടും ശുഭകരമല്ലാത്ത ഒരു തിരക്കഥ” ഫോഗെൽ പറഞ്ഞു. “ചട്ടപ്രകാരം പറഞ്ഞിരിക്കുന്ന കാലാവധി കഴിഞ്ഞതും നഷ്ടപരിഹാര തുകയായ ഇരുപത്തിയയ്യായിരം പൌണ്ട്, ഗോൺ‌ടിന്റെ അനന്തരാവകാശി. അതായത് അയാളുടെ മാതാവിന് നൽകേണ്ടിയും വന്നു...”

“അത് ശരി അപ്പോൾ അതാണ് പ്രശ്നംഅത്രയും തുക അക്കൌണ്ടിൽ നിന്നും മാറുമ്പോൾ തീർച്ചയായും ഒരു വിശദീകരണം അർഹിക്കുന്നു” ഡെസ്ഫോർജ് ചൂളമടിച്ചു.

ഫോഗെൽ ചെറുതായി ഒന്ന് പുഞ്ചിരിച്ചു. “എക്സാക്റ്റ്‌ലി മിസ്റ്റർ ഡെസ്ഫോർജ് ഈ സംഭവത്തിൽ മൊത്തം ദുരൂഹത നിറഞ്ഞ് നിൽക്കുന്നു എന്നെ സംബന്ധിച്ചിടത്തോളം മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടിയിരിക്കുന്നു ഈ ഹാരിസൺ എന്ന വ്യക്തി ആരായിരുന്നു? കെൽ‌സോവിന് എന്ത് സംഭവിച്ചു? എന്തുകൊണ്ട് വിമാനം അതിന്റെ നിർദ്ദിഷ്ട പാതയിൽ നിന്നും വ്യതിചലിച്ച് സഞ്ചരിച്ചു?”

ഡെസ്ഫോർജ് ഒന്ന് മന്ദഹസിച്ചിട്ട് കുപ്പിയിലെ അവസാന തുള്ളിയും ഗ്ലാസിലേക്ക് പകർന്നു. “നല്ലൊരു തിരക്കഥയ്ക്കുള്ള വകുപ്പുണ്ടെന്ന് ഞാൻ പറഞ്ഞില്ലേ?”

അദ്ദേഹത്തെ അവഗണിച്ചു കൊണ്ട് ഫോഗെൽ തന്റെ വാക്കുകൾ തുടർന്നു. “ഈ പത്ര വാർത്ത കണ്ടതും ലണ്ടനിലെ ഡാനിഷ് എംബസിയുമായി ഞാൻ ബന്ധപ്പെട്ടിരുന്നു അവരുടെ സിവിൽ എവിയേഷൻ ഉദ്യോഗസ്ഥർ അപകടസ്ഥലം പരിശോധിക്കുമെന്നും കാര്യങ്ങളുടെ നിജഃസ്ഥിതി കണ്ടെത്തുവാൻ ശ്രമിക്കുമെന്നും എനിക്കുറപ്പ് നൽകി. പക്ഷേ, പല കാരണങ്ങളാലും ചിലപ്പോൾ അത് അടുത്ത വേനൽക്കാലം വരെ നീണ്ടുപോയേക്കാമെന്നാണ് അവർ അറിയിച്ചത് ആ സാഹചര്യം കണക്കിലെടുത്താണ് കോപ്പൻ ഹേഗനിലെ മന്ത്രാലയവുമായി ബന്ധപ്പെട്ടതും പ്രാഥമിക അന്വേഷണം നടത്തുവാനുള്ള അനുവാദം എനിക്ക് ലഭിച്ചതും

“പക്ഷേ, അത് അപകട സ്ഥലത്ത് നിങ്ങൾക്ക് എത്തിച്ചേരുവാൻ സാധിച്ചാൽ മാത്രം” ഞാൻ പറഞ്ഞു.

“അവിടെയാണ് നിങ്ങൾ ഈ കഥയിൽ രംഗപ്രവേശം ചെയ്യുന്നത് മിസ്റ്റർ മാർട്ടിൻ” ഫോഗെൽ പുഞ്ചിരിച്ചു.  “ഗോട്‌ഹാബിൽ വച്ച് എനിക്ക് ലഭിച്ച വിവരം ഗ്രീൻലാന്റിന്റെ വ്യോമമേഖലയിലെ ഏറ്റവും നിപുണനായ വൈമാനികൻ നിങ്ങളാണെന്നാണ്...” അയാൾ തന്റെ പേഴ്സിൽ നിന്നും ഒരു കത്ത് പുറത്തെടുത്ത് എന്റെ നേർക്ക് നീട്ടി. “മിനിസ്ട്രിയിൽ നിന്നുമുള്ള ക്ലിയറിങ്ങ് സർട്ടിഫിക്കറ്റാണ്

ഭംഗിയായി ടൈപ്പ് ചെയ്തിരിക്കുന്ന ആ ലെറ്റർ ഒന്ന് ഓടിച്ച് വായിച്ചു നോക്കിയിട്ട് ഞാൻ തിരികെ നൽകി.  

“മിസ്റ്റർ ഫോഗെൽ  ഈ സമസ്യയെ അല്പം പ്രായോഗിക ബുദ്ധിയോടെ മറ്റൊരു തരത്തിൽ നോക്കിക്കാണുവാൻ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ നിങ്ങൾ?” ഞാൻ ചോദിച്ചു.

അയാളുടെ കണ്ണുകളിൽ പെട്ടെന്ന് ഒരു തിളക്കം പ്രത്യക്ഷപ്പെട്ടത് പോലെ തോന്നി. എന്നാൽ അടുത്ത നിമിഷത്തിൽ അത് വന്നതു പോലെ തന്നെ അപ്രത്യക്ഷമായി.

“മനസ്സിലായില്ല?” ആദരപൂർവ്വം അയാൾ എന്നെ നോക്കി.

“അതായത്, ഈ മാർവിൻ ഗോൺ‌ട് എന്ന് പറയുന്നയാൾ അത്ര നല്ലവനായിരുന്നില്ല എന്നും ഗ്രാന്റ് ബേയിൽ നിന്നും വിമാനം പറത്തി എന്ന് പറയപ്പെടുന്ന കെൽ‌സോ  എന്ന വൈമാനികൻ വെറും റെക്കോർഡുകളിൽ മാത്രം ജീവിച്ചിരുന്ന വ്യക്തി ആയിരുന്നുവെന്നും…? വാസ്തവത്തിൽ അത് ഹാരിസൺ തന്നെ ആയിരുന്നിരിക്കാം

“ദാറ്റ്സ് ഗുഡ് ദാറ്റ്സ് ഡാം‌ൻഡ് ഗുഡ്” ഡെസ്ഫോർജ് പറഞ്ഞു.

“സമർത്ഥമായ കണ്ടുപിടുത്തം” ഫോഗെൽ നെടുവീർപ്പിട്ടു. “പക്ഷേ, അതുകൊണ്ട് ഈ സമസ്യകൾക്കൊന്നും ഒരു തീരുമാനം ആകുന്നില്ല മിസ്റ്റർ മാർട്ടിൻ

“അതെന്താ?”

“എന്താണെന്ന് ചോദിച്ചാൽ ഈ ജാക്ക് കെൽ‌സോ എന്ന വ്യക്തി ഒരു മിഥ്യ ആയിരുന്നില്ലെന്നും മജ്ജയും മാംസവുമുള്ള ഒരു വൈമാനികൻ ആയിരുന്നുവെന്നും വിശ്വസിക്കുവാൻ ലണ്ടൻ ആന്റ് യൂണിവേഴ്സൽ ഇൻഷൂറൻസ് കമ്പനിക്ക് മതിയായ കാരണങ്ങളുണ്ട്  മാർവിൻ ഗോൺ‌ടിന്റെ പോളിസി പ്രകാരം ആ വിമാനത്തിന്റെ പൈലറ്റിനും മരണാനന്തര ആനുകൂല്യത്തിന് കവറേജ് ഉണ്ടായിരുന്നു... അത്രയും തുകയ്ക്ക് തന്നെ…”

“ആ തുകയും നിങ്ങൾ നൽകി കഴിഞ്ഞുവെന്നാണോ പറഞ്ഞു വരുന്നത്?”  ഡെസ്ഫോർജ് ചോദിച്ചു.

“ഇരുപത്തിയയ്യായിരം പൌണ്ട്...”  ഫോഗെൽ തല കുലുക്കി.  “അയാളുടെ വിധവ മിസ്സിസ് സാറാ കെൽ‌സോവിന്... എന്റെ സഹപ്രവർത്തകനൊപ്പം അവർ അവിടെ ബാറിൽ ഇരിക്കുന്നുണ്ട് അവരെ ഒന്ന് പരിചയപ്പെടുന്നതിൽ വിരോധമില്ലല്ലോ നിങ്ങൾ ഇരുവർക്കും?”    


(തുടരും)

Saturday, 13 December 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 15പെട്ടെന്ന് ദിശ മാറി വീശിയ കാറ്റിനോടൊപ്പം കോരിച്ചൊരിഞ്ഞ മഴ ഹോട്ടലിന്റെ കവാടത്തിലെ സ്ഫടിക പാളികളിൽ ആഞ്ഞടിച്ചു. ചില്ലുവാതിൽ തള്ളിത്തുറന്ന് ഞാൻ ഡെസ്ഫോർജ് ചെക്ക് ഇൻ ചെയ്തുകൊണ്ടിരിക്കുന്ന റിസപ്ഷൻ കൌണ്ടറിനരികിലേക്ക് നടന്നു.

“ശരിയായ സമയത്ത് തന്നെ പുറപ്പെട്ടതുകൊണ്ട് അധികം പ്രക്ഷുബ്ധമാകുന്നതിന് മുമ്പ് എത്തിച്ചേരാൻ സാധിച്ചു” ഞാൻ പറഞ്ഞു.

“ശരിയാണ്” അദ്ദേഹം മന്ദഹസിച്ചു. “ആട്ടെ, എന്നോടൊപ്പം അത്താഴത്തിന് ഉണ്ടാകുമോ നീ?”

“അതിന് മുമ്പ് ഒന്ന് രണ്ട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് അര മണിക്കൂറിനുള്ളിൽ നമുക്ക് കാണാം

അദ്ദേഹം മുകളിലത്തെ നിലയിലേക്ക് നടന്നു. റിസപ്ഷനിലെ ഫോൺ എടുത്ത് ഞാൻ എയർ സ്ട്രിപ്പിലേക്ക് ഡയൽ ചെയ്തു. എന്തെങ്കിലും പുതിയ മെസ്സേജ് ഉണ്ടോ എന്ന് അറിയണം വെറുതെയായില്ല. നാളെ ഒരു ചാർട്ടർ ട്രിപ്പുണ്ട്. ഏതാണ്ട് നാല്പത് മൈൽ അകലെയുള്ള ഇൻ‌ടസ്ക് എന്ന പ്രദേശത്തെ ഒരു കാനിങ്ങ് ഫാക്ടറിയിലേക്കുള്ള മെഷീൻ സ്പെയർ പാർട്ടുകളുമായി ഫ്ലൈറ്റ് ടൈം കുറിച്ചെടുത്തിട്ട് ഞാൻ തിരിഞ്ഞു.

“ഓ, മിസ്റ്റർ മാർട്ടിൻ” റിസപ്ഷനിസ്റ്റ് അവളുടെ ഓഫീസിൽ നിന്നും പുറത്തേക്ക് വന്നു. “നിങ്ങൾക്ക് കുറച്ച് മെയിലുകളുണ്ട് മറന്നുവോ?”

അവളുടെ കൈയിൽ രണ്ട് കത്തുകൾ ഉണ്ടായിരുന്നു. ഒരെണ്ണം എന്തിന്റെയോ ബിൽ അടയ്ക്കാനുള്ളതാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി. ലണ്ടൻ പോസ്റ്റിന്റെ സ്റ്റാമ്പുള്ള മറ്റേ കവറിന്റെ പുറത്ത് ലിങ്കൺ ഇന്നിലെ ഏതോ ഒരു നിയമോപദേശ സംഘടനയുടെ പേര് അച്ചടിച്ചിരിക്കുന്നു. ചെറിയൊരു അങ്കലാപ്പ് മനസ്സിനുള്ളിൽ നിന്നും ഉയർന്ന് വന്നുവെങ്കിലും അത് പ്രകടിപ്പിക്കാതെ മുഖത്ത് ഒരു പുഞ്ചിരി വരുത്തി ഞാനത് പോക്കറ്റിൽ തിരുകി.

“വളരെ നന്ദി

“ഒരു മെസ്സേജ് കൂടി ഉണ്ടായിരുന്നു” അവൾ പറഞ്ഞു. “ഒരു മിസ്റ്റർ ഫോഗെൽ അദ്ദേഹത്തെ കോണ്ടാക്റ്റ് ചെയ്യുവാൻ പറഞ്ഞു

“ഫോഗെൽ? അങ്ങനെയൊരാളെ എനിക്കറിയില്ലല്ലോ” ഞാൻ കുഴങ്ങി.

“ഇന്ന് മദ്ധ്യാഹ്നത്തോടെയാണ് അദ്ദേഹം ഇവിടെ റൂം എടുത്തത് എന്റെ ഡ്യൂട്ടി സമയം അല്ലായിരുന്നതിനാൽ കാണുവാൻ കഴിഞ്ഞില്ല

“ഓൾ റൈറ്റ് ഐ വിൽ അറ്റന്റ് റ്റു ഇറ്റ്” ഞാൻ തല കുലുക്കി.

ഒരു പക്ഷേ, ധനികനായ ഏതെങ്കിലും ടൂറിസ്റ്റ് ആകാനാണ് സാദ്ധ്യത... ഡെസ്ഫോർജിനെപ്പോലെ വേട്ടക്കമ്പം മൂത്ത് എത്ര പണവും ചെലവഴിക്കാൻ ഒരു മടിയുമില്ലാത്ത ആരെങ്കിലും ആയിരിക്കും. അയാളെ കൊണ്ടുപോകുന്നതിൽ വിരോധമുണ്ടായിട്ടല്ല, പക്ഷേ, തൽക്കാലം എനിക്ക് മറ്റ് ട്രിപ്പുകൾ ഉണ്ട്.

ആ എൻ‌വലപ്പ് തുറക്കുന്നതിന് മുമ്പ് അതിന്മേൽ ഉറ്റുനോക്കിക്കൊണ്ട് ചുരുങ്ങിയത് ഒരു അഞ്ച് മിനിറ്റെങ്കിലും ഞാൻ കട്ടിലിന്റെ അറ്റത്ത് ഇരുന്നു കാണണം. വളരെ ഭംഗിയായി ടൈപ്പ് ചെയ്ത കാര്യമാത്ര പ്രസക്തമായ ഒരു ലെറ്റർ. ഞങ്ങളുടെ വിവാഹമോചനം അനുവദിച്ചു തന്നുകൊണ്ടുള്ള കോടതി വിധിയുടെ പകർപ്പ്. എന്നിൽ നിന്നും യാതൊരു ജീവനാംശവും ആവശ്യമില്ല എന്നും ഞങ്ങളുടെ ജോയിന്റ് പ്രോപ്പർട്ടി ക്രോംവെൽ റോഡിലെ ഫ്ലാറ്റ് വില്പന നടത്തിയപ്പോൾ ലഭിച്ച തുകയിൽ നിന്നും എന്റെ വീതമായ രണ്ടായിരത്തി മുന്നൂറ്റി എഴുപത്തിയഞ്ച് പൌണ്ട് ഗ്രേറ്റ് വെസ്റ്റേൺ ബാങ്കിന്റെ സിറ്റി ബ്രാഞ്ചിലെ എന്റെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും അതിൽ കുറിച്ചിരുന്നു.

മനസ്സിന്റെ കോണുകളിൽ എവിടെയോ ഒരു വിങ്ങൽ അതെ എന്തിന്റെയും അവസാനം അങ്ങനെയാണല്ലോ പരസ്പരം സ്നേഹത്തോടെ കഴിഞ്ഞിരുന്ന പഴയ കാലത്തെ ആ നല്ല നാളുകളെക്കുറിച്ച് ഓർത്തുകൊണ്ട് കുറേ നേരം ഞാനവിടെ ഇരുന്നു. ഓരോ ദിനവും ഓരോരോ വാഗ്ദാനങ്ങളുമായി നീങ്ങിയ നാളുകൾ

പക്ഷേ, അത് പാലിക്കുന്നതിൽ പലപ്പോഴും ഞാൻ ഒരു പരാജയമായിരുന്നു എന്നത് വാസ്തവം തന്നെയായിരുന്നു. തുടക്കം മുതൽ തന്നെ അക്കാര്യത്തിൽ അവളും ഒട്ടും പിന്നിലായിരുന്നില്ല എന്ന കാര്യം ഞാൻ മനഃപൂർവ്വം വിസ്മരിക്കുന്നു എന്തായാലും എല്ലാം അവസാനിച്ചിരിക്കുന്നു. പരസ്പര ബന്ധത്തിന്റെ ചരട് അറ്റുപോയിരിക്കുന്നു ഇനി ഒരിക്കലും കൂട്ടിച്ചേർക്കാനാവാത്ത വിധം എല്ലാം ഇതോടെ ഇവിടെ തീരട്ടെ.

യാത്ര കഴിഞ്ഞെത്തിയ വേഷം മാറാൻ ഞാൻ തുനിഞ്ഞില്ല. കോട്ടും ഫ്ലൈയിങ്ങ് ബൂട്ട്സും അഴിച്ച് മാറ്റി സാധാരണ ചെരിപ്പെടുത്ത് കാലിലിട്ട് ഞാൻ മുറിയ്ക്ക് പുറത്തിറങ്ങി. സ്റ്റെയർകെയ്സ് കയറിയെത്തിയ ആർണി ഫാസ്ബർഗ് എന്നെ കണ്ടതും അരികിലേക്ക് വന്നു. അവന്റെ കൈയിൽ ഷ്നാപ്സിന്റെ ഒരു ബോട്ട്‌ൽ ഉണ്ടായിരുന്നു.

“രാത്രി എന്താണ് പരിപാടി?” ഞാൻ ചോദിച്ചു.

“ഗൂഡ്രിഡ് അവളുടെ റൂമിൽ എനിക്കായി ഒരു ചെറിയ അത്താഴ വിരുന്ന് ഒരുക്കുന്നുണ്ട്...” അവൻ പുഞ്ചിരിച്ചു കൊണ്ട് കണ്ണിറുക്കി.

“നിന്റെ റൂമിൽ എന്താണ് പ്രശ്നം?”

“രാത്രി ഒരു മണി വരെ അവൾക്ക് ഡ്യൂട്ടിയുണ്ട് അത് വരെ കാത്തിരിക്കാൻ എനിക്കാവില്ലല്ലോ

മദ്യം അവന്റെ തലയ്ക്ക് ഒരു വിധം പിടിച്ചു തുടങ്ങി എന്നത് വ്യക്തം. ഒരു സ്കൂൾ കുട്ടിയെപ്പോലെ അവൻ എന്റെ ചുറ്റും കറങ്ങുകയാണ്.

“ഇറ്റ് ഈസ് എ ഗ്രേറ്റ് ലൈഫ്, ജോ മഹത്തായ ആ രഹസ്യം മനസ്സിലാക്കുകയാണെങ്കിൽ തീർത്തും വിസ്മയകരമാണ് ഈ ജീവിതം കൈയിൽ വരുന്നതൊന്നും വിട്ടുകളയരുത് നാളെ എന്താണ് എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല ഇന്നത്തെ ജീവിതം ആസ്വദിക്കുക

ആ സമയത്താണ് അവന്റെ പിന്നിലെ റൂം തുറന്ന് ഒരു യുവതി പുറത്തേക്ക് ഇറങ്ങിയത്. എന്റെ ചുറ്റും ആടിക്കുഴഞ്ഞുകൊണ്ടിരുന്ന ആർണി പെട്ടെന്നാണ് ഒരു വെടിയുണ്ട കണക്കെ അവളുടെ നേർക്ക് ചെന്ന് ദേഹത്ത് മുട്ടിയതും അവളുടെ കൈയിലെ വാനിറ്റി ബാഗ് ദൂരേക്ക് തെറിച്ചതും. മുപ്പതിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായം മതിക്കുന്ന അവളുടെ സൌന്ദര്യം എടുത്തു പറയത്തക്കതു തന്നെയായിരുന്നു. എങ്കിലും ഒരു വിഷാദഭാവം ആ കണ്ണുകളിൽ നിഴലിച്ചിരുന്നു. ആർണി തന്റെ സ്വതഃസിദ്ധമായ കൌതുകത്തോടെ അവളെത്തന്നെ ഇമവെട്ടാതെ നോക്കിക്കൊണ്ട് നിന്നു. പെട്ടെന്നാണ് അവൾ മന്ദഹസിച്ചത്. മുന്നിൽ നിൽക്കുന്ന പുരുഷനെ തന്റെ കൈയിലെ പാവയാക്കി മാറ്റുവാൻ ഒരു ബുദ്ധിമുട്ടുമില്ല എന്ന് മനസ്സിലാക്കുമ്പോൾ ഏതൊരു സുന്ദരിയുടെയും ചുണ്ടുകളുടെ കോണിൽ വിരിയുന്ന അതേ മന്ദഹാസം.

“അയാം സോറി” അവൻ പറഞ്ഞു.

അവൻ വലത് കാൽമുട്ട് കുത്തി ആ വാനിറ്റി ബാഗ് എടുക്കുവാനായി കുനിഞ്ഞു. അതേ നിമിഷം തന്നെയായിരുന്നു അവളും അതിന് തുനിഞ്ഞതും അടി തെറ്റി വീഴുവാൻ പോയതും. സ്വാഭാവികമായും മുന്നോട്ടാഞ്ഞ് ഞാൻ അവളെ താങ്ങിപ്പിടിച്ചു.

“താങ്ക് യൂ” മുഖമുയർത്തി അവൾ പറഞ്ഞു. പിന്നെ ആർണിയുടെ കൈയിൽ നിന്നും പതുക്കെ ബാഗ് വാങ്ങി തിരിഞ്ഞു. ആർണിയാകട്ടെ ഒരു കൌമാര പ്രണയിയെപ്പോലെ അവളെ തന്നെ നിർന്നിമേഷനായി നോക്കിക്കൊണ്ട് മന്ത്രിച്ചു. “ഇവൾ എനിക്കുള്ളത് തന്നെ

വരാന്തയിലൂടെ തിരിഞ്ഞ് നടക്കവെ ചിരി അടക്കാനാവാതെ അവളുടെ ചുമലുകൾ ഇളകുന്നുണ്ടായിരുന്നു.

“വാട്ട് എ വുമൺ ജോ വാട്ട് എ വുമൺ…!” ആർണി ശ്വാസമെടുക്കുവാൻ പ്രയാസപ്പെട്ടു.

“ഏത് സ്ത്രീയാണ് നിന്റെ കണ്ണിൽ അങ്ങനെയല്ലാത്തത് ആർണീ?” അവനെ അവിടെ വിട്ട് ഞാൻ താഴത്തെ നിലയിലേക്ക് ഇറങ്ങി.

ഡൈനിങ്ങ് റൂമിന്റെ അറ്റത്ത് മൂലയിലുള്ള മേശയുടെ മുന്നിൽ ഡെസ്ഫോർജ് ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ അങ്ങോട്ട് നടന്നു. ഹാൾ ഏതാണ്ട് ഒരു വിധം നിറഞ്ഞിരിക്കുന്നു. അവിടെയുള്ളവരിൽ ഒട്ടു മിക്കവരും എനിക്ക് നേരിട്ടോ അല്ലെങ്കിൽ കണ്ട് പരിചയമുള്ളവരോ ആണ്. പക്ഷേ, ആ മൂന്ന് പേർ അവരെ ഇതിന് മുമ്പ് കണ്ടിട്ടില്ല. ഇടനാഴിയിൽ വച്ച് അല്പം മുമ്പ് കണ്ടുമുട്ടിയ ആ യുവതിയെയും പിന്നെ മറ്റ് രണ്ട് പുരുഷന്മാരെയും രാവിലെ ഇലാനാ എയ്ട്ടൺ ഇരുന്ന് ഭക്ഷണം കഴിച്ചിരുന്ന ആ ബേ വിൻഡോയുടെ അരികിലെ മേശയ്ക്ക് ചുറ്റും അവർ അവർ ഇരിക്കുന്നു. ഡെസ്ഫോർജിന് അരികിലേക്ക് നടക്കവെ ഞാൻ അവൾക്ക് നേരെ ഒരു നോട്ടമെറിഞ്ഞു.

“അവളെ നീ ശ്രദ്ധിച്ചു അല്ലേ?” ഡെസ്ഫോർജിനരികിലെ കസേരയിൽ ഇരിക്കവെ അദ്ദേഹം പുഞ്ചിരിച്ചു.

“ഈ ഹാളിൽ ഏതെങ്കിലും പുരുഷന്മാരുണ്ടാകുമോ അവളെ ശ്രദ്ധിക്കാത്തതായി? ആരാണവൾ?” ഞാൻ ആരാഞ്ഞു.

“അതന്വേഷിക്കാനുള്ള അവസരം ഇതുവരെ ലഭിച്ചില്ല ജോ

“ലഭിക്കും ജാക്ക് തീർച്ചയായും നിങ്ങൾക്ക് അതിനുള്ള അവസരം ലഭിച്ചിരിക്കും” ഞാൻ പുഞ്ചിരിച്ചു.

(തുടരും)

Monday, 1 December 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 14ഡെസ്ഫോർജ് ഇടനാഴിയിലൂടെ താഴേക്ക് പോയതും വീൽ ഹൌസിന്റെ ഡോർ തുറന്ന് സോറെൻസെൻ പുറത്ത് വന്നു. അയാളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും പ്രകടമായിരുന്നില്ലെങ്കിലും അവിടെ നടന്നതെല്ലാം അയാൾ കണ്ടിട്ടുണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമുണ്ടായിരുന്നില്ല എനിക്ക്.

“സോന്ദ്രേയിൽ നിന്നുമുള്ള വെതർ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട് ജോ വരുന്ന ഏതാനും മണിക്കൂറുകളിൽ കാര്യമായ വ്യതിയാനങ്ങളൊന്നും പറയുന്നില്ലെങ്കിലും മഞ്ഞുമലകൾക്കപ്പുറത്ത് നിന്നും ശക്തമായ കാറ്റും കനത്ത മഴയും അടുത്തുകൊണ്ടിരിക്കുന്നുവെന്ന് മുന്നറിയിപ്പുണ്ട് ഇപ്പോൾ പുറപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് അതിനെ അഭിമുഖീകരിക്കാതെ കഴിക്കാം” സോറെൻസെൻ പറഞ്ഞു.

ഇവിടെ നിന്നും പുറത്ത് കടക്കാൻ ഇത് തന്നെ പറ്റിയ അവസരം വെതർ റിപ്പോർട്ടിലൂടെ കണ്ണോടിക്കവെ ഞാൻ മനസ്സിൽ കരുതി.

“എങ്കിൽ ശരി ഞാൻ പുറപ്പെട്ടാലോ എന്ന് വിചാരിക്കുകയാണ് ഡെസ്ഫോർജിനെ തൽക്കാലം ശല്യപ്പെടുത്തേണ്ട അദ്ദേഹത്തിന് ആവശ്യത്തിലധികം തലവേദനയുണ്ട് ഇപ്പോൾ തന്നെ. അടുത്തയാഴ്ച്ച കാണാമെന്ന് അദ്ദേഹത്തോട് പറഞ്ഞേക്കൂ അഥവാ ഇനി ആ പെൺകുട്ടിയെ അതിനു മുമ്പ് തിരികെ കൊണ്ടുപോകാൻ അദ്ദേഹം ആവശ്യപ്പെടുകയാണെങ്കിൽ എനിക്കൊരു റേഡിയോ സന്ദേശം അയച്ചാൽ മതി

അയാൾ പതുക്കെ തലയാട്ടി. “ശരി ഞാൻ ബോട്ട് തയ്യാറാക്കി നിർത്താം

താഴെ പോയി എന്റെ സാധനങ്ങൾ എടുത്തുകൊണ്ട് വന്നപ്പോഴേക്കും ക്രൂവിലെ ഒരംഗം എന്നെ കരയിലെത്തിക്കുവാൻ ബോട്ടുമായി തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. എന്നെ ബീച്ചിൽ ഇറക്കിയിട്ട് അയാൾ ബോട്ടുമായി കപ്പലിനടുത്തേക്ക് തിരിച്ചു പോയി. ഞാൻ വിമാനത്തിന് നേർക്ക് നടന്നു.


പതിവ് പരിശോധകൾക്ക് ശേഷം എൻ‌ജിൻ സ്റ്റാർട്ട് ചെയ്ത് ഞാൻ വിമാനത്തെ കടലിലേക്ക് ഇറക്കി. പിന്നെ ചക്രങ്ങൾ ഉയർത്തി, കാറ്റിന് അനുകൂലമായി പതുക്കെ മുന്നോട്ട് നീങ്ങി. മഞ്ഞുകട്ടകൾക്കിടയിലൂടെ സുരക്ഷിതമായ പാത കണ്ടെത്തുവാൻ പലപ്പോഴും സൈഡ് വിൻഡോയിലൂടെ തല വെളിയിലേക്കിട്ട് നോക്കേണ്ടി വന്നു.

കപ്പലിന്റെ ഏതാണ്ട് നൂറ് വാര അടുത്തെത്തി കാറ്റിനെതിരെ തിരിഞ്ഞപ്പോഴാണ് ഞാനത് കണ്ടത്. എന്നെ തീരത്ത് കൊണ്ടുവിടാൻ വന്ന ആ ചെറിയ ബോട്ട് വീണ്ടും എനിക്കരികിലേക്ക് വന്നു കൊണ്ടിരിക്കുന്നു. അതിന്റെ മുൻഭാഗത്ത് നിൽക്കുന്ന ഡെസ്ഫോർജ് ഇടതടവില്ലാതെ കൈ ഉയർത്തി വീശുന്നുണ്ടായിരുന്നു. വിമാനത്തിന്റെ എൻ‌ജിൻ ഓഫ് ചെയ്ത് ഞാൻ സൈഡ് വിൻ‌ഡോ തുറന്നു. അപ്പോഴേക്കും ആ ബോട്ട് എനിക്കരികിൽ എത്തിക്കഴിഞ്ഞിരുന്നു. തന്റെ കൈവശമുള്ള ക്യാൻ‌വാസ് ബാഗ് അദ്ദേഹം എന്റെ ക്യാബിനിലേക്ക് എറിഞ്ഞു തന്നു. പിന്നെ വിമാനത്തിന്റെ ഫ്ലോ‌ട്ടിലേക്ക് കാലെടുത്ത് വച്ച് പതുക്കെ മുകളിലേക്ക് കയറി എന്റെ ക്യാബിനുള്ളിൽ എത്തി.

“പെട്ടെന്നൊരു തോന്നൽ നഗരജീവിതം ഒന്ന് ആസ്വദിക്കണമെന്ന് ജസ്റ്റ് ഫോർ എ ചെയ്ഞ്ച് എന്താ, വിരോധം വല്ലതുമുണ്ടോ?” അദ്ദേഹം ചോദിച്ചു.

“യൂ ആർ ദി ബോസ്” ഞാൻ  പറഞ്ഞു. “പക്ഷേ, നമുക്ക് ഇപ്പോൾ തന്നെ പുറപ്പെട്ടേ മതിയാവൂ കനത്ത മഴയും കാറ്റും ഫ്രെഡറിൿസ്‌ബോർഗ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് വെതർ റിപ്പോർട്ട് അതിന് മുമ്പ് അങ്ങെത്തുവാനാണ് എന്റെ ശ്രമം

അദ്ദേഹത്തെയും കൊണ്ട് വന്ന ബോട്ട് അപ്പോഴേക്കും തിരിച്ചു പൊയ്ക്കഴിഞ്ഞിരുന്നു. ഞാൻ എൻ‌ജിൻ സ്റ്റാ‍ർട്ട് ചെയ്ത് വിമാനം മുന്നോട്ടെടുത്തു. ഇരുപത് സെക്കന്റുകൾക്കകം ഞങ്ങൾ കടലിൽ നിന്നും മുകളിലേക്കുയർന്നു.  കപ്പലിന് മുകളിലൂടെ ചരിഞ്ഞ് പറക്കവെ ഇടനാഴിയിൽ നിന്നും പുറത്ത് വന്ന് ഞങ്ങളെ വീക്ഷിച്ചുകൊണ്ട് നിൽക്കുന്ന ഇലാനാ എയ്ട്ടനെ കാണാമായിരുന്നു.

“അപ്പോൾ അവളുടെ കാര്യമോ?” ഞാൻ ചോദിച്ചു.

ഡെസ്ഫോർജ് ചുമൽ വെട്ടിച്ചു. “ഷീ വിൽ ബീ ഓകെ ഇന്ന് രാത്രി തന്നെ കപ്പലുമായി ഫ്രെഡറിൿസ്‌ബോർഗിലേക്ക് തിരിക്കുവാൻ ഞാൻ സോറെൻസെന് നിർദ്ദേശം നൽകിയിട്ടുണ്ട്നാളെ ഉച്ച തിരിയുന്നതോടെ അവർ അവിടെ എത്തും

അദ്ദേഹം തന്റെ അരയിൽ കൊളുത്തിയിട്ടിരുന്ന ഫ്ലാസ്ക് തുറന്ന് അൽപ്പം അകത്താക്കിയിട്ട് ചിരിക്കുവാനാരംഭിച്ചു. “ജോ നീയെന്താണവിടെ ചെയ്തതെന്ന് എനിക്കിനിയും മനസ്സിലായില്ല ഞാൻ ചെല്ലുമ്പോൾ അവളവിടെ കലി തുള്ളി നിൽക്കുകയായിരുന്നു...”

“അവളെ സമാധാനിപ്പിക്കുവാൻ നിങ്ങളവിടെ തങ്ങുമെന്നായിരുന്നു ഞാൻ കരുതിയത്” അൽപ്പം നീരസത്തോടെ ഞാൻ പറഞ്ഞു.

“ഓ ആ പെണ്ണിന് നോർമ്മൽ ആകാൻ അൽപ്പം സമയം കൊടുക്കുകയാണ് ഇപ്പോൾ വേണ്ടത് അല്ലാതെ അവളെ സമാധാനിപ്പിച്ച് ശരിയാക്കുവാനുള്ള സമയവും ക്ഷമയും ഒന്നും ഈ പ്രായത്തിൽ എനിക്കില്ല അവൾ ഒന്ന് തണുക്കുന്നത് വരെ കാത്തിരിക്കുക തന്നെ

“ആട്ടെ, എന്തിനാണ് അവളിപ്പോൾ ഇങ്ങോട്ട് വന്നത്?” ഞാൻ ചോദിച്ചു. “ആ കത്ത് കൈമാറുവാൻ വേണ്ടി മാത്രമാണ് അവൾ വന്നതെന്ന് മാത്രം എന്നോട് പറയരുത് ഗ്രീൻലാന്റിലും പോസ്റ്റൽ സർവീസ് എന്നൊരു വകുപ്പൊക്കെയുണ്ട്

“ഓ അത് നിസ്സാരം ഞാൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലെ നായികാവേഷം തനിക്ക് വേണമെന്ന് പറയുവാൻ വേണ്ടിയാണ് അവൾ എത്തിയിരിക്കുന്നത്” അദ്ദേഹം പുഞ്ചിരിച്ചു. “അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അവൾക്ക് അധികനേരം ക്ഷുഭിതയായിരിക്കാനാവില്ല എന്ന് അതാണവളുടെ ശീലം നാളെ സ്റ്റെല്ല അവിടെ എത്തുമ്പോഴേക്കും അവളൊരു നല്ല കുട്ടിയായിക്കഴിഞ്ഞിരിക്കും

അദ്ദേഹം സീറ്റ് പിന്നിലേക്കാക്കി ചാഞ്ഞിരുന്നിട്ട് തന്റെ പീക്ക് ക്യാപ്പ് കണ്ണുകൾക്ക് മുകളിലേക്ക് ഇറക്കി വച്ചു. വിമാനത്തിന്റെ ഗതി നിയന്ത്രിച്ചുകൊണ്ടിരിക്കവെ എന്റെ ചിന്തകൾ വീണ്ടും ഇലാനാ എയ്ട്ടനെക്കുറിച്ചായി. ഒരു ചിത്രത്തിലെ നായികാവേഷത്തിന് വേണ്ടി തന്നെത്തന്നെ ഒരു വിൽപ്പനച്ചരക്കാക്കുവാനൊരുങ്ങുന്ന അവളെ ഒരു നിമിഷം ഞാൻ സങ്കൽപ്പിച്ചു നോക്കി. ഒന്നോർത്താൽ അതിൽ യാതൊരു അസ്വാഭാവികതയും ഇല്ല തന്നെ  ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാമെല്ലാം തന്നെ അടിമകളെപ്പോലെ ആഴ്ച്ചയിൽ ഏഴു ദിവസവും സ്വയം വിൽപ്പനച്ചരക്കായിക്കൊണ്ടിരിക്കുകയാണല്ലോ 

പെട്ടെന്നാണ് മഴത്തുള്ളികൾ വിന്റ് സ്ക്രീനിൽ ചരൽ പോലെ വന്ന് പതിച്ചു തുടങ്ങിയത്. ആദ്യമൊന്ന് പകച്ചു പോയെങ്കിലും ഞൊടിയിടയിൽ മറ്റ് ചിന്തകളെയെല്ലാം തന്നെ ഞാൻ മനസ്സിൽ നിന്നും ആട്ടിപ്പായിച്ചു. സോന്ദ്രേയിൽ നിന്നുമുള്ള വെതർ റിപ്പോർട്ടിൽ പറഞ്ഞതിനെക്കാളും വേഗതയിലാണ് കാറ്റും മഴയും മുന്നേറിക്കൊണ്ടിരിക്കുന്നത്. സ്റ്റിക്ക് പിറകോട്ട് വലിച്ച് ഞാൻ വിമാനത്തെ കൂടുതൽ ഉയരത്തിലേക്ക് നയിച്ചു.  

(തുടരും)