Tuesday, 26 August 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 4ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള ലാന്റ് റോവറിന്റെ താക്കോൽ വാങ്ങി സ്റ്റാർട്ട് ചെയ്ത് ഞാൻ ഹാർബറിലേക്ക് തിരിച്ചു. ഹാർബർ മാസ്റ്ററുടെ ഓഫീസിൽ നിന്നും വെതർ റിപ്പോർട്ട് വാങ്ങണം. കഴിഞ്ഞ യാത്രയ്ക്ക് ശേഷം അന്ന് രാത്രി തന്നെ ഇന്ധനം നിറച്ചിരുന്നത് കൊണ്ട് കാര്യമായ പണികളൊന്നും തന്നെയില്ല വിമാനത്തിന്. പിന്നെ, ഡെസ്ഫോർജിന് കൊണ്ടുപോകാനുള്ള മദ്യം റോയൽ ഗ്രീൻലാന്റ് ട്രേഡിങ്ങ് കമ്പനിയുടെ ഒരു പ്രധാന കസ്റ്റമറായി അദ്ദേഹം ഇതിനോടകം മാറിയിരുന്നതുകൊണ്ട് അദ്ദേഹത്തിനാവശ്യമായ സ്കോച്ച് വിസ്കിയുടെ കാർട്ടണുകൾ അവരുടെ ലോക്കൽ ഏജന്റ് നേരിട്ട് വന്ന് എന്റെ വിമാനത്തിൽ ലോഡ് ചെയ്ത് തന്നിരുന്നു.

എല്ലാം തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തിയിട്ട് ഞാൻ ഹോട്ടലിലേക്ക് വണ്ടി തിരിച്ചു. മുകളിലത്തെ നിലയിലെത്തിയ ഞാൻ നേരെ ബെഡ്‌റൂമിലേക്ക് നടന്നു. ആ യുവതിയുടെ യാതൊരു അടയാളവും അവിടെങ്ങും ഉണ്ടായിരുന്നില്ല. പിന്നീടാണത് ശ്രദ്ധിച്ചത് ബാത്ത്‌റൂമിലെ ഷവറിൽ നിന്നും ശക്തിയായി ബഹിർഗമിക്കുന്ന ജലധാരയുടെ സ്വരം അവളുടെ കുളി കഴിയുമ്പോഴേക്കും വേഷം മാറാം ഞാൻ ഡ്രെസ്സിങ്ങ് റൂമിലേക്ക് നടന്നു.

ഫ്ലയിങ്ങ് ബൂട്ട്സ് ധരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രധാന വാതിൽ തുറന്ന് ആരോ ഉള്ളിലേക്ക് പ്രവേശിച്ചത്. എന്നെ പേരെടുത്ത് വിളിച്ചുകൊണ്ട് ആർണി ബാത്ത്‌റൂമിന്റെ വാതിലിന് നേർക്ക് നീങ്ങി. അപകടം മണത്ത ഞാൻ തിരക്കിട്ട് ബെഡ്‌റൂമിലേക്കെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. ബാത്ത്‌‌റൂമിന്റെ കതക് തള്ളിത്തുറന്ന് ഉള്ളിലേക്ക് കടന്ന അവൻ പരിഭ്രാന്തനായി അടുത്ത മാത്രയിൽ തന്നെ പുറത്തേക്ക് ചാടി. തിടുക്കത്തിൽ വാരിച്ചുറ്റിയ വെളുത്ത ടവൽ കൊണ്ട് ദേഹം മറച്ച് ഏതാനും നിമിഷങ്ങൾക്ക് ശേഷം ഇലാന എയ്ട്ടൺ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.

“എന്ത് മര്യാദകേടാണിത്? ഈ പയ്യനെ പിടിച്ച് പുറത്താക്കുമോ ഇവിടുന്ന്?” അവൾ ചോദിച്ചു.

ഒരക്ഷരം പോലും ഉരിയാടാനാവാതെ തരിച്ചു നിൽക്കുകയായിരുന്ന ആർണിയുടെ മുന്നിൽ ഇലാന വാതിൽ കൊട്ടിയടച്ചു.

“ആർണീ നീ ചെല്ല്” ഞാനവന്റെ ചുമലിൽ തട്ടി.

“ഹൊ…! അവർ ഒരു സംഭവം തന്നെ” അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. “മൈ ഗോഡ് എന്റെ ജോ അവരുടെ മാറിടവും തുടകളുംഎന്തൊരു പെർഫെക്ഷൻ…!  ഇതുപോലൊരു കാഴ്ച്ച ഞാൻ ഇതിന് മുമ്പ് കണ്ടിട്ടേയില്ല

“ഉം ഞാൻ വിശ്വസിച്ചു ചുരുങ്ങിയത് ഒരു ആയിരത്തിയെട്ട് തവണയെങ്കിലും നീ കണ്ടിട്ടുണ്ടാവും” അവനെ ഉന്തിത്തള്ളി ഇടനാഴിയിലേക്ക് ഇറക്കിവിട്ട് ഞാൻ കതക് വലിച്ചടച്ചു.

ഡ്രെസ്സിങ്ങ് റൂമിലേക്ക് തിരികെ വന്ന് ഞാൻ ഒരു സ്വെറ്ററും പച്ചനിറമുള്ള ജാക്കറ്റും എടുത്തണിഞ്ഞു. ബെഡ്‌റൂമിൽ ചെല്ലുമ്പോൾ ഡ്രെസ്സിങ്ങ് ടേബിളിലെ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീകിക്കൊണ്ടിരിക്കുകയായിരുന്നു ഇലാന. സ്കീയിങ്ങിന് പോകുമ്പോൾ ഉപയോഗിക്കാറുള്ള ഇനം പാന്റ്സും നോർവീജിയൻ സ്വെറ്ററും ബൂട്‌സും ആണ് അവൾ ധരിച്ചിരുന്നത്.

“ഞാനായിരിക്കും ബാത്ത്‌റൂമിൽ എന്നാണ് ആർണി വിചാരിച്ചത് അല്ലാതെ നിങ്ങളെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യമൊന്നും അവനില്ലായിരുന്നു” ഞാൻ പറഞ്ഞു.

“അല്ലെങ്കിലും അത്തരം ഉദ്ദേശ്യമൊന്നും തീരെ ഉണ്ടാവില്ലല്ലോ ഇവർക്ക്” വിപരീതാർത്ഥത്തിൽ അവൾ പറഞ്ഞു.

കട്ടിലിൽ തുറന്ന് കിടക്കുന്ന സ്യൂട്ട്കെയ്സിനരികിൽ നിന്നും അരയ്ക്കൊപ്പം എത്തുന്ന ഒരു ഷീപ്പ് സ്കിൻ ജാക്കറ്റ് എടുത്ത് അണിഞ്ഞുകൊണ്ടിരിക്കുന്ന അവളിൽ വീണ്ടും എവിടെയോ നല്ല പരിചിതത്വം ഞാൻ ദർശിച്ചു.

“നിങ്ങളെ എവിടെയോ ഇതിന് മുമ്പ് ഞാൻ കണ്ടിട്ടുണ്ടല്ലോ” എന്റെ ആത്മഗതം വാക്കുകളായി പുറത്ത് വന്നു. പെട്ടെന്നാണ് അതെവിടെ വച്ചായിരിക്കാമെന്നുള്ള ഒരു സൂചന മനസ്സിലുദിച്ചത്. “പിടി കിട്ടിപ്പോയി സിനിമയിൽ?”

ജാക്കറ്റിന്റെ ബട്ടണുകൾ ഓരോന്നായി ഇട്ടുകൊണ്ടിരിക്കവെ കണ്ണാടിയിൽ നോക്കി തന്റെ രൂപം ശ്രദ്ധാപൂർവ്വം അവൾ വിലയിരുത്തി. പിന്നെ ചീപ്പെടുത്ത് വീണ്ടും മുടിയിഴകളിലൂടെ ഓടിച്ചു.

“അതെ കുറച്ച് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്

“ജാക്കിനോടൊപ്പം?” പെട്ടെന്നാണെനിക്കതോർമ്മ വന്നത് “അങ്ങനെ വരട്ടെ അദ്ദേഹത്തിന്റെ ഏറ്റവുമൊടുവിലത്തെ സിനിമകളിലൊന്നിൽ ആ അൾജീരിയൻ പെൺ‌കുട്ടിയുടെ വേഷം ചെയ്തത് നിങ്ങളായിരുന്നു ആയുധക്കടത്ത് വിഷയമാക്കി എടുത്ത ചിത്രം

“ഗോ റ്റു ദി ഹെഡ് ഓഫ് ദി ക്‌‌ളാസ് അതായിരുന്നു ആ ചിത്രത്തിന്റെ പേർ എങ്ങനെയുണ്ടായിരുന്നു അത്?” സ്യൂട്ട്കെയ്സ് അടച്ചുകൊണ്ട് അവൾ ആരാഞ്ഞു.

“വണ്ടർഫുൾ” ഞാൻ പറഞ്ഞു. “എങ്ങനെ ഇപ്പോഴും സിനിമയിൽ നിറഞ്ഞ് നിൽക്കാൻ അദ്ദേഹത്തിന് കഴിയുന്നു എന്നതാണ് അത്ഭുതം ഞാൻ ജനിച്ച വർഷമായിരുന്നു അദ്ദേഹത്തിന്റെ ആദ്യചിത്രം ഇറങ്ങിയത്

“നുണ പറയുമ്പോൾ അല്പമൊക്കെ വിശ്വാസ്യത വേണം...” തികച്ചും ലാഘവത്തോടെ അവൾ പറഞ്ഞു. “അങ്ങേയറ്റത്തെ ഫ്ലോപ്പായിരുന്നു ആ ചിത്രം പിന്നീടതിന്റെ പൊടി പോലും കണ്ടിട്ടില്ല

തികച്ചും ശാന്തതയോടെയാണ് അവളത് പറഞ്ഞതെങ്കിലും എന്തോ ഒരു അനിഷ്ടം ആ സ്വരത്തിൽ അടങ്ങിയിരിക്കുന്നതായി എനിക്ക് തോന്നി. എനിക്കെന്തെങ്കിലും മറുപടി നൽകുവാൻ അവസരം നൽകാതെ പുറത്തിറങ്ങി അവൾ ഇടനാഴിയിലൂടെ മുന്നോട്ട് നടന്നു. പിന്നെ മറ്റ് മാർഗ്ഗം ഒന്നുമില്ലായിരുന്നു എന്റെ മുന്നിൽ അവളുടെ സ്യൂട്ട്കെയ്സുമെടുത്ത് ഒരു വിഡ്ഢിയെപ്പോലെ ഞാനവളെ അനുഗമിച്ചു.  

           
(തുടരും)

Tuesday, 19 August 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 3തണുത്ത പ്രഭാതത്തിൽ മിക്കവാറും എല്ലാവരും ഉറക്കത്തിൽ തന്നെയായിരിക്കണം. ജാലകത്തിനോട് ചേർന്നുള്ള മേശക്കരികിലിരുന്ന് തെരുവിലേക്ക് നോക്കി കോഫി നുണയുന്ന ആ യുവതിയെ മാത്രമേ അപ്പോൾ റെസ്റ്റോറന്റിൽ കാണാനുണ്ടായിരുന്നുള്ളൂ. അവളെക്കുറിച്ച് ആർണി എന്താണ് അർത്ഥമാക്കിയതെന്ന് ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് മനസ്സിലായി. പക്ഷേ, ഒരു കാര്യത്തിൽ അവന് തെറ്റിപ്പോയിരിക്കുന്നു. ഒരു സൌന്ദര്യധാമം എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും ഒരിക്കലും അവളെ ഒരു വിരൂപ എന്ന് വിശേഷിപ്പിക്കാൻ കഴിയുമായിരുന്നില്ല.

ഒരു വർഗ്ഗീയ ചിന്താഗതിക്കാരൻ എന്ന് വിളിക്കുകയില്ലെങ്കിൽ ഞാൻ പറയാം, തികച്ചും ജൂത മുഖമായിരുന്നു അവളുടേത്. കല്ലിൽ കൊത്തിയെടുത്ത പോലെയുള്ള പ്രൌഢമായ മുഖം. ചുവന്ന അധരങ്ങൾ, ഉയർന്ന കവിളെല്ലുകൾ, പാതി മയക്കത്തിലെന്ന പോലെയുള്ള കണ്ണുകൾ തോളറ്റം നീളത്തിൽ ഒരു തിരശീല പോലെ വിടർന്ന് കിടക്കുന്ന കറുത്ത കോലൻ മുടി എല്ലാം കൂടി ആ മുഖത്തിന് ഒരു കാമാതുരയുടെ ഭാവം സമ്മാനിച്ചു. പ്രൌഢയായ ഒരു രാജ്ഞി കണക്കെ ഇരിക്കുന്ന അവളുടെ അരികിലേക്ക് ഞാൻ ചെന്നു.

പോക്കറ്റിൽ കൈകൾ തിരുകി മുന്നിൽ ചെന്നു നിന്ന എന്നെ തലയുയർത്തി തികച്ചും ശാന്തഭാവത്തിൽ ആർജ്ജവത്തോടെ അവൾ നോക്കി.

“മിസ് എയ്ട്ടൺ? ഞാൻ ജോ മാർട്ടിൻ ജാക്ക് ഡെസ്ഫോർജിനെ കാണണമെന്ന് ആവശ്യപ്പെട്ടുവെന്ന് അറിഞ്ഞു കാരണം എന്താണെന്ന് അറിയുന്നതിൽ വിരോധമുണ്ടോ?”

“അത് നിങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലല്ലോ” അവൾ ആശ്ചര്യം പ്രകടിപ്പിച്ചു.

“എന്നെ ബാധിക്കില്ല പക്ഷേ, തീർച്ചയായും അദ്ദേഹത്തെ ബാധിക്കുന്ന പ്രശ്നമായേക്കാം

അവൾക്കെതിരെയുള്ള കസേരയിൽ ഇരുന്നിട്ട് ഞാൻ വെയ്റ്ററെ കൈ ഉയർത്തി വിളിച്ചു. ഉടൻ തന്നെ അയാൾ ഒരു പ്‌‌ളേറ്റിൽ തിമിംഗലത്തിന്റെ ചൂട് പറക്കുന്ന സ്റ്റീക്കുമായി എത്തി.

“നിങ്ങളെന്താ അദ്ദേഹത്തിന്റെ സൂക്ഷിപ്പുകാരനോ മറ്റോ ആണോ?” വിരോധത്തിന്റെ ലാഞ്ഛന ലവലേശവുമില്ലതെ അവൾ ചോദിച്ചു.

“എങ്കിൽ ശരിഞാൻ വിശദമാക്കാം ആരും ശല്യം ചെയ്യാൻ വന്നേക്കരുത് എന്ന വലിയൊരു ബോർഡുമായാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത് ആവശ്യമുള്ള സാധനങ്ങൾ ആഴ്ച്ചയിൽ ഒരിക്കൽ അദ്ദേഹത്തിന്റെ സ്റ്റെല്ല എന്ന ബോട്ടിലേക്ക് ഞാൻ എത്തിച്ചു കൊടുക്കുന്നു അതിന് പ്രതിഫലമായി ഇരട്ടി കൂലി തരുന്നു എന്ന് മാത്രമല്ല അത് രൊക്കം പണമായി തന്നെ തരുന്നു എന്നതാണദ്ദേഹത്തിന്റെ പ്രത്യേകത അത്തരത്തിലുള്ള ഒരു ഏർപ്പാട് ആരെങ്കിലും വന്ന് നശിപ്പിക്കുന്നതിനോട് എനിക്ക് ഒട്ടും താൽപ്പര്യമില്ല എന്നത് തന്നെ കാര്യം

“അദ്ദേഹവും ഞാനും പഴയ സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞാൽ നിങ്ങളുടെ മനോഭാവത്തിൽ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കാമോ?”

“ഇല്ല

“നിങ്ങൾ ഇത് തന്നെ പറയുമെന്ന് എനിക്കറിയാമായിരുന്നു” ഹാൻഡ് ബാഗ് തുറന്ന് അവൾ തന്റെ പേഴ്സ് പുറത്തെടുത്തു. ഞാൻ വിചാരിച്ചതിലും അധികമായിരുന്നു ഒറ്റ നോട്ടത്തിൽ അതിന്റെ കനം.

“സാധാരണ നിങ്ങളുടെ ട്രിപ്പിന് എത്രയാണ് ചാർജ്ജ് ചെയ്യുന്നത്?” അവൾ ചോദിച്ചു.

“അഞ്ഞൂറ് ക്രോണെ

“അമേരിക്കൻ കറൻസിയിൽ എത്ര വരും അത്?”

“ഏകദേശം നൂറ്റിയമ്പത് ഡോളർ

അവൾ പേഴ്സിൽ നിന്നും മൂന്ന് നോട്ടുകൾ വലിച്ചെടുത്ത് മേശപ്പുറത്ത് എന്റെ മുന്നിലേക്കിട്ടു. “മുന്നൂറ് ഡോളർ അതായത് ഞാനവിടെ തങ്ങുന്നതിൽ അദ്ദേഹത്തിന് എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ റൌണ്ട് ട്രിപ്പിനുള്ള പണം ഞാൻ അഡ്വാൻസായി തന്നിരിക്കുന്നു സമാധാനമായോ?”  

“മടക്കയാത്രക്കുള്ള പണം കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് ഞാനെന്തിന് മടിക്കണം?” പേഴ്സ് തുറന്ന് ഞാൻ ആ നോട്ടുകൾ ശ്രദ്ധാപൂർവ്വം ഉള്ളിലേക്ക് തിരുകി.  “നാൽപ്പത് മിനിറ്റുകൾക്കകം നാം പുറപ്പെടുന്നു കാറ്റ് അനുകൂലമാണെങ്കിൽ രണ്ട് മണിക്കൂർ സമയം മതിയാകും അവിടെയെത്താൻ

“ദാറ്റ്സ് ഫൈൻ ബൈ മീ” അവൾ പറഞ്ഞു.

അവൾ എഴുന്നേറ്റ് നിന്നപ്പോഴാണ് അത്രയൊന്നും ഉയരമില്ലാത്തവളാണ് ഇലാന എന്ന് ഞാൻ മനസ്സിലാക്കിയത്. ഏറിയാൽ അഞ്ചടി നാലിഞ്ച് മുന്തിയ ഇനം തുണിയുടെ സ്യൂട്ടും മിഡിയും നൈലോൺ സ്റ്റോക്കിംഗ്സും ഫ്ലാറ്റ് ഹീൽഡ് ഷൂവുമാണ് അവളുടെ വേഷം.

“ഒരു കാര്യം കൂടി വല്ല നാട്ടിൻപുറങ്ങളിലും വാരാന്ത്യത്തിന് പോകാൻ പറ്റിയ വേഷമാണ് നിങ്ങൾ ഇപ്പോൾ ധരിച്ചിരിക്കുന്നത് പക്ഷേ, നമ്മൾ പോകുന്ന സ്ഥലത്ത് ഇതൊന്നും മതിയാവില്ല...” ഞാൻ പറഞ്ഞു.

“ദുർഘടമായ പ്രദേശം, അല്ലേ? എന്തായാലും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഇതുവരെ ഞാൻ കണ്ട കാഴ്ച്ചകളെല്ലാം തന്നെ നിരാശാജനകമായിരുന്നു  അവൾ പറഞ്ഞു.

“നിവൃത്തിയുണ്ടെങ്കിൽ സീൽ സ്കിൻ ട്രൌസേഴ്സ് ഉപയോഗിക്കാറില്ല അവരവിടെ പിന്നെ കയാക്കിന് പകരം ഡീസൽ എൻ‌ജിൻ ഘടിപ്പിച്ച വെയ്‌ൽ ബോട്ടാണ് അവിടുത്തെ കാലാവസ്ഥയ്ക്ക് ഉചിതം ഇനി നിങ്ങൾക്ക് പരുക്കൻ കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് താൽപ്പര്യമെങ്കിൽ ഡിസ്കോ എന്തുകൊണ്ടും നിങ്ങളെ തൃപ്തിപ്പെടുത്തും” ഞാൻ പറഞ്ഞു.

“പാഴാക്കാൻ നേരമില്ല എനിക്ക് എവിടെയാണ് എനിക്കീ വേഷമൊന്ന് മാറാൻ സൌകര്യം ലഭിക്കുക?” അവൾ ചോദിച്ചു.

“വിരോധമില്ലെങ്കിൽ എന്റെ റൂം ഉപയോഗിക്കാം ഒന്നാം നിലയിൽ ഇരുപത്തിയൊന്നാം നമ്പർ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് എനിക്കിത്തിരി ജോലിയുണ്ട് അത് കഴിഞ്ഞിട്ട് ഞാൻ വന്ന് നിങ്ങളെ കൂട്ടിക്കൊണ്ട് പോകാം ഏറിയാൽ അര മണിക്കൂർ

റെസ്റ്റോറന്റിന്റെ അറ്റത്തുള്ള ലഗേജ് ഏരിയയിലേക്ക് അവൾ നടന്നു. ശേഷം അവിടെയുണ്ടായിരുന്ന പോർട്ടറെക്കൊണ്ട് റാക്കിൽ നിന്നും തന്റെ സ്യൂട്ട്കെയ്സ് എടുപ്പിച്ചിട്ട് അയാളുടെ പിറകേ സ്റ്റെയർ കെയ്സിന് നേർക്ക് നടന്നു. അവളുടെ ആ നടത്തത്തിൽ എന്തോ ഒരു പരിചിതത്വം തോന്നിച്ചുവെങ്കിലും അതെന്താണെന്ന് കൃത്യമായി നിർവ്വചിക്കുവാൻ എനിക്കായില്ല.

നല്ല ചന്തമായിരുന്നു അവളുടെ നടപ്പിന്. ശരീരം ഒന്നാകെ ഇളക്കി വെട്ടിച്ചുള്ള ആ ചലനം ആസ്വദിച്ച് നിൽക്കവെ പെട്ടെന്നൊരു മാത്ര എന്റെ മനസ്സിൽ ആ ചിന്ത കയറി വന്നു. കിടക്കയിൽ അവളുടെ രൂപം എങ്ങനെയായിരിക്കും …? പിന്നെ ഞാൻ സ്വയം പഴിച്ചു. ആർണിയെപ്പോലെ ചിന്തിച്ച് തുടങ്ങിയിരിക്കുന്നുവോ താൻ? ഒരു പക്ഷേ, അവളെ വച്ചുള്ള അടുത്ത നീക്കങ്ങൾ ആർണി ഇതിനോടകം പ്‌‌ളാൻ ചെയ്ത് കഴിഞ്ഞിട്ടുണ്ടാവണം 

എന്നോട് തന്നെ അരിശം കൊണ്ട് ഞാൻ പാത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു. സ്റ്റീക്ക് തണുത്ത് വിറങ്ങലിച്ചിരിക്കുന്നു. അത് ദൂരേക്ക് തള്ളിമാറ്റിയിട്ട് ഞാൻ കോഫി എടുത്തു.

ജനറൽ ഗ്രാന്റ് ആണെന്ന് തോന്നുന്നു ഇപ്രകാരം പറഞ്ഞത് യുദ്ധം ദുരിതമാണ് അദ്ദേഹത്തിന് ഇതും കൂടി കൂട്ടിച്ചേർക്കാമായിരുന്നു  സ്ത്രീകൾ മഹാദുരിതമാണ്   

കോഫി നുണഞ്ഞുകൊണ്ട് ഞാൻ ഹാർബറിലേക്ക് നോക്കി. എന്റെ ഓട്ടർ സീ പ്‌ളെയ്നിന്റെ ചുവപ്പും സിൽ‌വറും വർണ്ണങ്ങൾ പ്രഭാതകിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്നു. പക്ഷേ, അതിലൊന്നും മനസ്സ് തങ്ങി നിൽക്കുന്നില്ല തെളിഞ്ഞ് വരുന്നത് ഒരേയൊരു രൂപംഹാളിലൂടെ മുന്നോട്ട് നീങ്ങുന്ന ഇലാനാ എയ്ട്ടന്റെ അസ്വസ്ഥത പടർത്തുന്ന മാദക രൂപം സ്റ്റെയർകെയ്സിന്റെ പടികൾ കയറവെ തുടകളിൽ ഇറുകി വലിയുന്ന ആ നശിച്ച മിഡിയുടെ ത്രസിപ്പിക്കുന്ന ദൃശ്യംനാളുകൾക്ക് ശേഷമാണ് ഒരു സ്ത്രീശരീരം തന്റെ മനസ്സിനെ ഇത്രയും മധുരമായ രീതിയിൽ അസ്വസ്ഥമാക്കുന്നത്

     
(തുടരും)

Tuesday, 12 August 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 2അങ്ങേയറ്റം ക്ഷീണിതനോ അല്ലെങ്കിൽ വിഷാദമഗ്നനോ ആകുന്ന അവസരങ്ങളിലാണ് സാധാരണയായി ദുഃസ്വപ്നങ്ങൾ എന്നെ തേടിയെത്താറുള്ളത്. എങ്ങനെയായാലും ശരി, അവസാനം അത് എന്നെ കൊണ്ടെത്തിക്കുന്നത് എന്നും ഒരേ അവസ്ഥയിലായിരുന്നു. വിയർപ്പിൽ നനഞ്ഞൊട്ടി ദേഹമാസകലം വിറയ്ക്കുന്ന നിലയിൽസീലിങ്ങിലേക്ക് മിഴിനട്ട് അല്പനേരം കൂടി ഞാൻ കട്ടിലിൽ തന്നെ കിടന്നു. പിന്നെ പുതപ്പ് എടുത്ത് മാറ്റി എഴുന്നേറ്റ് ജനാലയുടെയരികിലേക്ക് നടന്നു. ജാലകച്ചില്ലിലെ ബാഷ്പങ്ങൾ വടിച്ച്മാറ്റി പുറത്തേക്ക് കണ്ണോടിച്ചപ്പോൾ പ്രസന്നമായ പ്രഭാതം എന്നെ വരവേറ്റു.

ഫ്രെഡറിൿസ്ബോർഗിൽ നിന്നും ഗ്രീൻലാന്റിന്റെ തലസ്ഥാനമായ ഗോട്‌ഹാബിലേക്കും തിരിച്ചും ഉള്ള ട്രിപ്പുകളായിരുന്നു ഞാൻ നടത്തിക്കൊണ്ടിരുന്നത്. ആർട്ടിക്ക് വൃത്തത്തിൽ നിന്നും ഏതാണ്ട് ഇരുനൂറ് മൈൽ ദൂരെ ഗ്രീൻലാന്റിന്റെ തെക്ക് പടിഞ്ഞാറൻ തീരത്താണ് ഏറെയൊന്നും വികസിച്ചിട്ടില്ലാത്ത ഗോട്‌ഹാബ് പട്ടണം. ഏറിവന്നാൽ ആയിരത്തിയഞ്ഞൂറ് മാത്രമായിരുന്നു അവിടുത്തെ ജനസംഖ്യ. എന്നാൽ വളരെ ചുരുങ്ങിയ കാലയളവ് മാത്രമുള്ള വേനൽക്കാലത്ത് ഡെന്മാർക്കിൽ നിന്നും നിർമ്മാണത്തൊഴിലാളികൾ എത്തുന്നതോടെ അതൊരു ഇരുനൂറോ മുന്നൂറോ കൂടി കൂടുമായിരുന്നു. ഗവണ്മന്റിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി അത്രയൊന്നും ചന്തമില്ലാത്ത മൂന്ന് നില കോൺക്രീറ്റ് കെട്ടിടങ്ങൾ അവിടെ ഉയർന്നുകൊണ്ടിരുന്നു.

എന്നാൽ ഫ്രെഡറിൿസ്ബോർഗ് ആകട്ടെ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രദേശമായിരുന്നു. കാര്യമായി ഒരു വികസനവും എത്തിയിട്ടില്ലാത്ത ഇടം. ഒട്ടും നിരപ്പല്ലാത്ത പാതകൾ. പാറക്കല്ലുകളുടെ മുകളിൽ ചിതറിക്കിടക്കുന്ന ഒരു ചെറുപട്ടണം. പലകകളാൽ നിർമ്മിതമായ വീടുകൾ ചുവപ്പും മഞ്ഞയും പച്ചയും പെയിന്റടിച്ച് സുരക്ഷിതമാക്കിയിരിക്കുന്നു. പാറക്കല്ലുകൾ നിറഞ്ഞ പ്രദേശമായതിനാൽ ടെലിഫോൺ ലൈനുകളും ഇലക്ട്രിക്ക് ലൈനുകളും ഭൂമിക്കടിയിലൂടെ ഇടുന്നതിന് പകരം പോസ്റ്റുകൾ വഴിയാണ് വലിച്ചിരിക്കുന്നത്.

അര മൈൽ ദൂരെ റോഡ് അവസാനിക്കുന്നത് തകര ഫാക്ടറിയുടെ അരികിലുള്ള ഹാർബറിലാണ്. ആറോ ഏഴോ മത്സ്യബന്ധന ബോട്ടുകളും ഈസ്റ്റ് കാനഡ എയർവേയ്സ് തീരദേശ സർവീസിന് ഉപയോഗിക്കുന്ന ഒരു കാറ്റലിന സീ പ്ലെയ്നും ഹാർബറിൽ കിടക്കുന്നുണ്ട്. ഞാൻ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഓട്ടർ ആംഫിബിയൻ സീ പ്ലെയ്ൻ സ്ലിപ്പ് വേയുടെ മുകളറ്റത്തായി പാർക്ക് ചെയ്തിരിക്കുന്നു.

സമയം പത്ത് മണിയായിരിക്കുന്നു. ബാത്ത് റൂമിൽ ചെന്ന് ഷവർ തുറന്ന സമയത്താണ് പുറത്തെ കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്. ടവൽ അരയ്ക്ക് ചുറ്റും വാരിച്ചുറ്റി ഞാൻ ബെഡ്‌റൂമിലേക്ക് തിരിച്ചു കയറി.

മുറിയിലേക്ക് എത്തി നോക്കിക്കൊണ്ട് അവൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു. ഗൂഡ്രിഡ് റസ്മൂസെൻ

“കാപ്പി കൊണ്ടു വരട്ടേ, മിസ്റ്റർ മാർട്ടിൻ?” ഡാനിഷ് ഭാഷയിൽ അവൾ ആരാഞ്ഞു.

ഏതാണ്ട് ഇരുപത്തിയഞ്ച് വയസ്സ് പ്രാ‍യം മതിക്കുന്ന, അധികം ഉയരമില്ലാത്ത പെൺകുട്ടിയാണ് ഗൂഡ്രിഡ്. ഡാനിഷ് വംശജയാണെങ്കിലും ഗ്രീൻലാന്റിൽ ജനിച്ച് വളർന്നവൾ. സ്വർണ്ണനിറമുള്ള മുടി ഭംഗിയായി മെടഞ്ഞ് ചുറ്റിക്കെട്ടിയിരിക്കുന്നു. എസ്കിമോ വർഗ്ഗക്കാരുടെ പ്രത്യേകതയായ ഉയർന്ന കവിളെല്ലുകളും കുറുകിയ കണ്ണുകളും. ഏതാണ്ട് നൂറ് മൈൽ അകലെ സാൻഡ്‌വിഗ്ഗിലുള്ള മുത്തച്ഛനോടൊപ്പമായിരിക്കും വർഷത്തിന്റെ ഭൂരിഭാഗവും അവൾ കഴിയുന്നതെങ്കിലും വേനൽക്കാലത്ത് ഫ്രെഡറിൿസ്ബോർഗിലെ ഈ ഹോട്ടലിൽ പരിചാരികയുടെ വേഷമിടുകയാണ് പതിവ്.

“ഇന്ന് ചായ ആയിക്കോട്ടെ, ഗൂഡ്രിഡ് വല്ലാത്ത ഗൃഹാതുരത്വം തോന്നുന്നു ഇന്ന്” ഞാൻ പറഞ്ഞു.

“നിങ്ങളുടെ മുഖത്ത് നല്ല ക്ഷീണമുണ്ട് ഇത്രയും കഠിനാദ്ധ്വാനം നല്ലതല്ല” ഒരു ഉപദേശമെന്ന പോലെ അവൾ പറഞ്ഞു.

എന്തെങ്കിലും ഒരു മറുപടി പറയാൻ എനിക്ക് കഴിയുന്നതിന് മുമ്പ്, പറന്നടുക്കുന്ന ഒരു വിമാനത്തിന്റെ ഗർജ്ജനം ആ പ്രഭാ‍തത്തിന്റെ ശാന്തതയെ കീറിമുറിച്ചു. ജാലകത്തിനരികിൽ ഞാൻ എത്തിയതും ഹാർബറിന് മുകളിലൂടെ താഴ്ന്ന് പറന്ന് ഫാക്ടറിയുടെ അപ്പുറത്തെ എയർ സ്ട്രിപ്പിൽ ലാന്റ് ചെയ്യുവാൻ ഒരുങ്ങുന്ന ഒരു എയർമക്കി വിമാനമാണ് ദൃഷ്ടിയിൽ പെട്ടത്.

“ഓ നിന്റെ ബോയ് ഫ്രണ്ട് എത്തിയല്ലോ” ഞാൻ പറഞ്ഞു.

“ആര്, ആർണിയോ?” ജാലകത്തിനരികിലേക്കെത്തിയ അവളുടെ കവിളുകൾ തുടുത്തിരുന്നു. “ലോകത്തെ ഏത് പെണ്ണും ആർണിയുടേതാണ്, മിസ്റ്റർ മാർട്ടിൻ എനിക്കായി പ്രത്യേകിച്ചൊരു ആനുകൂല്യവുമില്ല അക്കാര്യത്തിൽ” അവൾ പറഞ്ഞു.

അങ്ങനെയല്ലെന്ന് അവളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നതിൽ അർത്ഥമില്ലെന്ന് എനിക്കറിയാമായിരുന്നു. താഴ്ന്ന് വരുന്ന വിമാനത്തെ വീക്ഷിച്ചുകൊണ്ട് ഞാൻ അവൾക്കരികിൽ മൌനം പാലിച്ച് നിന്നു. വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്ന സ്കീയുടെ അടിയിൽ നിന്നും ചക്രങ്ങൾ പുറത്തേക്ക് ഇറങ്ങി വന്നിട്ടുണ്ട്.

“ഞാൻ വിചാരിച്ചത് അവൻ അത് അഴിച്ച് മാറ്റി വെള്ളത്തിൽ ലാന്റ് ചെയ്യാനുള്ള ഫ്ലോട്ട് ഘടിപ്പിച്ചു കാണുമെന്നായിരുന്നു” ഞാൻ പറഞ്ഞു.

“എന്ത്?... ആ സ്കീയോ?...?” അവൾ തോൾ വെട്ടിച്ചു. “മലാമസ്കിലെ മഞ്ഞുമലയുടെ മുകളിലുള്ള ആ അമേരിക്കൻ മൈനിങ്ങ് കമ്പനിയുമായുള്ള സർവീസ് കോൺ‌ട്രാക്ട് നീട്ടിക്കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന് മഞ്ഞുപരപ്പിൽ ലാന്റ് ചെയ്യണമെങ്കിൽ സ്കീ ഘടിപ്പിക്കുക മാത്രമല്ലേ മാർഗ്ഗമുള്ളൂ?”

മികച്ചതെന്ന് പറയാൻ കഴിയില്ലെങ്കിലും തരക്കേടില്ലാത്ത ലാന്റിങ്ങ് ആയിരുന്നു ആർണിയുടേത്. കുറ്റം പറയാൻ കഴിയില്ല, കാരണം എല്ലാ പൈലറ്റുമാർക്കും ഇടയ്ക്ക് സംഭവിക്കുന്നത് തന്നെയാണിത്. എയർ‌സ്ട്രിപ്പിലെ ചെറിയ റൺ‌വേയിലൂടെ നീങ്ങിയ എയർമക്കി, ഫാക്ടറിയുടെ അപ്പുറത്ത് അപ്രത്യക്ഷമായി.

ഗൂഡ്രിഡ് ആഹ്ലാദത്തോടെ പുഞ്ചിരിച്ചു. “നിങ്ങൾ കുളിക്കുമ്പോഴേക്കും ഞാൻ ചായ എടുത്തു കൊണ്ടുവരാം ബ്രേക്ക് ഫാസ്റ്റിന് ഓർഡറും കൊടുക്കാം ബെഡ്‌ഷീറ്റൊക്കെ ഞാൻ പിന്നീട് മാറ്റിക്കോളാം

വാതിൽ ചാരിയിട്ട് അവൾ പുറത്തേക്ക് നടന്നു. ബാത്ത്‌റൂമിൽ കയറിയ ഞാൻ ഷവർ തുറന്ന് അടിയിൽ കയറി നിന്നു. ചൂടുവെള്ളത്തിലുള്ള കുളി കഴിഞ്ഞതോടെ തലവേദന പതുക്കെ അപ്രത്യക്ഷമാകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അതേതായാലും നന്നായി രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഒരു ട്രിപ്പുള്ളതാണ് ഇന്ന്. പഴയ സിൽക്ക് ഗൌൺ എടുത്തണിഞ്ഞ് തല തുവർത്തിക്കൊണ്ട് ഞാൻ ബെഡ്‌റൂമിലേക്ക് നടന്നു.

പറഞ്ഞത് പോലെ ഒരു ട്രേയിൽ ചായ കൊണ്ടുവന്ന് വച്ചിട്ടുണ്ട് ഗൂഡ്രിഡ്. നല്ല ചുടു ചായ ആദ്യ കപ്പ് ആസ്വദിച്ച് അകത്താക്കിയ ശേഷം ഒന്നു കൂടി പകരവേയാണ്‌ വാതിൽ തള്ളിത്തുറന്ന് ആർണി ഫാസ്ബെർഗ് ഉള്ളിലേക്ക് പ്രവേശിച്ചത്.

എന്നെപ്പോലെ തന്നെ ആറടിയിൽ അല്പം താഴെയായിരുന്നു അവന്റെയും ഉയരം. എന്നാൽ ഞങ്ങൾ തമ്മിലുള്ള സാമ്യത അവിടം കൊണ്ട് അവസാനിക്കുന്നു. എന്റെ മുടി കറുത്തതാണെങ്കിൽ അവന്റേത് ഏതാണ്ട് പൂർണ്ണമായും വെളുത്തതാണെന്ന് പറയാം. ജീവിതത്തിലെ പരുപരുത്ത യാഥാർത്ഥ്യങ്ങൾ അനുഭവിച്ച് ഇരുത്തം വന്ന മുഖമാണ്‌ എന്റേതെങ്കിൽ അവന്റേതാകട്ടെ, ഇപ്പോഴും ഉന്മേഷം തുളുമ്പുന്ന കൌമാരക്കാരന്റെ മുഖം. ജന്മം കൊണ്ട് ഐസ്‌ലാന്റ് വംശജൻ ഒരു പക്ഷേ, അവരുടെ സവിശേഷതയാകാം സ്ത്രീകളോടുള്ള അടങ്ങാത്ത അഭിനിവേശം. മറ്റൊരു രാജ്യക്കാരിലും ഞാനിതുവരെ കണ്ടിട്ടില്ലാത്ത സ്വഭാവവിശേഷത. നമ്മെ അത്ഭുതപ്പെടുത്തുന്ന വേഗത്തിലാണ് അവർ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതും അതേപോലെ തന്നെ അകലുന്നതും.

പഴയ ഒരു ഫ്ലൈയിങ്ങ് ജാക്കറ്റും ബൂട്ട്സും അണിഞ്ഞിരുന്ന അവന് ഒരു നാടക നടന്റെ രൂപഭാവമായിരുന്നു. കൈയിലെ ക്യാൻ‌വാസ് ബാഗ് മുറിയുടെ മൂലയിലേക്ക് എറിഞ്ഞിട്ട് അവൻ മേശയ്ക്കരികിലേക്ക് വന്നു.

“നിങ്ങൾ പോയിക്കാണുമോ എന്നൊരു സംശയമുണ്ടായിരുന്നു എനിക്ക്മുമ്പത്തെ റെക്കോർഡുകൾ സകലതും തകർത്തുകൊണ്ടായിരിക്കും ഒരു പക്ഷേ ഞാനിന്ന് സോന്ദ്രേ സ്ട്രോംജോഡിൽ നിന്നും ഇവിടെ എത്തിയത്” ആർണി പറഞ്ഞു.

“പ്രത്യേകിച്ചെന്തെങ്കിലും കാരണം?”

ട്രേയിൽ വച്ചിരുന്ന കെറ്റ്‌ൽ എടുത്ത് അവൻ കപ്പിലേക്ക് ചായ പകർന്നു. “ആ അമേരിക്കൻ സിനിമാ നടന് ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ജോലി ഇപ്പോഴും നിങ്ങളല്ലേ ചെയ്യുന്നത്?”

ജാക്ക് ഡെസ്ഫോർജിനെയാണ് അവൻ ഉദ്ദേശിച്ചത്. ജൂൺ ആദ്യവാരം അപ്രതീക്ഷിതമായി സ്റ്റെല്ല എന്ന തന്റെ ബോട്ടുമായി ഗോട്‌ഹാബിൽ എത്തിയതാണ് ഡെസ്ഫോർജ്. മത്സ്യ ബന്ധനവും നായാട്ടുമൊക്കെയായി തീരത്തിനരികിലൂടെ ചുറ്റിക്കറങ്ങുന്ന അദ്ദേഹത്തിന് ആവശ്യമുള്ള വസ്തുക്കൾ കൃത്യമായ ഇടവേളകളിൽ അയാളുടെ ബോട്ടിൽ എത്തിച്ചുകൊടുക്കുന്നത് ഞാനാണ്.

“എന്തേ ചോദിക്കാൻ കാരണം?”

“ഒരു യാത്രക്കാരിയുണ്ട് നിങ്ങൾക്ക്കോപ്പൻഹേഗനിൽ നിന്നും രാത്രി ഫ്ലൈറ്റിന് സോന്ദ്രേയിൽ എത്തിയതാണവർ നേരെ ഡെസ്ഫോർജിനടുത്ത് എത്തിക്കാനാണ് അവരെന്നോട് ആവശ്യപ്പെട്ടത്പക്ഷേ, എനിക്കിന്ന് ഒഴിവില്ല സ്റ്റേറ്റ്സിൽ നിന്നും ഇവിടെയെത്തിച്ച ചില സ്പെയർപാർട്ട്സ് ഉച്ചയോടെ തന്നെ മലാമസ്കിൽ എത്തിച്ചേ തീരൂ ആട്ടെ, എവിടെയാണ് അദ്ദേഹമിപ്പോൾ?”  അവൻ ചോദിച്ചു.

“ഡിസ്കോയുടെ വടക്ക് മാറി നാർക്കസിറ്റ് പ്രദേശത്ത് എവിടെയോ ആണെന്നാണ് അവസാനമായി കേട്ടത് ധ്രുവക്കരടികളെ തേടി ഇറങ്ങിയിരിക്കുകയാണത്രേ

“ഈ സമയത്തോ! നിങ്ങളെന്താ തമാശ പറയുകയാണോ?” അവന്റെ മുഖത്ത് ആശ്ചര്യം വിടർന്നു.
  
“പറയാൻ പറ്റില്ലല്ലോ എപ്പോഴാണ് അദ്ദേഹത്തെ ഭാഗ്യം തുണക്കുക എന്ന് മുമ്പ് ആഗസ്റ്റ് മാസത്തിൽ ഞാൻ തന്നെ നേരിട്ട് കണ്ടിട്ടുണ്ട് അവയെ

“പക്ഷേ, അത്ര സാധാരണമല്ല എന്തായാലും അദ്ദേഹത്തിന്റെ ശ്രമം വിജയിക്കട്ടെ

“ആട്ടെ, എന്താണ് ഈ യാത്രക്കാരിയുടെ പേര്?” ഞാൻ ചോദിച്ചു.

“എയ്ട്ടൺ ഇലാനാ എയ്ട്ടൺ

“ഇസ്രായേലിയാണോ?” ഞാൻ പുരികമുയർത്തി.

“കണ്ടിട്ട് ഇംഗ്‌ളീഷുകാരിയെപ്പോലുണ്ട്...” അവൻ പുഞ്ചിരിച്ചു. “അതിലൊന്നുമല്ല കാര്യം ഏത് നാട്ടുകാരിയായാലും വേണ്ടില്ല, അവർ ഒരു സംഭവം തന്നെയാണ്

“കാണാൻ അഴകുള്ള മുഖമാണോ?”

 അവൻ തലയാട്ടി. “അല്ലേയല്ല പക്ഷേ, അവരെ ഒന്ന് കാണേണ്ടത് തന്നെയാണ്

“അതൊരു അപൂർവ്വ സങ്കലനമായിരിക്കുമല്ലോഎവിടെയുണ്ട് അവർ ഇപ്പോൾ? ”

“താഴെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുന്നു

വാതിൽ തുറന്ന് പുതിയ ബെഡ്‌ഷീറ്റുമായി ഗൂഡ്രിഡ് ഉള്ളിലേക്ക് കടന്നു. അതു കണ്ട ആർണി വെട്ടിത്തിരിഞ്ഞ് ആവേശത്തോടെ അവളെ ആലിംഗനം ചെയ്യുവാനായി മുന്നോട്ട് നീങ്ങി.

“ഗൂഡ്രിഡ് മൈ സ്വീറ്റ് ഹാർട്ട്

“പണിയൊന്നുമില്ലെങ്കിൽ ഈ ബെഡ്ഷീറ്റൊന്ന് വിരിയ്ക്ക്” അതിവിദഗ്ദ്ധമായി ഒഴിഞ്ഞ് മാറി ബെഡ്ഷീറ്റ് കട്ടിലിലേക്കിട്ടിട്ട് അവൾ പറഞ്ഞു.

ഫ്ലയിങ്ങ് ജാക്കറ്റിന്റെ ഒരു പോക്കറ്റ് തുറന്ന് ആർണി ഒരു ചുരുൾ കറൻസി നോട്ടുകൾ പുറത്തെടുത്തു. “ഇന്നത്തെ ട്രിപ്പിന്റെ കൂലി കിട്ടി മൈ ഡിയർ ആയിരം ഡോളർ ഈ അമേരിക്കക്കാർ ഇല്ലായിരുന്നെങ്കിൽ നമ്മുടെ കാര്യം എന്തായേനെ...!”

“എന്നിട്ട് ഇതിൽ നിന്നും എത്ര പണം ചീട്ടുകളിക്കാൻ കൊണ്ടുപോയി കളയും?” അവൾ നീരസത്തോടെ ചോദിച്ചു.        

അതിൽ നിന്നും ഇരുനൂറ് ഡോളറിന്റെ നോട്ടുകൾ വലിച്ചെടുത്തിട്ട് ബാക്കി തുക ആർണി അവളുടെ നേർക്ക് നീട്ടി.

“എന്നിൽ നിന്നും എന്നെ രക്ഷിക്കൂ ഗൂഡ്രിഡ് പതിവ് പോലെ നീയാണ് എന്റെ ബാങ്കർ

“എന്നിട്ടെന്ത് ഫലം? നാളെത്തന്നെ ഇതിൽ നിന്നും വീണ്ടും ചോദിക്കാനല്ലേ?”

അവൻ പുഞ്ചിരിച്ചു. “എങ്കിൽ വേണ്ട നീ നിന്റെ പേരിൽ ബാങ്കിലിട്ടേക്കൂ അപ്പോൾ പിന്നെ പെട്ടെന്നൊന്നും എനിക്കെടുക്കാൻ പറ്റില്ലല്ലോ നിന്നെ എനിക്ക് വിശ്വാസമാണ്...”

“എന്നാൽ പിന്നെ ഞാൻ ബാങ്കിൽ ഇട്ടോട്ടെ?” പതിവ് പോലെ അവൾ അവന്റെ കൈയിലെ പാവയായി.

“ആര് പറഞ്ഞു വേണ്ടെന്ന്?” അവൻ അവളുടെ നിതംബത്തിൽ പതുക്കെ ഒരു തട്ട് വച്ചുകൊടുത്തു.  “ഞാനും വരാം എവിടെയാണ് നീയത് നിക്ഷേപിക്കുന്നതെന്ന് അറിഞ്ഞിരിക്കാൻവഴിയിൽ നിനക്കെന്തെങ്കിലും സംഭവിച്ചാലോ

ഇരുവരും കൂടി പുറത്തേക്ക് നടക്കവേ അവൻ തിരിഞ്ഞ് എന്റെ നേർക്ക് കണ്ണിറുക്കി. എന്താണ് അവൻ പറഞ്ഞതിന്റെ അർത്ഥമെന്ന് മനസ്സിലാക്കാൻ അതിന്റെ ആവശ്യമൊന്നുമുണ്ടായിരുന്നില്ല എനിക്ക്. പാവം ഗൂഡ്രിഡ്മറ്റ് പല സ്ത്രീകളുമായുള്ള അവന്റെ ബന്ധങ്ങൾക്കിടയിൽ വീണു കിട്ടുന്ന ഒഴിവ് നികത്താൻ വിധിക്കപ്പെട്ടവൾ വസ്തുത ഇതാണെന്ന് അറിയാമായിരുന്നിട്ടും അവൾക്ക് പരാതിയൊന്നുമില്ല എന്നതാണ് അതിശയകരം. അവന് അവളോട് ഒരു പ്രത്യേക മമത ഉണ്ടെന്നതും വാസ്തവമാണ്. ഒരു ബാങ്കറുടെ റോൾ അവൾ വിശ്വസതതയോടെ കൈകാര്യം ചെയ്തു പോന്നു. അതുകൊണ്ട് മാത്രമാണ് അവന്റെ കൈയിൽ അല്പമെങ്കിലും പണം അവശേഷിച്ചിരുന്നത്.

മറ്റുള്ളവരുടെ കാര്യമോർത്ത് തലപുണ്ണാക്കുന്നതിൽ എന്ത് കാര്യം? എന്റേതായ പ്രശ്നങ്ങൾ തന്നെ ആവശ്യത്തിലധികമുണ്ട്തിടുക്കത്തിൽ വേഷം മാറി ഞാൻ താഴോട്ടുള്ള പടികളിറങ്ങി.      

           
(തുടരും)