Sunday, 26 October 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 12കപ്പലിന് അരികിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഞങ്ങളെയും വീക്ഷിച്ച് സോറെൻസെനും ഇലാനയും ഡെക്കിൽ റെയിലിനോട് ചേർന്ന് നിൽക്കുന്നുണ്ടായിരുന്നു. ആഹ്ലാദസൂചകമായി ഡെസ്ഫോർജ് കൈ ഉയർത്തിയതും ഇലാന കൈ വീശി പ്രത്യഭിവാദ്യം നൽകി.

“ഇലാന ബേബീ ദിസ് ഈസ് വണ്ടർഫുൾ” കപ്പലിനരികിൽ എത്തിയതും ഡെസ്ഫോർജ്  വിളിച്ചുപറഞ്ഞു.

ഞാൻ എറിഞ്ഞു കൊടുത്ത കയർ ചുരുളിന്റെ അറ്റം സോറെൻസെൻ അനായാസം കൈക്കലാക്കി. കയറേണിയിലൂടെ മുകളിലേക്ക് കയറിയ ജാക്ക് നിമിഷങ്ങൾക്കകം റെയിലിന് മുകളിലൂടെ ചാടിക്കടന്ന് ഡെക്കിലെത്തി. പിന്നാലെ ഡെക്കിലെത്തിയ ഞാൻ കണ്ടത് അദ്ദേഹത്തിന്റെ നെഞ്ചോട് ഒട്ടി നിൽക്കുന്ന ഇലാനയെയാണ്. ആജാനുബാഹുവായ ഡെസ്ഫോർജിന് മുന്നിൽ ഇലാന ഒരു കൊച്ചു പെൺകുട്ടിയെപ്പോലെ കാണപ്പെട്ടു.

ഇലാനയിൽ വീണ്ടും മാറ്റം വന്നിരിക്കുന്നു. പ്രകാശം സ്ഫുരിക്കുന്ന നയനങ്ങൾചുവന്ന് തുടുത്ത കവിളുകൾ വളരെ കുറഞ്ഞ സമയത്തെ പരിചയമേ അവളുമായി എനിക്കുള്ളൂവെങ്കിലും ആദ്യമായിട്ടായിരുന്നു അവളെ അത്തരത്തിൽ ഞാൻ കാണുന്നത്. തികച്ചും അനായാസമായി അവളെ ഇരുകൈകളാലും എടുത്തുയർത്തി അദ്ദേഹം ആ ചുണ്ടുകളിൽ ആഞ്ഞു ചുംബിച്ചു.

“എന്റെ മാലാഖേ നിന്നെ കടിച്ച് തിന്നാൻ തോന്നുന്നു എനിക്ക്” അവളെ നിലത്തിറക്കിയിട്ട് അദ്ദേഹം പറഞ്ഞു. “വരൂ നമുക്ക് താഴെ പോകാം എന്തൊക്കെയാണ് നീ കൊണ്ടുവന്ന വിശേഷങ്ങൾ എന്നറിയാൻ തിടുക്കമായി” ഞാൻ അവിടെയുണ്ടെന്ന കാര്യം തന്നെ മറന്ന മട്ടിലായിരുന്നു അവരുടെ പ്രകടനങ്ങൾ. ഇടനാഴിയിലൂടെ ഇരുവരും താഴേക്ക് നടന്ന് മറയവേ സോറെൻസെൻ അരികിലെത്തി.

“അപ്പോൾ അവൾ ഇവിടെ തങ്ങുവാനുള്ള പരിപാടിയാണെന്ന് തോന്നുന്നു?”

“കണ്ടിട്ട് അതുപോലെ തോന്നുന്നു” ഞാൻ പറഞ്ഞു.

“നിങ്ങളുടെ മടക്കയാത്ര എപ്പോഴാണ്?”

“അത്ര തിരക്കൊന്നുമില്ല ഞാൻ എന്തായാലും ചെന്ന് ഇന്ധനം നിറച്ചിട്ട് വരാം പിന്നെ കുളിച്ചിട്ട് വല്ലതും കഴിക്കണം

അയാൾ തല കുലുക്കി. “ശരി, ചെല്ലൂ ഞാനപ്പോഴേക്കും സോന്ദ്രേ റേഡിയോയിൽ നിന്നും ഈവനിങ്ങ് വെതർ റിപ്പോർട്ട് കിട്ടുമോ എന്ന് നോക്കട്ടെ

സോറെൻസെൻ വീൽ‌ഹൌസിനുള്ളിലേക്ക് നടന്നു. തിരികെ ബോട്ടിലേക്കിറങ്ങിയ ഞാൻ എൻ‌ജിൻ സ്റ്റാർട്ട് ചെയ്ത് തീരം ലക്ഷ്യമാക്കി തിരിച്ചു. മനസ്സ് അസ്വസ്ഥമായിരിക്കുന്നു. ജാക്കിന്റെ ചുംബനം ഏറ്റുവാങ്ങുമ്പോഴുള്ള ഇലാനയുടെ കണ്ണുകളിലെ അനിതരമായ ആ കാതരഭാവമായിരുന്നു എന്റെ മനസ്സിലപ്പോൾ.  ഒരു പക്ഷേ, ഇതേ പോലുള്ള മറ്റൊരു ദൃശ്യം ഇന്ന് രാവിലെ മറ്റൊരിടത്തും കണ്ടതിന്റെ ചൊരുക്ക് ആകാം ആർണിയെ മുന്നിൽ കണ്ടപ്പോൾ തന്റെ എല്ലാമെല്ലാം വാഗ്ദാനം ചെയ്യുന്ന മട്ടിൽ നിർനിമേഷയായി അയാളെ നോക്കി നിൽക്കുന്ന ഗൂഡ്രിഡ് റസ്മൂസെന്റെ കണ്ണുകളിലെ അതേ കാതരഭാവം എന്തുകൊണ്ടോ അതിന്റെ ധ്വനി എനിക്ക് പിടിച്ചില്ല.

കാരണം എന്താണെന്നറിയില്ല ഒരു കാര്യം മാത്രം എനിക്ക് തീർച്ചയായിരുന്നു അപ്രതീക്ഷിതമായി പ്രകടമാകുന്ന പാരുഷ്യം, ആക്രമണോത്സുകത എന്നീ സ്വഭാവ വൈചിത്ര്യങ്ങൾക്കിടയിലും നിർവ്വചിക്കാനാവാത്ത എന്തോ ഒന്ന് അവളെ ഇഷ്ടപ്പെടുവാൻ എന്നെ പ്രേരിപ്പിച്ചു. പ്രത്യക്ഷത്തിൽ കാണുന്നത് പോലെയല്ല ഒന്നും തന്നെ എന്ന തിരിച്ചറിവ് ആ ചിന്തയ്ക്ക് ആക്കം കൂട്ടി.

അതേക്കുറിച്ച് ആലോചിച്ചുകൊണ്ട് നിൽക്കുന്നതിനിടയിൽ തീരത്തെ ആഴം കുറഞ്ഞ പ്രദേശത്ത് ബോട്ട് എത്തിക്കഴിഞ്ഞിരുന്നു. പതുക്കെ കരയ്ക്ക് അടുപ്പിച്ചിട്ട് താഴെയിറങ്ങി ഞാൻ വിമാനത്തിന് നേർക്ക് നടന്നു.

                                   * * * * * * * * * * * * * * * *

തിരികെ സ്റ്റെല്ലയിൽ എത്തുമ്പോൾ ഡെസ്ഫോർജിനെയോ ഇലാനാ എയ്ട്ടണെയോ അവിടെങ്ങും കാണുവാനില്ലായിരുന്നു. താഴെ ഇടനാഴിയിലേക്കുള്ള പടവുകളിറങ്ങി സാധാരണയായി ആ കപ്പലിൽ എത്തുമ്പോൾ ഉപയോഗിക്കാറുള്ള റൂമിന് നേർക്ക് ഞാൻ നടന്നു. ഇത്രയും നേരം ബീച്ചിലെ ശീതക്കാറ്റേറ്റ് വിമാനത്തിനരികിൽ ജോലി ചെയ്തിരുന്നതിനാൽ അസ്ഥികൾക്കുള്ളിൽ വരെ തണുപ്പ് അരിച്ച് കയറുന്നു. ടവൽ എടുത്ത് ബാത്ത് റൂമിലേക്ക് ഞാൻ നീങ്ങി. പത്ത് പതിനഞ്ച് മിനിറ്റോളം ഷവറിലെ ചൂടു വെള്ളത്തിന് കീഴെ നിന്നതോടെയാണ് അല്പം ആശ്വാസം ലഭിച്ചത്. പിന്നെ ദേഹം തുവർത്തി, വസ്ത്രമണിഞ്ഞതിന് ശേഷം ഞാൻ സലൂണിലേക്ക് നടന്നു.

ഡെസ്ഫോർജ് അവിടെയുണ്ടായിരുന്നു. ബാർ കൌണ്ടറിന് മുന്നിലെ ഉയരം കൂടിയ സ്റ്റൂളിൽ ഇരുന്ന് ഒരു കത്ത് വായിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ നെറ്റിയിൽ ഇടയ്ക്ക് ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത് ഞാൻ ശ്രദ്ധിച്ചു. കരടി വേട്ട കഴിഞ്ഞെത്തിയ അതേ വേഷത്തിൽ തന്നെയാണ് ഇപ്പോഴും അദ്ദേഹം. ബോട്ടിൽ വച്ച് ദേഹത്ത് വാരിച്ചുറ്റിയ ബ്ലാങ്കറ്റ് ഊർന്ന് വീണ് സ്റ്റൂളിന്റെ കാലുകൾക്കരികിൽ തറയിൽ കിടക്കുന്നതൊന്നും അദ്ദേഹം അറിഞ്ഞ മട്ടില്ല.

വാതിലിനരികിലെത്തിയ ഞാൻ ഒന്ന് സംശയിച്ച് നിന്നു. തലയുയർത്തിയ അദ്ദേഹം ബാർ കൌണ്ടറിന് പിന്നിലെ കണ്ണാടിയിൽ എന്റെ രൂപം കണ്ടതും റിവോൾവിങ്ങ് സ്റ്റൂളിൽ എന്റെ നേർക്ക് തിരിഞ്ഞു.

“വരൂ ജോ ഉള്ളിലേക്ക് വരൂ

“അപ്പോൾ കത്ത് കിട്ടി അല്ലേ?” ഞാൻ ചോദിച്ചു.

“കത്തോ?” ഒരു നിമിഷം അദ്ദേഹം എന്നെ തുറിച്ച് നോക്കി.

“അതെ മിൽറ്റ് ഗോൾഡിൽ നിന്നും നിങ്ങൾ പ്രതീക്ഷിച്ചിരുന്ന ആ കത്ത്

“ഓ ഇതോ…?” തന്റെ കൈയിലിരുന്ന കടലാസ് അദ്ദേഹം ഉയർത്തിക്കാണിച്ചു. പിന്നെ അത് മടക്കി അതിന്റെ കവറിനുള്ളിൽ തന്നെ നിക്ഷേപിച്ചു. “അതെ ഇലാന അത് നേരിട്ട് കൊണ്ടുവന്നു

“നല്ല വാർത്തയായിരിക്കുമെന്ന് കരുതട്ടെ?”

“നോട്ട് റിയലി ആ പ്രോജക്ട് തുടങ്ങുവാൻ ഇനിയും കുറച്ച് കൂടി താമസമെടുക്കുമെന്നാണ് കത്തിൽ അത്രയേയുള്ളൂ” അദ്ദേഹം ആ കവർ പോക്കറ്റിൽ തിരുകിയിട്ട് എഴുന്നേറ്റ് ബാറിലെ ഷെൽഫിൽ നിന്നും ഒരു കുപ്പി എത്തി വലിഞ്ഞ് എടുത്തു. “അല്ല, ജോ ശൈത്യം തുടങ്ങി കടലിൽ വെള്ളം ഉറഞ്ഞ് യാത്ര തീരെ സാദ്ധ്യമല്ലാതാകുവാൻ ഇനിയും എത്ര സമയം എടുക്കും?”

“ഇവിടെ ഡിസ്കോയുടെ പ്രാന്തപ്രദേശങ്ങളിലെ കാര്യമാണോ?”

“അല്ല മൊത്തത്തിൽ ഗ്രീൻലാന്റിന്റെ തീരപ്രദേശങ്ങളിൽ

“അത് അങ്ങനെ കൃത്യമായി പറയാൻ കഴിയില്ല്ല” ഞാൻ ചുമൽ വെട്ടിച്ചു. “വർഷങ്ങൾ ചെല്ലും തോറും കാലാവസ്ഥ മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്എന്നാലും സെപ്റ്റംബർ അവസാനം വരെയും യാത്ര ചെയ്യുന്നതിന് വലിയ തടസ്സങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ

അദ്ദേഹത്തിന്റെ മുഖം അത്ഭുതത്താൽ പ്രകാശിച്ചു. “എന്ന് വച്ചാൽ ഇനിയും ആറോ ഏഴോ ആഴ്ച്ചകൾ കൂടി ലഭിക്കുമെന്ന് തീർച്ചയാണോ ജോ, നിനക്ക്?”

“എന്താ സംശയം? ഇതിപ്പോൾ എന്റെ മൂന്നാമത്തെ വേനൽക്കാലമാണിവിടെ സീസണിലെ ഏറ്റവും നല്ല മാസങ്ങൾ ആഗസ്റ്റും സെപ്റ്റംബറുമാണ്ഏറ്റവും ഉയർന്ന ഊഷ്മാവ് മഞ്ഞുകട്ടകളെക്കൊണ്ടുള്ള ശല്യം ഏറ്റവും കുറവുള്ള മാസങ്ങൾ അങ്ങനെ പോകുന്നു

“വെൽ ദാറ്റ്സ് ഗ്രേറ്റ് മിൽറ്റിന്റെ കത്തിൽ പറയുന്നത് വച്ച് നോക്കിയാൽ സെപ്റ്റംബർ അവസാന വാരത്തോടെ പ്രോജക്ട് തുടങ്ങാൻ കഴിയുമെന്നാണ്” ജാക്ക് പറഞ്ഞു.

“അതായത് അത്രയും നാൾ ഇവിടെത്തന്നെ കഴിച്ചുകൂട്ടി, പണം കൊടുത്തു തീർക്കാനുള്ളവരുടെ ശല്യത്തിൽ നിന്നും രക്ഷപെടാമെന്ന്” ഞാൻ പറഞ്ഞു.

“വീണ്ടും ഞാൻ ഫിലിം ഫീൽഡിൽ വർക്ക് ചെയ്ത് തുടങ്ങുന്നതോടെ അവരുടെ മനോഭാവത്തിലുണ്ടാകുന്ന മാറ്റം ഒന്ന് വേറെ തന്നെയായിരിക്കും നാണയങ്ങൾ വീണ്ടും കുമിഞ്ഞ് കൂടും” അദ്ദേഹം തന്റെ പഴയ ഫോമിലേക്കെത്തിയത് പോലെ തോന്നി. ബാർ കൌണ്ടറിന് പിന്നിൽ ചെന്ന് കുപ്പിയെടുത്ത് വീണ്ടും ഗ്ലാസിലേക്ക് പകർന്നു. “പിന്നെ, ജോ ഇന്ന് രാത്രി നീ തിരിച്ച് പറക്കുന്നുണ്ടോ?”

“വേറെ വഴിയില്ല നാളെ രണ്ട് ചാർട്ടർ ട്രിപ്പുകളുണ്ട് ചെന്നതിന് ശേഷം പുതിയ ട്രിപ്പുകൾ ലഭിക്കാനും സാദ്ധ്യതയുണ്ട്” ഞാൻ പറഞ്ഞു.

“ദാറ്റ്സ് റ്റൂ ബാഡ് ഡിന്നർ ആകുന്നത് വരെയെങ്കിലും വെയ്റ്റ് ചെയ്തു കൂടേ?”

 “അതിന് കുഴപ്പമില്ല

“ഗുഡ് എങ്കിൽ നിനക്ക് തരാനുള്ള തുകയുടെ കാര്യം ഇപ്പോൾ തീർപ്പാക്കുന്നുഎന്നിട്ടേ കുളിക്കാൻ പോകുന്നുള്ളൂ ഇത്തവണത്തെ ചാർജ്ജ് എത്രയാണ്?”

“എഴുനൂറ്റിയമ്പത് ഡോളർ കൊണ്ടുവന്ന സാധങ്ങളുടെ വില അടക്കം

ബാർ കൌണ്ടറിനടിയിലെ സേഫ് തുറന്ന് അദ്ദേഹം ഒരു ക്യാഷ് ബോക്സ് പുറത്തെടുത്തു. ഈ ഒരു കാര്യത്തിൽ ആയിരുന്നു ഒരിക്കലും എനിക്ക് അദ്ദേഹത്തെ മനസ്സിലാക്കാൻ കഴിയാതിരുന്നത്. എനിക്ക് തരുവാനുള്ള യാത്രാക്കൂലി കൈയോടെ തന്നെ തന്നു തീർക്കുന്നത് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ളവരുടെ മുന്നിൽ സാമ്പത്തിക നില അങ്ങേയറ്റം ദയനീയമായിരുന്നുവെങ്കിലും ഗ്രീൻലാന്റിൽ ആർക്കും ഒരു സെന്റ് പോലും കടപ്പെട്ടിരുന്നില്ല അദ്ദേഹം. പെട്ടി തുറന്ന് ആയിരങ്ങൾ മതിക്കുന്ന ഒരു കെട്ട് കറൻസി എടുത്ത് അതിൽ നിന്നും എണ്ണൂറ് ഡോളർ വലിച്ചെടുത്തു.

“നിന്റെ കണക്ക് തീർക്കുവാനുള്ള പണം ഇതാ...”

ശ്രദ്ധാപൂർവ്വം ഞാൻ ആ നോട്ടുകൾ പേഴ്സിനുള്ളിൽ തിരുകി വയ്ക്കവേ ജാക്ക് തന്റെ ക്യാഷ് ബോക്സ് സേഫിനുള്ളിൽ  ഭദ്രമായി വച്ചു. അതിന്റെ സ്റ്റീൽ ഡോർ ലോക്ക് ചെയ്തിട്ട് നിവർന്നതും ഇലാനാ എയ്ട്ടൺ സലൂണിലേക്ക് പ്രവേശിച്ചു.

ബാർ കൌണ്ടറിന് പിന്നിലെ കണ്ണാടിയിലാണ് അവളുടെ പ്രതിംബിബം ഞാൻ ആദ്യം കണ്ടത്. പെട്ടെന്ന് തിരിഞ്ഞ് ഞാൻ അവളെ നോക്കി. കാൻ ഫെസ്റ്റിവലിലോ ബിവർലി ഹിൽ‌സിലോ എവിടെയോ ആകട്ടെ, അവളുടെ രൂപം കണ്ടാൽ ആരും തന്നെ അറിയാതെ തിരിഞ്ഞു നോക്കിപ്പോകുമായിരുന്നു. അത്രയും ആകർഷണീയമായിരുന്നു അപ്പോഴത്തെ അവളുടെ വേഷം.

സ്വർണ്ണ നിറമുള്ള നൂലുകളാൽ ഇഴ ചേർത്ത് തുന്നിയ ഒരു നേരിയ വസ്ത്രമായിരുന്നു അവൾ ധരിച്ചിരുന്നത്. മനോഹരമായ തൊങ്ങലുകളാൽ അലങ്കരിച്ചിരിക്കുന്ന ആ വസ്ത്രത്തിന്റെ മൂല്യം അത്ര ചെറുതൊന്നുമാകാൻ തരമില്ല. കാൽമുട്ടുകളിൽ നിന്നും ചുരുങ്ങിയത് ആറ് ഇഞ്ചെങ്കിലും മുകളിലായിട്ടാണ് വസ്ത്രം അവസാനിക്കുന്നത്. ചുമലിനൊപ്പം മനോഹരമായി വെട്ടിയ കറുത്ത മുടി ആ വസ്ത്രത്തിന്റെ നിറവുമായി മനോഹരമായി ഇണങ്ങുന്നു. സ്വർണ്ണ നിറത്തിലുള്ള ഹൈ ഹീൽഡ് ഷൂ അണിഞ്ഞ് ചുവട് വച്ച് വരുന്ന അവളുടെ രൂപം ആരെയും ത്രസിപ്പിക്കുന്നത് തന്നെയായിരുന്നു.

അവളെ സ്വീകരിക്കുവാനായി ഇരുകരങ്ങളും വിടർത്തി ജാക്ക് മുന്നോട്ട് നീങ്ങി. “വല്ലാത്തൊരു രംഗപ്രവേശം തന്നെ എവിടെ നിന്ന് ലഭിച്ചു ഈ വസ്ത്രം നിനക്ക്? ഇത് ഡിസൈൻ ചെയ്തവന്റെ കലാവിരുതിനെ ഞാൻ അഭിനന്ദിക്കുന്നു യൂ ലുക്ക് ലൈക്ക് സം ഗ്രേറ്റ് കിംഗ്’സ് വോർ

അവൾ മൃദുവായി ഒന്ന് പുഞ്ചിരിച്ചു. “സത്യത്തിൽ അതായിരുന്നില്ല എന്റെ ഉദ്ദേശ്യം എന്നാലും ഒരു തുടക്കം കുറിക്കാൻ അത് ധാരാളം പിന്നെ, എന്തായിരുന്നു ആ കത്തിൽ? ഗുഡ് ന്യൂസ്? മിൽറ്റ് എന്നോട് അധികമൊന്നും പറഞ്ഞില്ല

“പടത്തിന്റെ ജോലികൾ തുടങ്ങുവാൻ ഇനിയും സമയമെടുക്കുമെന്ന്” അദ്ദേഹം ചുമൽ വെട്ടിച്ചു. “മൂവി ബിസിനസിനെക്കുറിച്ച് ഇനി നിന്നെ പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ അടുത്ത മാസം അവസാനത്തോടെ അവിടെ എത്തിയാൽ മതി എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്

“അതു വരെ എന്ത് ചെയ്യാനാണ് നിങ്ങളുടെ പരിപാടി?”

“അതു വരെ ഇവിടെത്തന്നെ കഴിച്ചുകൂട്ടാമെന്ന് കരുതുന്നു ഇപ്പോഴത്തെ പരിതഃസ്ഥിതി വച്ച് നോക്കുമ്പോൾ അത് തന്നെയാണ് ഏറ്റവും ഉത്തമം കാലാവസ്ഥയും അനുകൂലം ശരിയല്ലേ ജോ?”

“തീർച്ചയായും” ഞാനവൾക്ക് ഉറപ്പ് കൊടുത്തു. “പക്ഷേ, സെപ്റ്റംബർ അവസാനം വരെ അദ്ദേഹം എങ്ങനെ അതിജീവിക്കും എന്നുള്ള സംശയം മാത്രമേയുള്ളൂ എനിക്ക്

ഡെസ്ഫോർജ് അടക്കിച്ചിരിച്ചു. “ഈ ജോ പറയുന്നതൊന്നും കാര്യമാക്കേണ്ട എയ്ഞ്ചൽജന്മനാൽ തന്നെ ഒരു ദോഷൈകദൃക്കാണ് ഇവൻ നീ ഒരു കാര്യം ചെയ്യൂ ഗീവ് ഹിം എ ഡ്രിങ്ക് അപ്പോഴേക്കും ഞാനൊന്ന് കുളിച്ചിട്ട് വരാം എന്നിട്ട് നമുക്കെല്ലാവർക്കും കൂടി എന്തെങ്കിലും കഴിക്കാൻ നോക്കാം

അദ്ദേഹം പുറത്തേക്ക് കടന്നതിന് പിന്നാലെ കതക് അടഞ്ഞു. ഇലാന തിരിഞ്ഞ് തികച്ചും ശാന്തതയോടെ ഇടുപ്പിൽ കൈ കുത്തി എന്നെ നോക്കിക്കൊണ്ട് നിന്നു. ദേഹത്തിന്റെ വടിവും ആകാരസൌഷ്ടവവും വളരെ വ്യക്തമായി ദർശിക്കാൻ സാധിക്കുന്ന നേർത്ത ഉടയാടഉടലിൽ വസ്ത്രം ഉണ്ടോ എന്ന് പോലും സന്ദേഹിച്ചു പോകുന്ന വിധത്തിലായിരുന്നു അവളുടെ അപ്പോഴത്തെ രൂപം.

“അദ്ദേഹം പറഞ്ഞിട്ട് പോയത് കേട്ടില്ലേ? നിങ്ങളുടെ വിഷം ഏത് ബ്രാന്റാണെന്ന് പറയൂ” അവൾ എന്നോടാരാഞ്ഞു.


(തുടരും)

Sunday, 19 October 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 11ബോട്ടിനുള്ളിൽ ചാടിക്കയറിയ ഉടൻ ജാക്ക് ഡെസ്‌ഫോർജ് പിൻഭാഗത്തുള്ള അലമാരയുടെ നേർക്ക് ഓടിച്ചെന്ന് ഒരു ബ്ലാങ്കറ്റ് പുറത്തെടുത്തു. പിന്നാലെ കയറിയ ഞാൻ എൻ‌ജിൻ റൂമിനുള്ളിൽ ചെന്ന് എൻ‌ജിൻ സ്റ്റാർട്ട് ചെയ്ത് പുറത്ത് വന്നപ്പോഴേക്കും ദേഹമാസകലം മൂടിപ്പുതച്ച അദ്ദേഹത്തിന്റെ കൈയിൽ വിസ്കിയുടെ ഒരു ബോട്ട്‌ൽ ഉണ്ടായിരുന്നു. പാതി കാലിയായ അതിന്റെ കോർക്ക് അക്ഷമനായി അദ്ദേഹം കടിച്ചൂരി.

“കണ്ടിട്ട് ഇതിനും റേഷനാണെന്ന് തോന്നുന്നല്ലോ…” കുപ്പി ഉയർത്തി അദ്ദേഹം പറഞ്ഞു. “എന്താ, കുറച്ച് കഴിക്കുന്നോ?”

നിഷേധാർത്ഥത്തിൽ ഞാൻ തലയാട്ടി. “നിങ്ങൾക്കറിയാവുന്നതല്ലേ ജാക്ക്…? ഞാൻ മദ്യം കഴിക്കില്ലെന്ന് മറന്നുപോയോ?”

അദ്ദേഹത്തിന് ഒന്നും തന്നെ ഓർമ്മയുണ്ടാകാൻ സാദ്ധ്യതയില്ലായിരുന്നു. കാരണം, അത്ര മാത്രം മദ്യം ഇതിനോടകം അകത്താക്കിയിരിക്കുന്നു. താൻ എവിടെയായിരുന്നുവെന്നോ ഇതുവരെ എന്തൊക്കെ നടന്നുവെന്നോ ഒന്നും ഓർമ്മയില്ലാത്ത ഒരു അവസ്ഥയിലാണ് അദ്ദേഹം ഇപ്പോൾ. ആ അവസ്ഥ എനിക്ക് നന്നായി മനസ്സിലാവും. എനിക്കും അത്തരം ഒരു കാലമുണ്ടായിരുന്നു ഞാൻ ആരാണെന്നോ എവിടെയാണെന്നോ പോലുമുള്ള സന്ദേഹത്തിൽ പുറത്തെ നരച്ച മഞ്ഞിലേക്ക് കണ്ണും നട്ട് ഇരുന്നിരുന്ന പ്രഭാതങ്ങൾ ആ കാലഘട്ടം ഒരു ഞാണിന്മേൽ കളിയുടേതായിരുന്നു. സ്വയം മനസ്സിലാക്കി ആ ജീവിതചര്യയിൽ നിന്നും മറുദിശയിലേക്ക് ഗതി മാറ്റിയില്ലായിരുന്നുവെങ്കിൽ നാശത്തിലേക്ക് കൂപ്പുകുത്തുമായിരുന്ന അവസ്ഥ

“ഓ സോറി ഞാനത് മറന്നുപോയി...” ജാക്ക് പറഞ്ഞു. “അക്കാര്യത്തിൽ ഞാനാണ് ഭാഗ്യവാൻ ഒന്നുകിൽ കഴിക്കുക അല്ലെങ്കിൽ വേണ്ടെന്ന് വയ്ക്കുക” അദ്ദേഹം പരിഹാസച്ചുവയിൽ ഒന്ന് ചിരിച്ചു. “പക്ഷേ, ഞാൻ ആദ്യത്തെ മാർഗ്ഗമാണ് മിക്കവാറും തെരഞ്ഞെടുക്കാറുള്ളത് ഓർക്കുക ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് ലൈക്ക് എ ഗുഡ് വുമൺ

ജാക്കിന്റെ നിഘണ്ടുവിൽ ‘ഗുഡ്’ എന്നതിന്റെ നിർവ്വചനം എന്തായിരിക്കുമെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. കുപ്പിയിൽ നിന്നും ഒരു കവിൾ കൂടി അകത്താക്കിയിട്ട്  അസഹനീയതയോടെ മുഖം ചുളിച്ച് അദ്ദേഹം അതിന്റെ ലേബൽ പരിശോധിച്ചു. “ഗ്ലെൻ ഫെർഗസ് മാൾട്ട് വിസ്കി മദ്യവിഷയത്തിൽ വിദഗ്ദ്ധനായ ഞാൻ ഇങ്ങനെ ഒരു ബ്രാന്റ് ഇതുവരെ കേട്ടിട്ടില്ലല്ലോ

“ഞങ്ങളുടെ പ്രാദേശിക ബ്രാന്റുകളിൽ ഏറ്റവും മെച്ചപ്പെട്ട ഇനമാണ്” ഞാൻ പറഞ്ഞു.

“വല്ല പഴക്കമുള്ള ഭരണിയിലോ മറ്റോ ഇട്ട് പുളിപ്പിച്ചെടുത്തതായിരിക്കും ഇതിന് മുമ്പ് ഇത്തരം സാധനം ഞാൻ കഴിച്ചിട്ടുള്ളത് മദ്യനിരോധനത്തിന്റെ കാലത്താണ്” അദ്ദേഹം അഭിപ്രായപ്പെട്ടു.

പക്ഷേ, അതുകൊണ്ടൊന്നും ആ മദ്യം വേണ്ടെന്ന് വയ്ക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഇടത്തിങ്ങിയ ഐസ് കട്ടകൾക്കിടയിലൂടെ ഞാൻ ബോട്ട് നിയന്ത്രിക്കവെ അദ്ദേഹം അതിന്റെ അണിയത്തേക്ക് നടന്നു. പിന്നെ കൈയിലെ കുപ്പി നെഞ്ചിലെ ബ്ലാങ്കറ്റിനോട് ചേർത്ത് പിടിച്ച് അവിടെ കൂനിക്കൂടി ഇരുന്ന് ദൂരെ മഞ്ഞണിഞ്ഞ് നിൽക്കുന്ന ഗിരിശൃംഗങ്ങളിലേക്ക് കണ്ണോടിച്ചു. വലിയൊരു മഞ്ഞുകട്ടയുടെ സമീപത്തു കൂടി നീങ്ങവെ ആ മലകളിൽ നിന്നും കണ്ണെടുക്കാതെ അദ്ദേഹം ആരാഞ്ഞു.

“ഇലാന പെണ്ണ് എന്ന് പറഞ്ഞാൽ അവളെപ്പോലെയാവണം ശരിയല്ലേ ജോ?”

 “തീർച്ചയായും ആ ആകാര സൌഷ്ടവത്തെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല

“അവളെക്കുറിച്ച് ഇനിയുമുണ്ട് പറയാൻ കേട്ടാൽ നിങ്ങൾ പുളകം കൊള്ളും 1964 ലെ മിസ് കാസ്റ്റിങ്ങ് മോഡൽ ആയിരുന്നു അവൾ...” പെട്ടെന്നാണ് എന്തോ ഒരു അനിഷ്ടം അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടത്. അപ്രതീക്ഷിതമായിരുന്നു ആ വിദ്വേഷമെങ്കിലും അടുത്ത നിമിഷം അദ്ദേഹം തുടർന്നു. “ഫിലിം ഫീൽഡിൽ ആദ്യമായി അവൾക്ക് ഒരു വലിയ തുടക്കം കൊടുത്തത് ഞാനായിരുന്നു അറിയുമോ നിനക്ക്?”

ഞാൻ തല കുലുക്കി. “യാത്രക്കിടയിൽ അവളത് പറഞ്ഞിരുന്നു ഇറ്റലിയിൽ വച്ച് നിങ്ങൾ നിർമ്മിച്ച ചിത്രം യുദ്ധവുമായി ബന്ധപ്പെട്ട ഒന്ന്

ഉച്ചത്തിൽ ചിരിച്ച് അദ്ദേഹം പിന്നോട്ട് ചാരിയിരുന്നു. പൂർവ്വകാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം എന്ന കണക്കെ അദ്ദേഹം ഒരു നിമിഷം എന്തോ ചിന്തിച്ചു. “എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം പ്രൊഡ്യൂസ്ഡ് ആന്റ് ഡയറക്ടഡ് ബൈ ജാക്ക് ഡെസ്‌ഫോർജ് അനുഭവിക്കുമ്പോഴല്ലേ നാം ഓരോന്ന് പഠിക്കുന്നത്?”

“അതെന്താ, അത്രയ്ക്കും പരാജയമായിരുന്നോ ആ ചിത്രം?”

അദ്ദേഹത്തിന് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. “ഒരു വർഷത്തിലധികം പഴക്കമുള്ള മുട്ടകൾ പൊട്ടിച്ചാൽ എന്തായിരിക്കും അവസ്ഥ?  അതിന്റെ ദുർഗന്ധത്തിൽ നിന്നും ഒട്ടും വിഭിന്നമായിരുന്നില്ല ആ ചിത്രത്തിന്റെ അവസ്ഥ

“ഇലാനയുടെ പ്രകടനം എങ്ങനെയുണ്ടായിരുന്നു?”

“ഓ ഷീ വാസ് ഫൈൻ...” അദ്ദേഹം ചുമൽ വെട്ടിച്ചു. “ഞാനൊരു ബെർഗ്‌മാനൊന്നുമല്ല എന്നാലും പറയാം അവൾക്ക് ധാരാളം നല്ല ഗുണങ്ങളുണ്ടയിരുന്നു ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ എനിക്കത് മനസ്സിലായതാണ്...” അദ്ദേഹം കുപ്പി വീണ്ടും ചുണ്ടോട് ചേർത്തു. “അവൾക്ക് വേണ്ട സകല സഹായങ്ങളും ഞാൻ ചെയ്തു കൊടുത്തു വസ്ത്രങ്ങൾ ആവശ്യമായ പരിശീലനം എന്തിന് പുതിയൊരു പേര് പോലും

“ഇലാനാ എയ്ട്ടൺ എന്നത് അവളുടെ യഥാർത്ഥ നാമം അല്ലെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്?” ഞാൻ പുരികം ചുളിച്ചു.

“ങ്ഹും.. യഥാർത്ഥ നാമം...! മറ്റെല്ലാവരെയും പോലെ അവൾക്കും വേണ്ടിയിരുന്നു ഒരു പേരുമാറ്റം…” ജാക്ക് പറഞ്ഞു.  “എന്തിന് തുടക്കത്തിൽ ഞാൻ പോലും മറ്റൊരു പേര് സ്വീകരിച്ചിരുന്നു ഹാരി വെൽ‌സ് അത് പോട്ടെ ആദ്യമായി ഞാൻ ഇലാനയെ കണ്ടുമുട്ടുമ്പോൾ അവളുടെ പേര് മിറാ ഗ്രോസ്മാൻ എന്നായിരുന്നു

“അപ്പോൾ അവൾ ഇസ്രയേലി അല്ലേ?”

“എല്ലാം ഒരു മുന്നൊരുക്കത്തിന്റെ ഭാഗമായിരുന്നു നിനക്കറിയാമല്ലോ ഇസ്രയേലി എന്ന് പറയുമ്പോൾ ഉള്ള വ്യത്യാസം അവളുടെ കാര്യത്തിൽ അത് നന്നായി ഉപകരിച്ചു. താനൊരു ഉന്നത കുലജാതയാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കുവാനുള്ള തന്ത്രം അതിലവൾ വിജയിച്ചു അവളുടെ അന്നത്തെ ഭർത്താവിന് ലണ്ടനിൽ ഒരു ടെയ്ലറിങ്ങ് ഷോപ്പുണ്ടായിരുന്നു‘മൈൽ എന്റ് റോഡ്’ എന്ന് പേരുള്ള ഏതോ ഒരു തെരുവിൽഅങ്ങനെ ഒരു തെരുവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?”

“വിചിത്രമായ പേര്” ഞാൻ ചിരിയടക്കാൻ പാടു പെട്ടു.

ജാക്ക് തന്റെ ബ്ലാങ്കറ്റ് ശരീരത്തോട് ഒന്നു കൂടി വലിച്ച് ചേർത്ത് പിടിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ അക്ഷമ ചേക്കേറിയിരിക്കുന്നതായി എനിക്ക് തോന്നി. പൊടുന്നനെ അദ്ദേഹം എന്റെ നേർക്ക് തിരിഞ്ഞു. “ഞാൻ ആലോചിക്കുകയായിരുന്നു ജോ എനിക്കുള്ള എന്തെങ്കിലും ആയിട്ടായിരിക്കുമോ ഇലാന വന്നിരിക്കുന്നത്?”

“എന്തെങ്കിലും എന്ന് വച്ചാൽ?”

“ഒരു കത്ത് അല്ലെങ്കിൽ അതുപോലുള്ള എന്തെങ്കിലും ഒന്ന്

അദ്ദേഹത്തിന്റെ സ്വരത്തിൽ അടക്കാനാവാത്ത ആകാംക്ഷ നിറഞ്ഞു നിന്നിരുന്നു. ഞാൻ തലയാട്ടി. “എനിക്കെങ്ങനെ അറിയാൻ കഴിയും? അഥവാ ഉണ്ടെങ്കിൽ തന്നെ അവൾ അത് എന്തിന് എന്നോട് പറയണം?”

ശരി വയ്ക്കുന്ന മട്ടിൽ തല കുലുക്കിയിട്ട് അദ്ദേഹം കുപ്പി വീണ്ടും ചുണ്ടോട് ചേർത്തു. തെളിഞ്ഞ നീലാകാശത്തിൽ സൂര്യൻ ജ്വലിച്ച് നിന്നിട്ടും അന്തരീക്ഷത്തിൽ നല്ല തണുപ്പുണ്ടായിരുന്നു. തണുത്തുറഞ്ഞ വെള്ളത്തിനെ തഴുകിക്കൊണ്ട് ഉയർന്ന കുളിർകാറ്റ് ഞങ്ങളോട് കിന്നാരം പറഞ്ഞുകൊണ്ട് കടന്നുപോയി.  കുപ്പിയിൽ പിടിച്ചിരിക്കുന്ന ജാക്കിന്റെ വിരലുകൾ തണുപ്പിന്റെ ആധിക്യത്താൽ വിറയ്ക്കുന്നത് എന്റെ ശ്രദ്ധയിൽ പതിഞ്ഞു. ചിന്താമഗ്നനായി കൂനിക്കൂടി ഇരിക്കുന്ന അദ്ദേഹത്തിന് ഇതാദ്യമായി ഒരു വയസ്സന്റെ ഭാവം തോന്നിച്ചു. ചിന്തയിൽ നിന്നും ഉണർന്ന് അദ്ദേഹം പൊട്ടിച്ചിരിച്ചു.

“ഹൊ ! അതൊരു വല്ലാത്ത സംഭവം തന്നെയായിരുന്നു ആ കരടി വേട്ടയുടെ കാര്യമാണ് ഞാൻ പറഞ്ഞത് വല്ലാത്തൊരു അന്ത്യമായിപ്പോയി

തീരാറായ കുപ്പിയിൽ നിന്നും അദ്ദേഹം ഒന്നുകൂടി മോന്തി. പിന്നെ ഒരു വിടലച്ചിരി ചിരിച്ചു. “ഏണസ്റ്റ് ഹെമിംഗ്‌വേ ഒരിക്കൽ പറഞ്ഞത് ഓർമ്മ വരുന്നു രണ്ട് കാലിൽ നിവർന്ന് നിന്ന് അലസമായ ഈ പ്രപഞ്ചത്തിന്റെ കണ്ണുകളിലേക്ക് ആഞ്ഞു തുപ്പിയിട്ട് ധീരതയോടെ മരണത്തെ പുൽകുക...”   അദ്ദേഹം വെട്ടിത്തിരിഞ്ഞു. മദോന്മത്തനായ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ അപ്പോൾ ഒരു ആക്രമണോത്സുകതയുണ്ടായിരുന്നു.  “ജോ ബേബീ മരണത്തെക്കുറിച്ച് നിന്റെ അഭിപ്രായം എന്താണ്? ജീവിതം, മരണം എന്നീ ഗഹനമായ വിഷയങ്ങളെക്കുറിച്ച് എന്താണ് നിനക്ക് പറയാനുള്ളത്? അതോ ഈ സമയത്ത് നിനക്ക് അതേക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നാണോ?”

“മരണത്തെക്കുറിച്ചാണെങ്കിൽ പലവട്ടം ഞാനത് കൺ‌മുന്നിൽ കണ്ടതാണ് വിരൂപവും വേദനാജനകവുമാണത് എത്ര ദുരിതം നിറഞ്ഞതാണെങ്കിലും ശരി, മരണത്തെക്കാൾ അഭികാമ്യം ജീവിതം തന്നെ

“പക്ഷേ, ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണോ?” നിഷേധാർത്ഥത്തിൽ അദ്ദേഹം തലയാട്ടി. ആ കണ്ണുകളിൽ നിസ്സഹായതയുടെ നിഴലുകൾ ഞാൻ ദർശിച്ചു. “യാതൊരു പ്രത്യാശയും അവശേഷിക്കുന്നില്ലെങ്കിൽ പിന്നെ എന്ത് ചെയ്യാനാണ്!” മൃദുസ്വരത്തിൽ അദ്ദേഹം മന്ത്രിച്ചു.

വീണ്ടും അദ്ദേഹത്തിന്റെ മുഖഭാവം മാറി. ചോദ്യരൂപേണ എന്റെ നേർക്ക് തിരിഞ്ഞ് അദ്ദേഹം അലറി. “എന്തെങ്കിലും പറയാനുണ്ടോ നിനക്ക്?”  അദ്ദേഹത്തിന്റെ വായിൽ നിന്നും ചിതറിത്തെറിച്ച ഉമിനീർ താടിരോമങ്ങളിൽ പറ്റിപ്പിടിച്ച് ഇരുന്നു.   

ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല എനിക്ക്. അദ്ദേഹത്തിന്റെ കണ്ണുകളിലെ നിരാശയുടെ കാഠിന്യത്തെ ശമിപ്പിക്കുവാനുള്ള വാക്കുകൾ എന്റെ ആവനാഴിയിൽ ഉണ്ടായിരുന്നില്ല. കുറേ നേരം കുറേ നേരം എന്നെത്തന്നെ തുറിച്ച് നോക്കിക്കൊണ്ട് അദ്ദേഹം അവിടെ ഇരുന്നു. പിന്നെ കൈയിലിരുന്ന കാലിക്കുപ്പി ദൂരേയ്ക്ക് നീട്ടി എറിഞ്ഞു. മുകളിലേക്കുയർന്ന് മഞ്ഞുമലയുടെ മുകളിൽ പതിച്ച ആ കുപ്പി അവിടെ നിന്നും തെന്നി താഴോട്ടുരുണ്ടു. സൂര്യപ്രകാശമേറ്റ് ഒരു വട്ടം തിളങ്ങിയ അത് പിന്നെ താഴെ മഞ്ഞുകട്ടകൾക്കിടയിലെ വിടവിലേക്ക് പതിച്ച് അപ്രത്യക്ഷമായി. 


(തുടരും)

Sunday, 12 October 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 10ആരെങ്കിലും തന്നെ അനുഗമിക്കുന്നുണ്ടോ എന്ന് പോലും ശ്രദ്ധിക്കാൻ നിൽക്കാതെയാണ് ജാക്ക് ഡെസ്ഫോർജ് മുന്നോട്ട് ഓടിയത്. ചുമലിൽ കൊളുത്തിയ വിഞ്ചസ്റ്റർ ഗണ്ണുമായി ഞാനും നാർക്കസിറ്റിൽ നിന്നും വന്ന ആ എസ്കിമോ നായാട്ടുകാരും അദ്ദേഹത്തെ അനുഗമിച്ചു. എപ്പോഴാണ് എസ്കിമോകൾ ആഹ്ലാദചിത്തരായിരിക്കുന്നതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കുവാൻ സാധിക്കും. കാരണം വല്ലപ്പോഴുമേ അവരെ ചിരിക്കുന്ന മുഖത്തോടെ കാണുവാൻ കഴിയൂ. ദിവസത്തിൽ ഏറിയ പങ്കും നിർവ്വികാരത നിറഞ്ഞ മുഖവുമായി ഇരിക്കുന്ന അവരെ കണ്ടാൽ അന്നേരത്തെ അവരുടെ മനോവ്യാപാരം എന്താണെന്ന് ഊഹിച്ചെടുക്കുക തീർത്തും ദുഷ്കരമാണ്. ഈ വസ്തുത കണക്കിലെടുത്താൽ അവരിൽ ആർക്കും തന്നെ ഈ ഹിമക്കരടി വേട്ടയിൽ തീരെ താല്പര്യമുള്ളതായി എനിക്ക് തോന്നിയില്ല. ഒന്നോർത്താൽ അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല താനും.

ചരൽ നിറഞ്ഞ ബീച്ചിന്റെ അപ്പുറം വലിയ കല്ലുകളും ഉടഞ്ഞ മഞ്ഞുകട്ടകളും നിറഞ്ഞ ദുർഘടമാ‍യ പ്രദേശത്ത് എത്തിച്ചേർന്നതും  നായാട്ടുകാരിലൊരുവൻ ഉച്ചത്തിൽ അലറി വിളിച്ചു. അത് കേട്ടതും അവരെല്ലാം നടപ്പ് നിർത്തി ഒന്നിച്ച് കൂടി നിന്നു കൊണ്ട് പരസ്പരം എന്തൊക്കെയോ ഉച്ചത്തിൽ സംസാരിക്കുവാൻ തുടങ്ങി.

അപ്പോഴാണ് ഞാനത് കണ്ടത് ദേഹമാസകലം വൃത്തികെട്ട മഞ്ഞ രോമവുമായി അടിവച്ച് അടിവച്ച് നടന്നുപോകുന്ന ഭീമാകാരനായ ആ ജന്തുവിനെ അതു കണ്ട വേട്ട നായ്ക്കളിലൊന്ന് കുരച്ചതും ആ ഹിമക്കരടി തിരിഞ്ഞ് നിന്ന് സൌഹൃദ ഭാവേന അതിനെ ഒന്ന് നോക്കി.

ഒരു ഹിമക്കരടിയെ വെടി വച്ച് വീഴ്ത്തുവാൻ അത്ര വലിയ വൈദഗ്ദ്ധ്യം ഒന്നും ആവശ്യമില്ല. ഏതാണ്ട് അഞ്ഞൂറ് കിലോയോളം തൂക്കം വരുന്ന ആ വലിയ ശരീരത്തിൽ വെടിയുണ്ട കയറ്റുവാൻ ഏത് ഉന്നമില്ലാത്തവനും സാധിക്കുമെന്നതാണ് വാസ്തവം. മാത്രമല്ല, സ്വതവേ അലസതയുള്ള അവ അത്ര പെട്ടെന്നൊന്നും ചാടിയോടുകയുമില്ല. ഓടിത്തുടങ്ങിയാൽ മണിക്കൂറിൽ ഇരുപത്തിയഞ്ച് മൈൽ വരെയാണ് ഹിമക്കരടിയുടെ വേഗത. പക്ഷേ ഒരു സംശയവും വേണ്ട, ഇരുവശത്തേക്കും ആടിയാടിയുള്ള ആ ഓട്ടത്തിനിടയിൽ നീണ്ട നഖങ്ങളുള്ള ബലിഷ്ഠമായ ആ കൈ കൊണ്ടുള്ള ഒരു താഡനം മതി ഒരു മനുഷ്യന്റെ തല തെറിപ്പിച്ച് കളയാൻ.

ഡെസ്ഫോർജ് ആകട്ടെ, താൻ തേടിക്കൊണ്ടിരുന്ന ഇരയെ കണ്ടതും വിജയശ്രീലാളിതനെപ്പോലെ ഉച്ചത്തിൽ അലറി വിളിച്ച് തന്റെ പ്രായത്തെ പോലും അവഗണിച്ച് നീട്ടിപ്പിടിച്ച കുന്തവുമായി കരടിയുടെ അടുത്തേക്ക് അതിവേഗം ഓടി.

വേട്ടനായ്ക്കളും കുരച്ചു കൊണ്ട് അദ്ദേഹത്തിന് മുന്നിൽ ഓടുന്നുണ്ടായിരുന്നു. എന്നാൽ എസ്കിമോകൾക്ക് അത്രയൊന്നും ആവേശമുള്ളതായി തോന്നിയില്ല. അതിന്റെ കാരണവും വ്യക്തമായിരുന്നു. അവരുടെ പുരാണങ്ങളിലും നാടോടിക്കഥകളിലും ഹിമക്കരടിയുടെ സ്ഥാനം ഒന്ന് വേറെ തന്നെയാണ്. വടക്കേ അമേരിക്കയിലെ റെഡ് ഇന്ത്യൻസിന്റെ ഇടയിൽ ചെന്നായ്ക്കൾക്കുള്ള സ്ഥാനം പോലെ നിഗൂഢതയും മാന്ത്രികതയും മനുഷ്യന്റെ കൌശലങ്ങളും എല്ലാം ഒത്തുചേർന്ന ഒരു ജീവി. മാത്രമല്ല, തങ്ങളുടെ വേട്ടനായ്ക്കളുടെ ജീവൻ നഷ്ടപ്പെടുത്തുവാൻ അവർക്ക് അല്പവും താല്പര്യവുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവർ അവയെ വിളിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

വലിയ ഉരുളൻ കല്ലുകളുടെ മുകളിലൂടെ അല്പം വേഗത്തിൽ മുന്നോട്ട് നീങ്ങിയ കരടി മഞ്ഞുകട്ടകളുടെ മുകളിലേക്ക് ചാടി. അവിടെ നിന്നും തടാകത്തിലെ ഉറഞ്ഞ മഞ്ഞുപാളികൾക്കിടയിൽ കണ്ട ഏതാണ്ട് പത്തോ പന്ത്രണ്ടോ അടി വ്യാസമുള്ള കുളത്തിലേക്ക് ചാടിയ കരടി വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് അപ്രത്യക്ഷനായി. കരടിയെ പിന്തുടർന്ന വേട്ടനായ്ക്കൾക്ക് തൊട്ടു പിന്നാലെ ജാക്ക് ഡെസ്ഫോർജും ആ കുളത്തിനരികിലേക്ക് നീങ്ങി.

അങ്ങോട്ട് പോകരുത് എന്ന മുന്നറിയിപ്പുമായി ഞാൻ ഒച്ചയെടുത്തെങ്കിലും ജാക്ക് അത് അവഗണിച്ചു. കുളത്തിന് ചുറ്റും വട്ടം കൂടി നിന്ന് രോഷത്തോടെ ഓലിയിട്ടുകൊണ്ടിരിക്കുന്ന വേട്ടനായ്ക്കളുടെ അടുത്തേക്ക് മഞ്ഞുപാളികൾക്ക് മുകളിലൂടെ അദ്ദേഹം ഓടി. പെട്ടെന്നാണത് സംഭവിച്ചത് ഇരുകൈകളും നിവർത്തിക്കൊണ്ട് വെള്ളത്തിൽ നിന്നും കുതിച്ചുയർന്ന ഹിമക്കരടി മഞ്ഞുപാളിയുടെ മുകളിലേക്ക് ചാടിക്കയറി. എന്നാൽ ആ നേർത്ത പാളിയിൽ കരടിയുടെ അമിതഭാരത്താൽ ഉടലെടുത്ത വിള്ളലുകൾ അകന്ന് വീതി കൂടി ചാലുകളായി മാറി.

കരയിൽ നിൽക്കുന്ന നായാട്ടുകാ‍ർ തങ്ങളുടെ വേട്ടനായ്ക്കളെ തിരികെ വിളിച്ചുകൊണ്ടിരുന്നു. അതോടെ അവയിലധികവും ഭയന്ന് വാലുകൾ കാലുകൾക്കിടയിൽ ചുരുട്ടി തിരികെയെത്തി. എന്നാൽ ഭാഗ്യഹീനരായ മൂന്നോ നാലോ എണ്ണം കരടിയുടെ മുന്നിലെ വെള്ളച്ചാലിൽ കാൽ വഴുതി വീണുപോയി. ഹിമക്കരടിയുടെ വന്യമായ ആക്രമണത്തിൽ നിമിഷനേരം കൊണ്ട് അവിടുത്തെ വെള്ളം ആ നായ്ക്കളുടെ രക്തവും മാംസവും കൂടിക്കലർന്ന് കുഴമ്പ് രൂപത്തിലായി.  പിന്നെ അത് ജാക്ക് ഡെസ്ഫോർജിന് നേർക്ക് കുതിച്ചു.

കരടി തന്നിൽ നിന്നും ഏതാണ്ട് പത്തോ പന്ത്രണ്ടോ അടി മാത്രം ദൂരെ എത്തിയതും ഡെസ്ഫോർജ് കൈയിലിരുന്ന കുന്തം അതിന് നേർക്ക് ആഞ്ഞെറിഞ്ഞു. അതിന്റെ ശക്തിയിൽ അദ്ദേഹം അടി തെറ്റി ഒരു കാൽമുട്ട് കുത്തി താഴോട്ട് ഇരുന്നുപോയി. അദ്ദേഹം എറിഞ്ഞ കുന്തമാകട്ടെ കരടിയുടെ ഇടത് നെഞ്ചിലാണ് തുളഞ്ഞ് കയറിയത്. ഉച്ചത്തിൽ അലറിയ ഹിമക്കരടിയുടെ ആർത്തനാദം ഒരു ഇടിമുഴക്കം പോലെ അവിടെങ്ങും പ്രതിധ്വനിച്ചു. ഉടഞ്ഞ മഞ്ഞുകട്ടകൾക്കിടയിൽ നിന്നും ഇരുകാലുകളിൽ ഉയർന്നെഴുന്നേറ്റ ആ ജന്തു ബലിഷ്ടമായ കരം കൊണ്ട് നെഞ്ചിൽ തറച്ചിരിക്കുന്ന കുന്തത്തിൽ ആഞ്ഞടിച്ചതും ഒടിഞ്ഞ് ഒരു കഷണം തെറിച്ച് പോയി.

അപകടം മണത്ത ഡെസ്ഫോർജ് ചാടിയെഴുന്നേറ്റ് തിരിഞ്ഞോടുവാൻ തുനിഞ്ഞു. പക്ഷേ, വൈകിപ്പോയിരുന്നു. അദ്ദേഹം നിന്നിരുന്ന മഞ്ഞുപാളിയുടെയും കരയുടെയും ഇടയിലുള്ള ചാലിന്റെ വീതി അപ്പോഴേക്കും വലുതായിക്കഴിഞ്ഞിരുന്നു. അരയ്ക്കൊപ്പം വെള്ളത്തിൽ ആ ചാലിലൂടെ ഇപ്പുറം കടക്കുവാൻ അദ്ദേഹം ശരിക്കും കഷ്ടപ്പെടുന്നുണ്ടായിരുന്നു. എന്നാൽ ഹിമക്കരടിയാകട്ടെ ഒരു എക്സ്പ്രസ് ട്രെയിൻ കണക്കെ അദ്ദേഹത്തിന് പിന്നാലെ കുതിച്ചു.

കരയോട് ഏതാണ്ട് നാലോ അഞ്ചോ വാര മാത്രം ദൂരെ അദ്ദേഹം എത്തിയതും നായാട്ടുകാരുടെ വലയം ഭേദിച്ച് മുന്നോട്ട് കടന്ന ഞാൻ വിഞ്ചസ്റ്റർ ഗൺ ഉയർത്തി. അത്യന്തം നിർണ്ണായക നിമിഷം ഒരേയൊരു ഷോട്ടിന് മാത്രമുള്ള സമയമേ അവശേഷിച്ചിട്ടുള്ളൂ.  അദ്ദേഹത്തിന് തൊട്ടുപിന്നിൽ ആ ഹിമക്കരടി ഉയർന്ന് പൊങ്ങിയതും ഞാൻ ട്രിഗറിൽ വിരലമർത്തി. ഉന്നം തെറ്റിയില്ല കരടിയുടെ തല തകർത്തുകൊണ്ട് വെടിയുണ്ട കടന്നുപോയി. ഒരു ഗോപുരം മറിഞ്ഞ് വീഴുന്നത് കണക്കെ അത് പിന്നോട്ട് മലർന്ന് വീണു. രക്തവും തലച്ചോറും ഇടകലർന്ന് മഞ്ഞുപാളിയുടെ മേൽ ചിതറിത്തെറിച്ചു. പ്രാണരക്ഷാർത്ഥം മുന്നോട്ട് നീങ്ങാനുള്ള തത്രപ്പാടിൽ ഡെസ്ഫോർജാകട്ടെ അടി തെറ്റി കരയിലേക്ക് കമഴ്ന്നടിച്ച് വീണു.

കമഴ്ന്ന് വീണ അദ്ദേഹം ഒരു നിമിഷം അവിടെ കിടന്നു. ചത്തു വീണ ഹിമക്കരടിയുടെ ശരീരം മഞ്ഞുകട്ടകൾക്കടിയിലെ വെള്ളത്തിലേക്ക് താഴ്ന്ന് പോകുന്നതിന് മുമ്പ് കരയ്ക്കടുപ്പിക്കുവാനായി നായാട്ടുകാർ തിടുക്കത്തിൽ മുന്നോട്ട് നീങ്ങി. ഞാനാകട്ടെ ജാക്കിനരികിലേക്ക് ഓടിച്ചെന്നു.  അരികിൽ മുട്ടുകുത്തി ഇരുന്ന എന്നെ തല ചരിച്ച് ഒന്ന് നോക്കിയിട്ട് അദ്ദേഹം പുഞ്ചിരിച്ചു. ചാര നിറത്തിലുള്ള താടി രോമങ്ങൾക്കിടയിൽ ആ പല്ലുകളുടെ വെണ്മ ഏറിയത് പോലെ തോന്നി. തന്റെ നെറ്റിത്തടത്തിൽ ചിതറി വീണ രക്ത കണങ്ങൾ പുറംകൈ കൊണ്ട് അദ്ദേഹം വടിച്ച് കളഞ്ഞു.

“എന്തും എന്റെ പതിവ് സ്റ്റണ്ട് വർക്ക് പോലെ എന്റേതായ രീതിയിൽ ചെയ്യുകയായിരുന്നു എനിക്കിഷ്ടം” അദ്ദേഹം പറഞ്ഞു.

“അതെ അതെ മഹത്തായ സ്ക്രിപ്റ്റ് എന്നിട്ട് എന്തായിരുന്നിരിക്കും പടത്തിനിടാൻ പോകുന്ന പേര്? ഉത്തരധ്രുവത്തിലെ വിളവെടുപ്പ് എന്നോ?”

“ചിത്രീകരിച്ചിരുന്നെങ്കിൽ ഒരു സാഹസിക ദൃശ്യം നഷ്ടമാകില്ലായിരുന്നു” തികഞ്ഞ ഗൌരവത്തിൽ മൊഴിയവെ അദ്ദേഹത്തെ ഞാൻ പിടിച്ചെഴുന്നേൽപ്പിച്ചു.

നായാട്ടുകാർ ആ കരടിയുടെ ശരീരം വെള്ളത്തിൽ നിന്നും വലിച്ചുകൊണ്ടു വന്ന് കരയിലേക്കിട്ടു. അവരുടെ നേതാവ് എന്ന് തോന്നിക്കുന്നയാൾ അതിന്റെ നെഞ്ചിൽ നിന്നും ഒടിഞ്ഞ കുന്തത്തിന്റെ കഷണം വലിച്ചൂരിയെടുത്ത് ഞങ്ങളുടെ അരികിലേക്ക് വന്നു. പിന്നെ അയാൾ എസ്കിമോ ഭാഷയിൽ എന്നോട് പറഞ്ഞ വാക്യങ്ങൾ ഞാൻ ജാക്കിന് ഇംഗ്‌ളീഷിലേക്ക് തർജ്ജമ ചെയ്തു കൊടുത്തു.  

“നിയമപ്രകാരം ഈ കരടി നിങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് അയാൾ പറയുന്നത്

“എന്തടിസ്ഥാനത്തിലാണ് അയാൾക്കത് പറയാൻ കഴിയുക?” ജാക്ക് ഡെസ്ഫോർജ് എന്നോട് ചോദിച്ചു.

“നിങ്ങളെറിഞ്ഞ ആ കുന്തം അതിന്റെ ശ്വാസകോശത്തിലാണ് തറച്ചിരുന്നതത്രേ എന്റെ ബുള്ളറ്റ് ഏറ്റില്ലായിരുന്നെങ്കിലും അത് കൊല്ലപ്പെടുമായിരുന്നുവെന്നാണ് അയാൾ പറയുന്നത്

“വെൽ അതൊരു നല്ല വാർത്ത തന്നെ...”

“അതിന്റെ തോലുരിഞ്ഞ് തന്നാൽ കൊണ്ടുപോകാൻ താല്പര്യമുണ്ടോ എന്നാണയാൾ ചോദിക്കുന്നത്

“എന്ത് പ്രയോജനം? ഒരു വിവരമില്ലാത്തവൻ അതിന്റെ തല വെടി വെച്ച് തകർത്ത് കളഞ്ഞില്ലേ എനിക്ക് വേണ്ട അവരോട് തന്നെ എടുത്തോളാൻ പറഞ്ഞേക്കൂ” ജാക്ക് പറഞ്ഞു.

ജാക്കിന്റെ ഇംഗിതം ഞാൻ അയാളെ ധരിപ്പിച്ചു. നന്ദി സൂചകമായി ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ പുഞ്ചിരിച്ചിട്ടിട്ട് അയാൾ കൂട്ടാളികളെ വിളിച്ചു. അവർ എല്ലാവരും ആ കരടിയുടെ ചുറ്റിനും വട്ടം കൂടി നിന്ന് ആയുധങ്ങൾ എല്ലാം ചേർത്ത് പിടിച്ച് എന്തൊക്കെയോ ഉറക്കെ ഉച്ചരിക്കുവാനാ‍രംഭിച്ചു.

“എന്താണവിടെ നടക്കുന്നത്?” ആശ്ചര്യത്തോടെ ഡെസ്ഫോർജ് ആരാഞ്ഞു.

“ആ കരടിയോട് ക്ഷമാപണം നടത്തുകയാണവർ അതിനെ കൊല്ലേണ്ടി വന്നതിന്

അദ്ദേഹത്തിന് ചിരി അടക്കാനായില്ല. ആ പൊട്ടിച്ചിരിയുടെ മാറ്റൊലി തടാകത്തിലെ ജലപ്പരപ്പിൽ തട്ടി പ്രതിധ്വനിച്ചു. “ഇവരുടെ അടുത്ത് നിന്നാൽ വട്ട് പിടിക്കുമെന്നാണ് തോന്നുന്നത്  വരൂ തണുത്ത് വിറങ്ങലിച്ച് ചാവുന്നതിന് മുമ്പ് നമുക്കിവിടെ നിന്ന് പുറത്ത് കടക്കാം...”  

അദ്ദേഹം തിരിഞ്ഞ് ഞാൻ വന്നെത്തിയ ബോട്ട് ലക്ഷ്യമാക്കി തീരത്തു കൂടി നടക്കുവാനാരംഭിച്ചു.
     
(തുടരും)