Saturday 1 November 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 13



ബാറിലെ ഷെൽഫിൽ നിന്നും ഞാൻ ഒരു സിഗരറ്റ് പാക്കറ്റ് എടുത്തു. “വന്ന് വന്ന് ജാക്കിന്റെ ഓർമ്മശക്തി ഈയിടെയായി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു ഞാൻ മദ്യപിക്കാറില്ല എന്നുള്ള കാര്യം അദ്ദേഹത്തിന് നന്നായിട്ടറിയാവുന്നതാണല്ലോ

“നിങ്ങളെക്കുറിച്ചുള്ള ഇമേജിന് ഏറ്റ ഒരു പ്രഹരമായിപ്പോയല്ലോ അത്...” അവൾ ബാർ കൌണ്ടറിന് പിന്നിലേക്ക് കടന്നു. “തീരുമാനം മാറ്റില്ല എന്ന് തീർച്ചയാണോ?”

ഞാൻ തലയാട്ടി. “ഈ തരത്തിലുള്ള വസ്ത്രവുമണിഞ്ഞ് നിങ്ങൾ മുന്നിൽ വന്ന് നിൽക്കുമ്പോൾ തീർച്ചയായും സുബോധമുള്ള ഒരു മനസ്സ് കൂടിയേ തീരൂ എനിക്ക്...”

“ആ പറഞ്ഞത് ഒരു അഭിനന്ദനമായി കണക്കാക്കാമോ എനിക്ക്?”

“വസ്തുനിഷ്ഠമായ ഒരു യാഥാർത്ഥ്യമാണ് ഞാൻ പറഞ്ഞത് പിന്നെ നിങ്ങൾക്ക് ഒരു കമ്പനി വേണമെന്നുണ്ടെങ്കിൽ എനിക്ക് വിരോധമൊന്നുമില്ല ഒരു സ്റ്റിഫ് ടൊമാറ്റോ ജ്യൂസ് ആകാം

“വോസ്റ്റർഷർ സോസ് കൊണ്ട് അലങ്കരിക്കുന്നതിൽ വിരോധമില്ലല്ലോ?” അവൾ ആരാഞ്ഞു.

സമ്മതഭാവത്തിൽ ഞാൻ തല കുലുക്കി.

“നിങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ ലക്ഷ്യം ഉടൻ തന്നെ കൊണ്ടുവരാം  അവൾ ചിരിച്ചു.

സലൂണിന്റെ മൂലയിലായി ഒരു സ്റ്റീരിയോ റെക്കോർഡ് പ്ലെയർ വച്ചിട്ടുണ്ടായിരുന്നു. ഒരു ലോങ്ങ് പ്ലേ കാസറ്റ്  എടുത്ത് അതിലിട്ട് ബട്ടൺ അമർത്തിയിട്ട് ഞാൻ തിരിച്ച് ബാർ കൌണ്ടറിനരികിലെത്തി.

സാധാരണയിലും ഉയരമുള്ള ഒരു ഗ്ലാസിൽ എനിക്കുള്ള ടൊമാറ്റോ ജ്യൂസ് അവിടെയുണ്ടായിരുന്നു. ഐസ് പോലെ തണുപ്പുണ്ടായിരുന്നു അതിന് ഫ്രിഡ്ജിൽ നിന്നും അപ്പോൾ പുറത്തെടുത്തിട്ടേയുള്ളൂ എന്ന് വ്യക്തം. ചുണ്ടോടടുപ്പിച്ച് രുചിച്ച് നോക്കി. തരക്കേടില്ലഒറ്റ വലിക്ക് തന്നെ ഞാൻ ഗ്ലാസ് പകുതി കാലിയാക്കി. അവൾ ഒരു കാലി ഗ്ലാസ് എടുത്ത് അരികിലിരുന്ന വോഡ്കയുടെ കുപ്പിയിൽ നിന്നും അല്പം പകർന്നു. പിന്നെ കുറച്ച് ഐസ് കഷണങ്ങൾ അതിലേക്ക് കുടഞ്ഞിട്ടു. എന്നിട്ട് ഒരു കുസൃതിച്ചിരിയോടെ എന്റെ നേർക്ക് തിരിഞ്ഞു.

“ദി പെർഫക്റ്റ് ഡ്രിങ്ക് രുചിയും മണവും ഇല്ലാത്ത പാനീയം നല്ല തരിപ്പ് തരുന്നതും എന്നാൽ രാവിലെ എഴുന്നേൽക്കുമ്പോൾ തലവേദന എന്ന ശല്യം ഉണ്ടാക്കാത്തതുമായ പാനീയം

അപ്പോഴേക്കും എനിക്ക് മനസ്സിലായിക്കഴിഞ്ഞിരുന്നു, എന്താണവിടെ സംഭവിച്ചതെന്ന് അടുത്ത നിമിഷം തന്നെ അടിവയറ്റിൽ നിന്നും ഉയർന്ന തികട്ടൽ എന്റെ സംശയം ശരി വച്ചു. ഗ്ലാസ് താഴെ വച്ച് ഞാൻ അസ്വസ്ഥതയോടെ ബാർ കൌണ്ടറിൽ മുറുകെ പിടിച്ചു. അത് കണ്ട അവളുടെ മുഖം അത്ഭുതത്താൽ വികസിച്ചു.

“എന്ത് പറ്റി? വാട്ട്സ് റോങ്ങ്?”   പരിഭ്രമം നിറഞ്ഞ കണ്ണുകളോടെ അവൾ ചോദിച്ചു.

അഴുക്കുചാലിലെ വൃത്തികെട്ട വെള്ളത്തിന്റെ ആ അരുചി ഇതിനോടകം എന്റെ വായിലേക്കെത്തിക്കഴിഞ്ഞിരുന്നു. ഒട്ടും കാത്ത് നിന്നില്ല, തിരിഞ്ഞ് ഞാൻ വാതിലിന് നേർക്ക് ഓടി. ഇടനാഴിയിലൂടെ മുന്നോട്ട് കുതിക്കവെ കാലിടറിയ എന്നെ അവൾ പിന്നിൽ നിന്നും വിളിക്കുന്നുണ്ടായിരുന്നു. മാത്രകൾക്കുള്ളിൽ ഞാൻ ഡെക്കിലെ തുറന്ന അന്തരീക്ഷത്തിൽ എത്തിക്കഴിഞ്ഞിരുന്നു. റെയിലിനരികിൽ എത്തിയതും എന്റെ സകല നിയന്ത്രണവും നഷ്ടമായി. അഴികളിൽ പിടിച്ച് മുട്ടുകുത്തി ഇരിക്കാൻ ശ്രമിക്കവെ അനിവാര്യമായത് സംഭവിച്ചു... ഒരിക്കലും പിടിച്ചു നിർത്താൻ കഴിയാത്ത പ്രതിഭാസമാണല്ലോ വമനേച്ഛ

എത്ര നേരം ആ അവസ്ഥയിൽ ഇരുന്നു എന്നറിയില്ല ഛർദ്ദിക്കുവാനായി ഇനി വയറ്റിൽ ഒന്നും തന്നെ അവശേഷിച്ചിട്ടില്ല. അഴികളിൽ പിടിച്ച് പതുക്കെ എഴുന്നേറ്റ് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് പേടിച്ചരണ്ട് വിളറിയ മുഖവുമായി എന്നെത്തന്നെ വീക്ഷിച്ച് നിൽക്കുന്ന ഇലാനയെയാണ്.

“ആ ടൊമാറ്റോ ജ്യൂസിൽ നിങ്ങൾ എന്താണ് കലർത്തിയത്? വോഡ്ക?” പരിക്ഷീണനായി ഞാൻ ചോദിച്ചു.

“അയാം സോറി നിങ്ങൾക്കത് കുഴപ്പമാകുമെന്ന് ഞാൻ വിചാരിച്ചില്ല” ഭയത്താൽ അവളുടെ സ്വരം തീർത്തും പതിഞ്ഞതായിരുന്നു.

“എന്തായിരുന്നു നിങ്ങൾ എന്നിൽ നിന്നും പ്രതീക്ഷിച്ചത്? ഒരു വോഡ്ക അകത്താക്കിയതിന്റെ പേരിൽ നിങ്ങളുമായി ശൃംഗരിക്കുവാൻ വരുമെന്നോ?” കൈയിൽ കിട്ടിയ കൈലേസ് എടുത്ത് വായ തുടച്ച് ഞാൻ റെയിലിന് വെളിയിലേക്കെറിഞ്ഞു. “എന്റെ ജീവിതകഥ പറഞ്ഞ കൂട്ടത്തിൽ ഒരു കാര്യം നിങ്ങളോട് പറയാൻ വിട്ടു പോയി ഒരിക്കൽ ഞാനൊരു മുഴുക്കുടിയനായിരുന്നു എന്ന കാര്യം എന്റെ ഭാര്യ എന്നെ വിട്ടുപോകാനുണ്ടായ കാരണങ്ങൾ പലതും ഞാൻ അർഗാമസ്കിലെ മനോഹരമായ ആ ഇടവേളയിൽ നിങ്ങളോട് പറഞ്ഞിരുന്നില്ലേ? ഇതും ഒരു മുഖ്യ കാരണമായിരുന്നു അതിന് ഇനി മദ്യപിക്കില്ല എന്ന ശപഥം മൂന്നാം തവണയും വെറും വാക്കായപ്പോൾ അവൾക്ക് മതിയായി. എന്നെപ്പോലെയുള്ളവരെ ചികിത്സിക്കുന്ന ക്ലിനിക്കിൽ ഒരു മുറി ബുക്ക് ചെയ്യുക എന്നതായിരുന്നു വിടവാങ്ങുമ്പോൾ അവൾ എനിക്ക് നൽകിയ പാരിതോഷികം. വളരെ കഠിനമായിരുന്നു അവിടുത്തെ അവെർഷൻ തെറാപ്പി ഒപ്പം അപോമോർഫിൻ, ആന്റാബസ് തുടങ്ങിയ ചില മരുന്നുകളും അതിന് ശേഷം മദ്യത്തിന്റെ ചെറിയ ഒരു ചുവ പോലും വായിലെത്തിയാൽ മതി, ഉള്ളിലുള്ളതെല്ലാം തകിടം മറിയും

“അയാം സോറി എനിക്കറിയില്ലായിരുന്നു” അവൾ പറഞ്ഞു.

“ദാറ്റ്സ് ഓൾ‌റൈറ്റ്, മിറാ  ഞാൻ പറഞ്ഞു. “നിങ്ങൾ അത് അറിഞ്ഞിരിക്കണമെന്ന് ഒരു നിർബന്ധവുമില്ലല്ലോ ഇന്ന് രാവിലെ നാം ഇരുവരും അർഗാമസ്കിൽ വച്ച് രണ്ട് മണിക്കൂർ സ്വപ്നസഞ്ചാരം നടത്തിയല്ലോ പരസ്പരം പങ്ക് വയ്ക്കാൻ ഇഷ്ടപ്പെടാത്ത ചില കാര്യങ്ങൾ നമുക്കെല്ലാവർക്കും ഉണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്അതിലൊന്നായി കൂട്ടിയാൽ മതി ഇതിനെ

തന്റെ യഥാർത്ഥ നാമം എന്റെ വായിൽ നിന്നും പുറത്ത് വന്നതും അവൾ സ്തബ്ധയായി നിന്നു പോയി. അതുകണ്ട എനിക്ക് എന്തോ, അവളോട് ദ്വേഷ്യവും സഹതാപവും എല്ലാം ഒരുമിച്ച് തോന്നി.

അവളുടെ ഇരു ചുമലുകളിലും പിടിച്ച് ഞാൻ ശക്തിയായി ഉലച്ചു. “യൂ സ്റ്റുപ്പിഡ് ബിച്ച് എന്തായിരുന്നു നിന്റെ ഉദ്ദേശ്യം?”  ഞാൻ പൊട്ടിത്തെറിച്ചു.

അസാമാന്യ ശക്തിയോടെ എന്നെ തള്ളി മാറ്റി അവൾ സ്വതന്ത്രയായി. അപ്രതീക്ഷിതമായ ആ നീക്കത്തിൽ ഞാൻ പിറകോട്ട് ഇടറി വീഴുവാൻ പോയി. അവളാകട്ടെ, തിരിഞ്ഞ് ഇടനാഴിയിലൂടെ താഴേക്ക് ഓടി അപ്രത്യക്ഷയായി. താഴെ സലൂണിൽ നിന്നും അല്പനേരം ഉയർന്ന് കേട്ട മുറുമുറുപ്പിന് പിന്നാലെ ഡെസ്ഫോർജ് ഡെക്കിലെത്തി.

“വാട്ട് ഇൻ ദി ഹെൽ ഈസ് ഗോയിങ്ങ് ഓൺ ഹിയർ?”

“ചെറിയൊരു അഭിപ്രായ വ്യത്യാസം അത്ര മാത്രം” ഞാൻ പറഞ്ഞു.

“അതെന്താനീ അവളോട് ശൃംഗരിക്കാനോ അതല്ല ഇനി അതിനപ്പുറം എന്തെങ്കിലും ചെയ്യാനോ മറ്റോ മുതിർന്നോ?”

ഞാൻ ചിരിച്ചു. “അതിനും മാത്രമുള്ള കാര്യങ്ങളൊന്നും ഇവിടെയുണ്ടായില്ല

“പക്ഷേ, അവൾ കരയുകയായിരുന്നു ജോ ഞാൻ ഇത് ആദ്യമായിട്ടാണ് അവൾ കരഞ്ഞു കാണുന്നത്...”

കരയുന്ന മുഖമുള്ള ഇലാനാ എയ്ട്ടണെ സങ്കൽപ്പിച്ചു നോക്കുവാൻ ഒരു ശ്രമം നടത്തി ഞാൻ ദയനീയമായി പരാജയപ്പെട്ടു. അർഗാമസ്കിലെ ആ സെമിത്തേരിയിൽ വച്ച് കണ്ട അവളുടെ ഭാവവും രൂപവുമായിരിക്കാം ഒരു പക്ഷേ, അപ്പോൾ അവൾക്ക് ഒരിക്കലും ഇലാനാ എയ്ട്ടന്റേതായിരിക്കില്ല.

“നോക്കൂ ജാക്ക് അഥവാ അവൾക്ക് വേദനിച്ചിട്ടുണ്ടെങ്കിൽ അത് അവൾ ചോദിച്ച് വാങ്ങിയതാണ്” ഞാൻ പറഞ്ഞു.

അദ്ദേഹം കൈ ഉയർത്തി.  “ഓകെ ബോയ് നീ പറഞ്ഞത് ഞാൻ വിശ്വസിക്കുന്നു ഞാൻ അവളുടെ അടുത്ത് ചെന്ന് നോക്കട്ടെ എന്താണ് പ്രശ്നമെന്ന്

ഇടനാഴിയിലൂടെ അദ്ദേഹം തഴോട്ട് നടന്നു. 


(തുടരും)