Sunday 25 January 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 19



“ഏത്…? വെളുത്ത മുടിയുള്ള സുന്ദരനായ ആ ചെറുപ്പക്കാരനോ? ഹൌ ഇന്ററസ്റ്റിങ്ങ്…!” അവളുടെ കണ്ണുകൾ വിടർന്നു.

സംശയഭാവത്തിൽ അവളെ നോക്കിയ ഫോഗെലിന്റെ പുരികം ചുളിഞ്ഞു. എന്നാൽ അതേക്കുറിച്ച് വിശദമാക്കാൻ നിൽക്കാതെ അവൾ പറഞ്ഞു. “വിരോധമില്ലെങ്കിൽ ഞാൻ ഉറങ്ങാൻ പോകുന്നു നല്ല ക്ഷീണമുണ്ട്

“തീർച്ചയായും മൈ ഡിയർ” ഫോഗെലിന്റെ സ്വരത്തിൽ ഉത്ക്കണ്ഠ നിറഞ്ഞിരുന്നു. “ഞാൻ കൊണ്ടു വിടാം റൂമിൽ

“ഹേയ്, അതിന്റെ ആവശ്യമൊന്നുമില്ല

“നോൺസെൻസ് ഞാൻ വരാമെന്ന് പറഞ്ഞില്ലേ? നേരം വല്ലാതെ വൈകിയിരിക്കുന്നു വല്ലാത്തൊരു ദിവസം തന്നെയായിരുന്നു നാളെ ഒരു പക്ഷേ, ഇതിലും നീണ്ടതായേക്കാം” ഫോഗെൽ പറഞ്ഞു.

എല്ലാവരും എഴുന്നേറ്റു. “താങ്ക് യൂ മിസ്റ്റർ മാർട്ടിൻ താങ്ക് യൂ ഫോർ ഓൾ യുവർ ഹെൽപ്പ്” അവൾ എന്റെ കരം ഗ്രഹിച്ചു.

ഡെസ്ഫോർജ് അവളെ നോക്കി പുഞ്ചിരിച്ചു. “മറക്കണ്ട എന്നെക്കൊണ്ട് എന്ത് ആവശ്യമുണ്ടെങ്കിലും എന്ത് തന്നെയായാലും ശരി

“തീർച്ചയായും” അദ്ദേഹത്തെ നോക്കി ഊഷ്മളമായി മന്ദഹസിക്കവെ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. പിന്നെ ഫോഗെലിന്റെ കൈ പിടിച്ച് അവൾ പുറത്തേക്ക് നടന്നു. ശുഭരാത്രി നേർന്ന് സ്ട്രാട്ടണും അവർക്ക് പിന്നാലെ നീങ്ങി. ഞങ്ങൾ വീണ്ടും അവിടെ തന്നെ ഇരിപ്പുറപ്പിച്ചു.

“ജോ ആ പോകുന്നതാണ് യഥാർത്ഥ വനിത... ഞാൻ കരുതിയിരുന്നത് അങ്ങനെയുള്ളവരെ ഇനി കാണാനേ കഴിയില്ല എന്നായിരുന്നു” നെടുവീർപ്പോടെ ഡെസ്ഫോർജ് തല കുലുക്കി.

“യൂ തിങ്ക് സോ?”

“അതെ തീർച്ചയായും” അദ്ദേഹം പുരികം ചുളിച്ചു. “പക്ഷേ, എനിക്ക് മനസ്സിലാവാത്തത് ഒരു കാര്യമാണ് അവളെ വേദനിപ്പിക്കാൻ നീ പരമാവധി ശ്രമിക്കുന്നത് കണ്ടല്ലോ

“അവൾ എന്തായാലും അതിജീവിക്കും അതിൽ സംശയമില്ല” ഞാൻ പറഞ്ഞു.

എന്റെ സ്വരത്തിലെ കടുപ്പം അദ്ദേഹം മനസ്സിലാക്കിയോ അതോ ഇനി മനസ്സിലാക്കിയിട്ടും അവഗണിച്ചതാണോ എന്ന് എനിക്ക് തിട്ടപ്പെടുത്താനായില്ല. എന്റെ വാക്കുകൾ ശ്രദ്ധിച്ച ഭാവം കാണിക്കാതെ അദ്ദേഹം തുടർന്നു. “വളരെ പണ്ട് മുതലേ എനിക്കറിയാവുന്ന ഒരു വ്യക്തിയെ ഓർമ്മിപ്പിച്ചു അവൾ ലിലിയാൻ കോർട്ട്നി അവരെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ ജോ?”

“ഇല്ലെന്ന് തോന്നുന്നു

“പഴയ നിശ്ശബ്ദ ചിത്രങ്ങളിലെ അങ്ങേയറ്റം കഴിവുറ്റ നടികളിൽ ഒരാളായിരുന്നു അവർഒന്നാം ലോക മഹായുദ്ധത്തിനും മുന്നെയാണ് അവരുടെ ആദ്യ ചിത്രം റിലീസായത് പിന്നെ ശബ്ദ ചിത്രങ്ങൾ ഇറങ്ങിത്തുടങ്ങിയതോടെ അവർ പതുക്കെ സിനിമാരംഗത്തും നിന്നും പുറത്താവുകയായിരുന്നു...”

“ഇപ്പോൾ ഓർമ്മ വരുന്നു അവരുടെ മരണത്തെക്കുറിച്ച് ചില അപവാദങ്ങളൊക്കെ ഉണ്ടായിരുന്നില്ലേ മയക്കുമരുന്നുമായി ബന്ധപ്പെട്ട എന്തോ ചിലത്?” ഞാൻ ചോദിച്ചു.

അദ്ദേഹം രോഷാകുലനായത് പെട്ടെന്നായിരുന്നു. “അത് നുണയായിരുന്നു കല്ല് വച്ച നുണ അവരെ ഇഷ്ടമല്ലാത്ത പലരും ഉണ്ടായിരുന്നുകാപട്യമില്ലാത്ത ആ സ്വഭാവത്തിന്റെ പേരിൽഞാൻ പറഞ്ഞില്ലേ ഈ കപടലോകത്തിൽ ഒരു യഥാർത്ഥ വനിതയായിരുന്നു അവർ

വെയ്റ്ററെ മാടി വിളിച്ച് അദ്ദേഹം വിസ്കി ഓർഡർ ചെയ്തു. “വിചിത്രമായ വസ്തുതയാണ് പ്രായം ചെല്ലും തോറുമാണ് നാം കഴിഞ്ഞ കാലത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നത് എത്രത്തോളം ആഴത്തിൽ നാം അതിലേക്കിറങ്ങുന്നുവോ, അത്രയും അധികം നാം മനസ്സിലാക്കാൻ തുടങ്ങുന്നു എല്ലാം ഒരു നിമിത്തമാണെന്ന് കൃത്യസമയത്ത് നാം അവിടെ ഉണ്ടായിരിക്കണമെന്ന് മാത്രം

“അതിനോട് ഞാൻ അനുകൂലിക്കുന്നു എന്തായിരുന്നു താങ്കളുടെ ജീവിതത്തിലെ ആ നിമിത്തം?”

“1930 ൽ സാന്റാ ബാർബറയിലെ കടൽപ്പാലത്തിന്റെ അറ്റത്ത് വച്ച്അതൊരു മഴയുള്ള ദിവസമായിരുന്നു മൂടൽമഞ്ഞ് മഴയിലേക്ക് അരിച്ച് കയറുന്ന സമയം അന്നാണ് ലിലിയനെ ആദ്യമായി ഞാൻ കണ്ടുമുട്ടുന്നത് മഴയത്ത് നടക്കാനിറങ്ങിയതായിരുന്നു അവർ പിന്നീട് അവരുമായി കൂടുതൽ അടുത്തപ്പോഴാണ് മഴയത്തുള്ള നടത്തം അവരുടെ ഒരു ദൌർബല്യമായിരുന്നുവെന്ന് ഞാനറിഞ്ഞത്ആ സമയത്ത് ഒരു തെമ്മാടി അവരെ കയറിപ്പിടിക്കാൻ ശ്രമിച്ചു 

“സ്വാഭാവികമായും താങ്കൾ അപ്പോൾ ഇടപെട്ടു?”

“അതെ...” അദ്ദേഹത്തിന്റെ ഓർമ്മകൾ വർഷങ്ങൾ പിറകിലേക്ക് സഞ്ചരിച്ചിക്കവെ ആ മുഖത്ത് നേർത്ത പുഞ്ചിരി പടർന്നു. “എനിക്കന്ന് വെറും പതിനാറ് വയസ്സ് മാത്രം  അഭിനയത്തിൽ കമ്പം മൂത്ത് നഗരത്തിലെത്തിയ പയ്യൻ എനിക്കാവശ്യമുള്ള എല്ലാ സഹായവും അവർ ചെയ്തു തന്നു വസ്ത്രങ്ങൾ അഭിനയരംഗത്തേക്ക് ആവശ്യമായ ഗ്രൂമിങ്ങ് കുറച്ച് നാൾ അവരെന്നെ ഒരു ഡ്രാമാ സ്കൂളിൽ പരിശീലനത്തിനായി അയക്കുക പോലുമുണ്ടായി എന്തിനേറെ, ആദ്യമായി ഒരു പടത്തിൽ മുഖം കാണിക്കുവാൻ എനിക്ക് അവസരം ലഭിച്ചത് തന്നെ അവരുടെ ശിപാർശ കൊണ്ടായിരുന്നു

“ഇതിനൊക്കെ പ്രത്യുപകാരമായി താങ്കൾക്ക് എന്താണ് ചെയ്യേണ്ടി വന്നത്? സിറ്റ് അപ്പ് ആന്റ് ബെഗ്?” ഞാൻ ചോദിച്ചു.

ആ ചോദ്യം അൽപ്പം ക്രൂരവും അനാവശ്യവും ആയിപ്പോയി എന്ന് ആ മാത്രയിൽ തന്നെ എനിക്ക് തോന്നി. പക്ഷേ, അദ്ദേഹത്തോട് ക്ഷമ ചോദിക്കാൻ തുനിയുന്നതിന് മുമ്പ് തന്നെ അത് സംഭവിച്ചു കഴിഞ്ഞിരുന്നു. നീണ്ടു വന്ന ആ കൈകൾ എന്റെ കഴുത്തിൽ പിടി മുറുക്കിയത് അവിശ്വസനീയമായ വേഗതയിലായിരുന്നു. കനൽ പോലെ ജ്വലിക്കുന്ന കണ്ണുകളുമായി നിന്ന അദ്ദേഹത്തിന്റെ കൈകൾക്ക് അത്രയും ശക്തിയുണ്ടെന്ന കാര്യം അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. എനിക്ക് ശ്വാസമെടുക്കുവാൻ പറ്റാതായി തുടങ്ങിയിരുന്നു.

“അങ്ങനെ യാതൊന്നുമില്ല മനസ്സിലായോ…? ഒരു മകനെപ്പോലെയാണ് അവരെന്നെ കണക്കാക്കിയത്   തികച്ചും മാന്യയായ വനിത ഡൂ യൂ ഹിയർ മീ? ഇത് അവസാനത്തേതാണ് ഇനി ഒരു വാക്ക് ആരെങ്കിലും അവരെക്കുറിച്ച് മോശമായി സംസാരിച്ചാൽ അവന്റെ താടിയെല്ല് ഞാൻ തകർക്കും

പെട്ടെന്ന് തന്നെ അദ്ദേഹം എന്റെ കഴുത്തിലെ പിടി വിട്ടു. ശ്വാസമെടുക്കുവാനായതിന്റെ ആശ്വാസത്തിൽ ഞാൻ പറഞ്ഞു. “എനിക്ക് മനസ്സിലാവുന്നു അതിന് ശേഷം താങ്കൾ കണ്ടുമുട്ടുന്ന ആദ്യത്തെ മാന്യവനിതയാണ് സാറാ കെൽ‌സോ

“ലിലിയാന്‌ ഉണ്ടായിരുന്ന ആ സ്വഭാവ വൈശിഷ്ട്യം ഇവൾക്കും ഉണ്ടെന്നുള്ളത് തീർച്ച നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ വളരെ അപൂർവ്വം മാത്രം കാണുവാൻ കഴിയുന്ന ഒന്നാണത്...” ഗ്ലാസിൽ അവശേഷിച്ചിരുന്ന മദ്യം അകത്താക്കിയിട്ട് അദ്ദേഹം തല കുലുക്കി. “ഒരു തരത്തിൽ നോക്കിയാൽ എന്താണിതൊക്കെ ജീവിതം, അതിജീവനംനീ എപ്പോഴെങ്കിലും ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ജോ?”
 
 “ദിവസത്തിൽ ഒരു ഇരുപത്തിയേഴ് തവണയെങ്കിലും

“വേണമെങ്കിൽ ജീവിതത്തിന്റെ മനോഹരമായ വശത്തെ മാത്രം നോക്കിക്കാണാൻ സാധിക്കും അങ്ങനെ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോകുന്നു” മ്ലാനവദനനായി അദ്ദേഹം അകലേക്ക് കണ്ണും നട്ട് ഇരുന്നു. “ഹൊറൈസൺ സ്റ്റൂഡിയോയിലെ ആറാം നമ്പർ സ്റ്റേജിൽ കുറേയേറെ നാൾ ഞാൻ അഭിനയിച്ച് തകർത്തതാണ് ഒന്നും തന്നെ എന്റെ മുന്നിൽ ഇപ്പോൾ യാഥാർത്ഥ്യമായി അനുഭവപ്പെടുന്നില്ല എല്ലാം ഒരു നാടകത്തിന്റെ ഭാഗം മാത്രം

“സാറാ കെൽ‌സോ എന്ന വനിതയൊഴികെ…?

സ്വരത്തിലെ കാർക്കശ്യം ഒളിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഉടൻ തന്നെ അത് തിരിച്ചറിഞ്ഞ ഡെസ്ഫോർജ് പുരികം ചുളിച്ചു. “നീ എന്താണുദ്ദേശിച്ചത്?”

“പിന്നെ നല്ലവരായ ആ ഹാൻസ് ഫോഗെലും അയാളുടെ കീഴുദ്യോഗസ്ഥനും ഏകദേശം എൺപത് ഗിനിയോളം വില മതിക്കുന്ന സാവൈൽ റോ സ്യൂട്ട് ധരിക്കാനും മാത്രം സാമ്പത്തിക ശേഷിയുള്ള ആ ക്ലെയിംസ് സർവേയർ ഞാൻ ലണ്ടൻ വിട്ടതിന് ശേഷം ഇൻഷുറൻസ് കമ്പനികളിലെ ശമ്പള സ്കെയിലിൽ വമ്പിച്ച വർദ്ധനയുണ്ടായെന്നാണ് തോന്നുന്നത്

“നീ എന്താണ് പറഞ്ഞു വരുന്നത് ജോ?” ഡെസ്ഫോർജ് ആകാംക്ഷയോടെ ചോദിച്ചു.

“ഈ കഥയിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട് അത് മനസ്സിലാക്കാൻ അവരുമായി അത്ര അടുത്തിടപഴകണമെന്നൊന്നുമില്ല...” 

ഡെസ്ഫോർജ് ഒന്നും മനസ്സിലാകാ‍ത്തത് പോലെ എന്നെ തുറിച്ച് നോക്കി.

“എന്തൊക്കെയോ ദുരൂഹതകൾ ഈ കഥയിൽ അവശേഷിക്കുന്നുണ്ട് ജാക്ക് പല കണ്ണികളും കൂടിച്ചേരാത്തത് പോലെ എവിടെ നിന്ന് തുടങ്ങണെമെന്ന് എനിക്കറിയില്ല” ഞാൻ പറഞ്ഞു.

“ആ ഫോഗെൽ ഒരു തട്ടിപ്പുകാരനാണെന്നാണോ നീ പറഞ്ഞു വരുന്നത്?”

“സാദ്ധ്യത തള്ളിക്കളയാവുന്നതല്ല ജാക്ക്...” ഞാൻ തലയാട്ടി. “ചിലപ്പോൾ താങ്കളുടെ ധാരണ ശരിയായിരിക്കാം പക്ഷേ, ഒന്നിൽ നിന്നും മറ്റൊന്നൊലേക്ക്  വേഷങ്ങൾ മാറി മാറിയുള്ള താങ്കളുടെ പ്രയാണത്തിൽ യാഥാർത്ഥ്യവുമായുള്ള ബന്ധം തീർത്തും നഷ്ടപ്പെട്ടു പോയിരിക്കുന്നു വില്ലൻ കഥാപാത്രത്തിന് തിരശ്ശീലയിൽ കാണുന്ന ക്രൂരമുഖങ്ങളുടെ ഛായ മാത്രമേ പാടുള്ളൂ എന്ന് ശാഠ്യം പിടിക്കരുത് ജാക്ക്...”

“സ്ട്രാട്ടൺ അയാളുടെ കാര്യമാണോ നീ ഉദ്ദേശിക്കുന്നത്?” അവിശ്വസനീയതയോടെ ജാക്ക് ചോദിച്ചു. “ആ നീണ്ട് മെലിഞ്ഞ മനുഷ്യൻ കാണുന്നത് പോലെയല്ല എന്നാണോ നീ പറഞ്ഞു വരുന്നത്?”

“സന്ദർഭം കിട്ടിയാൽ ഒരു സിഗരറ്റ് പാക്കറ്റിന് വേണ്ടി പോലും മനുഷ്യന്റെ കഴുത്തറക്കുന്ന ഇനമാണ് അയാൾ...”

വിടർന്ന കണ്ണുകളോടെ ഡെസ്ഫോർജ് എന്നെ തുറിച്ചു നോക്കിക്കൊണ്ട് നിന്നു. “സഹോദരാ നിനക്കിപ്പോൾ വേണ്ടത് നല്ലൊരു ഉറക്കമാണ്

“അതിന് തന്നെയാണ് ഞാനിപ്പോൾ പോകുന്നതും” ഞാൻ എഴുന്നേറ്റു. “നമുക്ക് പിന്നെ കാണാം ജാക്ക്

ബാറിലെ തിരക്കിൽ നിന്നും പിന്തിരിഞ്ഞ് ഞാൻ ഹാളിലേക്ക് നടന്നു.


(തുടരും)

Sunday 18 January 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 18



സ്ട്രാട്ടൺ തന്റെ ബ്രീഫ് കെയ്സ് തുറന്ന് ഒരു മാപ്പ് എടുത്ത് ചുരുൾ നിവർത്തി മേശപ്പുറത്ത് വച്ചു. തകർന്ന വിമാനം കാണപ്പെട്ട സ്ഥലം വളരെ വ്യക്തമായി അതിൽ അടയാളപ്പെടുത്തിയിരുന്നു. അർത്ഥശൂന്യമായ വെറും ഒരു ഡോട്ടിന് പകരം പെൻസിൽ കൊണ്ട് വൃത്തിയായി വരച്ച ക്രോസ് ബെയറിങ്ങ് അടയാളം. തന്റെ ജോലി നന്നായി അറിയുന്ന ആളാണ് അത് ചെയ്തിരിക്കുന്നതെന്ന് വളരെ വ്യക്തം.

“ഇതിന്റെ കൃത്യതയെക്കുറിച്ച് ഉറപ്പ് തരുവാൻ കഴിയുമോ നിങ്ങൾക്ക്?” ഞാൻ ചോദിച്ചു.

സ്ട്രാട്ടൺ തല കുലുക്കി. “ഇങ്ങോട്ട് തിരിക്കുന്നതിന് മുമ്പ് ഓക്സ്ഫഡിൽ പോയി ഞാൻ ആ സാഹസിക സംഘത്തെ നയിച്ചിരുന്ന രണ്ട് പേരുമായി സംസാരിച്ചിരുന്നു അവരാണ് ഈ മാപ്പ് തന്നത് നാവിഗേഷനെക്കുറിച്ച് ഒരു പിടിപാടുമില്ലെങ്കിൽ ഒരിക്കലും ആ യാത്ര വിജയകരമായി പൂർത്തിയാക്കില്ലായിരുന്നല്ലോ അവർ

തികച്ചും ന്യായമായ വിശദീകരണം. വിദഗ്ദ്ധനായ ഒരു നാവിഗേറ്റർക്ക് മാത്രമേ മഞ്ഞ് മൂടിയ വിജനതയിലൂടെയുള്ള യാത്രാപഥത്തിന്റെ ചാർട്ട് തയ്യാറാക്കാൻ സാധിക്കുകയുള്ളൂ.

ആ സാഹസിക യാത്രയുടെ പാത ചുവന്ന മഷിയിലായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സാൻഡ്‌വിഗിലുള്ള ഒലാഫ് റസ്മൂസെന്റെ കോട്ടേജിനടുത്ത് നിന്നും പുറപ്പെട്ട് സാൻഡ്‌വിഗ് ക്രീക്കിനടുത്തുള്ള കൊടുമുടി താണ്ടി പോകുന്ന നേരിട്ടുള്ള പാത പിന്നെ താഴ്‌വാരം കടന്ന് കുന്നുകൾക്കപ്പുറത്തുള്ള മഞ്ഞ് മൂടിക്കിടക്കുന്ന ഗിരി ശൃംഗങ്ങളുടെ മുകളിലൂടെയുള്ള യാത്രാപഥം ആ വഴിയിലാണ് അവർ ആ വിമാനം തകർന്ന് കിടക്കുന്നത് കണ്ടത്. ഏതാണ്ട് നൂറ് മൈൽ ഉള്ളിലായി സ്യൂലേ തടാകത്തിൽ നിന്നും അധികം ദൂരെയല്ലാതെ.

കുറച്ച് നേരം ആ മാപ്പ് അപഗ്രഥിച്ചതിന് ശേഷം ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടി.

“മിസ്റ്റർ ഫോഗെൽ യൂ ആർ ടോക്കിങ്ങ് റ്റു ദി റോംങ്ങ് മാൻ

“മനസ്സിലായില്ല” അയാൾ പുരികം ചുളിച്ചു.

“വളരെ ലളിതം ഞാൻ പറപ്പിക്കുന്നത് ഒരു ഓട്ടർ ആംഫീബിയനാണ് അതിന് ചക്രങ്ങളും ഉണ്ടെന്നത് ശരി തന്നെ വെള്ളത്തിലോ കരയിലോ എനിക്ക് ലാന്റ് ചെയ്യാൻ കഴിയും ബട്ട് നോട്ട് ഓൺ സ്നോ

“അങ്ങനെയാണെങ്കിൽ ഇവിടെ അടയാളപ്പെടുത്തിയിരുക്കുന്ന ഈ തടാകത്തെക്കുറിച്ച് എന്ത് പറയുന്നു?” സ്ട്രാട്ടൺ ചോദിച്ചു. “സ്യൂലേ തടാകം  അപകട സ്ഥലത്തു നിന്നും ഏറിയാൽ പതിനഞ്ച് മൈൽ ദൂരം മാത്രമേ ഉണ്ടാകൂ ഈ തടാകത്തിലേക്ക് അവിടെ ലാന്റ് ചെയ്യാൻ കഴിയില്ലേ നിങ്ങൾക്ക്?”

“സെപ്റ്റംബർ മാസത്തിൽ ഏതാണ്ട് രണ്ടാഴ്ച്ചക്കാലം മാത്രമേ ആ തടാകത്തിൽ മഞ്ഞുറയാത്തതായി ഉണ്ടാകൂഎന്റെ ഓർമ്മയിൽ അതിന് മുമ്പ് ഒരിക്കലും മഞ്ഞുരുകിയിട്ടില്ല...”

“എന്നിരുന്നാലും ഒന്ന് ശ്രമിച്ച് നോക്കുന്നതിൽ വിരോധമുണ്ടോ നിങ്ങൾക്ക്? കഴിയുമെങ്കിൽ നാളെത്തന്നെ? പ്രതിഫലത്തെക്കുറിച്ചാണെങ്കിൽ നിങ്ങൾ വിഷമിക്കേണ്ട ഒട്ടും കുറയാത്ത തുക തന്നെ നൽകുന്നതായിരിക്കും” ഫോഗെൽ പറഞ്ഞു.

“വെറുതെ നിങ്ങളുടെ പണം പാഴാക്കുകയായിരിക്കും ഞാൻ ചെയ്യുന്നത് എന്നതിൽ യാതൊരു സംശയവും വേണ്ട മിസ്റ്റർ ഫോഗെൽ മാത്രവുമല്ല, നാളെ എനിക്ക് മൂന്ന് ചാർട്ടേഡ് ട്രിപ്പുകൾ ഉള്ളതുമാണ്” ഞാൻ പറഞ്ഞു.

“ആ ട്രിപ്പുകൾക്ക് നിങ്ങൾക്ക് ലഭിക്കുന്ന തുക എത്രയായാലും ശരി, അതിന്റെ ഇരട്ടി ഞാൻ തരുന്നതായിരിക്കും

“ഇല്ല മിസ്റ്റർ ഫോഗെൽ...”  നിഷേധരൂപേണ ഞാൻ തലയാട്ടി. “പണത്തിന് വേണ്ടി വിശ്വാസ്യത നഷ്ടപ്പെടുത്തുവാൻ ഞാനൊരുക്കമല്ല നിങ്ങൾ പോയ്ക്കഴിഞ്ഞാലും എനിക്ക് ജീവിക്കേണ്ടതാണ്എന്റെ സേവനം ഉപയോഗിച്ചുകൊണ്ടിരിക്കുന്നവരോട് ഈ മനോഭാവത്തോടെ പെരുമാറിയാൽ പിന്നെ അധിക കാലം എനിക്കിവിടെ തുടരാൻ കഴിഞ്ഞെന്ന് വരില്ല

“കരമാർഗ്ഗം അവിടെ എത്തിച്ചേരുന്നതിനെക്കുറിച്ച് എന്ത് പറയുന്നു?” സ്ട്രാട്ടൺ ചോദിച്ചു. “ഈ മാപ്പ് അനുസരിച്ച് ഫ്രെഡറിക്സ്ബോർഗിൽ നിന്നും സാൻഡ്‌വിഗ് വരെ ഒരു റോഡ് കാണുന്നുണ്ടല്ലോ

“പർവ്വതങ്ങൾക്കിടയിലെ ഇടുങ്ങിയ ദുർഘടമായ പാതയിലൂടെ നൂറ് മൈൽ! അഞ്ചോ ആറോ മണിക്കൂർ കൊണ്ട് ഒരു ലാന്റ് റോവറിൽ സാൻഡ്‌വിഗ് വരെ എത്തുവാൻ കഴിയും കാലാവസ്ഥ അനുകൂലമാണെങ്കിൽ പക്ഷേ, സാൻഡ്‌വിഗിലേക്ക് പോകുന്നതല്ല ഇവിടുത്തെ പ്രശ്നം ഒരു മണിക്കൂർ നേരം കൊണ്ട് വിമാനത്തിൽ നിങ്ങളെ സാൻഡ്‌വിഗിൽ എത്തിക്കുവാൻ എനിക്ക് കഴിയും പിന്നീടുള്ള യാത്രയാണ് എളുപ്പമല്ലാത്തത് മഞ്ഞുറഞ്ഞ മലകളും പർവ്വത ശിഖരങ്ങളും അതിനപ്പുറമുള്ള ഐസ് ക്യാപ്പും ലോകത്തിലെ ഏറ്റവും ദുർഘടമായ പാതയിലൂടെ കാൽ നടയായി നൂറ് മൈൽ സഞ്ചരിക്കുക! നിങ്ങൾ പറഞ്ഞ ആ യാത്രാസംഘം കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും എടുത്തു കാണും അവിടെ എത്തുവാൻ” ഞാൻ തലയാട്ടി. “ഏറ്റവും അനുയോജ്യമായ മാർഗ്ഗം ഒരു ഹെലികോപ്ടറിന്റെ സഹായം തേടുക എന്നതായിരിക്കുംഇവിടെ ഏറ്റവും അടുത്ത് ഹെലികോപ്ടർ ഉള്ളത് തുലേയിലെ അമേരിക്കൻ ബേസിലാണ് ഇവിടെ നിന്നും ഏതാണ്ട് ആയിരം മൈൽ അകലെ

വീണ്ടും കനത്ത നിശ്ശബ്ദത ഫോഗെൽ വിഷാദഭാവത്തിൽ സ്ട്രാട്ട്ണ് നേരെ നോക്കി. “കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് തോന്നുന്നു

അവരുടെ ലക്ഷ്യം അസാദ്ധ്യമാണെന്നതിന് ഉപോൽബലകമായ കാര്യകാരണങ്ങൾ ഓരോന്നായി നിരത്തിക്കൊണ്ടിരിക്കവെ അവരുടെ നിസ്സഹായത ശരിക്കും ഞാൻ ആസ്വദിക്കുകയായിരുന്നു. എന്നാൽ അവരുടെ എല്ലാ പ്രതീക്ഷയും അസ്തമിക്കുന്നുവെന്ന അവസ്ഥ എത്തിയതും തികച്ചും സാദ്ധ്യമായ ഒരു മാർഗ്ഗം ഞാൻ അവരുടെ മുന്നിൽ അവതരിപ്പിച്ചു.

“തീർച്ചയായും മറ്റൊരു മാർഗ്ഗമുണ്ട് ഒരു സ്കീ പ്ലെയിൻ ലഭ്യമാണെങ്കിൽ അവിടെ ലാന്റ് ചെയ്യാൻ സാധിച്ചേക്കും

“സ്കീ പ്ലെയിൻ ഉള്ള ആരെങ്കിലുമുണ്ടോ ഇവിടെ?” ഫോഗെലിന് ആവേശം കയറിയത് പെട്ടെന്നായിരുന്നു.

ഞാൻ തല കുലുക്കി. “എന്റെ ഒരു സുഹൃത്ത് ഒരു എയർമക്കി വിമാനം ഓപ്പറേറ്റ് ചെയ്യുന്നുണ്ട് ഐസ്‌ലാന്റ് സ്വദേശി ആർണി ഫാസ്ബർഗ് എന്നാണ് പേര് നിങ്ങൾക്ക് ഭാഗ്യമുണ്ടെന്ന് പറയാം വേനൽക്കാലത്ത് അയാൾ വിമാനത്തിന്റെ സ്കീ അഴിച്ച് മാറ്റുകയാണ് പതിവ് പക്ഷേ, ഈ വർഷം മലാമസ്കിലെ ഒരു മൈനിങ്ങ് കമ്പനിയ്ക്ക് വേണ്ടി ചാർട്ടർ കോൺ‌ട്രാക്റ്റ് ഏറ്റെടുത്തിരിക്കുന്നതിനാൽ മഞ്ഞുമലകളുടെ മുകളിലേക്ക് സ്ഥിരമായി ട്രിപ്പുണ്ട് അയാൾക്ക്. അതിനാൽ സ്കീ എടുത്ത് മാറ്റിയിട്ടില്ല

“വിമാനം വീണു കിടക്കുന്ന സ്ഥലത്ത് അയാൾക്ക് ലാന്റ് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്?” സ്ട്രാട്ടൺ ആരാഞ്ഞു.

“ഭാഗ്യമുണ്ടെങ്കിൽ ഒരു പക്ഷേ അയാൾക്ക് കഴിഞ്ഞേക്കും കാലാവസ്ഥയെ ആശ്രയിച്ചിരിക്കും അത് ഒരു സ്നോ ഫീൽഡ് കണ്ടെത്തുവാൻ കഴിഞ്ഞാൽ തീർച്ചയായും ലാന്റ് ചെയ്യാൻ കഴിയും

“അഥവാ സ്നോ ഫീൽഡ് കണ്ടെത്തുവാൻ സാധിച്ചില്ലെങ്കിൽ?”

നിഷേധാർത്ഥത്തിൽ ഞാൻ തലയാട്ടി. “അവിടുത്തെ അവസ്ഥ നിങ്ങൾക്ക് സങ്കല്പിക്കാൻ കഴിയുന്നതിനുമപ്പുറമാണ് ശീതക്കാറ്റേറ്റ് വിവിധ രൂപങ്ങൾ പ്രാപിച്ച മഞ്ഞുപാളികൾ വിമാനം ലാന്റ് ചെയ്യണമെങ്കിൽ അല്പമെങ്കിലും നിരപ്പായ സ്ഥലം കൂടിയേ തീരൂ

“നിങ്ങളുടെ ആ സുഹൃത്ത് ഫാസ്ബർഗ് എന്നല്ലേ പേര് പറഞ്ഞത്? അയാളിവിടെ ഫ്രെഡറിക്സ്ബോർഗിൽ തന്നെയാണോ ഉള്ളത്?” ഫോഗെൽ ചോദിച്ചു.

“ഇവിടെയുള്ള എയർസ്ട്രിപ്പാണ് അയാളുടെ  താവളം റിസപ്ഷിനിലെ ഫോണിൽ നിന്നും അയാളെ ബന്ധപ്പെടാൻ കഴിഞ്ഞേക്കും അഥവാ ഇല്ലെങ്കിൽ തന്നെ ഒരു മെസ്സേജ് പാസ്സ് ചെയ്താൽ മതി രാവിലെ അവിടെ എത്തിയ ഉടൻ തന്നെ അത് അയാൾക്ക് ലഭിച്ചിരിക്കും

“അപ്പോൾ ഈ ഹോട്ടലിൽ അല്ലേ അയാൾ താമസിക്കുന്നത്?”

“അല്ല ടൌണിന്റെ അങ്ങേയറ്റത്ത് അയാൾക്ക് സ്വന്തമായി ഒരു റൂമുണ്ട്

“എങ്കിൽ ഇന്ന് രാത്രി തന്നെ അയാളെ കാണാൻ കഴിയുമോ? കഴിയുന്നതും പെട്ടെന്ന് തന്നെ എല്ലാം പറഞ്ഞുറപ്പിക്കണെമെന്നുണ്ട് എനിക്ക്” ഫോഗെൽ പറഞ്ഞു.

“ഇന്ന് രാത്രി?” ഞാൻ തലയാട്ടി. “ഇന്ന് അയാൾ ഫ്രീ അല്ല ബിലീവ് മീ മിസ്റ്റർ ഫോഗെൽ

“എങ്കിൽ ഏതെങ്കിലും ഒരു പെണ്ണിന്റെയൊപ്പമായിരിക്കും ഞാനറിയുന്ന ആർണിക്ക് മറ്റെന്ത് പ്രോഗ്രാം…?” ഡെസ്ഫോർജ് ഇടയിൽ കയറി പറഞ്ഞു.

സംശയഭാവത്തിൽ ഫോഗെൽ എന്നെ നോക്കി. ഞാൻ തല കുലുക്കി. “എതാണ്ട് അങ്ങനെ തന്നെ ജീവിതത്തിൽ ഈ ഒരു വിഷയം മാത്രമാണ് അയാൾ ഗൌരവമായി എടുക്കാറുള്ളത്” ഞാൻ സാറാ കെൽ‌സോയുടെ നേർക്ക് തിരിഞ്ഞു. “ബൈ ദി വേ യൂ ഹാവ് ഓൾ‌റെഡി മെറ്റ് ഹിം ഡിന്നറിന് അല്പം മുമ്പ് നിങ്ങളുടെ റൂമിന് പുറത്ത് വച്ച്


(തുടരും)

Sunday 11 January 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 17



മിക്കവാറും നിറഞ്ഞു കവിഞ്ഞിരിക്കുന്ന ബാറിലെ പുരുഷന്മാർ എല്ലാം തന്നെ മാന്യമായി പെരുമാറാൻ മനഃപൂർവ്വം ശ്രമിക്കുന്നത് പോലെ തോന്നി. തദ്ദേശികളായ ഒന്നോ രണ്ടോ ധനികർ, ഗവണ്മന്റ് ബിൽഡിങ്ങ് പ്രോജക്റ്റിനു വേണ്ടി ജോലി ചെയ്യുന്ന കുറച്ച് ഡാനിഷ് എൻ‌ജിനീയർമാരും സർവേയർമാരും, തീരക്കടലിൽ സർവ്വേ ജോലികൾക്കായി എത്തിയിരിക്കുന്ന ചെറുപ്പക്കാരായ ഡാനിഷ് നേവി ഓഫീസേഴ്സ് എന്നിങ്ങനെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു ആ ഹാൾ.

ആ ആൾക്കൂട്ടത്തിനിടയിലൂടെ ഞങ്ങൾ മുന്നോട്ട് നടക്കുമ്പോൾ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. അവരിൽ പലരുടെയും സംസാരവിഷയത്തിലെ കേന്ദ്ര കഥാപാത്രം സാറാ കെൽ‌സോ എന്ന സൌന്ദര്യധാമമാണ്. അതിനവരെ പഴി ചാരുവാൻ കഴിയുമായിരുന്നില്ല എനിക്ക്. ഹാളിന്റെ അറ്റത്തുള്ള മേശയ്ക്ക് മുന്നിൽ ഇരിക്കുന്ന അവളുടെ രൂപം മേശപ്പുറത്തെ വിളക്കിൽ നിന്നും പരക്കുന്ന അരണ്ട വെളിച്ചത്തിൽ ആരെയും മയക്കുന്നതായിരുന്നു.

ആ മേശയ്ക്കരികിലേക്ക് ഞങ്ങൾ അടുക്കവെ അവളോടൊപ്പം ഉണ്ടായിരുന്ന പുരുഷൻ എഴുന്നേറ്റു. ഫോഗെൽ അയാളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി.

“ഇത് റാൾഫ് സ്ട്രാട്ടൺ ഞങ്ങളുടെ ഇൻഷുറൻസ് കമ്പനിയുടെ ക്ലെയിംസ് ഡിപ്പാർട്ട്‌മെന്റിലെ എവിയേഷൻ എക്സ്പ്പർട്ടാണ് ഈ രംഗത്തെ ഒരു വിദഗ്ദ്ധൻ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക എന്നത് എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് എനിക്ക് തോന്നി

മെലിഞ്ഞ് ഉയരം കൂടിയ ഒരു വ്യക്തിയാണ് സ്ട്രാട്ടൺ. കട്ടിയുള്ള മീശ വൃത്തിയായി ട്രിം ചെയ്ത് ഭംഗിയാക്കിയിരിക്കുന്നു. കണ്ണുകളിൽ അസാധാരണ തിളക്കം. ഒരു എക്സ് റോയൽ എയർ‌ഫോഴ്സ് ഉദ്യോഗസ്ഥന്റെ രൂപഭാവങ്ങൾ. എന്നാൽ അയാളുടെ സ്വരം ഒരു സ്കൂൾ കുട്ടിയുടേതെന്ന പോലെ തികച്ചും മൃദുവായിരുന്നു. ഹസ്തദാനം നൽകവെ എന്റെ കൈകളിൽ ഒരു നിമിഷം വിശ്രമിച്ച അയാളുടെ കൈപ്പടം സ്ത്രീകളുടേതെന്ന പോലെ മൃദുലമായിരുന്നു.

ഫോഗെൽ മിസ്സിസ് കെൽ‌സോവിന് നേർക്ക് തിരിഞ്ഞു.

“മൈ ഡിയർ, ഐ വുഡ് ലൈക്ക് യൂ റ്റു മീറ്റ് മിസ്റ്റർ മാർട്ടിൻ ഗോട്ട്‌ഹാബിൽ വച്ച് അവർ പറഞ്ഞ ആ ചെറുപ്പക്കാരൻ നമ്മുടെ പ്രശ്നത്തിൽ ഇദ്ദേഹത്തിന് കാര്യമായി സഹായിക്കുവാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്

“ഒരു വിധത്തിൽ പറഞ്ഞാൽ ഞങ്ങൾ നേരത്തെ തന്നെ പരസ്പരം കണ്ടുമുട്ടിയിരുന്നു” ഹസ്തദാനത്തിനായി അവൾ കൈ നീട്ടി. എന്റെ കൈ തന്റെ കരതലത്തിൽ അടക്കിക്കൊണ്ട് ഒരു നീണ്ട മാത്ര അവൾ നിന്നു. ആ കറുത്ത കണ്ണുകളിൽ അടക്കാനാവാത്ത ആകാംക്ഷ നിറഞ്ഞു നിൽക്കുന്നത് എനിക്ക് കാണുവാൻ കഴിയുന്നുണ്ടായിരുന്നു. പിന്നെ തികച്ചും താളാത്മകതയോടെ മൃദുസ്വരത്തിൽ അവൾ തുടർന്നു. “കഴിഞ്ഞ മൂന്ന് നാല് ദിനങ്ങൾ വാസ്തവത്തിൽ നരക തുല്യമായിരുന്നു ഞങ്ങളുടെ അന്വേഷണം എവിടെയെങ്കിലും എത്തുമോ എന്ന കാര്യത്തിൽ യാതൊരു പ്രതീക്ഷയും ഇല്ലാതായ അവസ്ഥ” അവളുടെ സ്വരം തീർത്തും വികാരധീനമായി.

ഡെസ്ഫോർജാണ് അവിടെ തളം കെട്ടിയ മൌനം ഭഞ്ജിച്ചത്.  “ജോ നമുക്ക് പിന്നീട് കാണാം നിങ്ങൾ സംസാരിച്ചിരിക്കൂ

“അതിന്റെ ആവശ്യമില്ല” ഫോഗെൽ പെട്ടെന്ന് ഇടപെട്ടു. “ദിസ് ഈസ് മിസ്റ്റർ ജാക്ക് ഡെസ്ഫോർജ്, മൈ ഡിയർ ഇദ്ദേഹം ഇവിടെ നിൽക്കുന്നതു കൊണ്ട് നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ?”

അപ്പോഴാണവൾ അദ്ദേഹത്തെ ശ്രദ്ധിച്ചത് തന്നെ. അവിശ്വസനീയതയും അത്ഭുതവും കൊണ്ട് അവളുടെ മുഖം വികസിച്ചു. “മൈ ഗോഡ് ഞാൻ സ്വപ്നം കാണുകയാണോ?!!”

അദ്ദേഹം അവളുടെ കൈത്തണ്ടയിൽ പതുക്കെ തട്ടി. “എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഒരു വാക്ക് പറഞ്ഞാൽ മതി ഒരു വാക്ക്

അവൾ അദ്ദേഹത്തിന്റെ കരം കവർന്നു. അവൾ വിടുവാൻ കൂട്ടാക്കാത്തതിനാൽ കുറേയധിക നേരം അദ്ദേഹത്തിന്റെ കൈ അവളുടെ കരതലത്തിൽ വിശ്രമിച്ചു. അദ്ദേഹത്തെ തന്റെ വരുതിയിലാക്കാൻ അത് ധാരാളമായിരുന്നു അവൾക്ക്. ഡെസ്ഫോർജിന്റെ മുഖഭാവത്തിൽ നിന്നും വളരെ വ്യക്തമായി അത് മനസ്സിലാക്കുവാൻ സാധിച്ചു എനിക്ക്. ആ മേശയ്ക്ക് ചുറ്റുമായി എല്ലാവരും ഇരിക്കുവാൻ തുനിയവെ പരിസരത്ത് നിന്നിരുന്ന വെയ്റ്ററെ ഫോഗെൽ കൈ ഞൊടിച്ച് വിളിച്ചിട്ട് കോഫി ഓർഡർ ചെയ്തു. ഡെസ്ഫോർജ് തന്റെ സിഗരറ്റ് പാക്കറ്റ് തുറന്ന് മിസ്സിസ് കെൽ‌സോവിന് നേർക്ക് നീട്ടി.

“മിസ്റ്റർ ഫോഗെൽ കാര്യങ്ങളെല്ലാം വിശദീകരിച്ചു കാണുമെന്ന് കരുതട്ടെ?” പിറകിലെ ചുവരിലേക്ക് ചാരിയിരുന്ന് സാറാ കെൽ‌സോ വീണ്ടും എന്റെ മുഖത്ത് ദൃഷ്ടി പതിപ്പിച്ചു.

“തീർച്ചയായും പക്ഷേ, ഒരു കാര്യം മാത്രം ഇനിക്കിപ്പോഴും അത്ര ദഹിക്കുന്നില്ല വിമാനം തകർന്നയിടത്ത് നിങ്ങൾ എന്തിന് പോകണം?” അവളോട് ഞാൻ ചോദിച്ചു.

“ഞാൻ വിചാരിച്ചത് നിങ്ങൾക്കത് മനസ്സിലായിക്കാണുമെന്നായിരുന്നു മിസ്റ്റർ മാർട്ടിൻ” ഫോഗെൽ പറഞ്ഞു. തകർന്ന ആ വിമാനത്തിനകത്ത് നിന്നും കണ്ടുകിട്ടിയ ആ രണ്ടാമന്റെ ഐഡന്റിറ്റി സംശയങ്ങൾക്കിടയില്ലാത്ത വിധം ഉറപ്പു വരുത്തുക എന്നതാണ് ഞങ്ങളുടെ ഈ ഇൻ‌വെസ്റ്റിഗേഷന്റെ ആത്യന്തിക ലക്ഷ്യംഇനിയും അജ്ഞാതനായി നിലകൊള്ളുന്ന മിസ്റ്റർ ഹാരിസൺ അയാൾ ആരായിരുന്നാലും ശരി, അയാളുടെ മൃതശരീരമാണോ അത്? അറിയില്ല അതോ ഇനി അത് ജാക്ക് കെൽ‌സോവിന്റേതാണോ? എന്റെ അഭിപ്രായത്തിൽ ആ ചോദ്യത്തിന് അർത്ഥശങ്കയ്ക്കിടയില്ല്ലാത്ത വിധം ഉത്തരം നൽകാൻ കഴിയുന്ന ഒരേയൊരു വ്യക്തി മിസ്സിസ് കെൽ‌സോ മാത്രമാണ്

“അവിടെ ചെന്ന് മൃതശരീരം കണ്ടതിന് ശേഷം?” ഞാൻ പൊട്ടിച്ചിരിച്ചു. “മിസ്സിസ് കെൽ‌സോവിന് അത് തന്റെ ഭർത്താവിന്റേതാണെന്ന് ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നു പക്ഷേ, അത് തന്റെ ഭർത്താവിന്റേതല്ല എന്ന ഒരു നേരിയ സംശയത്തിന്റെ ആനുകൂല്യം ഒരു ബിസിനസ്‌മാൻ എന്ന നിലയിൽ ഇവരിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടല്ലേ മിസ്റ്റർ ഫോഗെൽ?”

എന്റെ പ്രതീക്ഷക്ക് വിരുദ്ധമായി ഡെസ്ഫോർജാണ് അപ്പോൾ പ്രതികരിച്ചത്.

“ജോ നീ ഇപ്പോൾ പറഞ്ഞത് തീർത്തും മര്യാദകേടായിപ്പോയി” രോഷത്തോടെ അദ്ദേഹം പറഞ്ഞു.

സാറാ കെൽ‌സോ തന്റെ കൈ അദ്ദേഹത്തിന്റെ കൈത്തണ്ടയുടെ മേൽ വച്ചു. “ഇല്ല മിസ്റ്റർ ഡെസ്ഫോർജ് താങ്കളുടെ സുഹൃത്ത് പറഞ്ഞതിൽ കാര്യമുണ്ട് ആ മൃതശരീരം എന്റെ ഭർത്താവിന്റേതല്ലെങ്കിൽ എന്റെ നില തീർത്തും പരുങ്ങലിലാണ് മിസ്റ്റർ ഫോഗെലിന് അത് നന്നായിട്ടറിയാം

ഫോഗെൽ മുന്നോട്ട് കുനിഞ്ഞ് അവൾക്കരികിലേക്ക് നീങ്ങിയിരുന്നു. “മൈ ഡിയർ എന്റെ അധികാരപരിധിയിൽ നിന്നു കൊണ്ട് കഴിവിന്റെ പരമാവധി നിന്നെ ഞാൻ സഹായിക്കുന്നതായിരിക്കും പക്ഷേ, ഒരു കാര്യം നീ മനസ്സിലാക്കണം, എന്റെ കൈകളും ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നുള്ളത്

ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചിട്ട് വേദനയോടെ അവൾ എന്റെ നേർക്ക് തിരിഞ്ഞു. “മിസ്റ്റർ മാർട്ടിൻഎനിക്ക് ചെറിയ രണ്ട് ആൺ കുഞ്ഞുങ്ങളുണ്ട് അറിയുമോ നിങ്ങൾക്ക്?”

“ഇല്ല അറിയില്ലായിരുന്നു, മിസ്സിസ് കെൽ‌സോ

“അതാണ് പറയുന്നത് വെറും പണത്തിന്റെ മാത്രം പ്രശ്നമല്ല ഇത് അതിലും എത്രയോ വലുതാണ് അവിടെ ചേതനയറ്റ് കിടക്കുന്ന ആ മനുഷ്യൻ എന്റെ ഭർത്താവ് തന്നെയാണോ എന്ന് എനിക്കറിഞ്ഞേ തീരൂ മനസ്സിലായോ?”

ആ മിഴികളിൽ ഉത്കണ്ഠ നിറഞ്ഞിരുന്നു. അവളുടെ കൈകൾ എന്റെ കൈകളെ സ്പർശിക്കുവാനായി പതുക്കെ നീണ്ടു വന്നു. കുറച്ച് നേരത്തേക്ക് അവളുടേതായ ലോകത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയത് പോലെ ആ അവസ്ഥയിൽ നിന്നും പുറത്ത് കടക്കുവാൻ എനിക്കല്പം ബുദ്ധിമുട്ടേണ്ടി വന്നു.

“യെസ് ഞാൻ മനസ്സിലാക്കുന്നു, മിസ്സിസ് കെൽ‌സോ അയാം സോറി

“എന്താണ് വാസ്തവത്തിൽ സംഭവിക്കുന്നതെന്നതിനെക്കുറിച്ച് ഒരു ഏകദേശ രൂപം മിസ്സിസ് കെൽ‌സോവിന് കൊടുത്തിട്ടുണ്ട്” ഫോഗെൽ പറഞ്ഞു. “ഞങ്ങളോടൊപ്പം വരുവാൻ താല്പര്യമുണ്ടെന്ന് ഇവൾ പറഞ്ഞപ്പോൾ ഞങ്ങൾ എതിർക്കുവാൻ നിന്നില്ല അദ്ദേഹത്തിന്റെ ശരീരത്തെക്കുറിച്ചുള്ള വ്യക്തമായ വിവരണവും ചിത്രങ്ങളും പിന്നെ സൈറ്റിൽ ചെന്നിട്ട് മാത്രം ഉറപ്പ് വരുത്താൻ സാധിക്കുന്ന ചില പ്രത്യേക വിവരങ്ങളും അവളുടെ കൈവശമുണ്ട് ഇത്രയൊക്കെയുള്ള നിലയ്ക്ക് ഒരു ഫാൾസ് ഐഡന്റിഫിക്കേഷൻ നടത്തുവാൻ ഇവൾ തുനിയുമെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്?”

“അദ്ദേഹത്തിന്റെ ഫോട്ടോ ഒന്ന് കാണുവൻ പറ്റുമോ എനിക്ക്?” ഞാൻ ചോദിച്ചു.

അയാൾ തന്റെ സഹപ്രവർത്തകന്റെ നേർക്ക് തലയാട്ടി. റാൾഫ് സ്ട്രാട്ടൺ തന്റെ ബ്രീഫ്കെയ്സ് തുറന്ന് ഒരു ഫയലിൽ നിന്നും രണ്ട് ഫോട്ടോഗ്രാഫുകൾ പുറത്തെടുത്ത് എന്റെ മുന്നിലേക്കിട്ടു. ആദ്യത്തേത് ഒരു ഛായാചിത്രമായിരുന്നു. ഇരുപതുകളുടെ അന്ത്യത്തിൽ നിൽക്കുന്ന ഒരു സുമുഖൻ. രണ്ടാമത്തേതാകട്ടെ ഒരു ചെറു വിമാനത്തിനരികിൽ വൈമാനിക വേഷത്തിൽ നിൽക്കുന്ന ഫോട്ടോയാണ്. ആദ്യത്തേതിൽ അയാളുടേത് ഒരു ശരാശരി രൂപമാണെങ്കിൽ രണ്ടാമത്തേതിൽ ഇരുത്തം വന്ന ഒരു പ്രൊഫഷണലിന്റെ എടുപ്പുണ്ട്.

രണ്ട് ചിത്രങ്ങളും ഞാൻ സാറാ കെൽ‌സോയുടെ മുന്നിലേക്കിട്ടു. “അപ്പോൾ അദ്ദേഹത്തെ കണ്ടാൽ ഏതാണ്ട് ഇങ്ങനെയിരിക്കും?”

അന്ധാളിപ്പോടെ പുരികം ചുളിച്ച് അവൾ എന്നെ തുറിച്ച് നോക്കി. “നിങ്ങളെന്താണുദ്ദേശിച്ചത്? മനസ്സിലായില്ല

“ഈ ഹിമത്തൊപ്പി എന്ന് പറയുന്നത് എന്താണെന്നതിനെക്കുറിച്ച് ഞാൻ വിശദമാക്കാം മിസ്സിസ് കെൽ‌സോ മഞ്ഞുറഞ്ഞ് കിടക്കുന്ന പർവ്വത ശിഖരങ്ങൾ അത് എങ്ങനെയിരിക്കുമെന്ന് ഒരു പക്ഷേ, നിങ്ങൾക്ക് വ്യക്തമായ രൂപമുണ്ടായിരിക്കില്ല മാംസം അഴുകാത്ത അത്രയും തണുപ്പാണവിടെ അതായത് ജീവൻ വെടിയുന്നതോടെ ശരീരം ഒരു ഫ്രീസറിലെന്ന പോലെ മരവിച്ച് അനന്ത കാലത്തേക്ക് സൂക്ഷിക്കപ്പെടുന്നു...”

“പക്ഷേ, ആ സാഹസിക യാത്രാസംഘത്തിന്റെ റിപ്പോർട്ടിൻ പ്രകാരം ആ ശവശരീരങ്ങൾ അഴുകിത്തുടങ്ങിയ അവസ്ഥയിലായിരുന്നുവെന്നാണല്ലോ” ഫോഗെൽ പെട്ടെന്ന് ഇടപെട്ടു.

“ആ ഗിരിശൃംഗങ്ങളിൽ ഒരേയൊരു സാധനം മാത്രമേ ജീവിക്കുന്നുള്ളൂ, മിസ്റ്റർ ഫോഗെൽ ആർട്ടിക്ക് കുറുക്കൻ കഴുതപ്പുലിയെപ്പോലെ ഭീകരൻ മഞ്ഞുമലകളിലെ ശുചീകരണക്കാരൻ

അധികം എനിക്ക് വിശദീകരിക്കേണ്ടി വന്നില്ല. കണ്ണുകൾ ഇറുകെയടച്ച് സാറാ കെൽ‌സോ പിന്നോട്ട് ചാഞ്ഞ് ഇരുന്നു. മനസ്സിനുള്ളിൽ പടരുന്ന വേദന അവളുടെ മുഖത്ത് മിന്നി മറയുന്നത് ഞാൻ ശ്രദ്ധിച്ചു. അടുത്ത നിമിഷം മിഴികൾ തുറന്ന അവളുടെ സ്വരത്തിൽ എന്തെന്നില്ലാത്ത ദൃഢതയുണ്ടായിരുന്നു.

“അതെന്തും ആയിക്കോട്ടെ മിസ്റ്റർ മാർട്ടിൻ മൃതദേഹം ഏതവസ്ഥയിൽ ആയിക്കോട്ടെ തിരിച്ചറിയുക എന്ന ദൌത്യം മാത്രമേ ഇപ്പോൾ എന്റെ മുന്നിൽ ഉള്ളൂ

വീണ്ടും നീണ്ട നിശ്ശബ്ദത ഇത്തവണയും ഡെസ്ഫോർജ് തന്നെയാണ് അതിന് വിരാമമിട്ടത്.

“ജോ എന്ത് വിചാരിച്ചിട്ടാണ് നീ?”

“എന്റെ മനസ്സിൽ പ്രത്യേകിച്ചൊരു ദുരുദ്ദേശ്യവുമില്ല കാര്യങ്ങളുടെ നിജഃസ്ഥിതി എല്ലാവരും അറിഞ്ഞിരിക്കണം അത്ര മാത്രം” ഞാൻ ഫോഗെലിന് നേർക്ക് തിരിഞ്ഞു. “ഇപ്പോൾ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമായിക്കാണുമല്ലോ ഇനി നമുക്ക് നേരെ ദൌത്യത്തിലേക്ക് കടക്കാം ആദ്യമായിട്ട് എനിക്കറിയേണ്ടത് ഈ വിമാനം തകർന്ന് കിടക്കുന്ന പ്രദേശത്തിന്റെ ലൊക്കേഷനാണ്


(തുടരും)