Sunday 22 March 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 25



“സെർജന്റ് സൈമൺസെനുമായി ഞാൻ സംസാരിച്ചിരുന്നു, മിസ്റ്റർ മാർട്ടിൻ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം” ഫോഗെൽ പറഞ്ഞു.

“അത് നാം അവിടെ എത്തുമ്പോൾ ഉള്ള കാലാവസ്ഥയെ അനുസരിച്ചിരിക്കും...” ഞാൻ പറഞ്ഞു.

അവർ ഞങ്ങളുടെ മേശക്കരികിലായി ഇരിപ്പുറപ്പിച്ചു.

“ആ തടാകത്തിൽ ലാന്റ് ചെയ്യുക എന്നത് സാദ്ധ്യമായിരിക്കാംപക്ഷേ, അതിന് കാലാവസ്ഥ കൂടി അനുകൂലമാകേണ്ടതുണ്ട് ഉദാഹരണത്തിന്, ഇന്ന് രാവിലെ ആർണി ഫാസ്ബെർഗ് നിരീക്ഷണപ്പറക്കൽ നടത്തുമ്പോൾ ആ പ്രദേശത്ത് കനത്ത മൂടൽ മഞ്ഞായിരുന്നു ആ തടാകം പോലും കാണുവാൻ കഴിഞ്ഞില്ല എന്നാണവൻ പറഞ്ഞത്” ഞാൻ കൂട്ടിച്ചേർത്തു.

“ഇത്തരം പ്രതിഭാസം പതിവുള്ളതാണോ അവിടെ?” സ്ട്രാട്ടൺ ആരാഞ്ഞു.

ഞാൻ തല കുലുക്കി. “അതെ ഏത് നിമിഷവും കാലാവസ്ഥ മാറി മറിയാം വേനൽക്കാലത്ത് പോലും മഴ, ആലിപ്പഴം, മൂടൽ മഞ്ഞ്, ഹിമവാതം എവിടെ നിന്നാണ് ഇവയൊക്കെ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നതെന്ന് നാം അത്ഭുതപ്പെട്ടു പോകും ചിലപ്പോൾ ഒരു മണിക്കൂർ കഴിയുമ്പോഴേക്കും ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന മട്ടിൽ നല്ല തെളിഞ്ഞ നീലാകാശവും കാണാം ആട്ടെ, സ്കീയിങ്ങിൽ നിങ്ങളുടെ പരിചയം എത്രത്തോളമുണ്ട്?”

“ഓസ്ട്രിയയിലെ ടൈറളിലാണ് ഞാൻ ജനിച്ചതും വളർന്നതും” ഫോഗെൽ പറഞ്ഞു. “എന്ന് വച്ചാൽ എന്റെ അഞ്ചാമത്തെ വയസ്സ് തൊട്ട് സ്കൂളിലേക്ക് പോയിരുന്നത് തന്നെ സ്കീ ഉപയോഗിച്ചായിരുന്നുവെന്ന്പിന്നെ, സ്ട്രാട്ടൺ വിന്റർ ഹോളിഡേയ്സ് ഫ്രാൻസിൽ ചെലവഴിച്ച് പരിചയമുണ്ട് ഇദ്ദേഹത്തിന് എനിക്ക് തോന്നുന്നത് അത് തന്നെ ധാരാളമായിരിക്കുമെന്നാണ്

“ഈ കൂട്ടത്തിൽ പെടാത്തതായിട്ടുള്ളത് ഞാൻ മാത്രമാണ്” സാറാ കെൽ‌സോ പറഞ്ഞു. “പക്ഷേ, സെർജന്റ് സൈമൺസെൻ പറഞ്ഞത് അതൊരു പ്രശ്നമല്ലെന്നാണ്

“നിങ്ങൾക്ക് വി.ഐ.പി പരിചരണമാണ് ലഭിക്കാൻ പോകുന്നതെന്നാണ് ഞാൻ കേട്ടത്” ഡെസ്ഫോർജ് അവളോട് പറഞ്ഞു. “ഹെയർ സ്റ്റൈലിന് പോലും കോട്ടം തട്ടാതെ ആയിരിക്കും നിങ്ങൾ അവിടെ എത്താൻ പോകുന്നത് നൌ വാട്ട് എബൌട്ട് എ ഡ്രിങ്ക്?”

റെസ്റ്റോറന്റ് കൂടുതൽ ശബ്ദായമാനമായിത്തുടങ്ങിയിരിക്കുന്നു. അത്രയൊന്നും വിസ്താരമില്ലാത്ത നൃത്ത വേദിയിൽ ആളുകൾ നിറഞ്ഞിരിക്കുന്നു. ഇരുണ്ട മൂലകളിൽ അങ്ങിങ്ങായി ഇടയ്ക്ക് ഉയരുന്ന സീൽക്കാരങ്ങൾ ഗ്ലാസുകൾ വീണുടയുന്ന ശബ്ദം ഹാളിൽ എമ്പാടും നിറഞ്ഞ് നിൽക്കുന്ന പുകച്ചുരുളുകളുടെ പുകയില ഗന്ധം.

“ഇത് ലണ്ടൻ ഹിൽട്ടൺ ഒന്നുമല്ല” സാറയുടെ മുന്നിലേക്ക് ഡെസ്ഫോർജ് ഒന്ന് കൂടി അടുത്തിരുന്നു. “സത്യം പറയൂ ഇവിടെ വന്നത് അബദ്ധമായി എന്ന് തോന്നുന്നില്ലേ?”

“ഓ അങ്ങനെയൊന്നുമില്ല എന്റെ സുരക്ഷയ്ക്ക് നിങ്ങളൊക്കെയുണ്ടല്ലോ ഇവിടെ സത്യം പറഞ്ഞാൽ ഞാനിതൊക്കെ ആസ്വദിക്കുകയാണ്” അവൾ പറഞ്ഞു.

പെട്ടെന്നാണ് ഹാളിന്റെ ഹാഫ് ഡോർ ശക്തിയോടെ മലക്കെത്തുറന്ന് അയാൾ ഉള്ളിലേക്ക് കയറിയത്. ഏതാണ്ട് അര ഡസനോളം പേരുടെ അകമ്പടിയോടെ എത്തിയ അയാൾ ഒരു നിമിഷം അവിടെ നിന്നും ചുറ്റുമൊന്ന് വീക്ഷിച്ചു. റീഫർ കോട്ടും ഒരു കറുത്ത തുണിത്തൊപ്പിയും അണിഞ്ഞ ഒരു ആജാനുബാഹു ഡ ഗാമ കുറുകിയ കണ്ണുകളും പരന്ന കവിളെല്ലുകളും ഇരുണ്ട നിറവും എല്ലാം കൂടി ഒരു രൌദ്രഭാവം അയാൾക്ക് നൽകി.

വാതിൽക്കൽ വച്ചിരിക്കുന്ന ജ്യൂക്ക് ബോക്സിലെ സംഗീതം തുടർന്നുകൊണ്ടേയിരുന്നുവെങ്കിലും അവിടെയുണ്ടായിരുന്ന ആൾക്കൂട്ടത്തിന്റെ ആരവം അല്പനേരത്തേക്ക് ഒന്നടങ്ങി. പിന്നോട്ട് തിരിഞ്ഞ് തന്റെയൊപ്പമുള്ളവരോട് എന്തോ പറഞ്ഞിട്ട് ഡ ഗാമ ഉറക്കെ ചിരിച്ചു. അതോടെ അവിടുത്തെ പിരിമുറുക്കത്തിന് അല്പം അയവ് വരികയും എല്ലാവരും തങ്ങളുടെ പ്രവൃത്തികളിലേക്ക് മടങ്ങുകയും ചെയ്തു.

ഡ ഗാമയും സംഘവും ബാർ കൌണ്ടറിന് നേർക്ക് നീങ്ങി. ഹാളിന്റെ ചുമരിനരികിലൂടെയുള്ള മാർഗ്ഗത്തിന് പകരം എളുപ്പവഴിയായി അയാൾ തെരഞ്ഞെടുത്തത് നൃത്തവേദിക്ക് കുറുകെ കടക്കുക എന്നതായിരുന്നു. ഗാമയെയും സംഘത്തെയും കണ്ടതോടെ വേദിയിലെ ആൾക്കൂട്ടം ഇരുവശത്തേക്കും നീങ്ങി അവർക്ക് വഴി മാറിക്കൊടുത്തു.
   
ഗ്ലാസിലെ മദ്യം കാലിയാക്കിയിട്ട് ഡെസ്ഫോർജ് വീണ്ടും നിറച്ചു. “അപ്പോൾ അതാണ് ഡ ഗാമ.  ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാവും പയറ് മണിയുടെ വലിപ്പമേയുള്ളൂ അവന്റെ തലച്ചോറിനെന്ന്

“തലച്ചോറല്ല, അയാളുടെ കൈകളാണ് ശ്രദ്ധിക്കേണ്ടത് വിറക് കൊള്ളി പോലെ നമ്മുടെ കൈത്തണ്ട ഒടിച്ചുകളയാനുള്ള ശക്തിയുണ്ടയാൾക്ക്” ഞാൻ പറഞ്ഞു.

സ്ട്രാട്ടന്റെ ഭാവ മാറ്റമാണ് ഞാനപ്പോൾ ശ്രദ്ധിച്ചത്. അയാളുടെ മുഖം വിവർണ്ണമാകുന്നതും കണ്ണുകൾക്ക് തിളക്കം വയ്ക്കുന്നതും തെല്ലൊരു അത്ഭുതത്തോടെ ഞാൻ വീക്ഷിച്ചു. വില കൂടിയ കറുത്ത ലെതർ ഗ്ലൌസുകൾ അണിഞ്ഞ അയാളുടെ കൈകൾ ഒരു തൂവലിന്റെ മൃദുത്വത്തോടെ മേശയുടെ അരികിൽ വിശ്രമിക്കുന്നതിൽ കണ്ട അപാകത അതെ അയാളെ ആദ്യമായി കണ്ട മാത്രയിൽ തന്നെ എന്റെ മനസ്സിൽ മുള പൊട്ടിയ ആ സംശയം തെറ്റിയിട്ടില്ല ബലിഷ്ഠകായനാണെങ്കിലും മൊത്തത്തിലുള്ള അയാളുടെ സ്ത്രൈണത സ്വവർഗ്ഗാനുരാഗികളെക്കുറിച്ച് പലരും മനസ്സിലാക്കാതെ പോകുന്ന വസ്തുത ഒരു പക്ഷേ, ഡ ഗാമയുടെ വന്യമായ പൌരുഷമാകാം സ്ട്രാട്ടന്റെ ഈ ഭാവമാറ്റത്തിന് കാരണം.

“ഒത്ത ഒരു മനുഷ്യൻ അല്ലേ?” സാറാ കെൽ‌സോ അഭിപ്രായപ്പെട്ടു.

“അത് നിങ്ങളുടെ കാഴ്ച്ചപ്പാടനുസരിച്ചിരിക്കും സാറാ” സ്ട്രാട്ടൺ ഒരു സിഗരറ്റിന് തീ കൊളുത്തി. “സത്യം പറഞ്ഞാൽ അയാൾക്ക് ഇരുകാലുകളിൽ നടക്കാൻ കഴിയുന്നത് കണ്ടിട്ട് എനിക്ക് അത്ഭുതം തോന്നുന്നുഏതാണ്ട് അര മില്യൻ വർഷങ്ങൾക്ക് മുമ്പാണ് മനുഷ്യന്റെ പരിണാമം പൂർത്തിയായത് എന്നായിരുന്നു ഞാൻ കരുതിയിരുന്നത്...”

അയാൾ പറഞ്ഞതിൽ ഒരു കാര്യം ശരിയായിരുന്നു. ഡ ഗാമ ശരിക്കും ഒരു മൃഗം തന്നെയാണ്. മനുഷ്യത്വമില്ലായ്മ, ക്രൂരഭാവം, മറ്റുള്ളവരുടെ വേദനയിൽ രസം കണ്ടെത്തുന്ന സ്വഭാവം എന്നിവയെല്ലാം അയാളുടെ കൂടപ്പിറപ്പാണ്. ഒരിക്കൽ ഒരു എതിരാളിയെ ഇടിച്ച് നിലത്തിട്ട് ഉറുമ്പിനെയെന്ന പോലെ ചവിട്ടിത്തേക്കുന്നതിന് ദൃക്‌സാക്ഷിയായതാണ് ഞാൻ.

ഡെസ്ഫോർജ് ഗ്ലാസിലേക്ക് വീണ്ടുമൊരു ലാർജ്ജ് പകർന്നു. അദ്ദേഹത്തിന്റെ കണ്ണുകളിലെ അപ്പോഴത്തെ ആ ഭാവം അത്ര സുഖകരമായി എനിക്ക് തോന്നിയില്ല. അല്പം വിസ്കി നുണഞ്ഞിട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു. “ജോ പണ്ടുള്ളവർ പറയുന്നത് നീ കേട്ടിട്ടുണ്ടോ വലിയവൻ വീഴുമ്പോൾ ആഘാതവും വലുതായിരിക്കുമെന്ന്

“ജാക്ക് ഇത്തരത്തിലുള്ള സംസാരം അപകടകരമാണ്” ഞാൻ ഓർമ്മപ്പെടുത്തി. “ചില വസ്തുതകൾ ഞാൻ പറയാം ഡ ഗാമ ഒരിക്കലും ഒരു ശണ്ഠ തുടങ്ങി വയ്ക്കാറില്ല അക്കാര്യം അയാൾ എതിരാളിക്ക് വിടുന്നു  അതിനാൽ അയാൾക്ക് ഒരിക്കലും ജയിലിൽ കിടക്കേണ്ടി വരാറില്ല പക്ഷേ, എതിരാളിയെ നിലം‌പരിശാക്കാതെ പിന്മാറിയ ചരിത്രമില്ല അയാൾക്ക്കഴിഞ്ഞ മാസമാണ് ഗോട്‌ഹാബിൽ വച്ച് ഇയാൾ ഒരു നാവികനെ അടിച്ച് കൈയും കാലും ഒടിച്ചത് മാത്രമല്ല, ഇവിടെ ഈ ബാറിൽ വച്ച് ഒരു നായാട്ടുകാരനെ ആക്രമിച്ച് മരണാസന്നനാക്കുകയും ചെയ്തു

“പിന്നെ ഞാനെന്ത് ചെയ്യണമെന്നാണ് നീ പറയുന്നത് അയാളെ തൊഴുത് നമസ്കരിക്കണമെന്നോ?”

കൂടുതലൊന്നും പറയേണ്ടി വന്നില്ല അദ്ദേഹത്തിന്. ഹാഫ് ഡോർ തുറന്ന് ആർണി ഫാസ്ബെർഗ് ഉള്ളിലേക്ക് പ്രവേശിച്ചത് അപ്പോഴായിരുന്നു. അവന്റെ കൈകളിൽ തൂങ്ങി ഇലാനയും മനോഹരമായ ഒരു രോമക്കുപ്പായമായിരുന്നു അവൾ ധരിച്ചിരുന്നത്. പടികളിൽ നിന്നു കൊണ്ട് ഒരു നിമിഷം അവൾ ആ ഹാൾ മൊത്തം ഒന്ന് വീക്ഷിച്ചു. അത്ഭുതം കൂറി ഇരിക്കുന്ന എന്നെ കണ്ടതും പ്രത്യേകിച്ചൊരു ഭാവമാറ്റവും കൂടാതെ തന്റെ രോമക്കുപ്പായം അഴിച്ച് അവൾ ആർണിയുടെ കൈകളിൽ കൊടുത്തു.

അതിനടിയിൽ അവൾ ധരിച്ചിരുന്നത് ആരെയും മയക്കുന്ന ആ വസ്ത്രമായിരുന്നു. സുവർണ്ണ നൂലുകളാൽ അലങ്കാരപ്പണികൾ ചെയ്ത ആ പട്ടുവസ്ത്രം. ഹാളിലെ അരണ്ട വെട്ടം ആ വസ്ത്രത്തിൽ തീ പടരുന്ന പ്രതീതിയായിരുന്നു നൽകിയത്. നിർത്താതെ വാദ്യമേളം പുറപ്പെടുവിപ്പിച്ചു കൊണ്ടിരുന്ന ആ ജ്യൂക്ക് ബോക്സ് ഒഴികെ റെസ്റ്റോറന്റിലെ സകലതും നിശ്ശബ്ദമായി.  

പതുക്കെ അവൾ പടികളിലൂടെ താഴേക്ക് ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് നടന്നു. ഹാളിലെ എല്ലാ ഭാഗത്ത് നിന്നും ആവേശപൂർവ്വമുള്ള സംസാരവും പിന്നീട് ഉച്ചത്തിലുള്ള ചിരിയും ഇടകലർന്ന് ഉയർന്നു തുടങ്ങി. അതെ ദ്വയാർത്ഥം നിറഞ്ഞ അപകടകരമായ ചിരി ശ്വാസമടക്കിപ്പിച്ച് അവിടെ ഇരിക്കുമ്പോൾ ഞാൻ ആത്മാർത്ഥമായും ആഗ്രഹിച്ചു പോയി ആ റെസ്റ്റോറന്റിന്റെ മേൽക്കൂര ഒന്നോടെ താഴോട്ട് പതിച്ച് എല്ലാം അവസാനിച്ചിരുന്നുവെങ്കിൽ എന്ന്.   

(തുടരും)

Sunday 15 March 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 24



തീർത്തും ഇടത്തരം വിഭാഗത്തിൽ പെടുന്ന ഒരു റെസ്റ്റോറന്റ് ആയിരുന്നു ഫ്രെഡറിക്‌സ്മട്ട്. സിംഗപ്പൂർ മുതൽ വ്യോമിങ്ങ് വരെയുള്ള ഏത് നഗരങ്ങളിലും കാണാവുന്നതാണ് ഇത്തരം ഭോജനശാലകൾ. മുൻ‌ഭാഗത്ത് വരാന്തയോട് കൂടിയ ഒരു ഇരുനിലക്കെട്ടിടം മുഴുവാനായും പലകകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. വരാന്തയിൽ നിന്നും ഹാഫ് ഡോർ തുറന്ന് ഉള്ളിലേക്ക് പ്രവേശിക്കുന്നത് വിശാലമായ ഒരു ഹാളിലേക്കാണ്.

പുറമെ നിന്നു കാണുമ്പോഴുള്ള വിലയിരുത്തലിൽ നിന്നും വ്യത്യസ്തമാണ് റെസ്റ്റോറന്റിന്റെ ഉൾഭാഗം. കൌണ്ടറുകളിൽ സമൃദ്ധമായി നിരത്തി വച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ വിവിധ ബ്രാൻഡുകളിലുള്ള മദ്യക്കുപ്പികൾ വിശാലമനസ്കരായ പരിചാരികമാർ  ആ അന്തരീക്ഷത്തിന് ഒരു അനൌചിത്യമെന്ന് പറയാൻ ഉണ്ടായിരുന്നത് വാതിലിനരികിൽ പ്രതിഷ്ഠിച്ചിരുന്ന ഒരു വലിയ സ്പീക്കർ ആയിരുന്നു. അതിലൂടെ പുറത്ത് വരുന്ന വാദ്യഘോഷമാകട്ടെ ഒരിക്കലും അവസാനിക്കാത്തത് പോലെ തുടർന്നുകൊണ്ടേയിരുന്നു.

ബാർ കൌണ്ടറിനോട് ചേർന്നുള്ള ഒരു മേശയ്ക്ക് ചുറ്റുമായി ഞങ്ങൾ ഇരിപ്പുറപ്പിച്ചു. രണ്ട് പേർക്കും ഓരോ സ്റ്റീക്കും പൊട്ടാറ്റൊ ചിപ്സും ഡെസ്ഫോർജിന് വേണ്ടി ബിയറും ഞാൻ ഓർഡർ ചെയ്തു. സ്പീക്കറിൽ നിന്നുമുള്ള സ്വരം അതിന്റെ ഉച്ചസ്ഥായിയിൽ തന്നെ തകർക്കുന്നുണ്ട്. അതിന്റെ താളത്തിനൊത്ത് ചുവട് വയ്ക്കുന്ന സ്വദേശി യുവാൾക്കളിൽ പലരും അർദ്ധനഗ്നരാണ്. അവരുടെ ചലനങ്ങൾ പലതും സഭ്യതയുടെ അതിരുകൾ ഭേദിക്കുന്നില്ലേ എന്ന് സംശയം.

“ഇവർക്കൊന്നും മാന്യത എന്നത് അറിയില്ലേ?” ജാക്ക് അസ്വസ്ഥത പ്രകടിപ്പിച്ചു.

റെസ്റ്റോറന്റിൽ തിരക്ക് കൂടിക്കൊണ്ടേയിരുന്നു. പന്ത്രണ്ട് മണിക്കൂർ കഠിനാദ്ധ്വാനം കഴിഞ്ഞ് അല്പം ഉല്ലാസത്തിനായി എത്തുന്ന നിർമ്മാണത്തൊഴിലാളികൾ, മുക്കുവർ, നായാട്ടുകാർ, ഡെന്മാർക്ക്, ഐസ്‌ലാന്റ്, നോർവ്വേ എന്നിവിടങ്ങളിൽ നിന്നും തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനെത്തിയ തൊഴിലാളികൾ, പിന്നെ സ്കാൻഡിനേവിയൻ മുഖച്ഛായയുള്ള ഗ്രീൻലാന്റുകാർ, നൂറ് ശതമാനവും എസ്കിമോ എന്ന് പറയാവുന്ന തദ്ദേശവാസികൾ അങ്ങനെ നാനാവർഗ്ഗക്കാരുടെ ഒരു പരിച്ഛേദം തന്നെ ഉണ്ടായിരുന്നു ആ ഹാളിൽ.

“എന്റെ ചെറുപ്പകാലത്ത് പിതാവ് വലിയ കർക്കശക്കാരനായിരുന്നു” ഭക്ഷണത്തിനായി കാത്തിരിക്കവെ ജാക്ക് പറഞ്ഞു. “എന്റെ ഏഴാം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു അതോടെ ഞങ്ങളുടെ കുടുംബം രണ്ട് വഴിക്കായി പിന്നീടുള്ള എന്റെ ജീവിതം അമ്മായിയുടെ ഒപ്പം വിസ്കൻസിനിൽ ആയിരുന്നു

“എങ്ങനെയായിരുന്നു ആ ജീവിതം?”

“അവരുടെ കഴിവിന് പരമാവധി നന്നായി അവർ എന്നെ വളർത്തി അവരായിരുന്നു ആദ്യമായി എന്നെ സിനിമ കാണിക്കുവാൻ കൊണ്ടുപോയി തുടങ്ങിയത്സിനിമയ്ക്ക് പോകുവാൻ ഒരിക്കലും എന്റെ പിതാവ് അനുവദിച്ചിരുന്നില്ല അന്നൊരിക്കൽ കണ്ട ഒരു ഹ്രസ്വ ചിത്രം ഇപ്പോൾ ഓർമ്മ വരുന്നു ദി സ്പോയ്‌ലേഴ്സ്ഏതാണ്ട് മൂന്നോ നാലോ തവണ ഇതിനോടകം അത് റീമേക്ക് ചെയ്തിട്ടുണ്ട് നോവാ ബീറിയും മിൽട്ടൺ സില്ലും അഭിനയിച്ച ചിത്രമാണ് ഞാൻ കണ്ടത് അതിൽ ഏതാണ്ട് ഇത്തരത്തിലുള്ള ഒരു സെറ്റ് ഉണ്ടായിരുന്നു  ഓർമ്മകൾ എങ്ങനെ ഓടിയെത്തുന്നു എന്ന് നോക്കുക വർഷങ്ങളായി ഞാൻ ആ ചിത്രത്തെക്കുറിച്ച് മറന്നിരിക്കുകയായിരുന്നു

ഇറുകിയ കറുത്ത പട്ടുവസ്ത്രമണിഞ്ഞ ഒരു എസ്കിമോ പെൺകൊടി ഞങ്ങൾക്കുള്ള ഭക്ഷണവുമായി അരികിലെത്തി.  ഡെസ്ഫോർജിന്റെ തൊട്ടടുത്ത് നിന്ന് അൽപ്പം കുനിഞ്ഞ് പ്ലെയ്റ്റുകൾ മേശപ്പുറത്ത് വയ്ക്കവെ അവളുടെ മാറിടങ്ങൾ അദ്ദേഹത്തിന്റെ ചുമലിൽ ഞെരിഞ്ഞമർന്നു. മനഃപൂർവ്വമായിരുന്നു ആ പ്രവൃത്തി എന്നത് വ്യക്തം.

ഒരു ബോട്ട്‌ൽ വിസ്കി കൊണ്ടുവരാൻ ആവശ്യപ്പെട്ട ഡെസ്ഫോർജിനെ ശൃംഗാരഭാവത്തിൽ തന്റെ കടക്കണ്ണുകൾ കൊണ്ട് നിർലജ്ജം കുരുക്കിയിട്ട് അവൾ കൌണ്ടറിന് നേർക്ക് നടന്നു. തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിനിടയിലൂടെ നീങ്ങിയ അവളുടെ പിൻഭാഗത്ത് ആരോ പതുക്കെ ഒരു തട്ട് കൊടുത്തതും അവിടെങ്ങും കൂട്ടച്ചിരി മുഴങ്ങി. കൂട്ടത്തിലെ ഒരു മത്സ്യബന്ധനത്തൊഴിലാളി കടന്നുപിടിച്ചിട്ടും ഒട്ടും പ്രതിഷേധം അവൾ പ്രകടിപ്പിച്ചില്ല. കാമാർത്തമായ ഒരു ചുംബനം അടിച്ചേൽപ്പിച്ചിട്ട് അയാൾ അവളെ അടുത്തയാളുടെ കൈകളിലേക്ക് തള്ളി വിട്ടു.

“ഇതൊക്കെ കാണുമ്പോൾ വെറുപ്പ് തോന്നുന്നു നല്ല രീതിയിൽ കഴിഞ്ഞിരുന്ന ഒരു ജനത ഈ വിധം അധഃപതിച്ചത് കാണുമ്പോൾ” ഡെസ്ഫോർജ് പറഞ്ഞു.

“തികച്ചും നിർഭാഗ്യകരം വിദേശ സംസ്കാരം അന്ധമായി അനുകരിക്കുന്ന ഇവർ അതിലെ നല്ല വശങ്ങൾ ഒന്നും തന്നെ പകർത്തുന്നില്ല” ഞാൻ പറഞ്ഞു.

അദ്ദേഹം തലകുലുക്കി. “സമാനമായ ഒരു സംഭവം മറ്റൊരിടത്തും ഞാൻ കാണുകയുണ്ടായി മഹത്തായ പാരമ്പര്യമുള്ള, അന്യം നിന്നു പോയ്ക്കൊണ്ടിരിക്കുന്ന കുലത്തിൽ പെട്ട ഒരു സംഘം ആളുകൾ വിനോദ സഞ്ചാരികളുടെ മുന്നിൽ ചില സർക്കസ് വിദ്യകൾ പ്രകടിപ്പിച്ച് ജീവിതം പുലർത്തുന്നു

“അധികം താമസിയാതെ തന്നെ അവർ ഈ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകും

“എന്നെനിക്ക് തോന്നുന്നില്ല” അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യാശയുടെ തിരിനാളം കാണാമായിരുന്നു.

വിസ്കിക്കുപ്പിയും ഗ്ലാസുകളുമായി പെൺകുട്ടി വീണ്ടുമെത്തി. അദ്ദേഹം അത് വാങ്ങി ഗ്ലാസിലേക്ക് ഒരു ലാർജ്ജ് പകർന്നു.

“അൽപ്പം നായാട്ടിന് പോയാലോ എന്നാലോചിക്കുകയായിരുന്നു ഞാൻ റെയ്ൻ‌ഡിയർ ഹണ്ടിങ്ങ് സ്റ്റെല്ലയുടെ അറ്റകുറ്റപ്പണികൾ കഴിയുന്നത് വരെ സമയം കളയണ്ടേ?” ഡെസ്ഫോർജ് പറഞ്ഞു.

“സ്ഥലം കണ്ടു വച്ചിട്ടുണ്ടോ?”

“സാൻഡ്‌വിഗ് അനുയോജ്യമായ സ്ഥലമാണെന്നാണ് ഹോട്ടലിലെ ബാർ‌മാൻ പറഞ്ഞത് പഴയ സമുദ്രസഞ്ചാരികളുടെ ഒരു കുടിയേറ്റ മേഖല ഇപ്പോഴും അവിടെയുണ്ടത്രെ നായാട്ട് വിജയകരമായില്ലെങ്കിലും അവിടെയൊക്കെ കാണുക എന്നത് തന്നെ  ഒരു അനുഭവമായിരിക്കുമെന്നാണ് അയാൾ പറഞ്ഞത്
“എങ്കിൽ ഒരു കാര്യം കൂടി ചെയ്യാം” ഞാൻ പറഞ്ഞു. “നിങ്ങൾ തീർച്ചയായും പരിചയപ്പെട്ടിരിക്കേണ്ട ഒരു വ്യക്തിയുണ്ട് അവിടെ ഒലാഫ് റസ്മുസെൻ

“റസ്മുസെൻ? നമ്മുടെ ഹോട്ടലിലെ പരിചാരിക ഗൂഡ്രിഡ് റസ്മുസെനുമായി എന്തെങ്കിലും ബന്ധം?”

“അവളുടെ പിതാമഹനാണ് ഏതാണ്ട് എഴുപത്തിയഞ്ചിന് മുകളിൽ പ്രായം യഥാർത്ഥ കുടിയേറ്റക്കാരൻ വലിയൊരു ഫാം ഉണ്ട് അദ്ദേഹത്തിന് എണ്ണൂറോളം ആടുകൾ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഖനനവും മറ്റുമായി അധികം സമയവും ചെലവഴിക്കുന്നു ഒലാഫ്...”

“കുറച്ച് ദിവസം അദ്ദേഹത്തിനൊപ്പം തങ്ങുവാൻ കഴിയുമെന്നാണോ നീ പറഞ്ഞു വരുന്നത്?”

“ഒരു സംശയവും വേണ്ട ആതിഥ്യ മര്യാദ എന്നത് അദ്ദേഹത്തിന്റെ പര്യായമാണെന്ന് പറയാം അതൊക്കെ പോട്ടെ നിങ്ങളെന്താ, വീണ്ടും ഇലാനയിൽ നിന്നും ഒളിച്ചോടുവാൻ തന്നെയാണോ തീരുമാനം?”

“ഇല്ല ഇത്തവണ ഏതായാലും ഇല്ല വരുമെങ്കിൽ അവളെയും ഞാൻ കൊണ്ടു പോകും ആട്ടെ, അവിടെ എത്തിച്ചേരുവാൻ എന്താണ് മാർഗ്ഗം?”

“അത് നിങ്ങളുടെ സൌകര്യം പോലെ വേണമെങ്കിൽ ആർണിയുടെ വിമാനം ചാർട്ടർ ചെയ്യാം അല്ല, ഇനി രാവിലെ ഏഴ് മണിക്ക് സ്പിൽ‌വേയിൽ എത്താൻ തയ്യാറാണെങ്കിൽ എന്റെ കൂടെ വരാനും സ്വാഗതം പോകുന്ന വഴിയിൽ നിങ്ങളെ ഞാൻ സാൻഡ്‌വിഗ്ഗിൽ ഇറക്കിയിട്ട് പോകാം

“രാവിലെ ഏഴ് മണി! അങ്ങനെയൊരു സമയം ഉണ്ടെന്ന കാര്യം തന്നെ എന്റെ ഓർമ്മയിലില്ല എങ്കിലും ഞാനൊന്ന് ആലോചിക്കട്ടെ

അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്  വരാന്തയിൽ വാതിലിനരികിലായി നിൽക്കുന്ന ഫോഗെൽ, റാൾഫ് സ്ട്രാട്ടൺ, സാറാ കെൽ‌സോ എന്നിവരെ അതേ സമയം തന്നെ എന്നെ തിരിച്ചറിഞ്ഞ ഫോഗെൽ ഇരുവരോടും എന്തോ പറയുന്നത് കണ്ടു. ഹാഫ് ഡോർ തുറന്ന് ഉള്ളിൽ കടന്ന് ഞങ്ങളുടെയടുത്തേക്ക് വരുമ്പോൾ ഫോഗെൽ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.


 (തുടരും)

Sunday 8 March 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 23



ലോകത്തെ മറ്റെല്ലായിടത്തും ഉള്ള ചെറു സമൂഹങ്ങളിൽ എന്ന പോലെ ഫ്രെഡറിക്‌സ്ബോർഗിലും കുറ്റകൃത്യങ്ങൾ വളരെ വിരളമായിരുന്നു. എങ്കിലും ഞങ്ങൾക്ക് ഒരു പോലീസുകാരൻ ഉണ്ടായിരുന്നു. സെർജന്റ് ഒലാഫ് സൈമൺസെൻ. ഞങ്ങളുടെ ചെറുപട്ടണത്തിലെ നിയമ വ്യവസ്ഥയുടെ കാത്തുസൂക്ഷിപ്പുകാരൻ അദ്ദേഹമായിരുന്നു.

ഹോട്ടലിലെ ബാറിലേക്ക് പ്രവേശിച്ച ഞാൻ കണ്ടത് ജാക്ക് ഡെസ്ഫോർജിനൊപ്പം ബിയർ നുണഞ്ഞു കൊണ്ടിരിക്കുന്ന ഒലാഫ് സൈമൺസെനെയാണ്. നല്ല ഉയരമുള്ള ഒരു ഗ്രീൻലാന്റ് സ്വദേശി. ഏതാണ്ട് നാൽപ്പതോളം പരുക്കൻ ആർട്ടിക്ക് ശൈത്യങ്ങൾ താണ്ടിയതിന്റെ മാറ്റങ്ങൾ അദ്ദേഹത്തിന്റെ ശരീരത്തിൽ പ്രകടമാണ്. ചുളിഞ്ഞ് തുടങ്ങിയ തുകലിന് സമാനമായ ചർമ്മം. ഡെസ്ഫോർജ് പറഞ്ഞ ഏതോ നർമ്മം കേട്ട് തല പിറകോട്ട് മലർത്തി ഉറക്കെ ചിരിക്കുകയാണദ്ദേഹം. മറ്റെല്ലാ സ്വദേശികളെയും പോലെ ഒരു മൊറോവിയൻ ഛായയാണ് അദ്ദേഹത്തിനും. വിവാഹിതനും അഞ്ച് പെൺ‌മക്കളുടെ പിതാവും തികഞ്ഞ ദൈവവിശ്വാസിയുമായ ഒലാഫ് സൈമൺസെൻ പൊതുവേ ശാന്തശീലനാണ്. എന്നാൽ ഇതേ ഒലാഫിന്റെ മറ്റൊരു മുഖമാണ് കുറച്ചുനാൾ മുമ്പ് ഞാൻ ഫ്രെഡറിക്‌സ്മട്ടിൽ വച്ചു കണ്ടത്. അവിടുത്തെ ബാറിനുള്ളിൽ മദ്യപിച്ച് അക്രമം അഴിച്ചുവിട്ട ഒരു മുക്കുവസംഘത്തെ തന്റെ ഉരുക്കുമുഷ്ടിയും ബലിഷ്ഠമായ കാലുകളും കൊണ്ട് ആക്രമിച്ച് തുരത്തിയ ഒലാഫിനെ ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.

അവർക്കരികിലെ സ്റ്റൂളിൽ ഞാൻ ഇരുന്നു.  “ഹലോ ഒലാഫ് എന്തൊക്കെയുണ്ട് വിശേഷങ്ങൾ? കുറച്ച് ദിവസമായി ഇവിടെ ഇല്ലായിരുന്നുവെന്ന് തോന്നുന്നു?”

“കുറച്ച് ഉൾപ്രദേശത്ത് പോകേണ്ടി വന്നു” എനിക്ക് ഹസ്തദാനം നൽകിയിട്ട് അദ്ദേഹം തുടർന്നു. “ഹിമശിഖരത്തിന് അപ്പുറമുള്ള സ്റ്റാവെഞ്ചർ ഫോർഡിൽ...”

“എന്തെങ്കിലും പ്രശ്നങ്ങൾ?”

“ഓഹ് പതിവുള്ള അടിപിടിക്കേസ് റെയ്‌ൻഡിയർ വേട്ടക്കാർ തമ്മിലടിച്ചു...”

“ആർക്കെങ്കിലും പരിക്കുകൾ വല്ലതും?”

“ചെറിയൊരു കത്തിക്കുത്ത് പക്ഷേ, ഗൌരവതരമല്ല അവരെ അനുനയിപ്പിച്ച് ശാന്തരാക്കുവാൻ എനിക്ക് സാധിച്ചു ങ്ഹാ, പിന്നെ, ഈ ഡെസ്ഫോർജില്ലേ ഇദ്ദേഹം എന്നെ ശരിക്കും ചിരിപ്പിച്ചുകളഞ്ഞു

ഞാൻ ജാക്കിന് നേരെ തിരിഞ്ഞു.  “അതെന്താ പുതിയ വല്ല തമാശയും?”

“ഒന്നും പറയണ്ട ഒരു ഇന്റർവ്യൂ വേണമെന്നും പറഞ്ഞ് ഒരുത്തൻ ഹോട്ടലിൽ വന്നു സ്വാഭാവികമായും ഞാൻ സമ്മതിക്കുകയും ചെയ്തു ചുളുവിന് കിട്ടുന്ന ഒരു പബ്ലിസിറ്റിയും ഞാൻ വേണ്ടെന്ന് വയ്ക്കാറില്ലല്ലോ” അദ്ദേഹം ചിരിച്ചു.

“ഏത് പത്രത്തിനായിരുന്നു?”

“അതല്ലേ അതിന്റെ രസം” അദ്ദേഹം വീണ്ടും ചിരിക്കുവാൻ തുടങ്ങി.

The Atuagagdliutit എന്ന പത്രം വല്ലതുമായിരുന്നോ ?” ഞാൻ സൈമൺസെനെ നോക്കി.

അദ്ദേഹം തല കുലുക്കി. “ഇദ്ദേഹത്തോട് ഞാൻ ഇപ്പോൾ പറഞ്ഞതേയുള്ളൂ എസ്കിമോ ഭാഷയിൽ ഈ ലോകത്ത് പ്രസിദ്ധീകരിക്കുന്ന ഒരേയൊരു വാർത്താ പത്രത്തിന്റെ  പേജുകളിൽ ജാക്ക് ഡെസ്ഫോർജ് എന്ന നടൻ അനശ്വരനായിരിക്കുന്നു എന്ന്

“ഇതിന്റെ പേരിൽ ഒരു ബിയർ കൂടി ഓർഡർ ചെയ്തില്ലെങ്കിൽ പിന്നെ എന്ത് ആഘോഷം” ഡെസ്ഫോർജ് ചിരിച്ചു.

സൈമൺസെൻ തലയാട്ടി. “എനിക്ക് വേണ്ട ഇപ്പോൾ തന്നെ വൈകിയിരിക്കുന്നു ഞാൻ നിങ്ങളെ കാണാനിരിക്കുകയായിരുന്നു, ജോഅവിടെ നിന്നും തിരികെയെത്തിയപ്പോൾ ഗോട്‌ഹാബിലെ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും ഒരു മെമ്മോ വന്നു കിടപ്പുണ്ടായിരുന്നു  ഓക്സ്ഫഡ് സാഹസികാന്വേഷണ സംഘം കണ്ടെത്തിയ ആ വിമാനവുമായി ബന്ധപ്പെട്ട് ലണ്ടൻ ആന്റ് യൂണിവേഴ്സൽ ഇൻഷുറൻസ് കമ്പനിയുടെ വക്താവ് ഒരു മിസ്റ്റർ ഫോഗെൽ അവരുമായി ബന്ധപ്പെട്ടിരുന്നുവത്രെ കോപ്പൻഹേഗനിലെ മന്ത്രാലയത്തിൽ നിന്നും ഒരു സെർച്ച് സർട്ടിഫിക്കറ്റും തരപ്പെടുത്തിയിട്ടുണ്ട് അയാൾ നിങ്ങളുമായി ബന്ധപ്പെടുവാനാണ് അവർ അയാളോട് പറഞ്ഞിരിക്കുന്നത്

“ദാറ്റ്സ് റൈറ്റ്” ഞാൻ പറഞ്ഞു.

അതുമായി ബന്ധപ്പെട്ട് നടന്ന സകല സംഭവങ്ങളും ഞാൻ വിശദമായി അദ്ദേഹത്തിന്റെ മുന്നിൽ നിരത്തി. അല്പം മുമ്പ് ആർണി ഫാസ്ബെർഗ് പ്രകടിപ്പിച്ച അഭിപ്രായങ്ങൾ അടക്കം. എല്ലാം തന്നെ വളരെ ഗൌരവത്തോടെ അദ്ദേഹം ശ്രദ്ധിച്ച് കേട്ടു.

“തന്റെ സ്കീ പ്ലെയ്നിൽ അവിടെ ഇറങ്ങാൻ സാധിക്കില്ല എന്ന് ആർണി പറഞ്ഞതിൽ എനിക്ക് ഒട്ടും അത്ഭുതം തോന്നുന്നില്ല” സൈമൺസെൻ പറഞ്ഞു. “എന്നാൽ മൂടൽ മഞ്ഞില്ലാത്ത തെളിഞ്ഞ അന്തരീക്ഷത്തിൽ ഒരു വട്ടം കൂടി  നിരീക്ഷണപ്പറക്കൽ നടത്തിയിരുന്നെങ്കിൽ ഒരു കാര്യം അവന് വ്യക്തമാകുമായിരുന്നു സ്യൂലേ തടാകത്തിൽ മഞ്ഞുറയാതെ ഇനിയും ധാരാളം വെള്ളമുണ്ടെന്നും നിങ്ങളുടേത് പോലുള്ള ഒരു ഫ്ലോട്ട് പ്ലെയ്‌ന് അതിൽ ലാന്റ് ചെയ്യാൻ കഴിയുമെന്നും ഉള്ള വസ്തുത

“എന്താണ് നിങ്ങളീ പറയുന്നത്” ആർ യൂ സെർട്ടൻ എബൌട്ട് ദാറ്റ്?”

തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു കടലാസ് എടുത്ത് അദ്ദേഹം എന്റെ നേർക്ക് നീട്ടി. “സ്വയം പരിശോധിച്ച് ബോദ്ധ്യപ്പെട്ടു കൊള്ളൂ ത്യുലേയിൽ ഉള്ള അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ടാണ് സാധാരണ ഈ മാസങ്ങളിൽ അനുഭവപ്പെടാറുള്ളതിനെക്കാളും അധികമാണ് ഈ വർഷം ആ പ്രദേശത്തെ ഊഷ്മാവ് എന്ന്

അദ്ദേഹം നീട്ടിയ കടലാസ് ഞാൻ ശ്രദ്ധാപൂർവ്വം വായിച്ചു. ശരിയാണ് എല്ലാം വളരെ കൃത്യതയോടെ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.

“ഇത് തികച്ചും വിശ്വസനീയം തന്നെ ഇവരുടെ റിപ്പോർട്ടിലെ നിഗമനങ്ങളുടെ കാര്യത്തിൽ തർക്കമില്ല...” ഞാനത് തിരികെയേൽപ്പിച്ചു.

 “തീർച്ചയായും” അദ്ദേഹം അത് പോക്കറ്റിലേക്ക് തന്നെ തിരുകി. “അതുകൊണ്ടാണ് പറയുന്നത് ഈ ദൌത്യത്തിൽ നിങ്ങൾ വിജയിക്കാതിരിക്കാൻ യാതൊരു കാരണവും ഞാൻ കാ‍ണുന്നില്ല നാളെത്തന്നെ പുറപ്പെടുന്നതിനെക്കുറിച്ച് എന്തു പറയുന്നു?”

ഒരു നിമിഷം ഞാൻ സംശയിച്ചു. പിന്നെ ചോദിച്ചു. “നിങ്ങളെന്താ‍ അയാളുടെ ഏജന്റോ മറ്റോ ആണോ ?”

അദ്ദേഹം പുഞ്ചിരിച്ചു. “വാസ്തവത്തിൽ ഞാനയാളെ കണ്ടിട്ടു പോലുമില്ല ഇതിനിപ്പോൾ ഒരു ഔദ്യോഗിക പരിവേഷം വന്നു ചേർന്നിരിക്കുകയാണ് ജോ ഈ അന്വേഷണ സംഘത്തിനൊപ്പം ഞാൻ കൂടി പോകണമെന്നും അവരുടെ കണ്ടെത്തലുകളെക്കുറിച്ചുള്ള വിശദമായ ഒരു റിപ്പോർട്ട് കോപ്പൻഹേഗനിലെ മന്ത്രാലയത്തിൽ സമർപ്പിക്കണമെന്നുമാണ് ഉന്നതാധികാരികൾ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത് കോപ്പൻഹേഗനിൽ നിന്നും ഏതെങ്കിലും ഉദ്യോഗസ്ഥരെ അയയ്ക്കണമെങ്കിൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും എടുക്കുമെന്നും അതിനാൽ എന്റെ റിപ്പോർട്ട് തൃപ്തികരമാണെങ്കിൽ - അതായത് ഈ ഫോഗെലിന്റെ ഒപ്പമുള്ള ആ എവിയേഷൻ എക്സ്പ്പർട്ടിന്റെ കണ്ടെത്തലുകൾ ശരി വയ്ക്കുന്നതാണെങ്കിൽ - ഇതേക്കുറിച്ചുള്ള അന്വേഷണം അവിടം കൊണ്ട് അവസാനിപ്പിക്കുവാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്

ഫോഗെൽ എങ്ങനെയാണ് ഒരു പോലീസുദ്യോഗസ്ഥന്റെ മൂക്കിന് കീഴിലുള്ള ഈ യാത്രയിൽ പൊരുത്തപ്പെടുക എന്ന വിരോധാഭാസമോർത്ത് ഞാൻ അത്ഭുതപ്പെട്ടു. എന്നാൽ ഒരേയൊരു നിമിഷം മാത്രമേ ആ ചിന്ത എന്നിൽ നില നിന്നുള്ളൂ. എന്റേതായ പ്രശ്നങ്ങളും ഒട്ടും കുറവല്ല എന്റെ തോന്നൽ മിക്കവാറും ശരിയായിരിക്കാനാണ് സാദ്ധ്യത. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അത് എന്നെയും കാത്ത് ആ ഹിമശിഖരത്തിൽ കിടക്കുകയാണ് അതിൽ നിന്നും എനിക്ക് മോചനമില്ല ഒരു നിമിഷം ഞാനത് ഉൾക്കണ്ണുകൾ കൊണ്ട് സങ്കൽപ്പിക്കുവാൻ ശ്രമിച്ചു നോക്കി.  നീലയും സിൽ‌വറും നിറങ്ങൾ പൂശിയ ശരീരവുമായി മഞ്ഞുപാളികളുടെ വെണ്മയിൽ തകർന്ന് കിടക്കുന്ന ഒരു വിമാനത്തിന്റെ ദൃശ്യം എല്ലാം ഒരു നിയോഗം എന്ന ചിന്ത എന്നെ ഗ്രസിച്ചു. മല്ലിട്ട് ജയിക്കുവാൻ അസാദ്ധ്യമായ ഒരു തിരമാലയിൽ അകപ്പെട്ട അവസ്ഥ വരുന്നത് പോലെ വരട്ടെ എന്ന് വിചാരിച്ച് ഒഴുക്കിനൊപ്പം നീന്തുകയേ ഇനി തരമുള്ളൂ.

“നാളെ പുറപ്പെടുന്ന കാര്യം പറ്റുമെന്ന് തോന്നുന്നു പക്ഷേ, അടുത്ത കുറേ ദിവസങ്ങളിലെ എന്റെ ഷെഡ്യൂളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്ന് മാത്രം എന്തായാലും മാറ്റി വയ്ക്കാൻ പറ്റാത്ത അത്രയും സുപ്രധാനമായ ട്രിപ്പുകൾ ഒന്നും തന്നെയില്ല” ഞാൻ പറഞ്ഞു.

“ഗുഡ് കഴിയുന്നതും നേരത്തെ തന്നെ പുറപ്പെടുന്നതായിരിക്കും ഉത്തമം കാലത്ത് ഏഴു മണിക്ക് തന്നെ റെഡിയായിരിക്കുവാൻ സാധിക്കുമോ?”

“നിങ്ങളുടെ സൌകര്യം പോലെ  എപ്പോൾ വേണമെങ്കിലും ഞാൻ റെഡി ഫോഗെലിനെ വിവരം അറിയിക്കുവാൻ നിങ്ങൾ പോകുന്നുവോ അതോ ഞാൻ പോകണോ?”

“അക്കാര്യം ഞാനേറ്റു അയാളെ ഒന്ന് കാണുകയും ചെയ്യണം എനിക്ക്” സൈമൺസെൻ പറഞ്ഞു.

“ചെറിയൊരു സംശയം ബാക്കി അതും കൂടി അറിയുവാൻ താല്പര്യമുണ്ട് സ്യൂലേ തടാകത്തിൽ നിന്നും ഏതാണ്ട് പത്ത് മൈൽ അകലെയാണ് ഈ വിമാനം തകർന്ന് കിടക്കുന്നത് എങ്ങനെ നാം അങ്ങോട്ട് എത്തിച്ചേരും?” ഞാൻ ചോദിച്ചു.

“സ്കീ ഉപയോഗിക്കുക മാത്രമേ മാർഗ്ഗമുള്ളൂ രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് ഈ പറയുന്ന സ്ഥലത്ത് എത്തിച്ചേരുവാൻ കഴിയേണ്ടതാണ്

“എന്റെയും നിങ്ങളുടെയും കാര്യത്തിൽ അതിന് ബുദ്ധിമുട്ടില്ല പക്ഷേ, മറ്റുള്ളവരോ? സ്കീ ഉപയോഗിക്കുവാൻ അവർക്ക് പരിചയമില്ലെങ്കിലോ?”

“എങ്കിൽ അവർ അത് പരിശീലിച്ചേ മതിയാവൂ” തികച്ചും ലാഘവത്തോടെ അദ്ദേഹം പറഞ്ഞു.

“സംഘത്തിൽ ഒരു വനിതയും ഉണ്ടെന്നുള്ള കാര്യം മറക്കരുത്

അദ്ദേഹം ചുമൽ വെട്ടിച്ചു. “ഓൾ റൈറ്റ് അവരെ ഒരു ചെറിയ സ്ലെഡ്ജിൽ ഇരുത്തി നമുക്ക് വലിച്ചു കൊണ്ട് പോകേണ്ടി വരും മറ്റു രണ്ട് പേരും സ്കീയിങ്ങ് പരിശീലിച്ചേ തീരൂ അല്ലെങ്കിൽ നടക്കേണ്ടി വരും നടക്കാനാണ് അവരുടെ തീരുമാനമെങ്കിൽ ഇപ്പോഴേ ഞാൻ പറയാംഅവർ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമായിരിക്കില്ല അത് ബിലീവ് മീ

“ഓൾ റൈറ്റ് യൂ ആർ ദി ബോസ്

ബാർ കൌണ്ടറിന്റെ പിന്നിൽ വച്ചിരുന്ന കണ്ണാടി നോക്കി അദ്ദേഹം യൂണിഫോമിന്റെ ഭാഗമായ ക്യാപ്പിന്റെ ആംഗ്‌ൾ അഡ്ജസ്റ്റ് ചെയ്തു. “ആവശ്യം വരികയാണെങ്കിൽ ഞാൻ നിങ്ങളെ പിന്നീട് വന്ന് കണ്ടുകൊള്ളാം എവിടെയുണ്ടാകും നിങ്ങൾ?”

“ജസ്റ്റ് ഫോർ എ ചെയ്ഞ്ച് ഇന്ന് രാത്രി ഫ്രെഡറിക്‌സ്മട്ടിൽ നിന്നും ഭക്ഷണം കഴിച്ചാലോ എന്നാലോചിക്കുകയായിരുന്നു കുറേ നാളായി അവിടെ പോയിട്ട്

“ഫ്രെഡറിക്‌സ്മട്ട്? ഇന്ന് രാത്രി അത്ര ശാന്തമായിരിക്കില്ല അവിടെ ഇപ്പോഴേ പറഞ്ഞേക്കാം ഒരു പോർട്ടുഗീസ് പായ്ക്കപ്പൽ തുറമുഖത്ത് എത്തിയിട്ടുണ്ട്

ഞാൻ തല കുലുക്കി. “തിരികെ പറക്കുമ്പോൾ ഞാൻ കണ്ടിരുന്നു ഒരു പായ്ക്കപ്പൽ ക്രീക്കിലൂടെ പ്രവേശിക്കുന്നത് ആരാണതിൽ? ഞാനറിയുന്ന ആരെങ്കിലും?”

“ഡ ഗാമ...”  അദ്ദേഹം അടക്കി ചിരിച്ചു. “നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഭക്ഷണം ഇവിടെത്തന്നെയാക്കുമായിരുന്നു

അദ്ദേഹം പുറത്തേക്ക് നടന്നു. ഡെസ്ഫോർജ് എന്റെ നേരെ തിരിഞ്ഞു. “ഏത് നശിച്ചവനാണ് ഈ പറയുന്ന ഡ ഗാമ? മറ്റൊരു ഫ്രാങ്കൻസ്റ്റെയ്ൻ?”

“അതുപോലെ ഒരുത്തൻ മാസത്തിലൊരിക്കൽ സാധനങ്ങളുമായി എത്തും പിന്നെ എന്തെങ്കിലും കുഴപ്പങ്ങൾ ഒപ്പിക്കും വന്ന് വന്ന് ഈയിടെയായി കൊലപാതകങ്ങൾ വരെ ഉണ്ടാകാറുണ്ട്...”

“കൊള്ളാമല്ലോ എങ്കിൽ ഞാനും വരാം നിന്റെയൊപ്പം” ഡെസ്ഫോർജ് പറഞ്ഞു. “ദേഹമൊക്കെ ഒന്നനങ്ങിയിട്ട് കുറച്ച് നാളായി മാത്രമല്ല ഇലാനയിൽ നിന്ന് അല്പം വിട്ട് നിൽക്കുവാൻ നല്ലൊരു വഴിയുമായി മാനസികാവസ്ഥയൊക്കെ ഒന്ന് നേരെയാകുന്നതിന് മുമ്പ് അവളുടെ മുന്നിൽ ചെന്ന് പെടാൻ തീരെ താല്പര്യമില്ല എനിക്ക്

“ഓൾ റൈറ്റ്” ഞാൻ പറഞ്ഞു. “ഒന്നു രണ്ട് കാര്യങ്ങൾ കൂടി ചെയ്തു തീർക്കാനുണ്ടെനിക്ക് ഏറിയാൽ ഒരു പതിനഞ്ച് മിനിറ്റിനുള്ളിൽ ഞാൻ തിരികെയെത്താം

അദ്ദേഹത്തെ അവിടെ വിട്ട് ഞാൻ റിസപ്ഷൻ ഡെസ്കിലേക്ക് നടന്നു. എയർ സ്ട്രിപ്പിലേക്ക് ഫോൺ ചെയ്യണം. ഗവണ്മന്റിന്റെ ഔദ്യോഗിക ഡ്യൂട്ടിക്കായി പോകുന്നതിനാൽ അടുത്ത മൂന്നു നാല് ദിവസത്തേക്ക് ഞാൻ സ്ഥലത്തുണ്ടായിരിക്കില്ല എന്നും ഗോട്‌ഹാബിലും സോന്ദ്രേയിലും ഉള്ളവരെ വിവരമറിയിക്കുവാനും ഏർപ്പാട് ചെയ്തു. അത്യാവശ്യമില്ലാത്ത ട്രിപ്പുകളാണെങ്കിൽ അത് പുനഃക്രമീകരിക്കുവാനും ഒഴിവാക്കാൻ പറ്റാത്ത ട്രിപ്പുകൾക്ക് മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്താനും ഞാൻ നിർദ്ദേശം നൽകി.

മുകളിലത്തെ നിലയിൽ എന്റെ റൂമിലെത്തി ഫ്ലയിങ്ങ് യൂണിഫോം അഴിച്ച് മാറ്റി ഞാൻ പെട്ടെന്ന് ഒരു കുളി തരമാക്കി. ദേഹം തുടച്ച് കട്ടിയുള്ള ഒരു നോർവീജിയൻ സ്വെറ്റർ തല വഴി വലിച്ചിറക്കിക്കൊണ്ടിരിക്കുമ്പോഴാണ് വാതിലിൽ ആരോ മുട്ടുന്ന സ്വരം ശ്രദ്ധിച്ചത്. വാതിൽ തുറന്ന ഞാൻ കണ്ടത് മുന്നിൽ നിൽക്കുന്ന ഇലാനയെയാണ്.

“ഞാൻ ജാക്കിനെ അന്വേഷിച്ച് വന്നതാണ് എവിടെയുണ്ടാകുമെന്ന് വല്ല രൂപവുമുണ്ടോ?” അവൾ ചോദിച്ചു.

പെട്ടെന്നെനിക്ക് തോന്നിയത് ഒരു നുണ പറയാനാണ്.  “ഒരു ഊഹവുമില്ല

എന്തു കൊണ്ടെന്നറിയില്ല, അടുത്ത നിമിഷം ആ നുണ ഒന്നു കൂടി കൊഴുപ്പിക്കുവാനാണ് എനിക്ക് തോന്നിയത്. “രാത്രി ഭക്ഷണത്തിന് ഫ്രെഡറിക്‌സ്മട്ടിൽ പോകണമെന്ന് പറയുന്നത് കേട്ടു മെയിൻ സ്ട്രീറ്റിന്റെ അറ്റത്തുള്ള റെസ്റ്റോറന്റ്

“എങ്കിൽ ഞാൻ അവിടെ ചെന്ന് കണ്ടു കൊള്ളാം” അവൾ പറഞ്ഞു.

ഞാൻ തലയാട്ടി. “നിങ്ങളുടെ സ്ഥാനത്ത് ഞാനാണെങ്കിൽ പോകില്ലായിരുന്നു പരുക്കൻ സ്വഭാവമുള്ള മുക്കുവരും മദ്യപന്മാരും ഒക്കെ കൂടുന്ന സ്ഥലമാണ് പെൺകുട്ടികൾക്ക് പറ്റിയ ഇടമല്ല അത്

“നിങ്ങൾക്കെന്നെ ഇനിയും മനസ്സിലായിട്ടില്ല, ജോ മാർട്ടിൻ  ഉറച്ച സ്വരത്തിൽ പറഞ്ഞിട്ട്  ഇടനാഴിയിലൂടെ അവൾ തന്റെ റൂം ലക്ഷ്യമാക്കി നടന്നു.


 (തുടരും)