Saturday, 29 August 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 44ജോൺ ലത്തൂഷ് അയാളിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. നീണ്ട് വികൃതമായ താടിരോമങ്ങളും മെലിഞ്ഞ നെഞ്ചിൻ കൂടുമുള്ള ഒരു ബുഷ് പൈലറ്റ്. എന്തിനെയും ഉച്ചത്തിൽ ചിരിച്ച് തള്ളുന്നത് അയാളുടെ പ്രകൃതമായിരുന്നു. ഫ്ലോട്ട് പ്ലെയിൻ പറത്തി നടക്കേണ്ടതിന് പകരം ഒരു ചെറു തോണിയുമായി കായലിൽ തുഴഞ്ഞ് നടക്കേണ്ടവനാണെന്നേ തോന്നൂ അയാളുടെ രൂപം കണ്ടാൽ. അത്രയ്ക്കും പഴഞ്ചൻ.

പക്ഷേ, ആ രൂപത്തിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു അയാളുടെ സാമ്പത്തിക പശ്ചാത്തലം. റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുവാനായി ഏതാനും ലക്ഷം ഡോളർ ഇതിനോടകം സമ്പാദിച്ചു കഴിഞ്ഞിരിക്കുന്നു അയാൾ. ന്യൂ ഫൌണ്ട് ലാന്റിലെ ഓയിൽ സർവേ പ്രോജക്ടുമായി ബന്ധപ്പെട്ട് വിവിധ വസ്തുക്കൾ എത്തിക്കുന്ന കോൺ‌ട്രാക്റ്റിൽ എന്നെപ്പോലെ തന്നെ അയാളും ഉണ്ടായിരുന്നു.

സെപ്റ്റംബർ അവസാന വാരത്തോടെ ആ വർഷത്തെ സീസൺ അവസാനിച്ചതിനാൽ ഗ്രീൻ‌ലാന്റിൽ നിന്നും ഞാൻ കാനഡയിൽ തിരിച്ചെത്തിയിരുന്നു. ശൈത്യകാലത്ത് മഞ്ഞുറയുന്നതിന് മുമ്പായി എന്തെങ്കിലും അല്ലറ ചില്ലറ ട്രിപ്പുകൾ കിട്ടുമോ എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുന്ന കാലം. പക്ഷേ, കാര്യമായിട്ടൊന്നും തന്നെ തടഞ്ഞില്ല എന്നതായിരുന്നു വാസ്തവം. ഗ്രീൻലാന്റിലെ തിരക്കിട്ട ട്രിപ്പുകളിൽ നിന്നും ഏതാണ്ട് പന്തീരാ‍യിരം ഡോളറോളം സമ്പാദിക്കുവാനായെങ്കിലും ടൊറന്റോയിലെ സിൽ‌വർ ഷീൽഡ് ഫൈനാൻസ് കമ്പനിയുടെ കണക്ക് പുസ്തകത്തിൽ അപ്പോഴും ഞാൻ കടക്കാരനായിരുന്നു. ഇപ്പോഴത്തെ എന്റെ ഓട്ടർ ആംഫീബിയൻ വിമാനം സ്വന്തമാക്കിയ വകുപ്പിൽ പതിനാറായിരം ഡോളർ പിന്നെയും അടച്ച് തീർക്കാൻ ബാക്കിയുണ്ടായിരുന്നു അപ്പോൾ. ഉടമ്പടിയിൽ പറഞ്ഞ പ്രതിമാസ തുകയെക്കാൾ അധികം അടച്ച് കഴിഞ്ഞിരുന്നുവെങ്കിലും പുതിയ സീസൺ ആരംഭിക്കുമ്പോഴേക്കും സകല കടബാദ്ധ്യതകളും തീർക്കണമെന്ന എന്റെ കണക്കു കൂട്ടലാണ് പാളിയത്.

മൂന്ന് ദിവസത്തോളം ജോലിയൊന്നുമില്ലാതെ ഗൂസ് ബേയിൽ ചുറ്റിക്കറങ്ങി നടക്കുന്ന സമയത്താണ് ആ വൺ‌വേ ട്രിപ്പ് ഒത്തു വന്നത്. മിഷിക്കാമ തടാ‍കത്തിന് പടിഞ്ഞാറുള്ള ഒരു ചെറിയ എയർ സ്ട്രിപ്പായ കാഴ്സൺ മെഡോസിലേക്ക് പോകുവാനുള്ള ഏതാനും ജിയോളജിസ്റ്റുകളായിരുന്നു എന്നെ വിളിച്ചത്. സകല ചെലവും കഴിഞ്ഞ് ഇരുനൂറോ മുന്നൂറോ ഡോളർ ലഭിച്ച സന്തോഷത്തിൽ ആ ചെറു ടൌണിലെ ഒരേയൊരു ഹോട്ടലിന്റെ ബാറിൽ കോഫിയും നുണഞ്ഞ് ഭാവിയെക്കുറിച്ച് ചിന്തിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ജോൺ ലത്തൂഷ് കയറി വന്നത്.

അമ്പതിനടുത്ത് പ്രായം മതിക്കുന്ന അയാൾ ഫ്ലയിങ്ങ് ബൂട്ട്‌സും മുട്ടറ്റം എത്തുന്ന ഷീപ്പ് സ്കിൻ കോട്ടുമായിരുന്നു ധരിച്ചിരുന്നത്. തന്റെ ബാഗ് ചുമരിലെ ഷെൽഫിൽ വച്ചിട്ട് ഇരു കൈകളും വിടർത്തി അയാൾ എനിക്കരികിലേക്ക് വന്നു.   

“ഹേയ്, ജോ എന്തൊക്കെയുണ്ട് വിശേഷങ്ങൾ? ഇത്തവണത്തെ സീസൺ എങ്ങനെയുണ്ടായിരുന്നു?”

“തരക്കേടില്ലായിരുന്നു എന്നാലും വിചാരിച്ചത്ര നന്നായില്ല ആട്ടെ, നിങ്ങളുടെ കാര്യങ്ങളൊക്കെ എങ്ങനെയുണ്ടായിരുന്നു?”

“ഓ എന്റെ കാര്യം നിനക്കറിയാവുന്നതല്ലേ ജോ? അത്ര വലിയ ആഗ്രഹങ്ങളൊന്നുമില്ല ഒരു റൊട്ടിയുടെ കഷണവും പിന്നെ അല്പം മദ്യവും അതിൽ കൂടുതൽ ഒന്നും എനിക്ക് വേണ്ട” അയാൾ പറഞ്ഞു.

“ഓ, പിന്നെ...!”  അല്പം നീരസത്തോടെ ഞാൻ പറഞ്ഞു. “ഈ വിന്ററിൽ എങ്ങോട്ടാണ് വിനോദയാത്രയ്ക്ക് പരിപാടിയിട്ടിരിക്കുന്നത്? വീണ്ടും ബഹാമാസിലേക്കാണോ അതോ തഹീതിയിലേക്കാണോ ഇത്തവണ?”

“വന്ന് വന്ന് നിന്റെ സ്വഭാവത്തിലെന്താ ഒരു മാറ്റം പോലെ? വാട്ട്‌സ് റോങ്ങ്?”

“എനിക്ക് മതിയായി എവിടെയൊക്കെ അലഞ്ഞു ഞാൻ! ഈ നശിച്ച രാജ്യത്ത് ഒരു ട്രിപ്പ് പോലും കിട്ടുന്നില്ലമടുത്തു ഞാൻ

ഗ്ലാസിലെ മദ്യം ഒറ്റയടിക്ക് കാലിയാക്കി, പരിചാരകനെ വിളിച്ച് അയാൾ അടുത്തതിന് ഓർഡർ കൊടുത്തു.   “ഒരു പക്ഷേ, ശരിയായ സ്ഥലത്തായിരിക്കില്ല നീ പോയി അന്വേഷിക്കുന്നത്

നേരിയ പ്രതീക്ഷയോടെ ഞാൻ അയാളെ നോക്കി. “നോക്കൂ ജോൺനിങ്ങളുടെ അറിവിൽ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ദയവ് ചെയ്ത് പറയാതിരിക്കരുതേ

“എന്തായാലും എടുത്ത് ചാടി തീരുമാനമെടുക്കണ്ട ഒരു ട്രിപ്പിനെക്കുറിച്ച് പറയുന്നത് കേട്ടു നിനക്ക് താല്പര്യമുണ്ടാകുമോ എന്നറിയില്ലഎനിക്ക് ഒട്ടും തന്നെ താല്പര്യം തോന്നിയില്ല ഇന്നലെ ഞാൻ ഗ്രാന്റ് ബേ യിൽ ആയിരുന്നു ഗോൺ‌ട് എന്നൊരാളെ കണ്ടുമുട്ടി അവിടെ മർവിൻ ഗോൺ‌ട് ഓക്സിലറി ടാങ്കുകളൊക്കെ ഫിറ്റ് ചെയ്ത ഒരു ഹെറോൺ വിമാനം ഉണ്ട് അയാൾക്ക് ആ വിമാനം അയർലണ്ടിലേക്ക് കൊണ്ടുപോകാനായി ഒരാളെ തേടിക്കൊണ്ടിരിക്കുകയാണയാൾ

“അയാളുടെ പൈലറ്റിന് എന്ത് പറ്റി?”

“ടൊറന്റോയിൽ നിന്ന് ഗ്രാന്റ് ബേ വരെ അയാൾ തന്നെയാണ് വിമാനം പറത്തിയത് പക്ഷേ, ഒറ്റയ്ക്ക് അറ്റ്ലാന്റിക്ക് സമുദ്രം താണ്ടുവാൻ അത്ര ധൈര്യം പോരാ പോലും അയാൾക്ക് അത്രയേയുള്ളൂ

“അയാൾ കൊടുക്കുവാനുദ്ദേശിക്കുന്ന പ്രതിഫലം എത്രയാണ്?”

“ആയിരം ഡോളറും പിന്നെ തിരിച്ചു വരുവാനുള്ള ഫ്ലൈറ്റ് ടിക്കറ്റും

“പിന്നെ നിങ്ങളെന്തു കൊണ്ട് അത് സ്വീകരിച്ചില്ല?”

“എനിക്കെന്തോ അത്ര സുതാര്യമായി തോന്നിയില്ല അത്കുറേ നാളായില്ലേ ജീവിതം തുടങ്ങിയിട്ട് എന്തോ ഒരു അസ്വാഭാവികത മണത്തു അയാളുടെ സംസാരത്തിൽ

“അയാളൊരു തട്ടിപ്പുകാരനാണെന്നാണോ പറഞ്ഞ് വരുന്നത്?” ഞാൻ ചോദിച്ചു.

“എന്ന് ഞാൻ ഉറപ്പിച്ച് പറയില്ല പക്ഷേ...” അയാൾ എഴുന്നേറ്റ് എന്റെ ചുമലിൽ പതുക്കെ തട്ടി. “ജോ നിനക്ക് പറ്റിയ പണി അല്ല ആ ട്രിപ്പ് ആഹ്, പിന്നെ എനിക്ക് ഇറങ്ങാൻ നേരമായി ഉച്ചയ്ക്ക് ഒരു ട്രിപ്പുണ്ട് പിന്നെ കാണാം

പിന്നെ ഒരിക്കലും അയാളെ കാണേണ്ടി വന്നില്ല എനിക്ക്... ഒരു മാസത്തിന് ശേഷം ഉണ്ടായ ഒരു അപകടത്തിൽ അയാൾ കൊല്ലപ്പെട്ടു. കൺ‌മുന്നിൽ സ്വന്തം കൈ പോലും കാണുവാൻ സാധിക്കാത്ത വിധം കനത്ത മൂടൽ മഞ്ഞിൽ ഗാൻഡർ എയർ സ്ട്രിപ്പിൽ ലാന്റ് ചെയ്യുവാൻ ശ്രമിക്കവെ വിമാനം തകരുകയായിരുന്നു.

കപ്പിൽ ബാക്കിയായ കോഫിയിലേക്ക് നോക്കി ആ ബാറിൽ ഇരിക്കുമ്പോൾ മർവിൻ ഗോൺ‌ട് എന്ന വ്യക്തിയെയും അയാളുടെ ഹെറോൺ വിമാനത്തെക്കുറിച്ചുമായിരുന്നു എന്റെ ചിന്ത എന്ന് ഞാൻ തിരിച്ചറിഞ്ഞത് പെട്ടെന്നായിരുന്നു. നല്ലയിനം വിമാനമാണത് അതും ഓക്സിലറി ടാങ്കുകൾ ഘടിപ്പിച്ചിട്ടുള്ളത് അതുമായി അറ്റ്‌ലാന്റിക്ക് സമുദ്രം താണ്ടുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ നിസ്സാര കാര്യമാണ് മാത്രമല്ല, ആയിരം ഡോളർ എന്ന് പറഞ്ഞാൽ ആയിരം ഡോളർ തന്നെയാണ്

കോഫിയുടെ പണം നൽകിയിട്ട് തിടുക്കത്തിൽ ഞാൻ എയർ സ്ട്രിപ്പിലേക്ക് നടന്നു.
   
(തുടരും)

Saturday, 15 August 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 43“ഏതാണ്ട് നാൽപ്പത് മിനിറ്റ് മുമ്പ് ആർണിയുടെ ഫോൺ കോൾ ഉണ്ടായിരുന്നു ഭദ്രമായി സൂക്ഷിക്കുവാൻ എന്നെ ഏൽപ്പിച്ചിരുന്ന ഒരു പാക്കറ്റ് ഉടൻ തിരികെ കൊണ്ടു ചെല്ലുവാൻ പറഞ്ഞുകൊണ്ട് ഞാൻ ഇപ്പോൾ ഡ്യൂട്ടിയിലാണെന്ന കാര്യം അറിയാമെന്നും പക്ഷേ, ജീവന്മരണ പ്രശ്നമായതു കൊണ്ട് പെട്ടെന്ന് തന്നെ അത് കൊണ്ടു ചെന്നേ മതിയാവൂ എന്നും പറഞ്ഞു  ഗൂഡ്രിഡ് വിതുമ്പി.

“ആ പാക്കറ്റിനുള്ളിൽ എന്താണെന്ന കാര്യം നിന്നോട് പറഞ്ഞിരുന്നോ അവൻ?” ഞാൻ ചോദിച്ചു.

അവൾ തല കുലുക്കി.  “പറഞ്ഞിരുന്നു എന്തോ ലോഹത്തിന്റെ അംശമുള്ള കല്ലുകളുടെ സാമ്പിൾ ആണെന്നാണ് പറഞ്ഞിരുന്നത് അങ്ങവിടെ മലനിരകളിൽ എവിടെയോ വിലയേറിയ എന്തോ ധാതുപദാർത്ഥങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നുള്ളതിന്റെ തെളിവാണതെന്നും വലിയൊരു ധനികനാവാനുള്ള മാർഗ്ഗമാണതെന്നും പറഞ്ഞു... അതുകൊണ്ട് ഏറ്റവും സുരക്ഷിതമായ ഇടത്ത് സൂക്ഷിക്കുവാൻ ഏല്പിച്ചതായിരുന്നു എന്നെ ഞങ്ങളുടെ ഭാവി തന്നെ അതിനെ ആശ്രയിച്ചായിരിക്കും എന്നും പറഞ്ഞു അദ്ദേഹം

“ഭാവി എന്ന് വച്ചാൽ?”

“ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചതായിരുന്നു, മിസ്റ്റർ മാർട്ടിൻ

കൈലേസ് കൊണ്ട് വായ പൊത്തി വീണ്ടും അവൾ കരയുവാനാരംഭിച്ചു. അവൾക്കരികിൽ ചെന്ന് ഇരുന്ന ഇലാന അവളെ തന്നോട് ചേർത്ത് പിടിച്ചു. കട്ടിലിൽ നിന്നും എഴുന്നേറ്റ് ഞാൻ ജാലകത്തിനരികിലേക്ക് നടന്നു. പാവം പെണ്ണ് അവനെ കണ്ണുമടച്ച് സ്നേഹിക്കുകയായിരുന്നു അവൻ പറയുന്നതെന്തും വിശ്വസിക്കുവാനും മാത്രം പാവമായിപ്പോയി അവൾ

ഏതാനും നിമിഷം കഴിഞ്ഞപ്പോൾ അല്പം നിയന്ത്രണം കൈവരിച്ചത് പോലെ തോന്നി അവൾക്ക്. ഞാൻ അവൾക്ക് നേരെ വീണ്ടും തിരിഞ്ഞു.

“എന്നിട്ട് നീ ആ പാക്കറ്റുമായി അവന്റെയടുത്തേക്ക് പോയി?”

നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി. “അതിന് ആ പാക്കറ്റ് എന്റെ കൈവശമില്ലായിരുന്നു ഒരു പക്ഷേ, ഞാനൊരു വിഡ്ഢിയായിരിക്കാം അത്രയും വിലമതിക്കുന്ന ആ വസ്തു നഷ്ടപ്പെടുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു... ഞങ്ങളുടെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ നിന്നും അടുത്തിടെയായി പല വസ്തുക്കളും മോഷണം പോയ ചരിത്രവുമുണ്ട് മാത്രവുമല്ല, നിങ്ങൾക്കറിയാമല്ലോ ചൂതാട്ടത്തിൽ അങ്ങേയറ്റം കമ്പമുള്ളവാനായിരുന്നു ആർണി എന്ന്... പലപ്പോഴും പണം കൊണ്ടുവന്ന് സൂക്ഷിക്കുവാൻ എന്നെ ഏൽപ്പിക്കാറുണ്ട് എന്നാൽ തൊട്ടടുത്ത ദിവസം തന്നെ അത് തിരികെ കൊണ്ടുപോയി കളിയിൽ നഷ്ടപ്പെടുത്തുന്നതും പതിവായിരുന്നു ആ പാക്കറ്റിന് ആ ഗതി വരരുതെന്ന നിർബന്ധം എനിക്കുണ്ടായിരുന്നു അതുകൊണ്ട് അതിന് പുറത്ത് എന്റെ തന്നെ പേരെഴുതി സാൻഡ്‌വിഗിലുള്ള മുത്തച്ഛന്റെ ഫാമിലെ മേൽ‌വിലാസവും വച്ച് ഞാൻ തപാലാപ്പീസിൽ കൊണ്ട് ചെന്ന് പോസ്റ്റ് ചെയ്തു ഇന്ന് രാവിലെയുള്ള ബോട്ടിൽ ഇവിടെ നിന്നും അത് പോയിക്കാണണം

“ഇക്കാര്യം അറിയച്ചപ്പോൾ ആർണി എന്ത് പറഞ്ഞു?”

“അതായിരുന്നു വിചിത്രം... അദ്ദേഹം പൊട്ടിച്ചിരിക്കുവാൻ തുടങ്ങി പക്ഷേ, അതേ നിമിഷം തന്നെ ഫോൺ കട്ട് ആവുകയും ചെയ്തു

ഞാൻ ഇലാനയുടെ നേർക്ക് നോക്കി. “അവന്റെ കൂടെ ഉണ്ടായിരുന്നത് ആരായിരുന്നാലും ശരി, അവരായിരിക്കും ഫോൺ കേബിൾ വലിച്ചൂരിയത്

“എന്താണവിടെ സംഭവിച്ചതെന്നറിയാൻ എനിക്കാകാംക്ഷയുണ്ടായിരുന്നു ഒപ്പം ഭയവും...” ഗൂഡ്രിഡ് തുടർന്നു. “അതുകൊണ്ട് ഡ്യൂട്ടിയിലാണെന്ന് അറിയാമായിരുന്നിട്ട് കൂടി കോട്ടുമെടുത്ത് ഞാൻ പിൻ‌ഭാഗത്തെ സ്റ്റെയർ‌കെയ്സിലൂടെ ഇറങ്ങി അങ്ങോട്ട് ഓടി

“അങ്ങനെ നീ അവിടെ എത്തുമ്പോൾ അവൻ കൊല്ലപ്പെട്ട് കിടക്കുന്നതാണ് കാണുന്നത്

റൂമിന്റെ സീലിങ്ങിലേക്ക് അവൾ തുറിച്ച് നോക്കി. അവളുടെ മുഖത്ത് അപ്പോഴും ഭയത്തിന്റെ നിഴലുകൾ കാണാമായിരുന്നു. പിന്നെ പതുക്കെ മന്ത്രിച്ചു.  “താഴെ തെരുവിലൂടെ ഓടുമ്പോൾ തന്നെ വെടിയൊച്ച കേട്ടതായിട്ടാണ് എന്റെ ഓർമ്മ പക്ഷേ, തീർച്ചയില്ല മുൻഭാഗത്തെ വാതിൽ ഉള്ളിൽ നിന്നും ലോക്ക് ചെയ്തിരിക്കുകയായിരുന്നു അതുകൊണ്ട് ഞാൻ പിന്നിൽ അടുക്കളയുടെ ഭാഗത്തേക്ക് ചെന്നു ഉള്ളിലേക്ക് നോക്കിയപ്പോഴാണ് ഞാനത് കണ്ടത് ചുമരിൽ ചിതറിത്തെറിച്ച രക്തം എന്റെ ദൈവമേ അദ്ദേഹത്തിന്റെ രക്തം

സകല നിയന്ത്രണവും വിട്ട് അവൾ വാവിട്ട് കരഞ്ഞു. അവളെ ആശ്വസിപ്പിക്കുവാൻ ഇലാനയെ ഏൽപ്പിച്ചിട്ട് ഞാൻ ജനാലയുടെ അരികിലേക്ക് നടന്നു.

അല്പ സമയം കഴിഞ്ഞ് ഇലാന എനിക്കരികിലെത്തി.  “അപ്പോൾ അവന്റെ കണക്കുകൂട്ടലുകൾ എല്ലാം വെറുതെയായി

“അതെ എല്ലാം തന്നെ അവൻ മരിച്ചു എന്ന് വിശ്വസിക്കുവാനേ കഴിയുന്നില്ല അത്രയ്ക്കും ചുറുചുറുക്കുള്ളവനായിരുന്നു അവൻ  ഞാൻ പറഞ്ഞു.

അവൾ എന്റെ ചുമലിൽ പതുക്കെ കൈ വച്ചു. “ജോ ഇക്കാര്യം ഇപ്പോൾ തന്നെ പോലീസിൽ അറിയിച്ചേ മതിയാവൂ

“ഇല്ല ആയിട്ടില്ല അതിന് മുമ്പ് ഒരാളോട് കൂടി ഇക്കാര്യം പറയാനുണ്ട്

“സാറാ കെൽ‌സോ?”

“അതെ ഇതറിയുമ്പോൾ അവളുടെ പ്രതികരണം എന്താണെന്ന് ഒന്ന് കാണേണ്ടത് തന്നെയായിരിക്കും അവൾ റൂമിലുണ്ടോ എന്ന് നോക്കട്ടെ

“ഓ, അങ്ങോട്ട് പോയി സമയം മെനക്കെടുത്തണമെന്നില്ല ജോ അവൾ ജാക്കിന്റെയടുത്ത് കാണും ഇന്ന് വൈകുന്നേരം മുതൽ അവരെ ഒരുമിച്ചല്ലാതെ കണ്ടിട്ടില്ല

“എന്നാൽ പിന്നെ അവളെ കിടക്കയിൽ നിന്ന് എഴുന്നേൽപ്പിച്ചേ മതിയാവൂ ശരിയല്ലേ? നിങ്ങളിവിടെ നിൽക്ക് ഞാൻ പോയി നോക്കിയിട്ട് വരാം

“ഓ, അങ്ങനെയിപ്പോൾ ഒറ്റയ്ക്ക് പോകണ്ട” അവൾ ചാടിയെഴുന്നേറ്റ് എനിക്ക് മുന്നെ പുറത്ത് കടന്നു. “ഈ അസുലഭ മുഹൂർത്തം നഷ്ടപ്പെടുത്താനോ? ഒരിക്കലുമില്ല

                    * * * * * * * * * * * * * *

ഡെസ്ഫോർജിന്റെ റൂം ലോക്ക് ചെയ്തിരിക്കുകയായിരുന്നു. അകത്ത് നിന്ന് അനക്കം കേൾക്കുന്നത് വരെയും ഞാൻ കതകിൽ തട്ടിക്കൊണ്ടിരുന്നു. കതക് തുറക്കുമ്പോൾ അദ്ദേഹം തന്റെ ഡ്രെസ്സിങ്ങ് ഗൌണിന്റെ ചരടുകൾ കെട്ടുവാൻ പാടു പെടുകയായിരുന്നു. മുഖത്തേക്ക് അലക്ഷ്യമായി ചിതറിക്കിടക്കുന്ന മുടി. ശല്യപ്പെടുത്തിയതിലുള്ള നീരസം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു.

“വാട്ട് ഇൻ ദി ഹെൽ ഈസ് ദിസ്?”  രോഷത്തോടെ അദ്ദേഹം ചോദിച്ചു.

അദ്ദേഹത്തിന്റെ അനുവാദത്തിന് കാത്ത് നിൽക്കാതെ ഞാൻ അകത്ത് കടന്നു. തൊട്ട് പിന്നിൽ ഇലാനയും.

“അവളെ ഇങ്ങോട്ട് ഇറക്കി വിട്, ജാക്ക്...”  ദ്വേഷ്യത്തോടെ ഞാൻ പറഞ്ഞു.

തുറന്ന് പിടിച്ച വായോടെ അദ്ദേഹം എന്നെത്തന്നെ നോക്കി ഒരു നിമിഷം നിന്നു. പിന്നെ കതക് വലിച്ചടച്ച് എന്റെ നേർക്ക് വന്നു.

“നോക്കൂ ജോ നീ എന്താണീ കാണിക്കുന്നത്?”

അത് ഗൌനിക്കാതെ ഞാൻ ബെഡ്‌റൂമിനടുത്ത് ചെന്ന് കതക് തുറന്ന് ഉറക്കെ പറഞ്ഞു. “മിസ്സിസ് കെൽ‌സോ ഞാൻ പറയാൻ പോകുന്നത് ചിലപ്പോൾ നിങ്ങൾക്ക് താല്പര്യമുണ്ടായേക്കാവുന്ന ഒരു കാര്യമാണ് ആർണി ഫാസ്ബെർഗിനെ അല്പം മുമ്പ് ആരോ കൊലപ്പെടുത്തിയിരിക്കുന്നു
  
കതക് വലിച്ചടച്ച് ഞാൻ വീണ്ടും മറ്റുള്ളവരുടെ അടുത്തേക്ക് നീങ്ങി. മേശപ്പുറത്ത് കിടന്നിരുന്ന പാക്കറ്റിൽ നിന്നും ഇലാന ഒരു സിഗരറ്റ് എടുത്തു. ഡെസ്ഫോർജ് അവിശ്വസനീയതയോടെ എന്നെത്തന്നെ തുറിച്ച് നോക്കിക്കൊണ്ട് നിന്നു.

“കേട്ടിട്ട് നീ പറയുന്നത് തമാശയൊന്നുമല്ലെന്ന് തോന്നുന്നല്ലോ, ജോ...”

“തമാശ പറയാനുള്ള നേരമല്ല ജാക്ക് ഇത്

ബോട്ട്‌ലുകളും ഗ്ലാസുകളും അടുക്കി വച്ചിരിക്കുന്ന മേശയുടെ അരികിൽ ചെന്ന് ഡെസ്ഫോർജ് യാന്ത്രികമായി അല്പം മദ്യം ഗ്ലാസിലേക്ക് പകർന്നു.

“ആ കൊലപാതകത്തിൽ സാറയ്ക്ക് പങ്കുണ്ടെന്നാണോ നീ പറഞ്ഞു വരുന്നത്?”

“ഇതുവരെയുള്ള സൂചനകൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്


ബെഡ്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു. വിളറിയ മുഖവുമായി സാറാ കെൽ‌സോ അവിടെ നിൽക്കുന്നുണ്ടായിരുന്നു. ഒരു ഫ്രണ്ട് ഓപ്പൺ നൈറ്റ് ഗൌൺ ആയിരുന്നു അവളുടെ വേഷം. ബട്ടണുകൾ പലതും ഇടാൻ ബാക്കിയുള്ളതിനാൽ തിടുക്കത്തിൽ എടുത്തണിഞ്ഞതാണെന്നത് വ്യക്തം. അഴിഞ്ഞുലഞ്ഞ് പടർന്ന് കിടക്കുന്ന മുടി.

“മിസ്റ്റർ മാർട്ടിൻ, ആർണി ഫാസ്ബെർഗിനെക്കുറിച്ച് എന്തോ പറയുന്നത് കേട്ടല്ലോ” അവൾ പറഞ്ഞു.

“ദാറ്റ്സ് റൈറ്റ്” ഞാൻ പറഞ്ഞു. “അവൻ കൊല്ലപ്പെട്ടിരിക്കുന്നു അവന്റെ തന്നെ തോക്ക് ഉപയോഗിച്ച് പോയന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്നു കൊണ്ട് നിറയൊഴിച്ചിരിക്കുന്നു

കുഴഞ്ഞ് വീഴുവാൻ തുടങ്ങിയ അവളെ ഡെസ്ഫോർജ് ഓടിച്ചെന്ന് താങ്ങിപ്പിടിച്ച് അടുത്തുള്ള കസേരയിൽ ഇരുത്തി.

“യൂ ആർ വെരി കൈൻഡ്” നന്ദിപൂർവ്വം അവൾ ഡെസ്ഫോർജിനെ നോക്കി.

അല്പം ബ്രാണ്ടി ഗ്ലാസിലേക്ക് പകർന്നെടുത്ത് ഞാൻ അവളുടെ അരികിൽ ചെന്നു. “അതെ തീർച്ചയായും ഫോഗെലും സ്ട്രാട്ടണും ഇനി നിങ്ങളെ കൈകാര്യം ചെയ്യാൻ പോകുന്നത് വച്ച് നോക്കുമ്പോൾ തീർച്ചയായും അവരെ ചതിക്കുവാനാണ് നിങ്ങൾ ശ്രമിച്ചത് ശരിയല്ലേ? ആ വിമാനത്തിന്റെ ക്യാബിനുള്ളിൽ പൈലറ്റ് സീറ്റിന് തൊട്ട് മുകളിലായി റൂഫിൽ കുറേ മരതകക്കല്ലുകൾ ഒളിപ്പിച്ച് വച്ചിട്ടുള്ള കാര്യം നിങ്ങൾ ആർണിയോട് പറഞ്ഞു നിങ്ങളിവിടെ എത്തിയ ആദ്യ ദിനത്തിൽ തന്നെ അങ്ങോട്ട് പറന്ന് അത് എടുത്തുകൊണ്ട് വരുവാൻ നിങ്ങൾ അവനെ നിർബന്ധിച്ചു എന്നിട്ട് അവിടെ ലാന്റ് ചെയ്യുന്ന കാര്യം അസാദ്ധ്യമാണെന്ന് പ്രചരിപ്പിക്കുവാനും അവനോട് ആവശ്യപ്പെട്ടു

“അവിടെ ലാന്റ് ചെയ്യാൻ സാധിച്ചില്ല എന്നാണ് അവൻ എന്നോട് പറഞ്ഞത്” ഇരുകൈകളും കൊണ്ട് ഗ്ലാസിൽ മുറുകെ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. “പക്ഷേ, അവൻ എന്നോട് പറഞ്ഞത് നുണയായിരുന്നു

“പക്ഷേ, അത് സത്യമാണോ അല്ലയോ എന്നതിനെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടായിരുന്നു” ഞാൻ പറഞ്ഞു. “നാം എല്ലാവരും കൂടി അവിടെയെത്തി വിമാനം പരിശോധിക്കുന്നത് വരെയും നിങ്ങൾക്കതേക്കുറിച്ച് ഉറപ്പ് പറയാൻ കഴിയുമായിരുന്നില്ല പക്ഷേ, അപ്പോഴേക്കും ആർണി ഗ്രീൻലാന്റിന് പുറത്ത് പോയിക്കഴിഞ്ഞിരിക്കും എന്നും നിങ്ങൾ ഭയപ്പെട്ടു ആ സാദ്ധ്യത ഇല്ലാതാക്കുവാനായി നിങ്ങൾ രാത്രിയിൽ തന്നെ എയർസ്ട്രിപ്പിൽ ചെന്ന് ആ പഴയ ട്രക്ക് സ്റ്റാർട്ട് ചെയ്ത് അവന്റെ വിമാനത്തിലേക്ക് ഇടിച്ച് കയറ്റി

പരിക്ഷീണിതയായി അവൾ തല കുലുക്കി. “ഓൾ റൈറ്റ് ഞാൻ പറയാം എല്ലാം ഞാൻ പറയാം... പല കാര്യങ്ങളും ഒരുമിച്ച് നടത്തിക്കൊണ്ട് പോകുന്ന വ്യക്തിയാണ് ഫോഗെൽ പലതും നേരായ വഴിയിലും മറ്റ് കുറെയൊക്കെ അല്ലാതെയും

“അയാളുടെ ആ ലണ്ടൻ ആന്റ് യൂണിവേഴ്സൽ ഇൻഷുറൻസ് കമ്പനിയെക്കുറിച്ച് എന്ത് പറയുന്നു?”

“നിയമാനുസൃതമായി രൂപീകരിച്ച ഒരു കമ്പനിയാണത് അക്കാര്യത്തിൽ യാതൊരു സംശയവുമില്ലെനിക്ക് കാരണം, എന്റെ ഭർത്താവിന്റെ മരണത്തെത്തുടർന്ന് ലഭിക്കാനുണ്ടായിരുന്ന ലൈഫ് ഇൻഷുറൻസ് തുക കൃത്യമായി തന്നെ ഫോഗെൽ എനിക്ക് തന്നിരുന്നു അദ്ദേഹമത് നിങ്ങളോട് പറഞ്ഞിരുന്നല്ലോ

“ശരി നിങ്ങളുടെ ഭർത്താവ് ജാക്ക് കെൽ‌സോ അദ്ദേഹം എപ്പോഴാണ് ഈ പദ്ധതിയിൽ പങ്കാളിയാകുന്നത്?”

“ബ്രസീലിലെ ഒരു ആഭ്യന്തര വിമാനക്കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ജാക്ക് വലിയ ഏതെങ്കിലും കമ്പനിയിൽ കയറുന്നത് വരെ സമയം ചെലവഴിക്കുവാനായി ചേർന്നതായിരുന്നു അപ്പോഴാണ് സാവോ പോളോയിലെ ഒരു ബാറിൽ വച്ച് മർവിൻ ഗോൺ‌ട് എന്ന വ്യക്തിയെ കണ്ടുമുട്ടുന്നത് ഏതോ ഒരു ബ്രസീലിയൻ ധനികനിൽ നിന്നും ഒരു സെക്കന്റ് ഹാന്റ് ഹെറോൺ വിമാനം അയാൾ വാങ്ങിയിട്ടുണ്ടെന്നും അത് പുറത്തേക്ക് കടത്താനുള്ള എക്സ്പോർട്ട് ലൈസൻസ് സമ്പാദിക്കുവാൻ കഴിഞ്ഞില്ല എന്നും അയാൾ പറഞ്ഞു അനധികൃതമായി പറത്തിക്കൊണ്ട് പോയി മെക്സിക്കോവിലെ ഏതോ ഒരു ചെറിയ എയർ ഫീൽഡിൽ ഇറക്കുകയാണെങ്കിൽ അയ്യായിരം ഡോളർ നൽകാമെന്ന് അയാൾ എന്റെ ഭർത്താവിന് വാഗ്ദാനം നൽകി അവിടെ വച്ച് രജിസ്ട്രേഷൻ നമ്പർ മാറ്റി അമേരിക്ക, കാനഡ വഴി വിമാനം യൂറോപ്പിലേക്ക് കടത്താമെന്നും അയാൾ പറഞ്ഞു വാങ്ങിയ വിലയുടെ ഇരട്ടി നൽകി വിമാനം വാങ്ങുവാൻ അയർലണ്ടിൽ ഒരാൾ കാത്തിരിക്കുന്നുണ്ടെന്നാണ് ഗോൺ‌ട് പറഞ്ഞത്

“പിന്നെ എവിടെയാണ് പാളിച്ച പറ്റിയത്?”

“മദ്യലഹരിയിലായ ഗോൺ‌ട് ഒരു രാത്രിയിൽ ആ രഹസ്യം വെളിപ്പെടുത്തി അഞ്ച് ലക്ഷം ഡോളർ വില മതിക്കുന്ന മരതകക്കല്ലുകൾ വിമാനത്തിനുള്ളിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്നും അത് യൂറോപ്പിലേക്ക് കടത്തുവാനാണ് ഫോഗെൽ ആ വിമാനം വാങ്ങുന്നതെന്നും

“എന്നിട്ട് ആ കള്ളക്കടത്തിന് കൂട്ട് നിൽക്കുവാൻ നിങ്ങളുടെ ഭർത്താവ് തയ്യാറായി?”

നിസ്സഹായയായി അവൾ ഞങ്ങളുടെ നേരെ നോക്കി. “ആ തീരുമാനം തെറ്റാണെന്ന് എനിക്കറിയാമായിരുന്നു പക്ഷേ, ഞങ്ങളുടെ അന്നത്തെ സ്ഥിതി വളരെ മോശമായിരുന്നു ലണ്ടനിൽ ജോലി നോക്കുകയായിരുന്നു ഞാൻ ഞങ്ങളുടെ രണ്ട് ആൺ മക്കളെ നോക്കി വളർത്തിയിരുന്നത് അദ്ദേഹത്തിന്റെ മാതാവായിരുന്നു തികച്ചും ബുദ്ധിമുട്ട്  നിറഞ്ഞതായിരുന്നു അന്നത്തെ ജീവിതം

“അങ്ങനെ കൂടുതൽ പണം മുടക്കുവാൻ ഫോഗെൽ തയ്യാറായി?”

“വേറെ വഴിയില്ലായിരുന്നു ഫോഗെലിന് വിമാനം അയർലണ്ടിൽ എത്തിക്കുവാൻ ജാക്കിന് ഇരുപത്തിയയ്യായിരം ഡോളറാണ് ഫോഗെൽ വാഗ്ദാനം ചെയ്തത് ആ തുക ലണ്ടനിൽ എന്റെ അക്കൌണ്ടിൽ എത്തിയതിന് ശേഷം മാത്രമാണ് വിമാനം പറത്തുവാൻ എന്റെ ഭർത്താവ് തയ്യാറായത്

“കനത്ത വിലപേശലിനൊടുവിൽ നിങ്ങളുടെ ഭർത്താവ് വിജയിച്ചു…?

“ഞാൻ പറഞ്ഞല്ലോ അവർക്ക് മറ്റ് മാർഗ്ഗമൊന്നും തന്നെ ഇല്ലായിരുന്നു” അവൾ ചുമൽ വെട്ടിച്ചു.

“ഏത് വിധം സമ്പാദിച്ച പണമാണ് അതെന്നതിനെക്കുറിച്ച് ഒരു കുറ്റബോധവും തോന്നിയില്ല നിങ്ങൾക്ക്?” ഇലാന ചോദിച്ചു.

“ഇതിനെക്കാൾ എത്രയോ നീചമായ പ്രവൃത്തികളുണ്ട് ഈ ലോകത്ത്...” അവൾ നെടുവീർപ്പിട്ടു. “അല്ലെങ്കിൽ അങ്ങനെ സമാധാനിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്റെ ഭാവിയെക്കുറിച്ച് മാത്രമായിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നതെന്ന് ഓർക്കണം എന്റെയും എന്റെ മക്കളുടെയും ഭാവിയെക്കുറിച്ച് മാത്രം

ക്ഷമയുടെ നെല്ലിപ്പലക എന്നൊരു ചൊല്ലുണ്ട് അവളുടെ ആ വാക്കുകൾ എന്നെക്കൊണ്ടെത്തിച്ചത് അവിടെയായിരുന്നു. അവളുടെ പ്രകടനത്തിനുള്ള അംഗീകാരമായി ഞാൻ പതുക്കെ കൈകൾ കൊട്ടി.

“തിരശ്ശീല പതുക്കെ താഴ്ന്നു കൊണ്ടിരിക്കുന്നു എല്ലാവരും കരഘോഷം നടത്തിക്കൊള്ളൂ” ഞാൻ പറഞ്ഞു.

“ജോ ദൈവത്തെയോർത്ത് അവൾക്കിത്തിരി സമാധാനം കൊടുക്കൂ ഈ രാത്രിയിൽ സഹിക്കാനാവുന്നതിലും അധികം കേട്ടു കഴിഞ്ഞിരിക്കുന്നു മിസ്സിസ് കെൽ‌സോ...” ഡെസ്ഫോർജ് പറഞ്ഞു.

“താങ്കളുടെ സഹാനുഭൂതിയെ ഞാൻ അഭിനന്ദിക്കുന്നു ജാക്ക് പക്ഷേ, ഒരു സത്യം അറിയുന്നതിൽ വിരോധമില്ലല്ലോ ആർക്കും? ഉണ്ടോ?” ഞാൻ ചോദിച്ചു.  “നമ്മുടെ മുന്നിൽ നിൽക്കുന്ന ഈ വനിത മിസ്സിസ് കെൽ‌സോ അല്ല...!”

നീണ്ട കരഘോഷത്തിനൊടുവിൽ തീയേറ്ററുകളിൽ കാണാറുള്ള നിശ്ശബ്ദത അടുത്ത ഹർഷാരവത്തിന് മുന്നോടിയായുള്ള ആ മൌനം അതായിരുന്നു അവിടെ അപ്പോൾ നിറഞ്ഞു നിന്നത്.  അവിശ്വസനീയതയോടെ, അതിനേക്കാളുപരി ആശ്ചര്യത്തോടെ ഡെസ്ഫോർജ് എന്നെ തുറിച്ച് നോക്കി നിന്നു. രക്ഷപെടാനുള്ള അവസാന മാർഗ്ഗവും അടഞ്ഞുവെന്ന് മനസ്സിലായ വേട്ടമൃഗത്തിന്റെ മുഖഭാവമായിരുന്നു സാറാ കെൽ‌സോയ്ക്ക് അപ്പോൾ.

അമ്പരപ്പ് നിറഞ്ഞ മുഖത്തോടെ ഇലാന എനിക്കരികിലേക്ക് വന്നു. “എന്താണ് നിങ്ങൾ പറഞ്ഞ് വരുന്നത്?”

“വളരെ ലളിതം...”  ഞാൻ ഇരു കൈകളും വിടർത്തി എല്ലാവരെയും അഭിമുഖീകരിച്ചു. “ഇതാ നിങ്ങളുടെ മുന്നിൽ നിൽക്കുന്ന ഈ ഞാൻ തന്നെയാണ് ജാക്ക് കെൽ‌സോ

(തുടരും)

Friday, 7 August 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 42തണുത്തുറഞ്ഞ വെള്ളത്തിൽ അധിക നേരം എനിക്ക് കഴിച്ചു കൂട്ടാനാകില്ല എന്ന വസ്തുത അവർക്ക് നന്നായിട്ടറിയാമെന്നതിനാൽ കരയിൽ എത്തുന്ന എന്നെ പിടികൂടാനായി ഒട്ടും സമയം കളയാതെ ജെട്ടിയിലേക്ക് നീങ്ങുകയായിരിക്കും അവർ ഇപ്പോൾ. അതിനാൽ തന്നെ അൽപ്പം റിസ്കെടുക്കുവാൻ ഞാൻ തീരുമാനിച്ചു. പുകമഞ്ഞിന്റെ ആവരണത്തിന്റെ സുരക്ഷിതത്വത്തിൽ ഞാൻ ഹാർബറിന്റെ മറുകരയിലേക്ക് നീന്തി.

ഏതാണ്ട് പത്ത് മിനിറ്റ് ആയിക്കാണും നീന്തിത്തുടങ്ങിയിട്ട്. തണുപ്പിന്റെ കാഠിന്യത്തിൽ ദേഹം മരവിക്കുന്നത് പോലെ കരയെത്തുവാൻ സാധിക്കുമോ എന്നതിൽ സന്ദേഹം തോന്നിത്തുടങ്ങിയിരിക്കുന്നു. പെട്ടെന്നാണ് എന്റെ കാൽമുട്ട് വെള്ളത്തിനടിയിലെ ഏതോ പാറയിൽ തട്ടിയത്. ഭാഗ്യംതീരമായിരിക്കുന്നു നിമിഷങ്ങൾക്കകം വെള്ളത്തിൽ നിന്നും പുറത്ത് കടന്ന ഞാൻ മുന്നോട്ടിഴഞ്ഞ് നീങ്ങി തീരത്തെ ചരൽപ്പരപ്പിൽ കമഴ്ന്ന് കിടന്നു.

തണുത്ത് മരവിച്ചിരുന്നു എന്റെ ദേഹം. എങ്കിലും അൽപ്പം ബുദ്ധിമുട്ടി എഴുന്നേറ്റ ഞാൻ വേച്ച് വേച്ച് മുന്നോട്ട് നടന്നു. നിരനിരയായി അടുക്കി വച്ചിരിക്കുന്ന കോൺക്രീറ്റ് ബ്ലോക്കുകളുടെ അരികിലേക്കാണ് ഞാൻ എത്തിപ്പെട്ടത്. സ്ഥലം പിടികിട്ടി. ശീതക്കാറ്റിൽ നിന്നുമുള്ള സുരക്ഷിത്വത്തിനായി എയർ സ്ട്രിപ്പിന്റെ വടക്കേ അറ്റത്ത് നിരത്തിയിരിക്കുന്ന ബ്ലോക്കുകളാണത്.

ഞാൻ വാച്ചിലേക്ക് കണ്ണോടിച്ചു. ഒമ്പത് മണിയായിരിക്കുന്നു. ആർണിയെ കടലിൽ വിട്ട് പോന്നിട്ട് ഏതാണ്ട് മൂന്ന് മണിക്കൂറോളമാകുന്നു. ഇതിനകം തിരിച്ചെത്തിയിരിക്കണം അവൻ. പ്രത്യേകിച്ചും കാലാവസ്ഥ മോശമായിക്കൊണ്ടിരിക്കുന്നതിനാൽ.

എയർസ്ട്രിപ്പിൽ എത്തിയതും ഞാൻ ഓടുവാനാരംഭിച്ചു. മരവിച്ച കൈകൾക്ക് ഊർജ്ജം പകരുവാനായി കൈകൾ രണ്ടും ആവുന്നത്ര ചലിപ്പിച്ചുകൊണ്ടായിരുന്നു ഞാൻ ഓടിയത്. ആ പരിസരത്തെങ്ങും ആരെയും കാണാനുണ്ടായിരുന്നില്ല. എയർസ്ട്രിപ്പിലെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആ പഴയ ജീപ്പ് സ്റ്റാർട്ട് ചെയ്ത് ഞാൻ ടൌൺ ലക്ഷ്യമാക്കി നീക്കി. സംഭവിച്ചതെന്തൊക്കെയായാലും ശരി, എത്രയും പെട്ടെന്ന് ആർണിയെ കണ്ടുപിടിക്കുക എന്നതാണിപ്പോൾ മുഖ്യം. ഏത് തരത്തിലുള്ള ആൾക്കാരാണ് അവനെ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പറഞ്ഞ് മനസ്സിലാക്കണം. മൂടൽമഞ്ഞിന്റെ മറപറ്റി ഞാൻ ആവുന്നത്ര വേഗതയെടുത്തു.

ഇടുങ്ങിയ തെരുവിന്റെ അറ്റത്ത് ജീപ്പ് പാർക്ക് ചെയ്തതിന് ശേഷം അവന്റെ കോട്ടേജിന് നേർക്ക് നടന്നു. വരാന്തയിലേക്കുള്ള പടവുകൾ കയറവേ സൈഡ് ഗേറ്റ് വലിച്ച് തുറന്ന് ധൃതിയിൽ ആരോ പുറത്തേക്കോടുന്നത് ശ്രദ്ധയിൽ പെട്ടു. മഞ്ഞിന്റെ ആവരണത്തിലും ആ മുഖം പെട്ടെന്നെനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. ഗൂഡ്രിഡ് റസ്മുസെൻ. അന്ധാളിപ്പും പരിഭ്രമവും നിറഞ്ഞിരുന്നു അവളുടെ മുഖത്ത്. എന്തെങ്കിലും ചോദിക്കാൻ സാധിക്കുന്നതിന് മുമ്പ് തന്നെ അവൾ ഇരുട്ടിൽ മറഞ്ഞു കഴിഞ്ഞിരുന്നു.

വരാന്തയിൽ കയറി ഞാൻ കതകിൽ തട്ടി. ഉള്ളിൽ നിന്നും പ്രതികരണമൊന്നുമില്ല. അല്പം മാറിക്കിടക്കുന്ന കർട്ടനിടയിലൂടെ വെളിച്ചത്തിന്റെ നേർത്ത വീചികൾ പുറത്തേക്ക് വരുന്നുണ്ട്. അവനെ പേര് വിളിച്ച് വീണ്ടും ഞാൻ ഉറക്കെ തട്ടിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. അടുക്കളയുടെ വാതിൽ നോക്കാമെന്ന് തീരുമാനിച്ച് ഞാൻ പിൻഭാഗത്തേക്ക് നടന്നു.

തുറന്ന് കിടന്ന വാതിലിലൂടെ ഉള്ളിലേക്ക് കാൽ വച്ച ഉടൻ തന്നെ എനിക്ക് മനസ്സിലായിക്കഴിഞ്ഞിരുന്നു ഞാൻ എന്താണവിടെ കാണാൻ പോകുന്നതെന്ന്. അവിടെ നിറഞ്ഞിരുന്ന ആ മൌനം അതിന്റെ സൂചനയായിരുന്നു ഈ ലോകം ഒന്നാകെ നിശ്ചലമായത് പോലെ വെടിമരുന്നിന്റെ രൂക്ഷഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞ് നിൽക്കുന്നു!

ലിവിങ്ങ് റൂം മൊത്തം കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ്. ചുമരിൽ ഘടിപ്പിച്ചിരുന്ന ടെലിഫോൺ ഇളകി താഴെ വീണ് കിടക്കുന്നു. അലമാരകൾ മറിച്ചിട്ടിരിക്കുന്നു. കീറിപ്പറിഞ്ഞ കുഷ്യനുകൾ നിലത്ത് ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ രക്തം ചുമരിലൂടെ ചിതറിത്തെറിച്ച് താഴോട്ടിറ്റ് വീഴുന്ന ചുടുനിണം

ചുമരിനോട് ചേർന്നുള്ള സോഫയിൽ ആർണി ചലനമറ്റ് മലർന്ന് കിടക്കുന്നുണ്ടായിരുന്നു. വെടിയേറ്റ് ചിതറിത്തകർന്ന മുഖവുമായി കൊലപ്പെടുത്തുവാനുപയോഗിച്ച തോക്ക് അവന്റെ ദേഹത്ത് ഉപേക്ഷിച്ചിട്ട് കടന്നു കളഞ്ഞിരിക്കുകയാണ് അക്രമി. ആർണിയുടെ തന്നെ ഷോട്ട് ഗൺ.

വിചിത്രമായിരിക്കാം മരണത്തിന്റെ മുഖം അതിഭീകരമാണ് പക്ഷേ, പലപ്പോഴും ആ ആഘാതത്തിൽ നാം നിർവ്വികാരരായി നിന്നു പോകുന്നു മരവിച്ച മനസ്സുമായി സ്വാഭാവികമായും ഉണ്ടാകേണ്ട വികാരവിക്ഷോഭങ്ങളെല്ലാം വിസ്മരിച്ചുകൊണ്ട് ചേതനയറ്റ് കിടക്കുന്ന അവനെയും നോക്കി അല്പനേരം ഞാനവിടെ നിന്നു. ഈ കാണുന്നതൊന്നും യാഥാർത്ഥ്യമല്ലെന്നും ഏതോ ഒരു ഭീകരസ്വപ്നത്തിന്റെ ഭാഗമാണെന്നും ഉള്ള മിഥ്യാ ധാരണയിൽ.

ആഞ്ഞ് വീശിയ കാറ്റിൽ ഏതോ ഒരു ജാലകവാതിൽ ഉറക്കെ അടഞ്ഞു. മുഖത്തൊരടി കിട്ടിയത് പോലെ ഞാൻ യാഥാർത്ഥ്യത്തിലേക്ക് തിരികെയെത്തി. തിരിഞ്ഞ് പുറത്ത് കടന്ന ഞാൻ സർവ്വശക്തിയുമെടുത്ത് ജീപ്പിനരികിലേക്ക് ഓടി. നരകത്തിലെ സകല പിശാചുക്കളും ചേർന്ന് എന്നെ പിന്തുടരുന്ന പ്രതീതി.

                                * * * * * * * * * * * * *

ഹോട്ടലിന്റെ പിൻ‌ഭാഗത്തെ മുറ്റത്ത് ജീപ്പ് പാർക്ക് ചെയ്തിട്ട് പിന്നിലെ സ്റ്റെയർകേസ് വഴി ഞാൻ എന്റെ റൂമിലേക്ക് നടന്നു. കതക് തുറന്നതും കണ്ടത് ജാലകത്തിനരികിൽ ഇരുന്ന് പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന ഇലാനയെയാണ്. അപ്പോഴും ഞാൻ വെളിയിൽ മഞ്ഞുമറയുടെ ഉള്ളിലാണോ നിൽക്കുന്നതെന്ന സന്ദേഹം ഒരു നിമിഷം എന്നിലൂടെ കടന്നുപോയി. ചാടിയെഴുന്നേറ്റ അവളുടെ മുഖം മൂടൽ മഞ്ഞിനുള്ളിൽ നിന്ന് എന്ന പോലെ പതുക്കെ തെളിഞ്ഞ് വരുന്നതായി തോന്നി. എന്നെ സ്വീകരിക്കാനായി അടുത്തേക്ക് വന്ന അവളുടെ പുഞ്ചിരിക്കുന്ന മുഖത്ത് ക്രമേണ അത്ഭുതവും ഉത്കണ്ഠയും പരക്കുന്നത് ഞാൻ കണ്ടു.

പിന്നീടെന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായി ഞാനോർക്കുന്നില്ല. ഓർമ്മ വന്നപ്പോൾ ഞാൻ മുട്ടുകുത്തി നിൽക്കുകയാണ്. എനിക്കരികിൽ എന്നെ വട്ടം ചുറ്റിപ്പിടിച്ച് ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ച് കൊണ്ട് നിൽക്കുന്ന ഇലാനജീവിതത്തിൽ ഞാൻ ഇത്രയേറെ സന്തോഷിച്ച നിമിഷങ്ങൾ ഒരു പക്ഷേ ഇതിന്‌ മുമ്പ് ഉണ്ടായിട്ടുണ്ടാകില്ല മരണമുഖത്ത് നിന്നും രക്ഷപെട്ട് എത്തിയപ്പോൾ അത്ര മാത്രം ആശ്വാസദായകമായിരുന്നു അവളുടെ സാമീപ്യം.

                                * * * * * * * * * * * * *

ചൂടുവെള്ളത്തിൽ നന്നായിട്ടൊന്ന് കുളിച്ചുകഴിഞ്ഞപ്പോൾ അല്പമൊരു ആശ്വാസം തോന്നി എനിക്ക്. ശേഷം, നടന്ന സംഭവങ്ങളെല്ലാം തന്നെ ഞാൻ അവളോട് വിവരിച്ചു. എന്തായാലും ഗൂഡ്രിഡിനെ പോയി കാണുവാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.

അവളുടെ റൂം അകത്ത് നിന്ന് ലോക്ക് ചെയ്തിരിക്കുകയാണ്. പലവട്ടം മുട്ടിയെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല ഉള്ളിൽ നിന്ന്. അവളുടെ പേരെടുത്ത് വിളിച്ച് പിന്നെയും മുട്ടിയപ്പോൾ അല്പസമയം കഴിഞ്ഞ് പതുക്കെ വാതിൽ തുറന്ന് പേടിച്ചരണ്ട മുഖവുമായി അവൾ പുറത്തേക്കെത്തി നോക്കി.  അവളുടെ കൺ‌തടങ്ങൾ കരഞ്ഞ് കലങ്ങി വീർത്തിരുന്നു. ജ്വരം പിടി പെട്ടവളെപ്പോലെ വിറയ്ക്കുന്നുണ്ടായിരുന്നു അവൾ.

ആദ്യം എന്നെയും പിന്നെ ഇലാനയെയും മാറി മാറി നോക്കിയ അവൾ തന്റെ കണ്ണുകൾക്ക് മുകളിലൂടെ വീണ മുടി വകഞ്ഞ് മാറ്റി.

“ഐ ആം സോറി മിസ്റ്റർ മാർട്ടിൻ എനിക്ക് നല്ല സുഖമില്ല ഇന്ന് രാത്രി ഞാൻ ഡ്യൂട്ടിയിലുണ്ടാവില്ല ഓഫ് എടുക്കുകയാണ്  അവൾ പറഞ്ഞു.

അവളെ റൂമിനുള്ളിലേക്ക് പതുക്കെ തള്ളി നീക്കി ഞാൻ ഉള്ളിൽ കടന്നു. തൊട്ട് പിന്നാലെ ഇലാനയും.

“ഞാൻ നിന്നെ കണ്ടിരുന്നു ഗൂഡ്രിഡ് അവിടെ നിന്നും ഓടിപ്പോകുന്നത്” ഞാൻ പറഞ്ഞു.

അവളുടെ അമ്പരപ്പ് തികച്ചും നിഷ്കളങ്കമായി തോന്നിച്ചു. “ഓടിപ്പോകുന്നതോ…? എനിക്കൊന്നും മനസ്സിലാകുന്നില്ല

“അതേ ആർണിയുടെ കോട്ടേജിൽ നിന്നും എനിക്കരികിലൂടെയാണ് നീ ഓടിപ്പോയത് അവനെ കാണാൻ വന്നതായിരുന്നു ഞാൻ

അവളുടെ മുഖം വിളറി. തിരിഞ്ഞ് കട്ടിലിലേക്ക് വീണ് അവൾ ഏങ്ങലടിക്കുവാൻ തുടങ്ങി. അവൾക്കരികിൽ ചെന്നിരുന്ന് പതുക്കെ ഞാൻ ചുമലിൽ തടവി ആശ്വസിപ്പിച്ചു.

“ഗൂഡ്രിഡ് കരയുവാനുള്ള സമയം ഒന്നും ഇല്ല നമുക്ക് നീ പോലീസിൽ വിവരമറിയിച്ചുവോ?”

ഏങ്ങലടിച്ചുകൊണ്ടിരുന്ന അവൾ തല തിരിച്ച് എന്നെ നോക്കി. “ഞാനല്ല അദ്ദേഹത്തെ കൊന്നത് നിങ്ങളിത് വിശ്വസിക്കണം ഞാനവിടെ എത്തിയപ്പോഴേക്കും അദ്ദേഹം കൊല്ലപ്പെട്ടിരുന്നു

“ഞാൻ വിശ്വസിക്കുന്നു ഗൂഡ്രിഡ്  അതോർത്ത് നീ വിഷമിക്കേണ്ട” ഞാൻ പറഞ്ഞു.

“നിങ്ങൾക്ക് മനസ്സിലാവില്ല ആർണിയും ഞാനും തമ്മിൽ പലപ്പോഴും വഴക്കടിക്കാറുണ്ട് പലർക്കും അതറിയുന്നതുമാണ് സർജന്റ് സൈമൺസെന്‌ പോലും” അവൾ വിതുമ്പി.

“എന്തൊക്കെ സംഭവ്യവും എന്തൊക്കെ അസംഭവ്യവും ആണെന്നും അദ്ദേഹത്തിന് നന്നായിട്ടറിയാം ഗൂഡ്രിഡ്നീ ആർണിയുടെ മുഖത്തേക്ക് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്നുകൊണ്ട് രണ്ട് ബാരൽ നിറയൊഴിച്ചുവെന്ന് വിശ്വസിക്കുവാനും മാത്രം വിഡ്ഢിയൊന്നുമല്ല സൈമൺസെൻ അത്തരം ഒരു ചിന്തയുമായി സമയം മെനക്കെടുത്താൻ പോലും അദ്ദേഹം തുനിയുകയില്ല  അവളുടെ ഇരുകരങ്ങളും കൈകളിലെടുത്ത് ഞാൻ മുറുകെ പിടിച്ചു. “ഇനി പറയൂ എന്താണവിടെ സംഭവിച്ചതെന്ന് പറയൂ

(തുടരും)