Saturday, 26 December 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 54കൈപ്പത്തിയിലൂടെ രക്തം ഒഴുകിത്തുടങ്ങിയിരിക്കുന്നു. കർച്ചീഫ് എടുത്ത് കൈത്തണ്ടയ്ക്ക് ചുറ്റും വരിഞ്ഞു കെട്ടുമ്പോൾ എല്ലുകളുടെ ചലനത്തിൽ നിന്നും എനിക്ക് മനസ്സിലായി ഫ്രാക്ച്ചർ സംഭവിച്ചിരിക്കുന്നു എന്ന്. എങ്കിലും ഇതുവരെയും വേദന അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല. അല്പം കൂടി കഴിയുമ്പോഴേ അത് പ്രകടമായി തുടങ്ങൂ. മുറിവേറ്റ കൈ ഫ്ലയിങ്ങ് ജാക്കറ്റിന്റെ പോക്കറ്റിൽ തിരുകി ഞാൻ കുന്നിൻ‌മുകളിലേക്ക് നടപ്പ് തുടർന്നു.

മുകൾഭാഗത്തുള്ള മുൾ‌വേലിക്കിടയിലൂടെ അപ്പുറം കടന്ന് മഞ്ഞിന്റെ മറവ് പറ്റി സൌത്ത് മെഡോവിന് നേർക്ക് നീങ്ങവെ അകലെ നിന്നും ഒരു വെടിയൊച്ച മുഴങ്ങി. അതിന് മറുപടി എന്ന പോലെ തൊട്ടു പിന്നാലെ രണ്ടെണ്ണം കൂടി തല കുനിച്ച് ഞാൻ മുന്നോട്ട് ഓടി. റസ്‌മുസെന്റെ ഫാമിന്റെ വടക്ക് ഭാഗത്തെ മതിൽക്കെട്ടിന്റെ മറവിലെത്തിയതും ഞാൻ ശ്രദ്ധാപൂർവ്വം പതുക്കെ നീങ്ങി ഫാമിനുള്ളിലേക്ക് പ്രവേശിച്ചു.

ധാന്യപ്പുരയുടെ മച്ചിൻപുറത്ത് നിന്നും ഒരു വെടിയൊച്ച കൂടി അതിനുള്ള തിരിച്ചടിയെന്നോണം ഫാം ഹൌസിനുള്ളിൽ നിന്നും രണ്ട് തവണ വെടി മുഴങ്ങി. ഒട്ടും താമസിച്ചില്ല, വന്ന വഴിയിലൂടെ തന്നെ ഞാൻ തിടുക്കത്തിൽ തിരിഞ്ഞോടി. ഫാം ഹൌസിൽ നിന്നും നോക്കിയാൽ കാണാൻ പറ്റാത്ത ദൂരത്തിൽ എത്തിയതും മതിലിന് മുകളിലൂടെ ചാടിക്കടന്ന് ഞാൻ ഫാം ഹൌസിന്റെ പിൻ‌ഭാഗത്തേക്ക് നടന്നു.

പിൻ‌ഭാഗത്തെ വാതിൽക്കൽ ആരും തന്നെ ഉണ്ടായിരുന്നില്ല. അഥവാ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ തന്നെയും അത് ശ്രദ്ധിക്കാനുള്ള മനോനിലയിലായിരുന്നില്ല ഞാൻ. മുറിവേറ്റ കൈപ്പത്തിയിൽ അസഹനീയമായ വേദന ആരംഭിച്ചിരിക്കുന്നു. കൈപ്പത്തിയിൽ നിന്നും മുകളിലേക്ക് അത് ജീവനുള്ള ഒരു വസ്തുവിനെപ്പോലെ അരിച്ച് കയറുന്നു.

ഏത് നിമിഷവും പിന്നിൽ നിന്നും വെടിയുണ്ട ഏൽക്കാം എന്ന ശങ്കയോടെ തല കുനിച്ച് ഞാൻ മുറ്റത്തു കൂടി മുന്നോട്ടോടി. പക്ഷേ, ഭാഗ്യവശാൽ അത്തരത്തിൽ ഒന്നും തന്നെ സംഭവിച്ചില്ല. നിമിഷങ്ങൾക്കകം വാതിലിന് മുന്നിൽ എത്തിയതും എനിക്കായിട്ടെന്നത് പോലെ അത് തുറക്കപ്പെട്ടു.

ഉള്ളിൽ കടന്ന് അടുക്കളയുടെ മറുവശത്തെ ചുമരിൽ ചെന്നിടിച്ചപ്പോഴായിരുന്നു എന്റെ ഓട്ടം നിലച്ചത്. എനിക്ക് പിന്നിൽ കതക് അടഞ്ഞ് ബോൾട്ട് വീഴുന്ന ശബ്ദം ഒരു ഞെട്ടലോടെ ഞാൻ ശ്രവിച്ചു. വെട്ടിത്തിരിഞ്ഞ് കണ്ണുകളിൽ മൂടിയ വിയർപ്പ് തുള്ളികൾ ഇടത് കൈയാൽ വടിച്ചു കളഞ്ഞ് നോക്കിയപ്പോൾ ഞാൻ കണ്ടത് എന്നെത്തന്നെ നോക്കിക്കൊണ്ട് നിൽക്കുന്ന ഡ ഗാമയെയാണ്.

                                      * * * * * * * * * * * * * * *

ഗാമയുടെ ബലിഷ്ഠകരങ്ങളിൽ അകപ്പെട്ട എന്നെ ഉന്തിത്തള്ളി അയാൾ ഹാളിലേക്ക് ആനയിച്ചു. വെടിയുണ്ടകളേറ്റ് ചിതറിയ ചില്ലു ജാലകത്തിനരികിൽ റിവോൾവറും കൈയിലേന്തി ഇരിക്കുന്ന ഫോഗെൽ. അയാൾക്കരികിൽ ചുമരിൽ ചാരി ഇരിക്കുകയാണ് സാറാ കെൽ‌സോ. മേശമേൽ കണ്ണുകളടച്ച് കിടക്കുന്ന ഒലാഫ് റസ്മുസെന്റെ തലയിൽ രക്തം പുരണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അരികിൽ പരിഭ്രമത്തോടെ ഇരിക്കുന്ന ഇലാനയും ഗൂഡ്രിഡും.

എന്നെ നോക്കി വളരെ ലാഘവത്തിൽ ഫോഗെൽ ചോദിച്ചു. “സ്ട്രാട്ടണ് എന്ത് സംഭവിച്ചു?”

“ദുർഘടമായ വഴിയിലൂടെ ബീച്ചിലേക്കിറങ്ങാൻ ശ്രമിച്ചു നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അയാളെ ഇനി ജീവനോടെ കാണാമെന്ന പ്രതീക്ഷയേ വച്ചു പുലർത്തില്ലായിരുന്നു

മറ്റൊരു ബുള്ളറ്റ് കൂടി ജാലത്തിന്റെ ചില്ലുകൾ തകർത്തു കൊണ്ട് മുറിയുടെ ചുമരിൽ ചെന്ന് തറച്ചു. എല്ലാവരും ഞൊടിയിടയിൽ തറയിൽ കമഴ്ന്ന് കിടന്നു. ഇലാനയുടെ അരികിലേക്ക് പതുക്കെ ഇഴഞ്ഞു നീങ്ങിയ ഞാൻ മുറിവേറ്റ കൈ അവൾക്ക് നേരെ നീട്ടി. “ഇലാനാ, ഈ മുറിവിന് എന്തെങ്കിലും ഒന്ന് ചെയ്യൂ പ്ലീസ് പിന്നെ, എന്താണിവിടെ ശരിക്കും സംഭവിച്ചത്?”

തന്റെ കഴുത്തിലണിഞ്ഞിരുന്ന സ്കാർഫ് അഴിച്ചെടുത്ത് അവൾ എന്റെ കൈത്തണ്ടയിൽ മുറുക്കി കെട്ടി. “ഇവിടെ എത്തിയതും വീടിനുള്ളിലേക്ക് കയറി ഇരുന്നുകൊള്ളുവാൻ ഡെസ്ഫോർജ് ഞങ്ങളോട് പറഞ്ഞു. എന്നിട്ട് അദ്ദേഹം ധാന്യപ്പുരയിലേക്ക് പോയി ഇങ്ങോട്ട് വരുന്ന ഫോഗെലിനെയും സംഘത്തെയും അതിന്റെ മച്ചിൻ‌പുറത്ത് നിന്നു കൊണ്ട് തകർത്ത് തരിപ്പണമാക്കണമെന്നും പറഞ്ഞ്...”

“പിന്നെ എവിടെയാണ് പിഴവ് സംഭവിച്ചത്?”

“പിൻ‌വാതിലിൽ കൂടിയാണ് അവർ വീടിനുള്ളിലെത്തിയത് ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ

“അല്ലെങ്കിലും അദ്ദേഹത്തിന്റെ ബുദ്ധി മൊത്തം ഇന്ന് തല തിരിഞ്ഞതായിരുന്നു റസ്മുസെന് എന്ത് പറ്റി?”

“ഫോഗെലുമായി ഒന്ന് ഏറ്റു മുട്ടി നോക്കിയതാണ് അപ്പോഴേക്കും ഡ ഗാമ തോക്കിന്റെ പാത്തി വച്ച് അദ്ദേഹത്തിന്റെ തലയിൽ അടിച്ചു

രണ്ട് വെടിയുണ്ടകൾ കൂടി ജനാലയിലൂടെ അകത്തേക്ക് പാഞ്ഞു വന്നു. ഒന്ന് തറയിൽ പതിച്ച് തെറിച്ച് ചുമരിൽ പോയി തട്ടി നിന്നു. അതു കണ്ട ഗൂഡ്രിഡ് ഭയചകിതയായി നിലവിളിച്ചു. ഫോഗെൽ എനിക്ക് നേരെ തിരിഞ്ഞ് റിവോൾവർ  റീ-ലോഡ് ചെയ്തു. അയാളുടെ കവിളിൽ രക്തക്കറ പുരണ്ടിരുന്നു.

“ഈ കുട്ടിക്കളി ആവശ്യത്തിലധികമായിരിക്കുന്നു ഇങ്ങ് വരൂ മിസ് എയ്ട്ടൺ” ഫോഗെൽ ഇലാനയെ വിളിച്ചു. സംശയിച്ച് നിൽക്കുന്ന ഇലാനയെ ശ്രദ്ധിച്ച അയാൾ ഡ ഗാമയുടെ നേരെ ആംഗ്യം കാണിച്ചു. ഗാമ അവളെ പിടിച്ച് വലിച്ച് ഫോഗെലിന് നേർക്ക് തള്ളി വിട്ടു. അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് തല പിറകോട്ട് ചായ്ച്ച് റിവോൾവറിന്റെ ബാരൽ ചെന്നിയിൽ ചേർത്ത് വച്ചു. “മിസ്റ്റർ മാർട്ടിൻ പുറത്ത് പോയി ഡെസ്ഫോർജിനോട് പറഞ്ഞേക്കൂ, രണ്ട് മിനിറ്റിനകം അവിടെ നിന്നും ഇറങ്ങി വന്നില്ലെങ്കിൽ ഇവളുടെ തല ചിന്നിച്ചിതറിയിരിക്കുമെന്ന്

അതെക്കുറിച്ച് ഒന്നാലോചിക്കാൻ പോലും എനിക്ക് സമയം ലഭിച്ചില്ല. അതിന് മുമ്പ് തന്നെ ഡ ഗാമ എന്നെ പിടികൂടി വാതിലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു കഴിഞ്ഞിരുന്നു. മുറ്റത്തേക്ക് തെറിച്ച് മുട്ടുകുത്തി വീണ എനിക്കരികിലൂടെ ഡെസ്ഫോർജ് ഉതിർത്ത ഒരു വെടിയുണ്ട ചീറിപ്പാഞ്ഞ് പോയി. എന്നാൽ അടുത്ത നിമിഷം തന്നെ അദ്ദേഹം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു അത് ഞാനാണെന്ന്. അവിടെ നിന്നും എഴുന്നേറ്റ ഞാൻ അദ്ദേഹത്തിന്റെ പേർ ഉച്ചത്തിൽ വിളിച്ചുകൊണ്ട് ധാന്യപ്പുര ലക്ഷ്യമാക്കി കഴിയാവുന്നത്ര വേഗത്തിൽ ഓടി.

ധാന്യപ്പുരയുടെ കവാടത്തിൽ എത്തിയതും മുകളിൽ മച്ചിൻ‌പുറത്ത് ഡെസ്ഫോർജ് പ്രത്യക്ഷപ്പെട്ടു. തന്റെ ആ പഴയ ജാക്കറ്റും ധരിച്ച് കൈയിൽ വിഞ്ചസ്റ്റർ ഗണ്ണുമായി നിൽക്കുന്ന അദ്ദേഹം ഞാൻ പതിവായി കാണാറുള്ള ജാക്ക് ഡെസ്ഫോർജ് ആയിരുന്നില്ല. ചലച്ചിത്രങ്ങളിൽ കാണാറുള്ള അതിമാനുഷനായ ആ ഡെസ്ഫോർജായിരുന്നു അത് അവിടെ നിന്നും ഇറങ്ങി എന്റെ നേർക്ക് നടന്നു വരുന്ന അദ്ദേഹത്തെ കണ്ടതും എനിക്ക് സ്ഥലകാല വിഭ്രാന്തി ബാധിച്ചത് പോലെ പല തവണ വെള്ളിത്തിരയിൽ കണ്ടിട്ടുള്ള സാഹസിക ദൃശ്യങ്ങളുടെ പുനഃരാവിഷ്കരണം പോലെ

അദ്ദേഹത്തിന്റെ വാക്കുകൾ ഏതോ തിരക്കഥയിലെ പേജുകളിൽ നിന്നും അടർത്തിയെടുത്തത് പോലെ അദ്ദേഹത്തിന് വേണ്ടി മാത്രം എഴുതപ്പെട്ട ഡയലോഗുകൾ  വെള്ളിത്തിരയിൽ നിന്നെന്ന പോലെ അവ അദ്ദേഹത്തിന്റെ ചുണ്ടിൽ നിന്നും പുറത്ത് വന്നു.

“എന്ത് പറ്റി മകനേ ഈ അവസ്ഥയിൽ?”

സ്ട്രാട്ടണ് എന്താണ് സംഭവിച്ചതെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു. “പക്ഷേ, അതല്ല ഇപ്പോഴത്തെ പ്രശ്നം നിങ്ങൾ അങ്ങോട്ട് വന്നേ തീരൂ  ഇല്ലെങ്കിൽ ഇലാനയെ കൊല്ലുമെന്നാണ് ഫോഗെൽ പറയുന്നത് പറഞ്ഞത് പോലെ തന്നെ ചെയ്യാനും മടിക്കില്ല അയാൾ എന്നാണെനിക്ക് തോന്നുന്നത്

അദ്ദേഹം തല കുലുക്കി. അദ്ദേഹത്തിന്റെ മനസ്സ് പക്ഷേ അവിടെയല്ല എന്ന് തോന്നി. “ഓകെ, മൈ കിഡ്അതാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ പക്ഷേ, എന്തുറപ്പാണ് നാം മുറ്റത്തിറങ്ങുമ്പോൾ അയാൾ നമ്മുടെ നേർക്ക് നിറയൊഴിക്കില്ല എന്നതിന്?

“അതെക്കുറിച്ച് നമുക്ക് അടുത്ത ലക്കത്തിൽ ആലോചിക്കാം

“അതു വരെ കാത്തിരിക്കാൻ എനിക്കാവില്ല” കാൽ നീട്ടി വച്ച് അദ്ദേഹം വാതിൽക്കലെത്തി മുറ്റത്തേക്കിറങ്ങി. പിന്നെ കൈയിലെ തോക്ക് താഴെയിട്ടു. “ഓ.കെ. ഫോഗെൽ നിങ്ങൾ വിജയിച്ചിരിക്കുന്നു

ഒരു നിമിഷ നേരത്തേക്ക് എന്റെ മനസ്സിൽ അശുഭകരമായ ചിന്തകൾ കടന്നു പോയി ഡെസ്ഫോർജിന്റെ ശരീരം അസംഖ്യം വെടിയുണ്ടകളുടെ ടാർഗറ്റ് ആയി പരിണമിക്കുന്ന രംഗം എന്തിനോ വേണ്ടി കാത്തു നിൽക്കുന്നത് പോലെ ഇരു കൈകളും അരയിൽ കുത്തി അദ്ദേഹം അല്പ നേരം അവിടെ നിലകൊണ്ടു. അടുത്ത നിമിഷം ഫാം ഹൌസിന്റെ വാതിൽ തുറന്ന് ഇലാനയെയും മുന്നിൽ നിർത്തിക്കൊണ്ട് ഫോഗെൽ പുറത്തേക്ക് വന്നു.

അയാളെ അനുഗമിച്ചു കൊണ്ട് സാറാ കെൽ‌സോയും തൊട്ടു പിന്നിൽ ഡ ഗാമയും ഉണ്ടായിരുന്നു. പക്ഷേ, ഗൂഡ്രിഡിനെ കാണ്മാനുണ്ടായിരുന്നില്ല. ഒരു പക്ഷേ, തന്റെ മുത്തച്ഛനെ നോക്കുവാൻ വേണ്ടി അവൾ അവിടെത്തന്നെ നിന്നതായിരിക്കാം. ഒരു വല്ലാത്ത മൌനത്തിന്റെ അകമ്പടിയുമായി നടുമുറ്റത്ത് ഞങ്ങൾ പരസ്പരം നോക്കി നിന്നു.

(തുടരും)

Friday, 18 December 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 53ഡെസ്ഫോർജും ഞാനും തമ്മിലുള്ള അസ്വാരസ്യം അനുനിമിഷം ഏറിക്കൊണ്ടിരുന്നു. മെയിൽ ബാഗുകളുടെ ഇടയിൽ നിന്നും ബെർഗ്സൺ ആ പാക്കറ്റ് കണ്ടെടുത്ത് ഗൂഡ്രിഡിന് നേർക്ക് നീട്ടിയപ്പോഴുണ്ടായ ആവേശത്തിന്റെ തീവ്രത പോലും അതിന്റെ നിഴലിൽ മങ്ങിപ്പോയിരുന്നു എന്നതാണ് വാസ്തവം. പാക്കറ്റിന്റെ മുകളറ്റം തുറന്ന് അവൾ അതിനുള്ളിൽ നിന്നും ഒരു കാർഡ്ബോഡ് ബോക്സ് പുറത്തെടുത്തു. സ്കോച്ച് ടേപ്പ് കൊണ്ട് നന്നായി വരിഞ്ഞ് ചുറ്റി ഒട്ടിച്ചിട്ടുണ്ടായിരുന്നു അത്.

“ആർണി എന്നെ ഏൽപ്പിച്ചപ്പോൾ ഉള്ള അതേ അവസ്ഥയിൽ തന്നെ ഇരിക്കുന്നു” ഗൂഡ്രിഡ് പറഞ്ഞു.

ഒരു പേനാക്കത്തി എടുത്ത് ഞാനതിന്റെ അടപ്പ് മുറിച്ച് മാറ്റി. ഗ്രേ നിറത്തിലുള്ള ഒരു ക്യാൻ‌വാസ് മണി ബെൽറ്റ് ആയിരുന്നു അതിനുള്ളിൽ.  ബെൽറ്റിൽ ഘടിപ്പിച്ചിരിക്കുന്ന തുകലുറകൾ എല്ലാം തന്നെ നിറഞ്ഞ് വീർത്തിരിക്കുന്നു. അതിലൊന്ന് തുറന്ന് ആ കല്ലുകൾ ഞാൻ എന്റെ കൈപ്പടത്തിലേക്ക് കുടഞ്ഞിട്ടു.

“അപ്പോൾ ഇങ്ങനെയാണല്ലേ അവയുടെ രൂപം?” ഡെസ്ഫോർജ് ആരാഞ്ഞു.

“അതെ...” ഞാൻ തല കുലുക്കി. “വിദഗ്ദ്ധരുടെ കരങ്ങൾ ഇതിന്മേൽ പ്രവർത്തിക്കുന്നത് വരെ ഇവ ഇങ്ങനെയാണ് കാണപ്പെടുക 

അവ ആ ഉറകളിൽ തിരികെ നിക്ഷേപിച്ചിട്ട് ഞാൻ ആ ബെൽറ്റ് എന്റെ അരയിൽ കെട്ടി. പിന്നെ ബെർഗ്സൺന്റെ നേർക്ക് തിരിഞ്ഞു. “നിങ്ങളുടെ ജീപ്പ് അല്പനേരത്തേക്ക് കൊണ്ടുപോകുന്നതിൽ വിരോധമില്ലല്ലോ?”

“ഒരു വിരോധവുമില്ല” എന്തൊക്കെയോ ദുരൂഹത അതിനെ ചുറ്റിപ്പറ്റി നിൽക്കുന്നു എന്നത് അയാൾക്ക് മനസ്സിലായി എന്ന് തോന്നി. “നോക്കൂ എന്റെ സഹായം എന്തെങ്കിലും വേണമെങ്കിൽ പറയാൻ മടിക്കണ്ട” അയാൾ കൂട്ടിച്ചേർത്തു.

“ഹേയ്, അതിന്റെ ആവശ്യമൊന്നുമില്ല” ഞാൻ പറഞ്ഞു.

പെട്ടെന്നാണ് ഡെസ്ഫോർജിന് ദ്വേഷ്യം കയറിയത്.  “വെറുതെ സമയം മെനക്കെടുത്താതെ ഇവിടുന്ന് പുറത്തിറങ്ങാൻ നോക്ക് പൊട്ടിത്തെറിച്ചുകൊണ്ട് അദ്ദേഹം പുറത്തേക്ക് നടന്നു.

പുറത്ത് അക്ഷമനായി ഉലാത്തുന്ന ഡെസ്ഫോർജിനെ നോക്കി ഇലാനയുടെ അരികിൽ ഞാൻ ഒരു നിമിഷം നിന്നു. “ഇയാൾക്കിത് എന്തിന്റെ കേടാണ്? വല്ല പിടിയുമുണ്ടോ?”

അവളുടെ മുഖത്ത് അപ്പോഴും പരിഭ്രമം കാണാമായിരുന്നു. “സത്യമായിട്ടും എനിക്കറിയില്ല ചിലപ്പോഴെല്ലാം അദ്ദേഹം ഇങ്ങനെ രോഷാകുലനാകും ഒരു കാ‍രണവുമില്ലാതെ വെറുതെ എല്ലാവരോടും കയർക്കും അല്പം മദ്യം ലഭിച്ചാൽ ഒരു പക്ഷേ നോർമലായേക്കും

“ശരിയാണ് കുറേക്കാലമായി നിർത്താതെ കഴിച്ചു കൊണ്ടിരിക്കുകയല്ലേ ഇത്രയും നേരം കഴിക്കാതിരിക്കുന്നതിന്റെ വെപ്രാളമായിരിക്കും  വെറുപ്പോടെ ഞാൻ പറഞ്ഞു.

തന്റെ റൈഫിൾ അരികിൽ വച്ച് ജീപ്പിന്റെ ഡ്രൈവിങ്ങ് സീറ്റിൽ ഇരിക്കുകയാണ് ഡെസ്ഫോർജ്. ഉടക്കാനുള്ള മുഖഭാവത്തോടെ അദ്ദേഹം എന്നെ നോക്കി. “എന്താ, ഞാൻ പറഞ്ഞതിൽ വല്ല വിരോധവുമുണ്ടോ?”

“നിങ്ങളുടെ ഇഷ്ടം പോലെ

ഞാൻ പിൻ സീറ്റിൽ കയറി ഇരുന്നു. ഞങ്ങളുടെ ശീത സമരത്തിനിടയിൽ പെട്ട് ചിന്താക്കുഴപ്പത്തോടെ ഇലാന മടിച്ച് നിന്നു. എന്നാൽ ബുദ്ധിമതിയായ ഗൂഡ്രിഡ് അത് വിദദ്ധമായി പരിഹരിച്ചു. ഡെസ്ഫോർജിന് സമീപം മുൻ സീറ്റിലേക്ക് അവൾ കയറി ഇരുന്നു.

“പെട്ടെന്ന് തീരുമാനിച്ചോണം” അദ്ദേഹം കടുത്ത സ്വരത്തിൽ പറഞ്ഞു. “നീ വരുന്നുണ്ടോ ഇല്ലയോ?”

ഇലാന മറുപടി നൽകിയില്ല. പിൻ സീറ്റിൽ എനിക്കരികിൽ കയറി ഇരുന്നു. മുരൾച്ചയോടെ ജീപ്പ് മുന്നോട്ട് കുതിക്കവെ അവൾ ഇരു കൈകളാലും മുറുകെ പിടിച്ച് മുന്നിലേക്ക് നോക്കി ഇരുന്നു.

                            * * * * * * * * * * * * * * * * * * * *

പൂർണ്ണമായും മാറിയില്ലെങ്കിലും മഴയ്ക്ക് അൽപ്പമൊരു ശമനം വന്നിരിക്കുന്നു. അതുകൊണ്ട് ദൂരക്കാഴ്ച്ച ഏതാണ്ട് അമ്പത് വാര എന്ന നിലയിൽ ഭേദപ്പെട്ടിട്ടുണ്ട്. ചളി പുരണ്ട് കിടക്കുന്ന റോഡിലൂടെ വീശിയടിക്കുന്ന കാറ്റിനെതിരെ ഞങ്ങൾ കുന്നിൻ മുകളിലേക്ക് കുതിച്ചു.

റോഡിന് ഇടത് ഭാഗം കുത്തനെ താഴോട്ട് ചെന്ന് ക്രീക്കിന് മുന്നിലുള്ള ബീച്ചിലാണ് ചേരുന്നത്. ക്രീക്കിലേക്കുള്ള ആ മലഞ്ചെരുവിൽ അങ്ങിങ്ങായി കുറ്റിച്ചെടികൾ നിറഞ്ഞിരിക്കുന്നു. അവയ്ക്കിടയിൽ ഏതാണ്ട് പത്തടിയോളം ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന ബിർച്ച് മരങ്ങൾ. വലത് ഭാഗത്താകട്ടെ പായൽ പിടിച്ച പാറക്കെട്ടുകൾക്ക് ഇടയിലായി ചെമ്പട്ട് വിരിച്ചത് പോലെ പടർന്ന് നിൽക്കുന്ന പോപ്പി ചെടികൾ. അവയ്ക്ക് കൂട്ടിനായി നിൽക്കുന്ന ആൽ‌പൈൻ മരങ്ങളും ചില ഔഷധസസ്യങ്ങളും. മഴ തോർന്ന പ്രഭാതത്തിൽ മഞ്ഞിറങ്ങുമ്പോൾ എല്ലാം കൂടി മനോഹരമായ ഒരു ദൃശ്യമായിരിക്കും നമുക്ക് സമ്മാനിക്കുന്നത്.

മോശമായ കാലാവസ്ഥ ആയിരുന്നിട്ടും അസാമാന്യ വേഗതയിലാണ് ഡെസ്ഫോർജ് ജീപ്പ് ഓടിച്ചുകൊണ്ടിരിക്കുന്നത്. പലപ്പോഴും തോന്നിയതാണ് സ്പീഡ്  കുറയ്ക്കുവാൻ അദ്ദേഹത്തോട് പറയാൻ. പക്ഷേ, രംഗം കൂടുതൽ വഷളാക്കേണ്ട എന്ന് കരുതി മിണ്ടാതിരിക്കുകയായിരുന്നു. ഇനിയും ക്ഷമിക്കാൻ വയ്യ കുന്നിൻ മുകളിലേക്കുള്ള വഴി പാതി ദൂരം താണ്ടിയിരിക്കുന്നു. പെട്ടെന്നാണ് എതിർദിശയിലെ വളവിൽ നിന്നും അസാമന്യ വേഗതയിൽ ഞങ്ങൾക്ക് നേരെ പാഞ്ഞു വരുന്ന ലാന്റ് റോവർ ദൃഷ്ടിയിൽ പെട്ടത്. ഞാൻ താമസിക്കുന്ന ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളിലൊന്ന്!  

എല്ലാം തണുത്തുറഞ്ഞ് നിശ്ചലമായത് പോലെ തോന്നിയ നിമിഷം ബ്രേക്ക് ചെയ്യാൻ പോലും തുനിയാതെ ഡെസ്ഫോർജ് ജീപ്പ് ഇടത് വശത്തെ ട്രാക്കിലേക്ക് വെട്ടിച്ചു. എതിരെ വന്ന ലാന്റ് റോവർ സഡൻ ബ്രേക്കിൽ സ്കിഡ് ചെയ്ത് ഞങ്ങളുടെ ജീപ്പിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുപോയി നിന്നു. ഞങ്ങളുടെ ജീപ്പാകട്ടെ നിയന്ത്രണം വിട്ട് റോഡിൽ നിന്നും ഇറങ്ങി കുഴഞ്ഞ മണ്ണിലൂടെ നീങ്ങി.

അപ്രതീക്ഷിതമായ ആഘാതത്തിൽ ഞാൻ സീറ്റിൽ നിന്നും എടുത്തെറിയപ്പെട്ടു. തല അൽപ്പം മുന്നോട്ട് കുനിച്ച് ഇരു കൈകളും ഒരു കവചം പോലെ പിടിച്ചുകൊണ്ടാണ് ഞാൻ കുഴഞ്ഞ മണ്ണിൽ ചെന്ന് പതിച്ചത്. അവിടെ നിന്നും അൽപ്പ ദൂരം ഉരുണ്ട് സമീപത്തെ കുറ്റിക്കാട്ടിൽ ചെന്ന് നിശ്ചലമായതും പതുക്കെ ഞാൻ എഴുന്നേറ്റു.

രോഷാകുലനായ സിംഹത്തെപ്പോലെ മുരൾച്ചയോടെ ചരലും മണ്ണുമെല്ലാം തെറിപ്പിച്ചു കൊണ്ട് ഡെസ്ഫോർജിന്റെ ജീപ്പ് വീണ്ടും റോഡിലേക്ക് കയറി ബ്രേക്ക് ചെയ്ത് നിന്നു. ജീപ്പിനെ കടന്ന് മുന്നോട്ട് പോയി നിന്ന ലാന്റ് റോവർ അപ്പോഴേക്കും റിവേഴ്സ് എടുത്തു വരുന്നതാണ് ഞാൻ കണ്ടത്. വിൻഡ് സ്ക്രീനിൽ പിടിച്ച് എഴുന്നേറ്റ് നിൽക്കുന്ന സ്ട്രാട്ട‌ന്റെ കൈയിൽ നീട്ടിപ്പിടിച്ച ഓട്ടോമാറ്റിക്ക് ഗൺ ഉണ്ടായിരുന്നു.

അയാളുടെ തോക്കിൽ നിന്നും അലക്ഷ്യമായി ഉതിർന്ന വെടിയുടെ ശബ്ദം കേട്ട ഞാൻ അലറി. “ജാക്ക് ദൈവത്തെയോർത്ത് ജീപ്പ് നിർത്തല്ലേ സ്ത്രീകളെ രണ്ടുപേരെയും ഫാമിൽ കൊണ്ടു ചെന്നാക്കൂ പ്ലീസ്

എന്തുകൊണ്ടോ,  ഇത്തവണ എന്നോട് തർക്കിക്കാതിരിക്കാനുള്ള വിവേകം അദ്ദേഹം കാണിച്ചു. വീണ്ടും കനം വച്ചു തുടങ്ങിയ മഴയിലേക്ക് ജീപ്പ് അപ്രത്യക്ഷമായി. ഞാൻ നിന്നിരുന്നതിന് തൊട്ട് മുകളിൽ റോഡിൽ ലാന്റ് റോവർ വന്ന് ബ്രേക്ക് ചെയ്തു. സ്ട്രാട്ടൺ എന്തൊക്കെയോ ഉച്ചത്തിൽ അലറി വിളിച്ചുവെങ്കിലും അതെന്താണെന്നെനിക്ക് വ്യക്തമായില്ല. അടുത്ത നിമിഷം അയാൾ ജീപ്പിൽ നിന്നും പുറത്തേക്ക് ചാടി. ഞാൻ നിന്നിരുന്നതിന് മുപ്പതോ നാല്പതോ അടി മുകൾഭാഗത്തായിട്ടാണ് ഊർന്നിറങ്ങുന്ന ചരലിനും മണ്ണിനുമൊപ്പം ഓട്ടോമാറ്റിക്ക് ഗണ്ണുമായി അയാൾ വന്നു പതിച്ചത്.

മുകളിലെ റോഡിൽ, അവരെ കബളിപ്പിച്ച് കടന്നു കളഞ്ഞ ജീപ്പിന് പിന്നാലെ പായുന്ന ലാന്റ് റോവറിന്റെ ശബ്ദം കേട്ടു. ഞാനാകട്ടെ, പ്രാണരക്ഷാർത്ഥം കുനിഞ്ഞ് കുറ്റിച്ചെടികൾക്കിടയിലൂടെ മുന്നോട്ടോടുമ്പോൾ യന്ത്രത്തോക്ക് രണ്ട് തവണ ശബ്ദിക്കുന്നത് കേൾക്കാറായി.

മുന്നോട്ടുള്ള പ്രയാണം തുടരവെ മരച്ചില്ലകൾ എന്റെ മുഖത്ത് ചാട്ടവാർ കണക്കെ അടിച്ചു കൊണ്ടിരുന്നു. അത് കാര്യമാക്കാതെ കഴിയാവുന്നത്ര വേഗതയിൽ നീങ്ങുമ്പോൾ എവിടെയോ കാൽ തട്ടി നിലത്തു വീണ ഞാൻ ഒന്നുരുണ്ട് മഴവെള്ളത്തിനും ചെറുകല്ലുകൾക്കുമൊപ്പം താഴോട്ട് ഊർന്ന് നീങ്ങി. ഒരു ഉരുൾ പൊട്ടലിൽ പെട്ടത് പോലെ ശ്വാസമടക്കിപ്പിടിച്ചുകൊണ്ട് ഞാൻ ചെന്നെത്തിയത് ക്രീക്കിന് തൊട്ട് മുമ്പുള്ള ബീച്ചിലാണ്.

ആയാസപ്പെട്ട് ഞാൻ വീണ്ടും എഴുന്നേറ്റു. കാലുകൾ നിലത്തുറയ്ക്കുന്നില്ല. ചരൽ നിറഞ്ഞ ആ തീരത്തു കൂടി ഞാൻ വേച്ച് വേച്ച് നടന്നു. അർദ്ധവൃത്താകൃതിയിൽ അടുക്കിവച്ചത് പോലെ തോന്നിക്കുന്ന ഏതാനും കരിമ്പാറക്കെട്ടുകളുടെ മറവിലെ സുരക്ഷിതത്വത്തിലേക്ക് ചെന്ന് ഞാൻ കുഴഞ്ഞ് വീണു. ഒരു നിമിഷം ഞാൻ ഒരു കൊച്ചു കുട്ടി ആയത് പോലെ തോന്നി. ചരൽ നിറഞ്ഞ സ്കോട്ടിഷ് കടൽത്തീരത്ത് മുഖമടച്ച് കിടക്കുന്ന ഒരു പന്ത്രണ്ടുകാരൻ   അന്ന് കണ്ട അതേ തരം കല്ലുകൾ തന്നെ ഇതും ഒരു പക്ഷേ, ലോകത്തെ ഒട്ടുമിക്ക ബീച്ചുകളിലും കാണുന്ന അതേ ചരൽക്കല്ലുകൾ ചുവപ്പും ബ്രൌണും വെളുപ്പും കറുപ്പും എല്ലാം ഇടകലർന്ന മിനുസമേറിയ കല്ലുകൾ

എന്റെ വിരലുകൾ ആ ചരൽക്കൂട്ടത്തിലേക്ക് ആഴ്ന്നിറങ്ങി. അതുമായി കുറേ നേരം ഞാൻ ആ നിലയിൽ അവിടെ തന്നെ കിടന്നു. ശ്വാ‍സമെടുക്കുവാൻ പോലും ഭയന്ന നിമിഷങ്ങൾ ഏത് നിമിഷവും മുകളിൽ കേൾക്കുവാൻ സാദ്ധ്യതയുള്ള അയാളുടെ പാദപതനത്തിന് ചെവിയോർത്ത് പക്ഷേ, ഒന്നുമുണ്ടായില്ല. മലമുകളിൽ നിന്നും താഴ്‌വാരത്തിലേക്ക് മഴയെയും വഹിച്ചു കൊണ്ടെത്തുന്ന കാറ്റിന്റെ മർമ്മരം മാത്രം  കൂട്ടിന് താഴെ ക്രീക്കിലെ കുഞ്ഞോളങ്ങളുടെ ഈണവും.

                                     * * * * * * * * * * * * * * * * * * * *

ഏതാണ്ട് അഞ്ച് മിനിറ്റോളം ഞാൻ അവിടെത്തന്നെ കിടന്നു. പിന്നെ എഴുന്നേറ്റ് ഫാം ഹൌസിന്റെ താഴെ ഭാഗത്തേക്കുള്ള ഏകദേശ ദൂരം കണക്കാക്കി അത് ലക്ഷ്യമാക്കി തീരത്തു കൂടി പതുക്കെ മുന്നോട്ട് നടന്നു. എന്റെ കണക്കു കൂട്ടൽ തെറ്റിയില്ല. ഫാം ഹൌസിന് താഴെ മലയടിവാരത്ത് കിഴുക്കാം തൂക്കായി തള്ളി നിൽക്കുന്ന ഒരു വലിയ ഗ്രാനൈറ്റ് പാറയുടെ അടിയിലാണ് ഞാനെത്തിയത്. അതിന്റെ ഒരു വശത്ത് കൂടി മരച്ചില്ലകളിൽ പിടിച്ച് തൂങ്ങി ഞാൻ മുകളിലേക്ക് കയറി.

പാറക്കെട്ടിന് മുകളിലെത്തിയിരിക്കുന്നു. മൂടൽ മഞ്ഞ് ഇനിയും അരങ്ങൊഴിഞ്ഞിട്ടില്ല. ചെറുതായി വീശുന്ന കാറ്റിനൊപ്പം എനിക്കു ചുറ്റും വട്ടം കറങ്ങുന്ന അവ വിവിധ രൂപങ്ങളിൽ എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. എന്റെ ഹൃദയമിടിപ്പുകൾ പെരുമ്പറ പോലെ മുഴങ്ങുന്നതായി തോന്നി. പാറക്കെട്ടിലെവിടെയോ ഉരഞ്ഞതിനാൽ എന്റെ വായിൽ നിന്നും രക്തം കിനിയുന്നുണ്ടായിരുന്നു. അവിടെ കണ്ട ഒരു കല്ലിൽ പതുക്കെ ഞാൻ ഇരുന്നു. പിൻ‌ഭാഗത്തായി ഉയർന്ന് നിൽക്കുന്ന ഒരു കൂട്ടം മരങ്ങൾ. അധികമകലെയല്ലാതെ കാണുന്ന സമതലത്തിനുമപ്പുറം തലയുയർത്തി നിൽക്കുന്ന കുന്നുകൾക്ക് താഴെ റസ്മുസെന്റെ ഫാം.

ഒരു ദീർഘശ്വാസമെടുത്ത് ഞാൻ വീണ്ടും എഴുന്നേറ്റു. റസ്മുസെന്റെ ഫാം ഹൌസ് ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി. പെട്ടെന്നായിരുന്നു ഒരു പാറക്കെട്ടിന്റെ അറ്റത്തുള്ള മറവിൽ നിന്നും ചാടിയെഴുന്നേറ്റ സ്ട്രാട്ടന്റെ രൂപം എന്റെ സർവ്വ നാഡികളെയും തളർത്തിയത്.

പൂർവ്വകാല സുഹൃത്തുക്കൾ പൊടുന്നനെ ഒരു നാൾ കണ്ടുമുട്ടിയത് പോലെ മധുരമായ സ്വരത്തിൽ അയാൾ ചോദിച്ചു. “ആഹ് ഇതെവിടെയായിരുന്നു ഇത്രയും നേരം?”

രക്ഷപെടാനായി ഞാൻ തിരിയുവാൻ ശ്രമിച്ചതും അയാളുടെ തോക്കിൽ നിന്നും ഉതിർന്ന വെടിയുണ്ട എന്റെ കൈപ്പത്തിയുടെ മുകളിലായി തുളഞ്ഞു കയറി. തികച്ചും ഒരു പ്രൊഫഷണൽ കില്ലറുടെ വൈദഗ്ദ്ധ്യം മരണാസന്നനായ ഒരുവന് ചിലപ്പോൾ അതിന് മുമ്പായി എതിരാളിയുടെ നേർക്ക് ഒരു നിറയെങ്കിലും ഒഴിക്കുവാൻ സാധിച്ചേക്കും. പക്ഷേ, കൈപ്പത്തി തകർന്ന ഒരുവന് ഒരിക്കലും അത് സാദ്ധ്യമല്ല തന്നെ.

ഒരു കാര്യം അവർ പറയുന്നത് ശരിയാണ് - ഒരു വെടിയുണ്ട നിങ്ങളുടെ ദേഹത്ത് വന്ന് തറയ്ക്കുന്ന നേരത്ത് നിങ്ങളതിന്റെ വേദന ഒട്ടും തന്നെ അറിയുന്നില്ല. തന്നേക്കാൾ വലിയൊരു മനുഷ്യൻ നൽകുന്ന ശക്തിയായ താഡനത്തിന്റെ ആഘാതം പോലെയുള്ള അനുഭവം മാത്രമായിരിക്കും ആദ്യം അത് നൽകുക. എന്നാൽ അത് നമ്മുടെ കേന്ദ്രനാഡീ വ്യൂഹത്തിൽ ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതായിരിക്കും.അടിവയറ്റിൽ ഒരു തൊഴി കിട്ടിയത് പോലെ നമ്മുടെ ശ്വാസം നിലച്ച് പോകുന്നു.

കമഴ്ന്ന് വീണ ഞാൻ ഒരിറ്റ് ശ്വാസത്തിനായി പൊരുതി. ഒരു ചെറു പുഞ്ചിരിയോടെ എന്റെ അവസ്ഥ ആസ്വദിച്ചുകൊണ്ട് സ്ട്രാട്ടൺ ആ പാറക്കെട്ടിന്റെ അഗ്രഭാഗത്ത് അങ്ങനെ നിന്നു. “കുറേ നേരമായി നിങ്ങളെ നിരീക്ഷിച്ചു കൊണ്ട് നിൽക്കുകയായിരുന്നു ഞാൻ അവിടെ നിന്നാൽ ഇങ്ങ് താഴെ വരെയും കാണാമായിരുന്നു നേർത്ത മഞ്ഞിന്റെ ആവരണത്തിനിടയിലും  അയാൾ തലയാട്ടി. “ഒരിക്കലും നിങ്ങൾ ഇതിൽ ഉൾപ്പെടാൻ പാടില്ലായിരുന്നു ഒരിക്കലും

അയാൾ തന്റെ ഓട്ടോമാറ്റിക് ഗൺ ഉയർത്തി എന്റെ നേർക്ക് ഉന്നം പിടിച്ചു. ഞാൻ ഉച്ചത്തിൽ അലറി. “ഡോണ്ട് ബീ എ ഫൂൾ, സ്ട്രാട്ടൺ ആ മരതകക്കല്ലുകൾ എവിടെയാണെന്നെനിക്കറിയാം…!

ഒരു നിമിഷം ഒന്ന് സംശയിച്ചിട്ട് അയാൾ തോക്ക് താഴ്ത്തി. ഞാൻ ഒരു കാലിൽ പതുക്കെ മുട്ടു കുത്തിയിട്ട് ഇടത് കൈ താഴെ പൂഴിയിലേക്ക് തിരുകി. അവിടെ നിന്ന് എഴുന്നേൽക്കുമ്പോൾ എന്റെ കൈപ്പിടി നിറയെ ഉണ്ടായിരുന്ന മണ്ണ് അയാളുടെ മുഖത്തേക്ക് ശക്തിയോടെ വലിച്ചെറിഞ്ഞു. സ്വാഭാവികമായും അത് തടയാനായി ഇടം കൈ ഉയർത്തി അയാൾ ഒരടി പിന്നോട്ട് വച്ചു. അടുത്ത നിമിഷം ആ പാറക്കെട്ടിന്റെ അഗ്രത്തിൽ നിന്നും അഗാധ ഗർത്തത്തിലേക്ക് അയാൾ പതിച്ചു.

(തുടരും)