Sunday 22 February 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 22



തെളിഞ്ഞ കാലാവസ്ഥ ആയിരുന്നതിനാൽ ഇൻ‌ടസ്കിലേക്കും പിന്നീട് ഇറ്റ്‌വാക്കിലേക്കും ഉള്ള ട്രിപ്പുകൾ വളരെ സുഗമമായിരുന്നു. അതിനാൽ മദ്ധ്യാഹ്നത്തിന് മുമ്പ് തന്നെ ഫ്രെഡറിക്‌‌സ്‌ബോർഗിൽ തിരിച്ചെത്തി ഗോട്‌ഹാബിലേക്കുള്ള മൂന്ന് യാത്രികരെ കൊണ്ടുപോകാനും സാധിച്ചു. അവിടെ നിന്നും നേരെ പറന്നത് സോന്ദ്രേ സ്റ്റോംഫോർഡിലേക്കാണ്. ഉച്ചതിരിഞ്ഞ് കോപ്പെൻഹേഗനിൽ നിന്നുമുള്ള വിമാനം ലാന്റ് ചെയ്യുമ്പോഴേക്കും അവിടെ എത്തേണ്ടതുണ്ട്. നിർമ്മാണ മേഖലയിൽ ജോലിക്കായി എത്തിയ ചെറുപ്പക്കാരായ നാല് ഡാനിഷ് തൊഴിലാളികളുമായി വൈകുന്നേരം നാലരയോടെ ഞാൻ തിരിച്ച് പറന്നു.

കാലാവസ്ഥ വളരെ നല്ലതായിരുന്നതിനാൽ യാത്രകൾക്കിടയിൽ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടായില്ല എങ്കിലും വളരെ ക്ഷീണിതനായിക്കഴിഞ്ഞിരുന്നു ഞാൻ. കൈകൾക്ക് നല്ല വേദന കൺ‌പോളകൾക്ക് നല്ല കനംആവശ്യത്തിനുള്ള ഉറക്കം ലഭിക്കുന്നില്ല എന്നത് വ്യക്തം. ഒരു ദിവസത്തെയെങ്കിലും പരിപൂർണ്ണ വിശ്രമമാണെനിക്കിപ്പോൾ വേണ്ടത് പക്ഷേ, ഒട്ടും പ്രതീക്ഷയില്ല്ല അക്കാര്യത്തിൽ.

ഫ്രെഡറിക്‌സ്ബോർഗ് ഹാർബറിന് മുകളിലെത്തിയതും സുഗമമായ ലാന്റിങ്ങിനായി രണ്ട് മൂന്ന് തവണ ഞാൻ വലം വച്ചു. അപ്പോഴാണത് ശ്രദ്ധിച്ചത് ജാക്ക് ഡെസ്‌ഫോർജ്ജിന്റെ കപ്പൽ സ്റ്റെല്ല സുരക്ഷിതമായി എത്തിയിരിക്കുന്നു. മെയിൻ ജെട്ടിയിൽ തന്നെ ബന്ധിച്ചിരിക്കുന്ന കപ്പലിന്റെ ഡെക്കിലെ റെയിലിനരികിൽ നിന്ന് ആരോ ഞങ്ങളെ വീക്ഷിക്കുന്നുണ്ട്. അത് ഇലാന ആയിരിക്കാനേ തരമുള്ളു എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നുവെങ്കിലും അത്രയും മുകളിൽ നിന്ന് വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

അനായാസം വെള്ളത്തിൽ ലാന്റ് ചെയ്ത് മുന്നോട്ട് നീങ്ങി വീൽ‌സ് ഡ്രോപ്പ് ചെയ്ത് ഞാൻ സ്ലിപ്പ് വേയിലേക്ക് കയറി. വിമാനം പാർക്ക് ചെയ്ത് എല്ലാവരും പുറത്തിറങ്ങിയപ്പോഴേക്കും കൺസ്ട്രക്ഷൻ ക്യാമ്പ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും അയച്ച ഒരു ലാന്റ് റോവർ അവരെ കൊണ്ടുപോകാനായി അരികിലെത്തി. എനിക്ക് ലിഫ്റ്റ് തരാമെന്ന് വാഗ്ദാനം ചെയ്തുവെങ്കിലും ഹാർബർ മാസ്റ്ററെ കാണേണ്ടതുണ്ടായിരുന്നത് കൊണ്ട് അവരെ ഞാൻ യാത്രയാക്കി.

ഹാർബർ മാസ്റ്ററുടെ ഓഫീസിൽ നിന്നും പുറത്ത് കടന്ന ഞാൻ കണ്ടത് എന്റെ വിമാനത്തിനരികിൽ സ്ലിപ്പ് വേയിലുള്ള ഒരു മരക്കുറ്റിയിൽ ഇരുന്ന് സിഗരറ്റ് പുകച്ചുകൊണ്ടിരിക്കുന്ന ആർണ്ണിയെയാണ്. ഹാർബറിൽ കിടക്കുന്ന കപ്പലിന്റെ നേർക്ക് ആവേശത്തോടെ കൈ വീശുന്നുണ്ടവൻ. സ്വാഭാവികമായും സ്റ്റെല്ലയുടെ ഡെക്കിൽ മറ്റാരുമായിരുന്നില്ല ഷീപ്പ് സ്കിൻ കോട്ടും തലയിൽ ഒരു ചുവന്ന സ്കാർഫും ധരിച്ച ഇലാനാ എയ്ട്ടൺ.

“നല്ല തിരക്കിലാണെന്ന് തോന്നുന്നല്ലോ” പരിഹാസ രൂപേണ ഞാൻ ചോദിച്ചു.

“ആ സംഘത്തിലെ സകലരെയും ഞാൻ തൊഴിച്ച് പുറത്തെറിയും ഇവൾക്ക് വേണ്ടി വാട്ട് എ വുമൺ

“ഇത് പോലെ നീ വേറൊരവസരത്തിലും പറയുന്നത് കേട്ടല്ലോ ആർണ്ണീ  

അവൻ വീണ്ടും കൈ ഉയർത്തി വീശി. ഡെക്കിൽ നിന്നിരുന്ന ഇലാന തിരിഞ്ഞ് ഉള്ളിലേക്ക് പോയി.

“എന്റെ സ്വപ്നത്തിലെ പെണ്ണ്

“ഒന്ന് നിർത്തുന്നുണ്ടോ ആർണ്ണീ നീ…?  ആട്ടെ, അങ്ങോട്ടുള്ള യാത്ര എങ്ങനെയുണ്ടായിരുന്നു?”

“ഏത്, ആ വിമാനം ക്രാഷ് ചെയ്ത ഇടത്തേക്കോ?”  അവൻ തലയാട്ടി. “വിജയം എന്ന് പറയാൻ പറ്റില്ല വിമാനം കണ്ടു പിടിക്കാൻ ആദ്യം കുറച്ച് കഷ്ടപ്പെട്ടു എന്ന് പറയാം... മുകളിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്, അഗാധമായ ഒരു മലയിടുക്കിന്റെ അടിഭാഗത്താണ് അത് തകർന്ന് കിടക്കുന്നതെന്നാണ്

“അപ്പോൾ നിനക്ക് ലാന്റ് ചെയ്യാൻ കഴിഞ്ഞില്ല?”

“തീർത്തും അസാദ്ധ്യം, ജോ സ്യുലേ തടാകത്തിനും ആ പ്രദേശത്തിനും ഇടയിലുള്ള ഭാഗം മുഴുവനും നിമ്നോന്നതങ്ങളാണ്നേരിയ സാദ്ധ്യതയുള്ള ഒന്നോ രണ്ടോ സ്ഥലങ്ങൾ ഞാൻ കണ്ടുവെങ്കിലും പരീക്ഷിക്കാൻ എനിക്ക് ധൈര്യമുണ്ടായില്ല ഒന്നുകിൽ വിമാനത്തിന്റെ സ്കീസ് ഒടിയുവാനോ അല്ലെങ്കിൽ വിമാനം തന്നെ നഷ്ടപ്പെടുവാനോ ഉള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല ഫോഗെൽ എത്ര പണം തരാമെന്ന് പറഞ്ഞാലും ഒരു റിസ്ക് എടുക്കുവാനും മാത്രം ആകില്ല അത്

“സ്യുലേ തടാകത്തിൽ  ലാന്റ് ചെയ്യുന്നതിനെക്കുറിച്ച് എന്താണഭിപ്രായം?”

അവൻ ചുമൽ വെട്ടിച്ചു. “ആ പ്രദേശം മുഴുവൻ കനത്ത മൂടൽ മഞ്ഞായിരുന്നു  അതുകൊണ്ട് അധികം താഴ്ന്ന് പറക്കാനായില്ല കാണാൻ കഴിഞ്ഞതിൽ നിന്നും തടാകത്തിൽ ഇപ്പോഴും വെള്ളം നിറഞ്ഞ് കിടക്കുന്നുണ്ട് അതോടൊപ്പം തന്നെ ധാരാളം മഞ്ഞുകട്ടകളും

“അപ്പോൾ നമ്മുടെ രണ്ട് പേരുടെ വിമാനങ്ങൾക്കും ലാന്റ് ചെയ്യാനുള്ള സാദ്ധ്യത ഇല്ലെന്ന് ചുരുക്കം

“എന്റെ നോട്ടത്തിൽ അങ്ങനെയാണ് മനസ്സിലാകുന്നത് ഒരു പക്ഷേ, സെപ്റ്റംബർ ആകുമ്പോഴേക്കും മഞ്ഞെല്ലാം ഉരുകുന്നത് കൊണ്ട് നിങ്ങളുടെ ഓട്ടർ ആംഫീബിയന് തടാകത്തിൽ ലാന്റ് ചെയ്യാൻ സാധിച്ചേക്കും ഇപ്പോൾ ഒരു സാദ്ധ്യതയുമില്ലെന്നത് തീർച്ച തന്നെ

“ഇക്കാര്യം നീ ഫോഗെലിനെ അറിയിച്ചുവോ?”

“ഇന്നുച്ചയ്ക്ക് അറിഞ്ഞതും അയാൾ വല്ലാതെ അസ്വസ്ഥനായി പക്ഷേ, പറയാതിരിക്കാൻ കഴിയില്ലല്ലോ എനിക്ക് ഇക്കാര്യത്തിൽ ഒന്നും തന്നെ ചെയ്യാൻ കഴിയില്ല എന്ന് തീർത്ത് പറഞ്ഞു...” അവൻ വാച്ചിൽ നോക്കി. “എനിക്ക് പോകാൻ സമയമായി വൈകുന്നേരം മലാമസ്കിലേക്ക് ഒരു ട്രിപ്പുള്ളതാണ് ഡ്രില്ലിങ്ങ് റിഗ്ഗിലേക്കുള്ള കുറച്ച് സ്പെയർ പാർട്ട്സുമായി ഏതാനും മണിക്കൂറുകൾക്കകം ഞാൻ തിരിച്ചെത്തും ഇന്ന് രാത്രി നിങ്ങൾ ഫ്രെഡറിക്‌സ്മട്ടിൽ വരുന്നുണ്ടോ?”

“മിക്കവാറും

“എന്നാൽ പിന്നെ അവിടെ വച്ച് കാണാം

സ്ലിപ്പ് വേയുടെ മുകൾഭാഗത്ത് അടുക്കി വച്ചിരിക്കുന്ന ജെറിക്യാനുകളിലെ ഇന്ധനം ഞാൻ ഓട്ടറിന്റെ ടാങ്കിൽ നിറയ്ക്കുവാൻ ആരംഭിച്ചു. അടുത്ത ദിവസത്തെ യാത്രയ്ക്കുള്ള തയ്യാറെടുപ്പ് പത്ത് മിനിറ്റ് കഴിഞ്ഞില്ല, ആർണ്ണിയുടെ വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് കാണാറായി. കൂടുതൽ ഉയരങ്ങളിലേക്ക് പറന്നു കയറുന്ന അവന്റെ വിമാനത്തെ സായാഹ്നസൂര്യന്റെ കിരണങ്ങളിൽ നിന്നും കണ്ണുകളെ  കൈപ്പടം കൊണ്ട് മറച്ച് പിടിച്ച് ഞാൻ നോക്കി നിന്നു. ഒരു പൊട്ട് പോലെ ദൂരെ അത് മറഞ്ഞതും ഞാൻ തിരിഞ്ഞു. അവൾ അവിടെ ഉണ്ടായിരുന്നു ഇലാനാ എയ്ട്ടൺ.

“പറയൂ, സാഹസിക വൈമാനികനേ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?” അവൾ ആരാഞ്ഞു.

അവസാനത്തെ ക്യാനും ടാങ്കിലേക്ക് കമഴ്ത്തിയിട്ട് ഞാൻ ടാങ്കിന്റെ അടപ്പ് മുറുക്കി. പിന്നെ അവൾക്കരികിലെത്തി.   “യാത്ര സുഖമായിരുന്നുവോ?”

“എന്ന് പറയാൻ പറ്റില്ല ഇന്ന് രാവിലെ ഒരു മഞ്ഞുകട്ടയിൽ ഇടിക്കുകയുണ്ടായി

“എന്തെങ്കിലും കേടുപാടുകൾ?”

“ഡെക്കിലുണ്ടായിരുന്നവർ വെള്ളത്തിൽ പോയില്ലെന്ന് പറഞ്ഞാൽ മതിയല്ലോ അറ്റകുറ്റപ്പണിക്കായി കപ്പൽ നാളെ ഡ്രൈഡോക്കിൽ കൊണ്ടുപോകുന്നുവെന്നാണ് സോറെൻ‌സെൻ പറഞ്ഞത്

“ജാക്കിനെ കണ്ടിരുന്നുവോ നിങ്ങൾ?”

അവൾ തലയാട്ടി. “അദ്ദേഹം എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്

അവളോട് ചോദിക്കണമെന്ന് വിചാരിച്ച ഒരു ചോദ്യം കുറച്ച് ദിവസമായി എന്റെ മനസ്സിൽ പുകഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. എങ്കിലും ഇതുവരെ ധൈര്യം ലഭിച്ചിട്ടില്ല. ആർണ്ണി അൽപ്പം മുമ്പ് ഇരുന്നിരുന്ന ആ മരക്കുറ്റിയിൽ അവൾ കയറിയിരുന്നു. ഞാനവൾക്ക് ഒരു സിഗരറ്റ് നീട്ടി.

“തികച്ചും ആദരപൂർവ്വം ചോദിക്കുകയാണെങ്കിൽ ഒരു ചോദ്യത്തിന് ഉത്തരം നൽകുമോ നിങ്ങൾ?” ഞാൻ പതുക്കെ ചോദിച്ചു.

“ചോദിച്ച് നോക്കൂ

“നിങ്ങളുടെ വരവിന്റെ ഉദ്ദേശ്യം എന്താണ്? ശരിക്കും എന്തിനാണ് നിങ്ങൾ വന്നത്?”

എന്റെ ചോദ്യം കേട്ട് പ്രത്യേകിച്ചൊരു അത്ഭുതമോ അതിശയമോ ഒന്നും അവളിൽ പ്രകടമായില്ല. “ഈ ചോദ്യം നിങ്ങൾ ജാക്കിനോട് ചോദിച്ച് നോക്കിയിരുന്നുവോ?”

“സത്യം പറഞ്ഞാൽ ചോദിച്ചു

“എന്നിട്ടെന്തായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം?”

“അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ നായികാ വേഷം ഉറപ്പു വരുത്താനായിട്ടാണ്‌ നിങ്ങൾ ഇവിടെ എത്തിയിരിക്കുന്നതെന്ന്

“ഇപ്പോൾ എല്ലാത്തിനും ഒരു വ്യക്തത വന്നത് പോലെ 

എന്താണ് ശരിക്കും അവൾ ഉദ്ദേശിച്ചതെന്ന് ആ സ്വരത്തിൽ നിന്നും എനിക്ക് മനസ്സിലാക്കാനായില്ല. ഒരു വിപരീത ധ്വനിയാണോ? അറിയില്ല

ഷീപ്പ് സ്കിൻ കോട്ടിന്റെ കോളർ ഉയർത്തി വച്ചിട്ട് അവൾ തുടർന്നു.  “അതെല്ലെങ്കിൽ പിന്നെ ഈ നശിച്ച ഇടത്തേക്ക് ഇത്ര കഷ്ടപ്പെട്ട് ഞാനെന്തിന് വരണം?”

“അപ്പോൾ എല്ലാം ആലോചിച്ചുറപ്പിച്ചിട്ടുള്ള വരവാണെന്ന് പക്ഷേ, ഫലപ്രാപ്തി എത്രത്തോളം ഉണ്ടാകുമെന്ന കാര്യത്തിലാണ് എന്റെ സന്ദേഹം

“അതേക്കുറിച്ച് ആലോചിച്ച് നിങ്ങൾ തല പുണ്ണാക്കുന്നതിനിടയിൽ ഒരു കാര്യം ചെയ്യുമോ? കപ്പലിൽ നിന്ന് എന്റെ സാധനങ്ങളൊക്കെ ഇറക്കി ഇവിടെയെത്തിക്കാൻ ഒരു കൈ സഹായിക്കാമോ? ഇപ്പോൾ തന്നെ ഹോട്ടലിലേക്ക് മാറുവാനാണ് സോറെൻസെൻ പറയുന്നത്

വേറൊന്നും പറയാതെ അവൾ തിരിഞ്ഞ് ഹാർബറിലേക്ക് നടന്നു. അവൾ നടന്നകലുന്നത് നോക്കി ഞാൻ അവിടെ തന്നെ നിന്നു. കോൺക്രീറ്റ് കോസ്‌വേയിൽ കയറി തിരിഞ്ഞ് നിന്ന് അവൾ എന്റെ നേരെ നോക്കി.

“നിങ്ങൾ വരുന്നുണ്ടോ?”

“ശരിക്കും ഞാൻ വരണമെന്നാണോ? ഇതിപ്പോൾ ഒരു സ്ഥിരം പരിപാടിയായി മാറുമോ എന്നെനിക്കൊരു തോന്നൽ” ഞാൻ പറഞ്ഞു.

അവളുടെ മർമ്മത്തിൽ തന്നെയായിരുന്നു ആ വാക്കുകൾ ഏറ്റത്. ആദ്യ പ്രണയാഭ്യർത്ഥനയിൽ നാണിച്ച് ഉത്തരം മുട്ടുന്ന കൌമാരക്കാരിയെപ്പോലെ ഒരു നിമിഷം അവൾ അല്പനേരം എന്ത് ചെയ്യണമെന്നറിയാതെ നിന്നു. ആ അവസ്ഥയിൽ നിന്നും കരകയറിയപ്പോൾ അവളുടെ പരുക്കൻ ഭാവത്തിന് അല്പം അയവ് വന്നിരുന്നു.

“ഡോണ്ട് ബീ ആൻ ഇഡിയറ്റ്” ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ട് അവൾ നടന്നകന്നു.

ഞാൻ പോലുമറിയാതെ അവളെ ഞാൻ അനുഗമിക്കുവാൻ തുടങ്ങിയിരുന്നു. തല അല്പം ചരിച്ച് പതുക്കെ നടക്കുന്ന അവൾ തീർച്ചയായും മനസ്സിലാക്കിക്കാണണം അപ്പോഴത്തെ എന്റെ മാനസികാവസ്ഥ ഉള്ളിന്റെയുള്ളിൽ നിന്നും ഉയർന്നു വരുന്ന ഉത്തേജനവും ആവേശവും അല്ലെങ്കിൽ അങ്ങനെ സ്വയം വിശ്വസിക്കുവാൻ ഞാൻ ആഗ്രഹിച്ചു.

 (തുടരും)

Sunday 15 February 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 21



വളരെ പ്രസന്നമായ പ്രഭാതം. കാലാവസ്ഥ എങ്ങനെയുണ്ടെന്ന് അറിയുവാനായി ഞാൻ എയർ സ്ട്രിപ്പിലേക്ക് നടന്നു. തെളിഞ്ഞ അന്തരീക്ഷത്തിൽ പട്ടണത്തിനപ്പുറമുള്ള മലനിരകൾ തൊട്ടടുത്തെന്നത് പോലെ തോന്നിച്ചു. ഇളം‌പുല്ല് പടർന്ന കുന്നിൻ ചെരിവിലൂടെ ഒരു ആട്ടിടയനും അയാളുടെ രണ്ട് വേട്ടനായ്ക്കളും ആട്ടിത്തെളിച്ചു കൊണ്ട് വരുന്ന ആട്ടിൻപറ്റത്തിന്റെ ദൃശ്യം ചക്രവാളത്തിലെ വെള്ള മേഘങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ക്യാൻ‌വാസിലെ മനോഹരമായ പെയ്ന്റിങ്ങ് പോലെ ചാരുതയാർന്നു.

ആർണ്ണിയുടൈ ചെറുവിമാനമായ എയർമക്കി റൺ‌വേയിൽ തന്നെയുണ്ടായിരുന്നു.  എൻ‌ജിൻ പരിശോധിച്ചു കൊണ്ടിരിക്കുന്ന മെക്കാനിക്കിനെ വീക്ഷിച്ചുകൊണ്ട് നിൽക്കുന്ന ആർണ്ണിയുടെ വെളുത്ത തലമുടി ഇളം വെയിലിൽ വെട്ടിത്തിളങ്ങുന്നു. എന്നെ കണ്ടതും കൈ ഉയർത്തി വീശി വിശാലമായി പുഞ്ചിരിച്ചു കൊണ്ട് അവൻ അടുത്തേക്ക് വന്നു.

“വലിയ സന്തോഷത്തിലാണല്ലോ ഇന്ന്” ഞാൻ അഭിപ്രായപ്പെട്ടു.

അവന്റെ പുഞ്ചിരി ഒന്നു കൂടി വിടർന്നു. “ഷീ ഈസ് ക്വൈറ്റ് എ വുമൺ, ജോ ബിലീവ് മീ അവർ സ്വയം അഹങ്കരിക്കുന്ന അത്രയും ഇല്ലെങ്കിലും, ഒരിക്കലും ഞാനവരെ കിടക്കയിൽ വേണ്ടെന്ന് വയ്ക്കില്ല

“അതിപ്പോൾ ഒരു എസ്കിമോ വൃദ്ധയെ കിട്ടിയാൽ പോലും നീ വേണ്ടെന്നു വയ്ക്കുമെന്ന് എനിക്ക് തോന്നുന്നില്ല  വന്ന കാര്യം പറയാനുള്ള സമയമെങ്കിലും അവൾക്ക് ലഭിച്ചു കാണുമെന്ന് കരുതട്ടെ ഞാൻ? നീ ഫോഗെലിനെ കണ്ടിരുന്നുവോ?”

“സത്യം പറഞ്ഞാൽ അയാളൊടൊപ്പമാണ് ഞാൻ പ്രഭാത ഭക്ഷണം കഴിച്ചത് തന്നെ

“മിസ്സിസ് കെൽ‌സോയൊടൊപ്പം രാത്രി കഴിച്ചുകൂട്ടിയ കാര്യം നീ അയാളോട് പറഞ്ഞുവോ?”

അല്പം നീരസത്തോടെ അവൻ കൈകൾ പിറകോട്ട് മലർത്തി എന്നെ നോക്കി. “സ്ത്രീ വിഷയത്തിൽ എന്നെങ്കിലും ഞാൻ വായ് തുറന്നതായിട്ട് നിങ്ങൾക്കോർമ്മയുണ്ടോ?”

“എന്നെക്കൊണ്ട് അതിനുത്തരം പറയിക്കല്ലേ” ഞാൻ പറഞ്ഞു. “ആട്ടെ, എന്തിനായിരുന്നു നിന്നെ കാണണമെന്ന് അവൾ ആവശ്യപ്പെട്ടത്?”

അവൻ എന്റെ ചുമലിൽ കൈ വച്ചു. പുഞ്ചിരി മാഞ്ഞ് അവന്റെ മുഖം ഗൌരവപൂർണ്ണമായി. “ ഇറ്റ്സ് ലവ്, ജോ അന്ന് ആ ഹോട്ടലിലെ ഇടനാഴിയിൽ വച്ച് ആദ്യമായി അവർ എന്നെ കണ്ടുമുട്ടിയ ആ നിമിഷം അന്നേ അവർ മനസ്സിൽ അരക്കിട്ടുറപ്പിച്ചതായിരുന്നു എന്നെ തേടി വരേണ്ടി വരുമെന്ന്

“ഓഹോ ഇപ്പോൾ മനസ്സിലാകുന്നു നിങ്ങളെ രണ്ട് പേരെയും കടത്തി വെട്ടിയ പ്രണയം

“ദാറ്റ്സ് ഇറ്റ് ദാറ്റ്സ് ഇറ്റ് എക്സാക്റ്റ്ലി

“നുണയൻ ഒരു മാറ്റത്തിന് വേണ്ടിയെങ്കിലും നീ സത്യം പറയൂ ആർണ്ണീ

“ഞാൻ പറഞ്ഞത് സത്യമാണ് ജോ..  പിന്നെ ആ വിമാനാപകടം നടന്നയിടത്ത് എത്തിക്കുവാൻ എന്റെ സഹായം ആരായുകയും ചെയ്തുഈ അടുത്ത കുറേ നാളുകളായി  ആ പാവം അങ്ങേയറ്റം ഏകാന്തതയും ദുഃഖവും അനുഭവിച്ചുകൊണ്ടിരിക്കുകയാണത്രെ എന്നാൽ എന്നെ കണ്ടുമുട്ടിയതോടെ അതിന് അറുതി വന്നുവെന്നാണവർ പറഞ്ഞത്

“പിന്നെന്തിനാണീ ഒളിച്ചു കളിയെല്ലാം? ഫോഗെൽ ഇക്കാര്യം അറിയരുത് എന്ന് എന്തിനാണവൾ എന്നോടാവശ്യപ്പെട്ടത്?”

“നിങ്ങൾക്കത് മനസ്സിലായിക്കാണുമെന്നാണ് ഞാൻ കരുതിയത് ഭൂരിഭാഗം വയസ്സന്മാരുടെയും മാനസികാവസ്ഥ  വല്ലാത്ത പ്രണയമാണ് അയാൾക്ക് അവരോട് വേറെ ആരുമായും അവർ ബന്ധം സ്ഥാപിക്കാൻ പാടില്ല എന്ന ശാഠ്യം തൽക്കാലം അയാളെ വെറുപ്പിക്കേണ്ട എന്ന ചിന്ത കൊണ്ട് പറഞ്ഞതാണവർ അത്രയേയുള്ളൂ

“സ്വന്തം മാതാവിന് പോലും സ്നേഹം നൽകിയിട്ടുണ്ടാവില്ല അയാൾ” ഞാൻ പറഞ്ഞു. “അതെന്തെങ്കിലുമാകട്ടെ നീ നിന്റെ ഇഷ്ടം പോലെ ചെയ്യുക അപ്പോൾ ഫോഗെലിന് വേണ്ടി ഒരു ട്രിപ്പ് പോകുവാൻ നീ തീരുമാനിച്ചുവോ?”

“അയാൾ വാഗ്ദാനം നൽകുന്ന പ്രതിഫലം വച്ച് നോക്കിയാൽ നിരസിക്കുവാൻ കഴിയുന്നില്ല എനിക്ക് പക്ഷേ, ഈ യാത്ര വിജയമാകുമോ എന്നെനിക്കുറപ്പില്ല ആ പ്രദേശത്ത് ലാന്റ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല

“അതിനടുത്തല്ലേ സുലേ തടാകമുള്ളത്? അതിലെ മഞ്ഞുപാളികളിൽ ഒരു പക്ഷേ ലാന്റ് ചെയ്യാൻ കഴിഞ്ഞേക്കും” ഞാൻ പറഞ്ഞു.

നിഷേധാർത്ഥത്തിൽ അവൻ തലയാട്ടി. “ഞാനും ആ വഴിക്ക് ചിന്തിച്ചിരുന്നു ഈ സമയത്ത് തടാകത്തിലെ വെള്ളം പൂർണ്ണമായും ഉറഞ്ഞിട്ടുണ്ടാകാൻ സാദ്ധ്യത കുറവാണ് ഇൻ‌ടസ്കിലേക്ക് ഇന്നൊരു ട്രിപ്പുണ്ടെന്നല്ലേ നിങ്ങൾ പറഞ്ഞിരുന്നത്?”

“അതെ

“ആ പ്രദേശത്ത് ഒരു അധിക ട്രിപ്പ് എടുക്കുന്നതിൽ വിരോധമില്ലല്ലോ നിങ്ങൾക്ക്? ഇറ്റ്‌വാക്ക് തീരത്ത് നിന്നും ദൂരെ പുറം‌കടലിൽ കിടക്കുന്ന് ഒരു പോർച്ചുഗീസ് ഹോസ്പിറ്റൽ ഷിപ്പിലേക്ക് ഒരു ലോഡ് മരുന്ന് കൊണ്ടു ചെന്ന് കൊടുക്കാമെന്ന് ഏറ്റതായിരുന്നു ഞാൻ പക്ഷേ, അതിനി നടക്കുമെന്ന് തോന്നുന്നില്ല നിങ്ങൾ പോകുന്ന ഇൻ‌ടസ്കിൽ നിന്നും വെറും അമ്പത് മൈൽ ദൂരമേയുള്ളൂ അങ്ങോട്ട് വിരോധമില്ലെങ്കിൽ അതും കൂടി എടുക്കാമോ?”

“പണം ലഭിക്കുമെങ്കിൽ എനിക്കെന്ത് വിരോധം? ആട്ടെ, നിന്റെ പരിപാടി എന്താണിന്ന്?”

“സാൻ‌ഡ്‌വിഗ്ഗിലെ റോയൽ ഗ്രീൻലാന്റ് ട്രേഡിങ്ങ് കമ്പനിയുടെ സ്റ്റോറിലേക്ക് കുറേ സാധനങ്ങൾ എത്തിക്കുവാനുണ്ട് അതിന് ശേഷം ഈ പറഞ്ഞ വിമാനം തകർന്നു കിടക്കുന്ന പ്രദേശത്തേക്ക് ഒന്ന് പറന്ന് നോക്കിയാലോ എന്നുണ്ട് അല്ലാതെ ഇന്ന് ഒട്ടും തന്നെ സമയമില്ല ഉച്ച കഴിഞ്ഞിട്ടാണെങ്കിൽ  മലാമസ്കിലേക്ക് ഒരു ട്രിപ്പുമുണ്ട് അത് ഒഴിവാക്കാൻ സാധിക്കാത്തതുമാണ്” ആർണ്ണി പറഞ്ഞു.

 അവന്റെ അവസ്ഥ എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നതേയുള്ളൂ. മലാമസ്കിലെ അമേരിക്കക്കാരുമായുള്ള അവന്റെ ഇടപാടുകൾ വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഒരു മുൻ‌പരിചയവുമില്ലാത്ത ഒരു സംഘത്തിന് വേണ്ടി സ്ഥിരം കസ്റ്റമറായ അവരുമായുള്ള ബന്ധത്തിന് വിള്ളൽ വീഴ്ത്തുന്നത് എന്ത് കൊണ്ടും വിഡ്ഢിത്തം തന്നെയാണ്. വാർഷിക കരാറാണ് അവരുമായി ഒപ്പിട്ടിരിക്കുന്നത്. ഒരു ആഴ്ച്ചയിലെ ട്രിപ്പിന്റെ പണം മതി ആ വേനൽക്കാലം മുഴുവനും അവന് സുഭിക്ഷമായി കഴിയാൻ. ബാക്കി ലഭിക്കുന്നതെല്ലാം തന്നെ സമ്പാദ്യത്തിന്റെ ഭാഗമായി മാറുന്നു.

“ഫോഗെലിനെയും സംഘത്തെയും നീ കൂടെ കൊണ്ടുപോകുന്നുണ്ടോ?”

അവൻ തലയാട്ടി. “സ്റ്റോറിലേക്കുള്ള സാധങ്ങളായതിനാൽ തന്നെ ആവശ്യത്തിലധികം ഭാരമുണ്ട് മാത്രവുമല്ല, ഇതൊരു നിരീക്ഷണ പറക്കൽ മാത്രമായിരിക്കും ലാന്റ് ചെയ്യാൻ സാധിക്കുന്ന സ്നോ ഫീൽഡ് ആ പരിസരത്തെവിടെയെങ്കിലും ഉണ്ടോ എന്നറിയാൻ അഥവാ അങ്ങനെയൊന്ന് കണ്ടെത്തിയാൽ തന്നെ ലാന്റ് ചെയ്യാൻ സമയം ലഭിക്കുമെന്നും തോന്നുന്നില്ല

“ഓൾ റൈറ്റ് എങ്കിൽ നീ പറഞ്ഞ ആ മരുന്നുകളുടെ ലോഡ് എന്റെ വിമാനത്തിലേക്ക് മാറ്റാനുള്ള ഏർപ്പാട് ചെയ്തോളൂ എനിക്കും ഇന്ന് ധരാളം ജോലിയുള്ളതാണ് ടേക്ക് ഓഫ് അധികം വൈകേണ്ട

“അതൊക്കെ എപ്പോഴേ മാറ്റിക്കഴിഞ്ഞു” അവൻ പുഞ്ചിരിച്ചു. “നിങ്ങളുടെ കൃത്യനിഷ്ഠ എനിക്ക് നന്നായിട്ടറിവുള്ളതല്ലേ ജോ അപ്പോൾ പറഞ്ഞത് പോലെ രാത്രി ഫ്രെഡറിക്‌സ്മട്ടിൽ വച്ച് കാണാം

ഓടിച്ചെന്ന് ആയാസപ്പെട്ട് വിമാനത്തിനുഉള്ളിലേക്ക് വലിഞ്ഞ് കയറുന്ന അവനെ നോക്കി ഞാൻ നിന്നു.  ഡോർ പൂർണ്ണമായും വലിച്ചടക്കുന്നതിന് മുമ്പ് തന്നെ എൻ‌ജിനുകൾ ഗർജ്ജിച്ചു തുടങ്ങിയിരുന്നു. അതിവേഗത്തിൽ റൺ‌വേയിലൂടെ മുന്നോട്ട് നീങ്ങവേ അവൻ മുന്നോട്ടാഞ്ഞ് ഇൻസ്ട്രുമെന്റ് പാനലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്തായാലും എൻ‌ജിനുകൾ പൂർണ്ണ ശക്തിയാർജ്ജിക്കുന്നത് വരെ സ്റ്റിക്ക് വലിക്കാതിരിക്കാനുള്ള ക്ഷമ അവൻ പ്രകടിപ്പിച്ചത് ഭാഗ്യം.

ഹാർബറിന് മുകളിലൂടെ ഏതാണ്ട് ഇരുപത് അടി മാത്രം ഉയരത്തിൽ വിമാനം അന്തരീക്ഷത്തിലേക്ക് പറന്നു കയറി. പിന്നെ എൻ‌ജിനുകളുടെ മുരൾച്ചയുടെ കാഠിന്യം ഏറിയതും അവൻ വിമാനം വളച്ചെടുത്ത് സൂര്യപ്രകാശത്തിനെതിരെ പിന്നെയും മുകളിലേക്ക് ഉയർത്തി. അവന്റെ ഈ തിരക്ക് കൊണ്ട് എനിക്ക് ഇന്ന് ഒരു അധിക ട്രിപ്പ് ലഭിച്ചുവെന്നത് സന്തോഷകരമായ വസ്തുത തന്നെ. എങ്കിലും ഇനിയുള്ള ദിനങ്ങളിൽ അവൻ ശരിക്കും കഷ്ടപ്പെടാൻ പോകുന്നു എന്നതിൽ സംശയമില്ല.

 (തുടരും)

Friday 6 February 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 20



ബെഡ്‌റൂമിൽ എത്തിയെങ്കിലും ഞാൻ കിടക്കാനൊരുങ്ങിയില്ല. ആ സംഘത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത ഇനിയും അലട്ടിക്കൊണ്ടിരിക്കുന്നു. പുറത്ത് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന ശീതക്കാറ്റ് ചെറിയ മഞ്ഞു കട്ടകൾ ചരലുകൾ പോലെ ജാലകച്ചില്ലുകളിൽ വന്ന് പതിച്ചുകൊണ്ടിരുന്നു.

ഒരു സിഗരറ്റിന് തീ കൊളുത്തി ഞാൻ കിടക്കയിൽ വന്ന് ഇരുന്നു. പിന്നെ റേഡിയോയിലൂടെ ഒഴുകിയെത്തുന്ന സംഗീതം ശ്രവിച്ചുകൊണ്ട് പതുക്കെ ചാരിക്കിടന്നു.

കതകിൽ ആരോ ചെറുതായി മുട്ടിയത് പോലെ തോന്നിയെങ്കിലും അത് എന്റെ തോന്നൽ മാത്രമായിരിക്കും എന്നായിരുന്നു എന്റെ ധാരണ. പക്ഷേ, അല്പം കൂടി ശബ്ദത്തിൽ അതാവർത്തിച്ചതും ഞാൻ എഴുന്നേറ്റ് വാതിലിന് നേർക്ക് നടന്നു.

സാറാ കെൽ‌സോ ആയിരുന്നു അത്. അല്പം സങ്കോചത്തോടെ അവൾ മന്ദഹസിച്ചു. “ഒരു നിമിഷം എനിക്ക് വേണ്ടി ചെലവഴിക്കുന്നതിൽ വിരോധമുണ്ടോ?”

“സന്തോഷമേയുള്ളൂ

ഞാൻ കതക് അടയ്ക്കവെ അവൾ ജാലകത്തിനരികിലെത്തി പുറത്തെ ഇരുട്ടിലേക്ക് സൂക്ഷിച്ച് നോക്കി. “ഇത് പോലെ പരുക്കൻ കാലാവസ്ഥയാണോ എപ്പോഴും ഇവിടെ?”

കട്ടിലിനരികിൽ ചെന്ന് ഞാൻ റേഡിയോ ഓഫ് ചെയ്തു. “ഈ അസമയത്ത് കാലാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാൻ നിങ്ങൾ ഇവിടെ വന്നതിന്റെ ഔചിത്യം എനിക്ക് മനസ്സിലാകുന്നില്ല, മിസ്സിസ് കെൽ‌സോ

അവൾ പതുക്കെ തിരിഞ്ഞ് എന്റെ നേരെ നോക്കി വിളറിയ ഒരു പുഞ്ചിരി സമ്മാനിച്ചു. “നിങ്ങൾ ഒട്ടും വളച്ചുകെട്ടില്ലാത്ത ഒരു മനുഷ്യനാണല്ലേ മിസ്റ്റർ മാർട്ടിൻ? ഒരു തരത്തിൽ അത് തന്നെയാണ് നല്ലതും കാര്യങ്ങൾ എളുപ്പമാകും നിങ്ങൾ പറഞ്ഞത് ശരിയാണ് കാലാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാനല്ല ഞാനിപ്പോൾ വന്നത് സത്യം പറഞ്ഞാൽ, ആ പൈലറ്റ് ആർണ്ണി ഫാസ്ബെർഗ് അയാളുമായി സംസാരിക്കുവാനുള്ള സൌകര്യം നിങ്ങൾ ഏർപ്പെടുത്തുമെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്...”

“ഏത് ഇന്ന് രാത്രി തന്നെയോ?” നിഷേധാർത്ഥത്തിൽ ഞാൻ തലയാട്ടി. “അവന് ഇന്ന് മറ്റ് പരിപാടികൾ ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ

“അതെ എനിക്കോർമ്മയുണ്ട്” അവളുടെ സ്വരത്തിൽ അക്ഷമ കലർന്നിരുന്നു. “അയാൾ ഏതോ ഒരു പെണ്ണിന്റെയൊപ്പമാണെന്ന് എന്ന് വച്ച് അയാളോടെനിക്ക് സംസാരിക്കുവാൻ കഴിയില്ല എന്നൊന്നും ഇല്ലല്ലോ

“ഫോഗെൽ ഇതേക്കുറിച്ചെന്ത് വിചാരിക്കും?”

“മിക്കവാറും അയാൾ ഇപ്പോൾ ഉറക്കമായിട്ടുണ്ടാകും” അവളുടെ സ്വരത്തിൽ തീർത്തും നിരാശത പ്രകടമായിരുന്നു. അവൾ ഒന്നു കൂടി എനിക്കരികിലേക്ക് നീങ്ങി നിന്നു. “എനിക്കയാളോട് സംസാരിച്ചേ പറ്റൂ മിസ്റ്റർ മാർട്ടിൻ എനിക്കറിയണം ഇന്ന് രാത്രി തന്നെ അയാൾക്ക് ഞങ്ങളെ സഹായിക്കാൻ കഴിയുമോ എന്ന് ഇനിയും ഈ അനിശ്ചിതാവസ്ഥ താങ്ങാനുള്ള കരുത്തെനിക്കില്ല

അവളുടെ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കി. അദൃശ്യമായ ഒരു ആവരണത്തിന് പിന്നിലെന്ന പോലെ സുതാര്യമായ ആ മുഖത്ത് നിന്നും ഒന്നും തന്നെ വായിച്ചെടുക്കുവാൻ എനിക്കായില്ല. ചുഴിഞ്ഞുള്ള എന്റെ നോട്ടത്തെ യാതൊരു ചാഞ്ചല്യവുമില്ലാതെ അവൾ നേരിട്ടു.

“ഓൾ റൈറ്റ് വെയ്റ്റ് ഹിയർ ഐ വിൽ സീ വാട്ട് ഐ കാൻ ഡൂ” ഞാൻ പറഞ്ഞു.

                                 * * * * * * * * * * * * * * * * * * * * *


ഇടനാഴിയുടെ അറ്റത്തായിരുന്നു ഗൂഡ്രിഡിന്റെ റൂം. അല്പ നേരം കാതോർത്ത് ഞാനവിടെ നിന്നു. മുറിയിൽ നിന്നും ശബ്ദമൊന്നും കേൾക്കാനില്ല. ഞാൻ വാച്ചിലേക്ക് നോക്കി. പാതിരാവാകാൻ ഇനി നിമിഷങ്ങൾ മാത്രം. ഒരു മണി വരെ അവൾക്ക് ഡ്യൂട്ടി ഉണ്ടെന്നാണ് ആർണ്ണി പറഞ്ഞത്. കതകിന്റെ ഹാൻഡിലിൽ പിടിച്ചു നോക്കിയപ്പോൾ അത് ലോക്ക് ചെയ്തിരിക്കുന്നു. തിരിഞ്ഞ് നടക്കാൻ തുനിയുമ്പോഴാണ് ഇടനാഴിയുടെ അറ്റത്തുള്ള സർവീസ് സ്റ്റെയർകെയ്സ് വഴി കുറച്ച് ബ്ലാങ്കറ്റുകളുമായി അവൾ ഇറങ്ങി വരുന്നത് കണ്ടത്.

വളരെ പ്രസന്നവതിയായിരുന്നു അവൾ. പാൽ കട്ടുകുടിച്ച പൂച്ചയുടേതെന്ന പോലെ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. അവനെക്കുറിച്ച് എന്തൊക്കെ തന്നെ പറഞ്ഞാലും ഒരു കാര്യം സമ്മതിച്ചേ പറ്റൂ പരിപൂർണ്ണ സംതൃപ്തി പകരുന്നതിൽ ആർണ്ണി എന്നും അഗ്രഗണ്യൻ തന്നെ എന്നത്.

“എന്ത് സഹായമാണ് വേണ്ടത് മിസ്റ്റർ മാർട്ടിൻ?” മന്ദഹാസത്തോടെ അവൾ ചോദിച്ചു.

“ആർണ്ണി ഇവിടെയുണ്ടാകുമെന്ന് ഞാൻ കരുതി

“അദ്ദേഹം ഒരു മണിക്കൂർ മുമ്പ് ഇവിടുന്ന് പോയി നന്നായിട്ടൊന്ന് ഉറങ്ങണമെന്ന് പറഞ്ഞിരുന്നു നാളെ അതിരാവിലെ ഇറ്റ്‌വാക്കിലേക്ക് ഒരു ട്രിപ്പുണ്ടെന്നാണ് പറഞ്ഞത് അത്യാവശ്യമുള്ള എന്തെങ്കിലും കാര്യമാണോ?”

ഞാൻ തലയാട്ടി. “സാരമില്ല നാളെ രാവിലെ ഞാൻ കണ്ടു കൊള്ളാം

                              * * * * * * * * * * * * * * * * * * * * *

മുറിയിലേക്ക് തിരികെ ചെല്ലുമ്പോൾ ഞാൻ നൽകിയ സിഗരറ്റും പുകച്ച് കൊണ്ട് ജാലകത്തിനരികിൽ നിൽക്കുകയായിരുന്നു സാറാ കെൽ‌സോ. എന്നെ കണ്ടതും അവൾ പെട്ടെന്ന് തിരിഞ്ഞു.

“വൈകിപ്പോയി അയാൾ വീട്ടിൽ പോയ്ക്കഴിഞ്ഞു” ഞാൻ പറഞ്ഞു.

“ദൂരെയാണോ അയാളുടെ വീട്?”

“അഞ്ച് ഏറിയാൽ പത്ത് മിനിറ്റ് നടക്കാനുള്ള ദൂരം

“എന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോകാമോ?” അവൾ ഒന്നുകൂടി എന്നോടടുത്ത് നിന്നു. അവൾ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യത്തിന്റെ പരിമളം എന്റെ നാസാരന്ധ്രങ്ങളിലേക്ക് അടിച്ചു കയറി. അവളുടെ കറുത്ത കൃഷ്ണമണികൾ എന്റെ കണ്ണുകളെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നത് പോലെ

“വിഷമിക്കേണ്ട മിസ്സിസ് കെൽ‌സോ” ഞാൻ പറഞ്ഞു. “ബൂട്ട്സും ചൂട് പകരുന്ന നല്ലൊരു കോട്ടും കരുതിക്കോളൂ അഞ്ച് മിനിറ്റിനുള്ളിൽ താഴെ ഹാളിൽ വച്ച് സന്ധിക്കാം നമുക്ക്

അവൾ എന്റെ കൈത്തണ്ടയിൽ പതുക്കെ പിടിച്ച് അല്പം സംശയത്തോടെ ചോദിച്ചു. “ഹാളിലൂടെ അല്ലാതെ വേറെ വഴി വല്ലതുമുണ്ടോ പുറത്ത് കടക്കാൻ?”

ഞാൻ തല കുലുക്കി. “ഉണ്ട് സർവീസ് സ്റ്റെയേഴ്സിലൂടെ ഇറങ്ങിയാൽ നേരെ ബേസ്മെന്റിൽ എത്താം അവിടെയുള്ള ഡോർ തുറക്കുന്നതെ ഹോട്ടലിന്റെ പിൻഭാഗത്തെ കോമ്പൌണ്ടിലേക്കാണ്എന്താ, ആ വഴി നോക്കുന്നോ?”

“കാരണമെന്താണെന്ന് വച്ചാൽ, മിസ്റ്റർ സ്ട്രാട്ടൺ അല്പം മുമ്പാണ് വീണ്ടും ബാറിലേക്ക് പോയത് ഞാൻ പുറത്തേക്ക് പോകുന്നത് അയാളെങ്ങാനും കണ്ടാൽ പിന്നെ അത് മതി മറിച്ചെന്തെങ്കിലും ചിന്തിക്കാൻ

“ആ പറഞ്ഞത് കാര്യം” ഞാൻ പറഞ്ഞു.

അവളുടെ മനസ്സിന്റെ വിഹ്വലത ഒരു മാത്ര നേരത്തേക്ക് പ്രകടമായത് എനിക്ക് പിടിച്ചെടുക്കാനായി. അതോടൊപ്പം ഭാഗികമായി വിരിഞ്ഞ ആകാംക്ഷ നിറഞ്ഞ മന്ദഹാസം തടഞ്ഞു നിർത്താൻ എന്തു കൊണ്ടോ അവൾ ശ്രമിച്ചതുമില്ല.

“ഒറ്റ മിനിറ്റ് ഞാനിതാ എത്തിക്കഴിഞ്ഞു” അവൾ പുറത്തേക്ക് പാഞ്ഞു.

                                   * * * * * * * * * * * * * * * * * * * * *

സാമാന്യം ശക്തിയോടെ തന്നെ ആഞ്ഞടിക്കുകയാണ് ശീതക്കാറ്റ്. അതുകൊണ്ട് തന്നെ മുഖത്ത് ആണിയടിച്ച് കയറ്റുന്ന അനുഭവമായിരുന്നു മഴത്തുള്ളികൾ മുഖത്തേക്ക് ശക്തിയോടെ വന്നു പതിക്കുമ്പോൾ. കാറ്റിനെതിരെ പോരാടി പ്രധാന പാതയിലൂടെ നീങ്ങുമ്പോൾ എന്റെ കൈയിൽ മുറുകെ പിടിച്ചിരുന്ന അവൾ തണുപ്പിൽ നിന്നും രക്ഷനേടാനായി കഴിയുന്നതും എന്നോട് ഒട്ടിച്ചേർന്ന് നടക്കാൻ ശ്രദ്ധിച്ചു.

കനത്ത മഴയോടും കാറ്റിനോടും മല്ലിട്ട് നീങ്ങുമ്പോൾ എന്തെങ്കിലും സംസാരിക്കുവാൻ പോലും ആകുമായിരുന്നില്ല ഞങ്ങൾക്ക്. എന്നാൽ ആർണ്ണിയുടെ വീട് സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ തെരുവിലെത്തിയതും ഇരുവശത്തുമുള്ള ഉയരം കൂടിയ പലകവീടുകൾ കാറ്റിനെ ഒരളവു വരെ തടഞ്ഞ് നിർത്താൻ പര്യാപ്തമായിരുന്നു. അതിനാൽ അവിടെ നിന്നങ്ങോട്ട് ഞങ്ങളുടെ യാത്ര താരത‌മ്യേന എളുപ്പമായി തീർന്നു. തെരുവിന്റെ അറ്റത്ത് അല്പം ഉയർന്ന പ്രദേശത്തായിരുന്നു ആർണ്ണിയുടെ ഒറ്റനില കെട്ടിടം. മുൻ‌ഭാഗത്ത് വരാന്തയുള്ള ഒരു കുഞ്ഞു വീട്. തുറന്ന് കിടക്കുന്ന ഒരു ജാലകപ്പാളി കാറ്റിൽ അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കുന്നു. ഉള്ളിൽ വെളിച്ചമുണ്ട്.

കതകിൽ തട്ടി അൽപ്പം കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് ആർണ്ണി പുറത്തേക്ക് എത്തി നോക്കി. ഒരു നൈറ്റ് ഗൌൺ ധരിച്ചിക്കുന്ന അവൻ കഴുത്തിൽ ഒരു സ്കാർഫ് ചുറ്റിക്കെട്ടിയിട്ടുണ്ട്. കണ്ടിട്ട് എന്തായാലും ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വരുന്ന മട്ടൊന്നും ആയിരുന്നില്ല അവന്റേത്.

ആ ഇരുട്ടിൽ എന്നെ മാത്രമായിരുന്നു അവൻ അപ്പോൾ കണ്ടത്. “ഹേയ്, ജോ യൂ ഓൾഡ് ഡെവിൾ എന്താണ് ഈ നേരത്ത്?” അവൻ പുഞ്ചിരിച്ചു.

പിന്നിലെ നിഴലിൽ നിന്നിരുന്ന സാറയെ ഞാൻ മുന്നോട്ട് നീക്കി നിർത്തി. “ഞങ്ങൾ ഉള്ളിലേക്ക് വരുന്നതിൽ വിരോധമില്ലല്ലോ ആർണ്ണീ വല്ലാത്ത തണുപ്പ് പുറത്ത് 

അവന്റെ മുഖത്തെ ആശ്ചര്യം അവർണ്ണനീയമായിരുന്നു. ഞങ്ങൾ മുന്നോട്ട് നീങ്ങവെ അവൻ വാതിലിന് മുന്നിൽ നിന്നും പിറകോട്ട് നീങ്ങി വഴിയൊരുക്കി. നെരിപ്പോടിനുള്ളിലെ ഇരുമ്പുതകിട് ചുട്ടുപഴുത്ത് ചെറി പഴം പോലെ തിളങ്ങുന്നുണ്ടായിരുന്നു. അതിൽ നിന്നും ബഹിർഗമിക്കുന്ന ചൂട് പറഞ്ഞറിയിക്കാനാവാത്ത ആശ്വാസമാണ് അപ്പോൾ ഞങ്ങൾക്കേകിയത്.

സാറ കൈയ്യുറകൾ ഊരി മാറ്റി നെരിപ്പോടിനുള്ളിലേക്ക് കൈകൾ നീട്ടിപ്പിടിച്ചു. “ദിസ് ഈസ് നൈസ് ദിസ് ഈസ് വെരി നൈസ്

“ആർണ്ണീ ഇത് മിസ്സിസ് സാറാ കെൽ‌സോ ഒരു അഞ്ച് മിനിറ്റ് ഒഴിവുണ്ടെങ്കിൽ ഇവർക്കെന്തോ ബിസിനസ് വിഷയം സംസാരിക്കാനുണ്ടായിരുന്നു

“ബിസിനസോ? എനിക്കൊന്നും മനസ്സിലാകുന്നില്ല” അവളുടെ മുഖത്തു നിന്നും വൈമനസ്യത്തോടെ മുഖം തിരിച്ച് അവൻ എന്നെ നോക്കി.

“മിസ്സിസ് കെൽ‌സോ എല്ലാം വിശദീകരിക്കും

അവൾ തിരിഞ്ഞ് ഉദാസീനതയോടെ എന്നെ നോക്കി. “താങ്കളുടെ ഈ സഹായത്തിന് വളരെ നന്ദി, മിസ്റ്റർ മാർട്ടിൻ എന്റെ പ്രശ്നങ്ങളെല്ലാം ഇദ്ദേഹത്തോട് വിശദീകരിക്കുന്നത് കേട്ട് നിന്ന് താങ്കളുടെ വിലയേറിയ സമയം ഇനിയും പാഴാക്കണമെന്നില്ല മിസ്റ്റർ ഫാസ്ബെർഗ് തിരികെ എന്നെ ഹോട്ടലിൽ കൊണ്ടുചെന്നാക്കുമെന്ന് എനിക്കുറപ്പുണ്ട്

“നിനക്ക് ബുദ്ധിമുട്ടാവില്ലല്ലോ ആർണ്ണീ?” ഞാൻ ചോദിച്ചു. എന്നാൽ അവനാകട്ടെ ഇതെല്ലാം വിശ്വസിക്കാനാവാതെ ചെറിയ തോതിലൊരു ഇടിവെട്ട് ഏറ്റവനെപ്പോലെ നടുക്കത്തോടെ നിൽക്കുകയാണ്.

“ഓഹ് തീർച്ചയായും ജോ തീർച്ചയായും” നടുക്കത്തിൽ നിന്നുണർന്ന അവൻ പെട്ടെന്ന് പറഞ്ഞു. “മിസ്സിസ് കെൽ‌സോയുടെ കാര്യമോർത്ത് വിഷമിക്കേണ്ട സുരക്ഷിതയായി ഇവരെ ഹോട്ടലിൽ എത്തിക്കുന്ന കാര്യം ഞാനേറ്റു

ഞാൻ വാതിൽക്കൽ എത്തിയതും അവൾ വിളിച്ചു. തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് അവളുടെ കോട്ട് ഊരുവാൻ സഹായിക്കുന്ന ആർണ്ണിയെയാണ്. ഹൃദയഹാരിയ നീല വർണ്ണത്തിലുള്ള ഇറുകിയ വസ്ത്രമാണ് അവൾ ധരിച്ചിരിക്കുന്നത്. താഴെ നിന്നും മുട്ടിന് തൊട്ടു മുകൾ ഭാഗം വരെയുള്ള ബട്ടണുകൾ അഴിച്ചിട്ടിരിക്കുകയാണ്. കറുത്ത കൊസ്സാക്ക് ലെതർ ബൂട്ട്സ് അവളെ അത്യന്തം ആകർഷകയാക്കിയിരിക്കുന്നു.

അരികിൽ വന്ന് അവൾ എന്റെ കരങ്ങൾ കൈയിലെടുത്തു.  “മിസ്റ്റർ ഫോഗെലിനെ എങ്ങാനും കാണുകയാണെങ്കിൽ ഇതേക്കുറിച്ച് ഒരക്ഷരം പോലും താങ്കൾ മിണ്ടില്ല സമ്മതിച്ചല്ലോ? എന്നെക്കുറിച്ച് ഒരു തെറ്റിദ്ധാരണ അയാൾക്കുണ്ടാകാൻ ഞാനാഗ്രഹിക്കുന്നില്ല

“തീർച്ചയായും ഇക്കാര്യത്തിൽ നിങ്ങളെക്കെന്നെ വിശ്വസിക്കാം” ഞാൻ പറഞ്ഞു.

വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന ആ പുഞ്ചിരി അവളുടെ ചുണ്ടിൽ വീണ്ടും വിരിഞ്ഞു. കൂടുതൽ എന്തെങ്കിലും പറയാൻ അവൾക്ക് അവസരം ലഭിക്കുന്നതിന് മുന്നെ ഞാൻ തിരിഞ്ഞ് പുറത്തേക്ക് നടന്നു.

കാറ്റിന്റെ ഗതി മാറിയിരിക്കുന്നു. ഇടുങ്ങിയ ആ തെരുവിലൂടെ നടക്കവെ ശീതക്കാറ്റിന്റെ കരാളഹസ്തങ്ങൾ എന്റെ മുഖത്ത് പ്രഹരമേൽപ്പിക്കുവാൻ തുടങ്ങി. കൊടും തണുപ്പിൽ നനഞ്ഞൊട്ടിയുള്ള നടപ്പ് എങ്കിലും അപ്പോഴത്തെ മാനസികാവസ്ഥയിൽ അത് അല്പം പോലും എന്നെ അലോസരപ്പെടുത്തിയില്ല. ആർണ്ണി ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും എന്നതിനെക്കുറിച്ച് ഓർത്ത് ഞാൻ ഉറക്കെ ചിരിച്ചു പോയി. അറിഞ്ഞോ അറിയാതെയോ എന്തായാലും ശരി, ഇന്നത്തെ രാത്രിയിൽ അവന് ലഭിച്ച ഭാഗ്യത്തിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും തീർച്ച.


 (തുടരും)