Saturday, 27 June 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 37ഞാൻ പതുക്കെ തട്ടിൻപുറത്തിന്റെ അറ്റത്ത് വന്ന് താഴെ നിൽക്കുന്ന അവളെ നോക്കി. അത്താഴത്തിന് വന്നപ്പോൾ ധരിച്ചിരുന്ന ആ വസ്ത്രത്തിന് പുറമെ തോളിലൂടെ ഒരു ഷീപ് സ്കിൻ കോട്ട് അലസമായി ഇട്ടിരിക്കുന്നു.

മുകളിലേക്ക് നോക്കിയ അവൾ എന്നെ കണ്ടതും പുഞ്ചിരിച്ചു. “എനിക്കും കൂടി സ്ഥലമുണ്ടാകുമോ അവിടെ...?”

“എന്ന് തോന്നുന്നു

കോണി വഴി മുകളിലെത്തിയ അവൾ ഇരു പോക്കറ്റുകളിലും കൈകൾ തിരുകി ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു.  “ഇത് കൊള്ളാമല്ലോ ആട്ടെ, നിങ്ങളെന്താ അവിടെ നിന്നും ഇറങ്ങിപ്പോന്നത്? ഒലാഫിന്റെ ചരിത്രാ‍ദ്ധ്യാപനത്തിൽ താല്പര്യമില്ലാഞ്ഞിട്ടാണോ?”

“അല്ലേയല്ല അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിൽ പലപ്പോഴും അത്ഭുതം തോന്നിയിട്ടുമുണ്ട് ഞാനും അദ്ദേഹവും വളരെ നാളുകളായി സുഹൃത്തുക്കാളാണ് അദ്ദേഹത്തിന്റെ പുരാവസ്തു ശേഖരങ്ങളെല്ലാം ഞാൻ ഇതിനു മുമ്പ് കണ്ടിട്ടുള്ളതാണ് പെട്ടെന്ന് അത്രയും പേർ ഒന്നിച്ചവിടെ കൂടിയപ്പോൾ എന്തോ എനിക്ക് ഒരു അസ്വസ്ഥത അല്ലെങ്കിലും ആൾക്കാർ കൂടുന്നിടത്ത് നിൽക്കാൻ പണ്ടേ എനിക്ക് അത്ര താല്പര്യമില്ല

“ആ ആൾക്കൂട്ടത്തിൽ ഞാനും പെടുമോ?”

“എന്ത് തോന്നുന്നു നിങ്ങൾക്ക്?”

തുറന്ന് കിടന്ന ആ വാതിലിനരികിലേക്ക് ഞങ്ങൾ നടന്നു. അവിടെ കണ്ട ഒരു പെട്ടിയുടെ മുകളിൽ ഇരുന്ന അവൾക്ക് ഞാൻ ഒരു സിഗരറ്റ് നീട്ടി.

“ഇത്തരമൊരു ചിന്ത കൂടെക്കൂടെ ഉണ്ടാകാറുണ്ടോ നിങ്ങൾക്ക്? അതായത് ഒരു പാർശ്വവത്കരിക്കപ്പെട്ടവന്റെ നിരാശത?”

“പലപ്പോഴും

ഒന്ന് മന്ദഹസിച്ചിട്ട് അവൾ തല കുലുക്കി. “ലോകത്ത് മറ്റെവിടെയും ലഭിക്കുന്നതിലും അധികം പണം ഇവിടെ ലഭിക്കുമെന്നത് കൊണ്ടാണ് ഗ്രീൻലാന്റിലേക്ക് വന്നതെന്നല്ലേ നിങ്ങൾ പറഞ്ഞത്? വാസ്തവത്തിൽ അതൊരു നുണയല്ലേ?”

പുറത്ത് പെയ്യുന്ന മഴയിലേക്ക് നോക്കിക്കൊണ്ട് ഞാൻ നിന്നു. ആ മഴയെ അപ്പാടെ എന്റെ മനസ്സിലേക്ക് ആവാഹിക്കുവാനായെങ്കിൽ എന്ന് ഒരു നിമിഷം ഞാൻ ആഗ്രഹിച്ചു.

“പട്ടണത്തിൽ ചെല്ലുമ്പോൾ കാർ എവിടെ പാർക്ക് ചെയ്യും എന്നോർത്തുള്ള വേവലാതി ഒരു പാർക്കിങ്ങ് ഏരിയ കണ്ടുപിടിച്ചാൽ അവിടെ ഒരു കാറിനുള്ള സ്ഥലം ഉണ്ടാകുമോ എന്നുള്ള വേവലാതിയാണ് അടുത്തത് ഇവിടെ ഗ്രീൻലാന്റിൽ ഓരോ ദിനവും പുതിയ പുതിയ പോരാട്ടങ്ങളുടേതാണ് മനുഷ്യനും വിജനതയും തമ്മിലുള്ള പോരാട്ടം അത് മനുഷ്യനെ എന്നും മുൾ‌മുനയിൽ നിർത്തുന്നു ആ ഒരു വൈകാരികത നമുക്ക് പകരുവാൻ ഈ ഭൂമിയിൽ അവശേഷിച്ചിരിക്കുന്ന ചുരുക്കം ചിലയിടങ്ങളിൽ ഒന്നാണ് ഗ്രീൻലാന്റ്” ഞാൻ പറഞ്ഞു.

“ഇനിയും എത്ര കാലം ഇവിടെ തുടരാനാണ് ഭാവം?”

ഞാൻ നെടുവീർപ്പിട്ടു. “അതാണ് പ്രശ്നംഅടുത്ത കാലത്തായി ഐസ്‌ലാന്റിൽ നിന്നും നാർസർസ്വാക്കിലേക്ക് നാല് ദിവസത്തെ ടൂറിസ്റ്റ് ട്രിപ്പ് ഐസ്‌ലാന്റ് എയർ തുടങ്ങി വച്ചിട്ടുണ്ട്‌ ഈ നാർസർസ്വാക്ക് ഇവിടെ നിന്നും അത്ര ദൂരെയൊന്നുമല്ല നല്ലൊരു എയർഫീൽഡും തരക്കേടില്ലാത്ത ഒരു ഹോട്ടലും അവിടെയുണ്ട്  എന്തോ എന്റെ സുവർണ്ണകാലത്തിന്റെ അന്ത്യം അടുക്കുന്നുവെന്നൊരു തോന്നൽ ഉടലെടുത്തു തുടങ്ങിയിരിക്കുന്നു

“എന്ത് ചെയ്യും നിങ്ങൾ അപ്പോൾ?”

“മറ്റൊരിടത്തേക്ക്

“പുതിയൊരു മുഖം‌മൂടിയുമായി?”

“മനസ്സിലായില്ല?” ഞാൻ പരുങ്ങി.

“പ്രശസ്ത മനഃശാസ്ത്രജ്ഞൻ കാൾ യൂങ്ങ് ഉപയോഗിച്ച പദമാണ് ഭൂരിപക്ഷം മനുഷ്യർക്കും തങ്ങളുടെ യഥാർത്ഥ വ്യക്തിത്വവുമായി ഈ ലോകത്തെ അഭിമുഖീകരിക്കുവാൻ ഭയമാണെന്നും അതിനാൽ തങ്ങൾക്ക് അനുയോജ്യമായ ഒരോ മുഖം‌മൂടി എടുത്തണിയുന്നു എന്നുമാണ് അദ്ദേഹത്തിന്റെ വാദം പുതിയൊരു അസ്തിത്വം എന്ന് വേണമെങ്കിൽ പറയാം ചെറുതോ വലുതോ ആയ അളവിൽ ഈ രോഗം ഗ്രസിച്ചിരിക്കുന്നവരാണ് നാം ഓരോരുത്തരും കർക്കശക്കാരനായ ഒരു ബുഷ് പൈലറ്റ് ഇരുമ്പിന്റെ ഞരമ്പുകളുമായി എന്തും നേരിടാൻ കഴിവുള്ള ബലിഷ്ഠനായ വ്യക്തിഇത്തരമൊരു പ്രതിച്ഛായ കാഴ്ച്ച വയ്ക്കുവാനല്ലേ നിങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്?”

“അതാണോ ഇപ്പോൾ ഇവിടുത്തെ പ്രശ്നം?”

അവൾ തുടർന്നു. “വൈക്കിങ്ങ് കുടിയേറ്റക്കാരുടെ പിൻ‌ഗാമി ആയിട്ടാണ് റസ്മുസെൻ സ്വയം വിലയിരുത്തുന്നതും ജീവിക്കുന്നതും ജാക്കിന്റെ പ്രശ്നം മറ്റൊന്നാണ്വർഷങ്ങളായി താൻ ഉണ്ടാക്കിയെടുത്ത പല മുഖം‌മൂടികളെയും തള്ളുവാനോ കൊള്ളുവാനോ കഴിയാതെ യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാതെ അലഞ്ഞ് തിരിയുന്നു

“ഓ…!  ഇതൊക്കെ എവിടെ നിന്ന് പഠിച്ചെടുത്തു നിങ്ങൾ?”  ഞാൻ ചോദിച്ചു.

“യൂണിവേഴ്സിറ്റിയിൽ ആയിരുന്നപ്പോൾ ഞാൻ ഒരു വർഷം സൈക്കോളജിയും സോഷ്യൽ ഫിലോസഫിയും പഠിച്ചിട്ടുണ്ട്

എന്നിലെ കാപട്യത്തിന്റെ കാറ്റുപായയിൽ നിന്നും പൊടുന്നനെ കാറ്റൊഴിഞ്ഞത് പോലെ അവിശ്വസനീയതയോടെ ഞാനവളെ തുറിച്ച് നോക്കി.  “പിന്നെ എന്ത് കൊണ്ട് ആ വിഷയത്തിൽ പഠനം തുടർന്നില്ല?”

അവൾ ചുമൽ വെട്ടിച്ചു.   “എനിക്ക് പറ്റിയ മേഖലയല്ല അതെന്ന് മനസ്സിലായപ്പോൾ ഞാൻ നിർത്തി അവിടുത്തെ ബുദ്ധിജീവികളും അദ്ധ്യാപകരും പുസ്തകങ്ങളിലെ നുണകൾ യാന്ത്രികമായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന വെറും തൊഴിലാളികളാണെന്ന് തോന്നിത്തുടങ്ങിയപ്പോൾ ഞാൻ നിർത്തി

ഞാൻ തലയാട്ടി.  “വിചിത്രം നിങ്ങളെക്കുറിച്ച് അല്പാല്പമായി മനസ്സിലാക്കി വരികയാണെന്നായിരുന്നു ഞാൻ കരുതിയത് ഇപ്പോഴിതാ തികച്ചും ഒരു പ്രഹേളികയായി വീണ്ടും മാറുന്നു നിങ്ങൾ

“എന്നെക്കുറിച്ച് എന്തെല്ലാമാണ് ജാക്ക് നിങ്ങളോട് പറഞ്ഞിട്ടുള്ളത്?”  അവൾ ചോദിച്ചു.

“മിറാ ഗ്രോസ്മാനെക്കുറിച്ച്” ഞാൻ അവളെ തിരുത്തി. “മൈൽ എന്റ് റോഡിൽ ഒരു തയ്യൽക്കട നടത്തുന്ന പിതാവിന്റെ അസൂയയും വിദ്വേഷവും കൂടെപ്പിറപ്പായിട്ടുള്ള ഒരു പാവം ജൂത പെൺ‌കൊടി...”  

“മറ്റ് നൂറ്റിയറുപത്തി മൂന്ന് ബ്രാഞ്ചുകളുടെ കാര്യം പറയാൻ അദ്ദേഹം മറന്നു പോയി എന്ന് തോന്നുന്നു” സൌ‌മ്യതയോടെ അവൾ മൊഴിഞ്ഞു.

അവിശ്വസനീയതയോടെ ഞാൻ അവളെ നോക്കി. “പക്ഷേ, അദ്ദേഹം എന്തിന് അക്കാര്യം മറച്ച് വയ്ക്കണം?”

“വളരെ സങ്കീർണ്ണമായ ഒരു വ്യക്തിത്വമാണ് ജാക്കിന്റേത് എന്നെക്കുറിച്ച് മറ്റെന്തിങ്കിലും പറഞ്ഞുവോ അദ്ദേഹം?”

നിഷേധാർത്ഥത്തിൽ ഞാൻ തലയാട്ടി.

“ഒന്നും തന്നെ പറഞ്ഞില്ല?”

വീണ്ടും ഞാൻ തലയാട്ടി. “പ്രത്യേകിച്ചൊന്നും പറഞ്ഞില്ല എന്നാണെന്റെ ഓർമ്മ

“നുണയൻ വീണ്ടും നുണ തന്നെ പറയുന്നു” അവൾ മന്ദഹസിച്ചു.  “മദ്യപാനികൾ യഥാർത്ഥ  മദ്യപാനികൾക്ക് ലൈംഗിക വിഷയത്തിൽ കാര്യമായ താല്പര്യമുണ്ടാകാറില്ലഅക്കാര്യം നിങ്ങൾക്കറിയാമെന്നാണ് ഞാൻ കരുതിയിരുന്നത്

ഞാൻ പതുക്കെ തല കുലുക്കി. “എന്തുകൊണ്ടോ, ഞാൻ ഇങ്ങനെയായിപ്പോയി നിങ്ങൾ ഇരുവരുടെയും കാര്യത്തിൽ ഞാൻ തെറ്റിദ്ധരിച്ചു പോയി ക്ഷമിക്കുക ഞാൻ പറയുന്നത് വിശ്വസിക്കണം

“ഇനിയുമുണ്ടല്ലോ സമയം” അവൾ പറഞ്ഞു.

“എങ്കിൽ പറയൂ ശരിക്കും നിങ്ങൾ എന്തിനാണ് ഗ്രീൻലാന്റിൽ വന്നത്? എനിക്കിനിയും മനസ്സിലാകാത്ത കാര്യം അതാണ്

“വളരെ ലളിതം, ജോ ഒരു നടി ആകണമെന്നത് എന്റെ അതിയായ ആഗ്രഹമായിരുന്നു പണം കൊടുത്ത് വാങ്ങാൻ കഴിയാത്തതാണത് പ്രാഗത്ഭ്യം ഉണ്ടെങ്കിൽ മാത്രമേ അതിന് കഴിയൂ സിനിമയിൽ മുഖം കാണിക്കാൻ എന്നെ സഹായിച്ചത് ജാക്ക് ആണ് അത്ര വലിയ നടിയാണെന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല എങ്കിലും ഒരു വേഷം വേണമെങ്കിൽ ആരുടെയും ശിപാർശ ഇന്ന് എനിക്ക് ആവശ്യമില്ല എന്നെ തേടി അവസരങ്ങൾ ഇങ്ങോട്ട് വരികയാണ് ഇപ്പോൾ പതിവ്

“അതിൽ കുറ്റബോധം തോന്നുന്നുണ്ടോ നിങ്ങൾക്ക്? ഇപ്പോഴത്തെ സൌഭാഗ്യത്തിന് ജാക്കിനോട് വല്ലാതെ കടപ്പെട്ടിരിക്കുന്നുവെന്ന കുറ്റബോധം?”

“അദ്ദേഹത്തിന്റെ മുടങ്ങിപ്പോയ ചിത്രത്തിന് നല്ലൊരു സാമ്പത്തിക പിന്തുണ ആവശ്യമായിരുന്നു എന്റെ പിതാവിനെക്കൊണ്ട് അത് ചെയ്യിക്കാമെന്നായിരുന്നു ഞാൻ കരുതിയത് പാവം ജാക്ക് ആകട്ടെ തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കുകയും ചെയ്തു

“എന്നിട്ട് നിങ്ങളുടെ പിതാവ് രംഗപ്രവേശം നടത്തിയില്ലേ?”

“ചിത്രത്തിന്റെ നിർമ്മാതാവ് മിൽറ്റ് ഗോൾഡ് ഈ പ്രോജക്ട് ഉപേക്ഷിച്ചു എന്നറിയിച്ചപ്പോൾ പിന്നെ അതിന്റെ ആവശ്യകതയുണ്ടായില്ല ഈ വിഷമഘട്ടത്തിൽ ജാക്കിനെ നേരിട്ട് കണ്ട് സമാശ്വസിപ്പിക്കുവാനാണ് എനിക്ക് തോന്നിയത് പാവം ജാക്ക്” അവൾ തലയാട്ടി.

“മുപ്പതോ നാൽപ്പതോ ലക്ഷം ഡോളർ തന്റെ ജീവിതത്തിൽ സമ്പാദിച്ചു കൂട്ടിയ ഒരു വ്യക്തിയുടെ ഇപ്പോഴത്തെ ഈ അവസ്ഥയോർത്ത് എനിക്കെന്തോ അത്ര ദുഃഖമൊന്നും തോന്നുന്നില്ല” ഞാൻ പറഞ്ഞു.

“ശരിയാണ് പക്ഷേ, വ്യക്തിപരമായി നോക്കിയാൽ എന്തോ എനിക്കും അതിൽ ഉത്തരവാദിത്വം ഉള്ളത് പോലെ” അവൾ പറഞ്ഞു.

“ദാറ്റ്സ് ക്രെയ്സി

എന്തുകൊണ്ടാണെന്നറിയില്ല പൊടുന്നനെ ഞാൻ അവളുടെ കൈത്തണ്ടയിൽ പിടിച്ചെഴുന്നേൽപ്പിച്ചു.

“ഒരു തുടക്കത്തിന് അത്തരത്തിലുള്ള ചിന്തകളെ മനസ്സിൽ നിന്നും ആട്ടിപ്പായിച്ചേ മതിയാകൂ  ഞാൻ പറഞ്ഞു.

അടുത്ത നിമിഷം എന്റെ മാറോട് ചേർന്നു കഴിഞ്ഞിരുന്നു അവൾ. എന്റെ കരവലയത്തിലൊതുങ്ങിയ അവളെ ഞാൻ ഗാഢമായി ചുംബിച്ചു. അല്പം നീണ്ട ആ ചുംബനത്തിനൊടുവിൽ ശ്വാ‍സമെടുക്കുവാനായി മുഖം മാറ്റിയ അവൾ വിടർന്ന കണ്ണുകളോടെ പുഞ്ചിരിച്ചു.

“നിങ്ങൾക്കെന്നോട് ഇത്ര അഭിനിവേശമാണോ?” അവൾ ചോദിച്ചു.

“അന്ന് കപ്പലിലെ സലൂണിൽ വച്ച് സുവർണ്ണ നൂലുകളാൽ നെയ്ത ആ വസ്ത്രവുമണിഞ്ഞ് നിന്ന നിങ്ങളെ കണ്ടത് മുതൽ

“എങ്കിൽ അടുത്ത പടിയിലേക്ക് കടക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ വ്യക്തമാകാനുണ്ട്” അവൾ എന്നെ തള്ളി മാറ്റി.  “നിങ്ങൾക്ക് ഞാൻ എന്ന വ്യക്തിയോടാണോ അതോ ആ വസ്ത്രമണിഞ്ഞ എന്റെ ശരീരത്തോടാണോ അഭിനിവേശം? രണ്ടും തമ്മിൽ വളരെ അന്തരമുണ്ട്

“അതിന് ഒരു പത്ത് സെക്കന്റെങ്കിലും ആലോചിക്കേണ്ടി വരുമല്ലോ” ഞാൻ പറഞ്ഞു. എന്നിട്ട് അവളെ കടന്നു പിടിക്കുവാനാ‍യി മുന്നോട്ട് നീങ്ങി. അപ്പോഴാണ് താഴെ കളപ്പുരയുടെ പ്രധാന വാതിൽ കരഞ്ഞതും ആരുടെയോ സംസാരം കേൾക്കാനായതും.

ചുണ്ടിൽ വിരൽ വച്ച് അവളോട് നിശ്ശബ്ദമായിരിക്കാൻ ആംഗ്യം കാണിച്ചിട്ട് ഞാൻ തട്ടിൻപുറത്തിന്റെ വക്കിലേക്ക് പതുക്കെ പതുങ്ങി നീങ്ങി. സാറാ കെൽ‌സോയുടെ അരക്കെട്ടിൽ ഇടത് കൈ കൊണ്ട് വലയം ചെയ്ത് ഡെസ്ഫോർജ് നിൽക്കുന്നുണ്ടായിരുന്നു അവിടെ. അടുത്ത നിമിഷം ഇരുകൈകളാൽ അവളെ എടുത്തുയർത്തിയ അദ്ദേഹം, കളപ്പുരയുടെ മൂലയിൽ വിരിച്ചിരിക്കുന്ന വൈക്കോൽ പരപ്പിനരികിലേക്ക് നടന്നു.

വളരെ ശ്രദ്ധയോടെ പിറകോട്ട് വലിഞ്ഞ് ഞാൻ ഇലാനയുടെ അരികിലെത്തി.

“ഓർമ്മയുണ്ടോ അല്പം മുമ്പ് നിങ്ങൾ പറഞ്ഞത്? മദ്യപാനത്തെയും ലൈംഗികശേഷിയെയും കുറിച്ച്? അതാ താഴെ, ആ വൈക്കോൽ മെത്തയിൽ ജാക്ക് സാറാ കെൽ‌സോയോടൊപ്പം കലാ‍പരിപാടികൾ തുടങ്ങിയിട്ടുണ്ട് മദ്യം അദ്ദേഹത്തിന്റെ ലൈംഗികശേഷിയ്ക്ക് ഒരു കുറവും വരുത്തിയതായി തോന്നുന്നില്ല  അവളുടെ കാതിൽ ഞാൻ മന്ത്രിച്ചു.

ഒരു കൈയാൽ വായ് പൊത്തി ചിരിയടക്കാൻ പാടു പെടുന്ന അവളെയും കൂട്ടി ഞാൻ മറു വശത്തെ തുറന്ന് കിടക്കുന്ന വാതിലിനരികിലേക്ക് നടന്നു.

“പുറത്ത് പോകണമെന്നുണ്ടെങ്കിൽ ഇതാ, ഈ കയറിൽ തൂങ്ങി താഴോട്ടിറങ്ങുകയേ മാർഗ്ഗമുള്ളൂ” ഉത്തരത്തിലെ കൊളുത്തിൽ ഇട്ടിരിക്കുന്ന കയർ ചൂണ്ടിക്കാണിച്ച് ഞാൻ പറഞ്ഞു.

നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി. “ഇല്ലഎനിക്ക് പറഞ്ഞിട്ടുള്ളതല്ല അത് ഒരിക്കലും ഞാനൊരു അത്‌ലറ്റ് ആയിരുന്നില്ല

“അപ്പോൾ ഇനി നമ്മൾ എന്ത് ചെയ്യും?” ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു.

                                  * * * * * * * * * * * * * * * *

ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു. ഡെസ്ഫോർജും സാറാ കെൽ‌സോയും തിരികെ പോകുമ്പോൾ നന്നേ ഇരുട്ട് വീണിരുന്നു. കോണി ഇറങ്ങുവാൻ ഞാൻ ഇലാനയെ സഹായിച്ചു. ഇരുട്ടിലൂടെ നടന്ന് പ്രധാന കവാടത്തിൻ എത്തിയപ്പോൾ മഴ തകർത്ത് പെയ്യുന്നുണ്ടായിരുന്നു. അവളുടെ അരക്കെട്ടിൽ കൈ ചേർത്ത് പിടിച്ച് ഒരു നിമിഷം ഞാൻ നിന്നു.

“റെഡി?” ഞാൻ ചോദിച്ചു.

അവൾ തല കുലുക്കിയതും ഞങ്ങൾ ഒരുമിച്ച് മഴയത്ത് കൂടി ഓടി. പോർച്ചിന്റെ പടികളിലേക്ക് കയറി ഒരു നിമിഷം നിൽക്കവെ അവൾ കുടുകുടെ ചിരിച്ചു.

പെട്ടെന്നാണ് ഇരുട്ടിന്റെ മറവിൽ നിന്നും ഡെസ്ഫോർജിന്റെ സ്വരം പുറത്ത് വന്നത്. “ജോ നീയാണോ അത്? നിന്നെ കണ്ടില്ലല്ലോ എന്ന് വിചാരിക്കുകയായിരുന്നു ഞാൻ

അദ്ദേഹം എന്നോട് ശണ്ഠയ്ക്കൊരുങ്ങുകയാണെന്നാണ് ഒരു നിമിഷം ഞാൻ വിചാരിച്ചത്. എന്നാൽ എന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി അദ്ദേഹം ഇപ്രകാരം പറഞ്ഞു.

“ജോ ഈ സ്ഥലം എനിക്ക് മതിയായി നിന്റെയൊപ്പം നാളെ രാവിലെ ഫ്രെഡറിക്‌സ്ബോർഗിലേക്ക് ഞാനും വരുന്നതിൽ വിരോധമുണ്ടോ?”

“അതിനെന്താ  ദാറ്റ്സ് ഫൈൻ ബൈ മീ

“സീ യൂ അറ്റ് ബ്രേക്ക്ഫാസ്റ്റ് ദെൻ

ഉള്ളിലേക്ക് കയറിപ്പോയ അദ്ദേഹത്തിന് പിന്നിൽ വാതിൽ അടഞ്ഞു. എന്നോടൊട്ടിച്ചേർന്ന് നിൽക്കുന്ന ഇലാനയെ ഞാൻ നോക്കി. “അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? അദ്ദേഹവും അവളുമായി പ്രണയത്തിലാണെന്നാണോ?”

“പ്രണയം ആ വാക്കിന്റെ അർത്ഥം എന്താണെന്ന് അദ്ദേഹത്തിനറിയുമെന്ന് തോന്നുന്നില്ല” അവൾ പറഞ്ഞു.

തൊട്ടരികിൽ ആയിരുന്നതിനാൽ അവളുടെ മുഖം വിവർണ്ണമാകുന്നത് ആ ഇരുട്ടിലും ഞാൻ തിരിച്ചറിഞ്ഞു. എന്നിൽ നിന്നും അടർത്തി മാറ്റി അവളുടെ ചുമലുകളിൽ പിടിച്ച് ആ മുഖത്തേക്ക് ഉറ്റു നോക്കി ഞാൻ ചോദിച്ചു.  “നിനക്കറിയുമോ ഇലാനാ? പ്രണയം എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് നിനക്കറിയുമോ?”

“അവിടെ ആ മച്ചിൻപുറത്ത് വച്ച് നടന്ന സംഭവങ്ങൾ അതെനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു...”  അവൾ പറഞ്ഞു. “നിങ്ങളെയും എനിക്കിഷ്ടമാണ് ഈ രാത്രിയിലേക്ക് അതിന്റെ ഓർമ്മകൾ ധാരാളം  പതുക്കെ പതുക്കെ, ജോ മാർട്ടിൻ പതുക്കെ പതുക്കെ

ശുഭരാത്രി പോലും നേരാതെ, ഒരു ചുംബനം പോലും നൽകാതെ എന്നെ തനിച്ചാക്കി അവൾ നടന്നകന്നു. അവൾ പറഞ്ഞതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട് കോരിച്ചൊരിയുന്ന മഴയുടെ താളത്തിന് ചെവി കൊടുത്തു കൊണ്ട് ഞാൻ ആ ഇരുട്ടിൽ അങ്ങനെ നിന്നു. മഴവെള്ളം കുടിച്ച് ദാഹം മാറിയ ഭൂമിയുടെ ഗന്ധംഎന്റെ ഉള്ളിന്റെയുള്ളിൽ ഇത്രയും കാലം ഘനീഭവിച്ച് കിടന്നിരുന്ന ഏതോ ഒരു വികാരം ഉരുകിയൊലിച്ച് പോകുന്നത് പോലെ വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി മനസ്സ് തുറന്ന് ഒന്നുറക്കെ ചിരിക്കുവാൻ എന്റെ ഹൃദയം തുടിച്ചു.


(തുടരും)

Saturday, 20 June 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 36“ഒരു സവിശേഷ വ്യക്തിത്വം തന്നെ അദ്ദേഹം” ഒലാഫ് റസ്മുസെൻ പോയതും ഇലാന പറഞ്ഞു.

ശരി വയ്ക്കുന്ന മട്ടിൽ തല കുലുക്കിയിട്ട് ഞാനവൾക്ക് ഒരു സിഗരറ്റ് നൽകി. ഒരു നോർവീജിയൻ സ്വെറ്ററും സ്കീ പാന്റ്‌സുമാണ് അവളുടെ അപ്പോഴത്തെ വേഷം. എന്തിനും പോന്ന മട്ടിൽ നിൽക്കുന്ന അവളുടെ ആ രൂപം തികച്ചും ആകർഷകമായിരുന്നുവെന്നത് സമ്മതിച്ചേ തീരൂ അറിയാതെ തന്നെ എന്റെയുള്ളിൽ അവളോട് ഒരു അഭിനിവേശം ഉണരുന്നത് പോലെ തോന്നി.

എന്റെ മാനസികാവസ്ഥ മുഖത്ത് നിന്നും അവൾ വായിച്ചെടുത്തുവോ എന്നറിയില്ല പതുക്കെ തിരിഞ്ഞ് അവൾ ഹാളിന്റെ മറുഭാഗത്തേക്ക് നടന്നു. പിന്നെ, മുകളിൽ ഓക്ക് തടി കൊണ്ടുള്ള ബീമിലേക്കും ചുവരിൽ പരസ്പരം ചാരി വച്ചിരിക്കുന്ന രണ്ട് ശൂലങ്ങളിലേക്കും തേച്ചു മിനുക്കിയ പരിചകളിലേക്കും മാറി മാറി നോക്കി.

“ഇതെല്ലാം യഥാർത്ഥം തന്നെയാണോ?” അവൾ ആരാഞ്ഞു.

അതെയെന്ന മട്ടിൽ ഞാൻ തല കുലുക്കി. “ഈ ഹാൾ പുതുക്കി പണിതതാണെങ്കിലും പുരാതന വൈക്കിങ്ങ് കുടിയേറ്റക്കാരുടെ നിർമ്മിതിയാണ്. ആയിരത്തോളം വർഷമെങ്കിലും പഴക്കമുണ്ടാകും

“റസ്മുസെൻ ഇതെല്ലാം നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയാതിരിക്കാൻ കഴിയില്ല

“തീർച്ചയായും” ഞാൻ പറഞ്ഞു.

ഘനീഭവിച്ച മൌനം വീണ്ടും. അതിൽ അവൾ അല്പം അസ്വസ്ഥതയാകുന്നത് പോലെ തോന്നി.

“ആ വിമാനം ഞങ്ങൾ കണ്ടെത്തി മിസ്റ്റർ കെൽ‌സോയെയും” ഞാൻ പറഞ്ഞു. “തിരിച്ചറിയൽ പ്രക്രിയ വളരെ എളുപ്പമായിരുന്നു

“അറിഞ്ഞു മിസ്സിസ് കെൽ‌സോ എന്നോട് പറഞ്ഞു ഞങ്ങൾ ഒരേ റൂമിലാണ് തങ്ങുന്നത് ആട്ടെ, വേറെന്തെങ്കിലും പ്രത്യേകിച്ച് ഉണ്ടായോ?”

“ഫോഗെലും സ്ട്രാട്ടണും വളരെ നിരാശരായിട്ടാണ് കാണപ്പെട്ടത് പിന്നെ, സംഭവസ്ഥലത്ത് നിന്നും അധികം അകലെയല്ലാതെ ചില അടയാളങ്ങൾ ഞാൻ ശ്രദ്ധിച്ചു ആരോ ഒരു സ്കീ പ്ലെയ്‌നുമായി ഈയിടെ ലാന്റ് ചെയ്തതിന്റെ

 “ആർണി?”  അവളുടെ മുഖത്ത് ആശ്ചര്യം വിടർന്നത് പെട്ടെന്നായിരുന്നു.

ഗ്രീൻ‌ലാന്റിന്റെ ഈ ഭാഗത്ത് മറ്റാർക്കെങ്കിലും സ്കീ പ്ലെയ്‌ൻ ഉള്ളതായി എനിക്കറിവില്ല

“അപ്പോൾ ആർണി എനിക്ക് നൽകിയ മരതകം തകർന്ന ആ വിമാനത്തിൽ നിന്നും ലഭിച്ചതാണെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്?”

“എന്നാണ് എന്റെ ഊഹം അവിടെ നിന്നും ലഭിച്ച മറ്റു പലതിനോടും ഒപ്പം

“പക്ഷേ, ആ വസ്തുക്കൾ അവിടെയുണ്ടായിരിക്കുമെന്ന് അവൻ എങ്ങനെ അറിഞ്ഞു?” ഇലാന ചോദിച്ചു.

ഇതേ ചോദ്യം കുറേ നേരമായി എന്റെ മനസ്സിലും പുകയുന്നുണ്ടായിരുന്നു എന്നതാണ് വാസ്തവം. ഗഹനമായ അപഗ്രഥനത്തിനൊടുവിൽ ഞാനെത്തിച്ചേർന്നത് തികച്ചും ന്യായമായ ഈ നിഗമനത്തിലായിരുന്നു.  “സാറാ കെൽ‌സോ ഫ്രെഡറിക്‌സ്ബോർഗിൽ എത്തിയ ആ രാത്രി തന്നെ അവൾ ആർണിയെ കാണുവാൻ പോയിരുന്നു പാതിരാത്രിയോടടുത്ത ആ സമയത്ത് അത്രയും അത്യാ‍വശ്യമായി എന്തിനായിരുന്നു ആ സന്ദർശനമെന്ന് അന്ന് ഞാൻ അത്ഭുതം കൂറിയിരുന്നു

“ഫോഗെലിനെ അറിയിക്കാതെയായിരുന്നുവോ അത്?”

“അതെ ഇപ്പോൾ ഓർത്ത് നോക്കുമ്പോൾ എന്തൊക്കെയോ നിഗൂഢതകൾ അതിന് പിന്നിൽ ദർശിക്കുവാൻ കഴിയുന്നില്ലേ?”

“എന്നിട്ട് ഇക്കാര്യത്തിൽ എന്ത് ചെയ്യുവാനാണ് നിങ്ങൾ ഇപ്പോൾ ഉദ്ദേശിക്കുന്നത്?” അവൾ ആരാഞ്ഞു.

ഞാൻ ചുമൽ വെട്ടിച്ചു.  “ഇക്കാര്യത്തിൽ ഞാനെന്തിന് വെറുതെ തല പുണ്ണാക്കണം? കണ്ടിട്ട് വളരെ സങ്കീർണ്ണമാണെന്ന് തോന്നുന്നു കാര്യങ്ങൾ ഒരു സാധാരണ വൈമാനികനായ എന്റെ തലച്ചോറിന് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറം

അവൾ അടക്കി ചിരിച്ചു. “ഓ എന്തൊരു നുണയനാണ് നിങ്ങൾപെരുനുണയൻ…! നിങ്ങളെ അങ്ങനെയങ്ങ് വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല തീർച്ചയായും എന്തെങ്കിലും ഞാൻ ചെയ്യും

“ആരായിട്ട്? ഇലാനാ എയ്ട്ടൺ എന്ന നിലയിലോ അതോ മിറാ ഗ്രോസ്മാൻ എന്ന നിലയിലോ?” എന്റെ വായിൽ നിന്നും ആ ചോദ്യം ഉതിർന്ന അതേ നിമിഷം തന്നെ ഞാൻ അതിൽ ഖേദിക്കുകയും ചെയ്തു.

അവളുടെ മുഖത്തെ മന്ദഹാസം പതുക്കെ വേദനയിലേക്ക് വഴി മാറുന്നത് ഞാൻ ശ്രദ്ധിച്ചു. “ഇനിയും നിങ്ങൾ അക്കാര്യം മറന്നിട്ടില്ല അല്ലേ?”

എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയ നിമിഷങ്ങൾ അവളെ തുറിച്ച് നോക്കി വിഷണ്ണനായി ഞാൻ നിന്നു. അവളെ സമാശ്വസിപ്പിക്കുവാൻ വാക്കുകൾ തിരയുമ്പോഴേക്കും വൈകിപ്പോയിരുന്നു. ഫോഗെലും സ്ട്രാട്ടണും കൂടി സാറാ കെൽ‌സോയോടൊപ്പം സ്റ്റെയർ കെയ്സ് ഇറങ്ങി വരുന്നുണ്ടായിരുന്നു. അതേ നിമിഷത്തിൽ തന്നെയാണ് കിച്ചണിൽ നിന്നും റസ്മുസെനും തിരികെയെത്തിയത്.  എല്ലാവരുടെയും സംഭാഷണ കോലാഹലങ്ങൾക്കിടയിൽ ഞാൻ തേടിക്കൊണ്ടിരുന്ന വാക്കുകൾ സുഷുപ്തിയിലാണ്ടു.

 വളരെ ലളിതമായിരുന്നു അത്താഴമെങ്കിലും തികച്ചും തൃപ്തിയേകുന്നതായിരുന്നു അത്. ലെന്റിൽ സൂപ്പും പിന്നെ മത്സ്യവും ആട്ടിറച്ചിയും കൊണ്ടുള്ള വിഭവങ്ങളും അത്യന്തം രുചികരമായിരുന്നു. ഭക്ഷണശേഷം കൊണ്ടു വന്ന കോഫിയും ബ്രാണ്ടിയും നുണഞ്ഞു കൊണ്ട് നെരിപ്പോടിലെ തീ കാഞ്ഞ് ഇരിക്കവെ ഗ്രീൻലാന്റിലെ മുൻ‌കാല കുടിയേറ്റക്കാരെക്കുറിച്ചായി അവരുടെ ചർച്ച.

നെരിപ്പോടിന് സമീപം ഞങ്ങൾക്ക് അഭിമുഖമായി ഇരുന്നു കൊണ്ട് കൈയിൽ മദ്യ ചഷകവുമായി റസ്മുസെൻ തന്റെ ചരിത്ര ജ്ഞാനത്തിന്റെ കെട്ടഴിച്ചു. പത്താം നൂറ്റാണ്ടിൽ എറിക് ദി റെഡ് എന്ന നാവികൻ ഗ്രീൻലാന്റ് കണ്ടു പിടിച്ചതും തുടർന്ന് ആയിരക്കണക്കിന് ഐസ്‌ലാന്റുകാരും സ്കാൻഡിനേവിയൻസും കുടിയേറ്റം ആരംഭിച്ചതിന്റെയും കഥകൾ. പക്ഷേ, ക്രമേണ മോശമാകുവാൻ തുടങ്ങിയ കാലാവസ്ഥയെത്തുടർന്ന് ഗ്രീൻലാന്റിലെ തുടർന്നുള്ള ജീവിതം അസാദ്ധ്യമാകുകയും 1410 ൽ അവസാന ഔദ്യോഗിക പായ്ക്കപ്പൽ ദ്വീപിനോട് വിട ചൊല്ലിയതിനെയും കുറിച്ചുള്ള കഥകൾ.

“പിന്നീടെന്ത് സംഭവിച്ചു…? തിരികെ പോകാതെ ഇവിടെത്തന്നെ തങ്ങിയവർക്ക് എന്ത് സംഭവിച്ചു?” സാറാ കെൽ‌സോ ചോദിച്ചു.

റസ്മുസെൻ ചുമൽ വെട്ടിച്ചു. “സത്യം പറഞ്ഞാൽ ആർക്കും അറിയില്ല പിന്നീടുള്ള നൂറോ അതിലധികമോ വർഷങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല പതിനെട്ടാം നൂറ്റാണ്ടിൽ എത്തിയ മിഷണറിമാർ ഇവിടെ കണ്ടത് എസ്കിമോകളെ മാത്രമായിരുന്നു

“അവിശ്വസനീയം

“പക്ഷേ, ലഭ്യമായ വിവരങ്ങൾ പറയുന്നത് അതാണ്” റസ്മുസെൻ പറഞ്ഞു.

ചെറിയൊരു മൌനത്തിന് ശേഷം സ്ട്രാട്ടൺ ചോദിച്ചു. “നോർസ് സംഘമാണ് യഥാർത്ഥത്തിൽ അമേരിക്ക കണ്ടുപിടിച്ചതെന്ന വാദം താങ്കൾ അംഗീകരിക്കുന്നുണ്ടോ? അതോ വെറും കെട്ടുകഥകളാണോ അതെല്ലാം?”

ആ ഒരൊറ്റ ചോദ്യം മതിയായിരുന്നു റസ്മൂസെന് മണിക്കൂറുകളോളം സംസാരിക്കുവാൻ. “എന്താണിത്ര സംശയം? നോർസ് സംഘത്തിന്റെ കടൽ യാത്രകൾ പലതും പ്രസിദ്ധമാണ് ഇവിടെ സാൻഡ്‌വിഗിലെ ഈ ക്രീക്കിൽ നിന്നുമാണ് നാവികർ യാത്ര പുറപ്പെട്ടിരുന്നത് എറിക്ക് ദി റെഡ്ഡിന്റെ മകൻ ലെ‌യ്ഫ് ദി ലക്കി ആയിരുന്നു അവരിൽ പ്രഥമൻ  അദ്ദേഹത്തിന്റെ ചുണ്ടിൽ നിന്നും അനർഗ്ഗളം പ്രവഹിച്ചുകൊണ്ടിരുന്ന വിവിധ നാമങ്ങൾ ആ ഹാളിൽ പ്രതിധ്വനിച്ചു. അത് കേട്ടുകൊണ്ടിരുന്ന ആരും തന്നെ ഒന്നും ഉരിയാടിയില്ല. “വിൻ‌ലാന്റ് കണ്ടുപിടിച്ചത് ലെയ്ഫ് ആണ് വിൻലാന്റ് ദി ഗുഡ് ഇപ്പോഴത്തെ മസാച്ചുസെറ്റ്സിലെ കേപ്പ് കോഡിന് സമീപമുള്ള പ്രദേശമായിരിക്കണം അതെന്നാണ് കരുതപ്പെടുന്നത്

“അതൊരു ഊഹം മാത്രമല്ലേ?” ഫോഗെൽ ചോദിച്ചു. “അമേരിക്കയിലും കാനഡയിലുമായി ഈ സംഘത്തിന്റേതെന്ന് കരുതപ്പെടുന്ന ശേഷിപ്പുകളിൽ പലതും ഇനിയും അംഗീകരിച്ചു കൊടുക്കുവാൻ ലോകം തയ്യാറായിട്ടില്ലെന്നതല്ലേ വാസ്തവം?”

“എന്നു വച്ച് അവർ അവിടെ എത്തിയിട്ടില്ല എന്ന് പറയുന്നതിൽ എന്തർത്ഥം?” റസ്മുസെൻ ചോദിച്ചു. “ലെയ്ഫിന്റെ സഹോദരൻ തോർവാൾഡ് എറിക്‌‌സൺ കൊല്ലപ്പെട്ടത് തദ്ദേശീയരായ റെഡ് ഇന്ത്യൻസുമായുള്ള ഏറ്റുമുട്ടലിലായിരുന്നു കക്ഷത്തിൽ അമ്പ് തറച്ച് വായിച്ചിട്ടില്ലേ ആ കഥകളൊന്നും? ഡാനിഷ് ആർക്കിയോളജിസ്റ്റായ ആഗെ റൂസൽ ഇവിടുത്തെ തീരദേശത്ത് തോർവാൾഡിന്റെ സഹോദരന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു ഫാമിൽ ഖനനം നടത്തിയിരുന്നുഅദ്ദേഹം കണ്ടെടുത്ത മറ്റ് പല വസ്തുക്കളുടെയും കൂട്ടത്തിൽ ഒരു റെഡ് ഇന്ത്യൻ അമ്പും ഉണ്ടായിരുന്നു  അത് അമേരിക്കയിൽ നിന്നും എത്തിയതാണെന്നതിൽ യാതൊരു സംശയവുമില്ല മാത്രമല്ല റോഡ് ഐലന്റിൽ മാത്രം കാണപ്പെടുന്ന തരത്തിലുള്ള ഒരു കൂന കൽക്കരിയും കണ്ടെത്തുകയുണ്ടായി നിങ്ങൾക്കറിയാമല്ലോ, ഇവിടെ ഗ്രീൻലാന്റിൽ കൽക്കരി എന്ന വസ്തു ഇല്ലെന്നത്

“ഇത്തരം കാര്യങ്ങളിൽ താങ്കൾ വിശദമായ അന്വേഷണം തന്നെ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ജോ എന്നോട് പറഞ്ഞിരുന്നു പ്രത്യേകിച്ചെന്തെങ്കിലും കണ്ടെത്തുവാൻ സാധിച്ചുവോ താങ്കൾക്ക്?” ഡെസ്ഫോർജ് ചോദിച്ചു.

“തീർച്ചയായും വളരെയധികം കഥകൾ കേട്ടിട്ടില്ലേ? ഇവിടെ നിന്നും പുറപ്പെട്ട തോർഫിൻ കാൾസെനും അദ്ദേഹത്തിന്റെ പത്നി ഗൂഡ്രിഡും അമേരിക്കയിലെ സ്ട്രോംസീ എന്ന ദ്വീപിൽ ചെന്നിറങ്ങിയ കാര്യം…?  ഇന്നത്തെ മൻഹാട്ടൻ ദ്വീപായിരുന്നു അതെന്നത് സംശയമില്ലാത്ത വസ്തുതയാണ് അവർക്ക് ഒരു മകൻ ജനിച്ചു സ്നോർ അമേരിക്കയിൽ ജനിച്ച ആദ്യ വെളുത്ത നിറക്കാരൻ...”

“താങ്കളത് വിശ്വസിക്കുകയും ചെയ്യുന്നു?” ഫോഗെൽ ചോദിച്ചു.

“തീർച്ചയായും പിന്നീടെപ്പോഴോ അദ്ദേഹം ഇവിടെ സാൻഡ്‌വിഗ്ഗിൽ എത്തി സ്ഥിര താമസമാക്കി അദ്ദേഹത്തിന്റെ പുരയിടത്തിലാണ് നാം ഇപ്പോൾ ഇരിക്കുന്ന ഈ ഹാൾ നിർമ്മിച്ചിരിക്കുന്നത് ഈ തോട്ടത്തിൽ വർഷങ്ങളായി ഞാൻ ഖനനവും ഗവേഷണവുമായി കഴിച്ചു കൂട്ടുകയാണ്

അദ്ദേഹത്തിന്റെ വാക്കുകളിലെ ആവേശം എല്ലാവരിലേക്കും ബാധിച്ചു കഴിഞ്ഞിരുന്നു. “താങ്കൾ കണ്ടെടുത്ത എന്തെങ്കിലും വസ്തുക്കൾ ഉണ്ടോ ഞങ്ങൾക്കൊന്ന് കാണുവാൻ?” ഫോഗെൽ ചോദിച്ചു.

“തീർച്ചയായും” റസ്മുസെൻ തന്റെ കണ്ണട ഊരി മേശപ്പുറത്ത് വച്ചിട്ട് എഴുന്നേറ്റ് ഹാളിന്റെ മറുഭാഗത്തേക്ക് നടന്നു. അവർ അദ്ദേഹത്തെ അനുഗമിച്ചു.

അത് കാണണമെന്ന് താല്പര്യമില്ലാഞ്ഞിട്ടല്ല ഞാൻ അവർക്കൊപ്പം പോകാതിരുന്നത്. വളരെ ചിട്ടയോടെ ഭംഗിയായി പ്രദർശനത്തിന് വച്ചിരിക്കുന്ന ആ വസ്തുക്കൾ ഇതിനു മുമ്പ് പല തവണ ഞാൻ കണ്ടിട്ടുള്ളതാണ്. അല്പം ശുദ്ധവായു ശ്വസിക്കണമെന്ന ഒരു തോന്നൽഇരുട്ടിലേക്ക് വലിഞ്ഞ് പതുക്കെ വാതിൽ തുറന്ന് ഞാൻ മുറ്റത്തേക്കിറങ്ങി.

രാത്രി പതിനൊന്ന് മണിയോടടുത്തിരിക്കുന്നു. വർഷത്തിലെ ഈ സീസണിൽ പാതിരാത്രിയെങ്കിലും ആകണം ഇരുട്ട് വീഴുവാൻ മൂടൽ മഞ്ഞിന്റെ അകമ്പടിയോടെ പെയ്യുന്ന മഴനൂലുകളിൽ അസ്തമയ സൂര്യന്റെ തിളക്കം. യോർക്ക്ഷയറിലെ പ്രഭാതമാണ് എനിക്കപ്പോൾ ഓർമ്മ വന്നത്.

മഴ ശക്തിയാർജ്ജിച്ചിരിക്കുന്നു. മുറ്റത്തെ ചരൽക്കല്ലുകളിൽ പതിച്ച് മുകളിലേക്ക് തെറിക്കുന്ന മഴത്തുള്ളികൾ. മഴയിൽ നിന്നും രക്ഷ തേടി മറുഭാഗത്തുള്ള കളപ്പുരയിലേക്ക് ഞാൻ ഓടി.  പുത്തൻ വൈക്കോലിന്റെ മയക്കുന്ന ഗന്ധം പ്രസരിക്കുന്ന ആ കളപ്പുര സാമാന്യം വിസ്താരമുള്ളതായിരുന്നു. മുകളിലെ തട്ടിലേക്ക് കയറുവാനായി ഒരു കോണി ഘടിപ്പിച്ചിരിക്കുന്നു.

മുകളിലെ തട്ടിൽ ഒട്ടു മിക്കയിടത്തും വൈക്കോൽ നിരത്തിയിട്ടുണ്ട്. മറുഭാഗത്തെ ചുവരിലുള്ള കതക് കാറ്റത്ത് മുന്നോട്ടും പിന്നോട്ടും ആടിക്കൊണ്ടിരിക്കുന്നു. അതിലൂടെ ഉള്ളിലേക്കരിച്ചെത്തുന്ന ജലകണങ്ങൾ. ആ വാതിൽ തുറക്കുന്നത് ഏതാണ്ട് മുപ്പതടി കുത്തനെയുള്ള താഴ്ച്ചയിലേക്കാണ്. വാതിലിന് തൊട്ടു മുകളിൽ ഉത്തരത്തിലെ കൊളുത്തിൽ ഘടിപ്പിച്ചിരിക്കുന്ന വലിയൊരു കപ്പിയും കയറും. ഒരു നിമിഷം ഞാനെന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചുപോയി. താഴെ മഴവെള്ളമൊഴുകുന്ന മുറ്റത്തേക്ക് ആ കയറിൽ പിടിച്ച് തൂങ്ങി ഊർന്നിറങ്ങുവാൻ എന്റെ ഹൃദയം വെമ്പി. പെയ്തിറങ്ങുന്ന മഴയെ നോക്കി അനിർവ്വചനീയമായ ഗൃഹാതുരത്വത്തോടെ ഞാനങ്ങനെ നിന്നു.

താഴെ പ്രധാന വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ വർത്തമാന കാലത്തിലേക്ക് തിരികെയെത്തി. അടുത്ത നിമിഷം ഇലാനയുടെ പതിഞ്ഞ സ്വരം കേൾക്കാറായി.

“ജോ?”


(തുടരും)