Friday 8 January 2016

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 56



“ഒരു കാര്യം കൂടി നോ മോർ ട്രബ്ൾസ്” ഡ ഗാമയുടെ നേർക്ക് ഒന്ന് നോക്കിയിട്ട് അദ്ദേഹം പറഞ്ഞു. “എന്റെ സുഹൃത്തുക്കളെ ഇനിയും ഇയാൾ ഉപദ്രവിക്കാൻ പാടില്ലഅയാളോട് പോയി ആ ലാന്റ് റോവർ എടുത്തു കൊണ്ടു വരുവാൻ പറയൂ

“നിങ്ങളുടെ ഇഷ്ടം പോലെ, മിസ്റ്റർ ഡെസ്ഫോർജ്

ഇലാന ദ്വേഷ്യത്തോടെ വെട്ടിത്തിരിഞ്ഞ് അതിവേഗം കെട്ടിടത്തിന് നേർക്ക് നടന്നു. അവളെ അനുനയിപ്പിക്കാനായി ഡെസ്ഫോർജിന് പിന്നാലെ ഓടേണ്ടി വന്നു. വാതിൽക്കൽ വച്ച് അദ്ദേഹം അവളെ കയറിപ്പിടിച്ചു. കുതറി മാറുവാൻ ശ്രമിച്ചുവെങ്കിലും ബലിഷ്ഠമായ ആ കരങ്ങളിൽ നിന്നും രക്ഷപെടുവാൻ അവൾക്കായില്ല. പ്രതിരോധിക്കാനാകാതെ തളർന്ന അവളെ പിന്നിലേക്ക് തള്ളിക്കൊണ്ട് ചെന്ന് ചുമരിൽ ചാരി നിർത്തി അദ്ദേഹം. ഞങ്ങൾക്ക് പുറം തിരിഞ്ഞ് നിന്നിരുന്ന അദ്ദേഹത്തിന്റെ ശരീരം അവളെ പൂർണ്ണമായും ഞങ്ങളുടെ ദൃഷ്ടി പഥത്തിൽ നിന്നും മറച്ചു. എന്താണദ്ദേഹം അവളോട് അപ്പോൾ സംസാരിച്ചതെന്ന് കേൾക്കുവാൻ ഞങ്ങൾക്കാകുമായിരുന്നില്ല. എന്നാൽ ഡ ഗാമ ലാന്റ് റോവറുമായി അങ്കണത്തിലേക്കെത്തിയതും അദ്ദേഹം അവളെ വിട്ട് ഞങ്ങളുടെ നേർക്ക് പതുക്കെ നടന്നു വന്നു. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത് വിതുമ്പലടക്കാൻ കഠിന പ്രയത്നം ചെയ്യുന്ന ഇലാനയെ...

ഡെസ്ഫോർജ് അടുത്തെത്തിയതും ഞാൻ അദ്ദേഹത്തിന്റെ അരികിലേക്ക് നീങ്ങി. “നിങ്ങളെന്ത് വിഡ്ഢിത്തമാണീ കാണിക്കുന്നത്? നിങ്ങളോടൊപ്പം രക്ഷപെടാൻ തുനിയുന്ന ഈ മനുഷ്യൻ നിങ്ങളുടെ തലയോട്ടി നിറയൊഴിച്ച് തകർക്കില്ല എന്ന് കരുതിയാൽ തന്നെ ഒരു ചോദ്യം ജാക്ക് ഡെസ്ഫോർജ് എന്ന പ്രശസ്ത നടൻ ഈ ലോകത്തിന്റെ ഏത് കോണിൽ ചെന്നാണ് ആരാലും തിരിച്ചറിയാതെ ജീവിക്കാൻ പോകുന്നത്?”

അദ്ദേഹം ചിരിച്ചു. “നീ പറയുന്നതിൽ കാര്യമില്ലാതെയില്ല മകനേ പക്ഷേ അങ്ങനെയൊരിടം എവിടെയെങ്കിലും കാണാതിരിക്കില്ല അതെക്കുറിച്ചാലോചിക്കേണ്ടിരിയിരിക്കുന്നു എനിക്ക്

ഫോഗെൽ ലാന്റ് റോവറിലേക്ക് കയറാനൊരുങ്ങവേ സാറാ കെൽ‌സോ എന്തോ അയാളോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ദ്വേഷ്യത്തോടെ അയാൾ അവളെ പിടിച്ച് ദൂരേക്ക് തള്ളി. “നിനക്കുള്ള മെത്ത നീ തന്നെ വിരിച്ചു ഇനി അതിൽ തന്നെ കിടന്നു കൊള്ളുക

നിരാശ നിറഞ്ഞ മുഖവുമായി അവൾ ഡെസ്ഫോർജിന്‌ നേരെ തിരിഞ്ഞു. “ജാക്ക് ദൈവത്തെയോർത്ത്.. എന്നോട് അല്പം ഇഷ്ടമെങ്കിലും അവശേഷിക്കുന്നുവെങ്കിൽ പ്ലീസ് എന്നെയും കൂടി കൊണ്ടു പോകൂ എന്നെ കൊണ്ടുപോകാൻ പറ്റില്ല എന്നാണ് ഫോഗെൽ പറയുന്നത്

അവിശ്വസനീയ ഭാവത്തിൽ ഡെസ്ഫോർജ് പൊട്ടിച്ചിരിച്ചു. “കാര്യം നേടുവാനുള്ള കഴിവിൽ നിന്നെ കഴിഞ്ഞേ മറ്റാരുമുള്ളൂ പറയാതിരിക്കാൻ കഴിയില്ല ശരി കയറിയിരുന്നോളൂ നാം ഇരുവരും അർഹിക്കുന്നത് നമുക്ക് ലഭിച്ചിരിക്കും അത്രയേ എനിക്ക് പറയാനുള്ളൂ

ഡെസ്ഫോർജ് എന്റെ നേർക്ക് തിരിഞ്ഞു. മ്ലാനഭാവത്തിൽ അദ്ദേഹം ചെറുതായി പുഞ്ചിരിച്ചു. “ഒന്നോർത്താൽ എല്ലാം വിചിത്രം എപ്പോഴെങ്കിലും നീ ആലോചിച്ചു നോക്കിയിട്ടുണ്ടോ ഇനിയുമൊരു ജന്മം ലഭിക്കുമെങ്കിൽ  ഈ ജന്മത്തിലെ പാഠങ്ങൾ ഉൾക്കൊണ്ട് എന്തെല്ലാം തിരുത്തുകൾ വരുത്തുവാൻ നാം ശ്രമിക്കുമെന്ന്?”

“പല തവണ  ഞാൻ പറഞ്ഞു.

“ഞാനും” അദ്ദേഹം തല കുലുക്കി.  “അങ്ങനെയൊരവസരം ലഭിച്ചാൽ ഒരേയൊരു തിരുത്ത് മാത്രമേ ഞാൻ നടത്തൂ നിനക്ക് ഓർമ്മയുണ്ടോ ഒരിക്കൽ ഞാൻ പറഞ്ഞത്? സാന്റാ ബാർബറയിലെ കടൽഭിത്തിയ്ക്ക് സമീപം മഞ്ഞ് മൂടിയ അന്തരീക്ഷത്തിൽ ആദ്യമായി ലിലിയാൻ കോർട്‌നിയെ ഞാൻ കണ്ടു മുട്ടിയ ആ നിമിഷത്തെക്കുറിച്ച്?  ഐ ഷുഡ് ഹാവ് ടേൺ‌ഡ് ആന്റ് റൺ ലൈക്ക് ഹെൽ

തികച്ചും ചിന്തനീയമായ വിഷയം പക്ഷേ, ആ ചിന്തയെ മുന്നോട്ട് നയിക്കുവാനുള്ള സമയം ഉണ്ടായിരുന്നില്ല അപ്പോൾ. ഡ ഗാമയുടെ അരികിലെ പാസഞ്ചർ സീറ്റിൽ അദ്ദേഹം കയറിയിരുന്നു. പിന്നെ തിരിഞ്ഞ് എന്നെ ഒന്ന് നോക്കി. ഒരു നീണ്ട മാത്ര അവസാനത്തെ നോട്ടം എന്ന പോലെ ആ നോട്ടത്തിൽ എന്തെല്ലാമോ അടങ്ങിയിരുന്നു. ഒളിപ്പിച്ചു വച്ച എന്തോ ഒരു സന്ദേശം ആ സമയത്ത് എനിക്ക് മനസ്സിലാക്കുവാൻ കഴിയാതിരുന്ന സന്ദേശം അദ്ദേഹത്തിന്റെ മുഖത്ത് ആ പ്രസിദ്ധമായ മന്ദഹാസം വിരിഞ്ഞു. എല്ലാത്തിനെയും പുച്ഛത്തോടെ നോക്കിക്കൊണ്ടുള്ള ആ മന്ദഹാസം  ലക്ഷക്കണക്കിന് കാണികളെ വർഷങ്ങളോളം ആവേശം കൊള്ളിച്ച അതേ മാന്ത്രിക മന്ദഹാസം അത് എന്റെ ഉള്ളിൽ ആഴങ്ങളിലെവിടെയോ സ്പർശിച്ചത് പോലെ തോന്നി.

അപ്പോഴേക്കും അദ്ദേഹം പോയിക്കഴിഞ്ഞിരുന്നു. ശക്തി പ്രാപിച്ചു തുടങ്ങിയ മഴയിലേക്ക് ഇരമ്പലോടെ ആ ലാന്റ് റോവർ അപ്രത്യക്ഷമായി. തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് വാതിലിനരികിൽ മുട്ടുകുത്തി പിറകിലെ ചുമരിലേക്ക് ചാരിയിരുന്ന് കരയുന്ന ഇലാനയെയാണ്.

അടുത്ത് ചെന്ന് ഞാനവളെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു. അവളുടെ ഷീപ്പ് സ്കിൻ കോട്ടിന്റെ ബട്ടണുകൾ അഴിഞ്ഞു കിടക്കുകയായിരുന്നു. അവളെ പിടിച്ചെഴുന്നേൽപ്പിച്ചതും അത് തുറന്ന് ആ ക്യാൻ‌വാസ് മണി ബെൽറ്റ് നിലത്തു വീണു.

അവിശ്വസനീയതയോടെ അതിനെത്തന്നെ തുറിച്ച് നോക്കി ഞാൻ ഒരു നിമിഷം നിന്നു. പിന്നെ പതുക്കെ കുനിഞ്ഞ് ഇടത് കൈ കൊണ്ട് ഞാനത് എടുത്തു.

“എന്താണിത്?” ആയാസപ്പെട്ട് ഞാൻ ചോദിച്ചു.

“മരതകക്കല്ലുകൾ” അവൾ പറഞ്ഞു. “എന്താ, മനസ്സിലായില്ലേ? യാത്ര പറയുന്നതിനിടയിൽ അദ്ദേഹം ഇത് എന്റെ കോട്ടിനുള്ളിൽ നിക്ഷേപിക്കുകയായിരുന്നു…!

വിചാരിച്ചതിലും അധികം രക്തം വാർന്നു പോയതു കൊണ്ടോ അതോ ഇനി പെട്ടെന്നുണ്ടായ ഷോക്ക് കൊണ്ടാണോ എന്നൊന്നും അറിയില്ല കാഴ്ച്ച മങ്ങുന്നത് പോലെ ഒന്നിനും ഒരു പരസ്പര ബന്ധമില്ലാത്തത് പോലെ

കാഴ്ച്ച വീണ്ടെടുക്കുവാനായി ഞാൻ തലയൊന്ന് വെട്ടിച്ചു കുടഞ്ഞു. പിന്നെ എന്നോട് തന്നെ ആരാഞ്ഞു. “ബട്ട്, വൈ ഷുഡ് ഹീ ഡൂ ദാറ്റ്? പെട്ടെന്ന് ഇങ്ങനെ തോന്നാനുള്ള ചേതോവികാരം എന്തായിരിക്കാം…?”

പെട്ടെന്ന് ഒരു ഇടിത്തീ എന്ന പോലെ എന്റെ തലയ്ക്കുള്ളിൽ അത് ക്ലിക്ക് ചെയ്തു. ആ മഴയത്തേക്ക് ലാന്റ് റോവർ ഓടി മറയുന്നതിന് തൊട്ടു മുമ്പ്, വാചാലമായ ആ കണ്ണുകളിലൂടെ അദ്ദേഹം എന്നോട് പറയാതെ പറയാൻ ശ്രമിച്ചതെന്തായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാകുന്നു മുഖമുയർത്തി നോക്കിയപ്പോൾ ഞാൻ കണ്ടത് എന്നെത്തന്നെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ഇലാനയെയാണ് ഡെസ്ഫോർജിന്റെ പ്രവൃത്തിയുടെ പിന്നിലെ ചേതോവികാരം എന്തായിരുന്നുവെന്ന് അവൾക്കും പെട്ടെന്ന് പിടികിട്ടിയത് പോലെ

ഒന്നുമുരിയാടാനാവാതെ അവൾ തലയാട്ടി. ആ ബെൽറ്റ് ഫ്ലയിങ്ങ് ജാക്കറ്റിനുള്ളിലേക്ക് തിരുകിയിട്ട് ഞാൻ അവളുടെ കൈകളിൽ പിടിച്ച് കുലുക്കി.  “ആ ജീപ്പ് എവിടെ അത്?”

“ധാന്യപ്പുരയുടെ പിറകിലെവിടെയോ ഉണ്ട്

തിരിഞ്ഞ് അവിടം ലക്ഷ്യമാക്കി ഞാൻ ഓടി. കോരിച്ചൊരിയുന്ന മഴയിലും അവളുടെ രോദനം എനിക്ക് കേൾക്കാമായിരുന്നു. “എന്നെ ഒറ്റയ്ക്ക് വിട്ട് പോകല്ലേ ജോ…!  ഒറ്റയ്ക്ക് വിട്ട് പോകരുതേ…!” അവളുടെ സ്വരം പരിഭ്രാന്തിയുടെ മൂർദ്ധന്യത്തിലായിരുന്നു.

അവൾ പറഞ്ഞത് പോലെ ആ ജീപ്പ് അവിടെത്തന്നെയുണ്ടായിരുന്നു. പക്ഷേ, ഒരേയൊരു വ്യത്യാസം മാത്രം. ഇന്ധന ടാങ്കിൽ വെടിയേറ്റ് തുളഞ്ഞിരുന്നതിനാൽ നിലത്തൊഴുകിയ പെട്രോളിന്റെ നടുവിലായിരുന്നു അത് കിടന്നിരുന്നത്.  അവളുടെ നിലവിളിയെ അവഗണിച്ച് ഞാൻ മതിൽ ചാടിക്കടന്ന് പുൽ‌മൈതാനത്തിലൂടെ താഴേക്ക് ഓടി.

ഓട്ടം തുടങ്ങുമ്പോൾ തന്നെ എനിക്കറിയാമായിരുന്നു അവർക്കൊപ്പം ഓടിയെത്താനാവില്ലെന്ന്. പക്ഷേ, ഈ ലോകത്ത് ഒന്നിനും തന്നെ എന്നെ തടയുവാനാകുമായിരുന്നില്ല. സമതലത്തിന്റെ അറ്റത്തുള്ള മുൾ‌വേലിയും ചാടിക്കടന്ന് കുന്നിൻ ചെരുവിലെ മരക്കൂട്ടങ്ങൾക്കിടയിലൂടെ ഓടുമ്പോൾ എന്റെ വിമാനത്തിന്റെ എൻ‌ജിൻ മുരൾച്ചയോടെ സ്റ്റാർട്ടായി ജീവൻ വയ്ക്കുന്ന ശബ്ദം മഴയുടെ ഇരമ്പലിലും  ഞാൻ കേട്ടു.


കിഴുക്കാംതൂക്കായ പാറക്കെട്ടിന് മുകളിലെത്തിയ ഞാൻ കണ്ടത് ക്രീക്കിലെ ജലപ്പരപ്പിലൂടെ മുന്നോട്ട് നീങ്ങുന്ന വിമാനത്തെയാണ്. ഒന്നോ രണ്ടോ നിമിഷങ്ങൾക്കുള്ളിൽ  ടേക്ക് ഓഫ് ചെയ്യാനുള്ള പുറപ്പാടാണെന്ന് എൻ‌ജിന്റെ സ്വരവ്യത്യാസത്തിൽ നിന്നും എനിക്ക് മനസ്സിലായി. പെട്ടെന്നാണ് എന്റെ പിന്നിൽ മരക്കൂട്ടങ്ങൾക്കിടയിൽ എന്തോ വന്ന് വീഴുന്ന ശബ്ദം കേട്ടതും ഞാൻ വെട്ടിത്തിരിഞ്ഞതും. എന്റെ പിന്നാലെ ഓടിയെത്തിയ ഇലാനയായിരുന്നു അത് !

മഞ്ഞണിഞ്ഞ മലനിരകളിൽ നിന്നും ആർത്തലച്ചെത്തിയ കാറ്റിൽ ഒരു വലിയ തിരശീല വകഞ്ഞു മാറ്റിയാലെന്നത് പോലെ മഴ ഒരു വശത്തേക്ക് ഒതുങ്ങി മാറി.  അതെ ഞാൻ എന്റെ ഓട്ടർ ആംഫീബിയൻ വിമാനത്തെ അവസാനമായി ഒരു നോക്ക് കണ്ടു ഏതാണ്ട് അഞ്ഞൂറ് അടി ഉയരത്തിൽ പ്രഭാതത്തിലേക്ക് പറന്നുയരുന്ന എന്റെ വിമാനം

ഞാൻ പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ അടുത്ത നിമിഷം അതിന്റെ ദിശ ഏതാണ്ട് തൊണ്ണൂറ് ഡിഗ്രി തിരിഞ്ഞ് ക്രീക്കിന്റെ പാർശ്വഭാഗത്തുള്ള  ചെങ്കുത്തായ പാറക്കെട്ടുകൾക്ക് നേരെ നീങ്ങി. ആയിരത്തിലധികം അടി ഉയരത്തിൽ ഒരു വൻ‌മതിൽ പോലെ നിലകൊള്ളുന്ന പാറക്കെട്ടിലേക്ക് ഒരു ബോംബ് പോലെ നീങ്ങുന്നു അത്

ആ അവസാന നിമിഷങ്ങളിൽ ആ ക്യാബിനുള്ളിൽ എന്തൊക്കെയായിരിക്കും സംഭവിച്ചിരിക്കുക എന്ന് ദൈവത്തിന് മാത്രമേ അറിയൂ ഫോഗെൽ അദ്ദേഹത്തിന് നേർക്ക് നിറയൊഴിച്ചിരിക്കാം എന്നിട്ടും അദ്ദേഹം തന്റെ ദൃഢനിശ്ചയത്തിൽ നിന്നും വ്യതിചലിക്കാതെ വിമാനത്തെ ആ വൻ‌മതിലിന് നേർക്ക് പറത്തി നിരവധി തവണ വെള്ളിത്തിരയിൽ അനശ്വരമാക്കിയ വീരസാഹസിക ദൃശ്യങ്ങളിലെന്ന പോലെ തന്റെ അന്ത്യത്തിലേക്ക് അദ്ദേഹം ചങ്കുറപ്പോടെ, ഗാംഭീര്യത്തോടെ പറന്നടുക്കുന്നു!

ചെങ്കുത്തായ മലയിടുക്കിൽ ചെന്നിടിച്ച് വലിയ ഒരു തീഗോളമായി ആ വിമാനം താഴേക്ക് പതിച്ചു. മലനിരകൾക്കിടയിൽ ആ സ്ഫോടന ശബ്ദം പ്രതിധ്വനിച്ചു. അതുവരെ ആക്രമണോത്സുകതയോടെ വീശിക്കൊണ്ടിരുന്ന ചണ്ഡവാതം പൊടുന്നനെ വീര്യം കുറഞ്ഞ് മരണത്തിന് കീഴടങ്ങി. വകഞ്ഞു മാറ്റപ്പെട്ട മഴയുടെ തിരശീല യഥാസ്ഥാനത്തേക്ക് വീണ്ടും വലിച്ചിടപ്പെട്ടു.

* * * * * * * * * * * * * * * *

അദ്ദേഹം ചെയ്ത ആ വിവരക്കേടിന്റെ ക്രൂരതയും വിഫലതയുമോർത്ത് അവിടെയിരുന്ന് പൊട്ടിക്കരയാനാണ് എനിക്ക് തോന്നിയത്. പക്ഷേ, അതിനുള്ള സമയമില്ല ഇപ്പോൾ അനന്തതയിലേക്ക് നോക്കി അന്തം വിട്ട് നിന്നിരുന്ന ഇലാന പതുക്കെ എനിക്കരികിലേക്ക് വന്നു. ആ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളെ വലിച്ചടുപ്പിച്ച് നെഞ്ചോട് ചേർത്ത് ഇടം കൈ കൊണ്ട് ഞാൻ മുടിയിഴകളിൽ തലോടി.

“അദ്ദേഹം എന്തിനിത് ചെയ്തു ജോ? എന്തിന് വേണ്ടി?” അവൾ വിതുമ്പി.

വേണമെങ്കിൽ എനിക്ക് തികച്ചും വ്യക്തമായ ഒരു ഉത്തരം അവൾക്ക് നൽകാമായിരുന്നു അങ്ങേയറ്റം നിരാശനും പരിക്ഷീണിതനും ആയിരുന്നു അദ്ദേഹമെന്ന് ഞാൻ പറഞ്ഞത് പോലെ തന്നെ ഈ ലോകത്തൊരിടത്തും ഒളിച്ച് ജീവിക്കാനാവില്ല എന്ന വസ്തുത അദ്ദേഹത്തിന് നന്നായിട്ടറിയാമായിരുന്നു എന്ന് ഇതിലും നല്ലൊരു മാർഗ്ഗം കണ്ടെത്തിക്കൊടുക്കാൻ എന്നെക്കൊണ്ട് സാധിക്കും എന്ന് അദ്ദേഹത്തിനറിയാമായിരുന്നുവെന്ന്

“നാം ഇരുവരെയും രക്ഷിക്കുവാനായി  ഞാൻ പറഞ്ഞു. “ഫോഗെലിനെ ഇവിടെ നിന്നും പുറത്ത് എത്തിക്കാമെന്ന് അദ്ദേഹം ഏറ്റതിന് പിന്നിൽ ഇതല്ലാതെ വേറൊരു കാരണവുമില്ല ഏത് നിമിഷവും തന്റെ തലയോട്ടിയിലൂടെ ഫോഗെലിന്റെ വെടിയുണ്ട കടന്നു പോകും എന്നതും അദ്ദേഹത്തിന് നന്നായിട്ടറിയാമായിരുന്നു തന്നോടൊപ്പം ആ സംഘത്തിന്റെയും അന്ത്യം കുറിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചുറപ്പിച്ചു അത്ര തന്നെ

“അപ്പോൾ ആർണി? ആർണിയെ കൊന്നത് ശരിക്കും ആരാണ്?”

“ഫോഗെലും സ്ട്രാട്ടണും അവരാണ് ആർണിയെ കൊന്നത് നിനക്കതറിയാമെന്നാണ് ഞാൻ കരുതിയിരുന്നത്

വിശ്വസിക്കാനാവാതെ അവൾ വായ് പൊത്തി എന്നെ നോക്കി അന്തം വിട്ട് നിന്നു. അവളുടെ ചുമലിൽ ഞാൻ പതുക്കെ തട്ടി.  “ഇനി ഒരു നല്ല കുട്ടിയായി ഫാം ഹൌസിലേക്ക് ചെല്ലൂ പെട്ടെന്ന് തന്നെ ഞാൻ എത്താം  സംശയിച്ച് നിന്ന അവളെ പതുക്കെ ഞാൻ മുന്നോട്ട് തള്ളി. “പോകൂ ഇലാനാ

മുകൾ ഭാഗത്തുള്ള മരങ്ങൾക്കിടയിലേക്ക് തുറിച്ച് നോക്കിക്കൊണ്ട് ഒരു നിമിഷം അവളവിടെ നിന്നു. പിന്നെ സാവധാനം നടന്നു തുടങ്ങി. അല്പദൂരം ചെന്ന് അവൾ തിരിഞ്ഞ് നിന്നു. “ജോ നിങ്ങളെന്നെ ഉപേക്ഷിക്കില്ലല്ലോ?”

“ഇല്ല ഇലാനാ ഒരിക്കലും നിന്നെ ഉപേക്ഷിക്കില്ല

കണ്ണുകളിൽ നിന്നും അവൾ മറയുന്നത് വരെ ഞാൻ അവിടെത്തന്നെ നിന്നു. പിന്നെ പതുക്കെ ആ പാറക്കെട്ടിന്റെ വശത്തു കൂടി താഴെ ബീച്ചിലേക്ക് ഇറങ്ങി. വലത് കൈയിൽ അസഹനീയമായ വേദന

ഏത് വിധത്തിൽ നോക്കിയാലും വിരോധാഭാസം തന്നെ. അടുത്ത വർഷം ഈ സമയമാകുമ്പോഴേക്കും ആരെങ്കിലും ഒരാൾ ഈ സംഭവം ഒരു സിനിമയാക്കാൻ വേണ്ടി ഒരു മില്യൻ ഡോളർ മുടക്കിയേക്കാം എന്റെ റോൾ അഭിനയിക്കാനായി ആരെയായിരിക്കും അവർ കണ്ടെത്തുക? ഛേ എന്തൊക്കെയാണ് ഞാൻ ചിന്തിച്ച് കൂട്ടുന്നത്?  അതിലെ അസംബന്ധമോർത്ത് ഞാൻ ഉറക്കെ ചിരിച്ചു. ക്രീക്കിലെ ജലപ്പരപ്പിൽ തട്ടി ആ ചിരിയുടെ പ്രതിധ്വനി എന്റെ കർണ്ണങ്ങളിൽത്തന്നെ തിരിച്ചെത്തി. എനിക്കരികിൽ ഡെസ്ഫോർജ് നിന്ന് ചിരിക്കുന്നത് പോലെ തോന്നിച്ചു അത്

കുറച്ച് മുമ്പ് സ്ട്രാട്ടണിൽ നിന്നും രക്ഷ നേടാൻ ഒളിച്ചിരുന്ന അർദ്ധവൃത്താകൃതിയിലുള്ള ആ ആ പാറക്കൂട്ടം പെട്ടെന്ന് തന്നെ ഞാൻ കണ്ടു പിടിച്ചു. പതുക്കെ ഞാൻ അങ്ങോട്ട് നടന്നു. എന്റെ ഇപ്പോഴത്തെ അവസ്ഥ അത്ര കാര്യമാക്കാനൊന്നുമില്ല ഏറിയാൽ അവർക്ക് എന്തു ചെയ്യാൻ സാധിക്കും? ഒരു നാടു കടത്തൽ? അല്ലെങ്കിൽ എന്റെ ഫ്ലയിങ്ങ് ലൈസൻസ് റദ്ദാക്കൽ? ഇത് രണ്ടായാലും വളരെ നിസ്സാരം

ഒരു കാര്യം ഞാൻ തീർച്ചയാക്കി ജാക്ക് ഡെസ്ഫോർജ് എന്ന ആ മഹാനടൻ ചെയ്ത ത്യാഗത്തിന്റെ ഔന്നത്യവും പ്രൌഢിയും ഒരിക്കലും വിലമതിക്കപ്പെടാതിരിക്കരുത് ഫ്ലയിങ്ങ് ജാക്കറ്റിനുള്ളിൽ നിന്നും ഞാൻ ആ മണി ബെൽറ്റ് പുറത്തെടുത്ത് അതിന്റെ അറകൾ ഓരോന്നായി തുറന്ന് അതിലെ കല്ലുകൾ എല്ലാം മണ്ണിലേക്ക് കുടഞ്ഞിട്ടു.

പാറക്കെട്ടിനു താഴെയുള്ള ആ പരന്ന കല്ലിനടിയിൽ ഒരു കുഞ്ഞു കൂമ്പാരമായി അവ വിശ്രമിക്കുന്നുണ്ടായിരുന്നു. ഞാൻ ഒളിപ്പിച്ചു വച്ച അതേ അവസ്ഥയിൽ തന്നെ ഇടത് കൈ മാത്രമേ ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളു എന്നത് കൊണ്ട് വളരെ ബുദ്ധിമുട്ടി ഞാൻ അവയെ മണി ബെൽറ്റിന്റെ അറകളിലേക്ക് സാവധാനം നിറയ്ക്കുവാൻ തുടങ്ങി.


(അവസാനിച്ചു)