Sunday 26 April 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 29


“ഞാനും അറിഞ്ഞ് തുടങ്ങിയിരുന്നു  എന്റെ നിയന്ത്രണം കൈ വിട്ടു പോകുന്നത്” കാതരമായ കണ്ണുകളോടെ അവൾ പറഞ്ഞു.

തികച്ചും ആത്മാർത്ഥമായ വാക്കുകളായിരുന്നു അവളുടേത്. പക്ഷേ, എന്തുകൊണ്ടോ അതിനെ ആ രീതിയിലെടുത്ത് മുന്നോട്ട് പോകുന്നതിനു പകരം അവളുടെ അഭിമാനത്തെ ഒന്ന് നുള്ളി നോവിക്കാനാണ് എനിക്കപ്പോൾ തോന്നിയത്.

“അതെന്താ ഒരു മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാൻ ഇനി ജാക്കിനെക്കൊണ്ടാവില്ല എന്ന് തീർച്ചപ്പെടുത്തിയോ നിങ്ങൾ?  അതല്ല, ഇന്ന് രാത്രി അദ്ദേഹത്തിനത് സാധിക്കില്ല എന്ന് വിചാരിച്ചിട്ടാണോ?”

എന്നിൽ നിന്നും അവൾ അൽപ്പം പിറകോട്ട് മാറി. ഒരു സ്ഫോടനമോ മുഖമടച്ചുള്ള അടിയോ ആണ് ഞാൻ പ്രതീക്ഷിച്ചിരുന്നതെങ്കിലും തികച്ചും വിഭിന്നമായിരുന്നു അവളുടെ പ്രതികരണം. വളരെ ലാഘവത്തോടെ എന്നെ നോക്കിയിട്ട് അവൾ തലയാട്ടി.

“കഷ്ടം…!  നിങ്ങളെപ്പോലെ വിഡ്ഢിയായ ഒരു യുവാവ് ഈ ലോകത്ത് വേറെ കാണില്ല  എന്തായാലും ഒന്ന് നിൽക്കൂ ഒരു കാര്യം കാണിച്ചു തരാം” പുറത്തിറങ്ങി അവൾ ഡെസ്ഫോർജിന്റെ റൂമിലേക്ക് നടന്നു.

ഏതാനും നിമിഷങ്ങൾക്കകം അവൾ തിരികെയെത്തി. ഫ്രെഡറിക്‌സ്മട്ടിൽ നിന്നും സാറാ കെൽ‌സോ കണ്ടെടുത്ത ആ പേഴ്സ് അവളുടെ കൈയിലുണ്ടായിരുന്നു. അത് തുറന്ന് ആ കത്തെടുത്ത് അവൾ എന്റെ നേർക്ക് നീട്ടി.

“നിങ്ങളിതൊന്ന് വായിച്ച് നോക്കൂ

ഈ കത്തിന് വേണ്ടിയായിരുന്നു ഇത്രയും നാൾ ഡെസ്ഫോർജ് അക്ഷമയോടെ കാത്തിരുന്നിരുന്നത്. ഹൊറൈസൺ സിനിമാ കമ്പനിയിലെ മിൽറ്റ് ഗോൾഡ് അയച്ച കത്ത് അതിന്റെ ഉള്ളടക്കം ഒരു ബോംബ് ഷെൽ തന്നെയായിരുന്നു. ജാക്ക് ഡെസ്ഫോർജിനെ വച്ച് ഇനിയും ഒരു പരീക്ഷണത്തിന്  മുതിരാൻ സഹനിർമ്മാതാക്കൾക്ക് ഒട്ടും താൽപ്പര്യമില്ലാത്തതിനാൽ ആ ചിത്രത്തിന്റെ നിർമ്മാണം എന്നെന്നേക്കുമായി ഉപേക്ഷിക്കുവാൻ നിർബന്ധിതനായിരിക്കുകയാണത്രെ അദ്ദേഹം. തന്റെ കൈയിൽ നിന്നും കാര്യങ്ങൾ വഴുതിപ്പോയതിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം ഇടിത്തീ പോലെ മറ്റൊന്നു കൂടി അവതരിപ്പിച്ചിരിക്കുന്നു. സാമ്പത്തിക ബാദ്ധ്യതകൾ തീർപ്പാക്കുന്നതിനായി നിരവധി പേർ സമർപ്പിച്ചിരുന്ന കേസുകളിൽ വന്ന വിധിയെത്തുടർന്ന് ഡെസ്ഫോർജിന്റെ കാലിഫോർണിയയിലെ വസ്തുവകകൾ ജപ്തി ചെയ്യപ്പെട്ടതായ വാർത്ത  

അവിശ്വസനീയതയോടെ അതിലേക്ക് തന്നെ നോക്കി അന്തം വിട്ടിരിക്കെ എന്റെ വിരലുകൾക്കിടയിൽ നിന്നും ഇലാന ആ കത്ത് തട്ടിയെടുത്തു. എന്നിട്ട് ശ്രദ്ധാപൂർവ്വം പഴയത് പോലെ തന്നെ മടക്കി  കവറിനുള്ളിലാക്കി പേഴ്സിലേക്ക് തിരുകി വച്ചു.

“പക്ഷേ എന്തിനാണദ്ദേഹം എന്നോട് നുണ പറഞ്ഞതെന്ന് മാത്രം മനസ്സിലായില്ല…!” ഞാൻ ആശ്ചര്യപ്പെട്ടു.

അവൾ ചുമൽ വെട്ടിച്ചു. “ഒരു തരം മിക്കാബർ സിൻഡ്രം എന്ന് പറയാം മൈ ഡിയർ അവസാന നിമിഷം എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകാതിരിക്കില്ല എന്ന ശുഭപ്രതീക്ഷ

“നിങ്ങൾക്കിതേക്കുറിച്ച് അറിയാമായിരുന്നുവെന്നാണോ?”

“തീർച്ചയായും

“ആ ചിത്രവുമായി ബന്ധപ്പെട്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല എന്നറിഞ്ഞിട്ടും പിന്നെ നിങ്ങളെന്തിനിവിടെ വന്നു?” ഞാൻ ചോദിച്ചു.

“എനിക്കങ്ങനെ തോന്നി കാരണം, ഈ അവസ്ഥയിൽ അദ്ദേഹത്തിന് ആവശ്യം ഒരു ആത്മസുഹൃത്തിനെയാണ് നിങ്ങൾക്കത് പറഞ്ഞാൽ മനസ്സിലാവില്ല

ഇടുപ്പിൽ കൈ കുത്തി ഒരു തരം ധാർഷ്ട്യ ഭാവത്തിൽ അവൾ നിന്നു.   “പിന്നെ ഒരു കാര്യം വ്യക്തമാക്കാൻ ഞാനാഗ്രഹിക്കുന്നു  വഴിയിൽ പോകുന്ന ആർക്കെങ്കിലും വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന തരക്കാരിയല്ല ഞാൻ ശരിയാണ് ചിലപ്പോഴെങ്കിലും ജാക്ക് ഡെസ്ഫോർജിനൊപ്പം ഉറങ്ങിയിട്ടുണ്ട് ഞാൻ ആരും നിർബന്ധിച്ചിട്ടല്ല വേണമെന്ന് എനിക്ക് തോന്നിയത് കൊണ്ട് മാത്രം നൌ കൈൻ‌ഡ്ലി ഗെറ്റ് റ്റു ഹെൽ ഔട്ട് ഓഫ് ഹിയർ

തർക്കിക്കുവാൻ മുതിർന്നില്ല ഞാൻ. കാരണം, ഒരു ക്ഷമാപണത്തിനുള്ള ശ്രമം പോലും ചെന്നെത്തുക ഒരു പൊട്ടിത്തെറിയുടെ വക്കിലായിരിക്കും എന്ന് എന്റെയുള്ളിലിരുന്ന് ആരോ പറയുന്നത് പോലെ തോന്നി. അതിനാൽ അവളുടെ ആജ്ഞ ശിരസ്സാ വഹിച്ച് ഞാൻ പുറത്തേക്ക് നടന്നു.

                                   * * * * * * * * * * * * * * * *

ഹോട്ടലിലെ ബാറിലേക്ക് ചെന്ന ഞാൻ കണ്ടത് ഒലാഫ് സൈമൺസെന്നിന്റെ അരികിൽ ഇരിക്കുന്ന ആർണിയെയാണ്. ഞാൻ അരികിലെത്തിയതും അവൻ എഴുന്നേറ്റു.

“ഞാൻ പോകാനൊരുങ്ങുകയായിരുന്നു ഇലാന എവിടെ?”  അവൻ ആരാഞ്ഞു.

“അവളുടെ റൂമിലുണ്ട് നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ കുറച്ച് കൂടി ക്ഷമ കാണിക്കുമായിരുന്നു അത്ര നല്ല മൂഡിലല്ല അവൾ ആരോടാണ് വഴക്കടിക്കേണ്ടതെന്ന് നോക്കിയിരിക്കുകയാണ്

“ആപൽക്കരമായ സാഹചര്യത്തിൽ ജീവിക്കുക എന്നത് എന്റെ ഒരു ഹോബിയാണ്” അവൻ പുറത്തേക്ക് നടന്നു.

ഒരു ടൊമാറ്റോ ജ്യൂസ് ഓർഡർ ചെയ്തിട്ട് ഞാൻ സൈമൺസെന്നിന്റെ അരികിലെ സ്റ്റൂളിൽ ചെന്ന് ഇരുന്നു.

“ഓഫീസർ എപ്പോഴാണ് താങ്കൾ എന്റെ കൈകളിൽ വിലങ്ങണിയിക്കാൻ പോകുന്നത്?” ഞാൻ ചോദിച്ചു.

“അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല” പാതി  ഗൌരവത്തിൽ അദ്ദേഹം പറഞ്ഞു. “ഡെസ്ഫോർജിന് ഇപ്പോൾ എങ്ങനെയുണ്ട്?”

“നല്ല ഉറക്കത്തിലാണ് നാളെ രാവിലെ ഉറക്കമുണരുമ്പോൾ ഇന്ന് നടന്ന സംഭവങ്ങളൊക്കെ അദ്ദേഹത്തിനോർമ്മയുണ്ടായാൽ ഭാഗ്യംആട്ടെ, ആ പോർച്ചുഗീസുകാരുടെ കാര്യം എന്തായി?”

“ആ കൈയൊടിഞ്ഞവനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട് ഡ ഗാമയെയും ബാക്കിയുള്ളവരെയും തിരികെ അവരുടെ പായ്ക്കപ്പലിലേക്ക് പറഞ്ഞു വിട്ടു. യാത്ര തിരിക്കുന്നത് വരെ പുറത്തിറങ്ങരുതെന്ന് ഓർഡർ കൊടുത്തിട്ടുണ്ട്  മിക്കവാറും മറ്റന്നാൾ മാത്രമേ അവർക്ക് പുറപ്പെടുവാൻ കഴിയൂ ഇങ്ങോ‍ട്ടുള്ള സാധനങ്ങളൊക്കെ ഇറക്കി കഴിഞ്ഞതാണ് അവരിനി പുറത്തിറങ്ങാതിരിക്കുന്ന കാര്യം ഞാനേറ്റു” ഗ്ലാസിലെ മദ്യം അദ്ദേഹം കാലിയാക്കി. “കൃത്യ സമയത്ത് തന്നെ അവിടെ എത്തിച്ചേരാൻ കഴിഞ്ഞു എന്നതിലാണ് എനിക്ക് സന്തോഷം കാരണം, കൊലപാതകം എന്നാൽ കൊലപാതകം തന്നെയാണ് കൊല്ലപ്പെട്ടത് എത്ര നികൃഷ്ടനായാലും

“അറിയാം വളരെ നന്ദിയുണ്ട് താങ്കൾ അപ്പോൾ അവിടെയെത്തിയതിന്

എന്റെ തോളിൽ പതുക്കെ തട്ടിയിട്ട് അദ്ദേഹം എഴുന്നേറ്റു. “നിങ്ങൾക്കിപ്പോൾ ആവശ്യം നല്ലൊരുറക്കമാണ് ജോ നാളെ രാവിലെ സ്ലിപ്പ്‌വേയിൽ വച്ച് കണ്ടുമുട്ടാം

അദ്ദേഹം പൊയ്ക്കഴിഞ്ഞ് അല്പ നേരം ഞാൻ അവിടെ തന്നെ ഇരുന്നു. പലതും മനസ്സിലൂടെ മിന്നി മറയുന്നു. പക്ഷേ, അവയ്ക്കെല്ലാം മീതെ മുന്നിട്ട് നിന്നത് ഇലാനയുടെ രൂപമായിരുന്നു. എഴുന്നേറ്റ് ഞാൻ മുകളിലത്തെ നിലയിലേക്ക് നടന്നു. ഇടനാഴി വിജനവും ശാന്തവുമാണ്. എന്റെ റൂമിന്റെ മുന്നിൽ ഒരു നിമിഷം ഞാൻ നിന്നു. ഇലാനയെ കാണുവാൻ പോയ ആർണി എന്ത് ചെയ്യുകയായിരിക്കും ഇപ്പോൾ? എന്റെ ഊഹം തെറ്റിയില്ല പെട്ടെന്നാണ് ഇടനാഴിയുടെ അറ്റത്തുള്ള റൂമിൽ നിന്നും അവളുടെ സ്വരം ഉയർന്നത്. ഉച്ചത്തിലുള്ള ശകാരം. വളരെ വ്യക്തമായിരുന്നു അത്.

മുന്നോട്ടോടി ചെന്ന് അവളുടെ റൂമിന്റെ വാതിൽ ഞാൻ മലർക്കെ തുറന്നു. കട്ടിലിലെ മെത്തയിൽ തള്ളിയിടപ്പെട്ട നിലയിൽ മലർന്ന് കിടക്കുന്ന ഇലാന... അനങ്ങാനാകാത്ത വിധം ഇലാനയുടെ കൈകൾ രണ്ടും അമർത്തിപ്പിടിച്ച് അവളുടെ ദേഹത്തേക്ക് പടരുന്ന ആർണി. മറ്റൊന്നുമാലോചിച്ചില്ല ഞാൻ. ഓടിച്ചെന്ന് കോളറിൽ പിടിച്ച് പൊക്കിയെടുത്ത് അവനെ വാതിലിന് നേർക്ക് പിടിച്ച് തള്ളി. ആ പോക്കിൽ നില തെറ്റി വീഴാനൊരുങ്ങിയ അവൻ ചുമരിനടുത്തെത്തി പിടിച്ച് നിന്നു. തിടുക്കത്തിൽ എഴുന്നേറ്റിരുന്ന് തന്റെ സ്കെർട്ട് താഴോട്ട് പിടിച്ചിടുവാൻ ശ്രമിക്കുന്ന ഇലാനയെ നോക്കി ഞാൻ സൌ‌മ്യമായി പുഞ്ചിരിച്ചു.

“ഇനി എന്തെങ്കിലും സഹായം?” ഞാൻ ചോദിച്ചു.

“യെസ് നിങ്ങളുടെ ഈ നശിച്ച സ്നേഹിതനെയും കൊണ്ട് ഒന്ന് ഇറങ്ങിത്തരുമോ ഇവിടുന്ന്?”

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. താൻ എല്ലാവരുടെയും ഇരയായി പരിണമിക്കുന്നു എന്നതിലുള്ള അപമാനഭാരത്താലായിരിക്കണം എന്തായാലും ആവശ്യത്തിലധികമാണ് ഇന്നവൾക്ക് ലഭിച്ചിരിക്കുന്നത്. ഞാൻ ആർണിയുടെ നേർക്ക് തിരിഞ്ഞു.

“വരൂ ആർണീ നമുക്ക് പോകാം

ഇലാനയുടെ മുഖത്ത് നിന്നും മിഴികൾ മാറ്റി അവൻ എന്നെ രൂക്ഷമായി ഒന്ന് നോക്കി. “അപ്പോൾ അതാണ് കാര്യം ഞാൻ ഇവിടുന്ന് ഇറങ്ങുന്നു ഞാൻ നിർത്തിയിടത്ത് നിന്നും നല്ലവനായ ജോ മാർട്ടിൻ ആരംഭിക്കുന്നു

അവൻ പറഞ്ഞത് അല്പം കടന്നു പോയെങ്കിലും അതിലെ നർമ്മം ഓർത്ത് ഞാൻ പൊട്ടിച്ചിരിച്ചു പോയി.

“ആർണീ മൂഢനെപ്പോലെ പെരുമാറാതിരിക്കൂ വരൂ എന്റെയൊപ്പം വരൂ ഞാൻ നിർബന്ധിച്ചു.

അത്രയും രോഷാകുലനായി ഇതിന് മുമ്പ് ഒരിക്കലും ഞാനവനെ കണ്ടിട്ടില്ല.  അവൻ ഇലാനയുടെ നേർക്ക് തിരിഞ്ഞു. “ജീവിതത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തരമാണ് നിങ്ങളിപ്പോൾ ചെയ്തത് ഇലാനാ എന്നെന്നും ഓർമ്മിക്കാനായി ഞാനൊരു സാധനം ഇവിടെ ഇട്ട് പോകുന്നു നിങ്ങളുടെ സ്റ്റോക്കിങ്സിന്റെ മുകളറ്റത്ത് ഒട്ടിച്ച് വച്ചേക്ക് അത് കാണുമ്പോൾ ഓർക്കണം ആർണി ഫാസ്ബെർഗ് എന്ന്...”

എന്തോ ഒരു സാധനം കിടക്കയിലേക്ക് ഇട്ടിട്ട് വാതിൽ വലിച്ചടച്ച് അവൻ പുറത്തേക്ക് പോയി. അവൻ വലിച്ചെറിഞ്ഞ ആ വസ്തു കിടക്കയിൽ നിന്നും തെറിച്ച് താഴെ വീണ് കട്ടിലിനടിയിലേക്ക് ഉരുണ്ടു പോയി. താഴെയിറങ്ങിയ ഇലാന മുട്ടുകുത്തി കട്ടിലിനടിയിലേക്ക് കുനിഞ്ഞ് ചെന്ന് കൈയെത്തി അത് എടുത്തിട്ട് എഴുന്നേറ്റു. അവളുടെ കൈപ്പടത്തിനുള്ളിൽ കണ്ട ആ വസ്തു ഒരു പരുക്കൻ ചരൽക്കല്ല് പോലെയാണ് എനിക്ക് തോന്നിച്ചത്. എന്നാൽ അടുത്ത നിമിഷം പ്രകാശമേറ്റതും അവളുടെ കൈയിലെ ആ കല്ല് ഹരിത വർണ്ണത്തിൽ തിളങ്ങുവാൻ തുടങ്ങി. അത് ശ്രദ്ധിച്ച അവളുടെ നയനങ്ങൾ അത്ഭുതത്താൽ വികസിച്ചു.

“ഒരു നിമിഷം നോക്കട്ടെ അത്” ഞാൻ മുന്നോട്ട് ചുവട് വച്ചു.

ഇലക്ട്രിക്ക് ബൾബിൽ നിന്നും പ്രവഹിക്കുന്ന പ്രകാശത്തിന് നേർക്ക് ഞാനത് ഉയർത്തിപ്പിടിച്ചു. എന്റെ തൊണ്ട വരളുന്നത് പോലെ

“വില മതിക്കുന്ന എന്തെങ്കിലുമാണോ?” ഇലാന ആരാഞ്ഞു.

ഞാനത് തിരികെ അവളുടെ കൈപ്പടത്തിൽ തന്നെ വച്ചു കൊടുത്തു. “ആയിരമോ ഒരു പക്ഷേ, രണ്ടായിരമോ തന്നെ ഒരു വിദഗ്ദ്ധന് മാത്രമേ തീർച്ച പറയാൻ കഴിയൂ

അവളുടെ മുഖത്ത് വിരിഞ്ഞ ആശ്ചര്യം അവർണ്ണനീയമായിരുന്നു.

“മരതകക്കല്ലാണത്” ഞാൻ പറഞ്ഞു. “ജുവലറിക്കാർ മിനുക്കുപണികൾ ചെയ്യുന്നതിന് മുമ്പ് ഇങ്ങനെയായിരിക്കും അത് കാണപ്പെടുക

അവളുടെ അത്ഭുതം അതിന്റെ പാര‌മ്യതയിലെത്തിക്കഴിഞ്ഞിരുന്നു. “ഇവിടെ ഗ്രീൻലാന്റിൽ മരതകം ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു

“ഇല്ല ഇലാനാഎനിക്കും അറിയില്ലായിരുന്നു” എന്റെ ചുണ്ടുകൾ അത് മന്ത്രിക്കുമ്പോൾ ആ മരതകക്കല്ലിന്റെ നിഗൂഢതയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ഞാൻ.

(തുടരും)

Saturday 18 April 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 28



തിരികെ ഹോട്ടലിലെ എന്റെ റൂമിലെത്തി കുളിക്കുവാൻ കയറുന്നത് വരെയും പ്രത്യേകിച്ചൊരു വികാരവിക്ഷോഭവും എന്നെ അലട്ടിയിരുന്നില്ല. ഷവറിലെ തണുത്ത ജലധാര ശിരസ്സിൽ പതിച്ചപ്പോഴാണ് അല്പം മുമ്പ് നടന്ന ആ സംഭവത്തിന്റെ തീവ്രതയും ഭവിഷ്യത്തും ഓർത്ത് ഞാൻ ഞെട്ടിത്തരിച്ചു പോയത്. ആ ഷോക്കിൽ ഏതാണ്ട് രണ്ട് മിനിറ്റ് അങ്ങനെ നിന്നു പോയ ഞാൻ പിന്നെ ടവൽ എടുത്ത് ദേഹം തുടച്ചു. വസ്ത്രം ധരിച്ചുകൊണ്ടിരിക്കവെയാണ് വാതിലിൽ ആരോ മുട്ടിയതും അടുത്ത നിമിഷം ആർണി റൂമിലേക്ക് പ്രവേശിച്ചതും. അത്ര ചെറുതല്ലാത്ത ഒരു മുറിവ് അവന്റെ വലത് കവിളിൽ കാണാമായിരുന്നു. എങ്കിലും പ്രസന്നവദനനായിരുന്നു അവൻ.

“വല്ലാത്തൊരു രാത്രി അല്ലേ? എന്ത് തോന്നുന്നു?”  അവൻ അടുത്ത് വന്നു.

“എനിക്ക് കുഴപ്പമൊന്നുമില്ല ഡെസ്ഫോർജിന് എങ്ങനെയുണ്ട്?” ഞാൻ ചോദിച്ചു.

“ഇലാനയുണ്ട് അദ്ദേഹത്തോടൊപ്പം ഞാൻ എന്റെ കോട്ടേജിലേക്ക് പോകുകയാണ് ഷർട്ടിൽ മുഴുവൻ രക്തമാണ് പക്ഷേ, എന്റെയല്ല എന്നതാണ് ആശ്വാസംവേഷം മാറി അര മണിക്കൂറിനുള്ളിൽ ഞാനെത്താം ബാറിൽ വച്ച് കാണാം നമുക്ക്

അവൻ തിരിഞ്ഞ് നടന്നു. വസ്ത്രധാരണം പൂർത്തിയാക്കി ഇടനാഴിയിലിറങ്ങി ഞാൻ ഡെസ്ഫോർജിന്റെ റൂമിന് നേർക്ക് നടന്നു. വാതിലിൽ മുട്ടി അല്പം കഴിഞ്ഞ് കതക് തുറന്ന് പുറത്തേക്കെത്തി നോക്കിയത് ഇലാനയായിരുന്നു.

“എങ്ങനെയുണ്ട് അദ്ദേഹത്തിന്?”

“വന്ന് നോക്ക്

കഴുത്തറ്റം പുതപ്പിച്ചിരിക്കുന്ന ഒരു ബ്ലാങ്കറ്റിനടിയിൽ സുഖമായി ഉറങ്ങുകയാണ് ഡെസ്ഫോർജ്. താളാത്മകമായി കൂർക്കം വലിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ വായ് അൽപ്പം തുറന്നിരിക്കുന്നു.

“വിസ്കി ശരിക്കും തലയ്ക്ക് പിടിച്ചിരിക്കുന്നു ഒരുറക്കം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായിരുന്നിരിക്കും എന്നായിരിക്കും അദ്ദേഹം കരുതുക” അവൾ പറഞ്ഞു.

“അത് തന്നെയാണെനിക്കും തോന്നുന്നത്

തലയുയർത്തി അവൾ എന്നെ നോക്കി. എന്നോട് എന്തോ പറയുവാനുണ്ടെന്ന് ആ കണ്ണുകളിൽ നിന്ന് വ്യക്തം. ഊഹം ശരിയായിരുന്നു. അവൾ വായ് തുറന്നതും ആരോ കതകിൽ മുട്ടി. എന്നെ ഒന്നുകൂടി നോക്കിയിട്ട് അവൾ പോയി വാതിൽ തുറന്നു. സാറാ കെൽ‌സോ ആയിരുന്നു അത്.

“മിസ്റ്റർ ഡെസ്ഫോർജിന് എങ്ങനെയുണ്ടെന്ന് അറിയാൻ വന്നതാണ്” സാറ പറഞ്ഞു.

കിടക്കയുടെ നേർക്ക് ഇലാന കൈ ചൂണ്ടി. “ആരാധകർക്ക് കാണുവാൻ പറ്റിയ സമയം തന്നെ

സാറാ കെൽ‌സോ കട്ടിലിനരികിലേക്ക് ചെന്ന് അദ്ദേഹത്തെ സൂക്ഷിച്ച് നോക്കി. “എപ്പോഴും അദ്ദേഹം ഇങ്ങനെയാണോ?”

“ആഴ്ച്ചയിൽ നാലോ അഞ്ചോ തവണ മാത്രം” ഇലാന പറഞ്ഞു.

ചീങ്കണ്ണിയുടെ തുകൽ കൊണ്ട് നിർമ്മിച്ച ഒരു പേഴ്സ് സാറാ കെൽ‌സോ കട്ടിലിനരികിലെ ലോക്കറിന് മുകളിൽ വച്ചു. “ഞാനിത് ഇവിടെ വയ്ക്കുന്നു ഫ്രെഡറിക്‌സ്മട്ടിൽ നിന്നും കിട്ടിയതാണ് ആ മൽപ്പിടുത്തത്തിനിടയിൽ വീണു പോയതായിരിക്കും

“അത് ജാക്കിന്റെ തന്നെയാണെന്ന് നിങ്ങൾക്കുറപ്പുണ്ടോ?”

അവൾ തല കുലുക്കി. “ഞാനത് തുറന്ന് നോക്കിയിരുന്നു മറ്റ് പലതിന്റെയും കൂടെ അദ്ദേഹത്തിന്റെ പേരിൽ വന്ന ഒരു കത്തും അതിലുണ്ടായിരുന്നു..”

അവൾ വാതിലിനരികിലേക്ക് ചെന്നിട്ട് തിരിഞ്ഞു നിന്നു. “മിസ്റ്റർ മാർട്ടിൻ അവിടെ നിങ്ങൾ കാഴ്ച്ച വച്ച ആ പ്രകടനം ഗംഭീരം തന്നെയായിരുന്നു യൂ ആർ എ മാൻ ഓഫ് സർപ്രൈസസ് ആ സെർജന്റ് അപ്പോൾ അവിടെ എത്തിയില്ലായിരുന്നുവെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് വല്ല രൂപവുമുണ്ടോ?”

“ഒരിക്കലും പറയാൻ കഴിയില്ല മിസ്സിസ് കെൽ‌സോ  എന്ത് പറയുന്നു?”

“നിങ്ങൾ പറഞ്ഞത് ശരിയാണ്

വാതിൽ പതുക്കെ ചാരിയിട്ട് സാറാ കെൽ‌സോ നടന്നകന്നു.

“ഇദ്ദേഹം ശാന്തമായി ഉറങ്ങട്ടെ നമുക്ക് എന്റെ റൂമിലേക്ക് പോയാലോ? കുറച്ച് നേരം സംസാരിച്ചിരിക്കാം” ഇലാന അഭിപ്രായപ്പെട്ടു.

തൊട്ടടുത്ത റൂം തന്നെയായിരുന്നു അവളുടേത്. അങ്ങോട്ട് നടക്കുന്നതിനിടയിലും അവളുടെ മുഖത്തെ സ്ഥായിയായ ആ രോഷഭാവം ഞാൻ ശ്രദ്ധിക്കാതിരുന്നില്ല. പലപ്പോഴും അവളിൽ പ്രകടമാകാറുള്ള ആ ഭാവം യുക്തിക്ക് നിരക്കാത്തതും വിശദീകരണം ഇല്ലാത്തതും തീർത്തും അരോചകവുമായി എനിക്കനുഭവപ്പെട്ടു. ആരെയും മയക്കുന്ന ശരീരവടിവിനുടമായാണ് അവളെന്ന വസ്തുത ഒരു വശത്ത് അതോടൊപ്പം തന്നെ ജാക്ക് ഡെസ്ഫോർജിന്റെ പെണ്ണാണ് അവളെന്ന യാഥാർത്ഥ്യം മറുവശത്ത്അതുകൊണ്ട് തന്നെ അവളോടുള്ള അഭിനിവേശം എന്നിൽ അസ്വസ്ഥതയുളവാക്കി.

ജാലകത്തിനരികിൽ ഇട്ടിരിക്കുന്ന ഇരിപ്പിടത്തിൽ അവൾ ചെന്നിരുന്നു. കാലിന്മേൽ മറുകാൽ കയറ്റി വച്ചുള്ള ആ ഇരിപ്പിൽ അവളുടെ സ്കെർട്ടിന്റെ അറ്റം വലിഞ്ഞ് മുറുകി തുടയിൽ നിന്നും മുകളിലേക്ക് കയറി. ഒരു സിഗരറ്റ് ആവശ്യപ്പെട്ട അവൾക്ക് അത് നൽകിയിട്ട് തീ കൊളുത്തിക്കൊടുക്കുമ്പോൾ എന്റെ വിരലുകൾക്ക് വിറയൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.

“മിസ്സിസ് കെൽ‌സോ ഇവിടെ എത്തിയിരിക്കുന്നതിന്റെ ഉദ്ദേശ്യം ശരിക്കും എന്താണ്?” അവൾ ചോദിച്ചു.

സംസാരം തുടങ്ങി വയ്ക്കുവാൻ പറ്റിയ വിഷയം തന്നെ. ഫോഗെലിന്റെയും സംഘത്തിന്റെയും ആഗമനോദ്ദേശ്യം ഞാൻ അവളോട് വിശദീകരിച്ചു. തെല്ലൊരു ആകാംക്ഷയോടെ ശ്രദ്ധാപൂർവ്വം അത് കേട്ടുകൊണ്ടിരുന്ന അവളുടെ പുരികം എന്റെ വിവരണം പൂർത്തിയായിട്ടും ചുളിഞ്ഞ് തന്നെ കാണപ്പെട്ടു.

“ഒരു ഇൻഷൂറൻസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ സ്വന്തം നില ഭദ്രമാക്കുന്നതിൽ മിടുക്കനാണ് സ്ട്രാട്ടൺ എന്നാണെനിക്ക് തോന്നിയത് പക്ഷേ, നിങ്ങളുടെ പ്രകടനവും ഒട്ടും മോശമായിരുന്നില്ല എന്നതാണ് വാസ്തവം

“സ്ട്രാട്ടണുമായി  താരത‌മ്യം ചെയ്താൽ എന്റെ പ്രകടനം അല്പം അപരിഷ്കൃതമായിരുന്നുവെന്ന് വേണം പറയാൻ

“പക്ഷേ, തികച്ചും ഫലപ്രദമായിരുന്നു മൃഗീയമാം വണ്ണം ഫലപ്രദം” അവൾ പറഞ്ഞു. “അത്തരം ആക്രമണം ഒരു നഗരത്തിൽ വളർന്നവന് മാത്രമേ പഠിച്ചെടുക്കുവാൻ കഴിയൂ ഉദാഹരണത്തിന് കുപ്പി കൊണ്ടുള്ള ആ വിദ്യ  ക്വീൻസ്ബെറി നിയമാവലിയിൽ കാണാൻ കഴിയുന്നതല്ലായിരുന്നു അത്

“ഞാൻ വളർന്ന് വന്ന പ്രദേശത്ത് ഒരേയൊരു നിയമാവലി മാത്രമേ ഉണ്ടായിരുന്നുള്ളൂ നമ്മെ ആക്രമിക്കാൻ മറ്റുള്ളവന് അവസരം ലഭിക്കുന്നതിന് മുമ്പ് അങ്ങോട്ട് ആക്രമിക്കുക

“ആ കഥകൾ ഒന്ന് പറയാമോ?” അവൾ ലാഘവത്തോടെ ചോദിച്ചു.

“പിന്നെന്താ? അതിനധികം സമയമൊന്നും വേണ്ട” ഞാൻ തോൾ വെട്ടിച്ചു. “ഫ്ലീറ്റ് എയർ ആം ൽ ഒരു പൈലറ്റ് ആയിരുന്നു ഞാനെന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ 1951 ൽ ആയിരുന്നുവത് അന്ന് ചെറിയ തോതിൽ ഒരു യുദ്ധമൊക്കെ ഉണ്ടായിരുന്നു

“കൊറിയൻ വാർ?”

“അതെ  ഞാൻ പറയുന്നത് ഒരു പക്ഷേ, നിങ്ങൾ തെറ്റിദ്ധരിച്ചേക്കാം ആ യുദ്ധം ഒരിക്കലും ബ്രിട്ടന്റേതായിരുന്നില്ല ഒരു വിമാനവാഹിനിക്കപ്പലിൽ നിന്നുമായിരുന്നു ഞങ്ങൾ കോസ്റ്റൽ പട്രോളിങ്ങിനായി ടേക്ക് ഓഫ് ചെയ്തിരുന്നത് എന്നാൽ നോർത്ത് കൊറിയൻ വൈമാനികരാകട്ടെ അത്ര പരിചയ സമ്പന്നരൊന്നും ആയിരുന്നില്ല ഒരു വിമാനവാഹിനിക്കപ്പലിൽ ലാന്റ് ചെയ്യുക എന്നത് യുദ്ധസമയത്ത് അത്ര എളുപ്പമുള്ള സംഗതിയല്ല യുദ്ധമില്ലാത്ത കാലത്ത് പോലും അവർക്ക് ധാരാളം വിമാനങ്ങളും വൈമാനികരും ആ വിധത്തിൽ നഷ്ടമായിട്ടുണ്ട് ആ കാലഘട്ടത്തിലാണ് ഞങ്ങളുടെ ബാച്ചിലെ വൈമാനികരിൽ ഭൂരിഭാഗവും മദ്യാസക്തരാകുന്നത്

“വിസ്കി?”

“അല്ല എന്റെ കാര്യത്തിൽ റം ആയിരുന്നു താരം മറ്റുള്ളവരിൽ നിന്നും വിഭിന്നനായിരുന്നു എപ്പോഴും ഞാൻ മദ്യത്തിനോട് തികഞ്ഞ വെറുപ്പായിരുന്നു എനിക്ക് മദ്യാസക്തി എന്നത് ഒരു രോഗമാണെന്ന കാര്യം അറിയുമോ നിങ്ങൾക്ക്? വളരെ അപൂർവ്വം ആളുകളേ അത് മനസ്സിലാക്കിയിട്ടുള്ളൂ ആ സംഘത്തോടൊപ്പം ജോലി ചെയ്യുമ്പോൾ മദ്യത്തിൽ നിന്നും അകന്ന് നിൽക്കുവാൻ ഞാൻ പെട്ട പാട് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ എങ്കിലും അവരുടെ നിർബന്ധത്താൽ എനിക്കും അത് തുടങ്ങേണ്ടി വന്നു പിന്നീടായിരുന്നു ഏറ്റവും ദുഃഷ്കരമായ അവസ്ഥ മദ്യപാനം നിർത്താൻ സാധിക്കാതെയായി എനിക്ക്


“നിങ്ങളുടെ വിവാഹബന്ധം തകരാനുള്ള പ്രധാന കാരണവും അത് തന്നെയായിരുന്നു?”

“ഒരളവ് വരെ മുമ്പ് ഞാൻ പറഞ്ഞിരുന്നല്ലോ അമിത മദ്യപാനം മൂലം ഒരു നാൾ എനിക്ക് ഡ്യൂട്ടിക്ക് അറ്റന്റ് ചെയ്യുവാൻ പോലും ആയില്ല അതോടെ ആ ജോലിക്ക് വിരാമവുമായി

“അതിനെത്തുടർന്നാണ് നിങ്ങൾ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിനായുള്ള കോഴ്സിന് ചേരുന്നതും അത് കരസ്ഥമാക്കുന്നതും…?

“ഇതിനിടയിലുള്ള ഒരു ഒമ്പത് മാസക്കാലത്തെക്കുറിച്ച് നിങ്ങളോട് ഞാൻ പറഞ്ഞിരുന്നില്ല ആ കാലഘട്ടത്തിലാണ് ഞാൻ ഈ വിദ്യകളൊക്കെ സ്വായത്തമാക്കുന്നത് അടിഭാഗം ഉടച്ച കുപ്പികൾ എങ്ങനെ ഉപയോഗിക്കണമെന്നും എതിരാളിയുടെ ഏത് മർമ്മത്തിൽ ബൂട്ട്സ് ഇടിച്ച് കയറ്റണമെന്നും ഒക്കെ ഈവനിങ്ങ് സ്റ്റാൻഡേഡ് പത്രത്തിലെ പരസ്യങ്ങൾ മുഴുവനും അരിച്ച് പെറുക്കിക്കൊണ്ട്  നദീ തീരത്തെ ചാരുബെഞ്ചിൽ സമയം ചെലവഴിച്ചിരുന്ന കാലം കുറഞ്ഞ വാടകയുള്ള വീടുകൾ തേടിയുള്ള നടപ്പ്

“എന്നിട്ട്?”

“ഒരു ദിവസം ചെറിയൊരു അടിപിടിയെത്തുടർന്ന് പോലീസ് എന്നെ ലോക്കപ്പിലാക്കി തുടർന്ന് അവർ ആമിയുമായി ബന്ധപ്പെടുകയും അവൾ എന്നെക്കാണാൻ എത്തുകയും ചെയ്തു മാസങ്ങളോളം എന്നെ അന്വേഷിച്ചു നടക്കുകയായിരുന്നു അവൾ സത്യം പറയണമല്ലോ രണ്ടാമത്തെ തവണയായിരുന്നു അവൾക്ക് ഈ അനുഭവം ലോക്കപ്പിൽ നിന്നും അവളെന്നെ കൊണ്ടുപോയത് ഒരു ക്ലിനിക്കിലേക്കായിരുന്നു അങ്ങനെ വിളിക്കാമോ അതിനെ എന്നറിയില്ല അവരുടെ പരീക്ഷണ വസ്തുക്കളായിരുന്നു ഞങ്ങൾ മദ്യപാനികൾ എന്ന് പറയുന്നതായിരിക്കും ശരി  എന്തുകൊണ്ടോ, എന്നെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് അപ്പോഴും ആഗ്രഹമുണ്ടായിരുന്നു അവൾക്ക് പിന്നീടുള്ളതെല്ലാം ഒരു തുറന്ന പുസ്തകം പോലെ നിങ്ങളുടെ മുന്നിൽ വ്യക്തം

അവൾ തല കുലുക്കി.  “പക്ഷേ, നിങ്ങൾ അതിജീവിച്ചു ശരിയല്ലേ? അതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത

“ചിലപ്പോഴെങ്കിലും എനിക്ക് സംശയം തോന്നാറുണ്ട്

ജാലകത്തിനരികിൽ നിന്നുകൊണ്ട് ഞാൻ പുറത്തേക്ക് നോക്കി. കനത്ത അന്ധകാരം. മിഴികൾ വീണ്ടും തൊട്ടരികിൽ ഇരിക്കുന്ന ഇലാനയിലേക്ക് വഴിമാറി. നനുനനുത്ത കാലുകൾ വസ്ത്രത്തിന്റെ ഇറക്കി വെട്ടിയ കഴുത്തിലൂടെ അനാവൃതമാകുന്ന മാറിടങ്ങളുടെ താഴ്‌വാരംഅറിയാതെ എന്റെ കരങ്ങൾ അവളുടെ ചുമലിൽ സ്പർശിച്ചു. അടുത്ത നിമിഷം എന്റെ കരവലയത്തിൽ ഒതുങ്ങിക്കഴിഞ്ഞിരുന്നു അവൾ. ഗാഢവും ദീർഘവുമായ ഒരു ചുംബനം ഒടുവിൽ അതിൽ നിന്നും മോചിതയായപ്പോൾ ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ടുകയായിരുന്നു അവൾ.

(തുടരും)

Sunday 12 April 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 27



ഓടിയെത്തിയ ഡെസ്ഫോർജ്, അക്രമികളൊലൊരുവന്റെ പിൻ‌കഴുത്തും ഇടുപ്പിനോട് ചേർന്ന് ജീൻസിന്റെ ഭാഗവും കൂട്ടിപ്പിടിച്ച് എടുത്തുയർത്തി ഒന്ന് കറക്കി നൃത്തവേദിയുടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. റെസ്റ്റോറന്റിലെ ഒരു തീൻ‌മേശയുടെ മുകളിലേക്കാണ് തല കുത്തി അയാൾ ചെന്ന് വീണത്. ആ ആഘാതത്തിൽ തകർന്ന് വീണ മേശമേലുണ്ടായിരുന്ന മദ്യക്കുപ്പികളും ഗ്ലാസുകളും ഉടഞ്ഞ് ആൾക്കൂട്ടത്തിനിടയിലേക്ക് ചിന്നിച്ചിതറി. അത് കണ്ട് ഭയന്ന ഒരു പരിചാരികയുടെ നിലവിളി അവഗണിച്ച ഡെസ്ഫോർജ് അടുത്തയാളുടെ നേർക്ക് തിരിഞ്ഞു. സ്ട്രാട്ടനെ മർദ്ദിച്ചുകൊണ്ടിരുന്ന രണ്ടാമന്റെ കഴുത്തിൽ അദ്ദേഹത്തിന്റെ ബലിഷ്ഠമായ കരം ഒരു ഉരുക്ക് ദണ്ഡ് പോലെ ആഞ്ഞ് പതിച്ചു.

അപ്പോഴേക്കും ആർണിയും എത്തിക്കഴിഞ്ഞിരുന്നു. അക്രമികളിലെ മൂന്നാമത്തവന്റെ പുറത്തേക്ക് ചാടി വീണതോടെ നില തെറ്റിയ ഇരുവരും കൂടി താഴെ വീണ് കെട്ട്പിണഞ്ഞ് അല്പദൂരം ഉരുണ്ടുരുണ്ട് പോയി. പരസ്പരം കഴുത്തിലെ പിടി വിടുവാൻ അപ്പോഴും ഇരുവരും കൂട്ടാക്കിയിരുന്നില്ല. അതോടെ സ്ട്രാട്ടനെ ആക്രമിക്കുന്നവരുടെ എണ്ണം ഒന്നിലേക്ക് കുറഞ്ഞു. സ്ട്രാട്ടന്റെ മേൽ കയറി നിന്നു കൊണ്ട് തലയിൽ ആഞ്ഞ് ചവിട്ടുകയായിരുന്നു ആ പോർച്ചുഗീസുകാരൻ. എന്നാൽ അക്രമികളുടെ എണ്ണം കുറഞ്ഞതോടെ അല്പമൊരു സൌകര്യം ലഭിച്ച സ്ട്രാട്ടൻ വിദഗ്ദ്ധമായി ഒരു വശത്തേക്ക് ഉരുണ്ടു മാറി അയാളുടെ കാലിൽ പിടിച്ച് താഴേക്ക് വലിച്ചിട്ടു.

സ്ട്രാട്ടനെ സഹായിക്കാനായി ഡെസ്ഫോർജ് കുതിച്ചു. പക്ഷേ, അദ്ദേഹത്തിനവിടെ എത്താനായില്ല. വെറും ഇരുപതോ മുപ്പതോ സെക്കന്റുകൾക്കുള്ളിൽ നടന്ന ഈ സംഭവ വികാസങ്ങളെല്ലാം ബാർ കൌണ്ടറിനരികിൽ നിന്ന് വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്ന ഡ ഗാമ ഇടപെടുവാൻ തീരുമാനിച്ചത് പെട്ടെന്നായിരുന്നു. സ്‌ഥൂലഗാത്രനായ അയാൾ അവിശ്വസനീയ വേഗതയിലാണ് ആൾക്കൂട്ടത്തെ തള്ളിമാറ്റി ഡെസ്ഫോർജിന് പിന്നിലെത്തിയത്.  അദ്ദേഹത്തെ പിന്നിൽ നിന്നും വട്ടം ചുറ്റിപ്പിടിച്ച് ഉയർത്തിയിട്ട് തന്റെ ഉരുക്ക് കൈത്തണ്ടയാൽ കഴുത്തിനെ വലയം ചെയ്ത് മുറുക്കി.

ആർണിയും സ്ട്രാട്ടണും തങ്ങളുടെ എതിരാളികളുമായുള്ള മൽപ്പിടുത്തത്തിലായിരുന്നതിനാൽ ഡ ഗാമയെ തടയുവാൻ ആരും തന്നെയുണ്ടായിരുന്നില്ല. കഴുത്തിലെ പിടി മുറുകും തോറും ശ്വാസതടസം നേരിട്ടു തുടങ്ങിയ ഡെസ്ഫോർജിന്റെ മുഖം വലിഞ്ഞ് മുറുകി നീല വർണ്ണമാകുന്നത് ഞാൻ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ കൈകൾ രണ്ടും നിസ്സഹായതയോടെ അലക്ഷ്യമായി ചലിച്ചു കൊണ്ടിരുന്നു.

വിറയൽ എന്റെ ദേഹത്തെ ബാധിച്ചു തുടങ്ങിയിരുന്നു. വീർത്തു വരുന്ന ബലൂൺ കണക്കെ തലയ്ക്കുള്ളിൽ മർദ്ദം ഏറുന്നു. കാണികളുടെ ആരവം കടൽത്തീരത്താഞ്ഞടിക്കുന്ന തിരമാലകളുടെ ഗർജ്ജനത്തിന് സമാനമായി തോന്നി എനിക്ക്. എന്നെ നോക്കി നിശ്ശബ്ദമായി കേഴുന്ന ഇലാനയെ കാണാമായിരുന്നു എനിക്ക്. അടുത്ത നിമിഷം ഒരു ചീറ്റപ്പുലിയെപ്പോലെ അവൾ ഗാമയുടെ മുകളിലേക്ക് ചാടി വീണു. എന്നാൽ തന്റെ വലത് കൈ കൊണ്ട് ഒരു പുഷ്പം കണക്കെ അയാൾ അവളെ ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് ഡെസ്ഫോർജിന്റെ കഴുത്തിലെ പിടി ഒന്നു കൂടി മുറുക്കി. ഡ ഗാമയുടെ മുഖത്തെ നിർവ്വികാരത മാഞ്ഞ് പോകുന്നതും പകരം ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ക്രൂരവും രാക്ഷസീയവുമായ ഒരു ചിരി തെളിയുന്നതും ഞാൻ വിറയലോടെ ശ്രദ്ധിച്ചു.

എന്റെ രക്തം തിളച്ചു തുടങ്ങിയിരുനു. ഈ ലോകത്തിലെ സകല സാഡിസ്റ്റുകളേയും പ്രാകൃത മാനസരെയും ഒറ്റയടിക്ക് തുടച്ച് നീക്കണമെന്ന ഒരു ത്വര എന്നെ ആവേശിച്ചത് പെട്ടെന്നായിരുന്നു. കൈയിൽ കിട്ടിയ ഒരു കസേരയെടുത്ത് പൊക്കി ഞാൻ ഡ ഗാമയുടെ തലയിൽ ആഞ്ഞടിച്ചു. ആ ഒരു നിമിഷം ഡ ഗാമ എനിക്ക് മറ്റ് പലരുമായിരുന്നു. സ്കൂളിൽ വച്ച് എന്നെ മർദ്ദിച്ച ആ റഗ്ബി ടീം ക്യാപ്റ്റൻ നേവിയിൽ ചേർന്ന വേളയിൽ പുതിയ അംഗങ്ങളെ മര്യാദ പഠിപ്പിക്കാൻ വന്ന ആ സീനിയർ കേഡറ്റ് ഫ്ലീറ്റ് എയർ ആം ൽ ചേർന്ന സമയത്ത് പ്രായോഗിക ജ്ഞാനം കുറഞ്ഞ വൈമാനികരെ അങ്ങേയറ്റം അപമാനിക്കുമായിരുന്ന ഒരു കമാൻഡർ ഇവരെക്കാൾ എല്ലാം എന്റെ മനസ്സിൽ തെളിഞ്ഞത് മറ്റൊരു രൂപമായിരുന്നു അസുഖം ബാധിച്ച് കുറച്ച് നാൾ നേഴ്സിങ്ങ് ഹോമിൽ കഴിഞ്ഞ കാലത്തെ അനുഭവം. മാനസിക നില തെറ്റിയ രോഗികളുടെ നിയന്ത്രണാതീതമായ പെരുമാറ്റം നൈറ്റ് ഡ്യൂട്ടി സമയത്തെ തന്റെ ചീട്ട് കളിയെ തടസ്സപ്പെടുത്തന്നതിൽ കലി കയറി അവരെ നിർദ്ദാക്ഷിണ്യം തല്ലിച്ചതയ്ക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ആ പുരുഷ നേഴ്സ്

അടിയുടെ ആഘാതത്തിൽ കസേരയുടെ കാലുകൾ ഒടിഞ്ഞ് പോയിരുന്നു. ഒരിക്കൽക്കൂടി ആ കസേര ഉയർന്ന് താഴ്ന്നു. ഇത്തവണ അത് പൂർണ്ണമായും ഒടിഞ്ഞ് നുറുങ്ങി. അസഹ്യമായ വേദനയിൽ പുളഞ്ഞ ഡ ഗാമ നിലവിളിച്ചു കൊണ്ട് ഡെസ്ഫോർജിനെ താഴേക്കിട്ടു. വട്ടം തിരിഞ്ഞ് എന്നെ നോക്കിയ അയാളുടെ മുഖത്ത് തലയിൽ നിന്നും ഒഴുകിയിറങ്ങുന്ന രക്തം കാണാമായിരുന്നു. കസേരയുടെ അവശേഷിച്ച ഭാഗവും അയാളുടെ മുഖത്തേക്ക് എറിഞ്ഞിട്ട് ഞാൻ പിന്മാറി.

പക്ഷേ, ഗാമയെ സംബന്ധിച്ചിടത്തോളം ആ പ്രഹരം ഒന്നുമല്ലായിരുന്നു. കൈകൾ രണ്ടും വിടർത്തി എന്നെ പിടികൂടുവാനായി അയാൾ മുന്നോട്ട് കുതിച്ചു. എന്നാൽ വിദഗ്ദ്ധമായി ഒരു വശത്തേക്ക് ഒഴിഞ്ഞു മാറിയ ഞാൻ അടുത്തു കിടന്ന കസേര അയാളുടെ മുന്നിലേക്ക് ചവിട്ടിയെറിഞ്ഞു. അതിൽ തട്ടി നില തെറ്റിയ ഡ ഗാമ മലർന്നടിച്ച് വീഴുന്നതാണ് പിന്നെ ഞാൻ കണ്ടത്. ഒട്ടും അമാന്തിച്ചില്ല ഞാൻ. അരികിലെ മേശമേൽ കണ്ട ഷ്നാപ്സിന്റെ കുപ്പി വലിച്ചെടുത്ത് അതിന്റെ അടിഭാഗം കൌണ്ടറിന്റെ അരികിൽ അടിച്ച് പൊട്ടിച്ചു. വീണിടത്ത് നിന്നും എഴുന്നേൽക്കാൻ കഴിയുന്നതിന് മുന്നെ ഞാൻ നീട്ടിപ്പിടിച്ച കുപ്പിയുമായി അയാളുടെ നെഞ്ചിലേക്ക് മുട്ടു കുത്തി ചാടി വീണു.

തീർത്തും മാരകമായ ആയുധം തന്നെയായിരുന്നു ആ കുപ്പി. അതിന്റെ ഉടഞ്ഞ് കൂർത്ത ഭാഗം ഞാൻ അയാളുടെ കീഴ്ത്താടിയിൽ ചേർത്ത് വച്ച് താഴോട്ട് വലിച്ചു. ഒരു ബ്ലേഡ് കൊണ്ട് വരിഞ്ഞത് പോലെ ആ മുറിപ്പാടിൽ നിന്നും രക്തം കിനിയുവാൻ തുടങ്ങി. ആഞ്ഞൊരമർത്തൽ അത് മതിയാകുമായിരുന്നു അയാളുടെ കഥ കഴിക്കാൻ ആ യാഥാർത്ഥ്യം മനസ്സിലായതോടെ അയാളുടെ മുഖത്ത് ഇതാദ്യമായി മരണഭയം നിഴലിക്കുന്നത് കാണാറായി.

ആ നിമിഷം അയാളെ ഞാൻ കൊല്ലുമായിരുന്നോ ഇല്ലയോ എന്ന കാര്യത്തിൽ ഒരുറപ്പുമുണ്ടായിരുന്നില്ല എനിക്ക്. ആ സമയത്താണ് ആൾക്കൂട്ടത്തിന്റെ ആരവത്തിനും മുകളിൽ ഒരു വെടിയൊച്ച മുഴങ്ങിയത്. അതോടെ ഒരു ഞെട്ടലോടെ ഞാൻ യാഥാർത്ഥ്യത്തിലേക്ക് തിരികെയെത്തി. ഉച്ചത്തിലുള്ള ആരവം നിശ്ശബ്ദതയ്ക്ക് വഴി മാറിയത് അവിശ്വസനീയമായ വേഗതയിലായിരുന്നു. കൊടുങ്കാറ്റിന് ശേഷമുള്ള സമുദ്രത്തിന്റെ ശാന്തതയുടെ പ്രതീതി. വലത് കൈയിൽ നീട്ടിപ്പിടിച്ച ഓട്ടോമാറ്റിക്ക് പിസ്റ്റളുമായി ഒലാഫ് സൈമൺസെൻ ആൾക്കൂട്ടത്തെ വകഞ്ഞ് മാറ്റി മുന്നോട്ട് വന്നു.

“ദാറ്റ്സ് ഇനഫ്, ജോ” ഇംഗ്ലീഷ് ഭാഷയിൽ അദ്ദേഹം ഉച്ചരിച്ചു. “ഐ വിൽ ടേക്ക് ഓവർ നൌ

ഞാൻ പതുക്കെ എഴുന്നേറ്റ് കൈയിലിരുന്ന കുപ്പി ബാർ കൌണ്ടറിൽ ശ്രദ്ധാപൂർവ്വം വച്ചു. തല ചുറ്റുന്നത് പോലെ ഇതുവരെ നടന്നതൊക്കെ യാഥാർത്ഥ്യമോ സ്വപ്നമോ എന്ന വിഭ്രാന്തിയിലായിരുന്നു ഞാൻ. താഴെ വീണു കിടക്കുന്ന ഡ ഗാമയെയും ആർണിയും സാറാ കെൽ‌സോയും ചേർന്ന് പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന ജാക്ക് ഡെസ്ഫോർജിനെയും ഒക്കെ അവ്യക്തമായി കാണുവാൻ സാധിച്ചു എനിക്ക്. വലിയ കേടുപാടൊന്നും കൂടാതെ നൃത്തവേദിയുടെ ഒരരികിൽ നിൽക്കുന്ന സ്ട്രാട്ടൺ കർച്ചീഫ് കൊണ്ട് തന്റെ മുഖത്തെ രക്തത്തുള്ളികൾ തുടച്ചു കൊണ്ടിരിക്കുന്നു.

ഡ ഗാമയെയും നിവർന്ന് നിൽക്കാൻ കഴിയുന്ന അനുയായികളെയും സൈമൺസെൻ തോക്ക് ചൂണ്ടി ബാർ കൌണ്ടറിനരികിൽ നിരയായി നിർത്തി. മറ്റ് രണ്ട് പേർ അബോധാവസ്ഥയിൽ നിലത്ത് വീണ് കിടക്കുകയാണ്. ഒരു കൽക്കരിച്ചാക്ക് പോലെ ഡെസ്ഫോർജ് എടുത്ത് പൊക്കി എറിഞ്ഞ ആളാകട്ടെ ഒടിഞ്ഞ തന്റെ കൈയും താങ്ങിപ്പിടിച്ച് ഒരു കസേരയിൽ ഇരിക്കുന്നുണ്ട്.

സൈമൺസെൻ എന്റെയരികിലേക്ക് വന്നു. കൈയിൽ തോക്കുമായി നിൽക്കുന്ന അദ്ദേഹത്തിന്റെ ചുമലിന് മുകളിലൂടെ എനിക്ക് ഗാമയെ കാണാമായിരുന്നു. എന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ട് തന്റെ താടിയിലെ രക്തം തുടച്ചു കളയുകയാണയാൾ.

“ഗോ ഹോം, ജോ” സൈമൺസെൻ ഇംഗ്ലീഷിൽ പറഞ്ഞു. “ആന്റ് ടേക്ക് യുവർ ഫ്രണ്ട്സ് വിത്ത് യൂ പിന്നീട് കാണാം എല്ലാവരോടും കുറച്ച് സംസാരിക്കാനുണ്ട്

ഒരു വിഡ്ഢിയെപ്പോലെ അദ്ദേഹത്തെ തുറിച്ച് നോക്കി ഞാൻ നിൽക്കവെ ഇലാന അരികിലേക്ക് വന്നു. ആർണിയുടെ കൈയിൽ ഊരിക്കൊടുത്തിരുന്ന ആ രോമക്കുപ്പായം അപ്പോൾ അവളുടെ ചുമലിൽ അലസമായി വിശ്രമിക്കുന്നുണ്ടായിരുന്നു. പരിഭ്രമിച്ച് വിവർണ്ണമായിരുന്നു അവളുടെ മുഖം. എങ്കിലും അവളുടെ സ്വരം ശാന്തവും വ്യക്തവുമായിരുന്നു.

“ജോ എത്രയും പെട്ടെന്ന് പുറത്ത് കടക്കുന്നതാണ് നല്ലത് അതിനുള്ള അവസരം ഇപ്പോഴും അവശേഷിച്ചിരിക്കെ

എന്റെ നേർക്ക് അവൾ കൈ നീട്ടി. അനുസരണയോടെ ആ കൈയിൽ പിടിച്ച് ഒരു ആട്ടിൻ‌കുട്ടിയെ പോലെ ഞാൻ അവളെ അനുഗമിച്ചു.

  
(തുടരും)