Saturday 25 July 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 41



സിഗരറ്റ് കുറ്റി കൊണ്ട് കവിളിൽ പൊള്ളിച്ചയിടത്ത് വല്ലാതെ എരിയുന്നുണ്ടായിരുന്നു എനിക്ക്. എങ്കിലും കടുത്ത തലവേദനയുണ്ടായിരുന്നതിന് അല്പം ശമനം തോന്നുന്നു. എങ്കിലും തലയ്ക്കുള്ളിൽ ആകെപ്പാടെ ഒരു വിങ്ങൽ. കൈകൾക്ക് ചെറുതായി വിറയൽ അനുഭവപ്പെടുന്നു. ഒരു പക്ഷേ പ്രതികരിക്കുവാനുള്ള മനസ്സിന്റെ പ്രേരണയായിരിക്കാം അത്. ആ വിറയൽ പിടിച്ച് നിർത്തുവാനായി ഞാൻ മനഃപൂർവ്വം ശ്രമിച്ചു. എങ്കിലും ഒരു കാര്യത്തിൽ ഞാൻ ആശ്വസിച്ചു എന്റെ തലച്ചോറ് പ്രവർത്തിക്കുവാനാരംഭിച്ചിരിക്കുന്നു  സന്ദർഭത്തിന്റെ ഗൌരവം പൂർണ്ണമായും ഉൾക്കൊള്ളുവാനാകുന്നത് ഇപ്പോഴാണ്. ഇത്രമാത്രം ഭയന്നു പോയ ഒരു അവസരം ഇതിന് മുമ്പ് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല.

ഇതൊരു സിനിമയും ഇത്തരം സീനുകളിൽ അഭിനയിക്കുന്നത് ഡെസ്ഫോർജും ആയിരുന്നുവെങ്കിൽ അദ്ദേഹത്തിന് പറയുവാൻ വേണ്ടി തിരക്കഥാകൃത്ത് എന്തെങ്കിലും തമാശകൾ എഴുതി വച്ചിട്ടുണ്ടാകുമായിരുന്നു. അല്ലെങ്കിൽ മേശപ്പുറത്ത് ഇരിക്കുന്ന കോന്യാക്ക് ബോട്ട്‌ൽ എടുത്ത് ഗ്ലാസിലേക്ക് പകർന്ന് മൊത്തിയിട്ട് നിസ്സാരഭാവത്തിൽ അവരെ നോക്കി രണ്ട് വാക്ക് പറയുമായിരുന്നു. പരുക്കൻ നായകന്മാർ ഇത്തരം രംഗങ്ങളിൽ കൈയ്യടി വാങ്ങുന്നത് ആ വിധമാണല്ലോ.

പക്ഷേ, ഇത് ഞാനാണ് പാവം ജോ മാർട്ടിൻ ഒരു പൂച്ചക്കുട്ടിയെപ്പോലെ ബലഹീനൻ എങ്ങനെയൊക്കെ പ്രതികരിക്കാൻ ശ്രമിച്ചാലും എന്റെ അന്ത്യം ഈ കടലിന്റെ അടിത്തട്ടിൽ എവിടെയോ ആയിരിക്കും കാലുകളിൽ ബന്ധിച്ച ഭാരമേറിയ ചങ്ങലയുമായി ഒരു പക്ഷേ ഞാൻ അല്ലെങ്കിൽ എന്റെ ശവശരീരത്തിൽ അവശേഷിച്ചിരിക്കുന്ന ഏതെങ്കിലും ഭാഗങ്ങൾ പൊങ്ങി വരുമായിരിക്കും അടുത്ത വസന്തകാലത്ത് മഞ്ഞുരുകുമ്പോൾ എന്തായാലും ലോകത്ത് ആർക്കും ഇനി എന്നെ ജീവനോടെ കാണുവാനുള്ള അവസരമുണ്ടാകില്ലെന്നത് ഉറപ്പാണ്.

ഇനി ഒരു പക്ഷേ, ഇത്രയൊന്നും ഭയക്കേണ്ട ആവശ്യകത ഉണ്ടായിരിക്കില്ലേ? എന്റെ ചിന്തകളിൽ അതിഭാവുകത്വം കലരുന്നുവോ? കൈപ്പടത്തിന്റെ പിൻഭാഗം കൊണ്ട് ഞാൻ മുഖത്തെ വിയർപ്പ് തുടച്ചു കളഞ്ഞു. പിന്നെ ഇടറുന്ന സ്വരത്തിൽ പറഞ്ഞു.

“എന്താണിതെല്ലാം എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു

“ഡോണ്ട് ബീ സ്റ്റുപ്പിഡ്  പരുക്കൻ സ്വരത്തിൽ ഫോഗെൽ പറഞ്ഞു. “എന്തിനാണ് നിങ്ങളെ ഇവിടെ കൊണ്ടുവന്നിരിക്കുന്നതെന്ന് നിങ്ങൾക്ക് നന്നായിട്ടറിയാം

പുറത്ത് ആരൊക്കെയോ ഒച്ചയെടുക്കുന്നത് കേട്ട് ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് മാറി. മദ്യപിച്ച് ലക്കില്ലാതെ ഒരു കൂട്ടം നാവികർ പരസ്പരം ശണ്ഠ കൂടുന്നു. ഒന്നും മിണ്ടാതെ, അവരെ നിയന്ത്രിക്കുവാനായി ഡ ഗാമ പുറത്ത് ഡെക്കിലേക്ക് നടന്നു.

“നിങ്ങളുടെ സംഘവുമായി ആ മനുഷ്യന് എന്താണ് ബന്ധം?” ഞാൻ ചോദിച്ചു.

“അയാൾ വെറും ഒരു ഉപകരണം മാത്രം ആവശ്യമെങ്കിൽ ഞാൻ ഒന്ന് മൂളിയാൽ മതിനിങ്ങളുടെ കഥ കഴിക്കുവാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല അയാൾക്ക് ഓർമ്മയിരിക്കട്ടെ എപ്പോഴും...”

അവിടെ നിറഞ്ഞ മൌനം അല്പനേരം നീണ്ടു നിന്നു. ഭീകരാന്തരീക്ഷത്തിന്റെ മാറ്റ് കൂട്ടുവാൻ വേണ്ടിയായിരിക്കണം അയാൾ അത്രയും ഇടവേള നൽകിയത്.

“ആ ഹെറോൺ വിമാനത്തിനരികിൽ ഇന്നലെ നാം എത്തിയപ്പോൾ എന്റെ ഉടമസ്ഥതയിലുള്ള ചില വസ്തുക്കൾ കണ്ടെത്താൻ കഴിയുമെന്നായിരുന്നു ഞാൻ കരുതിയിരുന്നത് അതിനിഗൂഢമായി ഒളിപ്പിച്ച് വച്ചിരുന്ന ചില വസ്തുക്കൾ പക്ഷേ, അതവിടെ ഉണ്ടായിരുന്നില്ല എന്തിനെക്കുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നതെന്ന് മനസ്സിലാകുന്നുണ്ടോ നിങ്ങൾക്ക്?”

നിഷേധാർത്ഥത്തിൽ ഞാൻ തലയാട്ടി.   “എനിക്കൊന്നും മനസ്സിലാകുന്നില്ല

“ഈ അടുത്തയിടെ ഒരു സ്കീ പ്ലെയിൻ അവിടെ ലാന്റ് ചെയ്തതായി നിങ്ങൾക്ക് മനസ്സിലായിരുന്നു പിന്നെന്തിന് നിങ്ങളത് എന്നിൽ നിന്നും മറച്ചു വച്ചു?”

തക്കതായ ഒരു ഉത്തരം നൽകുന്നതിനായി ഒരു നിമിഷം ചിന്തിച്ചുവെങ്കിലും ഞാനതിൽ ദയനീയമായി പരാജയപ്പെട്ടു. “ഞാൻ മറച്ചു വച്ചുവെന്നോ?”

സ്ട്രാട്ടൺ ഒരു ദീർഘശ്വാസമെടുത്തു. “നിങ്ങൾ വെറുതേ പൊട്ടൻ കളിക്കുകയാണ് ജോ

അയാളുടെ കൈകളിൽ അപ്പോഴും ആ കറുത്ത കൈയ്യുറകൾ ഉണ്ടായിരുന്നു. ആ രൂപത്തിൽ എനിക്കു പിന്നിൽ നീങ്ങുന്ന അയാളെ കണ്ടപ്പോൾ വല്ലാത്ത വെറുപ്പാണെനിക്ക് തോന്നിയത്.

“ഈ പ്രദേശത്ത് ഒരേ ഒരു സ്കീ പ്ലെയ്ൻ മാത്രമേ ഈ അവസരത്തിൽ ഓപ്പറേറ്റ് ചെയ്യുന്നുള്ളൂ നിങ്ങൾ തന്നെയാണ് എന്നോടത് പറഞ്ഞത്” ഫോഗെൽ പറഞ്ഞു.

അത് നിഷേധിക്കുന്നതിൽ യാതൊരു അർത്ഥവുമുണ്ടായിരുന്നില്ല. അതിനാൽ ഞാനതിന് തുനിഞ്ഞുമില്ല. “ദാറ്റ്സ് റൈറ്റ്

“എന്ന് വച്ചാൽ തന്റെ നിരീക്ഷണപ്പറക്കൽ കഴിഞ്ഞ് വന്ന് ആർണി ഫാസ്ബെർഗ് നമ്മളോട് പറഞ്ഞതത്രയും നുണയായിരുന്നുവെന്ന്അവിടെ ലാന്റ് ചെയ്യുക എന്ന കാര്യം അസാദ്ധ്യമാണെന്നായിരുന്നു അവൻ പറഞ്ഞത് എന്തിനായിരിക്കണം അവനങ്ങനെ ചെയ്തത്?”

“അക്കാര്യം അവനോടല്ലേ ചോദിക്കേണ്ടത്?”

“ഞാൻ ചോദിച്ചു പക്ഷേ, സഹകരിക്കാൻ അവൻ തയ്യാറായിരുന്നില്ല ഈ ദുരൂഹതയുമായി ബന്ധപ്പെട്ട് നിങ്ങളുടെ കഥ കൂടി കേട്ടു കഴിഞ്ഞിട്ട് ഞങ്ങൾ വീണ്ടും ചെല്ലുന്നുണ്ട് അവന്റെ അടുത്തേക്ക്

കുപ്പിയിലെ ബ്രാണ്ടി ഗ്ലാസിലേക്ക് പകർന്നിട്ട് ഫോഗെൽ കസേരയിലേക്ക് ചാഞ്ഞു കിടന്നു. “വീണ്ടും ഞാൻ ചോദിക്കുന്നു  വിമാനം തകർന്ന് കിടന്നതിനടുത്ത് ആർണി ഫാസ്ബെർഗ് ലാന്റ് ചെയ്ത കാര്യം നിങ്ങളെന്തിന് ഞങ്ങളിൽ നിന്നും മറച്ചു വച്ചു?”

ഇത്തവണ അൽപ്പം മനോധർമ്മം പ്രയോഗിക്കുവാൻ ഞാൻ തീരുമാനിച്ചു.

“ഓൾ റൈറ്റ് ഞാൻ പറയാം എന്റെ അടുത്ത സുഹൃത്താണ് അവൻ അവന്റെ ഉദ്ദേശ്യം എന്താണെന്ന് സത്യത്തിൽ എനിക്കറിയില്ല ഞാൻ കാരണം അവൻ ഒരു പ്രശ്നത്തിൽ ചെന്ന് ചാടരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു അതുകൊണ്ട് തന്നെ അവനെ കണ്ട് സംസാരിക്കുന്നത് വരെ മൌനം പാലിക്കുവാൻ ഞാൻ തീരുമാനിച്ചു

“എന്നിട്ട് അവനുമായി സംസാരിച്ചുവോ?”

”അതിനുള്ള അവസരം ലഭിച്ചില്ല ഇന്ന് മുഴുവൻ സമയവും ഞാൻ പറക്കുകയായിരുന്നു

ബ്രാണ്ടി അല്പം നുകർന്നിട്ട് ഫോഗെൽ ഗ്ലാസ് പ്രകാശത്തിന് നേർക്ക് പിടിച്ചു. പിന്നെ തലയാട്ടി. “ഇല്ല മാർട്ടിൻ ഇത് ശരിയാവില്ല ഒരിക്കലും ഇത് ശരിയാവില്ല” കൈയിലെ ഗ്ലാസ് മനഃപൂർവ്വം മേശപ്പുറത്ത് വച്ചിട്ട് അയാൾ മുന്നോട്ടാഞ്ഞിരുന്നു. “നിങ്ങൾ നുണ പറയുകയാണ് നിങ്ങളെന്തോ മറച്ചു വയ്ക്കുന്നു എങ്ങനെ അതെനിക്ക് മനസ്സിലായി എന്നല്ലേ? നിങ്ങളുടെ കണ്ണുകളിൽ നിന്നും നിങ്ങളുടെ പ്രതികരണങ്ങളിൽ നിന്നും നിങ്ങൾ പറഞ്ഞ ഓരോ വാക്കും ഞാൻ ശ്രദ്ധിക്കുകയായിരുന്നു ഒന്നും പരസ്പരം യോജിക്കുന്നില്ല ഒന്നു പോലും…!

എന്റെ മുഖത്ത് നോക്കി ആക്രോശിച്ചു കൊണ്ടായിരുന്നു അയാളുടെ അവസാന വാക്കുകൾ. അതേ നിമിഷത്തിൽ തന്നെ സ്ട്രാട്ടൺ തന്റെ മുഷ്ടി ചുരുട്ടി എന്റെ തലയുടെ പിൻഭാഗത്ത് ആഞ്ഞിടിച്ചു. വേദന കൊണ്ട് ഞാൻ അലറി വിളിച്ചു. പിന്നിൽ നിന്നും എന്റെ മുടിയിൽ വലിച്ച് പിടിച്ച അയാൾ ഇടത് കൈ കൊണ്ട് എന്റെ കണ്ഠനാളത്തിൽ അമർത്തി.

“നമുക്ക് ഒന്നുകൂടി ശ്രമിച്ചു നോക്കാം” ഫോഗെൽ പറഞ്ഞു. “തന്റെ സ്കീ പ്ലെയിനിൽ അവിടെ ലാന്റ് ചെയ്ത ആർണി, നേരെ ആ ഹെറോൺ വിമാനത്തിനരികിലേക്ക് പോകുന്നു ഏത് അമൂല്യ വസ്തുക്കൾ വീണ്ടെടുക്കുവാൻ വേണ്ടിയാണോ ഞാൻ ഗ്രീൻലാന്റിലേക്ക് വന്നത്, അവ ആ വിമാനത്തിൽ നിന്നും കണ്ടെടുത്ത് അവൻ തിരിച്ച് പറക്കുന്നു എന്താ, എന്റെ നിഗമനം യുക്തിസഹമല്ലേ?”

“എന്ത് തേടിയാണ് അവിടെ ചെന്നത് എന്നതിനെക്കുറിച്ച് അവന് വ്യക്തമായ ധാരണയുണ്ടെങ്കിൽ മാത്രം” ഞാൻ പറഞ്ഞു.

ആ ഒരു ചിന്ത ഒരു പക്ഷേ അയാളുടെ മനസ്സിൽ ഇതിന് മുമ്പും കടന്ന് പോയിരിക്കണം. കാരണം, എന്നെ തുറിച്ച് നോക്കി അല്പ നേരം അയാൾ അവിടെ ഇരുന്നു. ഒരു കത്തിയാൽ മുറിച്ചെടുക്കാവുന്ന വിധം കനമാർന്ന മൌനം പിന്നെ പതുക്കെ സ്ട്രാട്ടൺ പറഞ്ഞു. “ഇയാൾ ആ പറഞ്ഞതിൽ കാര്യമില്ലാതില്ല

“ഒഫ് കോഴ്സ്, യൂ ഫൂൾ  ഇയാൾ പറഞ്ഞതിൽ കാര്യമുണ്ട്” ഫോഗെൽ മുന്നോട്ടാഞ്ഞ് വീണ്ടും എന്റെ നേരെ നോക്കി. “ആരായിരിക്കുമത് മാർട്ടിൻ? ആരായിരിക്കും ആർണിയോട് അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടാകുക?”

“അത് നിങ്ങൾ തന്നെ കണ്ടുപിടിക്കേണ്ട കാര്യമല്ലേ ആ വസ്തുക്കൾ എന്ത് തന്നെയായാലും ശരി, അത് എവിടെയാണ് ഒളിപ്പിച്ച് വച്ചിരിക്കുന്നതെന്ന് നേരത്തെ തന്നെ അറിയാവുന്ന ഒരാൾ നിങ്ങളോട് വളരെ അടുപ്പമുള്ള ആരെങ്കിലും ഒരാൾ” ഞാൻ സ്ട്രാട്ടന് നേരെ നോക്കി. “ഇവിടെയുള്ള ഈ സുഹൃത്തിനെക്കുറിച്ച് എന്ത് പറയുന്നു? എത്ര കാലമായി ഇയാൾ നിങ്ങളോടൊപ്പമുണ്ട്?”

സ്ട്രാട്ടന്റെ കൈ ഉയർന്ന് താഴ്ന്നു. എന്റെ ശിരസ്സിന്റെ ഒരു വശത്തേറ്റ പ്രഹരത്തിൽ പ്രജ്ഞ നഷ്ടപ്പെടുന്നത് പോലെ തോന്നി. ഇരു കൈകളും തലയിൽ അമർത്തി വേദനയോട് മല്ലിടവെ ഞാൻ കാലിടറി മുന്നോട്ട് വീഴുവാനാഞ്ഞു.

“ഇവിടെ കൊണ്ടു വാ അയാളെ യൂ ഫൂൾ എന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞിട്ടില്ല ഇതു വരെ” ഫോഗെൽ രോഷത്തോടെ പറഞ്ഞു.

എന്നെ തിരികെ പിടിച്ച് കൊണ്ടുവന്ന സ്ട്രാട്ടൺ തല പിറകോട്ട് മലർത്തിപ്പിടിച്ച് മേശമേൽ ഉണ്ടായിരുന്ന ഗ്ലാസിലെ ബ്രാണ്ടിയിൽ പകുതിയും എന്റെ വായിലേക്ക് കമഴ്ത്തി. ഒട്ടും താമസിച്ചില്ല പതിവുള്ള മനം‌പിരട്ടൽ അടിവയറ്റിൽ നിന്നും എല്ലാം കൂടി ഉരുണ്ടു കയറുന്നത് പോലെ അനിവാര്യമായത് സംഭവിച്ചു സ്ട്രാട്ടന്റെ വൃത്തിയുള്ള ഗ്രേ സ്യൂട്ടിൽ എമ്പാടും എന്റെ ഛർദ്ദിൽ നിറഞ്ഞു പടർന്നു. അറപ്പ് കൊണ്ട് അലറിയ സ്ട്രാട്ടൻ എന്നെ ദൂരേക്ക് ശക്തിയായി പിടിച്ച് തള്ളി. ചുവരിനടുത്ത് ചെന്ന് വീണുപോയ ഞാൻ എഴുന്നേറ്റ് നോക്കിയപ്പോൾ കണ്ടത് തന്റെ സ്യൂട്ടിന്റെ ബട്ടണുകൾ അഴിച്ചു കൊണ്ടിരിക്കുന്ന സ്ട്രാട്ടനെയാണ്. അല്പം ശുദ്ധവായുവിനായി ദീർഘമായി ശ്വസിച്ചിട്ട് ഞാൻ കതക് തുറന്ന് പുറത്തേക്ക് കുതിച്ചു.

എന്റെ തൊട്ട് പിന്നാലെ ഓടിയെത്തിയ അയാളെ ഞാൻ ആഞ്ഞ് തൊഴിച്ചു. മുഖത്ത് ചവിട്ടേറ്റ അയാൾക്ക് കൂടുതലൊന്നും ചെയ്യാൻ കഴിയുന്നതിന് മുമ്പ് തന്നെ ഞാൻ ഡെക്കിലെത്തിക്കഴിഞ്ഞിരുന്നു. തന്റെ ക്രൂവുമായി സംസാരിച്ചു കൊണ്ട് മൂന്നോ നാലോ അടി അകലെയായി ഡ ഗാമ നിൽക്കുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി എന്നെ കണ്ടതും അയാൾ വെട്ടിത്തിരിഞ്ഞു. എന്നാൽ അയാൾക്ക് ഒന്നും തന്നെ ചെയ്യാനാകുന്നതിന് മുമ്പ് ഡെക്കിലെ കൈവരികൾക്ക് മുകളിലൂടെ ഞാൻ താഴേക്ക് ചാടിക്കഴിഞ്ഞിരുന്നു.

തണുപ്പ് അസഹനീയമായിരുന്നു. തണുത്തുറഞ്ഞ വെള്ളത്തിനടിയിൽ എത്തിയതും എന്റെ ഹൃദയമിടിപ്പ് നിന്നു പോകുമോ എന്ന് വരെ ശങ്കിച്ച നിമിഷങ്ങൾപിന്നെ പതുക്കെ ഉയർന്ന് ഉപരിതലത്തിലെത്തിയ ഞാൻ കനത്ത മൂടൽമഞ്ഞിന്റെ ആവരണത്തിനുള്ളിൽ സുരക്ഷിതനായിരുന്നു. ഒട്ടും താമസിച്ചില്ല ആവുന്നത്ര വേഗതയിൽ ഞാൻ കര ലക്ഷ്യമാക്കി നീന്തുവാൻ തുടങ്ങി.
  
(തുടരും)

Sunday 19 July 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 40



ഹാർബറിൽ എത്തിയപ്പോഴേക്കും മൂടൽ മഞ്ഞ് ഒരു നനഞ്ഞ പുതപ്പ് പോലെ എന്നെ ആവരണം ചെയ്തു കഴിഞ്ഞിരുന്നു. എങ്കിലും സുരക്ഷിതമായി തോണി കരയ്ക്കടുപ്പിച്ച് കെട്ടിയതിന് ശേഷം ഞാൻ ജെട്ടിയിലേക്കുള്ള പടവുകൾ കയറി.

ജെട്ടിയിലൂടെ നടക്കവെ ദൂരെ കടലിൽ എവിടെയോ ശ്രദ്ധാപൂർവ്വം നീങ്ങുന്ന ഒരു ട്രോളറിന്റെ ഫോഗ് ഹോൺ മുഴങ്ങിക്കേട്ടു. സ്ലിപ്പ് വേയുടെ മുകളറ്റത്താണ് ഞാൻ എന്റെ വിമാനം പാർക്ക് ചെയ്തിരുന്നത്. അടുത്ത യാത്രക്കായുള്ള ഇന്ധനം നിറക്കേണ്ടിയിരിക്കുന്നു. ഇന്ധനം സൂക്ഷിച്ചിരിക്കുന്ന ഇടത്ത് നിന്നും ഇരു കൈകളിലും ഓരോ ക്യാനുകൾ എടുത്തു കൊണ്ടു വന്ന് ടാങ്കിൽ ഒഴിച്ചിട്ട് തിരികെ ചെന്ന് വീണ്ടും അതേ പ്രവൃത്തി തുടർന്നു. ഏതാണ്ട് ഇരുപത് മിനിറ്റോളമായിരിക്കുന്നു ഈ ജോലി തുടങ്ങിയിട്ട്. തണുത്ത അന്തരീക്ഷമായിരുന്നിട്ടും അപ്പോഴേക്കും ഞാൻ വിയർത്തു കുളിച്ചിരുന്നു.  ആരുടെയോ കാലടി ശബ്ദം അടുത്ത് വരുന്നത് കേട്ടത് അപ്പോഴായിരുന്നു. മഞ്ഞിന്റെ കനത്ത ആവരണത്തിനുള്ളിൽ നിന്നും പ്രത്യക്ഷപ്പെട്ട ഏതോ ഒരു നാവികൻ ഒന്നും ഉരിയാടാതെ എന്നെക്കടന്ന്  ജെട്ടിയുടെ അപ്പുറം അപ്രത്യക്ഷനായി. നശിച്ച ഈ രാത്രിയിൽ ഇവിടെ അവശേഷിച്ചിരിക്കുന്നത് ഞാൻ മാത്രമാണെന്ന് തോന്നുന്നു.

അവസാനത്തെ ക്യാനും ടാങ്കിലേക്ക് കമഴ്ത്തിയിട്ട് ഒരു നിമിഷം ഞാൻ വിശ്രമിച്ചു. ഇനി റിങ്ങ് ബോൾട്ടുകളിൽ ബന്ധിച്ച് വിമാനം സുരക്ഷിതമാക്കണം. പെട്ടെന്നാണ് ഞാൻ തിരിഞ്ഞ് മൂടൽമഞ്ഞിനുള്ളിലേക്ക് സൂക്ഷിച്ച് നോക്കിയത് പ്രത്യേകിച്ചൊരു അനക്കവും കേൾക്കാനായില്ലെങ്കിലും എന്നെ ആരോ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് പോലെ ഒരു തോന്നൽ കാണാൻ കഴിയുന്നില്ലെങ്കിലും ആരോ എനിക്കായി കാത്ത് നിൽക്കുന്നത് പോലെ

ഒരു പക്ഷേ, എന്റെ തോന്നൽ മാത്രമായിരിക്കാം ഉള്ളിലെ ഭയത്തിൽ നിന്നും ഉരുത്തിരിഞ്ഞ വിഭ്രാന്തി മാംസപേശികൾ വലിഞ്ഞ് മുറുകുന്നത് പോലെ പെട്ടെന്ന് ജോലി തീർക്കുവാനായി ഞാൻ തിരിഞ്ഞു. പക്ഷേ, എന്തോ ഒന്ന് എന്നെ പിന്തുടരുന്നുണ്ട് ശബ്ദമൊന്നും കേട്ടില്ലെങ്കിലും എനിക്ക് പിന്നിൽ എന്തോ ഒരു അനക്കം പോലെ അനുഭവപ്പെട്ടു. അന്തരീക്ഷവായുവിൽ ചെറു ചലനം പോലെ ഞാൻ എഴുന്നേറ്റപ്പോഴേക്കും വൈകിപ്പോയിരുന്നു. എന്റെ പിൻ‌കഴുത്തിന് താഴെയായി ശക്തിയായ ഒരു പ്രഹരമേറ്റത് പെട്ടെന്നായിരുന്നു. കമഴ്ന്ന് വീണുപോയ ഞാൻ നനഞ്ഞ കോൺക്രീറ്റ് തറയിൽ മുഖമടിച്ച് ഏതാനും നിമിഷം കിടന്നു. പിന്നെ എന്തോ ഒന്ന് എന്നെ ഒന്നടങ്കം പൊതിഞ്ഞു. മത്സ്യത്തിന്റെ ദുർഗന്ധം വമിക്കുന്ന വല പോലുള്ള നനഞ്ഞൊട്ടുന്ന എന്തോ ഒന്ന് പിന്നെ എനിക്കു ചുറ്റും അവശേഷിച്ചത് ഇരുട്ട് മാത്രമായിരുന്നു.

                                * * * * * * * * * * * * * * *

നിലയില്ലാത്ത വെള്ളത്തിനടിയിൽ നിന്നും ഇരുളിന്റെ ഓരോരോ പാളികളും താണ്ടി പതുക്കെ ഞാൻ മുകളിലേക്ക് പൊങ്ങിക്കൊണ്ടിരുന്നു. മേഘക്കീറുകളുടെ ഇടയിൽ നിന്നും അരിച്ചെത്തുന്ന പ്രഭാതകിരണങ്ങളുടെ വെട്ടം പതിയെ തെളിഞ്ഞു വരുന്നു.  ജലോപരിതലത്തിലേക്കെത്തിയ ഞാൻ കണ്ണുകൾ വലിച്ച് തുറന്ന് ചുറ്റുപാടും തുറിച്ചു നോക്കി. നല്ല തലവേദന ഞാനാരാണെന്നോ എനിക്കെന്താണ് സംഭവിച്ചതെന്നോ മനസ്സിലാക്കാനാവാതെ കുറേ നേരം ആ അവസ്ഥയിൽ തന്നെ ഞാൻ കഴിച്ചുകൂട്ടി. ഈ അവസ്ഥയും പഴയതുമായി തമ്മിൽ ബന്ധപ്പെടുത്തുവാനായി എന്നെ സഹായിച്ചത് മൂക്കിലേടിച്ചു കയറിയ ചീഞ്ഞ മത്സ്യത്തിന്റെ ദുർഗന്ധമായിരുന്നു. അതെ ഞാൻ കിടക്കുന്നത് നനഞ്ഞ മത്സ്യബന്ധന വലയുടെ കൂമ്പാരത്തിന് മുകളിലാണ്

ഏതോ ഒരു കപ്പലിന്റെ അടിത്തട്ടിലാണ് ഞാൻ എന്ന് തോന്നുന്നു. കണ്ടിട്ട് ഒരു ട്രോളറിന്റെ ഉൾഭാഗം പോലുണ്ട്. അത്രയൊന്നും വെളിച്ചമില്ലാത്തതിനാൽ ഒന്നും തന്നെ വ്യക്തമാകുന്നില്ല. എനിക്ക് മുകളിൽ ഡെക്കിൽ ആരോ നടന്നു നീങ്ങുന്നതിന്റെ പാദപതനം പെരുമ്പറ പോലെ മുഴങ്ങി. പതുക്കെ ഞാൻ എഴുന്നേറ്റ് ഇരുന്നു.

തലയ്ക്കുള്ളിൽ ഒരു ചെറു സ്ഫോടനം നടന്നത് പോലെ വേദനയാൽ പല്ല് കടിച്ചു പിടിച്ച എന്റെ കണ്ണുകൾ അറിയാതെ അടഞ്ഞു. നന്നായി ഒന്ന് ശ്വസിക്കണം കഴിവിന്റെ പരമാവധി ശ്രമിച്ച് ഞാൻ ദീർഘമായി ശ്വസിക്കുവാൻ നോക്കി. അൽപ്പം ആശ്വാസം തോന്നുന്നു ഇപ്പോൾ.

ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് ഞാൻ ഇരുട്ടിൽ തപ്പിത്തടഞ്ഞ് മുന്നോട്ട് നീങ്ങി. മുകളിലെ തട്ടിൽ നിന്നും അരിച്ചിറങ്ങുന്ന പ്രകാശവീചി കണ്ടതും ഞാൻ നിന്നു. അതേ ഡെക്കിലേക്കുള്ള ചെറിയ കിളിവാതിലാണത് കതകിന്റെ അരികുകൾ ചേരാത്തത് കൊണ്ടാണ് ചെറുതായെങ്കിലും ആ പ്രകാശം എന്റെ കണ്ണിൽ പെട്ടത്. എന്റെ തലയുടെ മുകളിൽ നിന്നും ഏതാണ്ട് നാലടി ഉയരത്തിലായിരുന്നു അത്. ഞാൻ ജീവനോടെ ഉണ്ട് എന്നറിയിക്കുന്നതിന് ഒരേയൊരു മാർഗ്ഗമേ ഉണ്ടായിരുന്നുള്ളൂ. ഉച്ചത്തിൽ അലറി വിളിക്കുവാൻ ഞാൻ തീരുമാനിച്ചു.

മുകളിൽ ഡെക്കിൽ വീണ്ടും ആരുടെയോ പാദപതനം അടുത്തു വന്നു. അടുത്ത നിമിഷം ആ കിളിവാതിലിന്റെ കതക് മുകളിലേക്ക് തുറക്കപ്പെട്ടു. ആരോ ഒരാൾ അവിടെ നിന്നും താഴോട്ട് എന്റെ നേരെ നോക്കി. തൊപ്പി ധരിച്ച് നീണ്ട മീശയുള്ള ഒരു ഒരു നാവികൻ. സ്പാനിഷ്‌‌കാരനാണെന്ന് തോന്നുന്നു. പെട്ടെന്നാണ് ആ മുഖം ഞാൻ തിരിച്ചറിഞ്ഞത് ഫ്രെഡറിക്‌സ്മട്ടിൽ വച്ച് അന്നൊരു രാത്രിയിൽ അടിപിടിയുണ്ടാക്കിയ ഡ ഗാമയുടെ സംഘത്തിൽ ഉണ്ടായിരുന്നയാൾ!

പക്ഷേ, അയാൾ എന്നെ എന്തിന് തട്ടിക്കൊണ്ടു വരണം? അന്നത്തെ സംഭവത്തിന് പകരം വീട്ടാനായിരിക്കണം അല്ലാതെ വേറൊരു കാരണവും കാണുന്നില്ല. വാതിൽ തുറന്ന് എന്നെ നോക്കിയ ആ മനുഷ്യന്റെ മുഖത്ത് നിന്ന് ഒന്നും തന്നെ വായിച്ചെടുക്കാനാകുന്നില്ല. ആ കതക് യഥാസ്ഥാനത്ത് അടച്ച് വച്ചിട്ട് അയാൾ തിരികെ പോയി.

കൈകളിൽ ശിരസ്സും താങ്ങി ഞാൻ വീണ്ടും അവിടെത്തന്നെ ഇരുന്ന് ഗാഢമായി ശ്വാസമെടുക്കുവാൻ ശ്രമിച്ചു. പക്ഷേ, അതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ല. ചുറ്റുമുള്ള ഇരുട്ടും ചീഞ്ഞു തുടങ്ങിയ മത്സ്യത്തിന്റെ ദുർഗന്ധവും പിൻ‌കഴുത്തിലെ വേദനയും എല്ലാം കൂടി വല്ലാത്തൊരു അവസ്ഥയിൽ എന്നെ എത്തിച്ചു. പിന്നെ പിടിച്ചു നിൽക്കാൻ എനിക്കായില്ല. ഒരു വശത്തേക്കുരുണ്ടു മാറിയ ഞാൻ ശക്തിയായി ഛർദ്ദിച്ചു.

അല്പം ആശ്വാസം തോന്നുന്നു ഇപ്പോൾ. ഞാൻ വാച്ചിലേക്ക് നോക്കി. ഭാഗ്യം അത് ഓടുന്നുണ്ട്. ഏഴു മണിയായിരിക്കുന്നു ആ ദുർഗന്ധവുമേറ്റ് വീണ്ടും ഞാൻ അവിടെത്തന്നെ ഇരുന്നു.

ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞു കാണും. മുകളിലെ കിളിവാതിൽ വീണ്ടും തുറക്കപ്പെട്ടു. ഇത്തവണ അയാളോടൊപ്പം ഡ ഗാമയും ഉണ്ടായിരുന്നു. ചുണ്ടിൽ ഒരു സിഗരറ്റുമായി അയാൾ അവിടെയിരുന്ന് എന്നെ സൂക്ഷിച്ചു നോക്കി. എലിയെ പിടിച്ച് മുന്നിലിട്ട് വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന പൂച്ചയുടെ ഭാവമായിരുന്നു അയാളുടെ മുഖത്ത്.

അയാൾ തിരിഞ്ഞ് തന്റെ അനുയായിയോട് എന്തോ പറഞ്ഞു. അല്പ സമയത്തിനകം ഒരു കോണി മുകളിൽ നിന്നും താഴേക്കിറക്കി തന്നു അവർ. ഭയമോ മറ്റെന്തെങ്കിലും വികാരങ്ങളോ തോന്നുവാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അപ്പോൾ ഞാൻ. അത്രയും ക്ഷീണിതനായിരുന്നു ഞാൻ. ഒരു വിധം മുകളിലെത്തി ഡെക്കിൽ മലർന്ന് കിടന്ന എന്റെ ശ്വാസകോശങ്ങൾ അല്പം ശുദ്ധവായുവിനായി വെമ്പി. ഈറനാർന്ന അന്തരീക്ഷത്തിൽ നിന്നും ഞാൻ ആവുന്നത്ര വായു ഉള്ളിലേക്കെടുക്കുവാൻ ശ്രമിച്ചു.

എനിക്കരികിൽ വന്ന് ഇരുന്ന ഡ ഗാമയുടെ മുഖത്ത് കണ്ട ഉത്ക്കണ്ഠ അഭിനയമായിരുന്നിരിക്കണം.

“കണ്ടിട്ട് വല്ലാത്ത ക്ഷീണം പോലെഎന്ത് തോന്നുന്നു മിസ്റ്റർ മാർട്ടിൻ?”

“തീരെ വയ്യ” ക്ഷീണിതനായി ഞാൻ പറഞ്ഞു.

ഗൌരവത്തോടെ അയാൾ തല കുലുക്കി. പിന്നെ ചുണ്ടിൽ നിന്നും സിഗരറ്റ് എടുത്ത് അതിന്റെ തീ എരിയുന്ന ഭാഗം എന്റെ കവിളിൽ ചേർത്തു വച്ചു. കുത്തു കൊണ്ട പന്നിയെപ്പോലെ അലറി വിളിച്ച് ഉരുണ്ട് മാറി ഞാൻ ചാടിയെഴുന്നേറ്റു.

അയാളുടെ അനുയായി തന്റെ ബെൽറ്റിൽ നിന്നും വലിച്ചൂരിയ കത്തി നീട്ടിപ്പിടിച്ച് എന്റെ നേർക്ക് നീങ്ങി. അത് കണ്ട ഗാമ അലറിച്ചിരിച്ചു.

“ഇപ്പോൾ നല്ല സുഖം തോന്നുന്നുണ്ടല്ലേ മിസ്റ്റർ മാർട്ടിൻ? അവശനിലയിലുള്ള കിടപ്പിൽ നിന്നും ചാടിയെഴുന്നേൽക്കുവാനുള്ള സ്ഥിതിയിലേക്കെത്തിയില്ലേ?”

രക്ഷപെടുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്നറിയുവാൻ ഞാൻ ചുറ്റും ഒന്ന് വീക്ഷിച്ചു. ആ സമയത്താണ് ഗാമയുടെ സഹായി കത്തിയുമായി വന്ന് എന്റെ പുറത്ത് വരഞ്ഞത്. കീറിയ വസ്ത്രത്തിനടിയിൽ നിന്നും രക്തം കിനിയുന്നത് ഞാൻ അറിഞ്ഞു.

പോർച്ചുഗീസ് ഭാഷയിൽ തന്റെ സഹായിയോട് എന്തോ പറഞ്ഞിട്ട് ഗാമ ഡെക്കിലൂടെ കപ്പലിന്റെ പിൻഭാഗത്തേക്ക് നീങ്ങി. ആ നാവികനാകട്ടെ ബലമായി എന്നെയും കൊണ്ട് അയാളെ അനുഗമിച്ചു.

കപ്പലിന്റെ പിൻഭാഗത്തുള്ള ക്യാബിന്റെ വാതിൽ തുറന്ന് ഗാമ ഒരു വശത്തേക്ക് മാറി നിന്നിട്ട് തന്റെ സഹായിയോട് പൊയ്ക്കൊള്ളുവാൻ ആംഗ്യം കാണിച്ചു. പിന്നെ എന്റെ ചുമലിൽ പിടിച്ച് ആ മുറിയ്ക്കുള്ളിലേക്ക് ആഞ്ഞു തള്ളി. അടി തെറ്റിയ ഞാൻ വേച്ചു വേച്ച് ചെന്ന് തറയിൽ കമഴ്ന്ന് വീണു.

വീണ്ടും കണ്ണുകളിൽ ഇരുട്ട് കയറുന്നു ഒരു നിമിഷം ആ അവസ്ഥയിൽ അങ്ങനെ കിടക്കുമ്പോഴാണ് പരിചിതമായ ആ സ്വരം എന്റെ കാതുകളിൽ എത്തിയത്.

“വല്ലാത്ത കുരുക്കിലാണ് വന്ന് പെട്ടിരിക്കുന്നത് അല്ലേ ചങ്ങാതീ?”

തറയിൽ നിന്നും എന്നെ പിടിച്ചെഴുന്നേൽപ്പിച്ച റാൾഫ് സ്ട്രാട്ടൺ അടുത്തുള്ള കസേരയിലേക്ക് എന്നെ പിടിച്ച് തള്ളി. എന്താണ് സംഭവിക്കുന്നതെന്നറിയുവാൻ ബദ്ധപ്പെട്ട് ചുറ്റും നോക്കിയ ഞാൻ കണ്ടത് മേശയുടെ എതിർഭാഗത്തുള്ള കസേരയിൽ ഇരിക്കുന്ന ഫോഗെലിനെയാണ്.

(തുടരും)

Saturday 11 July 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 39



ഹാർബറിൽ നിന്നും പുറപ്പെടുമ്പോൾ മഴയുടെ ശക്തി കുറഞ്ഞിരുന്നു. ക്രീക്കിൽ മൂടൽ മഞ്ഞ് പരന്ന് തുടങ്ങിയിരിക്കുന്നു. ഇന്നത്തെ രാത്രി അത്ര നല്ല കാലാവസ്ഥ ആയിരിക്കില്ല എന്നതിന്റെ സൂചന റബ്ബർ കൊണ്ട് നിർമ്മിച്ച ഒരു ചെറിയ തോണി വാടകയ്ക്കെടുത്താണ് ഞാൻ തിരിച്ചിരിക്കുന്നത്.  അതിൽ ഘടിപ്പിച്ചിരിക്കുന്ന വലിയ ഔട്ട്ബോർഡ് എൻ‌ജിൻ വിചാരിച്ചതിലും വേഗതയാണ് അതിന് നൽകിയത്.

പടക്കപ്പലുകളെപ്പോലെ നിരനിരയായി തൂവെള്ള, ഇളം നീല, പച്ച എന്നിങ്ങനെ വിവിധ വർണ്ണങ്ങളോടെ ഒഴുകിക്കൊണ്ടിരിക്കുന്ന നാല് വലിയ മഞ്ഞുമലകൾക്കരികിലൂടെ ഞാൻ കടലിലേക്ക് നീങ്ങി. പെട്ടെന്നാണ് തോണിയുടെ വലത് ഭാഗത്തായി ഒരു തിരയിളക്കം ഉണ്ടായത്. അടുത്ത നിമിഷം ഉയർന്ന് പൊങ്ങിയ ഒരു തിമിംഗലം വീണ്ടും വെള്ളത്തിനടിയിലേക്ക് മുങ്ങാംകുഴിയിട്ട് മറഞ്ഞു.

മുഖത്തേക്ക് പതിക്കുന്ന തണുത്ത ചാറ്റൽ മഴയുമേറ്റ് സാമാന്യം വേഗതയിലുള്ള ആ യാത്ര തികച്ചും ആവേശം പകരേണ്ടത് തന്നെയാണ്. എന്നാൽ മനോഹരമായ ആ അനുഭവം അത്ര കണ്ട് ആസ്വദിക്കുവാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ. എത്രയും പെട്ടെന്ന് ആർണിയെ കണ്ടെത്തി അവനെ കാത്തിരിക്കുന്ന അപകടത്തെക്കുറിച്ച് ബോധവാനാക്കുക എന്നതാണ് ഇപ്പോൾ പ്രധാനം.

ഏതാണ്ട് ഒരു മൈൽ അകലെയായി ഓളങ്ങളിൽ ചാഞ്ചാടിക്കൊണ്ടിരുന്ന ആ പഴയ വെയ്‌ൽ ബോട്ട് അവന്റേതായിരുന്നു. ഓയിൽ‌സ്കിൻ കോട്ടും സൂവെസ്റ്ററും ധരിച്ച അവൻ ചൂണ്ടയുപയോഗിച്ച് മീൻ പിടിക്കുവാനുള്ള ശ്രമത്തിലാണ്. അവൻ ഇരിക്കുന്ന സീറ്റിനടിയിൽ സൂക്ഷിച്ചിരിക്കുന്ന ഡബിൾ ബാരൽ ഗൺ ഞാൻ ശ്രദ്ധിക്കാതിരുന്നില്ല.

ഞാൻ എറിഞ്ഞു കൊടുത്ത കയർ പിടിച്ച് എന്റെ തോണി അവൻ ബോട്ടിനോട് അടുപ്പിച്ചു. അടുത്ത നിമിഷം ഞാൻ ബോട്ടിലേക്ക് കയറി അവനരികിലെത്തി.

“ഓ നിന്നെ കണ്ടു കിട്ടാൻ വലിയ ബുദ്ധിമുട്ടാണല്ലോ ആർണീ അല്പം മുമ്പ് മില്ലറെ ഞാൻ കണ്ടിരുന്നു നാളെ രാവിലെ ആകുമ്പോഴേക്കും നിന്റെ വിമാനം പറക്കാൻ പാകത്തിലാകുമെന്ന് പറഞ്ഞു

“അതൊരു നല്ല വാർത്തയാണല്ലോ” ആഹ്ലാദത്തോടെ അവൻ ഒരു തെർമോഫ്ലാസ്ക് എന്റെ നേർക്ക് നീട്ടി. “ചൂടു കാപ്പിയാണ് പകർന്ന് കുടിച്ചോളൂ

അവൻ വീണ്ടും തന്റെ ചൂണ്ടയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. സ്പൂണിന്റെ ആകൃതിയിലുള്ള ഒരു വസ്തു നൂലിൽ കോർത്ത് അവൻ വെള്ളത്തിലേക്കിടുകയാണ്.

ഞാൻ തലയാട്ടി. “നീ ഇനിയും ഇതൊന്നും പഠിച്ചില്ലേ ആർണീ? ഇതിന്റെയൊന്നും ആവശ്യമേയില്ല ഒരു വെറും ചൂണ്ട ഇട്ടാൽ പോലും ധാരാളം നീ ഉദ്ദേശിക്കുന്ന മത്സ്യം - അതായത്  കോഡ് -  കടലിന്റെ അടിത്തട്ടിൽ ഇരപിടിക്കുന്ന ഇനമാണ്ദാ, ഇതു പോലെ, ചൂണ്ട മുകളിലേക്കും താഴേക്കും ചലിപ്പിച്ചുകൊണ്ടിരുന്നാൽ മതി

അവന്റെ കൈയിൽ നിന്നും ചുണ്ട വാങ്ങിയിട്ട് അത് എങ്ങനെയെന്ന് ഞാൻ കാണിച്ചു കൊടുത്തു. എന്നിട്ട് തികച്ചും ലാഘവത്തോടെ ഞാൻ ചോദിച്ചു.  “ആ മരതക കല്ലുകൾ നീ എന്തു ചെയ്തു ആർണീ?”

“മരതകക്കല്ലോ?” അവന്റെ മുഖം ഒരു കൊച്ചു കുട്ടിയുടേതെന്ന പോലെ നിഷ്കളങ്കമായിരുന്നു. “നിങ്ങളെന്തൊക്കെയാണീ പറയുന്നത്, ജോ?”

“മഞ്ഞുമലയിൽ തകർന്നു കിടക്കുന്ന ഹെറോൺ വിമാനത്തിനകത്ത് നിന്നും ലഭിച്ച ആ മരതകക്കല്ലുകൾ സാറാ കെൽ‌സോ നിന്നോട് പറഞ്ഞില്ലേ അതേ മരതകക്കല്ലുകൾ ഇനി ഇക്കാര്യം നീ നിഷേധിക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി ഞാൻ പറയാം വിമാനം തകർന്ന് കിടക്കുന്നയിടത്ത് നിന്നും ഏതാണ്ട് അര മൈൽ മാറി ഒരു സ്കീ പ്ലെയ്‌ൻ ലാന്റ് ചെയ്തതിന്റെ അടയാളം ഞാൻ കണ്ടുപിടിച്ചു മാത്രമല്ല, കുറച്ച് ഓയിൽ ചോർന്നതിന്റെ പാടയും

“ഈ ലോകത്ത് എനിക്ക് മാത്രമേ സ്കീ പ്ലെയ്‌ൻ ഉള്ളോ?”

“ഈ പ്രദേശത്ത് അങ്ങനെയൊരാൾ നീ മാത്രമേയുള്ളൂ നാല്പതിനായിരം ക്രോണെ വിലമതിക്കുന്ന മരതകക്കല്ല്  ഒരു പെണ്ണിന് സമ്മാനമായി നൽകാൻ കഴിവുള്ള വ്യക്തി നീ മാത്രമേ ഉണ്ടാകൂ ഒന്നും ഒളിച്ച് വയ്ക്കാതെ യാഥാർത്ഥ്യത്തിലേക്ക് തിരികെ വരൂ ആർണീ
 
അവന്റെ മുഖം വലിഞ്ഞ് മുറുകുന്നത് പോലെ തോന്നി. “ജോ നിങ്ങൾക്ക് നിങ്ങളുടെ കാര്യം മാത്രം നോക്കിയാൽ പോരേ?”

എന്നാൽ ആ ചോദ്യം അവഗണിച്ച് ഞാൻ തുടർന്നു. “അന്ന് രാത്രി സാറാ കെൽ‌സോയുടെ റൂമിന് മുന്നിൽ വച്ച് മദ്യലഹരിയിൽ നീ അവളുടെ ദേഹത്ത് ഇടിച്ച് കയറിയത് ഓർമ്മയുണ്ടോ? തനിക്ക് ഇണങ്ങുന്ന ഒരു ഇരയെ ലഭിച്ചിരിക്കുന്നു എന്ന് ആ നിമിഷം അവൾ മനസ്സിലാക്കിയിരുന്നു അതായത്, അവളുടെ സൌന്ദര്യത്തിൽ മയങ്ങിയ നിന്നെ ചൊൽപ്പടിക്ക് നിർത്തി അവൾക്കാവശ്യമുള്ള എന്തും നേടാമെന്ന അതിരു കവിഞ്ഞ ആത്മവിശ്വാസം ഫോഗെലിന്റെ കൌശലങ്ങൾക്കും ഒരു പടി മുന്നിലായി നീങ്ങാമെന്നായിരുന്നു അവളുടെ കണക്കു കൂട്ടൽ തകർന്ന വിമാനത്തിനരികിൽ നിന്നെ അയച്ച് മരതകക്കല്ലുകൾ ശേഖരിച്ചുകൊണ്ടുവരിക എന്നിട്ട് ആ പ്രദേശത്ത് ലാന്റ് ചെയ്യുവാൻ യാതൊരു മാർഗ്ഗവുമില്ല എന്ന കഥ പറഞ്ഞുപരത്തുക

ഈ പറഞ്ഞതത്രയും സാഹചര്യ തെളിവുകൾ വച്ചു കൊണ്ട് ബുദ്ധിപൂർവ്വം ഞാൻ മെനഞ്ഞ കഥയായിരുന്നുവെങ്കിലും അവന്റെ മുഖഭാവത്തിൽ നിന്നും ശരിയായ വഴിയിലാണ് ഞാൻ നീങ്ങുന്നതെന്ന് മനസ്സിലായി. ഞാൻ തുടർന്നു.

“അങ്ങോട്ട് പോകാനുള്ള എന്റെ ശ്രമത്തിന് ഒരു ഘട്ടത്തിൽ നീ തടയിടുക പോലും ചെയ്തു ഒരു ഫ്ലോട്ട് പ്ലെയ്‌നിന് ലാന്റ് ചെയ്യാൻ സാധിക്കാത്ത വിധം മഞ്ഞു കട്ടകൾ നിറഞ്ഞു കിടക്കുകയാണ് സ്യൂലേ തടാകത്തിൽ എന്ന് പറഞ്ഞ് അടുത്ത ദിവസം സൂര്യാസ്തമയത്തിന് ശേഷം നിങ്ങൾ ഇരുവരും കൂടി അങ്ങോട്ട് പറക്കുവാനായിരുന്നു അവളുടെ പദ്ധതിയെങ്കിലും അവളെക്കാൾ ബുദ്ധിമാനായ നീ മറ്റൊരു കഥ അവൾക്ക് മുന്നിൽ നിരത്തി. തലേദിവസം ആ പ്രദേശത്തിന് മുകളിൽ ചുറ്റിക്കറങ്ങിയെങ്കിലും ലാന്റ് ചെയ്യാൻ പറ്റാത്ത സാഹചര്യമായിരുന്നു എന്ന് എന്നാൽ നിന്റെ വാക്കുകൾ വിശ്വസിക്കാൻ അവൾക്കാകുമായിരുന്നില്ല പ്രത്യേകിച്ചും പിറ്റേന്ന് രാവിലെ നിനക്ക് മറ്റൊരു ട്രിപ്പ് ഉണ്ടെന്ന് അവളോട് പറഞ്ഞപ്പോൾ അതായത് ഞാൻ ഫോഗെലിനെയും സംഘത്തെയും കൊണ്ട് സാൻ‌ഡ്‌വിഗിലേക്ക് പുറപ്പെടുവാൻ തീരുമാനിച്ച അതേ പ്രഭാതത്തിൽ അതിനാൽ അന്ന് രാത്രി അവൾ തനിയേ എയർസ്ട്രിപ്പിൽ ചെന്ന് ആ ട്രക്ക് സ്റ്റാർട്ട് ചെയ്ത് നിന്റെ വിമാനത്തിലേക്ക് ഇടിച്ച് കയറ്റി നിനക്ക് ഗ്രീൻലാന്റിൽ നിന്നും പുറത്ത് കടക്കാനാവില്ല എന്ന് ഉറപ്പ് വരുത്താൻ വേണ്ടി

ഒരെതിർപ്പും പ്രകടിപ്പിക്കാതെ എല്ലാം കേട്ടിരുന്നതിന് ശേഷം അവൻ പതുക്കെ പറഞ്ഞു. “സോന്ദ്രേയിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക് ഒരു ബോട്ടുണ്ടായിരുന്നു ഒരു സാധാരണ യാത്രികൻ എന്ന നിലയിൽ അതിൽ കയറി കാനഡയിലേക്കോ യൂറോപ്പിലേക്കോ ഉള്ള ഏതെങ്കിലും വിമാനം വേണമെങ്കിൽ എനിക്ക് പിടിക്കാമായിരുന്നു

ഞാൻ തലയാട്ടി. “അത്രയും മരതകക്കല്ലുകളുമായോ? കസ്റ്റംസ് കടന്നു കിട്ടുക എന്നത് വലിയ റിസ്ക് തന്നെയാണ് വലിയൊരു മരതകവേട്ട തന്നെയായിരിക്കും അവരുടെ സർവീസ് സ്റ്റോറിയിൽ രേഖപ്പെടുത്തുക അതിനാൽ ഒരിക്കലും നീ ആ വഴി തെരഞ്ഞെടുക്കില്ല നിനക്ക് നിന്റെ വിമാനം റിപ്പയർ ചെയ്തെടുത്തേ മതിയാകുമായിരുന്നുള്ളൂ നിധി ഒളിപ്പിച്ച് വയ്ക്കുവാൻ ധാരാളം ഇടവും നിയന്ത്രണമില്ലാതെ എങ്ങോട്ടും പറക്കുവാനുള്ള സ്വാതന്ത്ര്യവും അതുകൊണ്ടാണ് നീ ഈ പരിസരത്ത് തന്നെ ഭയലേശമെന്യേ കഴിച്ചു കൂട്ടുന്നത്മാത്രവുമല്ല, നീ സാറാ കെൽ‌സോയെ കബളിപ്പിക്കുകയാണെന്ന് നൂറ് ശതമാനം ഉറപ്പ് അവൾക്കൊട്ടില്ല താനുംഅഥവാ ഉണ്ടെങ്കിൽ തന്നെ ഇക്കാര്യം ഫോഗെലിനോട് വെളിപ്പെടുത്താൻ പറ്റാത്ത അവസ്ഥയിലുമാണവൾ ഭാഗ്യം തുണച്ചിരുന്നെങ്കിൽ നീ ഇന്ന് ഗ്രീൻലാന്റിന് വെളിയിലാകുമായിരുന്നു ആർണീ പക്ഷേ, വൈകിപ്പോയി നിന്റെ രക്തത്തിനായി അവർ പിന്നാലെയുണ്ട് ഒരു സ്കീ പ്ലെയ്‌ൻ അവിടെ ലാന്റ് ചെയ്തിരിക്കുന്ന കാര്യം ഫോഗെൽ മനസ്സിലാക്കിയിട്ടുണ്ട് അയാളുടെ മുഖഭാവത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയത് ഒരാളുടെ ജീവൻ എടുക്കാൻ യാതൊരു മടിയുമില്ലാത്ത ആളാണെന്നാണ്

ഞാൻ പറഞ്ഞതൊന്നും തന്നെ നിഷേധിക്കുവാൻ അവൻ ഒരുങ്ങിയില്ല്ല. “എന്റെ കാര്യം നോക്കാൻ എനിക്കറിയാം” മ്ലാനതയോടെ അവൻ പറഞ്ഞു.

ദുഃശ്ശാഢ്യക്കാരനായ ഒരു കൊച്ചു കുട്ടിയുടെ വിവരമില്ലായ്മയായിട്ടാണ് അവന്റെ വാക്കുകൾ എനിക്ക് തോന്നിയത്.

“ആർണീ ദൈവത്തെയോർത്ത്, ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ എന്തിനും മടിയില്ലാത്തവരാണ് ഈ കൂട്ടർ നീ ഇപ്പോൾ ചെയ്ത ഈ വിശ്വാസവഞ്ചന അവർ പൊറുക്കില്ല നിന്റെ ജീവനിൽ കുറഞ്ഞതൊന്നും അവർ ആവശ്യപ്പെടില്ല

പെട്ടെന്നാണവൻ പൊട്ടിത്തെറിച്ചത്. ഒരു പക്ഷേ, ഭയവും അമർഷവും ഒക്കെ ആയിരിക്കാം അവനെ അതിന് പ്രേരിപ്പിച്ചത് അതുമല്ലെങ്കിൽ എന്നോട് ഒരിക്കലും പൊരുത്തപ്പെടാനാവാത്തതിന്റെ വെറുപ്പ്

“നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? ബാർ പരിചാരികയുടെ ഏപ്രണിന്റെ ഗന്ധം അടിക്കുമ്പോഴേക്കും ഛർദ്ദിക്കുന്ന നിങ്ങളെ ഒരു പുരുഷൻ എന്ന് പറയാൻ കഴിയുമോ? എന്ത് ചെയ്യണമെന്ന് എനിക്കറിയാംഅല്ലാതെ നിങ്ങളുടെ ഉപദേശവും കാത്തിരിക്കുകയാണെന്നാണോ വിചാരിച്ചിരിക്കുന്നത്? എന്നെ സഹായിക്കാനാണ് പോലും ! സ്വയം രക്ഷിക്കാൻ പോലും കഴിവില്ലാത്തവനാണ് എന്നെ രക്ഷിക്കാൻ വരുന്നത്...!” സീറ്റിനടിയിൽ നിന്നും തോക്കെടുത്ത് അവൻ ഉയർത്തിപ്പിടിച്ചു. “അവർ വരട്ടെ ചോദിക്കാനായിട്ട് അപ്പോൾ ഞാൻ കാണിച്ചുകൊടുക്കാം

എനിക്കൊന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല ഒന്നും തന്നെ പറയാനും അത്രയ്ക്കും അപഹാസ്യവും അപമാനകരവുമായിരുന്നു എന്റെ അവസ്ഥ. അവനെ രക്ഷിക്കുവാനായെങ്കിൽ എന്ന് ആത്മാർത്ഥമായും ഞാൻ ആഗ്രഹിച്ചു. സൈമൺസെനെ കാര്യങ്ങൾ ധരിപ്പിക്കാനായെങ്കിൽ പക്ഷേ, തെളിവുകളുടെ അഭാവത്തിൽ അദ്ദേഹവും ഒന്നും ചെയ്യാൻ സാദ്ധ്യതയില്ല. ഉപോൽബലകമായ ഒരു തെളിവും എന്റെ പക്കൽ ഒട്ടില്ല താനും മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇക്കാര്യത്തിൽ പങ്ക് ചേരുവാൻ എനിക്കൊട്ട് താല്പര്യവുമില്ല മറ്റ് പല പ്രശ്നങ്ങളിലേക്കുമായിരിക്കും അത് ചെന്നെത്തുക എന്റെ മനഃസാക്ഷിയോട് തന്നെ പലതും വിശദീകരിക്കേണ്ടി വരുംതൽക്കാലം എനിക്കതിനോട് യോജിപ്പില്ല.

പെട്ടെന്നാണ് ചൂണ്ടയിൽ എന്തോ കൊത്തിയതായി അനുഭവപ്പെട്ടത്. ചരട് ഉയർത്തിയപ്പോൾ കണ്ടത് ഏതാണ്ട് ഒന്നര കിലോയോളം ഭാരം വരുന്ന ഒരു മത്സ്യത്തെയാണ്. ബോട്ടിനുള്ളിലേക്ക് വലിച്ചെടുത്ത അതിനെ ആർണി തോക്കിന്റെ പാത്തികൊണ്ട് അടിച്ച് മയക്കി.

“ചുരുങ്ങിയത്, നിന്റെ ഇന്നത്തെ അത്താഴത്തിനുള്ള വകയെങ്കിലും സംഘടിപ്പിക്കുവാൻ എന്നെക്കൊണ്ടായല്ലോ...” ഞാൻ പറഞ്ഞു. “നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഈ കാലാവസ്ഥയിൽ ഇവിടെ അധികം തങ്ങില്ല മൂടൽമഞ്ഞ് ഇനിയും കൂടുവാനാണ് സാദ്ധ്യത

അവൻ ഒന്നും ഉരിയാടിയില്ല. തോക്ക് നെഞ്ചോട് ചേർത്ത് വച്ച് വിളറി വെളുത്ത മുഖവുമായി അവൻ അവിടെ ഇരുന്നു. ഭീതി യഥാർത്ഥ ഭയം അത് ആ കണ്ണുകളിൽ തെളിഞ്ഞു കാണാമായിരുന്നു. അവനെ അവിടെത്തന്നെ തങ്ങുവാൻ ഞാൻ അനുവദിച്ചു. അത് അങ്ങേയറ്റം തെറ്റായ  തീരുമാനമായിരുന്നുവെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. തോണിയിലേക്കിറങ്ങി ഔട്ട്ബോർഡ് എൻ‌ജിൻ സ്റ്റാർട്ട് ചെയ്ത് കരയിലേക്ക് മടങ്ങവെ മൂടൽ മഞ്ഞ് കനം വച്ച് തുടങ്ങിയിരുന്നു.    


(തുടരും)