Tuesday, 23 September 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 8ഡിസ്കോയുടെ ദക്ഷിണ തീരത്ത് നിന്നും ഏതാനും മൈലുകൾ അകലെയാണ് ഞങ്ങളിപ്പോൾ. താഴെ മന്ദം മന്ദം നീങ്ങിക്കൊണ്ടിരിക്കുന്ന രണ്ട് പോർച്ചുഗീസ് മത്സ്യബന്ധന നൌകകളെ തെളിഞ്ഞ അന്തരീക്ഷത്തിൽ വ്യക്തമായി കാണാനാകുന്നുണ്ട്. അവയെ അനുഗമിച്ചു കൊണ്ടിരിക്കുന്ന ചെറു നൌകകളുടെ ഒരു സംഘം. അവയുടെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള പായകൾ ഇളംകാറ്റിൽ നിറഞ്ഞ് സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്നു.

ദ്വീപിൽ തലയുയർത്തി നിൽക്കുന്ന പർവ്വതത്തിന് മുകളിലൂടെയാണിപ്പോൾ കടന്നു പോകുന്നത്. ആ ദ്വീപിനെ വൻ‌കരയിൽ നിന്നും വേർതിരിക്കുന്ന ഉൾക്കടലിന് മുകളിലേക്ക് കടന്നതും ഞാൻ വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് കുറച്ചു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതോടെ ഞാൻ തേടിക്കൊണ്ടിരുന്ന പ്രദേശത്തിന്റെ അടയാളങ്ങൾ താഴെ കണ്ടു തുടങ്ങി.  

എസ്കിമോ വംശജരായ മുക്കുവർ താമസിക്കുന്ന ഗ്രാമമാണ് നാർക്കാസിറ്റ്. തീരത്തിനോട് ചേർന്ന് നില കൊള്ളുന്ന പതിനഞ്ചോ പതിനാറോ മരക്കുടിലുകൾ. പിന്നെ രണ്ടോ മൂന്നോ ബോട്ടുകളും ഒരാൾക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന ഒരു ഡസനോളം ചെറു തോണികളും ബീച്ചിനോട് ചേർന്ന് ചാഞ്ചാടുന്നു.

ജാക്ക് ഡെസ്ഫോർജിന്റെ സ്റ്റെല്ല കരയിൽ നിന്നും ഏതാണ്ട് അമ്പത് വാര അകലെ നങ്കൂരമിട്ട് കിടപ്പുണ്ട്. ഡീസൽ എൻ‌ജിനാൽ പ്രവർത്തിക്കുന്ന തൊണ്ണൂറ് അടി നീളമുള്ള മെലിഞ്ഞ് കാണാനഴകുള്ള ഒരു കപ്പലാണ് സ്റ്റെല്ല. ലോഹ നിർമ്മിതമായ ബോഡി തൂവെള്ള നിറത്താൽ പെയ്ന്റ് ചെയ്ത് കടുംചുവപ്പ് കര കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. ലാന്റിങ്ങിനുള്ള തയ്യാറെടുപ്പിനായി കാറ്റിന്റെ ദിശക്കനുസൃതമായി വിമാനത്തെ വളച്ചെടുക്കവേ കപ്പലിന്റെ വീൽ ഹൌസിൽ നിന്നും ആരോ പുറത്ത് വന്ന് ഞങ്ങളെ വീക്ഷിക്കുന്നത് ഞാൻ വ്യക്തമായി കണ്ടു.

“ജാക്ക് ആണോ അത്? ശരിക്കും കാണുവാൻ സാധിച്ചില്ല” ഇലാന ചോദിച്ചു.

നിഷേധാർത്ഥത്തിൽ ഞാൻ തലയാട്ടി. “ഒലാഫ് സോറെൻസെൻഗ്രീൻലാന്റ്‌കാരൻ തന്നെയാണ് ഗോട്‌ഹാബ് സ്വദേശി തന്റെ കൈവെള്ളയെന്ന പോലെ മനഃപാഠമാണ് അയാൾക്ക് ഈ പ്രദേശം മുഴുവനും ഇവിടെ തങ്ങുന്നിടത്തോളം കാലം ജാക്ക് തന്റെ കപ്പലിനെ നയിക്കുവാൻ നിയമിച്ചിരിക്കുകയാണ് അയാളെ

“തന്റെ സ്ഥിരം ക്രൂവും അയാളൊടൊപ്പമുണ്ടോ?”

“തീർച്ചയായും ഒരു എൻ‌ജിനീയർ, രണ്ട് നാവികർ, ഒരു പാചകക്കാരൻ എല്ലാവരും അമേരിക്കക്കാരാണ് പിന്നെ ഒരു പരിചാരകനുണ്ട് ഫിലിപ്പീൻസ് സ്വദേശി

“മനസ്സിലായി ടോണി സെറഫിനോ എന്നല്ലേ അയാളുടെ പേര്?”

“അതെ അയാൾ തന്നെ

“അപ്പോൾ ഒരു പരിചയക്കാരനായി” അവളുടെ മുഖം പ്രസന്നമായി.

ഒരു വട്ടം കൂടി ഞാൻ താഴ്ന്ന് പറന്നു. എവിടെയെല്ലാം മഞ്ഞുകട്ടകൾ ഉറഞ്ഞ് കിടക്കുന്നുണ്ടെന്ന് തിട്ടപ്പെടുത്തുവാനായി അപകടകരമായി ഒന്നും തന്നെയില്ല എന്നുറപ്പായതും പിന്നെ സമയം പാഴാക്കിയില്ല. അടുത്ത റൌണ്ടിൽ നേരെ വെള്ളത്തിലേക്ക് ലാന്റ് ചെയ്തു. ബീച്ചിന് നേർക്ക് നീങ്ങവേ ഞാൻ വിമാനത്തിന്റെ ചക്രങ്ങൾ റിലീസ് ചെയ്തു. ഏതാനും നിമിഷങ്ങൾക്കകം ഞങ്ങളുടെ ഓട്ടർ ആംഫീബിയൻ കരയിലേക്ക് കയറി നിന്നു. ഞങ്ങളെ വരവേൽക്കുവാൻ ആദ്യം ഓടിയെത്തിയത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളിൽ ഒന്നായിരുന്നു. എൻ‌ജിൻ സ്വിച്ച് ഓഫ് ചെയ്ത് ഡോർ തുറന്ന് ഞാൻ താഴെയിറങ്ങിയപ്പോഴേക്കും ബാക്കിയുള്ളവയും എത്തിക്കഴിഞ്ഞിരുന്നു. നീണ്ട കാലുകളോടു കൂടിയ അവ വിമാനത്തിനു ചുറ്റും കൂടി നിന്ന് തങ്ങളുടെ പ്രതിഷേധം ഓലിയിട്ട് പ്രകടിപ്പിച്ചു.

അപ്പോഴേക്കും എവിടെ നിന്നോ ഓടിയെത്തിയ കുറച്ച് എസ്കിമോ കുട്ടികൾ കമ്പുകളും കല്ലും ഒക്കെ എറിഞ്ഞ് ആ നായ്ക്കൂട്ടത്തെ ദൂരേയ്ക്കോടിച്ചു. ശേഷം ഒരു ചെറുസംഘമായി ആ കുട്ടികൾ ഞങ്ങളുടെ നീക്കങ്ങൾ വീക്ഷിച്ചു കൊണ്ടു നിന്നു. തണുപ്പിൽ നിന്നും രക്ഷയ്ക്കായി ധരിച്ചിരിക്കുന്ന രോമക്കുപ്പായം അവർക്ക് ആവശ്യത്തിലധികം വണ്ണം തോന്നിപ്പിച്ചു. ആ മംഗോളിയൻ മുഖങ്ങളിൽ അല്പം പോലും മന്ദഹാസമോ സൌഹൃദഭാവമോ ഞങ്ങൾക്ക് ദർശിക്കാനായില്ല.

“ഒട്ടും അടുക്കുന്ന കൂട്ടത്തിലല്ല എന്ന് തോന്നുന്നു?” ഇലാന അഭിപ്രായപ്പെട്ടു.

“ഇത് വച്ച് ഒന്ന് ശ്രമിച്ച് നോക്ക്” പോക്കറ്റിൽ നിന്നും ഒരു ബ്രൌൺ പേപ്പർ ബാഗ് എടുത്ത് ഞാൻ അവൾക്ക് നീട്ടി.

അത് തുറന്ന് അവൾ ഉള്ളിലേക്ക് സൂക്ഷിച്ചു നോക്കി. “എന്താണിത്?”

“അല്പം മിഠായി ഒരിക്കലും പരാജയപ്പെട്ടിട്ടില്ല ഇത്

ഊഹം തെറ്റിയില്ല. പുഞ്ചിരി വിടർന്ന മുഖങ്ങളുമായി ആ കുട്ടികൾ അപ്പോഴേക്കും അവളുടെ നേർക്ക് ഓടിയെത്തിക്കഴിഞ്ഞിരുന്നു. നീട്ടിയ കരങ്ങളുമായി നിമിഷങ്ങൾക്കകം അവർ അവളെ വളഞ്ഞു.

അവളെ ആ കുട്ടികൾക്കൊപ്പം വിട്ടിട്ട് ഞാൻ കടവിലേക്ക് നടന്നു. സ്റ്റെല്ലയുടെ സമീപത്ത് നിന്നും കടവിലേക്ക് പുറപ്പെട്ട ആ ബോട്ട് അപ്പോഴേക്കും പാതി വഴി എത്തിക്കഴിഞ്ഞിരുന്നു. കൈയിൽ ഒരു ചുരുൾ കയറുമായി സോറെൻസെൻ ബോട്ടിന്റെ മുൻഭാഗത്ത് ഡെക്കിൽ നിൽക്കുന്നുണ്ട്. വേറൊരാൾ നീളമുള്ള ഒരു പങ്കായവുമായി അമരത്ത് നിൽക്കുന്നു. കടവിനടുത്ത് എത്തിയതും എൻ‌ജിൻ ഓഫ് ചെയ്ത് അവർ വേഗത കുറച്ചു. ഓളത്തിനൊപ്പം എനിക്കരികിലെത്തിയ ബോട്ടിൽ നിന്നും സോറെൻസെൻ എറിഞ്ഞു തന്ന കയർ പിടിച്ച് ഞാൻ സാവധാനം വലിച്ചടുപ്പിച്ചു. അടുത്ത നിമിഷം സോറെൻസെൻ കരയിലേക്ക് ചാടിയിറങ്ങി എനിക്കരികിലെത്തി കയർ ബന്ധിച്ചു.

വളരെ ഭംഗിയായി ഇംഗ്‌ളീഷ് സംസാരിക്കുവാൻ കഴിയുന്നുണ്ടായിരുന്നു അയാൾക്ക്. പതിനഞ്ച് വർഷത്തോളം കനേഡിയൻ - ബ്രിട്ടീഷ് മർച്ചന്റ് ഷിപ്പുകളിൽ സേവനമനുഷ്ഠിച്ചതിന്റെ ഗുണം. ഇംഗ്‌ളീഷ് സംസാരിക്കുവാൻ ലഭിക്കുന്ന ഒരവസരവും അയാൾ പാഴാക്കിയിരുന്നില്ല.

“മഞ്ഞ് വീഴുവാൻ തുടങ്ങിയപ്പോൾ ഞാൻ വിചാരിച്ചു താങ്കളുടെ കാര്യം കഷ്ടത്തിലായി എന്ന്” അയാൾ പറഞ്ഞു.

“മഞ്ഞ് കണ്ടതും ഞാൻ അർഗാമസ്കിൽ ലാന്റ് ചെയ്തു ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞിട്ടാണ് പിന്നെ പുറപ്പെട്ടത്

“അതെ പ്രവചിക്കാൻ പറ്റാത്ത കാലാവസ്ഥ ആട്ടെ, ആരാണാ സ്ത്രീ?”

“ഡെസ്ഫോർജിന്റെ സുഹൃത്താണെന്നാണ് അവർ അവകാശപ്പെടുന്നത്

“ഇങ്ങനെയൊരാൾ വരുന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചിരുന്നില്ലല്ലോ” അയാൾ അത്ഭുതം കൂറി.

“അതിന് അക്കാര്യം അദ്ദേഹം അറിഞ്ഞിട്ട് വേണ്ടേ?” ഞാൻ പറഞ്ഞു.

“ഓഹോ അങ്ങനെയാണോ? എങ്കിൽ ഡെസ്ഫോർജിന് അവരുടെ ആഗമനം അത്ര ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല” അയാൾ പുരികം ചുളിച്ചു.

ഞാൻ തോൾ വെട്ടിച്ചു. “മടക്കയാത്രക്കുള്ള കൂലിയും കൂടി അഡ്വാൻസ് തന്നിട്ടാണ് അവർ എന്റെയൊപ്പം വന്നിരിക്കുന്നത് അവർ ഇവിടെ തങ്ങുന്നത് അദ്ദേഹത്തിനിഷ്ടമല്ലെങ്കിൽ ഇന്ന് രാത്രിയിൽ തന്നെ അവർക്ക് എന്റെയൊപ്പം മടങ്ങാവുന്നതാണ് യൂറോപ്പിലേക്കോ സ്റ്റേറ്റ്‌സിലേക്കോ ഉള്ള കണക്ഷൻ ഫ്ലൈറ്റ് പിടിക്കുവാനായി അവരെ സോന്ദ്രേയിൽ ഡ്രോപ്പ് ചെയ്യുവാൻ എനിക്ക് കഴിയും

“എങ്കിൽ ഓകെ അദ്ദേഹത്തോടൊപ്പം സ്റ്റെല്ലയെ മാനേജ് ചെയ്ത് കൊണ്ടു പോകാൻ ഞാൻ പെടുന്ന പാട് എനിക്കേ അറിയൂ അതിനിടയിൽ ഇതും കൂടി എന്നെക്കൊണ്ട് പറ്റില്ല” സോറെൻസെൻ പറഞ്ഞു.

“അതെന്ത് പറ്റി?” എന്റെ ഉള്ളിലെ ആശ്ചര്യം അടക്കിവയ്ക്കാനായില്ല.

“ഡെസ്ഫോർജ് അല്ലേ ആള്” അസ്വസ്ഥതയോടെ അയാൾ പറഞ്ഞു. “ഇതുപോലൊരു വട്ടനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല സ്വന്തം നാശത്തിനായി തുനിഞ്ഞിറങ്ങിയിരിക്കുന്ന ഒരു മനുഷ്യൻ

“എന്താണ് അദ്ദേഹത്തിന്റെ പരിപാടി ഇപ്പോൾ?”

“തന്റെ ഏറ്റവും പുതിയ ഭ്രമമായ ധ്രുവക്കരടിയെയും തേടി ഹെഗാമട്ട് എന്ന സ്ഥലത്തായിരുന്നു കഴിഞ്ഞ ദിവസം ഞങ്ങൾ അതിനിടയിലാണ് ഒരാൾക്ക് മാത്രം സഞ്ചരിക്കാൻ പറ്റുന്ന ചെറു തോണികളിൽ സീൽ വേട്ടയ്ക്കിറങ്ങിയ കുറച്ച് എസ്കിമോകളെ കണ്ടുമുട്ടുന്നത് പിന്നെ പറയേണ്ടല്ലോ ജാക്കിന് ഉടനേ അവരുടെയൊപ്പം കൂടണം തിരിച്ച് വരുന്ന വഴിക്കാണ് മഞ്ഞുപാളിയുടെ മേൽ കയറി നിൽക്കുന്ന ഒരു വലിയ കടൽക്കാളയെ അദ്ദേഹം കണ്ടത്...”
(കടൽക്കാള –കരയിലും കടലിലും ജീവിക്കാൻ കഴിയുന്ന സീൽ വർഗ്ഗത്തിൽപ്പെടുന്ന നീണ്ട കൊമ്പുകളുള്ള ഒരു സസ്തനി).
   
“എന്നിട്ട് അതിനെ ഒറ്റയ്ക്ക് നേരിടാൻ പോയോ അദ്ദേഹം?” അവിശ്വസനീയതയോടെ ഞാൻ ചോദിച്ചു.

“പോയി എന്ന് മാത്രമല്ല, വെറും ഒരു ചാട്ടുളി മാത്രം കൈയിലേന്തി

“എന്നിട്ട്?!“

“എന്നിട്ടെന്താ ആദ്യ നീക്കത്തിൽ തന്നെ അത് വന്ന് അദ്ദേഹത്തെ ഇടിച്ച് താഴെയിട്ടു കൈയിലുണ്ടായിരുന്ന ചാട്ടുളിയാണെങ്കിൽ തെറിച്ചും പോയി ഭാഗ്യത്തിനാണ് ആ വേട്ടക്കാരുടെ കണ്ണിൽ പെട്ടത്അദ്ദേഹത്തിന്റെ കഥ കഴിയുന്നതിന് മുമ്പ് അവരിലൊരാൾ ഓടി വന്ന് അതിനെ വെടിവെച്ചിട്ടു...”

എന്നിട്ടദ്ദേഹത്തിന് പരിക്കുകളൊന്നും പറ്റിയില്ലേ?”

“അവിടെയുമിവിടെയും കുറച്ച് ചതവൊക്കെ പറ്റി എന്നിട്ടും എല്ലാം ചിരിച്ച് തള്ളുകയാണദ്ദേഹം ചെയ്തത് അദ്ദേഹത്തിന് സ്വന്തം ഇഷ്ടപ്രകാരം എവിടെ വേണമെങ്കിലും പോയി ചാവാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഒരു വിരോധവുമില്ല അതിന് പക്ഷേ, അത് ഞങ്ങളുടെയെല്ലാം ജീവനുകൾ അനാവശ്യമായി അപകടപ്പെടുത്തിക്കൊണ്ടാകരുത് അപ്പോൾ എനിക്ക് പ്രതിഷേധിക്കുക തന്നെ ചെയ്യേണ്ടി വരും വടക്കൻ തീരത്തെ ഉൾക്കടലുകളിൽ ഇത്തവണ പതിവില്ലാത്ത വിധമാണ് മഞ്ഞുകട്ടകൾ ഉറഞ്ഞ് കിടക്കുന്നത്... അത്യന്തം അപകടകരമാണത് അതറിയാമായിരുന്നിട്ടും സ്റ്റെല്ലയെ അങ്ങോട്ട് കൊണ്ടുപോകാൻ അദ്ദേഹം എന്നോട് ആജ്ഞാപിച്ചു  കാരണമെന്തെന്നല്ലേ? ആ പ്രദേശത്തെവിടെയോ ധ്രുവക്കരടിയുടെ കാൽപ്പാടുകൾ കാണുകയുണ്ടായി എന്ന് എസ്കിമോകൾ അദ്ദേഹത്തോട് പറഞ്ഞുവത്രെ മഞ്ഞുമലകൾ അടർന്നു വീഴുവാൻ തുടങ്ങിയത് പെട്ടെന്നായിരുന്നു ഏതാണ്ട് നാല് മണിക്കൂറോളം ഞങ്ങൾ അവിടെ കുടുങ്ങിപ്പോയി ഒരിക്കലും അവിടെ നിന്ന് പുറത്ത് കടക്കാൻ സാധിക്കില്ല എന്ന് ഒരു ഘട്ടത്തിൽ ഞാൻ ഉറപ്പിച്ചതാണ്

“ഇപ്പോൾ എവിടെയാണദ്ദേഹം?”

“ഏതാണ്ട് രണ്ട് മണിക്കൂർ മുമ്പ് നാർക്കസിറ്റിൽ നിന്നുമുള്ള ആ വേട്ടക്കാരോടൊപ്പം ഒരു ചെറു തോണിയും തുഴഞ്ഞ് പോയിട്ടുണ്ട് മൂന്ന് മൈൽ ഉള്ളിലേക്ക് മാറി ഉൾക്കടലിന്റെ തീരത്തെവിടെയോ ഇന്നലെ ഉച്ചയ്ക്ക് അവരിലാരോ ഒരു ധ്രുവക്കരടിയെ കണ്ടുവത്രെ അങ്ങോട്ട് കൊണ്ടുപോകുന്നതിന് അവർ ആവശ്യപ്പെട്ട  പണം മുൻ‌കൂർ കൊടുത്തിട്ടാണ് പോയിരിക്കുന്നത് അയാൾക്ക് വട്ടാണെന്നാണ് അവർ കരുതിയിരിക്കുന്നത്
ചുറ്റിനും കൂടിയ കുട്ടികളെ മിഠായി കൊടുത്ത് അനുനയിപ്പിച്ച് അവരിൽ നിന്നും രക്ഷപെട്ട് ഇലാനാ എയ്ട്ടൺ അപ്പോഴേക്കും ഞങ്ങളുടെയരികിലെത്തി. ഞാൻ അവളെ അയാൾക്ക് പരിചയപ്പെടുത്തി.

“ജാക്ക് ഇപ്പോൾ ഇവിടെയില്ല” ഞാൻ അവളോട് പറഞ്ഞു. “ഇദ്ദേഹം പറഞ്ഞത് കേട്ടിട്ട് നിങ്ങൾ എന്റെയൊപ്പം വരാതിരിക്കുന്നതാണ് നല്ലത് ഞാൻ അദ്ദേഹത്തെ തേടിപ്പിടിച്ച് ഇങ്ങോട്ട് കൊണ്ടുവരാം അതുവരെ നിങ്ങൾക്ക് സ്റ്റെല്ലയിൽ വെയ്റ്റ് ചെയ്യാം

“ഞാൻ കൂടി വന്നാൽ എന്താണ് കുഴപ്പം?”

“നിങ്ങളുടെ സ്ഥാനത്ത് ഞാനാണെങ്കിൽ വരാൻ തുനിയുകയില്ലായിരുന്നു അദ്ദേഹം അന്വേഷിച്ച് നടന്ന ആ കരടിയെ കണ്ടുമുട്ടിയത്രെ സ്ത്രീകൾക്ക് പറ്റിയ ഇടമല്ല അത് ബിലീവ് മീ

“ഒകെ ഫെയർ ഇനഫ്” അവൾ ശാന്തതയോടെ പറഞ്ഞു. “അല്ലെങ്കിലും ജാക്കിന്റെ വാതിൽപ്പുറ സാഹസികതകൾക്ക് ഒരിക്കലും ഞാനൊരു പ്രേക്ഷകയായിരുന്നില്ല

സോറെൻസെനോടൊപ്പം വന്ന സഹായി വിമാനത്തിൽ ഞാൻ കൊണ്ടുവന്ന സാധനങ്ങളെല്ലാം ബോട്ടിലേക്ക് മാറ്റുന്നുണ്ടായിരുന്നു. ഞാൻ സോറെൻസെന്റെ നേർക്ക് തിരിഞ്ഞു. “കപ്പലിലേക്ക് ഞാനും വരാം സാധനങ്ങൾ അൺ‌ലോഡ് ചെയ്തതിന് ശേഷം ഈ ബോട്ട് ഞാൻ കൊണ്ടുപോകുന്നു

തല കുലുക്കിയിട്ട് അയാൾ സാധനങ്ങൾ എടുത്ത് വയ്ക്കുവാൻ തന്റെ സഹായിക്കൊപ്പം കൂടി. ഇലാനയുടെ അടക്കിപ്പിടിച്ച ചിരി കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

“ഇത്തവണ നിങ്ങളുടെ ഊഴം” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“എന്ന് വച്ചാൽ? മനസ്സിലായില്ല?”

“ജാക്ക് ഡെസ്ഫോർജ് തന്റെ നെഞ്ചിലടിച്ച് തയ്യാറാകാൻ തുടങ്ങുമ്പോൾ മനസ്സിലാക്കിക്കൊള്ളുക ഓടി രക്ഷപെടാനുള്ള സമയമായി എന്ന് നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പണ്ടേ അത് ഓർമ്മ വന്നേനെ” അവൾ ബോട്ടിനുള്ളിലേക്ക് കാലെടുത്തു വച്ചു.

അവൾ ആ പറഞ്ഞതിനെക്കുറിച്ച് ചിന്തിച്ച് ഒരു നിമിഷം ഞാൻ നിന്നു. പിന്നെ വിമാനത്തിനുള്ളിൽ കയറി പൈലറ്റ് സീറ്റിനടിയിലെ അറ തുറന്ന് ആ ഗൺ കെയ്സ് എടുത്തു. വേട്ടയ്ക്ക് ഉപയോഗിക്കുന്ന വിഞ്ചെസ്റ്റർ തോക്ക് ആയിരുന്നു അതിനുള്ളിൽ. താൽക്കാലിക ആവശ്യത്തിനായി കഴിഞ്ഞയാഴ്ച്ച ജാക്ക് ഡെസ്ഫോർജ് തന്നതാണത്.  പിന്നെ മാപ്പ് കമ്പാർട്ട്മെന്റിൽ നിന്നും ബുള്ളറ്റുകളുടെ ചെറിയ ബോക്സ് പുറത്തെടുത്തു. ശേഷം ശ്രദ്ധാപൂർവ്വം ഞാനത് മാഗസിനിൽ നിറച്ചു. ഒന്ന് കരുതിയിരിക്കുന്നതിൽ യാതൊരു അപാകതയുമില്ല അവൾ പറഞ്ഞത് ശരിയാണ് ജാക്ക് ഡെസ്ഫോർജിന് ചുറ്റും എന്തും സംഭവിക്കാം എപ്പോൾ വേണമെങ്കിലും സാധാരണയായി അത്തരത്തിൽ എന്തെങ്കിലും സംഭവിക്കാറുള്ളതുമാണ്


(തുടരും)

Tuesday, 16 September 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 7“ഓൾ റൈറ്റ്” അവൾ പറഞ്ഞു. “എങ്കിൽ ഞാൻ മറ്റൊരു വിധത്തിൽ ചോദിക്കാം എന്തു കൊണ്ട് നിങ്ങളുടെ പ്രവർത്തന മേഖലയായി ഗ്രീൻലാന്റിനെത്തന്നെ തെരഞ്ഞെടുത്തു? വേറെ എത്രയോ സ്ഥലങ്ങളുണ്ട് ഈ ലോകത്ത്

“വളരെ ലളിതം ലോകത്ത് മറ്റ് എവിടെയും പന്ത്രണ്ട് മാസങ്ങൾ കൊണ്ട് സമ്പാദിക്കാനാവുന്നതിന്റെ ഇരട്ടി തുക നാല് മാസങ്ങൾ നീണ്ടു നിൽക്കുന്ന ഇവിടുത്തെ വേനൽക്കാലത്ത് എനിക്ക് ഉണ്ടാക്കുവാൻ കഴിയും...”

“പണത്തിന് അത്ര മാത്രം പ്രാധാന്യമുണ്ടോ നിങ്ങളുടെ ജീവിതത്തിൽ?”

“എന്നെ സംബന്ധിച്ചിടത്തോളം ഉണ്ട് രണ്ടോ മൂന്നോ വിമാനങ്ങൾ കൂടി വാങ്ങണമെന്നുണ്ട് എനിക്ക്” ഞാൻ പറഞ്ഞു.

“കേട്ടിട്ട് മതിപ്പ് തോന്നുന്നു തികഞ്ഞ ശുഭാപ്തി വിശ്വാസം എന്നിട്ട് എന്തൊക്കെയാണ് നിങ്ങളുടെ പദ്ധതികൾ?”

“ന്യൂഫൌണ്ട്‌ലാന്റിനെയും ലാബ്രഡോറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വിധത്തിൽ ഒരു ഫ്‌‌ളീറ്റ് അഞ്ചോ ആറോ വർഷങ്ങൾക്കുള്ളിൽ ഞാനൊരു ധനികനായി മാറിക്കഴിഞ്ഞിട്ടുണ്ടാകും

“യാതൊരു ആശങ്കയ്ക്കും ഇടയില്ലാത്ത വിധമാണല്ലോ നിങ്ങളുടെ വാക്കുകൾ

“തീർച്ചയായും എന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വച്ചാൽ, പതിനെട്ട് മാസം മറ്റുള്ളവർക്ക് വേണ്ടി ജോലി നോക്കുകയും പിന്നെ ആറ്‌ മാസം സ്വന്തമായി ട്രിപ്പ് നടത്തുകയുമാണ് കാനഡയുടെ ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് ഒരു കാര്യം ഉറപ്പാണ് അടുത്ത ഇരുപത്തിയഞ്ച് വർഷങ്ങൾ കൊണ്ട് ലോകത്തിലെ ഏറ്റവും ധനികരാഷ്ട്രമായി മാറും കാനഡ ടേക്ക് മൈ വേഡ് ഫോർ ഇറ്റ്

“എന്തോ എനിക്കത്ര ഉൾക്കൊള്ളാൻ കഴിയുന്നില്ല” അവൾ തലയാട്ടി. പിന്നെ ചോദ്യശരങ്ങൾ മറ്റൊരു മാർഗ്ഗത്തിലേക്ക് മാറ്റുവാൻ തീരുമാനിച്ചു. “കണ്ടിട്ട് നല്ലൊരു വനിതയുടെ സ്വാധീനം ജീവിതത്തിൽ ഉൾക്കൊള്ളുന്ന വ്യക്തിയാണ് നിങ്ങളെന്ന് തോന്നുന്നുനിങ്ങളുടെ ഈ പദ്ധതികളെക്കുറിച്ചെല്ലാം എന്താണ് അവരുടെ അഭിപ്രായം?”

“ആ ഭാഗത്ത് നിന്നും വിവരങ്ങളൊന്നും ഇല്ലാതായിട്ട് കുറച്ച് നാളുകളായി” ഞാൻ പറഞ്ഞു. “അവളുടേതായി ഏറ്റവും ഒടുവിൽ എനിക്ക് ലഭിച്ചത് ഒരു വക്കീൽ നോട്ടീസ് ആയിരുന്നു...”

“എന്തിന്? എന്തായിരുന്നു അവരുടെ ആവശ്യം? പണം?”

“ഏയ്, അല്ല” ഞാൻ തലയാട്ടി. “വേണമെങ്കിൽ രണ്ട് വിമാനങ്ങൾ വാങ്ങുവാനുള്ള പണം അവളുടെ കൈവശമുണ്ട് പിന്നെയുമുണ്ടാകും ധാരാളം പണമല്ല അവളുടെ ആവശ്യം അവളുടെ ഇഷ്ടത്തിന് നടക്കുവാനുള്ള സ്വാതന്ത്ര്യം വിവാഹമോചനത്തിന്റെ പകർപ്പ് ഏത് നിമിഷവും പ്രതീക്ഷിച്ചു കൊണ്ടിരിക്കുയാണ് ഞാൻ

“എന്നിട്ട് നിങ്ങൾക്കതിൽ വലിയ വേദനയൊന്നും ഉള്ളതായി തോന്നുന്നില്ലല്ലോ

 “സ്വരച്ചേർച്ചയില്ലാതായിട്ട് വർഷങ്ങളായി” ഞാൻ പുഞ്ചിരിച്ചു. “നോക്കൂ എന്നെക്കുറിച്ചുള്ള ദുരൂഹതകൾക്ക് അറുതി വരുത്താം ഞാൻ ജോ മാർട്ടിൻ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദമെടുത്തു പിന്നെ യൂണിവേഴ്സിറ്റി എയർ സ്ക്വാഡ്രണിൽ നിന്നും വൈമാനിക പരിശീലനം അതിനെത്തുടർന്ന് ഏതാനും വർഷങ്ങൾ നിർബന്ധ നാഷണൽ സർവീസ് അതുകൊണ്ട് എനിക്കും എന്തെങ്കിലും ഗുണമാകട്ടെ എന്ന് കരുതി ആ പഴയ ഫ്‌‌ളീറ്റ് എയർ ആമിൽ ഒരു ഷോർട്ട് ടേം പൈലറ്റ് ആയി കയറി ആദ്യമായി കണ്ടുമുട്ടുമ്പോൾ എന്റെ ഭാര്യ ചെറിയ വേഷങ്ങളൊക്കെ ചെയ്യുന്ന ഒരു നാടക നടി ആയിരുന്നു...”

 “പിന്നെ എപ്പോഴാണ് നിങ്ങളുടെ വിവാഹം നടന്നത്?”

“നാഷണൽ സർവീസ് കഴിഞ്ഞ് പുറത്ത് വന്നപ്പോൾ നിങ്ങളുടെ അമ്മാവൻ മാക്സിനെപ്പോലെ ഞാനും നഗരത്തിൽ എത്തി. പബ്‌‌ളിക്ക് റിലേഷൻസ് വകുപ്പിൽ ഒരു ഉദ്യോഗവും ലഭിച്ചു

“ഉദ്യോഗത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ?”

“ഉദ്യോഗത്തിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല...” ആ കാലത്തെ  സംഭവങ്ങൾ ഓർത്തെടുക്കുവാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു.  “വേറെ ചില കാര്യങ്ങളിലായിരുന്നു കണക്കുകൂട്ടലുകൾ തെറ്റിയത് ആമി നന്നായി പാടുമെന്ന് ആരോ തിരിച്ചറിഞ്ഞത് അക്കാലത്തായിരുന്നു. പിന്നെ അവളുടെ ഉയർച്ച പെട്ടെന്നായിരുന്നു രാത്രി മുഴുവനും നീളുന്ന പ്രോഗ്രാമുകൾ ടൂറുകൾ ഇന്റർവ്യൂകൾ അങ്ങനെ അങ്ങനെ അവളുടെ ജീവിതം തിരക്കേറിയതായി

“ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾ തമ്മിൽ കാണുന്നത് തന്നെ വിരളമായി തുടങ്ങി ഷോ ബിസിനസിലെ പതിവ് കഥ

“അതെ മറ്റൊന്നു കൂടിയുണ്ട് ആഴ്ച്ച തോറും ആയിരം പൌണ്ട് സമ്പാദിക്കുവാൻ കഴിയുന്നു എന്ന തിരിച്ചറിവ് ഉണ്ടായതും അവളുടെ മനസ്സിൽ മറ്റൊരു ചിന്ത നാമ്പിട്ടു താൻ സമ്പാദിക്കുന്നതിന്റെ പത്തിലൊന്ന് പോലും സ്വരൂപിക്കുവാൻ കഴിയാത്ത തന്റെ ഭർത്താവിന് എന്തോ കുഴപ്പമുണ്ട്

“ഒരു സുപ്രഭാതത്തിൽ ഓഫീസിലെത്തിയ ഞാൻ മേശപ്പുറത്ത് എന്നെയും കാത്ത് കിടന്നിരുന്ന കത്തുകളുടെ കൂമ്പാരം കണ്ടതും മനം മടുത്ത് പുറത്തിറങ്ങി കൈയിലുണ്ടായിരുന്ന അവസാനത്തെ ആയിരം പൌണ്ട് ചെലവാക്കി ഒരു കൺ‌വെർഷൻ കോഴ്സിന് ചേർന്നു അങ്ങനെ കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കി

“അങ്ങനെ ജോ മാർട്ടിൻ ഒടുവിൽ ഇവിടെയെത്തി ഫ്‌‌ളൈ എനി വേർ ഡൂ എനി തിങ്ങ് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം” അവൾ തല കുലുക്കി. “എന്നും ഒരേ റൂട്ടിൽ സഞ്ചരിക്കുന്ന ഒരു സാധാരണ ഓഫീസ് ക്ലർക്കിന്റെ സ്വപ്നം ആട്ടെ ഇനി എപ്പോഴാണ് പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക്?”

“അടുത്ത വർഷം അതവിടെ നിൽക്കട്ടെ നിങ്ങൾ മാത്രം അങ്ങനെ കഥ കേട്ട് രസിക്കണ്ട ഇനി ഇലാനാ എയ്ട്ടൺ എന്ന യുവതിയെക്കുറിച്ച് എന്തെങ്കിലും അറിയാൻ പറ്റുമോ എന്ന് നോക്കാം” ഞാൻ പറഞ്ഞു. “എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരു ഹീബ്രൂ നാമം ആണത് അപ്പോൾ നിങ്ങൾ ജൂതവംശജയായിരിക്കണം?”

ഉണക്കപ്പുല്ലിന് തീ പിടിച്ചത് പോലെയായിരുന്നു അവളുടെ ഭാവമാറ്റം. “ഒരു സംശയവും വേണ്ട ഞാനൊരു ഇസ്രയേലി തന്നെയാണ് ഇസ്രയേലിൽ ജനിച്ച് ഇസ്രയേലിൽ വളർന്നവൾ...”

രോഷം കൊണ്ട് വിറച്ച അവളെ തണുപ്പിക്കുവാൻ ഉടൻ തന്നെ ഞാനൊരു വിദ്യ പ്രയോഗിച്ചു. “ലോകത്തിലെ ഏറ്റവും സുന്ദരികളായ വനിതാ സൈനികർ ഇസ്രയേലി ആർമിയിലാണ് എന്നെങ്കിലും നിങ്ങൾ അതിൽ അംഗമായിരുന്നിട്ടുണ്ടോ?”

“സ്വാഭാവികമായും എല്ലാവരും നിർബന്ധമായും സൈനിക പരിശീലനം അനുഷ്ഠിച്ചിരിക്കണം എന്റെ പിതാവ് ടെൽ അവീവ് യൂണിവേഴ്സിറ്റിയിൽ പ്രാചീന ഭാഷാ ശാസ്ത്ര അദ്ധ്യാപകനാണ് എന്നിട്ടും അദ്ദേഹത്തിന് സൈനിക സേവനം അനുഷ്ഠിക്കേണ്ടി വന്നു 1956 ലെ സിനായ് ഏറ്റുമുട്ടലിന്റെ സമയത്ത് അദ്ദേഹം മുൻ‌നിരയിൽ തന്നെയുണ്ടായിരുന്നു അമ്പതുകളിലേക്ക് കാലെടുത്ത് വയ്ക്കുന്ന കാലം

“നിങ്ങൾ സിനിമയിൽ എത്തിയതെങ്ങനെയാണ്?”

“ഇസ്രയേലിൽ വച്ച് തീയേറ്റർ നാടകങ്ങളിൽ ഞാൻ ചില വേഷങ്ങൾ ചെയ്യുന്നുണ്ടായിരുന്നു അതിനോടനുബന്ധിച്ചാണ് ഫിലിം ഫീൽഡിൽ എത്തുന്നത് പിന്നെ ഒരു ഡയറക്ടർ എന്നെ ഇറ്റലിയിലേക്ക് ക്ഷണിച്ചു അവിടെ വച്ച് ഒന്നിലേറെ സിനിമകളിൽ ഞാൻ കൊച്ചു കൊച്ചു വേഷങ്ങൾ ചെയ്തു അവിടെ വച്ചാണ് ഞാൻ ജാക്കിനെ കണ്ടുമുട്ടുന്നത് യുദ്ധം പശ്ചാത്തലമാക്കി എടുത്തുകൊണ്ടിരിക്കുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ അതിലെ നായകന്റെ വേഷവും ഒപ്പം സംവിധാനവും അദ്ദേഹം തന്നെയാണ് ചെയ്തത്കൂടാതെ ചിത്രത്തിന്റെ മുതൽമുടക്കിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റെ തന്നെയായിരുന്നു...”

“അങ്ങനെ അതിൽ നിങ്ങൾക്കൊരു റോൾ ലഭിച്ചു?”

“അതെ ചെറിയൊരു വേഷം എടുത്തു പറയേണ്ട കാര്യം, അതിലെ ഏക സ്ത്രീ കഥാപാത്രം ആയിരുന്നു അതെന്നതാണ് അതിനാൽ തന്നെ നിരൂപകർ ആ വേഷത്തെക്കുറിച്ച് ഏറെ പുകഴ്ത്തി

“പിന്നീട് ഹോളിവുഡിലേക്ക്?”

“അതൊക്കെ പഴങ്കഥ ഇപ്പോൾ യൂറോപ്പിലാണ് അവസരങ്ങൾ അധികവും

പെട്ടെന്നാണ് ഒരു മാന്ത്രികന്റെ തിരശ്ശീല അപ്രത്യക്ഷമാകുന്നത് പോലെ അവൾക്ക് പിന്നിൽ മഞ്ഞിന്റെ മൂടുപടം ലയിച്ച് ഇല്ലാതായത്. തലയുയർത്തി നിൽക്കുന്ന പർവ്വത നിരകൾക്ക് പിന്നിലെ ആകാശത്തിന് പതിവിലധികം നീല നിറം.

“പോകാൻ സമയമായി” ഞാൻ പറഞ്ഞു. പിന്നെ, കല്ലറയുടെ മുകളിൽ നിന്നും താഴേക്ക് ചാടുവാൻ തുനിഞ്ഞ അവൾക്കൊരു സഹായത്തിനായി ഞാൻ കൈകൾ നീട്ടി.

ഗാംഭീര്യത്തോടെ നില കൊള്ളുന്ന ആ പർവ്വത ശിഖരത്തിലേക്ക് അവൾ കണ്ണോടിച്ചു.  “ഈ പർവ്വതത്തിന് എന്തെങ്കിലും പേരുണ്ടോ?”

“അഗ്സാസ്സറ്റ്  എസ്കിമോ ഭാഷയിലെ ഒരു പദമാണ് ഇറ്റ് മീൻസ് ബിഗ് വിത്ത് ചൈൽഡ്

അവൾ പൊട്ടിച്ചിരിച്ചു വിചിത്രമായ ആ ചിരി...

“അത് നന്നായി വേണമെങ്കിൽ ഒരു ഫ്രോയ്‌ഡിയൻ ചിന്തയുമായി ബന്ധിപ്പിക്കാം” അവൾ പറഞ്ഞു. പിന്നെ തിരിഞ്ഞ് തകർന്ന മതിലിന്റെ വിടവിലൂടെ പുറത്തേക്ക് കടന്നു.

എത്ര പെട്ടെന്നാണ് അവളുടെ മാറ്റം ഫ്രെഡറിക്സ്‌ബോർഗിലെ ഹോട്ടലിന്റെ ഡൈനിങ്ങ് റൂമിൽ വച്ച് ആദ്യമായി കണ്ടുമുട്ടിയപ്പോൾ ശ്രദ്ധിച്ച ആ പരുക്കൻ ഭാവം അതിലേക്ക് തിരികെയെത്തിയിരിക്കുന്നു അവൾ ദൃഢമായ ഒരു ചിപ്പിയ്ക്കുള്ളിലെ സുരക്ഷിതത്വത്തിലേക്ക് ഉൾ‌വലിഞ്ഞിരിക്കുന്നു അവൾ താൻ ആഗ്രഹിച്ചാൽ മാത്രം മറ്റുള്ളവർക്ക് പ്രാപ്യമായ തോടിനുള്ളിലെ സുരക്ഷിതത്വം... നിസ്സഹായനായി അവളെ അനുഗമിക്കുമ്പോൾ എന്റെ ഹൃദയത്തിന്റെ കോണുകളിലെവിടെയോ വിഷാദം തളം കെട്ടി നിന്നു.

(തുടരും)
 

Tuesday, 9 September 2014

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 6ഡോർ തുറന്ന് ഞാൻ താഴോട്ട് ചാടി. തൊട്ടു പിറകിൽ അവളും ചാടിയിറങ്ങിക്കഴിഞ്ഞിരുന്നത് കൊണ്ട് അവളെ സഹായിക്കുവാനായി കൈ നീട്ടുവാൻ എനിക്ക് അവസരം ലഭിച്ചില്ല. ഫ്രെഡറിക്‌സ്ബോർഗിലെക്കാളും ശൈത്യം അനുഭവപ്പെട്ടുവെങ്കിലും വിചാരിച്ച അത്രയും കാഠിന്യം തോന്നിയില്ല തണുപ്പിന്, പ്രത്യേകിച്ചും ആർട്ടിക്ക് വൃത്തത്തിൽ ഇരുപത് മൈൽ ഉള്ളിലാണെന്നിരിക്കെ. തികച്ചും ഉന്മേഷവദിയായി കാണപ്പെട്ട ഇലാന അത്ഭുതത്തോടെ ചുറ്റിനും വീക്ഷിച്ചു.

“ഒന്ന് ചുറ്റി നടന്ന് കണ്ടാലോ നമുക്ക്?” അവൾ ആരാഞ്ഞു.

“പിന്നെന്താ?” ഞാൻ പറഞ്ഞു.

ബീച്ചിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു. പഴയ ഒരു കോൺ‌ക്രീറ്റ് സ്ലിപ്പ്‌വേയിലൂടെ കയറിയ ഞങ്ങൾ എത്തിപ്പെട്ടത് ചെറിയൊരു പ്‌‌ളാറ്റ്ഫോമിലേക്കാണ്. അല്പം അകലെയായി മൂടൽമഞ്ഞിനുള്ളിൽ തലയുയർത്തി നിൽക്കുന്ന പർവ്വതം. അതിന്റെ താഴ്‌വാരത്തിൽ നിരനിരയായി നിലകൊള്ളുന്ന പഴയ കോട്ടേജുകളിൽ പലതും നശിച്ചു തുടങ്ങിയിരിക്കുന്നു. സമീപത്ത് തന്നെ തിമിംഗലത്തിന്റെ എണ്ണ സംസ്കരിച്ചെടുക്കുവാൻ പണ്ടെങ്ങോ പ്രവർത്തിച്ചിരുന്ന ഒരു ഫാക്ടറിയുടെ അവശിഷ്ടങ്ങൾ.     

മുമ്പെങ്ങോ പ്രധാന വീഥിയായി ഉപയോഗിച്ചിരുന്നത് പോലെ തോന്നിച്ച ആ തെരുവിലൂടെ മുന്നോട്ട് നീങ്ങവെ മഴ ചാറുവാനാരംഭിച്ചു. ഇരു കൈകളും പോക്കറ്റിൽ തിരുകി മഴയിലേക്ക് മുഖമുയർത്തി അവൾ ചിരിക്കുവാൻ തുടങ്ങി. ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ.

“എന്തൊരു രസമാണിത്…! പണ്ട് മുതലേ ഇഷ്ടമായിരുന്നു എനിക്കിത് ചാറ്റൽ മഴയും കൊണ്ട് മഞ്ഞിന്റെ പുതപ്പിനുള്ളിലൂടെയുള്ള ഈ നടപ്പ്” ആവേശത്തോടെ അവൾ പറഞ്ഞു.

“പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആ അനുഭവം എങ്ങനെയായിരിക്കുമെന്ന് എനിക്ക് നന്നായിട്ടറിയാം” ഞാൻ പറഞ്ഞു.

ആശ്ചര്യഭാവത്തോടെ അവൾ എന്നെ നോക്കി. പിന്നെ പൊട്ടിച്ചിരിച്ചു. പക്ഷേ, ഇത്തവണ പതിവ് കാഠിന്യമുണ്ടായിരുന്നില്ല ആ ചിരിക്ക്. എന്തോ ഒരു മാറ്റം വന്നിരിക്കുന്നു അവളിൽ പക്ഷേ, എന്താണതെന്ന് കൃത്യമായി നിർവ്വചിക്കുവാനാകുന്നില്ല. അവളുടെ പെരുമാറ്റത്തിന് അല്പം മൃദുത്വം കൈവന്നിരിക്കുന്നു ചുരുക്കിപ്പറഞ്ഞാൽ ആദ്യം കണ്ടതിൽ നിന്നും തികച്ചും വിഭിന്നയായിരിക്കുന്നു അവൾ.

“വെൽക്കം റ്റു ദി ക്‌ളബ്തിമിംഗല വേട്ടയുടെ കേന്ദ്രമായിരുന്നു ഇതെന്നല്ലേ നിങ്ങൾ പറഞ്ഞത്?” അവൾ ചോദിച്ചു.

ഞാൻ തല കുലുക്കി.  “പക്ഷേ, കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഇവിടം ഉപേക്ഷിക്കപ്പെട്ടു

“അതെന്താ?”

“വ്യാവസായികാടിസ്ഥാനത്തിലുള്ള ആവശ്യത്തിനും മാത്രം തിമിംഗലങ്ങളെ കിട്ടാതായി ഓരോ വർഷവും നാനൂറിനും അഞ്ഞൂറിനും ഇടയ്ക്ക് കപ്പലുകൾ വന്നു പോയ്ക്കൊണ്ടിരുന്ന തുറമുഖമായിരുന്നു ഇത്അനിയന്ത്രിതമായ വേട്ടയാടലിന്റെ ദൂഷ്യവശം പോത്തുകളെ വേട്ടയാടി അവയുടെ വംശം തന്നെ അറ്റുപോയത് പോലെ

തെരുവിന്റെ അറ്റത്തുള്ള നശിച്ചുതുടങ്ങിയ ഒരു ദേവാലയത്തിന് മുന്നിലാണ് ഞങ്ങൾ എത്തിയത്. അതിന്റെ പിന്നിലെ തകർന്ന മതിലിനപ്പുറത്തുള്ള സെമിത്തേരിയിലേക്ക് ഞങ്ങൾ നടന്നു. ആദ്യം കണ്ട കല്ലറയുടെ മുന്നിൽ അവൾ നിന്നു.

“ആംഗസ് മക് ക്‌‌ളാരൻ -  1830 ൽ മരണം” അവൾ ഉറക്കെ വായിച്ചു. “സ്കോട്ട്‌ലന്റ്‌കാരനാണെന്ന് തോന്നുന്നു    

ഞാൻ തല കുലുക്കി ശരി വച്ചു. “തിമിംഗല വേട്ടയുടെ ചരിത്രത്തിലെ ഏറ്റവും മോശം വർഷമായിരുന്നു അത് തണുത്തുറഞ്ഞ ഹിമക്കട്ടകൾ യഥാസമയം ഉരുകാത്തതിനാൽ പത്തൊമ്പതോളം ബ്രിട്ടീഷുകാർ കടലിൽ കുടുങ്ങിപ്പോയി. ഒരവസരത്തിൽ ഏതാണ്ട് ആയിരത്തിലധികം പേർ കടലിൽ രൂപം കൊണ്ട ഹിമാപാളികൾക്കിടയിൽ പെട്ട് ജീവൻ വെടിഞ്ഞിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്

കല്ലറകൾക്ക് മുകളിലെ ഫലകങ്ങളിലെ പാതി മാഞ്ഞ് തുടങ്ങിയ ലിഖിതങ്ങൾ നോക്കി ഉറക്കെ വായിച്ചു കൊണ്ട് ഇലാന സാവധാനം മുന്നോട്ട് നീങ്ങി. അതിലൊരു ഫലകത്തിൽ എഴുതിയിരിക്കുന്നത് ശ്രദ്ധിച്ച അവൾ ഒരു നിമിഷം അവിടെ നിന്നു. പിന്നെ കുനിഞ്ഞ് ഒരു കാലിൽ മുട്ടുകുത്തി ഇരുന്നിട്ട് ഗ്ലൌസ് ധരിച്ച കൈകളാൽ അതിലെ പായൽ ചുരണ്ടുവാൻ തുടങ്ങി.

മറ്റുള്ള കല്ലറകളിൽ കാണപ്പെട്ട കലാചാതുര്യമാർന്ന കുരിശുകളിൽ നിന്നും വ്യത്യസ്തമായി ജൂതവംശജരുടെ നക്ഷത്ര ചിഹ്നമായിരുന്നു അതിൽ കൊത്തിയിരുന്നത്. എന്നാൽ അതിലെ വാക്യങ്ങൾ ഇംഗ്‌‌ളീഷിൽ തന്നെയായിരുന്നു.

“ആരോൺ ഇസാക്ക്‌‌സ്” അവളുടെ മന്ത്രണം അല്പം ഉച്ചത്തിലായിരുന്നു. “ലിവർ‌പൂളിൽ നിന്നും പുറപ്പെട്ട സീ ക്വീൻ എന്ന കപ്പലിലെ പ്രധാന നാവികൻ - 1863 ജൂലൈ 27 ന് ഒരു തിമിംഗലത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.”

ആ ലിഖിതത്തിലേക്ക് കണ്ണും നട്ട്  ശോകാർദ്രമായ മുഖത്തോടെ അവൾ അവിടെ മുട്ടുകുത്തി ഇരുന്നു. അവളുടെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു എന്ന് മനസ്സിലാക്കിയതും അവൾ പതുക്കെ എഴുന്നേറ്റു. ഇതുവരെ ഒരു ഉരുക്കുവനിതയുടെ ഭാവപ്രകടനങ്ങളോടെ നടന്നിരുന്ന അവളുടെ മുഖത്ത് തന്റെ മുഖം‌മൂടി അഴിഞ്ഞു വീണതിന്റെ ചമ്മൽ പ്രകടമായിരുന്നു. പുറമേ കാണപ്പെട്ടിരുന്ന ആ കാർക്കശ്യം എത്ര പെട്ടെന്നാണ് അപ്രത്യക്ഷമായതെന്ന് ഇതാദ്യമായി ഞാൻ ആശ്ചര്യം കൊണ്ടു.

ആ കല്ലറയുടെ ഒരരികിൽ പതുക്കെ കയറി ഇരുന്നിട്ട് കാലുകൾ ആട്ടിക്കൊണ്ട് അവൾ ചോദിച്ചു. “സിഗരറ്റ് എടുക്കുവാൻ ഞാൻ മറന്നു ഒരെണ്ണം എടുക്കുവാനുണ്ടാകുമോ?”

ഞാൻ എന്റെ വെള്ളി നിറമുള്ള സിഗരറ്റ് കെയ്സ് അവൾക്ക് നേരെ നീട്ടി. അതിൽ നിന്ന് ഒന്നെടുത്ത് തിരിച്ച് തരുന്നതിന് മുമ്പായി ഒരു നിമിഷം അത് തിരിച്ചും  മറിച്ചും പരിശോധിച്ചു. അവളുടെ നെറ്റിയിൽ വീണ്ടും സംശയത്തിന്റെ ചുളിവുകൾ പ്രത്യക്ഷപ്പെട്ടു.

“ഈ അടയാളം എന്തിന്റേതാണ്?”

“ഫ്‌ളീറ്റ് എയർ ആം

“അവിടെയാണോ നിങ്ങൾ പറക്കുവാൻ പരിശീലിച്ചത്?”

ഞാൻ തല കുലുക്കി.

“ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിഷമമേറിയ ഷൂട്ടിങ്ങുകൾ അവിടെ വച്ചായിരുന്നുഎന്റെ അമ്മാവൻ മാക്സ് ഒരു ബുഷ് പൈലറ്റായിരുന്നു  അദ്ദേഹത്തെപ്പോലെ തന്നെ നിങ്ങളും” അവൾ പറഞ്ഞു.

“ഇതൊരു മുഖസ്തുതിയോ അതോ ഇകഴ്ത്തലോ?”

“അത് നിങ്ങളുടെ കാഴ്ച്ചപ്പാടിനെ ആശ്രയിച്ചിരിക്കുന്നുഅദ്ദേഹം പട്ടണത്തിലെ അറിയപ്പെടുന്ന ഒരു വ്യക്തിയാണ് ഒരു ബാങ്കിൽ പാർട്‌ണർഷിപ്പ് വരെയുണ്ട് അദ്ദേഹത്തിന്...”  

“എന്ത് ചെയ്യാം എല്ലാവർക്കും ഒരു ഹംഫ്രി ബൊഗാർട്ടോ അല്ലെങ്കിൽ ഒരു ജാക്ക് ഡെസ്ഫോർജോ ആകാൻ സാധിക്കില്ലല്ലോ” ഞാൻ പുഞ്ചിരിച്ചു.

      
(തുടരും)