കടലിന് മുകളിലൂടെ പറക്കവെ
വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് പതുക്കെ കുറച്ച് ഞാൻ മുവ്വായിരം അടിയിലേക്ക് കൊണ്ടുവന്നു.
താഴെ, അൽപ്പം മുന്നിലായി കര പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. നിലാവിന്റെ നീല
വെളിച്ചത്തിൽ അങ്ങകലെ ഗ്രീൻലാന്റിലെ മഞ്ഞുമലകളുടെ ശൃംഗങ്ങൾ നൂലിൽ കോർത്ത പളുങ്ക് മണികൾ
പോലെ തിളങ്ങി.
വിജനമായ മുനമ്പിന് കിഴക്ക്
ഭാഗത്തുള്ള ജൂലിയൻഹാബ് ഉൾക്കടലിന് മുകളിൽ പരന്ന് കിടക്കുന്ന മൂടൽമഞ്ഞിന്റെ ആവരണം, കാറ്റിന്റെ വേഗത അഞ്ച് നോട്ട്സിൽ
അധികമാകാൻ തരമില്ല എന്ന് സൂചിപ്പിക്കുന്നു. എങ്കിലും അത് ആശ്വാസം പകരുന്ന വസ്തുതയായിരുന്നു.
കുത്തനെയുള്ള മലയിടുക്കുകൾക്കിടയിൽ കയറിക്കിടക്കുന്ന ഉൾക്കടലിനപ്പുറത്തുള്ള താഴ്‌വാരത്തിൽ
എവിടെയെങ്കിലും പാരച്യൂട്ടിൽ ഇറങ്ങുവാൻ കഴിയുമെന്ന് തന്നെയാണ് കരുതുന്നത്.
വിള്ളൽ വീണ വിൻഡ് സ്ക്രീനിലൂടെ
അടിച്ചുകയറുന്ന ശീതക്കാറ്റ് മൂലം ക്യാബിനുള്ളിൽ അസഹനീയമായ തണുപ്പ് അനുഭവപ്പെട്ടു. ഇൻസ്ട്രുമെന്റ്
പാനലിലെ വിവിധ ഡയലുകളിൽ നിന്നും പ്രസരിക്കുന്ന പ്രകാശം പലപ്പോഴും കാഴ്ച്ചയ്ക്ക് മങ്ങലേൽപ്പിക്കുന്നത്
പോലെ തോന്നി.
ദൂരെ മഞ്ഞുപുതപ്പിന്റെ
ആവരണം അവസാനിക്കുന്നയിടത്ത് നിലാവെളിച്ചം പതിച്ച് ഉൾക്കടലിലെ വെള്ളം രജതവർണ്ണമാർന്ന്
വെട്ടിത്തിളങ്ങി. ഒരു പൂന്തോണി കണക്കെ പർവ്വതശിഖരത്തിലേക്ക് നീങ്ങുന്ന തിങ്കൾക്കീറ്… എല്ലാം വളരെ വ്യക്തമായി കാണുവാനാകുന്നു ഇപ്പോൾ…
സമയമായിരിക്കുന്നു… വിമാനത്തിന്റെ വേഗത കുറച്ച് നിയന്ത്രണം ഓട്ടോ പൈലറ്റ് മോഡിലേക്ക്
മാറ്റിയിട്ട് ഞാൻ സീറ്റ് ബെൽറ്റിന്റെ ബക്കിൾ അഴിച്ചു. കോ-പൈലറ്റിന്റെ സീറ്റിൽ ഇരിക്കുന്ന
അയാളെ ഒരു നിമിഷം ഞാൻ നോക്കി. ഇൻസ്ട്രുമെന്റ് പാനലിൽ നിന്നുമുള്ള വെട്ടത്തിൽ അയാളുടെ
ചേതനയറ്റ മുഖം ഒരു നോക്ക് ഞാൻ കണ്ടു. അനന്തതയിലേക്ക് നോട്ടമെയ്ത് തുറന്നിരിക്കുന്ന
മിഴികൾ…
പതുക്കെ എഴുന്നേറ്റ് പിറകിലെ
ഇരുട്ടിലേക്ക് ഞാൻ നീങ്ങി. എന്തോ ഒന്നിൽ തട്ടി മുന്നോട്ട് ഇടറി വീഴവേ എന്റെ ഒരു കൈ
മറ്റേയാളുടെ തണുത്ത മരവിച്ച മുഖത്താണ് സ്പർശിച്ചത്. പതിവ് പോലെ ഗ്രസിച്ച ഭയത്താൽ എനിക്ക്
ശ്വാസം മുട്ടുന്നത് പോലെ തോന്നി. എങ്കിലും ഇരുട്ടിലൂടെ തപ്പിത്തടഞ്ഞ് ഒരു വിധം ഞാൻ
വിമാനത്തിന്റെ പിൻഭാഗത്തേക്ക് നീങ്ങി, എക്സിറ്റ് ഹാച്ചിന്റെ റിലീസ് ഹാന്റിലിൽ കൈ വച്ചു.
തുറന്ന വാതിലിലൂടെ പുറത്തെ
ശൂന്യതയിലേക്ക് സംശയലേശമെന്യേ ഞാൻ കാലെടുത്ത് വച്ചു. അന്തരീക്ഷത്തിലെ കൊടുംതണുപ്പിലും
ഞാൻ ആ സ്വാതന്ത്ര്യം തിരിച്ചറിഞ്ഞു. സ്ലോ മോഷനിലെന്ന പോലെ കരണം മറിഞ്ഞ് താഴോട്ട് പതിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ
ഒരു നിമിഷം ഞാൻ മുകളിലെ വിമാനത്തിലേക്ക് കണ്ണോടിച്ചു. കറുത്ത ഒരു പ്രേതം കണക്കെ കിഴക്ക്
ദിശയിലേക്ക് അത് പ്രയാണം തുടർന്നു കൊണ്ടിരിക്കുന്നു…
പാരച്യൂട്ട് നിവർത്തുന്നതിനായി
അതിന്റെ റിങ്ങിലേക്ക് എന്റെ വിരലുകൾ നീണ്ടപ്പോഴാണ് ഞെട്ടിക്കുന്ന ആ യാഥാർത്ഥ്യം ഞാൻ
തിരിച്ചറിഞ്ഞത്… അങ്ങനെയൊരു റിങ്ങ് അവിടെ ഉണ്ടായിരുന്നില്ല…! ഇരുളിന്റെ അഗാധ ഗർത്തത്തിലേക്ക് പതിക്കവേ നിസ്സഹായതയിൽ നിന്നും ഉത്ഭവിച്ച
എന്റെ ആർത്തനാദം രാത്രിയുടെ വിജനതയിൽ എവിടെയോ ഒഴുകി അപ്രത്യക്ഷമായി.
(തുടരും)