ഗൂസ് ബേ യിൽ നിന്നും ഏതാണ്ട്
ഇരുനൂറോ മുന്നൂറോ മൈൽ അകലെ ദക്ഷിണഭാഗത്തായിട്ടായിരുന്നു ഗ്രാന്റ് ബേ പട്ടണം സ്ഥിതി
ചെയ്തിരുന്നത്. ആ പ്രദേശത്തെ ഖനനത്തിനും മറ്റും ഉള്ള സൌകര്യത്തിനായി നിർമ്മിച്ച കൊച്ചു
പട്ടണമായിരുന്നു അത്. ലാന്റ് ചെയ്യുവാനായി മുകളിലെത്തിയപ്പോൾ കനത്ത മഴ പെയ്യുകയായിരുന്നു
ഗ്രാന്റ് ബേ യിൽ. ന്യൂഫൌണ്ട് ലാന്റിലെ ഗാന്റർ പോലുള്ള ഏതെങ്കിലും ഇടത്ത് തങ്ങുന്നതിന്
പകരം മർവിൻ ഗോൺട് ഈ നശിച്ച സ്ഥലത്ത് എന്താണ് ചെയ്യുന്നതെന്ന് ഞാൻ അത്ഭുതപ്പെടാതിരുന്നില്ല.
ശരിക്കും ഒരു പൈലറ്റിനെ തേടുകയല്ല അയാളെങ്കിൽ ഈ ഒറ്റപ്പെട്ട സ്ഥലത്ത് സമയം കൊല്ലുന്നതിൽ
യാതൊരു അർത്ഥവുമില്ല.
മൂന്ന് റൺവേകളും ഒരു
ഡസനോളം ഹാങ്കറുകളും ഒരു ചെറിയ ടവറും ഉണ്ടായിരുന്നു ആ എയർഫീൽഡിൽ. ലാന്റ് ചെയ്യുവാനുള്ള
അനുമതി ലഭിച്ചതും ഞാൻ അമാന്തിച്ചില്ല. ആദ്യത്തെ ഹാങ്കറിനരികിൽ പാർക്ക് ചെയ്തിട്ട് ഞാൻ
പുറത്തിറങ്ങി. പതുക്കെ മുന്നോട്ട് നടക്കവെ എല്ലാ ഹാങ്കറുകളിലേക്കും കണ്ണോടിച്ചെങ്കിലും
ജോൺ ലത്തൂഷ് പറഞ്ഞ ആ ഹെറോൺ വിമാനം അതിനുള്ളിലെങ്ങും ഉണ്ടായിരുന്നില്ല.
വീണ്ടും മുന്നോട്ട് നടക്കവെയാണ്
ഹാങ്കറിന്റെ മറുഭാഗത്തായി തുറസ്സായ പ്രദേശത്ത് മഴയേറ്റ് കിടക്കുന്ന ആ വിമാനം ശ്രദ്ധയിൽ
പെട്ടത്. അതിനരികിൽ ചെന്ന് ഒന്ന് വലം വച്ച് ഞാൻ നിന്നു. വിമാനത്തിന്റെ ഫ്യൂസലേജിൽ പെയ്ന്റ്
ചെയ്തിരിക്കുന്ന കനേഡിയൻ രജിസ്ട്രേഷൻ നമ്പറിന്റെ അരികുകൾക്ക് കനത്ത മഴയേറ്റ് ചെറുതായി
കേടുപാടുകൾ സംഭവിച്ചിരിക്കുന്നു. അവയുടെ അരികുകളിൽ ഞാൻ ചെറുതായി ചുരണ്ടി നോക്കി. എന്റെ
ഊഹം തെറ്റിയില്ല… അതിനടിയിൽ പഴയ രജിസ്ട്രേഷൻ നമ്പറിന്റെ അടയാളം കാണുവാനുണ്ട്.
ജോൺ ലത്തൂഷിന്റെ അനുമാനം ശരിയായിരുന്നു എന്ന് വേണം കരുതാൻ.
പട്ടണത്തിലെ ഒരു ഹോട്ടലിലായിരുന്നു അയാൾ തങ്ങിയിരുന്നത്. കാഴ്ച്ചയിൽ തരക്കേടില്ലാത്ത നല്ല ഉയരമുള്ള ഒരു ഇംഗ്ലീഷുകാരൻ. ഒരു സ്കൂൾ അദ്ധ്യാപകന്റെ ശൈലിയിലുള്ള സംഭാഷണം. അഞ്ച് മിനിറ്റ് അയാളോട് സംസാരിച്ചപ്പോഴേക്കും അയാളെക്കുറിച്ച് ഒരു ഏകദേശ ധാരണ എനിക്ക് ലഭിച്ചു കഴിഞ്ഞിരുന്നു.
“മിസ്റ്റർ ഗോൺട്… നിങ്ങൾ ഒരു പൈലറ്റിനെ തേടിക്കൊണ്ടിരിക്കുകയാണെന്ന് കേട്ടു…” ഞാൻ കാര്യത്തിലേക്ക് കടന്നു.
“ഓ യെസ്… എവിടെ നിന്നാണ് നിങ്ങൾക്കീ വിവരം ലഭിച്ചത്…?”
“കാഴ്സൺ മെഡോസ്… അവിടെയുള്ള ഒരു ബാറിൽ ഇരിക്കുമ്പോൾ ഒരാൾ പറയുന്നത് കേട്ടതാണ്…”
അയാൾ എനിക്കായി വാതിൽ
തുറന്ന് തന്നു. ഞാൻ ഉള്ളിലേക്ക് കടന്നു. അത്തരം കൊച്ചു പട്ടണത്തിൽ പ്രതീക്ഷിക്കാവുന്ന
അത്ര വലിപ്പമേ ആ റൂമിനുണ്ടായിരുന്നുള്ളൂ. മഹാഗണിയിൽ തീർത്ത ഒരു ചെറിയ വാർഡ്‌റോബ്, പഴയ
ഒരു കട്ടിലും കിടക്കയും. ഷെൽഫിനടുത്ത് ചെന്ന് വലിപ്പ് തുറന്ന് ഒരു വിസ്കി ബോട്ട്‌ലും
ഗ്ലാസും അയാൾ പുറത്തെടുത്തു.
“കൂടുന്നോ എന്നോടൊപ്പം…?”
വേണ്ട എന്ന മട്ടിൽ ഞാൻ
തലയാട്ടി. മദ്യം ഒരു ഗ്ലാസിലേക്ക് പകർന്നിട്ട് അയാൾ എന്നെ നോക്കി. “ലൈസൻസൊക്കെ ഉണ്ടല്ലോ
അല്ലേ…?”
തല കുലുക്കിയിട്ട് ഞാൻ
എന്റെ പേഴ്സ് പുറത്തെടുത്തു. വാസ്തവത്തിൽ ഗ്രാന്റ് ബേ യിൽ ആർക്കും തന്നെ എന്നെ പരിചയമില്ല.
സാഹചര്യങ്ങൾ വച്ച് നോക്കിയാൽ അജ്ഞാതനായി തന്നെ
ഇരിക്കുന്നതാണ് നല്ലതും. കഴിഞ്ഞ വർഷം ഒരു ലെബനീസ് എയർ ഫ്രെയ്റ്റ് കമ്പനിക്ക് വേണ്ടി
കുറച്ച് നാൾ ജോലി നോക്കിയിരുന്നു ഞാൻ. ജാക്ക് കെൽസോ എന്ന ഒരു കനേഡിയൻ പൈലറ്റിന് കീഴിൽ
കോ-പൈലറ്റ് ആയി. ഫ്ലയിങ്ങ് സ്റ്റാൻഡേഡ്സ് വച്ച് നോക്കിയാൽ അദ്ദേഹം ഒരു വയസ്സനായിരുന്നു.
അമ്പത്തി മൂന്ന് വയസ്സ്… ജീവിതം മുഴുവനും കഷ്ടപ്പാടും കഠിനാദ്ധ്വാനവും കൊണ്ട്
നടന്ന ഒരു പാവം മനുഷ്യൻ. ബസ്രയിലേക്കുള്ള ഒരു ട്രിപ്പിൽ ഇറാക്കിൽ വച്ച് ഹൃദയസ്തംഭനം
മൂലം അദ്ദേഹം മരണമടയുമ്പോൾ ഞാൻ കൂടെയുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ സാധനങ്ങൾ
എല്ലാം ഏറ്റ് വാങ്ങുന്ന കടമ എന്നിലാണ് സ്വാഭാവികമായും വന്ന് പെട്ടത്. ആ പ്രവൃത്തിയിൽ
വലിയ കാര്യമൊന്നും ഉണ്ടാകില്ല എന്നറിയാമായിരുന്നു. കാരണം അദ്ദേഹത്തിന് ഏതെങ്കിലും ബന്ധുക്കൾ
ഉള്ളതായി ആർക്കും തന്നെ അറിവുണ്ടായിരുന്നില്ല. ഉപയോഗ ശൂന്യമായ വസ്തുക്കൾ ഉപേക്ഷിക്കുന്നതിന്റെ
കൂട്ടത്തിലാണ് അദ്ദേഹത്തിന്റെ പൈലറ്റ് ലൈസൻസ് എന്റെ ശ്രദ്ധയിൽ പെട്ടത്. പ്രത്യേകിച്ച്
ഒരാവശ്യവും അതു കൊണ്ട് ഉണ്ടായിരുന്നില്ലെങ്കിലും ഒരു സുവനീർ പോലെ സൂക്ഷിച്ച് വയ്ക്കുവാൻ
തീരുമാനിക്കുകയാണുണ്ടായത്.
പേഴ്സിൽ നിന്നും ആ പൈലറ്റ്
ലൈസൻസ് പുറത്തെടുത്ത് ഞാൻ ഗോൺടിന് നൽകി. ഒറ്റ നോട്ടത്തിൽ ഒന്ന് പരിശോധിച്ചിട്ട് അയാളത്
എനിക്ക് തിരികെ തന്നു.
“ഓകെ, മിസ്റ്റർ കെൽസോ… അപ്പോൾ ആ കാര്യത്തിൽ പ്രശ്നമില്ല… നോക്കൂ… അല്പം വിലക്കുറവിൽ ടൊറന്റോയിൽ നിന്നും ഞാനൊരു ഹെറോൺ വിമാനം വാങ്ങിയിട്ടുണ്ട്… ഞാൻ തനിയെയാണ് ഇവിടം വരെ അത് എത്തിച്ചത്… പക്ഷേ, ഒറ്റയ്ക്ക് അറ്റ്‌ലാന്റിക്ക് താണ്ടുവാനുള്ള ധൈര്യം എനിക്കില്ല… ഈ വിമാനം അയർലണ്ടിൽ എത്തിക്കുകയാണെങ്കിൽ ഇരട്ടി വിലയ്ക്ക് വാങ്ങുവാനായി
ഒരാൾ തയ്യാറായിട്ടുണ്ട്… അതും, ഈ ആഴ്ച്ച അവസാനത്തോടെ അവിടെ എത്തിക്കുകയാണെങ്കിൽ… എന്താ,
നിങ്ങൾക്ക് താല്പര്യമുണ്ടോ…?”
“എന്ത് പ്രതിഫലം തരും…?”
“ആയിരം ഡോളറും റിട്ടേൺ
ടിക്കറ്റും…”
“നാലായിരം…” ഞാൻ പറഞ്ഞു. “നാലായിരം ഡോളറും റിട്ടേൺ ടിക്കറ്റിനുള്ള പണവും...”
അത്ഭുതത്തോടെ അയാളെന്നെ
നോക്കി. എന്നാൽ എന്തെങ്കിലും അയാൾ പറയാൻ മുതിരുന്നതിന് മുന്നെ ഞാൻ തുടർന്നു. “ഒരു പക്ഷേ,
ഒന്നോ രണ്ടോ ദിവസം കാത്തിരുന്നാൽ മറ്റാരെയെങ്കിലും ലഭിക്കുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാകാം… പക്ഷേ, സാദ്ധ്യത കുറവാണ്… ഈ സീസണിൽ ആരും തന്നെ ഈ വഴി വരുവാൻ സാദ്ധ്യതയില്ല… പിന്നെ മറ്റൊരു കാര്യം...
നിങ്ങളുടെ ഹെറോൺ വിമാനം ആ മഴയത്ത്
അധിക സമയം അങ്ങനെ കിടന്നാൽ അതിന്മേലുള്ള രജിസ്ട്രേഷൻ നമ്പർ മാഞ്ഞ് പോകാൻ സാദ്ധ്യതയുണ്ട്… അങ്ങനെ വരുമ്പോൾ അതിനടിയിലുള്ള
യഥാർത്ഥ രജിസ്ട്രേഷൻ തെളിഞ്ഞ് കാണും… അതിൽ പ്രശ്നമില്ലേ നിങ്ങൾക്ക്…?”
അയാൾ ഒന്ന് ചിന്തിക്കുന്നത്
പോലെ തോന്നി. “ഓൾ റൈറ്റ് മിസ്റ്റർ കെൽസോ… നാലായിരമെങ്കിൽ നാലായിരം… നാലായിരം പ്ലസ് നിങ്ങളുടെ റിട്ടേൺ ഫെയർ… ഉറപ്പിക്കാം അല്ലേ…?”
“പണമായിട്ട് വേണം… അതും പുറപ്പെടുന്നതിന് മുമ്പ് തന്നെ…”
“ഓകെ… എപ്പോൾ പുറപ്പെടാൻ പറ്റും…?”
ഗൂസ് ബേ യിലേക്ക് തിരികെ
പറന്ന് എന്റെ ഓട്ടർ വിമാനം അവിടെ കൊണ്ടിടുവാൻ ഞാൻ തീരുമാനിച്ച് കഴിഞ്ഞിരുന്നു. വീണ്ടും
ഇങ്ങോട്ട് എത്തുവാൻ ഒരു മാർഗ്ഗവും കണ്ടില്ലെങ്കിൽത്തന്നെ മെയിൽ സർവീസ് നടത്തുന്ന വിമാനത്തിൽ
ഒരു ലിഫ്റ്റ് സംഘടിപ്പിക്കാമെന്നെനിക്കുറപ്പുണ്ടായിരുന്നു.
“കാലാവസ്ഥാ റിപ്പോർട്ട്
അനുകൂലമാണെങ്കിൽ നാളെ മദ്ധ്യാഹ്നത്തോടെ തന്നെ നമുക്ക് ടേക്ക് ഓഫ് ചെയ്യുവാൻ കഴിയും… ഈസ് ദാറ്റ് ഓകെ വിത്ത് യൂ…?”
“പിന്നെന്താ…? രാവിലെ തന്നെ ഞാൻ വിമാനം ചെക്ക് ചെയ്ത് റെഡിയാക്കി നിർത്താം…”
“എങ്കിൽ തയ്യാറായി ഇരുന്നോളൂ…”
ഞാൻ തിരികെ എയർ സ്ട്രിപ്പിലേക്ക്
നടന്നു. എടുത്ത തീരുമാനം മണ്ടത്തരമായോ എന്നോർത്ത് ഒരു നിമിഷം ഞാൻ ഖേദിച്ചു. പക്ഷേ,
വൈകിപ്പോയി… ഇനി പിറകോട്ട് പോകുവാൻ സാധിക്കാത്ത വിധം വൈകിപ്പോയിരിക്കുന്നു… പോകുവാൻ തന്നെ തീരുമാനിച്ച് കഴിഞ്ഞിരുന്നു ഞാൻ… ഇനി പിറകോട്ടില്ല… എന്റെ സാമ്പത്തിക പ്രശ്നങ്ങൾക്കെല്ലാം തന്നെ ഈ
ട്രിപ്പ് കഴിയുന്നതോടെ പരിഹാരമാകും… ഗോൺടിന്റെ ദുരുദ്ദേശ്യങ്ങൾ എന്ത് തന്നെയായാലും
ശരി, അവയെല്ലാം മനസ്സിന്റെ ഒരു കോണിലേക്ക് തള്ളി മാറ്റി ഞാൻ വാതിൽ കൊട്ടിയടച്ചു. അതെന്താണെന്നറിയേണ്ട
ആവശ്യം എനിക്കില്ല തന്നെ… എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ചാർട്ടർ ട്രിപ്പ്
മാത്രം… അല്ലെങ്കിൽ അങ്ങനെ സമാധാനിക്കുവാൻ ഞാൻ തീരുമാനിച്ചു.
(തുടരും)