ഓടിയെത്തിയ ഡെസ്ഫോർജ്,
അക്രമികളൊലൊരുവന്റെ പിൻകഴുത്തും ഇടുപ്പിനോട് ചേർന്ന് ജീൻസിന്റെ ഭാഗവും കൂട്ടിപ്പിടിച്ച്
എടുത്തുയർത്തി ഒന്ന് കറക്കി നൃത്തവേദിയുടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. റെസ്റ്റോറന്റിലെ
ഒരു തീൻമേശയുടെ മുകളിലേക്കാണ് തല കുത്തി അയാൾ ചെന്ന് വീണത്. ആ ആഘാതത്തിൽ തകർന്ന് വീണ
മേശമേലുണ്ടായിരുന്ന മദ്യക്കുപ്പികളും ഗ്ലാസുകളും ഉടഞ്ഞ് ആൾക്കൂട്ടത്തിനിടയിലേക്ക് ചിന്നിച്ചിതറി.
അത് കണ്ട് ഭയന്ന ഒരു പരിചാരികയുടെ നിലവിളി അവഗണിച്ച ഡെസ്ഫോർജ് അടുത്തയാളുടെ നേർക്ക്
തിരിഞ്ഞു. സ്ട്രാട്ടനെ മർദ്ദിച്ചുകൊണ്ടിരുന്ന രണ്ടാമന്റെ കഴുത്തിൽ അദ്ദേഹത്തിന്റെ ബലിഷ്ഠമായ
കരം ഒരു ഉരുക്ക് ദണ്ഡ് പോലെ ആഞ്ഞ് പതിച്ചു.
അപ്പോഴേക്കും ആർണിയും
എത്തിക്കഴിഞ്ഞിരുന്നു. അക്രമികളിലെ മൂന്നാമത്തവന്റെ പുറത്തേക്ക് ചാടി വീണതോടെ നില തെറ്റിയ
ഇരുവരും കൂടി താഴെ വീണ് കെട്ട്പിണഞ്ഞ് അല്പദൂരം ഉരുണ്ടുരുണ്ട് പോയി. പരസ്പരം കഴുത്തിലെ
പിടി വിടുവാൻ അപ്പോഴും ഇരുവരും കൂട്ടാക്കിയിരുന്നില്ല. അതോടെ സ്ട്രാട്ടനെ ആക്രമിക്കുന്നവരുടെ
എണ്ണം ഒന്നിലേക്ക് കുറഞ്ഞു. സ്ട്രാട്ടന്റെ മേൽ കയറി നിന്നു കൊണ്ട് തലയിൽ ആഞ്ഞ് ചവിട്ടുകയായിരുന്നു
ആ പോർച്ചുഗീസുകാരൻ. എന്നാൽ അക്രമികളുടെ എണ്ണം കുറഞ്ഞതോടെ അല്പമൊരു സൌകര്യം ലഭിച്ച സ്ട്രാട്ടൻ
വിദഗ്ദ്ധമായി ഒരു വശത്തേക്ക് ഉരുണ്ടു മാറി അയാളുടെ കാലിൽ പിടിച്ച് താഴേക്ക് വലിച്ചിട്ടു.
സ്ട്രാട്ടനെ സഹായിക്കാനായി
ഡെസ്ഫോർജ് കുതിച്ചു. പക്ഷേ, അദ്ദേഹത്തിനവിടെ എത്താനായില്ല. വെറും ഇരുപതോ മുപ്പതോ സെക്കന്റുകൾക്കുള്ളിൽ
നടന്ന ഈ സംഭവ വികാസങ്ങളെല്ലാം ബാർ കൌണ്ടറിനരികിൽ നിന്ന് വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്ന
ഡ ഗാമ ഇടപെടുവാൻ തീരുമാനിച്ചത് പെട്ടെന്നായിരുന്നു. സ്‌ഥൂലഗാത്രനായ അയാൾ അവിശ്വസനീയ
വേഗതയിലാണ് ആൾക്കൂട്ടത്തെ തള്ളിമാറ്റി ഡെസ്ഫോർജിന് പിന്നിലെത്തിയത്. അദ്ദേഹത്തെ പിന്നിൽ നിന്നും വട്ടം ചുറ്റിപ്പിടിച്ച്
ഉയർത്തിയിട്ട് തന്റെ ഉരുക്ക് കൈത്തണ്ടയാൽ കഴുത്തിനെ വലയം ചെയ്ത് മുറുക്കി.
ആർണിയും സ്ട്രാട്ടണും
തങ്ങളുടെ എതിരാളികളുമായുള്ള മൽപ്പിടുത്തത്തിലായിരുന്നതിനാൽ ഡ ഗാമയെ തടയുവാൻ ആരും തന്നെയുണ്ടായിരുന്നില്ല.
കഴുത്തിലെ പിടി മുറുകും തോറും ശ്വാസതടസം നേരിട്ടു തുടങ്ങിയ ഡെസ്ഫോർജിന്റെ മുഖം വലിഞ്ഞ്
മുറുകി നീല വർണ്ണമാകുന്നത് ഞാൻ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ കൈകൾ രണ്ടും നിസ്സഹായതയോടെ
അലക്ഷ്യമായി ചലിച്ചു കൊണ്ടിരുന്നു.
വിറയൽ എന്റെ ദേഹത്തെ ബാധിച്ചു
തുടങ്ങിയിരുന്നു. വീർത്തു വരുന്ന ബലൂൺ കണക്കെ തലയ്ക്കുള്ളിൽ മർദ്ദം ഏറുന്നു. കാണികളുടെ
ആരവം കടൽത്തീരത്താഞ്ഞടിക്കുന്ന തിരമാലകളുടെ ഗർജ്ജനത്തിന് സമാനമായി തോന്നി എനിക്ക്.
എന്നെ നോക്കി നിശ്ശബ്ദമായി കേഴുന്ന ഇലാനയെ കാണാമായിരുന്നു എനിക്ക്. അടുത്ത നിമിഷം ഒരു
ചീറ്റപ്പുലിയെപ്പോലെ അവൾ ഗാമയുടെ മുകളിലേക്ക് ചാടി വീണു. എന്നാൽ തന്റെ വലത് കൈ കൊണ്ട്
ഒരു പുഷ്പം കണക്കെ അയാൾ അവളെ ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് ഡെസ്ഫോർജിന്റെ കഴുത്തിലെ പിടി
ഒന്നു കൂടി മുറുക്കി. ഡ ഗാമയുടെ മുഖത്തെ നിർവ്വികാരത മാഞ്ഞ് പോകുന്നതും പകരം ഞാൻ കണ്ടിട്ടുള്ളതിൽ
വച്ചേറ്റവും ക്രൂരവും രാക്ഷസീയവുമായ ഒരു ചിരി തെളിയുന്നതും ഞാൻ വിറയലോടെ ശ്രദ്ധിച്ചു.
എന്റെ രക്തം തിളച്ചു തുടങ്ങിയിരുനു.
ഈ ലോകത്തിലെ സകല സാഡിസ്റ്റുകളേയും പ്രാകൃത മാനസരെയും ഒറ്റയടിക്ക് തുടച്ച് നീക്കണമെന്ന
ഒരു ത്വര എന്നെ ആവേശിച്ചത് പെട്ടെന്നായിരുന്നു. കൈയിൽ കിട്ടിയ ഒരു കസേരയെടുത്ത് പൊക്കി
ഞാൻ ഡ ഗാമയുടെ തലയിൽ ആഞ്ഞടിച്ചു. ആ ഒരു നിമിഷം ഡ ഗാമ എനിക്ക് മറ്റ് പലരുമായിരുന്നു.
സ്കൂളിൽ വച്ച് എന്നെ മർദ്ദിച്ച ആ റഗ്ബി ടീം ക്യാപ്റ്റൻ… നേവിയിൽ ചേർന്ന വേളയിൽ പുതിയ അംഗങ്ങളെ മര്യാദ പഠിപ്പിക്കാൻ വന്ന ആ
സീനിയർ കേഡറ്റ്… ഫ്ലീറ്റ്
എയർ ആം ൽ ചേർന്ന സമയത്ത് പ്രായോഗിക ജ്ഞാനം കുറഞ്ഞ വൈമാനികരെ അങ്ങേയറ്റം അപമാനിക്കുമായിരുന്ന
ഒരു കമാൻഡർ… ഇവരെക്കാൾ എല്ലാം എന്റെ മനസ്സിൽ തെളിഞ്ഞത് മറ്റൊരു
രൂപമായിരുന്നു… അസുഖം ബാധിച്ച് കുറച്ച് നാൾ നേഴ്സിങ്ങ് ഹോമിൽ കഴിഞ്ഞ
കാലത്തെ അനുഭവം. മാനസിക നില തെറ്റിയ രോഗികളുടെ നിയന്ത്രണാതീതമായ പെരുമാറ്റം നൈറ്റ്
ഡ്യൂട്ടി സമയത്തെ തന്റെ ചീട്ട് കളിയെ തടസ്സപ്പെടുത്തന്നതിൽ കലി കയറി അവരെ നിർദ്ദാക്ഷിണ്യം
തല്ലിച്ചതയ്ക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ആ പുരുഷ നേഴ്സ്…
അടിയുടെ ആഘാതത്തിൽ കസേരയുടെ
കാലുകൾ ഒടിഞ്ഞ് പോയിരുന്നു. ഒരിക്കൽക്കൂടി ആ കസേര ഉയർന്ന് താഴ്ന്നു. ഇത്തവണ അത് പൂർണ്ണമായും
ഒടിഞ്ഞ് നുറുങ്ങി. അസഹ്യമായ വേദനയിൽ പുളഞ്ഞ ഡ ഗാമ നിലവിളിച്ചു കൊണ്ട് ഡെസ്ഫോർജിനെ താഴേക്കിട്ടു.
വട്ടം തിരിഞ്ഞ് എന്നെ നോക്കിയ അയാളുടെ മുഖത്ത് തലയിൽ നിന്നും ഒഴുകിയിറങ്ങുന്ന രക്തം
കാണാമായിരുന്നു. കസേരയുടെ അവശേഷിച്ച ഭാഗവും അയാളുടെ മുഖത്തേക്ക് എറിഞ്ഞിട്ട് ഞാൻ പിന്മാറി.
പക്ഷേ, ഗാമയെ സംബന്ധിച്ചിടത്തോളം
ആ പ്രഹരം ഒന്നുമല്ലായിരുന്നു. കൈകൾ രണ്ടും വിടർത്തി എന്നെ പിടികൂടുവാനായി അയാൾ മുന്നോട്ട്
കുതിച്ചു. എന്നാൽ വിദഗ്ദ്ധമായി ഒരു വശത്തേക്ക് ഒഴിഞ്ഞു മാറിയ ഞാൻ അടുത്തു കിടന്ന കസേര
അയാളുടെ മുന്നിലേക്ക് ചവിട്ടിയെറിഞ്ഞു. അതിൽ തട്ടി നില തെറ്റിയ ഡ ഗാമ മലർന്നടിച്ച്
വീഴുന്നതാണ് പിന്നെ ഞാൻ കണ്ടത്. ഒട്ടും അമാന്തിച്ചില്ല ഞാൻ. അരികിലെ മേശമേൽ കണ്ട ഷ്നാപ്സിന്റെ
കുപ്പി വലിച്ചെടുത്ത് അതിന്റെ അടിഭാഗം കൌണ്ടറിന്റെ അരികിൽ അടിച്ച് പൊട്ടിച്ചു. വീണിടത്ത്
നിന്നും എഴുന്നേൽക്കാൻ കഴിയുന്നതിന് മുന്നെ ഞാൻ നീട്ടിപ്പിടിച്ച കുപ്പിയുമായി അയാളുടെ
നെഞ്ചിലേക്ക് മുട്ടു കുത്തി ചാടി വീണു.
തീർത്തും മാരകമായ ആയുധം
തന്നെയായിരുന്നു ആ കുപ്പി. അതിന്റെ ഉടഞ്ഞ് കൂർത്ത ഭാഗം ഞാൻ അയാളുടെ കീഴ്ത്താടിയിൽ ചേർത്ത്
വച്ച് താഴോട്ട് വലിച്ചു. ഒരു ബ്ലേഡ് കൊണ്ട് വരിഞ്ഞത് പോലെ ആ മുറിപ്പാടിൽ നിന്നും രക്തം
കിനിയുവാൻ തുടങ്ങി. ആഞ്ഞൊരമർത്തൽ… അത് മതിയാകുമായിരുന്നു അയാളുടെ കഥ കഴിക്കാൻ… ആ യാഥാർത്ഥ്യം മനസ്സിലായതോടെ അയാളുടെ മുഖത്ത് ഇതാദ്യമായി മരണഭയം നിഴലിക്കുന്നത്
കാണാറായി.
ആ നിമിഷം അയാളെ ഞാൻ കൊല്ലുമായിരുന്നോ
ഇല്ലയോ എന്ന കാര്യത്തിൽ ഒരുറപ്പുമുണ്ടായിരുന്നില്ല എനിക്ക്. ആ സമയത്താണ് ആൾക്കൂട്ടത്തിന്റെ
ആരവത്തിനും മുകളിൽ ഒരു വെടിയൊച്ച മുഴങ്ങിയത്. അതോടെ ഒരു ഞെട്ടലോടെ ഞാൻ യാഥാർത്ഥ്യത്തിലേക്ക്
തിരികെയെത്തി. ഉച്ചത്തിലുള്ള ആരവം നിശ്ശബ്ദതയ്ക്ക് വഴി മാറിയത് അവിശ്വസനീയമായ വേഗതയിലായിരുന്നു.
കൊടുങ്കാറ്റിന് ശേഷമുള്ള സമുദ്രത്തിന്റെ ശാന്തതയുടെ പ്രതീതി. വലത് കൈയിൽ നീട്ടിപ്പിടിച്ച
ഓട്ടോമാറ്റിക്ക് പിസ്റ്റളുമായി ഒലാഫ് സൈമൺസെൻ ആൾക്കൂട്ടത്തെ വകഞ്ഞ് മാറ്റി മുന്നോട്ട്
വന്നു.
“ദാറ്റ്സ് ഇനഫ്, ജോ…” ഇംഗ്ലീഷ് ഭാഷയിൽ അദ്ദേഹം ഉച്ചരിച്ചു. “ഐ വിൽ ടേക്ക് ഓവർ നൌ…”
ഞാൻ പതുക്കെ എഴുന്നേറ്റ്
കൈയിലിരുന്ന കുപ്പി ബാർ കൌണ്ടറിൽ ശ്രദ്ധാപൂർവ്വം വച്ചു. തല ചുറ്റുന്നത് പോലെ… ഇതുവരെ നടന്നതൊക്കെ യാഥാർത്ഥ്യമോ സ്വപ്നമോ എന്ന വിഭ്രാന്തിയിലായിരുന്നു
ഞാൻ. താഴെ വീണു കിടക്കുന്ന ഡ ഗാമയെയും ആർണിയും സാറാ കെൽസോയും ചേർന്ന് പിടിച്ചെഴുന്നേൽപ്പിക്കാൻ
ശ്രമിക്കുന്ന ജാക്ക് ഡെസ്ഫോർജിനെയും ഒക്കെ അവ്യക്തമായി കാണുവാൻ സാധിച്ചു എനിക്ക്. വലിയ
കേടുപാടൊന്നും കൂടാതെ നൃത്തവേദിയുടെ ഒരരികിൽ നിൽക്കുന്ന സ്ട്രാട്ടൺ കർച്ചീഫ് കൊണ്ട്
തന്റെ മുഖത്തെ രക്തത്തുള്ളികൾ തുടച്ചു കൊണ്ടിരിക്കുന്നു.
ഡ ഗാമയെയും നിവർന്ന് നിൽക്കാൻ
കഴിയുന്ന അനുയായികളെയും സൈമൺസെൻ തോക്ക് ചൂണ്ടി ബാർ കൌണ്ടറിനരികിൽ നിരയായി നിർത്തി.
മറ്റ് രണ്ട് പേർ അബോധാവസ്ഥയിൽ നിലത്ത് വീണ് കിടക്കുകയാണ്. ഒരു കൽക്കരിച്ചാക്ക് പോലെ
ഡെസ്ഫോർജ് എടുത്ത് പൊക്കി എറിഞ്ഞ ആളാകട്ടെ ഒടിഞ്ഞ തന്റെ കൈയും താങ്ങിപ്പിടിച്ച് ഒരു
കസേരയിൽ ഇരിക്കുന്നുണ്ട്.
സൈമൺസെൻ എന്റെയരികിലേക്ക്
വന്നു. കൈയിൽ തോക്കുമായി നിൽക്കുന്ന അദ്ദേഹത്തിന്റെ ചുമലിന് മുകളിലൂടെ എനിക്ക് ഗാമയെ
കാണാമായിരുന്നു. എന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ട് തന്റെ താടിയിലെ രക്തം തുടച്ചു
കളയുകയാണയാൾ.
“ഗോ ഹോം, ജോ…” സൈമൺസെൻ ഇംഗ്ലീഷിൽ പറഞ്ഞു. “ആന്റ് ടേക്ക് യുവർ ഫ്രണ്ട്സ് വിത്ത് യൂ… പിന്നീട് കാണാം… എല്ലാവരോടും കുറച്ച് സംസാരിക്കാനുണ്ട്…”
ഒരു വിഡ്ഢിയെപ്പോലെ അദ്ദേഹത്തെ
തുറിച്ച് നോക്കി ഞാൻ നിൽക്കവെ ഇലാന അരികിലേക്ക് വന്നു. ആർണിയുടെ കൈയിൽ ഊരിക്കൊടുത്തിരുന്ന
ആ രോമക്കുപ്പായം അപ്പോൾ അവളുടെ ചുമലിൽ അലസമായി വിശ്രമിക്കുന്നുണ്ടായിരുന്നു. പരിഭ്രമിച്ച്
വിവർണ്ണമായിരുന്നു അവളുടെ മുഖം. എങ്കിലും അവളുടെ സ്വരം ശാന്തവും വ്യക്തവുമായിരുന്നു.
“ജോ… എത്രയും പെട്ടെന്ന് പുറത്ത് കടക്കുന്നതാണ് നല്ലത്… അതിനുള്ള അവസരം ഇപ്പോഴും അവശേഷിച്ചിരിക്കെ…”
എന്റെ നേർക്ക് അവൾ കൈ
നീട്ടി. അനുസരണയോടെ ആ കൈയിൽ പിടിച്ച് ഒരു ആട്ടിൻകുട്ടിയെ പോലെ ഞാൻ അവളെ അനുഗമിച്ചു.
(തുടരും)