Sunday, 3 May 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 30



തൊട്ടടുത്ത ദിനത്തിലെ പ്രഭാതം. സമയം ആറരയോടടുക്കുന്നു. വെതർ റിപ്പോർട്ടിനായി ഞാൻ എയർ സ്ട്രിപ്പിലേക്ക് നടന്നു. ഇന്നത്തെ ദിനം തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്നത് തീർച്ച. ഹാർബറിന് മുകളിൽ മൂടൽ മഞ്ഞിന്റെ കണിക പോലും കാണുവാനില്ല. ദൂരെ തെളിഞ്ഞ ആകാശത്തിലേക്ക് ഉയർന്ന് നിൽക്കുന്ന പർവ്വത ശിഖരങ്ങളുടെ വ്യക്തത. ഇതെല്ലാം കൂടി ഒത്ത് നോക്കുമ്പോൾ ഈ പ്രദേശത്തെ ചിരപരിചിതനെന്ന നിലയിൽ എനിക്കത് മനസ്സിലാക്കാൻ കഴിയുന്നു.  ക്രമേണ ഈ നാടിനെ ഞാനും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവ് എന്നിൽ ആഹ്ലാദം പകർന്നു.

ടവറിൽ നിന്നും കൈപ്പറ്റിയ റിപ്പോർട്ടുമായി തിരിച്ചുള്ള നടപ്പിൽ കോൺക്രീറ്റ് ഹാങ്കറുകൾക്ക് സമീപത്ത് കൂടിയുള്ള കുറുക്കുവഴി തെരഞ്ഞെടുക്കുവാൻ ഞാൻ തീരുമാനിച്ചു. ആർണിയുടെ വിമാനം പാർക്ക് ചെയ്യാറുള്ള ഹാങ്കറിന് മുന്നിൽ ഒരു ജീപ്പ് കിടക്കുന്നുണ്ട്. അരികിലെത്തിയപ്പോഴാണ് ഹാങ്കറിന്റെ ഗേറ്റ് തുറന്ന് പുറത്ത് വരുന്ന ചീഫ് മെക്കാനിക്ക് കാനഡക്കാരൻ മില്ലറെയും ആർണിയെയും കണ്ടത്. ഒരു നിമിഷം ഇരുവരും പരസ്പരം എന്തോ സംസാരിച്ചിട്ട് മില്ലർ ജീപ്പിൽ കയറി ഡ്രൈവ് ചെയ്ത് പോയി.

ആർണി എന്നെ കണ്ടത് അപ്പോഴായിരുന്നു. എന്തോ കുഴപ്പം സംഭവിച്ചിരിക്കുന്നു എന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവന്റെ മുഖത്ത് നിന്നും വായിച്ചെടുക്കുവാൻ കഴിയുന്നുണ്ട്. ബഹിർമുഖ സ്വഭാവമുള്ളവരുടെ സവിശേഷതയാണത്. എന്തെങ്കിലും നിർഭാഗ്യം അവരെ പിടികൂടിയാൽ അതൊളിപ്പിയ്ക്കാൻ അവരെക്കൊണ്ടാവില്ല.

“എന്ത് പറ്റി ആർണീ…?” അരികിലെത്തിയതും ഞാൻ ചോദിച്ചു.

മറുപടി പറയുന്നതിന് പകരം ഗേറ്റ് തുറന്ന് അവൻ ഹാങ്കറിനുള്ളിലെ അരണ്ട വെളിച്ചത്തിലേക്ക് നടന്നു. പിന്നാലെ ഞാനും. അവന്റെ വിമാനം അതിനകത്തുണ്ടായിരുന്നു. സ്കീസ് രണ്ടും ഒടിഞ്ഞ് ഒരു വശത്തേക്ക് ചരിഞ്ഞ് അടിഭാഗം നിലത്ത് മുട്ടി കിടക്കുകയാണ് വിമാനം. അണ്ടർ കാര്യേജിന് കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്. ഇത്രയും നാശനഷ്ടങ്ങൾ വരുത്തിയ വില്ലൻ അടുത്ത് തന്നെ കിടപ്പുണ്ട്. ഒരു ത്രീ ടൺ ബെഡ്‌ഫോർഡ് ട്രക്ക്. അവിടുത്തെ ആവശ്യങ്ങൾക്കായി എയർസ്ട്രിപ്പിൽ ഉപയോഗിച്ചിരുന്ന ആ ട്രക്ക് ആരോ റിവേഴ്സ് എടുത്ത് വിമാനത്തിൽ ചെന്നിടിച്ചിരിക്കുകയാണ്.

“എന്താണ് സംഭവിച്ചത്…?”

“ഒരു പിടിയുമില്ല… രാവിലെ വന്നപ്പോൾ കണ്ട കാഴ്ച്ച ഇതാണ്… നിങ്ങൾക്കറിയാമല്ലോ... രാത്രിയിൽ ഇവിടെ കാവൽക്കാരൊന്നും ഇല്ലെന്നത്… മില്ലർ പറയുന്നത് ഏതോ മദ്യപാനി ഒരു രസത്തിന് ട്രക്കിനുള്ളിൽ കയറി സ്റ്റാർട്ട് ചെയ്ത് വരുത്തി വച്ച പണിയായിരിക്കുമെന്നാണ്...”

“ഇക്കണക്കിന് പോയാൽ വല്ല മൃഗങ്ങളും വന്ന് രാത്രിയിൽ ഈ വിമാനം തന്നെ പറത്തിക്കൊണ്ട് പോകില്ല എന്നതിനെന്താണുറപ്പ് …”  ഞാൻ പറഞ്ഞു.

എന്റെ കണ്ണുകളിലേക്കവൻ തുറിച്ചു നോക്കി. അർത്ഥഗർഭമായ ആ നീണ്ട മൌനത്തിനൊടുവിൽ അതേക്കുറിച്ച് കൂടുതലെന്തോ വെളിപ്പെടുത്തുവാൻ അവൻ തുനിയുന്നത് പോലെ എനിക്ക് തോന്നി. എന്നാൽ അടുത്ത നിമിഷം അതിൽ നിന്നും പിന്തിരിഞ്ഞ അവൻ തുടർന്നത് ലാഘവത്തോടെയാണ്.

“ഒരു ക്രെയിൻ കൊണ്ടു വരാനാണ് മില്ലർ പോയിരിക്കുന്നത്… ഉടൻ തന്നെ വിമാനം ഉയർത്തുവാൻ സാധിക്കും…”

“സംഭവിച്ച കേടുപാടുകളോ…?”

“രണ്ട് മൂന്ന് ദിവസം കൊണ്ട് തീർക്കാമെന്നാണ് മില്ലർ പറയുന്നത്…”

“രണ്ട് മൂന്ന് ദിവസം…!  അതിനുള്ളിൽ എന്തെല്ലാം കാര്യങ്ങൾ സംഭവിക്കാനിരിക്കുന്നുവെന്ന് വല്ല പിടിയുമുണ്ടോ ആർണീ…?”

“എന്താണ് നിങ്ങൾ ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാൻ സാധിച്ചെങ്കിൽ എന്നാഗ്രഹിക്കുന്നു…” പ്രസന്നഭാവത്തിൽ അവൻ ചിരിച്ചു.

“എന്ന് തന്നെയാണ് എന്റെയും ആഗ്രഹം… ശരി… എനിക്ക് പോകേണ്ട സമയമായി… പിന്നെ കാണാം…” ഞാൻ പറഞ്ഞു.

ഹാങ്കറിന്റെ ഗേറ്റ് തുറന്ന് പുറത്ത് കടന്ന് ഞാൻ തിരിഞ്ഞ് നിന്നു. “പിന്നെ, ആർണീ… ഇന്നലെ രാത്രി നീ ഇലാനയ്ക്ക് കൊടുത്ത ആ കല്ല്… അത്തരം കല്ലുകൾ ഇനിയും ബീച്ചിലെങ്ങാനും കാണാനിടയായാൽ എടുത്ത് വയ്ക്കാൻ മറക്കല്ലേ… എനിക്കും വേണം കുറച്ച് … വയസ്സുകാലത്തെ ജീവിതത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു…”

എന്നാൽ ഞാൻ കൊളുത്തിയ ചൂണ്ടയിൽ അത്ര പെട്ടെന്നൊന്നും അവൻ കൊത്തില്ല എന്നെനിക്കുറപ്പായിരുന്നു. ഒരു ചെറുപുഞ്ചിരിയുടെ ഇടയിൽ  ആ കണ്ണുകളിൽ പടരുന്ന ഭീതി ആ അരണ്ട വെട്ടത്തിലും എനിക്ക് കാണാമായിരുന്നു. കൂടുതലൊന്നും പറയാതെ ഞാൻ തിരിഞ്ഞ് ഹാർബറിലേക്ക് നടന്നു.

                                    * * * * * * * * * * * * * * * *

സൈമൺസെനും ഫോഗെലും സംഘവും സ്ലിപ്പ്‌വേയിൽ എത്തിക്കഴിഞ്ഞിരുന്നു. സ്ട്രാട്ടനും ആ പോലീസുകാരനും കൂടി അവർക്കാവശ്യമായ സ്കീകളും മറ്റ് ഉപകരണങ്ങളും എന്റെ വിമാനത്തിൽ കയറ്റിക്കൊണ്ടിരിക്കുകയാണ്.

“വെതർ റിപ്പോർട്ട് എങ്ങനെയുണ്ട്…?” സൈമൺസെൻ ആരാഞ്ഞു.

“പകൽ മുഴുവനും തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്നാണ് പറയുന്നത്… ഇരുട്ടാവുന്നതോടെ ചെറിയ തോതിൽ മൂടൽ മഞ്ഞ് പരക്കുവാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല… അല്പം മനസ്സ് വച്ചാൽ ഇരുട്ടാവുന്നതിന് മുമ്പ് തന്നെ നമുക്ക് പോയി തിരിച്ചെത്താമെന്നാണ് തോന്നുന്നത്…” ഞാൻ പറഞ്ഞു.

അദ്ദേഹം തല കുലുക്കി. “എന്നാൽ ശരി, പെട്ടെന്ന് തന്നെ നമുക്ക് പുറപ്പെടാം… സാൻഡ്‌വിഗ്ഗിലെ ഏജന്റുമായി ഞാൻ ബന്ധപ്പെട്ടിരുന്നു… നാം ആവശ്യപ്പെട്ട ചെറിയ തരം സ്ലെഡ്ജുമായി അയാളവിടെ കാത്ത് നിൽക്കുന്നുണ്ടാകും… നമ്മൾ ലാന്റ് ചെയ്യേണ്ട താമസമേയുള്ളൂ…”

ഇരമ്പി വരുന്ന ഒരു വാഹനത്തിന്റെ മുരൾച്ച കേട്ട് ഞങ്ങൾ തിരിഞ്ഞു നോക്കി. ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള ലാന്റ് റോവറാണ്. സാമാന്യം വേഗതയിൽത്തന്നെ പാഞ്ഞു വന്ന അത് സ്ലിപ്പ്‌വേയുടെ ഏതാനും വാ‍ര അകലെ ബ്രേക്ക് ചെയ്തു. ഷീപ്പ് സ്കിൻ കോട്ടും സ്കീ പാന്റ്സും സൺഗ്ലാസും ധരിച്ച് ആദ്യം പുറത്തിങ്ങിയ ഇലാനയെ കണ്ടാൽ ഒരു ടൂറിസ്റ്റിന്റെ എല്ലാ ലക്ഷണവുമുണ്ടായിരുന്നു.  ഡ്രൈവിങ്ങ് സീറ്റിൽ നിന്നും പുറത്തിറങ്ങിയ ഹോട്ടൽ പോർട്ടർ അവരുടെ ബാഗേജുകൾ പുറത്തിറക്കി വയ്ക്കുവാൻ തുടങ്ങി. മറുവശത്ത് കൂടി പുറത്തിറങ്ങിയ ഡെസ്ഫോർജിനാകട്ടെ കഴിഞ്ഞ രാത്രിയിലെ അടിപിടിയുടെയും മദ്യപാനത്തിന്റെയും ക്ഷീണമൊന്നും കാര്യമായി കാണാനില്ല.

“നേരം പുലരുന്നതേയുള്ളല്ലോ… ഫ്ലൈറ്റ് മിസ്സാകുമോ എന്നൊരു സംശയമുണ്ടായിരുന്നു…” ഡെസ്ഫോർജ് പറഞ്ഞു.

സൈമൺസെൻ തിരിഞ്ഞ് പുരികം ചുളിച്ച് സംശയഭാവത്തിൽ എന്നെ നോക്കി. “മിസ്റ്റർ ഡെസ്ഫോർജും നമ്മോടൊപ്പം വരുന്നുണ്ടോ…?”

“സാൻഡ്‌വിഗ്ഗ് വരെ മാത്രം…” ഞാൻ പറഞ്ഞു  “മിസ്സ് ഇലാനാ എയ്ട്ടനോടൊപ്പം കുറച്ച് ദിവസം അവിടെ ചെലവഴിക്കാൻ പോകുകയാണ് അദ്ദേഹം… റെയ്ൻ‌ഡിയർ നായാട്ടിലാണ് ഇത്തവണ കമ്പം…”

“സമയം വളരെ പരിമിതമാണ് നമ്മുടെ യാത്രയ്ക്ക്… അതിനിടയിൽ ഇവരും കൂടി…!” സൈമൺസെൻ സംശയാലുവായി കാണപ്പെട്ടു.

ഡാനിഷ് ഭാഷയിലാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും അതിന്റെ ഏകദേശ രൂപം ഡെസ്ഫോർജിന് പിടി കിട്ടിയിരുന്നു. ഉടൻ തന്നെ ഡെസ്ഫോർജ് പ്രതികരിച്ചു.

“നോക്കൂ… ഞങ്ങൾ കൂടെ വരുന്നതിൽ എന്തെങ്കിലും അസൌകര്യമുണ്ടെങ്കിൽ പറഞ്ഞോളൂ… ഒരു വിരോധവുമില്ല… ഞങ്ങളെ അവിടെ കൊണ്ടു ചെന്നാക്കാൻ ആർണിയോട് ഒരു വാക്ക് പറയേണ്ട കാര്യമേയുള്ളൂ…”

“ശരിയാണ്… പക്ഷേ, അവന്റെ വിമാനത്തിന് ചെറിയൊരു ആക്സിഡന്റ് പറ്റി… എങ്ങനെ പോയാലും ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലുമെടുക്കും അത് റിപ്പയർ ചെയ്ത് പറക്കാൻ തക്ക പാകത്തിലാക്കിയെടുക്കാൻ…” ഞാൻ പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന സൈമൺസെന്റെ ചോദ്യത്തിനുത്തരമായി നടന്ന കാര്യങ്ങൾ ഞാൻ വിശദീകരിച്ചു. ഫോഗെലും സ്ട്രാട്ടണും വലിയ താല്പര്യമൊന്നും ആ വിഷയത്തിൽ പ്രകടിപ്പിച്ചില്ലെങ്കിലും ഞാൻ പറഞ്ഞ ഓരോ വാക്കും ആകാംക്ഷയോടെ ശ്രദ്ധിക്കുകയായിരുന്നു സാറാ കെൽ‌സോ. ആ കണ്ണുകളിൽ നിന്നും പ്രത്യേകിച്ചൊന്നും മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും അവളുടെ കവിളിണകൾ പലപ്പോഴും ചുവക്കുന്നത് ഞാൻ ശ്രദ്ധിക്കാതിരുന്നില്ല. ആ അപകടത്തെക്കുറിച്ചുള്ള മില്ലറുടെ അഭിപ്രായത്തിൽ സൈമൺസെന്റെ മനസ്സിലും എന്തെങ്കിലും സംശയമുള്ളതായി എനിക്ക് തോന്നിയില്ല  - അതിന്റെ സത്യാവസ്ഥ മറ്റെന്തോ ആയിരിക്കാമെന്ന് എന്റെ മനസ്സ് പലവട്ടം പറഞ്ഞുവെങ്കിലും.

എല്ലാം കേട്ടതിന് ശേഷം സൈമൺസെൻ തലയാട്ടി.  “പാവം ആർണി… തിരക്കുള്ള സീസണിൽ തന്നെയായിപ്പോയി ഈ അപകടം…” അദ്ദേഹം ഡെസ്ഫോർജിന് നേർക്ക് തിരിഞ്ഞു. “നമ്മളെ എല്ലാവരെയും കൊണ്ടുപോകാൻ കഴിയുമെന്ന് മിസ്റ്റർ മാർട്ടിന് ഉറപ്പുണ്ടെങ്കിൽ പിന്നെ എനിക്ക് ഒരു വിരോധവുമില്ല മിസ്റ്റർ ഡെസ്ഫോർജ്… പക്ഷേ, എത്രയും പെട്ടെന്ന് പുറപ്പെട്ടേ തീരൂ… തിരക്ക് പിടിച്ച ഒരു ദിനമാണ് ഇന്ന് ഞങ്ങൾക്ക് മുന്നിൽ … അവിടെ ആ മഞ്ഞുമലയുടെ മുകളിൽ ഇന്ന് രാത്രി കഴിച്ചുകൂട്ടാൻ ഒട്ടും താല്പര്യമില്ല എനിക്ക്… ഇന്ന് തന്നെ മടങ്ങാൻ സാധിക്കുമെങ്കിൽ പിന്നെ എന്തുകൊണ്ടായിക്കൂടാ…?”

“എങ്കിൽ ശരി…” ലാന്റ് റോവറിന്റെ ഡ്രൈവർക്കുള്ള വാടക നൽകി ഡെസ്ഫോർജ് പറഞ്ഞയച്ചു. സ്ട്രാട്ടനും സൈമൺസെനും ചേർന്ന് ഡെസ്ഫോർജിന്റെ ബാഗേജ് വിമാനത്തിലേക്കെടുത്ത് വച്ചു.

അതിനിടയിൽ രണ്ട് നിമിഷം ഇലാനയുമായി സംസാരിക്കുവാൻ ഞാൻ മനഃപൂർവ്വം സമയം കണ്ടെത്തി. ഞാൻ നൽകിയ സിഗരറ്റ് ചുണ്ടിൽ വച്ച അവൾക്ക് തീപ്പെട്ടിക്കൊള്ളി ഉരച്ച് കൈപ്പടത്തിനുള്ളിലാക്കി തീ കൊളുത്തിക്കൊടുത്തു.   

“ഇന്നലെ രാത്രിയിലെ ആ സംഭവം…” പതിഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞു. “ആർണി തന്ന ആ സമ്മാനം… അതിനെക്കുറിച്ച് തൽക്കാലം ആരോടും പറയണ്ട കേട്ടോ…”

അത്ഭുതത്തോടെ അവളെന്നെ നോക്കി. “ഓൾ റൈറ്റ്… പക്ഷേ, അടുത്ത തവണ കാണുമ്പോൾ അതേക്കുറിച്ച് വിശദമായി നിങ്ങൾ പറയുമെന്ന് കരുതട്ടെ...?”

മറുപടി പറയാൻ ഞാൻ തുനിഞ്ഞില്ല. അതിന്റെ ആവശ്യം തോന്നിയുമില്ല. വേറെ ധാരാളം കാര്യങ്ങളുണ്ട് ചിന്തിക്കാൻ. എല്ലാവരും വിമാനത്തിൽ കയറിയതിന് ശേഷം ബാഗേജ് വച്ചിരിക്കുന്ന ഇടം ഞാൻ പരിശോധിച്ചു. സ്ട്രാട്ടൺ തന്റെ ജോലി ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. യാത്രക്കാരുടെ ഭാരത്തിന് അനുസൃതമായി ബാലൻസ് ചെയ്യുന്ന വിധം ഏറ്റവും ഉചിതമായ രീതിയിൽ തന്നെയാണ് അയാൾ ബാഗേജ് അടുക്കി വച്ചിരിക്കുന്നത്.

അവ ഓരോന്നും ദൃഢമായി ബന്ധിച്ചതിന് ശേഷം അവസാന വട്ട പരിശോധനയും ഞാൻ പൂർത്തിയാക്കി. ശേഷം ക്യാബിനിൽ കയറി സ്റ്റാർട്ട് ചെയ്ത് വിമാനം പതുക്കെ വെള്ളത്തിലേക്ക് ഇറക്കി. പിന്നെ താമസമുണ്ടായില്ല. നിമിഷങ്ങൾക്കകം ഞങ്ങൾ ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞിരുന്നു.

(തുടരും)