അടുത്ത ദിവസം മദ്ധ്യാഹ്നത്തിൽ
ടേക്ക് ഓഫിന് തയ്യാറെടുക്കുമ്പോഴും മഴ പെയ്തു കൊണ്ടിരിക്കുകയായിരുന്നു. എങ്കിലും കാലാവസ്ഥാ
റിപ്പോർട്ട് അനുകൂലമായതു കൊണ്ട് ഞാൻ അത് അത്ര കാര്യമായി എടുത്തില്ല. ട്രാൻസിറ്റ് ഫ്ലയിങ്ങ്
ആയതിനാൽ കസ്റ്റംസ് പരിശോധനകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രവുമല്ല, ഗ്രാന്റ്
ബേ പോലുള്ള ആ കൊച്ചു വിമാനത്താവളത്തിൽ അത്തരം ചടങ്ങുകളെല്ലാം കഴിയാവുന്നത്ര വെട്ടിച്ചുരുക്കിയിരുന്നു.
യാത്രാ രേഖകളെല്ലാം മർവിൻ ഗോൺട് തന്നെ ശരിയാക്കിയിട്ടുണ്ടായിരുന്നു. എൻജിൻ ട്യൂൺ
ചെയ്യാൻ എത്തിയ രണ്ട് മെക്കാനിക്കുകൾക്കാകട്ടെ എന്റെ മുഖം നേരിട്ട് കാണുവാൻ അവസരവും
ലഭിച്ചില്ല. അങ്ങനെ യാതൊരു ബുദ്ധിമുട്ടും കൂടാതെ ഞാൻ ജാക്ക് കെൽസോ എന്ന വൈമാനികനായി
മാറുകയായിരുന്നു.
എന്റെ പ്രതിഫലമായ നാലായിരം
ഡോളറിന്റെ പുത്തൻ നോട്ടുകൾ ഗോൺട് നേരത്തെ തന്നെ നൽകിയത് ഒരു എൻവലപ്പിൽ ആക്കി എന്റെ
തന്നെ പേർക്ക് ഗൂസ് ബേ യിലെ അഡ്രസ്സിൽ ഞാൻ പോസ്റ്റ് ചെയ്തിരുന്നു. അങ്ങനെ എല്ലാ കാര്യങ്ങളും
ശരിയായ രീതിയിലായെന്ന് ഉറപ്പ് വരുത്തിയിട്ടാണ് ഞാൻ ടേക്ക് ഓഫിന് തയ്യാറായി എത്തിയത്.
എന്റെ കണക്ക് കൂട്ടൽ വച്ച് നോക്കിയാൽ നോർമൽ ടാങ്കുകളിലെ ഇന്ധനം കൊണ്ട് അറ്റ്‌ലാന്റിക്കിന്
മുകളിൽ പാതി ദൂരം താണ്ടുവാൻ കഴിയും. ശേഷമുള്ള ദൂരത്തിന് ഓക്സിലറി ടാങ്കിലെ ഇന്ധനം ധാരാളം.
പൈലറ്റ് സീറ്റിൽ ഇരുന്ന് ഇൻസ്ട്രുമെന്റ് പാനൽ പരിശോധിച്ചു കൊണ്ടിരിക്കവെ ഗോൺട് അരികിലെത്തി.
ഒരു പുത്തൻ ഫ്ലയിങ്ങ്
സ്യൂട്ട് ആയിരുന്നു അയാൾ ധരിച്ചിരുന്നത്. കോ-പൈലറ്റിന്റെ സീറ്റിൽ വന്നിരുന്ന് ബെൽറ്റ്
മുറുക്കുമ്പോൾ അയാളുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.
“റെഡി റ്റു ഗോ…?” ഞാൻ ചോദിച്ചു.
“വെൻ എവർ യൂ ലൈക്ക്… പക്ഷേ, ഒരു കാര്യം…” ചാർട്ട്
ബോർഡിൽ വൃത്തിയായി ക്ലിപ്പ് ചെയ്ത ഒരു മാപ്പ് അയാൾ എനിക്ക് നീട്ടി. “ഇത് ശ്രദ്ധിച്ചാൽ
ഒരു കാര്യം നിങ്ങൾക്ക് മനസ്സിലാകും… ഐ ഹാവ് ചെയ്ഞ്ച്ഡ് അവർ ഡെസ്റ്റിനേഷൻ…”
അയാൾ രേഖപ്പെടുത്തിയിരിക്കുന്ന
വ്യോമപഥം ഞാൻ ശ്രദ്ധിച്ചു. ഗ്രാന്റ് ബേയിൽ നിന്നും നേരെ വടക്ക് പടിഞ്ഞാറോട്ട് പറന്ന്
ഗ്രീൻലാന്റിന്റെ മുനമ്പിന് മുകളിലൂടെ കടന്ന് ഐസ്‌ലാന്റിലെ റെയ്ക്ജാവിക്കിൽ അവസാനിക്കുന്ന
യാത്ര. മൊത്തം ആയിരത്തി അറുനൂറ് മൈൽ.
“ഇതിന്റെ പിന്നിലെ ഉദ്ദേശ്യം…?” ഞാൻ ചോദിച്ചു.
അയാൾ പോക്കറ്റിൽ നിന്നും
ഒരു എൻവലപ്പ് എടുത്ത് എന്റെ നേർക്ക് നീട്ടി. “ആയിരം ഡോളർ കൂടിയുണ്ട് ഇതിൽ… ഓൾ റൈറ്റ്…?”
മുമ്പ് തന്നത് പോലെ തന്നെ
പുത്തൻ നോട്ടുകളായിരുന്നു അതും. തികച്ചും ആകർഷണീയം… തിരികെ
എൻവലപ്പിനകത്തേക്ക് തന്നെ ഇട്ട് ഞാനത് ഫ്ലയിങ്ങ് ജാക്കറ്റിന്റെ ഉൾഭാഗത്തെ പോക്കറ്റിൽ
തിരുകി. വാസ്തവത്തിൽ എങ്ങോട്ടായാലും എനിക്കെന്ത്…? റെയ്ക്ജാവിക്ക്
അല്ലെങ്കിൽ ഷാനൺ… എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ഒരു പോലെ തന്നെ.
ഒരു കൌശലക്കാരനെപ്പോലെ
അയാൾ പുഞ്ചിരിച്ചു. “ഡെസ്റ്റിനേഷനിൽ വരുത്തിയ മാറ്റം നാം കൺട്രോൾ ടവറിനെ അറിയിക്കുന്നില്ല… അവരുടെ രേഖകളിൽ നമ്മുടെ ലക്ഷ്യം അയർലണ്ട് തന്നെ ആയിരിക്കട്ടെ…”
“യൂ ആർ ദി ബോസ്…” അത്രയും പറഞ്ഞിട്ട് ഞാൻ വിമാനം
പതുക്കെ റൺവേയിലേക്ക് എടുത്തു.
ടേക്ക് ഓഫ് ചെയ്യുമ്പോഴും
മഴ തകർക്കുന്നുണ്ടായിരുന്നു. ആകാശം ഈയം പൂശിയത് പോലെ… പക്ഷേ, കാലവസ്ഥാ റിപ്പോർട്ട് മനസ്സിലുള്ളത് കൊണ്ട് ഒട്ടും വേവലാതിയുണ്ടായിരുന്നില്ല
എനിക്ക്. കടലിന് മുകളിലെത്തുന്നത് വരെയും ഞാൻ വിമാനത്തിന്റെ ദിശ മാറ്റുവാൻ തുനിഞ്ഞില്ല.
കൈകാര്യം ചെയ്യുവാൻ വളരെ എളുപ്പമുള്ള വിമാനം… പറയാതിരിക്കാൻ കഴിയില്ല അത്. അങ്ങ് ദൂരെ ചക്രവാളത്തിനും
അപ്പുറം എങ്ങോ ഒരു മേഘശകലം സൂര്യകിരണങ്ങളേറ്റ് വെട്ടിത്തിളങ്ങി. പിന്നോട്ട് ചാഞ്ഞിരുന്ന്
കൺട്രോൾ സ്റ്റിക്കിൽ അലസമായി കൈ വച്ച് ഞാൻ ആ യാത്ര ആസ്വദിക്കുവാനാരംഭിച്ചു.
* * * * * * * * * *
* * * *
ഒന്നോ രണ്ടോ മണിക്കൂർ
കടന്നു പോയിരിക്കുന്നു. അഞ്ഞൂറ് മൈൽ ദൂരം പിന്നിട്ട് കഴിഞ്ഞു.. ഒന്ന് എഴുന്നേറ്റ് നടുവ്
നിവർക്കണമെന്ന് തോന്നിത്തുടങ്ങിയത് ഇപ്പോഴാണ്. വിമാനത്തിന്റെ കൺട്രോൾ ഗോൺടിനെ ഏൽപ്പിച്ച് ഞാൻ ക്യാബിൻ ഡോർ തുറന്ന് വിമാനത്തിന്റെ പിൻഭാഗത്തുള്ള ടോയ്ലറ്റിന് നേർക്ക് നടന്നു.
ടോയ്ലറ്റിന്റെ വാതിൽ തുറന്നതും എനിക്ക് ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കുകളിൽ
ഒന്നായിരുന്നു.
ഗ്രാന്റ് ബേ എയർപോർട്ടിലെ
മെക്കാനിക്കുകളുടെ വേഷം ധരിച്ച ഒരാൾ അതിനകത്ത് നിൽക്കുന്നുണ്ടായിരുന്നു. മറ്റ് ഏത്
അവസരത്തിലായാലും അതൊരു തമാശയായിട്ടേ ഞാൻ കാണുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ… വലത് കൈയിൽ നീട്ടിപ്പിടിച്ച
ല്യൂഗർ ഓട്ടോമാറ്റിക്ക് പിസ്റ്റളുമായി നിൽക്കുന്ന അയാളുടെ ദൃശ്യം ഒരിക്കലും
ഒരു തമാശയായി കാണാൻ എനിക്കാവില്ലായിരുന്നു.
(തുടരും)