Sunday, 5 July 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 38



സാൻഡ്‌വിഗിൽ നിന്നും പുലർച്ചെ പുറപ്പെട്ട് എട്ട് മണിയോടെ ഞങ്ങൾ ഫ്രെഡറിക്‌സ്ബോർഗിൽ ലാന്റ് ചെയ്തു. യാത്രക്കാരെ ഇറക്കിയിട്ട് പെട്ടെന്ന് തന്നെ ഞാൻ അടുത്ത ട്രിപ്പിന് തയ്യാറെടുത്തു. നഷ്ടമായ സമയം തിരിച്ച് പിടിക്കേണ്ടതുണ്ട്… ഗോട്‌ഹാബിലേക്കുള്ള ഒന്ന് രണ്ട് തൊഴിലാളികളെ ഡ്രോപ്പ് ചെയ്തതിന് ശേഷം ഞാൻ സോന്ദ്രേ സ്ട്രോംഫോർഡിലേക്ക് തിരിച്ചു. ആഴക്കടലിൽ നിന്നും എൻ‌ജിൻ ട്രബിളുമായി ഹാർബറിലെത്തിയിട്ടുള്ള ഒരു ട്രോളറിന് ആവശ്യമായ സ്പെയർ പാർട്ടുകൾ അത്യാവശ്യമായി എത്തിക്കേണ്ടതുണ്ട്.

തിരികെ ഫ്രെഡറിക്‌സ്ബോർഗിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് ഒരു മണിയായിരുന്നു. അപ്പോഴാണ് അടുത്ത യാത്രക്കായി തിരക്ക് കൂട്ടിക്കൊണ്ടിരിക്കുന്ന സൈമൺസെനെ കണ്ടത്. ഏതാണ്ട് നൂറ് മൈൽ അകലെയുള്ള ഒരു തീരദേശ ഗ്രാമത്തിൽ രണ്ട് എസ്കിമോകൾ അന്യോന്യം കത്തിക്കുത്ത് നടത്തിയിരിക്കുന്നു. അദ്ദേഹത്തെ അവിടെ കൊണ്ട് വിട്ട് നാളെ ഇതേ സമയത്ത് കണ്ടുമുട്ടാമെന്ന ഉറപ്പിന്മേൽ ഞാൻ തിരികെ ഫ്രെഡറിക്‌സ്ബോർഗിലേക്ക് പറന്നു.

ആർണിയെ കാണുക എന്നതായിരുന്നു എന്റെ പ്രധാന ഉദ്ദേശ്യം. തിരക്ക് പിടിച്ച ഇന്നത്തെ യാത്രകൾക്കിടയിൽ ഇപ്പോൾ മാത്രമാണ് അല്പം സമയം ലഭിച്ചിരിക്കുന്നത്. ഞാൻ നേരെ എയർസ്ട്രിപ്പിലേക്ക് നടന്നു. ആർണിയുടെ വിമാനം ഹാങ്കറിൽ തന്നെ കിടക്കുന്നുണ്ട്. മില്ലറും രണ്ട് മെക്കാനിക്കുകളും ചേർന്ന് ക്രെയ്‌നിന്റെ സഹായത്തോടെ ഉയർത്തിയ വിമാനത്തിന്റെ അണ്ടർ കാര്യേജിൽ അറ്റകുറ്റപ്പണികൾ ചെയ്തുകൊണ്ടിരിക്കുകയാണ്.

“ആർണി എവിടെ…?”  ഞാൻ ചോദിച്ചു.

“ഇന്നലെ രാത്രി വന്ന് പോയതാണ്… പിന്നെ കണ്ടിട്ടില്ല…” പുഞ്ചിരിച്ചുകൊണ്ട് മില്ലർ കൈയിലെ ഗ്രീസ് ഒരു തുണിയിൽ തുടച്ചു.  “ചിലപ്പോൾ ഏതെങ്കിലും പെണ്ണിന്റെ കൂടെ ബെഡ്ഡിലായിരിക്കും... വേറെ ഒന്ന് രണ്ട് പേരും അവനെ തിരക്കി വന്നിരുന്നു… ഉച്ച കഴിഞ്ഞ് വീണ്ടും അവർ അന്വേഷിച്ച് വന്നിരുന്നു… അവനെ കാണുവാൻ സാധിച്ചില്ല എന്നും പറഞ്ഞ്…”

“ആരായിരുന്നു അവർ…?”

“അവരിൽ അല്പം പ്രായമുള്ള ആളുടെ പേര് ഫോഗെൽ എന്നാണ്… ജർമ്മൻ‌കാരനോ മറ്റോ ആണെന്ന് തോന്നുന്നു…”

“അല്ല, ഓസ്ട്രിയനാണ്…” ഞാൻ പറഞ്ഞു. “ങ്‌ഹാ… അത് പോട്ടെ… വിമാനത്തിന്റെ റിപ്പയറിങ്ങ് എങ്ങനെ പോകുന്നു…?”

“തരക്കേടില്ല… നാളെ ആകുമ്പോഴേക്കും റെഡിയാകും… അവനെ കാണുകയാണെങ്കിൽ പറഞ്ഞേക്ക്, രാവിലെ വന്ന് വിമാനം എടുത്തു കൊള്ളാൻ…”

അപ്പോൾ ആ വേട്ടനായ്ക്കൾ അവനെ ലക്ഷ്യമിട്ടു കഴിഞ്ഞിരിക്കുന്നു…! ഞാൻ ധൃതിയിൽ അവന്റെ കോട്ടേജിലേക്ക് നടന്നു. വാതിൽ അടച്ച് പൂട്ടിയിരിക്കുകയാണ്. കുറച്ച് നേരം മുട്ടി നോക്കിയെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല.

രണ്ട് സാദ്ധ്യതകളേ ഉള്ളൂ… ഒന്നുകിൽ അവൻ ഗൂഡ്രിഡിന്റെ അടുത്തായിരിക്കും… അല്ലെങ്കിൽ ഫ്രെഡറിക്‌സ്മട്ടിൽ ഇരുന്ന് മദ്യപിക്കുന്നുണ്ടാവും… ഞാൻ താമസിക്കുന്ന ഹോട്ടലിലേക്കുള്ള വഴിയിലാണ് ഫ്രെഡറിക്‌സ്മട്ട്. പോകുന്ന വഴി കയറി നോക്കാം.

വല്ലാത്തൊരു ദിവസം തന്നെയായിരുന്നു ഇന്ന്. നല്ല ക്ഷീണം… മറ്റ് വല്ലവരുമാണെങ്കിൽ ഒന്നോ രണ്ടോ ഡബിൾ ബ്രാണ്ടി ആയിരിക്കും ഓർഡർ ചെയ്തിരിക്കുക. ഒരു കോഫി ഓർഡർ ചെയ്തിട്ട് ഞാൻ ഒരു മദ്യപാനിയുടെ ചേഷ്ടകളോടെ അടുത്തു കണ്ട ഉയർന്ന സ്റ്റൂളിൽ ഇരിപ്പുറപ്പിച്ചു.

അരികിൽ വന്ന ബാർ സൂക്ഷിപ്പുകാരനോട് ആർണി അവിടെ വന്നിരുന്നുവോ എന്ന് ഞാൻ അന്വേഷിച്ചു. അയാൾ തല കുലുക്കി.

“ഉച്ചയ്ക്ക് ഏതാണ്ട് ഒരു മണിയോടെ വന്നിരുന്നു… ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അയാളെ കാണുവാനായി രണ്ട് പേർ വന്നത്… ഇന്നലെ രാത്രിയിൽ നിങ്ങളുടെയൊപ്പം വന്നില്ലേ, അവർ തന്നെ… അവരും ആർണിയുമായി എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു… ചെറിയ തോതിൽ വാക്ക് തർക്കമുണ്ടായി… പക്ഷേ, പെട്ടെന്ന് തന്നെ ആർണി സ്ഥലം കാലിയാക്കി…”

“എന്ത് പ്രശ്നം…?”

അയാൾ ചുമൽ വെട്ടിച്ചു. “ഞാൻ അപ്പുറത്തായിരുന്നു…  ങ്‌ഹാ… സിഗ്രിഡ് ആയിരുന്നു ഇവിടെ അറ്റൻഡ് ചെയ്തത്… ഒരു മിനിറ്റ്… ഞാൻ അവളെ വിളിക്കാം…”

അയാൾ കിച്ചണിലേക്ക് നടന്നു. ഏതാനും നിമിഷങ്ങൾക്കകം അയാൾ ആ പെൺകുട്ടിയെയും കൂട്ടി തിരികെയെത്തി. കഴിഞ്ഞ തവണ ഞാൻ വന്നപ്പോൾ കണ്ട അതേ പരിചാരിക. ലജ്ജ ലവലേശം തീണ്ടിയിട്ടില്ലാത്ത എസ്കിമോ പെൺകൊടി. കൈകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കുഴച്ച മാവ് ടവലിൽ തുടച്ചു കൊണ്ടാണ് അവളുടെ വരവ്. പാചകത്തിനിടയിലായിരുന്നു അവൾ എന്ന് വ്യക്തം.

അവളുടെ ഇംഗ്ലീഷ് പരിജ്ഞാനം തീർത്തും മോശമായിരുന്നതിനാൽ ഡാനിഷ് ഭാഷയിലാണ് ഞാൻ അവളോട് സംസാരിച്ചത്.

ആർണി ഭക്ഷണം കഴിച്ച് പകുതിയായപ്പോഴാണ് അവർ എത്തിയതത്രേ. അവരുടെ സംഭാഷണം ഇംഗ്ലീഷിൽ ആയിരുന്നത് കൊണ്ട് എന്താണ് വിഷയമെന്ന് അവൾക്ക് മനസ്സിലായില്ല. എന്നാൽ അവരിൽ പ്രായമുള്ള ആൾ അങ്ങേയറ്റം രോഷാകുലനായിരുന്നുവെന്നും അയാളെ പരിഹസിക്കുന്ന മട്ടിൽ ആർണി പൊട്ടിച്ചിരിച്ചുവെന്നും അവൾ പറഞ്ഞു. പിന്നീട് അവൾ കാണുന്നത് അവർ തമ്മിൽ വാക്കേറ്റം നടത്തുന്നതും അത് കൈയ്യാങ്കളിയിലേക്ക് കടക്കുന്നതുമാണ്. ഒരു കസേര പറക്കുന്നതും ശേഷം ആർണി തിരക്കിട്ട് പുറത്ത് പോകുന്നതുമാണ് അവൾ പിന്നെ കണ്ടത്.

അത്രയും വിവരങ്ങൾ നൽകിയതിന് അവളോട് ഞാൻ നന്ദി പറഞ്ഞു. കിച്ചണിലേക്ക് തിരികെ പോകുന്ന അവളെ നോക്കി കോഫി നുണഞ്ഞ് അവിടെ ഇരിക്കുമ്പോൾ എന്താണവിടെ സംഭവിച്ചതെന്നതിനെക്കുറിച്ച് ഒരു ഏകദേശ രൂപം ലഭിച്ചിരുന്നു എനിക്ക്. ഞാൻ എഴുന്നേറ്റ് കൌണ്ടറിൽ വച്ചിരിക്കുന്ന ടെലിഫോണിനരികിലേക്ക് നടന്നു. പിന്നെ ഹോട്ടലിലെ നമ്പർ ഡയൽ ചെയ്ത് ഗൂഡ്രിഡിനെ ആവശ്യപ്പെട്ടു.

ഫോണിന്റെ അങ്ങേ തലയ്ക്കൽ കേട്ട അവളുടെ സ്വരം വളരെ സംശയഭാവത്തോടെ ആയിരുന്നു.

“ആരാണത്…?”

“ജോ മാർട്ടിനാണ്… ആർണി എവിടെയുണ്ടെന്നറിയുമോ…?”

ഒരു നിമിഷം അവൾ സംശയിച്ച് നിന്നു എന്നത് വ്യക്തം. “ഇന്ന് ഉച്ചയ്ക്ക് താൻ എവിടെയായിരുന്നുവെന്ന് ആരോടും പറയരുതെന്നാണ് എന്നോട് പറഞ്ഞേൽപ്പിച്ചിരിക്കുന്നത്… അല്പം ഏകാന്തതയും മനഃസമാധാനവും വേണമെന്ന് അദ്ദേഹം പറഞ്ഞു…”

“ഗൂഡ്രിഡ്… പറയൂ… അവൻ ഇപ്പോൾ എവിടെയാണ്…? വളരെ അത്യാവശ്യമുള്ള ഒരു കാര്യത്തിനാണ്…”

“നിങ്ങളായത് കൊണ്ട് പറയാം… ഹീ ഹാസ് ഗോൺ ഫിഷിങ്ങ്…”

“പതിവ് സ്ഥലത്താണോ…?”

“അതെയെന്ന് തോന്നുന്നു…”

“ഫൈൻ… എങ്കിൽ ഞാൻ അവിടെ ചെന്ന് കണ്ടോളാം…”

റിസീവർ താഴെ വച്ചിട്ട് ഞാൻ വാച്ചിലേക്ക് നോക്കി. സമയം അഞ്ചര ആയിരിക്കുന്നു. ആർണി പതിവായി ഫിഷിങ്ങിന് പോകുന്ന സ്ഥലം ക്രീക്കിന്റെ അപ്പുറത്ത് ഏതാണ്ട് രണ്ട് മൈൽ അകലെ കടലിലാണ്. അതായത് ഒരു ബോട്ട് വാടകയ്ക്ക് എടുക്കുകയേ മാർഗ്ഗമുള്ളൂ എന്നർത്ഥം. സാരമില്ല… അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല… പുറത്തിറങ്ങി ഞാൻ കോരിച്ചൊരിയുന്ന മഴയിലൂടെ ഹാർബറിലേക്ക് വച്ചു പിടിച്ചു. 


(തുടരും)