“ഏതാണ്ട് നാൽപ്പത് മിനിറ്റ്
മുമ്പ് ആർണിയുടെ ഫോൺ കോൾ ഉണ്ടായിരുന്നു… ഭദ്രമായി സൂക്ഷിക്കുവാൻ എന്നെ ഏൽപ്പിച്ചിരുന്ന
ഒരു പാക്കറ്റ് ഉടൻ തിരികെ കൊണ്ടു ചെല്ലുവാൻ പറഞ്ഞുകൊണ്ട്… ഞാൻ ഇപ്പോൾ ഡ്യൂട്ടിയിലാണെന്ന കാര്യം അറിയാമെന്നും പക്ഷേ, ജീവന്മരണ
പ്രശ്നമായതു കൊണ്ട് പെട്ടെന്ന് തന്നെ അത് കൊണ്ടു ചെന്നേ മതിയാവൂ എന്നും പറഞ്ഞു…” ഗൂഡ്രിഡ് വിതുമ്പി.
“ആ പാക്കറ്റിനുള്ളിൽ എന്താണെന്ന
കാര്യം നിന്നോട് പറഞ്ഞിരുന്നോ അവൻ…?” ഞാൻ ചോദിച്ചു.
അവൾ തല കുലുക്കി. “പറഞ്ഞിരുന്നു… എന്തോ
ലോഹത്തിന്റെ അംശമുള്ള കല്ലുകളുടെ സാമ്പിൾ ആണെന്നാണ് പറഞ്ഞിരുന്നത്… അങ്ങവിടെ മലനിരകളിൽ എവിടെയോ വിലയേറിയ എന്തോ ധാതുപദാർത്ഥങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നുള്ളതിന്റെ
തെളിവാണതെന്നും വലിയൊരു ധനികനാവാനുള്ള മാർഗ്ഗമാണതെന്നും പറഞ്ഞു... അതുകൊണ്ട് ഏറ്റവും
സുരക്ഷിതമായ ഇടത്ത് സൂക്ഷിക്കുവാൻ ഏല്പിച്ചതായിരുന്നു എന്നെ… ഞങ്ങളുടെ ഭാവി തന്നെ അതിനെ ആശ്രയിച്ചായിരിക്കും എന്നും പറഞ്ഞു അദ്ദേഹം…”
“ഭാവി എന്ന് വച്ചാൽ…?”
“ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചതായിരുന്നു,
മിസ്റ്റർ മാർട്ടിൻ…”
കൈലേസ് കൊണ്ട് വായ പൊത്തി
വീണ്ടും അവൾ കരയുവാനാരംഭിച്ചു. അവൾക്കരികിൽ ചെന്ന് ഇരുന്ന ഇലാന അവളെ തന്നോട് ചേർത്ത്
പിടിച്ചു. കട്ടിലിൽ നിന്നും എഴുന്നേറ്റ് ഞാൻ ജാലകത്തിനരികിലേക്ക് നടന്നു. പാവം പെണ്ണ്… അവനെ കണ്ണുമടച്ച് സ്നേഹിക്കുകയായിരുന്നു… അവൻ പറയുന്നതെന്തും വിശ്വസിക്കുവാനും മാത്രം പാവമായിപ്പോയി അവൾ…
ഏതാനും നിമിഷം കഴിഞ്ഞപ്പോൾ
അല്പം നിയന്ത്രണം കൈവരിച്ചത് പോലെ തോന്നി അവൾക്ക്. ഞാൻ അവൾക്ക് നേരെ വീണ്ടും തിരിഞ്ഞു.
“എന്നിട്ട് നീ ആ പാക്കറ്റുമായി
അവന്റെയടുത്തേക്ക് പോയി…?”
നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി.
“അതിന് ആ പാക്കറ്റ് എന്റെ കൈവശമില്ലായിരുന്നു… ഒരു
പക്ഷേ, ഞാനൊരു വിഡ്ഢിയായിരിക്കാം… അത്രയും വിലമതിക്കുന്ന ആ വസ്തു നഷ്ടപ്പെടുമോ എന്ന
ഭയം എനിക്കുണ്ടായിരുന്നു... ഞങ്ങളുടെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ നിന്നും അടുത്തിടെയായി
പല വസ്തുക്കളും മോഷണം പോയ ചരിത്രവുമുണ്ട്… മാത്രവുമല്ല, നിങ്ങൾക്കറിയാമല്ലോ ചൂതാട്ടത്തിൽ
അങ്ങേയറ്റം കമ്പമുള്ളവാനായിരുന്നു ആർണി എന്ന്... പലപ്പോഴും പണം കൊണ്ടുവന്ന് സൂക്ഷിക്കുവാൻ
എന്നെ ഏൽപ്പിക്കാറുണ്ട്… എന്നാൽ തൊട്ടടുത്ത ദിവസം തന്നെ അത് തിരികെ കൊണ്ടുപോയി
കളിയിൽ നഷ്ടപ്പെടുത്തുന്നതും പതിവായിരുന്നു… ആ പാക്കറ്റിന് ആ ഗതി വരരുതെന്ന നിർബന്ധം എനിക്കുണ്ടായിരുന്നു… അതുകൊണ്ട് അതിന് പുറത്ത് എന്റെ തന്നെ പേരെഴുതി സാൻഡ്‌വിഗിലുള്ള മുത്തച്ഛന്റെ
ഫാമിലെ മേൽവിലാസവും വച്ച് ഞാൻ തപാലാപ്പീസിൽ കൊണ്ട് ചെന്ന് പോസ്റ്റ് ചെയ്തു… ഇന്ന് രാവിലെയുള്ള ബോട്ടിൽ ഇവിടെ നിന്നും അത് പോയിക്കാണണം…”
“ഇക്കാര്യം അറിയച്ചപ്പോൾ
ആർണി എന്ത് പറഞ്ഞു…?”
“അതായിരുന്നു വിചിത്രം...
അദ്ദേഹം പൊട്ടിച്ചിരിക്കുവാൻ തുടങ്ങി… പക്ഷേ, അതേ നിമിഷം തന്നെ ഫോൺ കട്ട് ആവുകയും ചെയ്തു…”
ഞാൻ ഇലാനയുടെ നേർക്ക്
നോക്കി. “അവന്റെ കൂടെ ഉണ്ടായിരുന്നത് ആരായിരുന്നാലും ശരി, അവരായിരിക്കും ഫോൺ കേബിൾ
വലിച്ചൂരിയത്…”
“എന്താണവിടെ സംഭവിച്ചതെന്നറിയാൻ
എനിക്കാകാംക്ഷയുണ്ടായിരുന്നു… ഒപ്പം ഭയവും...” ഗൂഡ്രിഡ് തുടർന്നു. “അതുകൊണ്ട്
ഡ്യൂട്ടിയിലാണെന്ന് അറിയാമായിരുന്നിട്ട് കൂടി കോട്ടുമെടുത്ത് ഞാൻ പിൻഭാഗത്തെ സ്റ്റെയർകെയ്സിലൂടെ
ഇറങ്ങി അങ്ങോട്ട് ഓടി…”
“അങ്ങനെ നീ അവിടെ എത്തുമ്പോൾ
അവൻ കൊല്ലപ്പെട്ട് കിടക്കുന്നതാണ് കാണുന്നത്…”
റൂമിന്റെ സീലിങ്ങിലേക്ക്
അവൾ തുറിച്ച് നോക്കി. അവളുടെ മുഖത്ത് അപ്പോഴും ഭയത്തിന്റെ നിഴലുകൾ കാണാമായിരുന്നു.
പിന്നെ പതുക്കെ മന്ത്രിച്ചു. “താഴെ തെരുവിലൂടെ
ഓടുമ്പോൾ തന്നെ വെടിയൊച്ച കേട്ടതായിട്ടാണ് എന്റെ ഓർമ്മ… പക്ഷേ, തീർച്ചയില്ല… മുൻഭാഗത്തെ വാതിൽ ഉള്ളിൽ നിന്നും ലോക്ക് ചെയ്തിരിക്കുകയായിരുന്നു… അതുകൊണ്ട് ഞാൻ പിന്നിൽ അടുക്കളയുടെ ഭാഗത്തേക്ക് ചെന്നു… ഉള്ളിലേക്ക് നോക്കിയപ്പോഴാണ് ഞാനത് കണ്ടത്… ചുമരിൽ ചിതറിത്തെറിച്ച രക്തം… എന്റെ
ദൈവമേ… അദ്ദേഹത്തിന്റെ രക്തം…”
സകല നിയന്ത്രണവും വിട്ട്
അവൾ വാവിട്ട് കരഞ്ഞു. അവളെ ആശ്വസിപ്പിക്കുവാൻ ഇലാനയെ ഏൽപ്പിച്ചിട്ട് ഞാൻ ജനാലയുടെ അരികിലേക്ക്
നടന്നു.
അല്പ സമയം കഴിഞ്ഞ് ഇലാന
എനിക്കരികിലെത്തി. “അപ്പോൾ… അവന്റെ കണക്കുകൂട്ടലുകൾ എല്ലാം വെറുതെയായി…”
“അതെ… എല്ലാം തന്നെ… അവൻ മരിച്ചു എന്ന് വിശ്വസിക്കുവാനേ കഴിയുന്നില്ല… അത്രയ്ക്കും ചുറുചുറുക്കുള്ളവനായിരുന്നു അവൻ…” ഞാൻ പറഞ്ഞു.
അവൾ എന്റെ ചുമലിൽ പതുക്കെ
കൈ വച്ചു. “ജോ… ഇക്കാര്യം ഇപ്പോൾ തന്നെ പോലീസിൽ അറിയിച്ചേ മതിയാവൂ…”
“ഇല്ല… ആയിട്ടില്ല… അതിന് മുമ്പ് ഒരാളോട് കൂടി ഇക്കാര്യം പറയാനുണ്ട്…”
“സാറാ കെൽസോ…?”
“അതെ… ഇതറിയുമ്പോൾ അവളുടെ പ്രതികരണം എന്താണെന്ന് ഒന്ന് കാണേണ്ടത് തന്നെയായിരിക്കും… അവൾ റൂമിലുണ്ടോ എന്ന് നോക്കട്ടെ…”
“ഓ, അങ്ങോട്ട് പോയി സമയം
മെനക്കെടുത്തണമെന്നില്ല ജോ… അവൾ ജാക്കിന്റെയടുത്ത് കാണും… ഇന്ന് വൈകുന്നേരം മുതൽ അവരെ ഒരുമിച്ചല്ലാതെ കണ്ടിട്ടില്ല…”
“എന്നാൽ പിന്നെ അവളെ കിടക്കയിൽ
നിന്ന് എഴുന്നേൽപ്പിച്ചേ മതിയാവൂ… ശരിയല്ലേ…? നിങ്ങളിവിടെ
നിൽക്ക്… ഞാൻ പോയി നോക്കിയിട്ട് വരാം…”
“ഓ, അങ്ങനെയിപ്പോൾ ഒറ്റയ്ക്ക്
പോകണ്ട…” അവൾ ചാടിയെഴുന്നേറ്റ് എനിക്ക് മുന്നെ പുറത്ത്
കടന്നു. “ഈ അസുലഭ മുഹൂർത്തം നഷ്ടപ്പെടുത്താനോ…? ഒരിക്കലുമില്ല…”
* * * * * * * * * * * * * *
ഡെസ്ഫോർജിന്റെ റൂം ലോക്ക്
ചെയ്തിരിക്കുകയായിരുന്നു. അകത്ത് നിന്ന് അനക്കം കേൾക്കുന്നത് വരെയും ഞാൻ കതകിൽ തട്ടിക്കൊണ്ടിരുന്നു.
കതക് തുറക്കുമ്പോൾ അദ്ദേഹം തന്റെ ഡ്രെസ്സിങ്ങ് ഗൌണിന്റെ ചരടുകൾ കെട്ടുവാൻ പാടു പെടുകയായിരുന്നു.
മുഖത്തേക്ക് അലക്ഷ്യമായി ചിതറിക്കിടക്കുന്ന മുടി. ശല്യപ്പെടുത്തിയതിലുള്ള നീരസം അദ്ദേഹത്തിന്റെ
മുഖത്ത് പ്രകടമായിരുന്നു.
“വാട്ട് ഇൻ ദി ഹെൽ ഈസ്
ദിസ്…?” രോഷത്തോടെ
അദ്ദേഹം ചോദിച്ചു.
അദ്ദേഹത്തിന്റെ അനുവാദത്തിന്
കാത്ത് നിൽക്കാതെ ഞാൻ അകത്ത് കടന്നു. തൊട്ട് പിന്നിൽ ഇലാനയും.
“അവളെ ഇങ്ങോട്ട് ഇറക്കി
വിട്, ജാക്ക്...” ദ്വേഷ്യത്തോടെ ഞാൻ പറഞ്ഞു.
തുറന്ന് പിടിച്ച വായോടെ
അദ്ദേഹം എന്നെത്തന്നെ നോക്കി ഒരു നിമിഷം നിന്നു. പിന്നെ കതക് വലിച്ചടച്ച് എന്റെ നേർക്ക്
വന്നു.
“നോക്കൂ ജോ… നീ എന്താണീ കാണിക്കുന്നത്…?”
അത് ഗൌനിക്കാതെ ഞാൻ ബെഡ്‌റൂമിനടുത്ത്
ചെന്ന് കതക് തുറന്ന് ഉറക്കെ പറഞ്ഞു. “മിസ്സിസ് കെൽസോ… ഞാൻ പറയാൻ പോകുന്നത് ചിലപ്പോൾ നിങ്ങൾക്ക് താല്പര്യമുണ്ടായേക്കാവുന്ന
ഒരു കാര്യമാണ്… ആർണി ഫാസ്ബെർഗിനെ അല്പം മുമ്പ് ആരോ കൊലപ്പെടുത്തിയിരിക്കുന്നു…”
കതക് വലിച്ചടച്ച് ഞാൻ
വീണ്ടും മറ്റുള്ളവരുടെ അടുത്തേക്ക് നീങ്ങി. മേശപ്പുറത്ത് കിടന്നിരുന്ന പാക്കറ്റിൽ നിന്നും
ഇലാന ഒരു സിഗരറ്റ് എടുത്തു. ഡെസ്ഫോർജ് അവിശ്വസനീയതയോടെ എന്നെത്തന്നെ തുറിച്ച് നോക്കിക്കൊണ്ട്
നിന്നു.
“കേട്ടിട്ട് നീ പറയുന്നത്
തമാശയൊന്നുമല്ലെന്ന് തോന്നുന്നല്ലോ, ജോ...”
“തമാശ പറയാനുള്ള നേരമല്ല
ജാക്ക് ഇത്…”
ബോട്ട്‌ലുകളും ഗ്ലാസുകളും
അടുക്കി വച്ചിരിക്കുന്ന മേശയുടെ അരികിൽ ചെന്ന് ഡെസ്ഫോർജ് യാന്ത്രികമായി അല്പം മദ്യം
ഗ്ലാസിലേക്ക് പകർന്നു.
“ആ കൊലപാതകത്തിൽ സാറയ്ക്ക്
പങ്കുണ്ടെന്നാണോ നീ പറഞ്ഞു വരുന്നത്…?”
“ഇതുവരെയുള്ള സൂചനകൾ അതിലേക്കാണ്
വിരൽ ചൂണ്ടുന്നത്…”
ബെഡ്‌റൂമിന്റെ വാതിൽ തുറക്കുന്ന
ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു. വിളറിയ മുഖവുമായി സാറാ കെൽസോ അവിടെ നിൽക്കുന്നുണ്ടായിരുന്നു.
ഒരു ഫ്രണ്ട് ഓപ്പൺ നൈറ്റ് ഗൌൺ ആയിരുന്നു അവളുടെ വേഷം. ബട്ടണുകൾ പലതും ഇടാൻ ബാക്കിയുള്ളതിനാൽ
തിടുക്കത്തിൽ എടുത്തണിഞ്ഞതാണെന്നത് വ്യക്തം. അഴിഞ്ഞുലഞ്ഞ് പടർന്ന് കിടക്കുന്ന മുടി.
“മിസ്റ്റർ മാർട്ടിൻ, ആർണി
ഫാസ്ബെർഗിനെക്കുറിച്ച് എന്തോ പറയുന്നത് കേട്ടല്ലോ…” അവൾ
പറഞ്ഞു.
“ദാറ്റ്സ് റൈറ്റ്…” ഞാൻ പറഞ്ഞു. “അവൻ കൊല്ലപ്പെട്ടിരിക്കുന്നു… അവന്റെ തന്നെ തോക്ക് ഉപയോഗിച്ച് പോയന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്നു കൊണ്ട്
നിറയൊഴിച്ചിരിക്കുന്നു…”
കുഴഞ്ഞ് വീഴുവാൻ തുടങ്ങിയ
അവളെ ഡെസ്ഫോർജ് ഓടിച്ചെന്ന് താങ്ങിപ്പിടിച്ച് അടുത്തുള്ള കസേരയിൽ ഇരുത്തി.
“യൂ ആർ വെരി കൈൻഡ്…” നന്ദിപൂർവ്വം അവൾ ഡെസ്ഫോർജിനെ നോക്കി.
അല്പം ബ്രാണ്ടി ഗ്ലാസിലേക്ക്
പകർന്നെടുത്ത് ഞാൻ അവളുടെ അരികിൽ ചെന്നു. “അതെ… തീർച്ചയായും… ഫോഗെലും സ്ട്രാട്ടണും ഇനി നിങ്ങളെ കൈകാര്യം ചെയ്യാൻ പോകുന്നത് വച്ച്
നോക്കുമ്പോൾ തീർച്ചയായും… അവരെ ചതിക്കുവാനാണ് നിങ്ങൾ ശ്രമിച്ചത്… ശരിയല്ലേ…? ആ വിമാനത്തിന്റെ ക്യാബിനുള്ളിൽ പൈലറ്റ് സീറ്റിന്
തൊട്ട് മുകളിലായി റൂഫിൽ കുറേ മരതകക്കല്ലുകൾ ഒളിപ്പിച്ച് വച്ചിട്ടുള്ള കാര്യം നിങ്ങൾ
ആർണിയോട് പറഞ്ഞു… നിങ്ങളിവിടെ എത്തിയ ആദ്യ ദിനത്തിൽ തന്നെ അങ്ങോട്ട്
പറന്ന് അത് എടുത്തുകൊണ്ട് വരുവാൻ നിങ്ങൾ അവനെ നിർബന്ധിച്ചു… എന്നിട്ട് അവിടെ ലാന്റ് ചെയ്യുന്ന കാര്യം അസാദ്ധ്യമാണെന്ന് പ്രചരിപ്പിക്കുവാനും
അവനോട് ആവശ്യപ്പെട്ടു…”
“അവിടെ ലാന്റ് ചെയ്യാൻ
സാധിച്ചില്ല എന്നാണ് അവൻ എന്നോട് പറഞ്ഞത്…” ഇരുകൈകളും കൊണ്ട് ഗ്ലാസിൽ മുറുകെ പിടിച്ചു കൊണ്ട്
അവൾ പറഞ്ഞു. “പക്ഷേ, അവൻ എന്നോട് പറഞ്ഞത് നുണയായിരുന്നു…”
“പക്ഷേ, അത് സത്യമാണോ
അല്ലയോ എന്നതിനെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടായിരുന്നു…” ഞാൻ പറഞ്ഞു. “നാം എല്ലാവരും കൂടി അവിടെയെത്തി വിമാനം പരിശോധിക്കുന്നത്
വരെയും നിങ്ങൾക്കതേക്കുറിച്ച് ഉറപ്പ് പറയാൻ കഴിയുമായിരുന്നില്ല… പക്ഷേ, അപ്പോഴേക്കും ആർണി ഗ്രീൻലാന്റിന് പുറത്ത് പോയിക്കഴിഞ്ഞിരിക്കും
എന്നും നിങ്ങൾ ഭയപ്പെട്ടു… ആ സാദ്ധ്യത ഇല്ലാതാക്കുവാനായി നിങ്ങൾ രാത്രിയിൽ
തന്നെ എയർസ്ട്രിപ്പിൽ ചെന്ന് ആ പഴയ ട്രക്ക് സ്റ്റാർട്ട് ചെയ്ത് അവന്റെ വിമാനത്തിലേക്ക്
ഇടിച്ച് കയറ്റി…”
പരിക്ഷീണിതയായി അവൾ തല
കുലുക്കി. “ഓൾ റൈറ്റ്… ഞാൻ പറയാം… എല്ലാം
ഞാൻ പറയാം... പല കാര്യങ്ങളും ഒരുമിച്ച് നടത്തിക്കൊണ്ട് പോകുന്ന വ്യക്തിയാണ് ഫോഗെൽ… പലതും നേരായ വഴിയിലും മറ്റ് കുറെയൊക്കെ അല്ലാതെയും…”
“അയാളുടെ ആ ലണ്ടൻ ആന്റ്
യൂണിവേഴ്സൽ ഇൻഷുറൻസ് കമ്പനിയെക്കുറിച്ച് എന്ത് പറയുന്നു…?”
“നിയമാനുസൃതമായി രൂപീകരിച്ച
ഒരു കമ്പനിയാണത്… അക്കാര്യത്തിൽ യാതൊരു സംശയവുമില്ലെനിക്ക്… കാരണം, എന്റെ ഭർത്താവിന്റെ മരണത്തെത്തുടർന്ന് ലഭിക്കാനുണ്ടായിരുന്ന
ലൈഫ് ഇൻഷുറൻസ് തുക കൃത്യമായി തന്നെ ഫോഗെൽ എനിക്ക് തന്നിരുന്നു… അദ്ദേഹമത് നിങ്ങളോട് പറഞ്ഞിരുന്നല്ലോ…”
“ശരി… നിങ്ങളുടെ ഭർത്താവ്… ജാക്ക് കെൽസോ… അദ്ദേഹം
എപ്പോഴാണ് ഈ പദ്ധതിയിൽ പങ്കാളിയാകുന്നത്…?”
“ബ്രസീലിലെ ഒരു ആഭ്യന്തര
വിമാനക്കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ജാക്ക്… വലിയ
ഏതെങ്കിലും കമ്പനിയിൽ കയറുന്നത് വരെ സമയം ചെലവഴിക്കുവാനായി ചേർന്നതായിരുന്നു… അപ്പോഴാണ് സാവോ പോളോയിലെ ഒരു ബാറിൽ വച്ച് മർവിൻ ഗോൺട് എന്ന വ്യക്തിയെ
കണ്ടുമുട്ടുന്നത്… ഏതോ ഒരു ബ്രസീലിയൻ ധനികനിൽ നിന്നും ഒരു സെക്കന്റ്
ഹാന്റ് ഹെറോൺ വിമാനം അയാൾ വാങ്ങിയിട്ടുണ്ടെന്നും അത് പുറത്തേക്ക് കടത്താനുള്ള എക്സ്പോർട്ട്
ലൈസൻസ് സമ്പാദിക്കുവാൻ കഴിഞ്ഞില്ല എന്നും അയാൾ പറഞ്ഞു… അനധികൃതമായി പറത്തിക്കൊണ്ട് പോയി മെക്സിക്കോവിലെ ഏതോ ഒരു ചെറിയ എയർ
ഫീൽഡിൽ ഇറക്കുകയാണെങ്കിൽ അയ്യായിരം ഡോളർ നൽകാമെന്ന് അയാൾ എന്റെ ഭർത്താവിന് വാഗ്ദാനം
നൽകി… അവിടെ വച്ച് രജിസ്ട്രേഷൻ നമ്പർ മാറ്റി അമേരിക്ക,
കാനഡ വഴി വിമാനം യൂറോപ്പിലേക്ക് കടത്താമെന്നും അയാൾ പറഞ്ഞു… വാങ്ങിയ വിലയുടെ ഇരട്ടി നൽകി വിമാനം വാങ്ങുവാൻ അയർലണ്ടിൽ ഒരാൾ കാത്തിരിക്കുന്നുണ്ടെന്നാണ്
ഗോൺട് പറഞ്ഞത്…”
“പിന്നെ എവിടെയാണ് പാളിച്ച
പറ്റിയത്…?”
“മദ്യലഹരിയിലായ ഗോൺട്
ഒരു രാത്രിയിൽ ആ രഹസ്യം വെളിപ്പെടുത്തി… അഞ്ച് ലക്ഷം ഡോളർ വില മതിക്കുന്ന മരതകക്കല്ലുകൾ
വിമാനത്തിനുള്ളിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്നും അത് യൂറോപ്പിലേക്ക് കടത്തുവാനാണ്
ഫോഗെൽ ആ വിമാനം വാങ്ങുന്നതെന്നും…”
“എന്നിട്ട് ആ കള്ളക്കടത്തിന്
കൂട്ട് നിൽക്കുവാൻ നിങ്ങളുടെ ഭർത്താവ് തയ്യാറായി…?”
നിസ്സഹായയായി അവൾ ഞങ്ങളുടെ
നേരെ നോക്കി. “ആ തീരുമാനം തെറ്റാണെന്ന് എനിക്കറിയാമായിരുന്നു… പക്ഷേ, ഞങ്ങളുടെ അന്നത്തെ സ്ഥിതി വളരെ മോശമായിരുന്നു… ലണ്ടനിൽ ജോലി നോക്കുകയായിരുന്നു ഞാൻ… ഞങ്ങളുടെ രണ്ട് ആൺ മക്കളെ നോക്കി വളർത്തിയിരുന്നത് അദ്ദേഹത്തിന്റെ
മാതാവായിരുന്നു… തികച്ചും ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു അന്നത്തെ ജീവിതം…”
“അങ്ങനെ കൂടുതൽ പണം മുടക്കുവാൻ
ഫോഗെൽ തയ്യാറായി…?”
“വേറെ വഴിയില്ലായിരുന്നു
ഫോഗെലിന്… വിമാനം അയർലണ്ടിൽ എത്തിക്കുവാൻ ജാക്കിന് ഇരുപത്തിയയ്യായിരം
ഡോളറാണ് ഫോഗെൽ വാഗ്ദാനം ചെയ്തത്… ആ തുക ലണ്ടനിൽ എന്റെ അക്കൌണ്ടിൽ എത്തിയതിന് ശേഷം
മാത്രമാണ് വിമാനം പറത്തുവാൻ എന്റെ ഭർത്താവ് തയ്യാറായത്…”
“കനത്ത വിലപേശലിനൊടുവിൽ
നിങ്ങളുടെ ഭർത്താവ് വിജയിച്ചു…?”
“ഞാൻ പറഞ്ഞല്ലോ… അവർക്ക് മറ്റ് മാർഗ്ഗമൊന്നും തന്നെ ഇല്ലായിരുന്നു…” അവൾ ചുമൽ വെട്ടിച്ചു.
“ഏത് വിധം സമ്പാദിച്ച
പണമാണ് അതെന്നതിനെക്കുറിച്ച് ഒരു കുറ്റബോധവും തോന്നിയില്ല നിങ്ങൾക്ക്…?” ഇലാന ചോദിച്ചു.
“ഇതിനെക്കാൾ എത്രയോ നീചമായ
പ്രവൃത്തികളുണ്ട് ഈ ലോകത്ത്...” അവൾ നെടുവീർപ്പിട്ടു. “അല്ലെങ്കിൽ അങ്ങനെ സമാധാനിക്കുവാനാണ്
ഞാൻ ആഗ്രഹിക്കുന്നത്… എന്റെ ഭാവിയെക്കുറിച്ച് മാത്രമായിരുന്നു അദ്ദേഹം
ചിന്തിച്ചിരുന്നതെന്ന് ഓർക്കണം… എന്റെയും എന്റെ മക്കളുടെയും ഭാവിയെക്കുറിച്ച് മാത്രം…”
ക്ഷമയുടെ നെല്ലിപ്പലക
എന്നൊരു ചൊല്ലുണ്ട്… അവളുടെ ആ വാക്കുകൾ എന്നെക്കൊണ്ടെത്തിച്ചത് അവിടെയായിരുന്നു.
അവളുടെ പ്രകടനത്തിനുള്ള അംഗീകാരമായി ഞാൻ പതുക്കെ കൈകൾ കൊട്ടി.
“തിരശ്ശീല പതുക്കെ താഴ്ന്നു
കൊണ്ടിരിക്കുന്നു… എല്ലാവരും കരഘോഷം നടത്തിക്കൊള്ളൂ…” ഞാൻ പറഞ്ഞു.
“ജോ… ദൈവത്തെയോർത്ത്… അവൾക്കിത്തിരി സമാധാനം കൊടുക്കൂ… ഈ രാത്രിയിൽ സഹിക്കാനാവുന്നതിലും അധികം കേട്ടു കഴിഞ്ഞിരിക്കുന്നു മിസ്സിസ്
കെൽസോ...” ഡെസ്ഫോർജ് പറഞ്ഞു.
“താങ്കളുടെ സഹാനുഭൂതിയെ
ഞാൻ അഭിനന്ദിക്കുന്നു ജാക്ക്… പക്ഷേ, ഒരു സത്യം അറിയുന്നതിൽ വിരോധമില്ലല്ലോ ആർക്കും…? ഉണ്ടോ…?” ഞാൻ ചോദിച്ചു. “നമ്മുടെ മുന്നിൽ നിൽക്കുന്ന ഈ വനിത മിസ്സിസ് കെൽസോ
അല്ല...!”
നീണ്ട കരഘോഷത്തിനൊടുവിൽ
തീയേറ്ററുകളിൽ കാണാറുള്ള നിശ്ശബ്ദത… അടുത്ത ഹർഷാരവത്തിന് മുന്നോടിയായുള്ള ആ മൌനം… അതായിരുന്നു അവിടെ അപ്പോൾ നിറഞ്ഞു നിന്നത്. അവിശ്വസനീയതയോടെ, അതിനേക്കാളുപരി ആശ്ചര്യത്തോടെ ഡെസ്ഫോർജ്
എന്നെ തുറിച്ച് നോക്കി നിന്നു. രക്ഷപെടാനുള്ള അവസാന മാർഗ്ഗവും അടഞ്ഞുവെന്ന് മനസ്സിലായ
വേട്ടമൃഗത്തിന്റെ മുഖഭാവമായിരുന്നു സാറാ കെൽസോയ്ക്ക് അപ്പോൾ.
അമ്പരപ്പ് നിറഞ്ഞ മുഖത്തോടെ
ഇലാന എനിക്കരികിലേക്ക് വന്നു. “എന്താണ് നിങ്ങൾ പറഞ്ഞ് വരുന്നത്…?”
“വളരെ ലളിതം...” ഞാൻ ഇരു കൈകളും വിടർത്തി എല്ലാവരെയും അഭിമുഖീകരിച്ചു.
“ഇതാ… നിങ്ങളുടെ മുന്നിൽ നിൽക്കുന്ന ഈ ഞാൻ തന്നെയാണ്
ജാക്ക് കെൽസോ…”
(തുടരും)
ഞെട്ടിയോ എല്ലാവരും...?
ReplyDeleteകുറച്ചു ശ്രമപ്പെട്ട് രണ്ടു ഘട്ടമായി വായിച്ചെത്തിച്ച ഞാൻ പോലും സത്യായും ഞെട്ടി.
Deleteവിശദമായി ഇപ്പോ എഴുതാൻ പറ്റില്ല. ബാക്കി കമന്റ് ഒരിടവേള കഴിഞ്ഞ്.
ആദ്യായി വായിച്ച ഞാൻ വരെ ഞെട്ടി.!!!!!!!
ReplyDeleteപകുതിയിൽ നിന്ന് തന്നെ ഞാൻ തുടങ്ങി വിനുവേട്ടാ... മെയിലില്‍ വന്ന ഭാഗങ്ങള്‍ വായിച്ച് ആകാംക്ഷ അടക്കാനാവാതെ വായിച്ചതാണ്. അതുമല്ല പഴയ ഭാഗങ്ങള്‍ വായിച്ച് വായിച്ച് ഞാനിങ്ങെത്തുമ്പോഴേയ്ക്കും നിങ്ങള്‍ വീണ്ടും മുന്നോട്ട് പോയിരിക്കും. അതുകൊണ്ട് 42 ഭാഗം ഞാൻ പിന്നെ വായിച്ചോളാം....
Deleteഅതേതായാലും നല്ല തീരുമാനമായി കല്ലോലിനീ... അടുത്ത് ലക്കം വരുന്നതിന് മുമ്പായി ആദ്യം മുതൽ വാായിച്ച് പെട്ടെന്ന് ഒപ്പമെത്താൻ ശ്രമിക്കൂ...
Deleteസ്വാഗതം കേട്ടോ.... ഒടുവിൽ ഇവിടെയെത്തിയതിന്... :)
ന്‍റെമ്മേ..... ഞാനും! ഉറക്കോം പോയി .... :(
ReplyDeleteഅതെയോ... സമാധാനമായി... :)
Deleteകള്ളക്കളി, കള്ളക്കളി. ഇതു കൂട്ടൂല.
ReplyDeleteസഹിക്കാൻ പറ്റണില്ല അല്ലേ അരുൺ...? :)
Deleteആദ്യമായാണ് ഈ വഴി വരുന്നത്. വിവർത്തനം അൽപ്പം ബുദ്ധിമുട്ടുള്ള പണിയാണ്. പുതിയ ഭാഷയിൽ ആസ്വാദ്യകരമായി എഴുതണം. അത്ര സ്വാതന്ത്ര്യവുമില്ല. പണ്ടെങ്ങോ ഈ നോവൽ വായിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.
ReplyDeleteഇടയ്ക്ക് വന്നു അഭിപ്രായം പറയാൻ കഴിയില്ല. അത് ശരിയുമല്ല. അത് ആ എഴുതി വരുന്ന രീതി മാറും. (കുറേശ്ശെ എഴുതുന്നു എന്ന ധാരണയിൽ). എന്നാലും ജസ്റ്റ് ഒരു കാര്യം. സംഭാഷണങ്ങൾ സായിപ്പന്മാർ പറയുന്ന രീതിയിൽ തന്നെ. നീണ്ട് നീണ്ട് അച്ചടി ഭാഷയിൽ. അത് മലയാളീകരിക്കുമ്പോൾ ആ രീതി മാറിയാലും വലിയ കുഴപ്പമില്ല എന്ന് തോന്നുന്നു. നമ്മുടെ മലയാള ചാനലുകളിൽ ഇംഗ്ലീഷ് "സാധന വിൽപ്പന പരസ്യപരിപാടി" ഉണ്ടല്ലോ. വെജിറ്റബിൽ കട്ടർ, ഡ്രിൽ തുടങ്ങിയവയുടെ. അതിൽ മലയാളം ഡബ്ബിംഗ് വരുന്നത് പോലെ കൃത്രിമത്വം. അത് ഒഴിവാകും.
വിവർത്തനം തുടരട്ടെ.
ആദ്യമായി ഈ വഴി എത്തിയതിൽ സന്തോഷം ബിപിൻജീ...
Deleteതാങ്കൾ പറഞ്ഞത് പോലെ വിവർത്തനം അല്പം ബുദ്ധിമുട്ടുള്ള പണി തന്നെയാണ്... സംഭാഷണത്തിന്റെ രീതിയെക്കുറിച്ച് പറയുകയാണെങ്കിൽ.... കഴിയുന്നതും ലളിതമായ ഭാഷയിലാക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്... പിന്നെ ഒരു വിദേശഭാഷാ നോവൽ ആകുമ്പോൾ നമ്മുടെ ഒറ്റപ്പാലം സ്ലാങ്ങോ തൃശൂർ സ്ലാങ്ങോ അല്ലെങ്കിൽ അതുപോലെ മറ്റേതെങ്കിലുമോ ഉപയോഗിച്ചാൽ തികച്ചും അരോചകമായിരിക്കും എന്ന തിരിച്ചറിവിലാണ് അധികം നാടകീയമല്ല്ലാത്ത അച്ചടി ഭാഷ ഉപയോഗിക്കാൻ തീരുമാനിച്ചത്....
അഭിപ്രായം തുറന്നെഴുതിയതിൽ സന്തോഷവും നന്ദിയും...
വിനുവേട്ടാ...
ReplyDeleteഞാനിന്നലെ ഞെട്ടി.
ഇന്ന് ഒന്നൂടെ ഞെട്ടി.
ഒന്നും മനസ്സിലാകുന്നുമില്ല.
ഇവിടെ കൂടെ ഞെട്ടാൻ ആരും വന്നില്ലേ????
ഞെട്ടൽ നിർത്താൻ പറ്റുന്നില്ല അല്ലേ? തുടർ ചലനങ്ങൾ കണ്ടത് കൊണ്ട് ചോദിച്ചതാ... :) നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത പലതും ഇനിയും ഉണ്ട് സുധീ...
Deleteഞാൻ ഞെട്ടിപ്പോയി. കഥ എങ്ങോട്ടൊക്കെയാണ് പോകുന്നത് !
ReplyDeleteഅതല്ലേ അജിത്‌ഭായ് ജാക്ക് ഹിഗ്ഗിൻസ്...
Deleteഎന്റമ്മോ....
ReplyDeleteഎന്താ ട്വിസ്റ്റ്!!
അപ്രതീക്ഷിതം അല്ലേ ജോസ്‌ലെറ്റ്...?
Delete‘കുട്ടി മാമാ, ഞാൻ ഞെട്ടി മാമാ..’
ReplyDeleteനല്ല എമണ്ടൻ ഞെട്ടൽ!! എന്നാലും ഇത്രയ്ക് ട്വിസ്റ്റ് പ്രതീക്ഷിച്ചില്ലായേ...
പ്രതീക്ഷിക്കാത്ത എന്തെല്ലാം ഇനിയും കാണാനിരിക്കുന്നു ജിം...
Deleteയാ കുദാ...ഇതെങ്ങോട്ടാ ഈ പോക്ക് ?
ReplyDeleteയാ ഖുദാ എന്നല്ലേ മാഷേ...? :)
Deleteഈ പോക്ക് ഒരു പോക്ക് തന്നെയായിരിക്കും മാഷേ...
ഞാനും രേഖപ്പെടുത്തുന്നു... ഇമ്മിണി ബല്യ ഒരു ഞെട്ടല്‍.
ReplyDeleteഇനി വീണ്ടും ഒരിക്കൽക്കൂടി ഞെട്ടാനുള്ളതാണേ... പറഞ്ഞില്ലെന്ന് വേണ്ട...
Deleteഞാൻ ഞെട്ടിയില്ല...!!! (എല്ലാരും ഞെട്ടുമ്പോ ആരേലും വേണ്ടേ ഞെട്ടാതെ, അതോണ്ടാ..... :) )
ReplyDeleteഎന്നാലും പിന്നെ ആരാവും ഈ മിസ്സിസ് , അപ്പോ മറ്റേ മിസ്സിസ്സ് എവിടെ...?
അതൊരു ചോദ്യം തന്നെയാ... മൊത്തം കൺഫ്യൂഷനായല്ലോ കുഞ്ഞൂസേ...
Deleteനിങ്ങൾക്കറിയാണ്ടാ ...
ReplyDeleteഈ കഥാകാരനെ കുറിച്ച്,
ഇതിലും ഇമ്മിണി വലിയ ഞെട്ടലുകൾ
ആരും അറിയാതെ ഉണ്ടാക്കുന്ന ഗെഡിയാണ്
മൂപ്പർ കേട്ടൊ..
ചുമ്മാതാണോ ഇഷ്ട്ടൻ ഇത്ര ഫേമസ് ആയത്...?
അങ്ങനെ പറഞ്ഞ് കൊടുക്ക് മുരളിഭായ്...
Deleteനിങ്ങളുടെ മുന്നിൽ നിൽക്കുന്ന ഈ ഞാൻ തന്നെയാണ് ജാക്ക് കെൽസോ..
ReplyDeleteവിനുവേട്ടാ ഇത്രേം വലിയ ഞെട്ടലുകള്‍ ഒന്നും താങ്ങാനുള്ള ശേഷി എനിക്കില്ല.. ഇനിയും ഇത്തരം വലിയ ഞെട്ടെലുകള്‍ ചെറിയ രണ്ടെണ്ണമാക്കി പോസ്റ്റണം..
ഈ കഥയ്ക്ക് ബുള്ളറ്റ്സ് ആന്‍ഡ് ബട്ടര്‍ഫ്ലൈസ് എന്ന് വേണം പേരിടാന്‍.. :p
മാരക ഞെട്ടലായിപ്പോയി അല്ലേ ശ്രീജിത്തേ... :)
Deleteഎല്ലാവരും ഞെട്ടുമ്പോൾ ഞാൻ മാത്രം ഞെട്ടിയില്ലെങ്കിൽ ഒറ്റപ്പെട്ടു പോകില്ലേ...? എന്നാലും ഇതൊരു ഒന്നൊന്നര ഞെട്ടലായിപ്പോയി കെട്ടോ..!!
ReplyDeleteഇനിയുമെത്ര ഞെട്ടാനിരിക്കുന്നു അശോകൻ മാഷേ...
Deleteവിനുവേട്ടാ...... ശരിയാവില്ല ഇത് ശരിയാവില്ല...... നോവലിന്‍റെ പേരുമാറ്റി നിഗൂഡതകളുടെ പുസ്തകം എന്നാക്കണം...... എന്തന്നാ ഇത്...... ചുമ്മാ ആളെ കുന്തത്തേ കേറ്റുന്ന പരിപാടി....... ഞെട്ടിപ്പോയി.....
ReplyDeleteജാക്ക് ഹിഗ്ഗിൻസിനെ അറിര്യഞ്ഞിട്ടാ വിനോദേ..
Deleteഅറിയാഞ്ഞിട്ടാ എന്ന് വായിക്കണേ...
Deleteവിനുവേട്ടാ വേഗം വേഗം.
ReplyDeleteഒരാഴ്ച കഴിഞ്ഞു.
ഹും!!!
സുധിയുടെ വിവാഹം പ്രമാണിച്ച് ഈ ആഴ്ച്ച അവധിയാ... :)
Deleteആഹാ, അങ്ങനൊരു വിശേഷമുണ്ടായോ... ആശംസകൾ, സുധീ
Deleteഈസ്റ്റ് ഓഫ് ഡെസൊലേഷന്‍ തലയ്ക്ക് പിടിച്ച് ഓഫായിപ്പോയ പശുക്കുട്ടിയ്ക്ക് ഇപ്പോ ഞെട്ടാനും കൂടി ത്രാണിയില്ല... പണ്ട് പരീക്ഷാക്കാലത്താണ് ഇങ്ങനെ ഒരവസ്ഥയില്‍ എത്തിയിട്ടുള്ളത്.... സ്നേഹം മാത്രം വിനുവേട്ടാ..
ReplyDeleteപശുക്കുട്ടി വീണ്ടുമെത്തിയല്ലോ... എവിടെയായിരുന്നു? :)
Deleteഅയ്യോ. ഇനിയും വരുന്നുണ്ടോ സസ്പെന്‍സ്
ReplyDeleteഉണ്ടൊന്നോ... കാത്തിരിക്കൂ സുകന്യാജീ...
Deleteശരിക്കും ഞെട്ടി
ReplyDeleteഎല്ലാവരെയും ഞെട്ടിച്ചപ്പോൾ എന്തൊരു സുഖം... :)
Deleteഞാൻ ഞെട്ടിയിട്ടില്ല വേഗം സത്യം പറഞ്ഞോ ആരാ ഇവൾ? അല്ല അവൾ? അതാ എനിക്കറിയെണ്ടേ?
ReplyDeleteഅതറിയാൻ ഇത്തിരി കാത്തിരിക്കണമല്ല്ലോ ഗീതാജീ...
Deleteഈ കഥ തുടങ്ങിയ ശേഷം ഇതു വരെയുണ്ടായ സംഭവ വികാസങ്ങളിൽ ഏറ്റവും ഞെട്ടിച്ചത് ഇതു തന്നെ ആയിരുന്നു എന്നുറപ്പ്.
ReplyDeleteജോ തന്നെ പറ്റി അധികം വിശദീകരണങ്ങൾ തരാതിരുന്നത് വെറുതേയല്ല. ഒരുപാടൊരുപാട് ചോദ്യങ്ങൾ ബാക്കിയാക്കിയാണ് ഈ അദ്ധ്യായം അവസാനിയ്ക്കുന്നത്.
[അതുകൊണ്ട്.... കാത്തിരിയ്ക്കാം... അല്ലാതെന്തു ചെയ്യാൻ!]