Friday, 30 October 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 52



“അങ്ങനെ ഒടുവിൽ ഇവിടെയെത്തി” വിമാനം പതുക്കെ നിശ്ചലമായപ്പോൾ ഞാൻ പറഞ്ഞു.

പറഞ്ഞാൽ വിശ്വസിക്കില്ല ബുദ്ധിമുട്ടൊന്നും കൂടാതെ ലാന്റ് ചെയ്തതിൽ ഡെസ്ഫോർജിന്റെ മുഖത്ത് എന്തോ വല്ലാത്ത നിരാശത പോലെ തോന്നി. വളരെ വിഷമിച്ച് ഒന്ന് ചിരിച്ചു എന്ന് വരുത്തി അദ്ദേഹം.   

“ഒരു ആന്റി ക്ലൈമാക്സ് അല്ലേ ജോ?”  അദ്ദേഹം ചോദിച്ചു.

ഞാൻ തിരിഞ്ഞ് പിന്നിലേക്ക് നോക്കി. “രണ്ട് പേരും ഓകെ ആണല്ലോ?”

ഗൂഡ്രിഡിന്റെ കവിളിണകളിൽ രക്തമയം തിരികെയെത്തിയത് ഇപ്പോഴാണ്.ഇലാന മനോഹരമായി പുഞ്ചിരിച്ചു. “തീർച്ചയായും എന്നത്തെയും പോലെ ഓകെ

ഞാൻ ഒരു സിഗരറ്റിന് തീ കൊളുത്തുവാൻ ശ്രമിച്ചു.

“ആരോ അവിടെ എന്തോ പറഞ്ഞത് പോലെ…?” ഡെസ്ഫോർജ് പിറകോട്ട് നോക്കി.

ക്യാബിന്റെ സൈഡ് വിൻഡോ ഞാൻ തുറന്നു. ഉള്ളിലേക്കരിച്ചെത്തിയ മഴനീർക്കണങ്ങൾ ഏറ്റുവാങ്ങി നിശ്ശബ്ദരായി ഞങ്ങൾ അല്പനേരം അങ്ങനെ ഇരുന്നു.  കുഞ്ഞോളങ്ങൾ താഴെ വിമാനത്തിന്റെ ഫ്ലോട്ടിൽ വന്നടിക്കുന്ന ശബ്ദം മാത്രമേ ആ നിശ്ശബ്ദതയെ ഭഞ്ജിക്കുവാനായി ഉണ്ടായിരുന്നുള്ളൂ. തന്റെ വിഞ്ചസ്റ്റർ ഗൺ ലഗേജ് സ്പേസിൽ നിന്നും എടുത്ത് കൊടുക്കുവാൻ ഡെസ്ഫോർജ് ഇലാനയോട് ആവശ്യപ്പെട്ടു. അത് കൈയിൽ കിട്ടിയതും അദ്ദേഹം അതിന്റെ കെയ്സിന്റെ സ്ട്രാപ്പ് അഴിയ്ക്കുവാൻ തുനിഞ്ഞു.

ജാലകത്തിലൂടെ തലയിട്ട് ഞാൻ പുറത്തേക്ക് നോക്കി. ഔട്ട് ബോർഡ് എൻ‌ജിൻ ഘടിപ്പിച്ച ഏതോ തോണിയുടെ ശബ്ദം അടുത്ത് വരുന്നത് കേൾക്കാൻ കഴിയുന്നുണ്ട്. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും ഒരാൾ  ഉച്ചത്തിൽ എന്നെ വിളിച്ച് ഡാനിഷ് ഭാഷയിൽ സംസാരിക്കുന്നത് കേട്ടപ്പോൾ ആശ്വാസമായി. പോസ്റ്റ് ഓഫീസ് നടത്തുന്ന ബെർഗ്സൺ ആയിരുന്നു അത്. മഴയിൽ നിന്നും പുറത്ത് വന്ന ആ തോണിയുടെ എൻ‌ജിൻ അയാൾ ഓഫ് ചെയ്തു. വിമാനത്തിന്റെ ഫ്ലോട്ടിനരികിൽ എത്തിയ തോണി ചാഞ്ചാടിക്കൊണ്ട് നിന്നു.  എന്നെ നോക്കി പുഞ്ചിരിച്ച അയാളുടെ താടിരോമങ്ങളിൽ ഈറൻ മുത്തുകൾ ഉടക്കി നിൽക്കുന്നുണ്ടായിരുന്നു.

“ഗുഡ് മോണിങ്ങ് ജോ നിങ്ങൾ ശരിക്കും ഭാഗ്യവാനാണ് അര മണിക്കൂർ മുമ്പ് വരെ ഈ ക്രീക്കിന് മുകളിൽ കനത്ത മൂടൽ മഞ്ഞായിരുന്നു പെട്ടെന്നാണ് മഴ വന്നതും എല്ലാം തെളിഞ്ഞതും

“ഫ്രെഡറിക്‌സ്ബോർഗിൽ നിന്നും ടേക്ക് ഓഫ് ചെയ്യുമ്പോൾ അങ്ങേയറ്റം മോശമായിരുന്നു കാലാവസ്ഥ  ഞാൻ പറഞ്ഞു.

പിൻ‌സീറ്റിൽ നിന്നും അല്പം മുന്നോട്ടാഞ്ഞ് ഗൂഡ്രിഡ് ജാലകത്തിലൂടെ നോക്കി. “ഗുഡ് മോണിങ്ങ് മിസ്റ്റർ ബെർഗ്സൺ  എന്റെ മുത്തച്ഛന് എങ്ങനെയുണ്ട്?”

“ഫൈൻ മിസ്സ് റസ്മുസെൻ മിനിഞ്ഞാന്നായിരുന്നു ഏറ്റവും ഒടുവിൽ അദ്ദേഹത്തെ ഞാൻ കണ്ടത്...”

ഗൂഡ്രിഡിനെ വിമാനത്തിൽ കണ്ടതിൽ തികച്ചും അത്ഭുതം കൊള്ളുകയായിരുന്നു അയാൾ. എന്നാൽ അയാൾ കൂടുതൽ എന്തെങ്കിലും പറയാൻ തുനിയുന്നതിന് മുമ്പ് പെട്ടെന്ന് തന്നെ ഞാൻ ഇടയിൽ കയറി.

“അപ്പോൾ അതിന് ശേഷം അദ്ദേഹത്തെ കണ്ടിട്ടില്ലെന്നാണോ? ഇന്നലെ മദ്ധ്യാഹ്നത്തിൽ വന്ന ബോട്ടിൽ അദ്ദേഹത്തിന് ഒരു ഒരു മെയിൽ ഉണ്ടായിരുന്നിരിക്കണമല്ലോ

“അറിയില്ല” അയാൾ പറഞ്ഞു. “മൂടൽ മഞ്ഞ് കാരണം ഇന്നലെ ഏറെ വൈകി പാതിരാത്രി ആകാറായപ്പോഴാണ് ബോട്ട് ഇവിടെയെത്തിയത് അതിനാൽ മെയിൽ ബാഗ് തുറന്ന് സോർട്ട് ചെയ്യുവാൻ ഇതുവരെ എനിക്ക് സമയം ലഭിച്ചില്ല മെയിൽ ബാഗ് ഇപ്പോഴും സ്റ്റോറിൽ തന്നെയുണ്ട്

“അതേതായാലും നന്നായി അത് തുറക്കുമ്പോൾ ഒരു പാക്കറ്റ് ഉണ്ടാകും ഗൂഡ്രിഡിന്റെ പേർക്ക് അവളുടെ മുത്തച്ഛന്റെ കെയറോഫിൽ നിങ്ങൾക്ക് അവിടെ വരെയുള്ള ഒരു യാത്ര ഒഴിവാക്കാം” ഞാൻ പറഞ്ഞു.

“മനസ്സിലായില്ല?” അയാൾ ആശ്ചര്യം കൊണ്ടു.

“ഇതിലിപ്പോൾ കൂടുതൽ എന്ത് മനസ്സിലാവാൻ? ബോട്ട് തിരിക്ക് സ്റ്റോറിലേക്ക് ഞങ്ങളും പിന്നാലെ വരാം

കൂടുതലൊന്നും ചിന്തിക്കാൻ മെനക്കെടാതെ അയാൾ തോണിയുടെ അമരത്തിലേക്ക് നീങ്ങി എൻ‌ജിൻ സ്റ്റാർട്ട് ചെയ്യുവാനുള്ള ശ്രമം തുടങ്ങി. ഞങ്ങളുടെ സംഭാഷണത്തിന്റെ രത്നച്ചുരുക്കം ഞാൻ ഡെസ്ഫോർജിനോടും ഇലാനയോടും പറഞ്ഞു.

“അപ്പോൾ ആ മരതകക്കല്ലുകൾ കൈവശമെത്തിക്കഴിഞ്ഞാൽ എന്ത് ചെയ്യാനാണ് നിന്റെ പരിപാടി?” ഡെസ്ഫോർജ് ആരാഞ്ഞു.

“ബെർഗ്സന്റെ ആ പഴയ ജീപ്പെടുത്ത് നേരെ ഒലാഫ് റസ്മുസെന്റെ കോട്ടേജിലേക്ക് ചെല്ല്ലുക വരാൻ പോകുന്ന വിപത്തിനെക്കുറിച്ച് അദ്ദേഹത്തെ ബോധവാനാക്കുക ഫോഗെലിനെയും കൂട്ടരെയും വരവേൽക്കാനായി നമുക്കൊരു സ്വീകരണക്കമ്മിറ്റി രൂപീകരിക്കണം എന്നിട്ട് അര ഡസൻ എസ്കിമോ ആട്ടിടയന്മാർ ഒലാഫിന്റെ ചുറ്റുവട്ടത്ത് എപ്പോഴും ഉണ്ടായിരിക്കും ഇങ്ങോട്ട് ഉടക്കാൻ വരുന്നവരെ പാഠം പഠിപ്പിച്ച് വിടുവാൻ ഒട്ടും പിന്നിലല്ല അവർ

ഗൂഡ്രിഡ് നിഷേധരൂപേണ തലയാട്ടി. “പക്ഷേ, ഈ സമയത്ത് മുത്തച്ഛൻ തനിച്ചായിരിക്കും മിസ്റ്റർ മാർട്ടിൻ നിങ്ങൾ മറന്നു പോയോ? ഈ സീസണിൽ ആട്ടിടയന്മാരെല്ലാം മലനിരകളിലായിരിക്കും ആട്ടിൻ കൂട്ടങ്ങളെ തിരികെ താഴ്‌വരയിലേക്ക് ആട്ടിത്തെളിച്ച് കൊണ്ടുവരുവാനായി” അവൾ ഇലാനായുടെ നേർക്ക് തിരിഞ്ഞു. “നാലാഴ്ച്ച. ഏറിയാൽ അഞ്ച് അതോടെ ശൈത്യം വരവായി നിനച്ചിരിക്കാത്തത്ര വേഗതയിലായിരിക്കും അതിന്റെ വരവ് പിന്നെ ഇവിടെ നിന്ന് പുറത്ത് കടക്കുക എളുപ്പമല്ല

“ഓൾ റൈറ്റ് എങ്കിൽ നാം നേരെ അദ്ദേഹത്തിന്റെ വസതിയിലേക്ക് പോകുന്നു ഫോഗെലും സംഘവും എത്തുന്നതിന് മുമ്പായി അദ്ദേഹത്തെയും കൂട്ടി മടങ്ങുന്നു” ഞാൻ പറഞ്ഞു.

വിമാനത്തിന്റെ എൻ‌ജിൻ വീണ്ടും ഞാൻ സ്റ്റാർട്ട് ചെയ്തു. ഡെസ്ഫോർജ് തന്റെ തോക്കിന്റെ ബാരലിൽ അരുമയോടെ പതുക്കെ തടവി. “ഒലാഫിന്റെ ആ ധാന്യപ്പുരയുടെ മച്ചിൻപുറത്ത് ഒളിച്ചിരുന്ന് ഈ തോക്ക് കൊണ്ട് നല്ലൊരു സ്വീകരണം കൊടുക്കുന്നുണ്ട് അവർക്ക് ഞാൻ വാഹനവുമായി അവർ മുറ്റത്തെത്തേണ്ട താമസമേയുള്ളൂ...”

ചുണ്ടിന്റെ ഒരു വശത്ത് വിശ്രമിക്കുന്ന സിഗരറ്റും കാൽമുട്ടുകൾക്ക് മേൽ വച്ചിരിക്കുന്ന തോക്കും നെറ്റിയിലേക്ക് അലസമായി വീണു കിടക്കുന്ന നീണ്ട മുടിയും തിളങ്ങുന്ന കണ്ണുകളും എല്ലാം കൂടി കാണുമ്പോൾ അദ്ദേഹം അഭിനയിച്ച പഴയ ഒരു ത്രില്ലർ മൂവിയുടെ പോസ്റ്റർ പോലെയുണ്ടായിരുന്നു.

“ഡോണ്ട് ബീ ബ്ലഡി സ്റ്റുപ്പിഡ്, ജാക്ക് ഇത് നാടകമോ സിനിമയോ ഒന്നുമല്ല പച്ചയായ ജീവിതമാണ്... മരിച്ച് വീണിടത്ത് നിന്നും എഴുന്നേറ്റ് വന്ന് അടുത്ത സ്ക്രിപ്റ്റിനായി കാത്തിരിക്കുവാൻ ഇത് ഫിലിം ഷൂട്ടിങ്ങ് ഒന്നുമല്ല...”

അദ്ദേഹത്തിന്റെ മുഖം രോഷം കൊണ്ട് ചുവന്നു. തോക്കിന്റെ ബാരലിൽ ആ വിരലുകൾ മുറുകി.  “ആ B-29  വിമാനത്തിൽ ഞാൻ നാടകം കളിക്കുകയായിരുന്നുവെന്നാണോ നീ കരുതിയത്, ബാസ്റ്റർഡ്? മുപ്പത്തിയൊന്ന് ട്രിപ്പാണ് ഞാനതിൽ നടത്തിയിട്ടുള്ളത് അവസാനം ഒരപകടത്തിൽ തുടയെല്ല് പൊട്ടുകയും ചെയ്തു അതെല്ലാം യാഥാർത്ഥ്യമായിരുന്നു പച്ചയായ യാഥാർത്ഥ്യം എത്രയോ മെഡലുകൾ ലഭിച്ചിരിക്കുന്നു എനിക്ക് നിനക്കോ എന്തെങ്കിലും മെഡലുകൾ  ലഭിച്ചിട്ടുണ്ടോ നിന്റെ ജീവിതത്തിൽ?”

പറയണമെന്നുണ്ടായിരുന്നു. എനിക്കും കുറേ മെഡലുകൾ ലഭിച്ചിട്ടുണ്ടെന്ന് പക്ഷേ, അതൊന്നും അദ്ദേഹത്തിന് മുമ്പിൽ തെളിയിക്കേണ്ട ആവശ്യകതയുണ്ടെന്ന് ഒട്ടും തോന്നിയില്ല്ല എനിക്ക്. ഒരാവശ്യവുമില്ലാതെ വന്നു കയറിയ ഈ കുരുക്കിൽ നിന്നും എത്രയും പെട്ടെന്ന് മോചനം നേടുക എന്നൊരു ചിന്തയായിരുന്നു എന്നിലൂടെ കടന്നു പോയത്. ഞാനെന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുവാനുള്ള ക്ഷമ പോലും അദ്ദേഹത്തിനുണ്ടെന്ന് തോന്നിയില്ല. പിറകോട്ട് അൽപ്പം തിരിഞ്ഞ് ഇടങ്കണ്ണിട്ട് നോക്കിയപ്പോൾ ഞാൻ കണ്ടത് ഇലാനയുടെ സംഭ്രമം നിറഞ്ഞ മുഖമാണ്. നിർവ്വചിക്കാനാവാത്ത ഏതോ കാരണത്താൽ അങ്ങേയറ്റം ഭയചകിതയായിരിക്കുന്നു അവൾ. ഒപ്പം എന്തെന്നില്ലാത്ത പരിഭ്രമവും.

പതുക്കെ ത്രോട്ട്‌ൽ കൊടുത്ത് ഞാൻ ആ തോണിയെ അനുഗമിച്ചു.


(തുടരും)

Friday, 23 October 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 51



നേരെ റൂമിൽ ചെന്ന് വേഷമഴിച്ച് ഞാൻ ഫ്ലൈയിങ്ങ് ഡ്രെസ്സ് എടുത്തണിഞ്ഞു. തുടക്കത്തിലുണ്ടായിരുന്ന ആവേശമൊക്കെ അപ്പോഴേക്കും ഏറെക്കുറെ ആവിയായി കഴിഞ്ഞിരുന്നുവെന്നതാണ് സത്യം. എങ്കിലും ഞാനെന്റെ തീരുമാനത്തിൽ നിന്നും പിന്മാറാൻ തയ്യാറായിരുന്നില്ല. എല്ലാം വിധികല്പിതം എന്ന തീരുമാനത്തോടെ ഞാൻ എമർജൻസി സ്റ്റെയേഴ്സ് വഴി ഇറങ്ങി ഗാരേജിലേക്ക് നടന്നു.

ലാന്റ് റോവറിന്റെ ലഗേജ് സ്പേസിലേക്ക് ബാഗ് എടുത്തിട്ട് ഞാൻ കാത്തു നിന്നു. ഗൂഡ്രിഡിന്റെ രണ്ട് സ്യൂട്ട് കെയ്സുകൾ നേരത്തെ തന്നെ അതിനകത്ത് വച്ചിരിക്കുന്നു. തേഞ്ഞ് പഴക്കം ചെന്ന കെയ്സിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന തന്റെ വിഞ്ചസ്റ്റർ ഗൺ അതിനരികിലായി ഡെസ്ഫോർജ് വച്ചിട്ടുണ്ട് . പാദപതനം കേട്ട് ഞാൻ തിരിഞ്ഞു. മൂന്നുപേരും കൂടി നിഴലിന്റെ മറവിൽ നിന്നും പുറത്തേക്ക് വന്നു.

“ഒരു ചതഞ്ഞ പ്രഭാതം” ഡെസ്ഫോർജ് പറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ മുഖം പ്രകാശമാനമായിരുന്നു.

“അല്ല, ശരിക്കും എന്താണ് നിങ്ങളുടെ ഉദ്ദേശ്യം? തോക്കും കരുതിയിട്ടുണ്ടല്ലോ” ഞാൻ ചോദിച്ചു.

ആ ചോദ്യത്തിന് അർഹിക്കുന്ന  ഗൌരവം അദ്ദേഹം കൊടുക്കുന്നത് പോലെ തോന്നി.

“ഇത്രയും ദിവസം ഇവിടെ വെറുതെ ഇരുന്ന് ബോറടിക്കുകയായിരുന്നില്ലേ ഇനി അതിനൊരവധി കൊടുക്കാം നമുക്ക്

“നിങ്ങൾക്കൊക്കെ ശരിക്കും വട്ടായെന്നാണ് തോന്നുന്നത്” ഞാൻ പറഞ്ഞു.

ആരും ഒന്നും മിണ്ടിയില്ല്ല. എനിക്കരികിലൂടെ വന്ന് പതുക്കെ തൊട്ടുരുമ്മിയിട്ട് ഇലാന ലാന്റ് റോവറിനുള്ളിലേക്ക് കയറി.


* * * * * * * * * * * * * * * *

ഔട്ട് ബോർഡ് എൻ‌ജിൻ ഘടിപ്പിച്ച ഒരു ചെറിയ തോണി ഹാർബറിൽ നിന്ന് ചോദിച്ച് വാങ്ങി ഞാൻ സ്ലിപ്പ് വേയിൽ നിന്നും ക്രീക്കിന്റെ അറ്റം വരെ പോയി നോക്കി. ടേക്ക് ഓഫ് ചെയ്യാൻ തടസങ്ങളൊന്നും തന്നെയില്ല. തിരികെ വന്നപ്പോഴേക്കും ഡെസ്ഫോർജ് വിമാനത്തിന്റെ എൻ‌ജിൻ സ്റ്റാർട്ടാക്കി വാം അപ്പ് ചെയ്ത് തയ്യാറാക്കി നിർത്തിയിട്ടുണ്ടായിരുന്നു.

പൈലറ്റ് സീറ്റിൽ ഇരുന്ന് ബെൽറ്റിട്ട് ഞാൻ പിറകിലിരിക്കുന്ന രണ്ട് നാരീമണികളെയും നോക്കി.

“രണ്ട് പേരും കണ്ണടച്ച് ഇരിക്കുന്നതാണ് നല്ലത് അത്രയും രോമാഞ്ചജനകമായ ഒന്നായിരിക്കും നമ്മെ കാത്തിരിക്കുന്നത്

ഞാൻ ആ പറഞ്ഞത് യാഥാർത്ഥ്യത്തിന്റെ ഏഴയലത്ത് പോലും എത്തുമായിരുന്നില്ല. മുന്നിലുള്ള യാതൊന്നും കാണാനാവാതെ മൂടൽ മഞ്ഞിന്റെ ചാരനിറമുള്ള ആവരണത്തിനുള്ളിലേക്ക് ഓടിച്ചു കയറ്റിയത് ഒരു പക്ഷേ, എന്റെ ജീവിതത്തിലെ ഏറ്റവും ഭീതിദായകമായ അനുഭവമായിരുന്നു. കണ്ണ് മൂടിക്കെട്ടി വാഹനം ഓടിക്കുന്നത് പോലെ. എങ്കിലും സകല ധൈര്യവും സംഭരിച്ച് ഞാൻ ത്രോട്ട്‌ൽ കൊടുത്തു കൊണ്ടിരുന്നു. എത്രയും പെട്ടെന്ന് അന്തരീക്ഷത്തിലേക്കുയരുക എന്നതായിരുന്നു അപ്പോൾ എന്റെ ഏക ലക്ഷ്യം.

ഏതാണ്ട് ഇരുപത് സെക്കന്റുകൾ കഴിഞ്ഞു  കാണും ആകാശത്തേക്കുയർന്ന് മഞ്ഞിന്റെ പുകമറയിൽ നിന്നും പുറത്ത് കടന്ന് ദക്ഷിണ ദിശയിലേക്ക് ഞങ്ങൾ നീങ്ങി.


* * * * * * * * * * * * * * * *

തികച്ചും ഗംഭീരമായ ആകാശ യാത്രയായിരുന്നു അത്. താഴെ കടലിന് മുകളിൽ പരന്ന് കിടക്കുന്ന മൂടൽമഞ്ഞ് ഒരു താഴ്‌വരയുടെ മുകളിൽ വിന്യസിച്ചിരിക്കുന്ന പുകപടലം പോലെ തോന്നിച്ചു. അവയുടെ ഇടയിലൂടെ മുകളിലേക്കുയർന്ന് നിൽക്കുന്ന കിഴക്കൻ തീരത്തെ ഗിരി ശൃംഗങ്ങൾ... ശരിക്കും അവിസ്മരണീയമായ ദൃശ്യങ്ങളായിരുന്നു അവ.

“താഴെയുള്ള ഈ മൂടൽ മഞ്ഞ് അത്ര നല്ല ലക്ഷണമല്ല അല്ലേ?” ഡെസ്ഫോർജ് എന്നെ നോക്കി ചോദ്യമെറിഞ്ഞു. എങ്കിലും വിചിത്രമെന്ന് പറയട്ടെ, അദ്ദേഹത്തിന്റെ മുഖത്ത് അപ്പോഴും ആവേശം നിറഞ്ഞ മന്ദഹാസമുണ്ടായിരുന്നു. കണ്ണുകളിൽ മുമ്പെങ്ങും കാണാത്ത തിളക്കവും.

“സാൻഡ്‌വിഗ്ഗിലെ കാലാവസ്ഥ എങ്ങനെയായിരിക്കും എന്നതാണ്‌ പ്രധാനം” അൽപ്പം നീരസത്തോടെ ഞാൻ പറഞ്ഞു.

“എന്താ, ഭയമുണ്ടോ നിനക്ക്?” ഒരു വെല്ലുവിളിയുടെ ലാഞ്ഛനയുണ്ടായിരുന്നു അദ്ദേഹത്തിന്റെ സ്വരത്തിൽ.

“സത്യം പറഞ്ഞാൽ മരണഭയം ഈ അവസ്ഥയാണ് സാൻഡ്‌വിഗ്ഗിലുമെങ്കിൽ ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം എല്ലാവരും  പ്രാർത്ഥിച്ചു തുടങ്ങുന്നതായിരിക്കും നല്ലത്

വിവർണ്ണമായ മുഖത്തോടെ ഗൂഡ്രിഡ് തന്റെ സീറ്റിന്റെ കൈപ്പടിയിൽ മുറുകെ പിടിച്ചു. ഇലാന അവൾക്ക് ഒരു സിഗരറ്റ് നീട്ടിയിട്ട് പുഞ്ചിരിയോടെ മൊഴിഞ്ഞു. “മനുഷ്യരെ വെറുതെ ഭയപ്പെടുത്തുന്നത് ഇദ്ദേഹത്തിന് ഒരു ഹരമാണ് ഗൂഡ്രിഡ്

“എനിക്ക് നൽകിയ വിശ്വാസ വോട്ടിന് നന്ദി” ഞാൻ ഫ്ലൈയിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

അല്പം ക്രൂരമാണെങ്കിൽപ്പോലും എന്റെ ഉള്ളിലെ ഭയം മറ്റുള്ളവരിലേക്ക് പകർന്ന് കൊടുക്കുന്നതിൽ രസം കണ്ടെത്തുകയായിരുന്നു ഞാൻ. അര മണിക്കൂറോളം പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല എനിക്ക്. വല്ലപ്പോഴും ഗതി മാറേണ്ടി വരുമ്പോൾ അറിയാതെ തന്നെ കൈകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ചെന്ന് പെട്ടിരിക്കുന്ന കുരുക്കിനെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ.

ഫോഗെലിനെ സംബന്ധിച്ചിടത്തോളം അയാളുടെ കണക്കുകൂട്ടലുകൾ എല്ലാം കണിശമായിരുന്നിരിക്കാം. എന്നാൽ ചിലയിടത്തെങ്കിലും അയാൾക്ക് വീഴ്ച്ച പറ്റിയിരിക്കുന്നു. അല്പം കൂടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ അനായാസം തന്റെ നിധിയുമായി സ്വന്തം രാജ്യത്തെത്താമായിരുന്നു അയാൾക്ക്. എന്നാൽ വളരെ പ്രധാനപ്പെട്ട രണ്ട് വസ്തുതകൾ അയാൾ കാണാതെ പോയി. ഈ സംഭവത്തിൽ എന്റെ പങ്കാളിത്തവും സാറാ കെൽ‌സോയുടെ വിശ്വാസ വഞ്ചനയും

പെട്ടെന്നാണ് ആർണ്ണിയുടെ ഓർമ്മകൾ എന്നിലേക്കോടിയെത്തിയത്. തല തകർന്ന് സോഫയിൽ കിടക്കുന്ന ആർണ്ണി ചുമരിലൂടെ താഴേക്കൊഴുകുന്ന രക്തച്ചാലുകൾ... അവരുടെ ഗൂഢാലോചനയിലെ ഏറ്റവും വലിയ ദുരന്തമാണ് അവന്റെ മരണം ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്ന ഒന്ന് പാവം ആർണ്ണി എന്തായിരുന്നു അവൻ പറയാറുള്ളത്കൈവരുന്ന സൌഭാഗ്യങ്ങൾ എന്ത് തന്നെയായാലും ആസ്വദിക്കുക കാരണം നാളെ എന്തായിരിക്കുമെന്ന് ആർക്കും അറിയില്ലല്ലോ…  പാവം... എന്നിട്ട്....!

ഡെസ്ഫോർജ് എന്റെ കൈത്തണ്ടയിൽ പിടി മുറുക്കിയപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നും തിരികെയെത്തിയത്. ഞാൻ താഴേക്ക് കണ്ണോടിച്ചു. കത്തി കൊണ്ട് മുറിച്ച് മാറ്റിയത് പോലെ ഒരു പോയിന്റിൽ വച്ച് മൂടൽ മഞ്ഞ് അപ്രത്യക്ഷമായിരിക്കുന്നു. അടുത്ത നിമിഷം ഞങ്ങൾ കനത്ത മഴയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. താഴെ അവ്യക്തമായി തെളിയുന്ന കടൽ

അവിടുന്നങ്ങോട്ട് എല്ലാം ഒരു ആന്റി-ക്ലൈമാക്സ് പോലെയായിരുന്നു.  ക്രീക്കിന് മുകളിലെത്തിയപ്പോൾ കനത്ത മഴ മൂലം വിസിബിലിറ്റി കാര്യമായി കുറഞ്ഞിരിക്കുന്നു. എങ്കിലും കുന്നിൻ പുറത്തെ റസ്മൂസെന്റെ കോട്ടേജിന്റെ ദൃശ്യം അവ്യക്തമായി കാണുവാൻ കഴിയുന്നുണ്ടായിരുന്നു. ലാന്റിങ്ങ് അത്ര ബുദ്ധിമുട്ടായിരിക്കില്ലെന്ന് കരുതുന്നു.

അല്പം വിസ്താരമുള്ള ഒരു വർത്തുള പഥത്തിലേക്ക് ഞാൻ വിമാനത്തെ വളച്ചെടുത്തു. പിന്നെ കുത്തനെയുള്ള ആ പാറക്കെട്ടുകൾക്ക് ഏതാണ്ട് ഇരുനൂറ് വാര അകലെ അതിന് സമാന്തരമായി ക്രീക്കിന് മുകളിലൂടെ ആൾട്ടിറ്റ്യൂഡ് കുറച്ചു കൊണ്ടുവന്ന് പതുക്കെ വിമാനം ജലോപരിതലത്തിൽ സ്പർശിച്ചു.

(തുടരും)

Friday, 16 October 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 50



ഹാർബറിൽ നിന്നും തിരികെ ഡ്രൈവ് ചെയ്ത് ഹോട്ടലിന്റെ പിൻ‌മുറ്റത്ത് എത്തുമ്പോൾ പുലർച്ചെ നാലു മണി കഴിഞ്ഞിരുന്നു. മൂടൽ മഞ്ഞിന്റെ ആവരണത്തിനിടയിലൂടെ പ്രഭാതം മുഖം കാണിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. അതിനാൽ തന്നെ ആ പരിസരത്തിന്റെ വ്യക്തമായ ഒരു രൂപം തെളിഞ്ഞു കാണാമായിരുന്നു.

ഞാൻ ഡെസ്ഫോർജിന്റെ റൂമിലേക്ക് നടന്നു. ഗൂഡ്രിഡും ഇലാനയും എന്നെ പ്രതീക്ഷിച്ച് നിൽക്കുന്നത് പോലെ തോന്നി. ഡെസ്ഫോർജാകട്ടെ തന്റെ സന്തത സഹചാരിയായ മദ്യചഷകവും കൈയിലേന്തി ആകെപ്പാടെ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരിക്കുന്നു.    

ഞാൻ എത്തി എന്നറിഞ്ഞതും അദ്ദേഹം വെട്ടിത്തിരിഞ്ഞു.

“ജോ ഏത് നരകത്തിൽ പോയിരിക്കുകയായിരുന്നു നീ?”

“ഹാർബറിൽ ഡ ഗാമയുടെ പായ്ക്കപ്പൽ അവിടെയുണ്ടോ എന്ന് നോക്കാൻ പോയതായിരുന്നു പക്ഷേ, അത് അതവിടെയില്ല എല്ലാവരെയും കൊണ്ട് അയാൾ കടന്നു കളഞ്ഞിരിക്കുന്നു പക്ഷേ, ശരിക്കും വിഡ്ഢികൾ തന്നെ ഹാർബറിൽ നിന്ന് പുറത്ത് കടന്നതു കൊണ്ടായില്ലല്ലോ വലിയ വലിയ മഞ്ഞു കട്ടകൾ ഒഴുകി നടക്കുന്നുണ്ടാകും കടലിലെങ്ങും

“നീ തെറ്റിദ്ധരിച്ചിരിക്കുകയാണ് ജോ നീ അവിടെ ഇരിക്കൂ എന്നിട്ട് ഗൂഡ്രിഡിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കൂ” ഡെസ്ഫോർജ് പറഞ്ഞു.

“റിസപ്ഷനിലെ നൈറ്റ് ക്ലാർക്കിനോട് ഞാൻ അന്വേഷിച്ചു  ഗൂഡ്രിഡ് പറഞ്ഞു. “ഏതാണ്ട് പതിനൊന്ന് മണിയായപ്പോൾ മിസ്സിസ് കെൽ‌സോവിന് ഒരു ടെലിഫോൺ കോൾ ഉണ്ടായിരുന്നുവത്രെ അതൊരു പുരുഷനായിരുന്നുവെന്നും സംഭാഷണം ഇംഗ്ലീഷിൽ ആയിരുന്നുവെന്നുമാണ് ആ പെൺകുട്ടി പറഞ്ഞത് ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് അവർ റിസപ്ഷനിൽ വിളിച്ച് ഫ്രെഡറിക്‌സ്ബോർഗ് – സാൻഡ്‌വിഗ് റോഡിന്റെ വിവരങ്ങളടങ്ങുന്ന ഒരു മാപ്പ് ലഭിക്കുമോ എന്നന്വേഷിച്ചു അവൾ അതിന്റെയൊരു മാപ്പ് അവരുടെ റൂമിൽ എത്തിക്കുകയും ചെയ്തുവത്രെ

“അതിന് ശേഷം എന്തെങ്കിലും?”

“തീർച്ചയായും പാതിരാത്രിയോടെ കിച്ചണിൽ നിന്നുള്ള വെയ്സ്റ്റ് കളയുവാൻ പുറത്തിറങ്ങിയ ജോലിക്കാരൻ ഹോട്ടലിന്റെ മുറ്റത്ത് ഫോഗെലിനെയും സ്ട്രാട്ടണെയും കണ്ടു ഒപ്പം അതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരാളെയും ഗാരേജിലുള്ള ലാന്റ് റോവർ സ്റ്റാർട്ട് ചെയ്യുന്നതാണ് പിന്നെ കണ്ടത് ഹോട്ടലിലെ അതിഥികൾ അവിടുത്തെ വാഹനം വാടകയ്ക്ക് കൊണ്ടുപോകാറുള്ളത് കൊണ്ട് അയാൾക്കതിൽ പ്രത്യേകിച്ച് അസ്വാഭാവികതയൊന്നും തോന്നിയതുമില്ല അല്പം കഴിഞ്ഞ് പിൻ‌ഭാഗത്തെ സ്റ്റെയർകെയ്സ് വഴി ഇറങ്ങി വന്ന സാറാ കെൽ‌സോയും അവരോടൊപ്പം കൂടി ഫോഗെൽ അവരെ ചുംബിക്കുന്നതു കണ്ടുവെന്നും പിന്നീട് എല്ലാവരും കൂടി വാഹനത്തിൽ കയറി ഓടിച്ചു പോയി എന്നും അയാൾ പറഞ്ഞുവത്രെ

“ഏത് വശത്തേക്ക് ചായാനും ഒട്ടും മടിയില്ലാത്തവൾ  വെറുപ്പ് കലർന്ന സ്വരത്തിൽ ഇലാന പറഞ്ഞു.

“അവർ ആ പായ്ക്കപ്പലിൽ കടന്നു കളഞ്ഞുവെന്നാണോ ഇപ്പോഴും നീ കരുതുന്നത് ജോ?” ഡെസ്ഫോർജ് ചോദിച്ചു.

“ഇല്ല ഇപ്പോൾ എല്ലാം വളരെ വ്യക്തം  ഞാൻ പറഞ്ഞു. “ആറു മണിക്കൂർ കൊണ്ട് റോഡ് മാർഗ്ഗം അവർക്ക് സാൻഡ്‌വിഗിലെത്താം നല്ല ഉറപ്പുണ്ടെനിക്ക് കാരണം ഞാൻ ഒരിക്കൽ പോയിട്ടുള്ളതാണ് ഭാഗ്യമുണ്ടെങ്കിൽ അഞ്ചോ അല്ലെങ്കിൽ അഞ്ചരയോ മണിക്കൂർ മതിയാവും

“അവിടെ എവിടെയെങ്കിലും ടെലിഫോൺ കണക്ഷൻ ഉണ്ടോ?” ഇലാന ആരാഞ്ഞു.

നിഷേധരൂപേണ ഗൂഡ്രിഡ് തലയാട്ടി. “ട്രേഡിങ്ങ് ഓഫീസിൽ ഒരു റേഡിയോ ഉണ്ട് പക്ഷേ, അതിന്റെ ഓപ്പറേറ്റർ ആ പരിസരത്തല്ല താമസിക്കുന്നത് കുന്നിന് മുകളിലുള്ള ഫാമിലാണ് രാവിലെ എട്ട് മണിക്കേ അയാളുടെ ഓഫീസ് തുറക്കൂ അപ്പോൾ വേണമെങ്കിൽ ഒരു മെസ്സേജ് അയക്കാം നമുക്ക്

“അവരവിടെ എത്തി ഏതാണ്ട് മൂന്ന് മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ടാകും അപ്പോഴേക്കും യാതൊരു കാര്യവുമില്ല” ഡെസ്ഫോർജ് പറഞ്ഞു.

ഇലാന ആശ്ചര്യത്തോടെ അദ്ദേഹത്തെ നോക്കി. “അവർക്ക് അത്രയ്ക്ക് അറിയില്ലേ? എന്ത് വിചാരിച്ചിട്ടാണവർ? സാൻഡ്‌വിഗിൽ നിന്നും എങ്ങോട്ടാണ് അവർക്ക് പോകാൻ കഴിയുക?”

അതെ അത് തന്നെയായിരുന്നു ഞാനും ചിന്തിച്ചുകൊണ്ടിരുന്നത്എന്റെ മനസ്സിൽ ഒരേയൊരു മാർഗ്ഗമേ തെളിഞ്ഞു വന്നുള്ളൂ

“നേരത്തേ പറഞ്ഞുറപ്പിച്ചത് പോലെ അവിടെയെത്തുന്ന ഗാമയുടെ പായ്ക്കപ്പലിൽ കയറിക്കൂടുവാനായിരിക്കുമോ ഇനി അവരുടെ പദ്ധതി...?” ഞാൻ സംശയം പ്രകടിപ്പിച്ചു.

“അതിന് ആ കപ്പൽ അവിടെയെത്തുമെന്നുള്ളതിന് യാതൊരു ഉറപ്പുമില്ലല്ലോ നീ തന്നെയല്ലേ പറഞ്ഞത് ഈ കനത്ത മൂടൽമഞ്ഞിൽ കപ്പൽ കടലിലേക്ക് കൊണ്ടുപോകുക വിഡ്ഢിത്തമാണെന്ന്” ഡെസ്ഫോർജ് പറഞ്ഞു.

“ശരി തന്നെ പക്ഷേ, ഇതല്ലാതെ വേറെ ഒരു മാർഗ്ഗവുമില്ലല്ലോ അവരുടെ മുന്നിൽ മാത്രവുമല്ല, അവിടെയെത്തിയാൽ മറ്റൊരു സാദ്ധ്യത കൂടിയുണ്ട് നാർസർസാക്കിലെ  എയർപോർട്ട് ഒരു മോട്ടോർ ബോട്ടിലാണെങ്കിൽ ഏതാനും മണിക്കൂറുകൾ കൊണ്ട് സാൻഡ്‌വിഗ്ഗിൽ നിന്നും അവിടെയെത്താംനല്ല പ്രതിഫലം കൊടുക്കുകയാണെങ്കിൽ ധാരാളം മത്സ്യബന്ധന തൊഴിലാളികളുണ്ട് അങ്ങോട്ട് കൊണ്ടുവിടാൻ തയ്യാറായിഅവിടെ നിന്നും ഐസ്‌ലാന്റ് വഴി യൂറോപ്പിലേക്കോ അല്ലെങ്കിൽ കാനഡയിലേക്കോ സ്റ്റേറ്റ്സിലേക്കോ ഒക്കെ അവർക്ക് ഫ്ലൈറ്റ് പിടിക്കുവാൻ ഒരു ബുദ്ധിമുട്ടുമില്ല

“എന്ന് വച്ചാൽ ഇനി അവരെ തടയാൻ ഒരു മാർഗ്ഗവുമില്ല എന്ന് തന്നെ

ഞാൻ തലയാട്ടി. പിന്നെ എന്റെ വായിൽ നിന്നും ഉതിർന്ന വാക്കുകൾ കേട്ട് ഞാൻ തന്നെ ഞെട്ടിപ്പോയി.  “എന്ന് പറയാൻ പറ്റില്ല എന്റെ ഓട്ടർ വിമാനമുണ്ടല്ലോ വെറും നാൽപ്പത് മിനിറ്റ് കൊണ്ട് എനിക്ക് സാൻഡ്‌വിഗ്ഗിലെത്താൻ കഴിയുമെന്ന കാര്യം മറക്കണ്ട

“ഈ കനത്ത മൂടൽ മഞ്ഞിലോ?” ഡെസ്ഫോർജ് പൊട്ടിച്ചിരിച്ചു. “നീ ആരോടാ ഈ പറയുന്നത്? ഇരുപത് വാര മുന്നിലുള്ളത് പോലും കാണാൻ സാധിക്കാത്ത അത്ര കനത്ത മഞ്ഞ് ഹാർബറിൽ നിന്ന് ടേക്ക് ഓഫ് പോലും ചെയ്യാൻ കഴിയില്ല

“ടേക്ക് ഓഫ് ചെയ്യുന്നതല്ല പ്രശ്നം മറിച്ച് അവിടെ ചെന്ന് ലാന്റ് ചെയ്യുക എന്നതാണ് ദുഷ്കരം നിങ്ങൾ ഇതിന് മുമ്പ് ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല സാൻഡ്‌വിഗ് ക്രീക്കിന്റെ ഒരു വശത്ത് ഏതാണ്ട് ആയിരത്തോളം അടി ഉയരത്തിൽ ചെങ്കുത്തായ പാറക്കെട്ടുകളാണ്

ഡെസ്ഫോർജ് തലയാട്ടി. “നോക്കൂ ജോ എനിക്കും ഫ്ലയിങ്ങ് ലൈൻസൻസ് ഉള്ളതാണ് വിമാനം പറത്തിയിട്ടുമുണ്ട് പക്ഷേ, ഞാൻ അതെല്ലാം ചെയ്തത് ഷൂട്ടിങ്ങിന് വേണ്ടിയായിരുന്നു വിൻ‌ഡ് മെഷീനുകളിൽ നിന്നും ആഞ്ഞടിക്കുന്ന കാറ്റിലും പുകമറയിലും ക്യാമറയ്ക്ക് വേണ്ടി പക്ഷെ, യഥാർത്ഥ ജീവിതത്തിൽ അതൊന്നും ചെയ്യാൻ ആരും തുനിയില്ല

അത്രയേ ആവശ്യമുണ്ടായിരുന്നുള്ളൂ എനിക്ക്. ഒരു പക്ഷേ, ആ വാക്കുകളിലൂടെ അദ്ദേഹം എന്നെ അതിന് നിർബന്ധിക്കുകയായിരുന്നുവെന്ന് തോന്നുന്നു. പെട്ടെന്ന് എന്റെ മനസ്സിലുദിച്ച ഒരു ആശയത്തെ പ്രാവർത്തികമാക്കാൻ അദ്ദേഹത്തിന്റെ മനസ്സിൽ തെളിഞ്ഞ ബുദ്ധിപരമായ നീക്കം. അതിൽ അദ്ദേഹം വിജയിച്ചു എന്ന് തന്നെ പറയാം. അത്ര എളുപ്പമുള്ളതായിരുന്നില്ല ആ കാലാവസ്ഥയിൽ വിമാനം പറത്തുക എന്നത്.

എന്റെ മനസ്സിലെ ചിന്ത വായിച്ചെടുത്തത് പോലെ അദ്ദേഹം തുടർന്നു. “ഇല്ല ജോ അത്തരമൊരു നീക്കത്തിന് ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്

“നിങ്ങൾ പറയുന്നതിൽ ഒരു പക്ഷേ, കാര്യമുണ്ടായിരിക്കാം” ഞാൻ പറഞ്ഞു. “എന്നാൽ ഒരു കാര്യം ഞാൻ തീരുമാനിച്ചു ഒരു കൈ നോക്കാൻ തന്നെ പോകുന്നു ഞാൻ

ഇലാനയുടെ മുഖം വിവർണ്ണമായി. അരുതേ എന്നൊരു അപേക്ഷ അവളുടെ മിഴികളിൽ തെളിയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. എന്നാൽ എന്തെങ്കിലും ഉരിയാടാൻ അവൾക്ക് കഴിയുന്നതിന് മുമ്പ് കതക് തുറന്ന് ഞാൻ പുറത്തിറങ്ങി.
  

(തുടരും)