Saturday, 30 May 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 33വിമാനം തകർന്ന് കിടക്കുന്ന ഇടത്തിന് ഏതാണ്ട് അമ്പത് വാര അകലെയായി ഞങ്ങൾ ടെന്റ് തയ്യാറാക്കി. ശേഷം ഞങ്ങൾ കൈവശം കരുതിയിരുന്ന സ്റ്റവ്  സാറാ കെൽ‌സോയെ ഏൽ‌പ്പിച്ച് അല്പം ചായ ഉണ്ടാക്കുവാൻ ഏർപ്പാടാക്കി. അവരെ സംബന്ധിച്ചിടത്തോളം തൽക്കാലം മറ്റൊരു ജോലിയും അവിടെ ചെയ്യുവാനും ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. മൃതദേഹങ്ങൾ മാന്തിയെടുക്കുക എന്ന അറപ്പുളവാക്കുന്ന പ്രവൃത്തിയിൽ അവരുടെ സാന്നിദ്ധ്യം കഴിയുന്നതും ഒഴിവാക്കുന്നതായിരിക്കും ഉത്തമം എന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.

അത്ര ആഴത്തിലൊന്നും കുഴിക്കേണ്ട ആവശ്യമേയുണ്ടായിരുന്നില്ല വാസ്തവത്തിൽ. അടയാളമായി അടുക്കി വച്ചിരിക്കുന്ന കല്ലുകൾ മഞ്ഞുറഞ്ഞ് സിമന്റ് കൊണ്ടെന്നത് പോലെ പരസ്പരം കൂടിച്ചേർന്നിരിക്കുന്നു. അവയ്ക്കിടയിലെ ഹിമപാളികൾ തകർക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഞങ്ങൾ കൊണ്ടുവന്നിരുന്ന രണ്ട് ഷവലുകൾ കൊണ്ട് സൈമൺസെനും ഞാനും അക്കാര്യം നിർവ്വഹിച്ചു. കല്ലുകൾക്കിടയിലെ ബന്ധനം വേർപെട്ടതോടെ ഫോഗെലും സ്ട്രാട്ടണും ചേർന്ന് അവയോരോന്നായി അടർത്തി മാറ്റുവാ‍ൻ തുടങ്ങി. അവയ്ക്കടിയിൽ നിന്നും പ്രത്യക്ഷപ്പെട്ട ഒരു കാൽ ആദ്യമായി കണ്ടത് ഞാനായിരുന്നു. ഷൂ ധരിച്ചിരുന്ന ആ കാലിലെ പാന്റ്സിന്റെ കീറലുകൾക്കിടയിലൂടെ മാംസപേശികൾ അധികവും വേർപെട്ട എല്ലുകൾ പുറത്ത് കാണാമായിരുന്നു. ആ നിമിഷം വരെയും എന്തെങ്കിലുമൊക്കെ സംസാരിച്ചു കൊണ്ടിരുന്ന ഞങ്ങൾ പൊടുന്നനെ നിശ്ശബ്ദരായി. പിന്നെ അവിടെ നിറഞ്ഞ മൌനത്തെ ഭഞ്ജിച്ചുകൊണ്ടിരുന്നത് ഷവലുകൾ മഞ്ഞുകട്ടകളിൽ പതിക്കുമ്പോഴുണ്ടാകുന്ന താളാത്മകമായ ശബ്ദം മാത്രമായിരുന്നു.

അവസാനത്തെ കല്ലും നീക്കിയതോടെ തെളിഞ്ഞ ദൃശ്യം അത്യന്തം ദയനീയമായിരുന്നു. ഒട്ടും ആഴമില്ലാത്ത കുഴിയിൽ കിടക്കുന്ന രണ്ട് മൃതദേഹങ്ങൾ. ഭീഭത്സമായ ആ കാഴ്ച്ചയിൽ വൈകാരികതയ്ക്ക് ഒട്ടും സ്ഥാനമുണ്ടായിരുന്നില്ല. കീറത്തുണികൾ കൊണ്ട് മൂടിയ ആ അസ്ഥിപഞ്ജരങ്ങളിൽ അഴുകുവാൻ വിസമ്മതിക്കുന്ന മരവിച്ച മാംസശകലങ്ങൾ തൂങ്ങിക്കിടക്കുന്നു.
     
അത് നോക്കി അൽപ്പ നേരം നിന്നിട്ട് സൈമൺസെൻ ഫോഗെലിന് നേർക്ക് തിരിഞ്ഞു. “നിങ്ങൾ കൊണ്ടുവന്ന ആ ഫോട്ടോ കൊണ്ട് ഒരു പ്രയോജനവും ഉണ്ടെന്ന് തോന്നുന്നില്ല മിസ്സിസ് കെൽ‌സോയുടെ പക്കൽ മറ്റെന്തോ തെളിവുകൾ കൂടി ഉണ്ടെന്നല്ലേ നിങ്ങൾ പറഞ്ഞത്?”

ഫോഗെൽ തന്റെ കോട്ടിന്റെ ഉൾ‌ഭാഗത്തെ പോക്കറ്റിൽ നിന്നും ഒരു എൻ‌വലപ്പ് എടുത്ത് സൈമൺസെന് കൈമാറി. “മിസ്റ്റർ കെൽ‌സോയുടെ ഡെന്റൽ റെക്കോർഡാണ്

അതിനുള്ളിൽ നിന്നും പുറത്തെടുത്ത വെള്ള കാർഡുമായി സൈമൺസെൻ ആ കുഴിയിലേക്കിറങ്ങി. വലതുഭാഗത്ത് കണ്ട അസ്ഥികൂടത്തിന്റെ തലയോട്ടിയാണ് അദ്ദേഹം ആദ്യം പരിശോധിച്ചത്. പിന്നെ അടുത്തതിന് നേർക്ക് തിരിഞ്ഞു. പിന്നെ എഴുന്നേറ്റ് തല കുലുക്കി.

“എനിക്കിനി സംശയമൊന്നുമില്ല ഇതാണ് കെൽ‌സോ വേണമെങ്കിൽ നിങ്ങളും നോക്കിക്കോളൂ

അദ്ദേഹം തിരികെ നൽകിയ കാർഡുമായി ഫോഗെൽ കുഴിയിലേക്കിറങ്ങി ആ തലയോട്ടിയുടെ അരികിൽ മുട്ടുകുത്തിയിരുന്ന് ആവശ്യമായ പരിശോധനകൾ നടത്തി. എഴുന്നേറ്റ് ഞങ്ങളുടെ അരികിലെത്തിയ അയാളുടെ മുഖം മ്ലാനമായിരുന്നു. അയാൾ ആ കാർഡ് എന്റെ നേരെ നീട്ടി.

“മിസ്റ്റർ മാർട്ടിൻ നിങ്ങളും കൂടി ഉറപ്പ് വരുത്തിയാലും പ്ലീസ്... നിഷ്പക്ഷരായ രണ്ട് പേരുടെ സാക്ഷ്യം മതിയാകും ഏത് കോടതിയ്ക്കും

താഴെയിറങ്ങി ഞാൻ ആ തലയോട്ടിയുടെ വായ്ക്കുള്ളിലേക്ക് സൂക്ഷിച്ച് നോക്കി. ആ കാർഡിലെ വിവരങ്ങളുമായി നൂറ് ശതമാനവും പൊരുത്തപ്പെടുന്നതായിരുന്നു ആ പല്ലുകളുടെ ഘടന എന്ന് മനസ്സിലാക്കുവാൻ ഒട്ടും സമയം വേണ്ടി വന്നില്ല. പല്ലുകളുടെ എണ്ണം കൃത്യമായിരുന്നു എന്ന് മാത്രമല്ല, പല്ലുകളിൽ മൂന്നിടത്തായുള്ള സ്വർണ്ണപ്പണികളും മറ്റ് രണ്ട് പല്ലുകളിൽമേലുള്ള പോർസലിൻ ക്രൌണുകളും യഥാസ്ഥാനങ്ങളിൽ തന്നെ ഭദ്രമായി കാണാമായിരുന്നു.

എഴുന്നേറ്റിട്ട് ഞാൻ കാർഡ് ഫോഗെലിന് തിരിച്ചു കൊടുത്തു. “ഞാൻ നോക്കിയിടത്തോളം എല്ലാം തന്നെ കൃത്യമായിരിക്കുന്നു

“എന്നാൽ പിന്നെ ഇനി ഈ കേസ് സെറ്റ്‌ൽ ചെയ്യാമല്ലോ” സൈമൺസെൻ പറഞ്ഞു.

“ഇടതു കൈയിലെ രണ്ടാമത്തെ വിരലിൽ ഒരു മുദ്രമോതിരം കൂടി ഉണ്ടാകേണ്ടതാണ്” ഫോഗെൽ പറഞ്ഞു. “അതിന്റെ ഉൾഭാഗത്ത് ഇപ്രകാരം കൊത്തിയിട്ടുണ്ടാകും From Sarah with love – 22-2-52…

ശരിയാണ് വിരലിൽ മോതിരമുണ്ടായിരുന്നു. ഞാനത് ഊരിയെടുക്കാൻ ശ്രമിച്ചുവെങ്കിലും മാംസവും ഐസും തമ്മിൽ ഒട്ടിച്ചേർന്ന് ഉറച്ചുപോയിരുന്നതിനാൻ വിജയിച്ചില്ല. അതുകണ്ട സൈമൺസെൻ എനിക്കരികിൽ വന്ന് മുട്ടുകുത്തിയിരുന്ന് തന്റെ പേനാക്കത്തിയെടുത്ത് വിരലിൽ അവശേഷിച്ചിരുന്ന മാംസത്തിനും മോതിരത്തിനും ഇടയിലൂടെ പതുക്കെ വരഞ്ഞു. ഊരിയെടുത്ത മോതിരം ഒരു നിമിഷം പരിശോധിച്ചിട്ട് അദ്ദേഹം എന്റെ നേരെ നീട്ടി. അതിലെ ലിഖിതം ഫോഗെൽ സൂചിപ്പിച്ചത് പോലെ തന്നെ കൃത്യമായിരുന്നു.

ചെറിയൊരു മൌനത്തിന് ശേഷം ഞാൻ പറഞ്ഞു. “മറ്റൊരു കാര്യം കൂടി മിസ്റ്റർ കെൽ‌സോ ധരിച്ചിരുന്നത് മാറ്റാരുടെയോ കോട്ട് ആയിരുന്നിരിക്കണമെന്ന് തോന്നുന്നു

“എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്?” സൈമൺസെൻ രൂക്ഷമായി എന്നെ നോക്കി.

“മിസ്റ്റർ കെൽ‌സോ അണിഞ്ഞിരിക്കുന്ന ആ കോട്ടിന്റെ ഉൾഭാഗത്ത്  ‘ഹാരിസൺ’ എന്നൊരു നെയിം ടാബ് ഉണ്ടായിരിക്കും ശരിയല്ലേ മിസ്റ്റർ ഫോഗെൽ?”

ഗൌരവത്തോടെ ഫോഗെൽ തല കുലുക്കി.  “മാത്രമല്ല, അദ്ദേഹത്തിന്റെ പോക്കറ്റിൽ ഹാർവി സ്റ്റെയ്ൻ എന്ന പേരിലുള്ള ഒരു ക്രെഡിറ്റ് കാർഡും ഉണ്ടായിരുന്നുവെന്നാണറിഞ്ഞത്

“തീർച്ചയായും ഇരട്ടപ്പേരുകൾ ഒരു ഭ്രമമായിരുന്നിരിക്കണം അദ്ദേഹത്തിന്” ഞാൻ പറഞ്ഞു.

“ആ പ്രഹേളികയുടെ ഉത്തരം ലഭിക്കുവാൻ തൽക്കാലം ബുദ്ധിമുട്ടാണ്” ഫോഗെൽ പറഞ്ഞു. തെല്ലൊരു ജിജ്ഞാസയോടെ സൈമൺസെൻ അയാളെ നോക്കിയെങ്കിലും തൽക്കാലം അങ്ങനെയങ്ങ് പോകട്ടെ എന്ന മട്ടിൽ അദ്ദേഹം പിൻ‌വാങ്ങി. “എന്നാൽ ഇനി മിസ്സിസ് കെൽ‌സോയെ വിളിക്കുകയല്ലേ?”

എന്നാൽ അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഏതാണ്ട് പത്ത് വാര അകലെ എല്ലാം വീക്ഷിച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു അവൾ. സൺ ഗ്ലാസ് അപ്പോഴും ധരിച്ചിരുന്നത് കൊണ്ട് എന്താണ് ആ കണ്ണുകളിലെ ഭാവപ്പകർച്ച എന്ന് അറിയുവാൻ കഴിയുമായിരുന്നില്ല. എന്നാൽ കൈപ്പടത്തിൽ ആ മോതിരവുമായി ഫോഗെൽ അരികിലെത്തുമ്പോൾ അവളുടെ മുഖം തികച്ചും വിവർണ്ണമായിരുന്നു. കൈയിലെ ഗ്ലൌസ് ഊരി മാറ്റി ശ്രദ്ധാപൂർവ്വം ആ മോതിരം എടുത്ത് അവൾ സൂക്ഷിച്ചു നോക്കി. അടുത്ത നിമിഷം ഒരു വശത്തേക്ക് ചാഞ്ഞ് വീഴുവാനാഞ്ഞ അവളെ ഫോഗെൽ താങ്ങി നിർത്തി.

“നമുക്ക് ടെന്റിലേക്ക് തിരിച്ച് പോകാം എന്തിനാണിപ്പോൾ ഇങ്ങോട്ട് വന്നത് നിങ്ങൾക്ക് കാണുവാൻ പറ്റിയ ദൃശ്യമല്ല അവിടെയുള്ളത്” ഫോഗെൽ പറഞ്ഞു.

“കണ്ടേ തീരൂ…! എനിക്കദ്ദേഹത്തെ കണ്ടേ തീരൂ…!” ശാഠ്യം പിടിച്ച് അവൾ തലയിളക്കി.

ഫോഗെലിന്റെ കൈകളിൽ നിന്നും കുതറി മാറി അവൾ കുഴിമാടത്തിനരികിലേക്കോടിയെത്തി. തന്റെ പ്രിയതമന്റെ അവശിഷ്ടങ്ങളിലേക്ക് പത്ത് സെക്കന്റിൽ അധികം അവൾ നോക്കിയിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു ആർത്തനാദത്തോടെ അവൾ ഫോഗെലിന്റെ കൈകളിലേക്ക് വീണു.

ഓടിയെത്തിയ സ്ട്രാട്ടന്റെ സഹായത്തോടെ മൂവരും ടെന്റിലേക്ക് മടങ്ങുന്നതും നോക്കി നിൽക്കവെ എന്റെയുള്ളിൽ അവളോട് അല്പം ആരാധനയൊക്കെ തോന്നിത്തുടങ്ങിയിരുന്നു.  അത്രയ്ക്കും മികച്ച പ്രകടനമായിരുന്നു അത് നാഷണൽ തീയേറ്ററിന്റെ സ്റ്റേജിലായിരുന്നു ഈ പ്രകടനമെങ്കിൽ നിലയ്ക്കാത്ത ഹർഷാരവം ആയിരുന്നിരിക്കും അവൾക്ക് ലഭിച്ചിട്ടുണ്ടാകുക.

(തുടരും)

Sunday, 17 May 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 32തടാകത്തിന് ചുറ്റുമുള്ള പ്രദേശം ചതുപ്പ് നിറഞ്ഞതായിരുന്നു. അതിനപ്പുറം നോക്കെത്താ ദൂരത്തോളം മഞ്ഞണിഞ്ഞ് കിടക്കുന്ന മൊട്ടക്കുന്നുകൾ. ധവള വർണ്ണത്തിലുള്ള മഞ്ഞു പരവതാനി സൂര്യ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.

ഒരു ചരടിൽ കോർത്ത് കഴുത്തിലണിഞ്ഞിരിക്കുന്ന കോമ്പസുമായി വഴികാട്ടി എന്നോണം ഞാനായിരുന്നു ആ സംഘത്തെ നയിച്ച് മുന്നിൽ നടന്നത്. സ്ലെഡ്ജുമായി ബന്ധിച്ചിരിക്കുന്ന രണ്ട് കയറുകൾ തങ്ങളുടെ അരയിൽ ചുറ്റിക്കെട്ടി വലിച്ചുകൊണ്ട് സൈമൺസെനും ഫോഗെലും അധികമകലെയല്ലാതെ എന്റെ പിന്നിൽ തന്നെയുണ്ട്.

അര മണിക്കൂർ കഴിഞ്ഞിരിക്കുന്നു. മുന്നോട്ടുള്ള വഴി മൊത്തത്തിൽ ഒന്ന് വീക്ഷിച്ച് അല്പം പിന്നിലായിപ്പോയ  സംഘാംഗങ്ങൾക്കായി ഞാൻ കാത്തു നിന്നു. ഫോഗെൽ അയാൾ അവകാശപ്പെട്ടിരുന്നത് പോലെ തന്നെ മെച്ചപ്പെട്ട പ്രകടനമാണ് സ്കീയിങ്ങിൽ കാഴ്ച്ച വച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സ്ട്രാട്ടാണാകട്ടെ ഏതാണ്ട് നൂറ് വാരയോളം പിന്നിലാണ്. തണുപ്പിൽ നിന്നും രക്ഷ നേടുവാനുതകുന്ന ജാക്കറ്റും കണ്ണടയും എല്ലാം അണിഞ്ഞ് നീങ്ങുന്ന അവരെ കണ്ടാൽ ഒരു പര്യവേക്ഷക സംഘത്തെക്കാളുപരി ബിസിനസ് ട്രിപ്പിന് ഇറങ്ങിയവരെപ്പോലെ തോന്നുമായിരുന്നു. സ്ലെഡ്ജിൽ ഇരിക്കുന്ന സാറാ കെൽ‌സോ ഒരു ബ്ലാങ്കറ്റ് കൊണ്ട് തന്റെ കാലുകൾ മൂടിപ്പുതച്ചിരിക്കുന്നു.

ഞാൻ വീണ്ടും മുന്നോട്ട് നീങ്ങുവാനാരംഭിച്ചു. മഞ്ഞു കൂനകളുടെ ഇടയിലൂടെ വളഞ്ഞും പുളഞ്ഞുമുള്ള സ്കീയിങ്ങിന്റെ ആയാസം കൊണ്ട് ആ തണുപ്പിലും എന്റെ മുഖത്ത് വിയർപ്പ് പൊടിഞ്ഞിരുന്നു. ശ്രമകരമായ ജോലിയാണെങ്കിലും ഓരോ നിമിഷവും ഞാൻ അത് ആസ്വദിക്കുകയായിരുന്നു എന്നതാണ് സത്യം. അൽപ്പം പോലും കാറ്റ് ഇല്ലാത്ത തെളിഞ്ഞ അന്തരീക്ഷം. വെയിലിന്റെ ചെറുചൂടിൽ ഉരുകി നനഞ്ഞു തുടങ്ങിയ മഞ്ഞുപാളികളുടെ തിളക്കം കമനീയമെന്ന് പറയാതെ വയ്യ. അല്പം ഉയർന്ന പ്രദേശത്ത് കയറി നിന്ന് കോമ്പസ് എടുത്ത് ദിശ വീണ്ടും തിട്ടപ്പെടുത്തി. അനന്തമായി പരന്ന് കിടക്കുന്ന ആ വിജനതയുടെ വന്യത തെല്ലൊന്നുമല്ല എന്നെ ആകർഷിച്ചത്.

പണം സമ്പാദിക്കുക എന്ന ഉദ്ദേശ്യം ഒന്ന് മാത്രമാണ് ഗ്രീൻലാന്റിലെത്തിപ്പെടുവാൻ കാരണമെന്നാണ് ഇലാനയോട് ഞാൻ പറഞ്ഞിരുന്നത്. അവളോട് വെളിപ്പെടുത്തിയ മറ്റ് പല വസ്തുതകളെയും പോലെ അതും അർദ്ധസത്യം മാത്രമായിരുന്നു. ഗ്രീൻലാന്റിലെ മഞ്ഞുമൂടിയ വിജനതയെക്കുറിച്ച് ഡെസ്ഫോർജിന്റെ വിവരണത്തിൽ ഒരു പക്ഷേ കാല്പനികഭാവം തെല്ല് അധികമായിരിക്കാം. എന്നാൽ മുന്നിൽ കാണുന്ന ദൃശ്യത്തിന്റെ അനന്തതയിലേക്ക് നോക്കി നിൽക്കവെ അദ്ദേഹത്തിന്റെ വിവരണം ഒട്ടും അതിശയോക്തി കലർന്നതായിരുന്നില്ല എന്നെനിക്ക് മനസ്സിലായി. ഭൂമിയിലെ അവസാനത്തെ ഇടം പ്രകൃതിയുടെ വെല്ലുവിളിക്ക് മുന്നിൽ ഒരേയൊരു മാർഗമേ നമുക്കുള്ളൂ എന്ത് വില കൊടുത്തുമുള്ള അതിജീവനം അമണ്ട്സെൻ, പിയറി, ജിനോ വാട്കിൻസ് മുതലായ പര്യവേക്ഷകർ ആ വസ്തുത മനസ്സിലാക്കി ഈ വിജനതയെ കീഴടക്കിയവരാണ്. ഇവിടെ നിൽക്കുമ്പോൾ അതേ വികാരം എന്നിലും നിറയുന്നു. ആ ശ്രേണിയിലേക്ക് എന്റെ നാമവും കൂട്ടിച്ചേർത്തത് പോലെ. പിന്നെ താമസിച്ചില്ല, വർദ്ധിത വീര്യത്തോടെ ആ മഞ്ഞു കൂമ്പാരത്തിന്റെ മറുഭാഗത്തെ താഴ്‌വരയിലേക്ക് ഞാൻ നീങ്ങി.

വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല തുടർന്നങ്ങോട്ടുള്ള നീക്കം. ആഴമുള്ള നിരവധി വിള്ളലുകളുണ്ട് പാതയിലെങ്ങും. സൂക്ഷിച്ചില്ലെങ്കിൽ അപകടമാണ്. അകലെ പിന്നിൽ എത്തിക്കൊണ്ടിരിക്കുന്ന സംഘാംഗങ്ങളുടെ അരികിലേക്ക് ഞാൻ തിരികെ ചെന്നു.

“എന്തെങ്കിലും പ്രശ്നം?” സൈമൺസെൻ ആരാഞ്ഞു.

“ശ്രദ്ധാപൂർവ്വം നീങ്ങുകയാണെങ്കിൽ തരണം ചെയ്യാവുന്നതേയുള്ളൂ ആഴമേറിയ വിടവുകളുണ്ട് മഞ്ഞുപാളികളിൽ അവയ്ക്ക് മുകളിലൂടെ സ്ലെഡ്ജ് അപ്പുറം കടക്കണമെങ്കിൽ ചിലപ്പോൾ പിന്നിൽ നിന്ന് തള്ളേണ്ടി വരും

“എങ്കിൽ ഞാൻ സ്ലെഡ്ജിൽ നിന്നും ഇറങ്ങി നടന്നാലോ?” സാറാ കെൽ‌സോ ചോദിച്ചു.

“ഹേയ്, അതിന്റെ ആവശ്യമൊന്നുമില്ല” ഞാൻ തലയാട്ടി.

വളരെ പിന്നിലായിരുന്ന സ്ട്രാട്ടൺ അപ്പോഴേക്കും അല്പമകലെയുള്ള മഞ്ഞുകൂനയുടെ മുകളിൽ പ്രത്യക്ഷപ്പെട്ടു. ഞങ്ങളെ കണ്ടതും അടുത്തെത്തുവാനായി തിടുക്കം കൂട്ടിയ അയാൾ സ്കീയിൽ നിന്നും ബാലൻസ് തെറ്റി താഴെ വീണ് മഞ്ഞു കഷണങ്ങൾക്കിടയിലൂടെ ഉരുണ്ട് ഞങ്ങൾക്കരികിലെത്തി. ഞാൻ നീട്ടിയ കൈകളിൽ പിടിച്ചെഴുന്നേറ്റ അയാളുടെ മുഖത്ത് വിയർപ്പ് പൊടിഞ്ഞിരുന്നു. തികച്ചും പരിക്ഷീണനായിരുന്നു അയാൾ.

“ആർ യൂ ഓൾ റൈറ്റ്?” ഞാൻ ചോദിച്ചു.

“കുറേ നാളായി ചെയ്യാത്ത ജോലിയായതു കൊണ്ട് ഒരു പഴക്കക്കുറവ് അത്രയേയുള്ളൂ കുഴപ്പമില്ല ഐ വിൽ മാനേജ്” അയാൾ പുഞ്ചിരിച്ചു.

“ഇനിയങ്ങോട്ടുള്ള യാത്ര നാം ഒരുമിച്ചായാൽ നന്ന്” ഞാൻ പറഞ്ഞു. “അല്പം ആപത്ക്കരമാണ് ഇനിയുള്ള പ്രദേശം സ്ലെഡ്ജിന്റെ കാര്യത്തിൽ എല്ലാവരുടെയും സഹായം വേണ്ടി വരും

ഹിമപാളികളിലെ വിള്ളലുകൾ താരത‌മ്യേന വലുതായിരുന്നു. മൂന്നും നാലും അടി വീതിയുള്ള ആഴമേറിയ വിടവുകളായിരുന്നു അധികവും. കാലൊന്ന് തെന്നി അതിനുള്ളിൽ വീണുപോയാൽ രക്ഷപെടുക അസാദ്ധ്യം തന്നെ. പലയിടത്തും സ്ലെഡ്ജ് എടുത്ത് തോളിൽ ചുമന്നിട്ടാണ് ആ വിടവുകൾ താണ്ടിയത്. സുരക്ഷിതം എന്ന് ഒറ്റ നോട്ടത്തിൽ തോന്നിച്ച അവയിൽ പലതും ഉറപ്പില്ലാത്ത പ്രതലം കൊണ്ട് ആപത്ക്കരമായിരുന്നു.  സൈമൺസെന്റെ പരിചയം ഒന്നു കൊണ്ട് മാത്രമാണ് അതിൽ വീണുപോകാതെ ഞങ്ങൾ രക്ഷപെട്ടത്.

പത്ത് മിനിറ്റ് ഇടവേള എടുത്തതിന് ശേഷം വീണ്ടും ഞങ്ങൾ യാത്ര തുടർന്നു. വലിയ പ്രതിസന്ധികളൊന്നും തന്നെ ഇല്ലായിരുന്നു ഇത്തവണ. പരുക്കൻ പ്രതലമാണെങ്കിലും സമതലമാണ്. ഓരോ പത്ത് മിനിറ്റ് കൂടുമ്പോഴും സ്കീയിങ്ങ് നിർത്തി ഞാൻ കോമ്പസ്സിൽ ദിശ ഉറപ്പു വരുത്തിക്കൊണ്ടിരുന്നു.

സമയം മദ്ധ്യാഹ്നത്തോടടുത്തിരിക്കുന്നു. അല്പം ഉയർന്ന ഒരു മഞ്ഞു കൂമ്പാരത്തിന്റെ മുകളിൽ കയറി നിന്ന് ഞാൻ താഴെയുള്ള സമതലത്തിലേക്ക് നോക്കി. വിമാനത്തിൽ നിന്നും കണ്ട ആ ചെറിയ മലയിടുക്ക് വാസ്തവത്തിൽ അത്ര ചെറുതൊന്നുമായിരുന്നില്ല. മറ്റുള്ളവർക്കായി കാത്തു നിൽക്കാതെ ഞാൻ ആ ചെരിവിലൂടെ അതിനരികിലേക്ക് സ്കീയിൽ പാഞ്ഞു. ആ ഗർത്തത്തിന്റെ വക്കിൽ ചെന്ന് താഴേക്ക് ഒന്നോടിച്ച് നോക്കിയെങ്കിലും പ്രത്യേകിച്ചൊന്നും തന്നെ കാണുവാനായില്ല. ഗർത്തത്തിനരികിലെ ചെരിഞ്ഞ പ്രതലത്തിലൂടെ സമാന്തരമായി അല്പം കൂടി ഞാൻ മുന്നോട്ട് നീങ്ങി.

ആ വളവ് തിരിഞ്ഞതും പെട്ടെന്ന് ഞാൻ നിന്നു. എന്റെ മുന്നിൽ ഏതാനും അടി താഴെയായി മഞ്ഞുകട്ടകൾക്കിടയിലേക്ക് പുതഞ്ഞ് ആ ഹെരോൺ വിമാനം കിടപ്പുണ്ടായിരുന്നു. അപ്പുറത്ത് ഏതാണ്ട് ഇരുനൂറ് വാര അകലെയായി വേർപെട്ട് കിടക്കുന്ന ഒരു ചിറക്. തൊട്ടടുത്തായി കല്ലുകൾ അടുക്കി വച്ച് മൃതദേഹങ്ങൾ മറവ് ചെയ്തിരിക്കുന്ന ഇടം പ്രത്യക്ഷത്തിൽ തിരിച്ചറിയാവുന്നത് പോലെ ഒരുക്കിയിട്ടുണ്ട്. വിമാനത്തിന്റെ അടർന്നുപോയ ചില ലോഹക്കഷണങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഒരു കുരിശും നാട്ടിയിട്ടുണ്ട് അതിനരികിൽ.

മൌനം ഘനീഭവിച്ച് നിൽക്കുന്ന അന്തരീക്ഷത്തിൽ, തകർന്ന് കിടക്കുന്ന ആ വിമാനത്തെ നിർന്നിമേഷനായി ഞാൻ നോക്കി നിന്നു. വിവിധ ചിന്തകളാൽ സ്വയം മറന്നുള്ള ആ നിൽപ്പിൽ മറ്റുള്ളവർ അരികിലെത്തിയത് ഞാൻ അറിഞ്ഞതേയില്ല.

“ഈ പ്രകൃതിഭംഗിക്ക് ഒരിക്കലും ഇണങ്ങുന്നതല്ല തകർന്ന വിമാനത്തിന്റെ ഈ ദൃശ്യം...” ഫോഗെലിന്റെ പതിഞ്ഞ സ്വരം കേട്ട് ഞാൻ തിരിഞ്ഞു.

ഫോഗെൽ എന്റെ തൊട്ടു പിന്നിൽ തന്നെ ഉണ്ടായിരുന്നു. സ്ലെഡ്ജിൽ നിന്നും എഴുന്നേൽക്കുവാനൊരുങ്ങുന്ന സാറാ കെൽ‌സോയെ സഹായിക്കുകയാണ് സൈമൺസെൻ. സ്ട്രാട്ടൺ ആകട്ടെ ഏതാണ്ട് നൂറ് വാര അകലെയായി എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ഞങ്ങളുടെ അടുത്തെത്തിയ സൈമൺസെൻ തകർന്ന് കിടക്കുന്ന വിമാനത്തെയും നോക്കി രണ്ട് നിമിഷം നിന്നു. പിന്നെ നെടുവീർപ്പിട്ടു.

“ഇനിയാണ് അസുഖകരമായ ദൃശ്യങ്ങൾ കാത്തിരിക്കുന്നത് നമുക്ക് അതിനടുത്ത് ചെന്ന് നോക്കിയാലോ?”  സൈമൺസെൻ ആരാഞ്ഞു.


(തുടരും)

Sunday, 10 May 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 31കടലിൽ നിന്നും ഏതാണ്ട് അമ്പത് മൈൽ ഉള്ളിലായിട്ടാണ് സാൻഡ്‌വിഗ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചെറു ദ്വീപുകളാലും ക്രീക്കുകളാലും ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശം. ഗ്രീൻലാന്റിന്റെ തെക്ക് പടിഞ്ഞാറൻ തീരങ്ങളിൽ കാണപ്പെടുന്ന ഏതൊരു മത്സ്യബന്ധന ഗ്രാമത്തെയും പോലെയുള്ള ചെറു പ്രദേശം. മലനിരകളുടെ താഴ്‌വാരത്ത് സ്ഥിതി ചെയ്യുന്നതിനാൽ തികച്ചും മനോഹരമായ ഒരു കൊച്ചു ഗ്രാമം. ഫ്രെഡറിക്‌സ്ബോർഗിൽ നിന്നും ടേക്ക് ഓഫ് ചെയ്ത് കൃത്യം നാൽപ്പത് മിനിറ്റായതും ഞങ്ങൾ സാൻഡ്‌വിഗിൽ ലാന്റ് ചെയ്തു. സാവധാനം ഞാൻ വിമാനത്തെ അടുത്തുള്ള ബീച്ചിലേക്ക് കയറ്റി.

പ്രത്യേകം പറയത്തക്കതായി ഒന്നും തന്നെയുണ്ടായിരുന്നില്ല അവിടെ. പത്തോ പന്ത്രണ്ടോ ചെറു വീടുകൾ, ഒരു മൊറോവിയൻ ദേവാലയം, പിന്നെ ഒരു ചെറിയ പലചരക്ക് പീടിക. ട്രേഡിങ്ങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആ സ്ഥാപനം, നാട്ടുകാർ കൊണ്ടു വന്ന് കൊടുക്കുന്ന സീൽ സ്കിന്നും ഷാർക്ക് ലിവറും മറ്റും വാങ്ങിയിട്ട് പകരമായി അവർക്ക് ആവശ്യമുള്ള പലവ്യഞ്ജനങ്ങൾ നൽകിപ്പോന്നു.

വിമാനം കാണുവാനായി ഗ്രാമീണരിൽ അധികവും ആ ചെറിയ ബീച്ചിൽ തടിച്ചു കൂടിയിരുന്നു. പുറത്തിറങ്ങിയ ഡെസ്ഫോർജിനും ഇലാനയ്ക്കും അവരുടെ ബാഗേജുകൾ ഞാൻ താഴെയിറക്കിക്കൊടുത്തു. ഗ്രാമീണരിൽ അധികവും എസ്കിമോ വംശജരാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാം. മംഗോളിയൻ മുഖവും ചായം തേച്ച് ചുവപ്പിച്ച ബ്രൌൺ കവിളുകളും ഉയരം കുറഞ്ഞ ശരീരപ്രകൃതിയുമുള്ള അവർക്കും ഗ്രീൻലാന്റേഴ്സ് എന്നറിയപ്പെടാനാണ് താല്പര്യമെന്ന് പറഞ്ഞ് കേട്ടിട്ടുള്ളത്. ചിലരെല്ലാം അവിടുത്തെ പീടികയിൽ നിന്നും വാങ്ങിച്ച റെഡിമെയ്ഡ് വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു. ഒരു കാര്യം എടുത്ത് പറയേണ്ടതാണ് സീലിന്റെ തുകൽ കൊണ്ട് നിർമ്മിച്ച ബൂട്ട്സ് എല്ലാവരുടെയും കാലുകളിൽ കാണാം.

അധികം താമസിയാതെ ആ പീടികയുടെ ഉടമസ്ഥൻ ഞങ്ങളുടെയടുത്തേക്ക് വന്നു. സൈമൺസെൻ ഏർപ്പാടാക്കിയിരുന്ന ഇടത്തരം സ്ലെഡ്ജ് ചുമന്നു കൊണ്ട് രണ്ട് പേർ അയാളെ അനുഗമിക്കുന്നുണ്ടായിരുന്നു. ഒട്ടും തന്നെ ഇംഗ്ലീഷ് വശമില്ലാത്ത അയാളോട് ഡെസ്ഫോർജിന്റെയും ഇലാനയുടെയും ആഗമനോദ്ദേശ്യം ഞാൻ വെളിപ്പെടുത്തി. ആ സമയം കൊണ്ട് അയാളുടെ സഹായികൾ സ്ലെഡ്ജ് വിമാനത്തിൽ കയറ്റിക്കഴിഞ്ഞിരുന്നു.

“കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടില്ലേ?” ഡെസ്ഫോർജ് എന്നോട് ചോദിച്ചു.

ഞാൻ തല കുലുക്കി. “അയാളുടെ ജീപ്പിൽ നിങ്ങളെ ഇരുവരെയും ഒലാഫ് റസ്മൂസെന്റെ കോട്ടേജിൽ എത്തിക്കുവാൻ ഏർപ്പാടാക്കിയിട്ടുണ്ട്

“ഈ പറയുന്ന വയസ്സൻ ഒലാഫിന് ഇംഗ്ലീഷ് സംസാരിക്കാനാവുമോ എന്തോ…!

“നിങ്ങളെക്കാളും നന്നായി സംസാരിക്കും, ജാക്ക്നിങ്ങൾക്കായി കാത്തിരിക്കുകയാണദ്ദേഹം” ഞാൻ പറഞ്ഞു.

“റിട്ടേൺ ട്രിപ്പിന്റെ കാര്യം എങ്ങനെയാണ്?”

ഞാൻ ചുമൽ വെട്ടിച്ചു. “ഫ്രെഡറിക്‌സ്ബോർഗിലെ എയർസ്ട്രിപ്പുമായി എപ്പോൾ വേണമെങ്കിലും റേഡിയോ വഴി ബന്ധപ്പെടാവുന്നതാണ് അറിയിച്ചാൽ മതി... ഏത് സമയത്തും ഞാൻ തയ്യാർ

അദ്ദേഹത്തിന്റെ പിന്നിൽ നിൽക്കുന്ന ഇലാനയുടെ നേർക്ക് ഞാൻ നോട്ടമെറിഞ്ഞു. ഒരു യാത്രാമൊഴിയോ ഊഷ്മളമായ രണ്ട് വാക്കോ അവളോട് പറയണമെന്നുണ്ട് പക്ഷേ, എങ്ങനെ അവതരിപ്പിക്കണമെന്ന സന്ദേഹം എന്നെ കുഴക്കി. അവൾക്കത് മനസ്സിലാകുകയും ചെയ്തു എന്ന് തോന്നുന്നു. മനോഹരമായ ഒരു പുഞ്ചിരിയോടെ പതുക്കെ അവൾ തല കുലുക്കി. അവാച്യമായ ആനന്ദത്തോടെ ഞാൻ തിരികെ വിമാനത്തിന്റെ ക്യാബിനിൽ കയറി എൻ‌ജിൻ സ്റ്റാർട്ട് ചെയ്തു.

സാൻഡ്‌വിഗിൽ നിന്നുമുള്ള ടേക്ക് ഓഫ് സാധാരണ നിലയിൽ അല്പം ശ്രമകരമാകാറാണ് പതിവ്. ക്രീക്കിന്റെ ഒരു ഭാഗം ഏതാണ്ട് ആയിരം അടി ഉയരത്തിൽ ചെങ്കുത്തായ പാറക്കെട്ടുകളാണ്. ക്രീക്കിലെ വെള്ളത്തിലൂടെയുള്ള ടേക്ക് ഓഫിന്റെ സമയത്ത് കാറ്റിന്റെ ദിശ തെറ്റാണെങ്കിൽ അപകടകരം തന്നെയായിരിക്കും. എന്നാൽ ഇന്നത്തെ പ്രഭാതം തികച്ചും ഭാഗ്യം നിറഞ്ഞത് തന്നെയായിരുന്നു. ആയാസരഹിതമായി ഒരു പക്ഷിയെപ്പോലെ പറന്നുയർന്ന് ഞങ്ങൾ ഗ്രാമത്തിലെ പുൽമേടുകളുടെ മുകളിലൂടെ പിന്നെയും ഉയർന്ന് ചെങ്കുത്തായ പാറക്കെട്ടുകളുടെ മുകളിലൂടെ ദൂരെ മഞ്ഞ് മലയുടെ ശിഖരം ലക്ഷ്യമാക്കി യാത്ര തുടർന്നു.  

                                      * * * * * * * * * * * * * * * * *

പർവ്വത ശിഖരത്തിലെ മഞ്ഞുപാളികളിൽ നിന്നും വെളുത്ത ലാവ കണക്കെ ഒഴുകിയിറങ്ങുന്ന ജലധാര താഴെ ക്രീക്കിലെ വെള്ളത്തിലാണ് ചെന്ന് ചേരുന്നത്. പർവ്വതത്തിന്റെ ഇരുഭാഗങ്ങളുടെയും അടിവാരത്ത് ഏതാണ്ട് മൂന്നടി ഉയരത്തിൽ വളരുന്ന കുറ്റിച്ചെടികൾ പരവതാനി വിരിച്ചത് പോലെ തോന്നിച്ചു. കുറേക്കൂടി മുകളിലേക്കെത്തുന്നതോടെ കുറ്റിച്ചെടികളുടെ വ്യാപനം കുറഞ്ഞ് കുറഞ്ഞ് ഇല്ലാതായി. പിന്നീടങ്ങോട്ട് ഹിമപാളികളുടെ ആരംഭമായി. കൂർത്ത ദംഷ്ട്രകളുമായി നിറഞ്ഞ് നിൽക്കുന്ന ഐസ് ക്യാപ്പുകൾ.

ഗിരിശൃംഗത്തിന്റെ മുകളിലൂടെ പറന്ന് അപ്പുറത്തെ മഞ്ഞുപാടത്തിന്റെ മുകളിലേക്ക് ഞങ്ങൾ കടന്നു. മഞ്ഞ് മൂടിയ മൊട്ടക്കുന്നുകൾ. മഞ്ഞുപാളികൾ വിണ്ടു കീറി രൂപം കൊണ്ട അനേകായിരം വിടവുകൾ. വല്ലാത്ത ഒരു പ്രദേശം തന്നെ. ഒരു ദിവസം മുഴുവനും കാൽ നടയായി യാത്ര ചെയ്താൽ താണ്ടുവാൻ കഴിയുക ഒരു പക്ഷേ വെറും ആറോ ഏഴോ മൈലുകൾ മാത്രമായിരിക്കും. ഈ വന്യമായ വിജനതയിലൂടെ ഇഞ്ചിഞ്ചായി മുന്നേറി ലക്ഷ്യം കണ്ട ആ ഓക്സ്ഫഡ് സാഹസിക സംഘത്തെ ഞാൻ മനസ്സാ നമിച്ചു. അതോടൊപ്പം, വിമാനത്തിന്റെ ഉപജ്ഞാതാക്കളായ റൈറ്റ് സഹോദരന്മാർക്ക് നന്ദി ചൊല്ലുവാനും മറന്നില്ല.

                                            * * * * * * * * * * * * * * * * *

ഏകദേശം നാൽപ്പത് മിനിറ്റ് കൊണ്ട് ഞങ്ങൾ സ്യൂലേ തടാകത്തിന്റെ മുകളിലെത്തി. മൂടൽ മഞ്ഞിന്റെ കണിക പോലും എങ്ങും കാണ്മാനില്ല. വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് കുറച്ച് തടാകത്തിലെ നീല നിറമുള്ള വെള്ളത്തിൽ തൊട്ടു തൊട്ടില്ല എന്ന നിലയിൽ അല്പനേരം ഞാൻ പറത്തി. തടാകത്തിൽ ധാരാളം ഐസുണ്ടെങ്കിലും സ്ഫടിക പാളികൾ പോലെ കനം കുറഞ്ഞ് നിർമ്മലമായതിനാൽ അപകടകാരിയല്ല.

“എന്ത് തോന്നുന്നു?” വിമാനം വീണ്ടും ഉയർത്തവെ സൈമൺസെൻ ആരാഞ്ഞു.

“ലാന്റിങ്ങിന് പ്രശ്നമില്ലെന്ന് തോന്നുന്നു പക്ഷേ, അതിന് മുമ്പ് നമുക്ക് ആ വിമാനം കണ്ടുപിടിക്കാൻ പറ്റുമോ എന്ന് നോക്കാം എങ്കിൽ നമുക്ക് കുറെയേറെ സമയം ലാഭിക്കുവാൻ പറ്റും

വീണ്ടും ഒരു പത്ത് മൈൽ. മൂന്നോ നാലോ മിനിറ്റ് മാത്രമേ എടുത്തുള്ളൂ അത്രയും ദൂരം പറക്കുവാൻ. പക്ഷേ, ആ ഹെറോൺ വിമാനത്തിന്റെ യാതൊരു അടയാളവും കാണുവാനുണ്ടായിരുന്നില്ല. ത്രോട്ട്‌ൽ കൊടുത്ത് ഒരു റൌണ്ട് കൂടി എടുക്കുമ്പോൾ പിറകോട്ട് തിരിഞ്ഞ് ഞാൻ പറഞ്ഞു.

“ഇവിടെ എവിടെയോ ആണ് ആ വിമാനം ഉള്ളത് അതുകൊണ്ട്  കണ്ണ് തുറന്ന് പിടിച്ച് തന്നെയിരിക്കുക ആർണി പറഞ്ഞത് ഏതോ ഒരു മലമടക്കിലെ ഗർത്തത്തിലാണ് അത് തകർന്ന് കിടക്കുന്നതെന്നാണ്

ആൾട്ടിറ്റ്യൂഡ് കുറച്ച് ഞാൻ കുറച്ചു കൂടി വിശാലമായ ഒരു റൌണ്ട് എടുത്തു. അപ്പോഴേക്കും അത് സ്ട്രാട്ടന്റെ കണ്ണിൽപ്പെട്ടു കഴിഞ്ഞിരുന്നു. ആവേശത്തോടെ അയാൾ വിളിച്ചു പറഞ്ഞു. “അതാ, അവിടെ ഇടത് ഭാഗത്ത് ഇടത് ഭാഗത്ത്

വിമാനത്തെ ഇടത് വശം ചരിച്ച് ഞാൻ അല്പം കൂടി താഴോട്ടെടുത്തു. ഇത്തവണ ഞങ്ങളെല്ലാവരും തന്നെ അത് കണ്ടു. മലമടക്കിലെ അഗാധ ഗർത്തത്തിലെ തൂവെള്ള മഞ്ഞുപരവതാനിയിൽ വീണുകിടക്കുന്ന വിമാനത്തിന്റെ നീലയും സിൽ‌വറും നിറങ്ങളോടു കൂടിയ ശരീരഭാഗം

എന്റെ തൊണ്ട വരളുന്നത് പോലെ ഉദ്വേഗവും സംഭ്രമവും ഭയവും എല്ലാം ഇടകലർന്ന ഒരു വികാരം ഉള്ളിന്റെയുള്ളിൽ നിന്നും എന്നെ ഗ്രസിക്കുന്നത് പോലെ വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് പതുക്കെ ഉയർത്തി ഞാൻ സ്യൂലേ തടാകം ലക്ഷ്യമാക്കി പറന്നു.

“എത്ര സമയം വേണ്ടി വരും നമുക്ക് വിമാനത്തിനരികിലെത്താൻ?” മുന്നോട്ടാഞ്ഞിരുന്ന് ഫോഗെൽ ചോദിച്ചു.

“അത് നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ സ്കീയിങ്ങ് വൈദഗ്ദ്ധ്യം എത്രത്തോളമുണ്ട് എന്നതിനെ ഭാഗ്യം തുണച്ചാൽ, രണ്ടോ മൂന്നോ മണിക്കൂർ മതിയായേക്കും  ഞാൻ പറഞ്ഞു.

“അപ്പോൾ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ അവിടെയെത്തി കാര്യങ്ങൾ സ്ഥിരീകരിച്ച് ഇന്ന് രാത്രി തന്നെ തിരികെ ഫ്രെഡറിക്‌സ്ബോർഗിൽ എത്താനുള്ള സമയം ഉണ്ടാകുമെന്ന് സാരം

“കാലാവസ്ഥ അനുകൂലമാ‍ണെങ്കിൽ  തടാകത്തിന് മുകളിൽ ഒന്ന് വലം വച്ചതിന് ശേഷം ഞാൻ ലാന്റ് ചെയ്തു.

പ്രതീക്ഷിച്ചതിലും വളരെ സുഗമമായിരുന്നു ലാന്റിങ്ങ്. തടാകത്തിന്റെ തീരത്തേക്ക് കയറുമ്പോൾ മാത്രമായിരുന്നു മഞ്ഞുപാളികളുടെ നേർത്ത പടലം കാണപ്പെട്ടത്. അതാകട്ടെ നിലക്കടലയുടെ തോട് പോലെ ഉടഞ്ഞ് പോകുകയും ചെയ്തു. കരയിൽ കയറിയ വിമാനത്തിന്റെ എൻ‌ജിൻ ഞാൻ ഓഫ് ചെയ്തു.

അവിടെ ഘനീഭവിച്ച മൌനം പൂർണ്ണമായിരുന്നു. അവരെല്ലാവരും അത് മനസ്സിലാക്കുകയും ചെയ്തു. തിരിഞ്ഞ് അവരെ നോക്കി വിജയഭാവത്തിൽ ഞാൻ പുഞ്ചിരിച്ചു.  “ഇനിയങ്ങോട്ടുള്ള ഓരോ കാൽ‌വെയ്പ്പും വിജയത്തിന്റേതായിരിക്കട്ടെ എന്ന് ആശിക്കാം നമുക്ക് എല്ലാവരും ഇറങ്ങിക്കോളൂ

ക്യാബിൻ ഡോർ തുറന്ന് ഞാൻ ബീച്ചിലേക്കിറങ്ങി.

(തുടരും)

Sunday, 3 May 2015

ഈസ്റ്റ് ഓഫ് ഡെസലേഷൻ - 30തൊട്ടടുത്ത ദിനത്തിലെ പ്രഭാതം. സമയം ആറരയോടടുക്കുന്നു. വെതർ റിപ്പോർട്ടിനായി ഞാൻ എയർ സ്ട്രിപ്പിലേക്ക് നടന്നു. ഇന്നത്തെ ദിനം തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്നത് തീർച്ച. ഹാർബറിന് മുകളിൽ മൂടൽ മഞ്ഞിന്റെ കണിക പോലും കാണുവാനില്ല. ദൂരെ തെളിഞ്ഞ ആകാശത്തിലേക്ക് ഉയർന്ന് നിൽക്കുന്ന പർവ്വത ശിഖരങ്ങളുടെ വ്യക്തത. ഇതെല്ലാം കൂടി ഒത്ത് നോക്കുമ്പോൾ ഈ പ്രദേശത്തെ ചിരപരിചിതനെന്ന നിലയിൽ എനിക്കത് മനസ്സിലാക്കാൻ കഴിയുന്നു.  ക്രമേണ ഈ നാടിനെ ഞാനും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവ് എന്നിൽ ആഹ്ലാദം പകർന്നു.

ടവറിൽ നിന്നും കൈപ്പറ്റിയ റിപ്പോർട്ടുമായി തിരിച്ചുള്ള നടപ്പിൽ കോൺക്രീറ്റ് ഹാങ്കറുകൾക്ക് സമീപത്ത് കൂടിയുള്ള കുറുക്കുവഴി തെരഞ്ഞെടുക്കുവാൻ ഞാൻ തീരുമാനിച്ചു. ആർണിയുടെ വിമാനം പാർക്ക് ചെയ്യാറുള്ള ഹാങ്കറിന് മുന്നിൽ ഒരു ജീപ്പ് കിടക്കുന്നുണ്ട്. അരികിലെത്തിയപ്പോഴാണ് ഹാങ്കറിന്റെ ഗേറ്റ് തുറന്ന് പുറത്ത് വരുന്ന ചീഫ് മെക്കാനിക്ക് കാനഡക്കാരൻ മില്ലറെയും ആർണിയെയും കണ്ടത്. ഒരു നിമിഷം ഇരുവരും പരസ്പരം എന്തോ സംസാരിച്ചിട്ട് മില്ലർ ജീപ്പിൽ കയറി ഡ്രൈവ് ചെയ്ത് പോയി.

ആർണി എന്നെ കണ്ടത് അപ്പോഴായിരുന്നു. എന്തോ കുഴപ്പം സംഭവിച്ചിരിക്കുന്നു എന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവന്റെ മുഖത്ത് നിന്നും വായിച്ചെടുക്കുവാൻ കഴിയുന്നുണ്ട്. ബഹിർമുഖ സ്വഭാവമുള്ളവരുടെ സവിശേഷതയാണത്. എന്തെങ്കിലും നിർഭാഗ്യം അവരെ പിടികൂടിയാൽ അതൊളിപ്പിയ്ക്കാൻ അവരെക്കൊണ്ടാവില്ല.

“എന്ത് പറ്റി ആർണീ?” അരികിലെത്തിയതും ഞാൻ ചോദിച്ചു.

മറുപടി പറയുന്നതിന് പകരം ഗേറ്റ് തുറന്ന് അവൻ ഹാങ്കറിനുള്ളിലെ അരണ്ട വെളിച്ചത്തിലേക്ക് നടന്നു. പിന്നാലെ ഞാനും. അവന്റെ വിമാനം അതിനകത്തുണ്ടായിരുന്നു. സ്കീസ് രണ്ടും ഒടിഞ്ഞ് ഒരു വശത്തേക്ക് ചരിഞ്ഞ് അടിഭാഗം നിലത്ത് മുട്ടി കിടക്കുകയാണ് വിമാനം. അണ്ടർ കാര്യേജിന് കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്. ഇത്രയും നാശനഷ്ടങ്ങൾ വരുത്തിയ വില്ലൻ അടുത്ത് തന്നെ കിടപ്പുണ്ട്. ഒരു ത്രീ ടൺ ബെഡ്‌ഫോർഡ് ട്രക്ക്. അവിടുത്തെ ആവശ്യങ്ങൾക്കായി എയർസ്ട്രിപ്പിൽ ഉപയോഗിച്ചിരുന്ന ആ ട്രക്ക് ആരോ റിവേഴ്സ് എടുത്ത് വിമാനത്തിൽ ചെന്നിടിച്ചിരിക്കുകയാണ്.

“എന്താണ് സംഭവിച്ചത്?”

“ഒരു പിടിയുമില്ല രാവിലെ വന്നപ്പോൾ കണ്ട കാഴ്ച്ച ഇതാണ് നിങ്ങൾക്കറിയാമല്ലോ... രാത്രിയിൽ ഇവിടെ കാവൽക്കാരൊന്നും ഇല്ലെന്നത് മില്ലർ പറയുന്നത് ഏതോ മദ്യപാനി ഒരു രസത്തിന് ട്രക്കിനുള്ളിൽ കയറി സ്റ്റാർട്ട് ചെയ്ത് വരുത്തി വച്ച പണിയായിരിക്കുമെന്നാണ്...”

“ഇക്കണക്കിന് പോയാൽ വല്ല മൃഗങ്ങളും വന്ന് രാത്രിയിൽ ഈ വിമാനം തന്നെ പറത്തിക്കൊണ്ട് പോകില്ല എന്നതിനെന്താണുറപ്പ്   ഞാൻ പറഞ്ഞു.

എന്റെ കണ്ണുകളിലേക്കവൻ തുറിച്ചു നോക്കി. അർത്ഥഗർഭമായ ആ നീണ്ട മൌനത്തിനൊടുവിൽ അതേക്കുറിച്ച് കൂടുതലെന്തോ വെളിപ്പെടുത്തുവാൻ അവൻ തുനിയുന്നത് പോലെ എനിക്ക് തോന്നി. എന്നാൽ അടുത്ത നിമിഷം അതിൽ നിന്നും പിന്തിരിഞ്ഞ അവൻ തുടർന്നത് ലാഘവത്തോടെയാണ്.

“ഒരു ക്രെയിൻ കൊണ്ടു വരാനാണ് മില്ലർ പോയിരിക്കുന്നത് ഉടൻ തന്നെ വിമാനം ഉയർത്തുവാൻ സാധിക്കും

“സംഭവിച്ച കേടുപാടുകളോ?”

“രണ്ട് മൂന്ന് ദിവസം കൊണ്ട് തീർക്കാമെന്നാണ് മില്ലർ പറയുന്നത്

“രണ്ട് മൂന്ന് ദിവസം…!  അതിനുള്ളിൽ എന്തെല്ലാം കാര്യങ്ങൾ സംഭവിക്കാനിരിക്കുന്നുവെന്ന് വല്ല പിടിയുമുണ്ടോ ആർണീ?”

“എന്താണ് നിങ്ങൾ ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാൻ സാധിച്ചെങ്കിൽ എന്നാഗ്രഹിക്കുന്നു” പ്രസന്നഭാവത്തിൽ അവൻ ചിരിച്ചു.

“എന്ന് തന്നെയാണ് എന്റെയും ആഗ്രഹം ശരി എനിക്ക് പോകേണ്ട സമയമായി പിന്നെ കാണാം” ഞാൻ പറഞ്ഞു.

ഹാങ്കറിന്റെ ഗേറ്റ് തുറന്ന് പുറത്ത് കടന്ന് ഞാൻ തിരിഞ്ഞ് നിന്നു. “പിന്നെ, ആർണീ ഇന്നലെ രാത്രി നീ ഇലാനയ്ക്ക് കൊടുത്ത ആ കല്ല്അത്തരം കല്ലുകൾ ഇനിയും ബീച്ചിലെങ്ങാനും കാണാനിടയായാൽ എടുത്ത് വയ്ക്കാൻ മറക്കല്ലേ എനിക്കും വേണം കുറച്ച് വയസ്സുകാലത്തെ ജീവിതത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു

എന്നാൽ ഞാൻ കൊളുത്തിയ ചൂണ്ടയിൽ അത്ര പെട്ടെന്നൊന്നും അവൻ കൊത്തില്ല എന്നെനിക്കുറപ്പായിരുന്നു. ഒരു ചെറുപുഞ്ചിരിയുടെ ഇടയിൽ  ആ കണ്ണുകളിൽ പടരുന്ന ഭീതി ആ അരണ്ട വെട്ടത്തിലും എനിക്ക് കാണാമായിരുന്നു. കൂടുതലൊന്നും പറയാതെ ഞാൻ തിരിഞ്ഞ് ഹാർബറിലേക്ക് നടന്നു.

                                    * * * * * * * * * * * * * * * *

സൈമൺസെനും ഫോഗെലും സംഘവും സ്ലിപ്പ്‌വേയിൽ എത്തിക്കഴിഞ്ഞിരുന്നു. സ്ട്രാട്ടനും ആ പോലീസുകാരനും കൂടി അവർക്കാവശ്യമായ സ്കീകളും മറ്റ് ഉപകരണങ്ങളും എന്റെ വിമാനത്തിൽ കയറ്റിക്കൊണ്ടിരിക്കുകയാണ്.

“വെതർ റിപ്പോർട്ട് എങ്ങനെയുണ്ട്?” സൈമൺസെൻ ആരാഞ്ഞു.

“പകൽ മുഴുവനും തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്നാണ് പറയുന്നത് ഇരുട്ടാവുന്നതോടെ ചെറിയ തോതിൽ മൂടൽ മഞ്ഞ് പരക്കുവാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല അല്പം മനസ്സ് വച്ചാൽ ഇരുട്ടാവുന്നതിന് മുമ്പ് തന്നെ നമുക്ക് പോയി തിരിച്ചെത്താമെന്നാണ് തോന്നുന്നത്” ഞാൻ പറഞ്ഞു.

അദ്ദേഹം തല കുലുക്കി. “എന്നാൽ ശരി, പെട്ടെന്ന് തന്നെ നമുക്ക് പുറപ്പെടാംസാൻഡ്‌വിഗ്ഗിലെ ഏജന്റുമായി ഞാൻ ബന്ധപ്പെട്ടിരുന്നു നാം ആവശ്യപ്പെട്ട ചെറിയ തരം സ്ലെഡ്ജുമായി അയാളവിടെ കാത്ത് നിൽക്കുന്നുണ്ടാകും നമ്മൾ ലാന്റ് ചെയ്യേണ്ട താമസമേയുള്ളൂ

ഇരമ്പി വരുന്ന ഒരു വാഹനത്തിന്റെ മുരൾച്ച കേട്ട് ഞങ്ങൾ തിരിഞ്ഞു നോക്കി. ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള ലാന്റ് റോവറാണ്. സാമാന്യം വേഗതയിൽത്തന്നെ പാഞ്ഞു വന്ന അത് സ്ലിപ്പ്‌വേയുടെ ഏതാനും വാ‍ര അകലെ ബ്രേക്ക് ചെയ്തു. ഷീപ്പ് സ്കിൻ കോട്ടും സ്കീ പാന്റ്സും സൺഗ്ലാസും ധരിച്ച് ആദ്യം പുറത്തിങ്ങിയ ഇലാനയെ കണ്ടാൽ ഒരു ടൂറിസ്റ്റിന്റെ എല്ലാ ലക്ഷണവുമുണ്ടായിരുന്നു.  ഡ്രൈവിങ്ങ് സീറ്റിൽ നിന്നും പുറത്തിറങ്ങിയ ഹോട്ടൽ പോർട്ടർ അവരുടെ ബാഗേജുകൾ പുറത്തിറക്കി വയ്ക്കുവാൻ തുടങ്ങി. മറുവശത്ത് കൂടി പുറത്തിറങ്ങിയ ഡെസ്ഫോർജിനാകട്ടെ കഴിഞ്ഞ രാത്രിയിലെ അടിപിടിയുടെയും മദ്യപാനത്തിന്റെയും ക്ഷീണമൊന്നും കാര്യമായി കാണാനില്ല.

“നേരം പുലരുന്നതേയുള്ളല്ലോ ഫ്ലൈറ്റ് മിസ്സാകുമോ എന്നൊരു സംശയമുണ്ടായിരുന്നു” ഡെസ്ഫോർജ് പറഞ്ഞു.

സൈമൺസെൻ തിരിഞ്ഞ് പുരികം ചുളിച്ച് സംശയഭാവത്തിൽ എന്നെ നോക്കി. “മിസ്റ്റർ ഡെസ്ഫോർജും നമ്മോടൊപ്പം വരുന്നുണ്ടോ?”

“സാൻഡ്‌വിഗ്ഗ് വരെ മാത്രം” ഞാൻ പറഞ്ഞു  “മിസ്സ് ഇലാനാ എയ്ട്ടനോടൊപ്പം കുറച്ച് ദിവസം അവിടെ ചെലവഴിക്കാൻ പോകുകയാണ് അദ്ദേഹം റെയ്ൻ‌ഡിയർ നായാട്ടിലാണ് ഇത്തവണ കമ്പം

“സമയം വളരെ പരിമിതമാണ് നമ്മുടെ യാത്രയ്ക്ക് അതിനിടയിൽ ഇവരും കൂടി…!” സൈമൺസെൻ സംശയാലുവായി കാണപ്പെട്ടു.

ഡാനിഷ് ഭാഷയിലാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും അതിന്റെ ഏകദേശ രൂപം ഡെസ്ഫോർജിന് പിടി കിട്ടിയിരുന്നു. ഉടൻ തന്നെ ഡെസ്ഫോർജ് പ്രതികരിച്ചു.

“നോക്കൂ ഞങ്ങൾ കൂടെ വരുന്നതിൽ എന്തെങ്കിലും അസൌകര്യമുണ്ടെങ്കിൽ പറഞ്ഞോളൂ ഒരു വിരോധവുമില്ല ഞങ്ങളെ അവിടെ കൊണ്ടു ചെന്നാക്കാൻ ആർണിയോട് ഒരു വാക്ക് പറയേണ്ട കാര്യമേയുള്ളൂ

“ശരിയാണ്പക്ഷേ, അവന്റെ വിമാനത്തിന് ചെറിയൊരു ആക്സിഡന്റ് പറ്റി എങ്ങനെ പോയാലും ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലുമെടുക്കും അത് റിപ്പയർ ചെയ്ത് പറക്കാൻ തക്ക പാകത്തിലാക്കിയെടുക്കാൻ” ഞാൻ പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന സൈമൺസെന്റെ ചോദ്യത്തിനുത്തരമായി നടന്ന കാര്യങ്ങൾ ഞാൻ വിശദീകരിച്ചു. ഫോഗെലും സ്ട്രാട്ടണും വലിയ താല്പര്യമൊന്നും ആ വിഷയത്തിൽ പ്രകടിപ്പിച്ചില്ലെങ്കിലും ഞാൻ പറഞ്ഞ ഓരോ വാക്കും ആകാംക്ഷയോടെ ശ്രദ്ധിക്കുകയായിരുന്നു സാറാ കെൽ‌സോ. ആ കണ്ണുകളിൽ നിന്നും പ്രത്യേകിച്ചൊന്നും മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും അവളുടെ കവിളിണകൾ പലപ്പോഴും ചുവക്കുന്നത് ഞാൻ ശ്രദ്ധിക്കാതിരുന്നില്ല. ആ അപകടത്തെക്കുറിച്ചുള്ള മില്ലറുടെ അഭിപ്രായത്തിൽ സൈമൺസെന്റെ മനസ്സിലും എന്തെങ്കിലും സംശയമുള്ളതായി എനിക്ക് തോന്നിയില്ല  - അതിന്റെ സത്യാവസ്ഥ മറ്റെന്തോ ആയിരിക്കാമെന്ന് എന്റെ മനസ്സ് പലവട്ടം പറഞ്ഞുവെങ്കിലും.

എല്ലാം കേട്ടതിന് ശേഷം സൈമൺസെൻ തലയാട്ടി.  “പാവം ആർണി തിരക്കുള്ള സീസണിൽ തന്നെയായിപ്പോയി ഈ അപകടം” അദ്ദേഹം ഡെസ്ഫോർജിന് നേർക്ക് തിരിഞ്ഞു. “നമ്മളെ എല്ലാവരെയും കൊണ്ടുപോകാൻ കഴിയുമെന്ന് മിസ്റ്റർ മാർട്ടിന് ഉറപ്പുണ്ടെങ്കിൽ പിന്നെ എനിക്ക് ഒരു വിരോധവുമില്ല മിസ്റ്റർ ഡെസ്ഫോർജ് പക്ഷേ, എത്രയും പെട്ടെന്ന് പുറപ്പെട്ടേ തീരൂ തിരക്ക് പിടിച്ച ഒരു ദിനമാണ് ഇന്ന് ഞങ്ങൾക്ക് മുന്നിൽ അവിടെ ആ മഞ്ഞുമലയുടെ മുകളിൽ ഇന്ന് രാത്രി കഴിച്ചുകൂട്ടാൻ ഒട്ടും താല്പര്യമില്ല എനിക്ക് ഇന്ന് തന്നെ മടങ്ങാൻ സാധിക്കുമെങ്കിൽ പിന്നെ എന്തുകൊണ്ടായിക്കൂടാ?”

“എങ്കിൽ ശരി” ലാന്റ് റോവറിന്റെ ഡ്രൈവർക്കുള്ള വാടക നൽകി ഡെസ്ഫോർജ് പറഞ്ഞയച്ചു. സ്ട്രാട്ടനും സൈമൺസെനും ചേർന്ന് ഡെസ്ഫോർജിന്റെ ബാഗേജ് വിമാനത്തിലേക്കെടുത്ത് വച്ചു.

അതിനിടയിൽ രണ്ട് നിമിഷം ഇലാനയുമായി സംസാരിക്കുവാൻ ഞാൻ മനഃപൂർവ്വം സമയം കണ്ടെത്തി. ഞാൻ നൽകിയ സിഗരറ്റ് ചുണ്ടിൽ വച്ച അവൾക്ക് തീപ്പെട്ടിക്കൊള്ളി ഉരച്ച് കൈപ്പടത്തിനുള്ളിലാക്കി തീ കൊളുത്തിക്കൊടുത്തു.   

“ഇന്നലെ രാത്രിയിലെ ആ സംഭവം” പതിഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞു. “ആർണി തന്ന ആ സമ്മാനം അതിനെക്കുറിച്ച് തൽക്കാലം ആരോടും പറയണ്ട കേട്ടോ

അത്ഭുതത്തോടെ അവളെന്നെ നോക്കി. “ഓൾ റൈറ്റ് പക്ഷേ, അടുത്ത തവണ കാണുമ്പോൾ അതേക്കുറിച്ച് വിശദമായി നിങ്ങൾ പറയുമെന്ന് കരുതട്ടെ...?”

മറുപടി പറയാൻ ഞാൻ തുനിഞ്ഞില്ല. അതിന്റെ ആവശ്യം തോന്നിയുമില്ല. വേറെ ധാരാളം കാര്യങ്ങളുണ്ട് ചിന്തിക്കാൻ. എല്ലാവരും വിമാനത്തിൽ കയറിയതിന് ശേഷം ബാഗേജ് വച്ചിരിക്കുന്ന ഇടം ഞാൻ പരിശോധിച്ചു. സ്ട്രാട്ടൺ തന്റെ ജോലി ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. യാത്രക്കാരുടെ ഭാരത്തിന് അനുസൃതമായി ബാലൻസ് ചെയ്യുന്ന വിധം ഏറ്റവും ഉചിതമായ രീതിയിൽ തന്നെയാണ് അയാൾ ബാഗേജ് അടുക്കി വച്ചിരിക്കുന്നത്.

അവ ഓരോന്നും ദൃഢമായി ബന്ധിച്ചതിന് ശേഷം അവസാന വട്ട പരിശോധനയും ഞാൻ പൂർത്തിയാക്കി. ശേഷം ക്യാബിനിൽ കയറി സ്റ്റാർട്ട് ചെയ്ത് വിമാനം പതുക്കെ വെള്ളത്തിലേക്ക് ഇറക്കി. പിന്നെ താമസമുണ്ടായില്ല. നിമിഷങ്ങൾക്കകം ഞങ്ങൾ ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞിരുന്നു.

(തുടരും)